Tuesday, June 30, 2009

ബൂലോഗവിചാരണ 16

ബ്ലോഗ്‌പുരാണം

ഇന്ത്യന്‍ രാഷ്‌്‌ട്രീയം കിഴവന്‍മാരുടെ കൈകളില്‍ എത്രത്തോളം ഭദ്രമാണെന്ന ചോദ്യമുയര്‍ത്തുന്നു കൂട്ടുകാരന്‍. ഇന്ത്യന്‍ ജനതയുടെ 50 ശതമാനത്തിനുമുകളില്‍ 35ല്‍ താഴെയുള്ളവരാണെങ്കിലും അവരുടെ പ്രതിനിധികളായി ഭരണചക്രത്തില്‍ ഏത്രപേരുകാണും? വനിതകള്‍ക്കായി റിസര്‍വേഷന്‍ ചെയ്യപ്പെടാന്‍ പോവുന്നത്‌ 33 ശതമാനമാണെങ്കില്‍ യുവജനങ്ങള്‍ക്കായി ഒരു 3.3 ശതമാനമെങ്കിലും വേണ്ടേ?

ഏതു മേഖലയുമെടുത്തു പരിശോധിക്കുക. സാഹിത്യത്തില്‍ ഒരാളുടെ സുവര്‍ണകാലഘട്ടം വാര്‍ദ്ധക്യത്തിലാണെന്ന്‌ ആരെങ്കിലും അവകാശപ്പെടുമോ? എഴുത്തിന്റെ നട്ടുച്ച യൗവനവും അവാര്‍ഡുകളുടെ ത്രിസന്ധ്യകള്‍ വാര്‍ദ്ധക്യവുമാണ്‌. അവാര്‍ഡുകളുടെ പെരുമഴക്കാലം ആരംഭിക്കുക കറവവറ്റിയാലാണെന്നതുകൊണ്ട്‌ ചിലരെങ്കിലും അങ്ങിനെയും സംശയിച്ചേക്കാം.

എല്ലാ മഹാന്‍മാരുടെയും മൗലികസംഭാവനകള്‍ ലോകത്തിന്‌ ലഭിച്ചത്‌ അവരുടെ അവസാനകാലത്തല്ല. ലോകത്തെ മാറ്റിമറിച്ച മഹാകണ്ടുപിടുത്തങ്ങള്‍ ആളുകള്‍ നടത്തിയത്‌ കുഴിപ്പുറത്തേക്കു കാലുനീട്ടിയിരിക്കുമ്പോഴോ അതോ പനയെടുത്ത്‌ പല്ലിടയില്‍ കുത്തുന്ന ആ പ്രായത്തിലോ?

കാള്‍മാര്‍ക്‌സ്‌ മാനിഫെസ്റ്റോ എഴുതിയത്‌ റ്റ്വന്റീസിലാണെങ്കില്‍, അതു പ്രാവര്‍ത്തികമാക്കുന്ന ഭഗീരഥലെനിനിസത്തില്‍ നിന്നും വഴുതി സഖാവ്‌ ലാവ്‌ലിനിസത്തില്‍ വീണതാകട്ടെ സിക്‌സ്‌റ്റീസിലും. ഇപ്പോള്‍ സിക്രട്ടറിസഖാവിന്റെ സ്‌മാര്‍ത്തവിചാരത്തില്‍ പങ്കെടുക്കുന്ന വിപ്ലവസ്‌മാര്‍ത്തന്‍മാരാവട്ടെ എഴുപതിന്റെയും എണ്‍പതിന്റെയും നിറവില്‍ പൂത്തുലഞ്ഞുനില്‌ക്കുന്നവരും. ലോകവും വിപ്ലവപ്രസ്ഥാനങ്ങളും നന്നായിപ്പോയെങ്കിലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ.

പ്രായം നമ്മില്‍ മോഹം നല്‌കി എന്ന വരികളിലെ യാഥാര്‍ത്ഥ്യം നമ്മള്‍ കാണുക. അതുകൊണ്ടുതന്നെ അവസാനകാലത്തുണ്ടാവുന്ന പൊല്ലാപ്പുകള്‍ ചില്ലറയുമല്ല. കരുണാകരനെ നോക്കുക. എഴുന്നേറ്റുനില്‍ക്കാന്‍ രണ്ടാളുടെ സഹായം ആവശ്യമുണ്ടെങ്കിലും ശരി, ചുരുങ്ങിയത്‌ ഗവര്‍ണറുദ്യോഗം തന്നെ വേണം.

ഇന്ത്യ വിട്ട്‌ ക്യൂബയിലേക്കുപോവുക. ഒരു അരനൂറ്റാണ്ടുമുന്നേയുള്ള ഫിദല്‍ കാസ്‌ട്രോയെ ഓര്‍ത്തെടുക്കുക. ക്യൂബന്‍ ഏകാധിപതി ബാത്തിസ്‌തായെ നൂറുവര്‍ഷം കഠിനതടവിനുശിക്ഷിക്കാനായി കാസ്‌ട്രോ ടത്തിയ 'ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും' എന്ന ആ കോടതിപ്രസംഗം ഓര്‍ത്തെടുക്കുക. ഇരട്ട സഹോദരനെപ്പോലെ തോളോടുതോള്‍ ചേര്‍ന്ന്‌ പൊരുതി, വിപ്ലവം ശ്വസിച്ച്‌ വിപ്ലവത്തിനുവേണ്ടി ജീവിച്ച്‌്‌ ജീവിതം വിപ്ലവത്തിനായി ഹോമിച്ച ഏണസ്‌റ്റോ ചെ ഗുവേറയെയും. ആ ഫിദലിന്റെ സമകാലികചിത്രം കൂടി കാണുക. അവശതയിലും അധികാരം വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത ഒരു സ്ഥാനമോഹിയിലേക്കുള്ള വിപ്ലവകാരിയുടെ പ്രയാണത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്‌ കാസ്‌ട്രോ. ഒടുവില്‍ തനിക്കുശേഷം തന്റെ അനുജന്‍ നാടുവാഴും എന്ന അറിയിപ്പ്‌ ലോകം കേട്ടുകഴിഞ്ഞു.

ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും തയ്യാറാവുന്നതാണ്‌ യൗവനമെങ്കില്‍ അധികാരമുപയോഗിച്ച്‌ സര്‍വ്വം സമാഹരിക്കാനുള്ള ശ്രമമാണ്‌ വാര്‍ദ്ധക്യം നടത്തുക. കാസ്‌ട്രോയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും നമുക്ക്‌ പഠിക്കാനുള്ള പഠവും അതുതന്നെയാണ്‌. ലോകപ്രശസ്‌ത വിപ്ലവകാരി കാസ്‌ട്രോയുടെ പടം ഫോര്‍ബ്‌സ്‌ മാസികയുടെ കോടീശ്വരപട്ടികയിലാണ്‌ അച്ചടിച്ചുവന്നതെങ്കില്‍ നമ്മുടെ പഴയ കരിങ്കാലി ഇപ്പോള്‍ ഗവര്‍ണറുദ്യോഗമല്ലേ ചോദിക്കുന്നുള്ളൂ എന്നാശ്വസിക്കുകയാണ്‌ വേണ്ടത്‌. രാജ്യം തന്നെ സ്വന്തം പേരില്‍ ചാര്‍ത്തിക്കൊടുക്കാന്‍ ആവശ്യപ്പെടാത്തത്‌ പരമഭാഗ്യം എന്നേ കരുതേണ്ടൂ.

ചത്തുപോയപ്പോഴല്ലാതെ, അല്ലെങ്കില്‍ എണീറ്റുനില്‍ക്കാന്‍ പറ്റാതായപ്പോള്‍ മാത്രമല്ലാതെ അധികാരം വിട്ടൊഴിഞ്ഞ വിപ്ലവകാരി ആരാണ്‌? ചരിത്രത്തില്‍ ഒരു മണ്ടേലയല്ലാതെ വേറെയാരാണുള്ളത്‌? പ്രസക്തമായ ഒരു വിഷയം ചര്‍ച്ചയ്‌ക്കുവെക്കുന്നൂ കൂട്ടുകാരന്‍.

ശിഥിലചിന്തകള്‍

'കൗശലം അധികമുള്ളവര്‍ക്ക്‌ അവധാനത കമ്മിയായിരിക്കും'. പിണറായി വിഎസ്‌ തര്‍ക്കത്തിലേയ്‌ക്ക്‌ വെളിച്ചം വീശുന്ന സുകുമാരേട്ടന്റെ നീരീക്ഷണം ശ്രദ്ധേയം. കൗശലക്കാരനായ സിക്രട്ടറിയുടെ നീക്കങ്ങളും മുഖ്യമന്ത്രിയുടെ നാളിതുവരെയുള്ള ശ്രദ്ധയോടെയുള്ള കരുനീക്കങ്ങളും ഒരു പോസ്‌റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കിയാല്‍ മരണകാരണമായി നമ്മുടെ സുപ്പീരിയര്‍ അഡ്‌വൈസറുടെ റിപ്പോര്‍ട്ടില്‍ കെ.പി.എസിന്റെ ഈ അഭിപ്രായം തന്നെയാണ്‌ രേഖപ്പെടുത്തപ്പെടേണ്ടത്‌. സുപ്പീരിയര്‍ അഡ്‌വൈസറുടെ പതനകാരണവും അതുതന്നെയായിരിക്കും എന്നുതോന്നുന്നു. ലാല്‍സലാം.

ചീന്തുകള്‍

മാധവിക്കുട്ടിയും വിവാദങ്ങളും - 1 ലൂടെ കാട്ടിപ്പരുത്തി, ആമിയ്‌ക്കും കമലയ്‌ക്കും മാധവിക്കുട്ടിയ്‌ക്കും കമലാദാസിനും കമലാസുറയ്യായ്‌ക്കുമൊക്കയിടയില്‍ എവിടെയോ കിടക്കുന്ന അവരുടെ ജീവിതം അപഗ്രഥിക്കുന്നു. വളരെ സത്യസന്ധമായ ഒരു ശ്രമം. അതില്‍ തന്നെ ഒരു പകുതി നാരായണപ്പിള്ളയുടെ കണ്ണുകളില്‍കൂടി മാധവിക്കുട്ടിയെ നോക്കിക്കാണുകയാണ്‌. അപാരമായ നിരീക്ഷണപാടവമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍.

സാഹിത്യമായാലും രാഷ്ട്രീയമായാലും വ്യക്തിപഠനങ്ങളായാലും പുല്ലുവഴിയിലെ ആ സിംഹമടയില്‍ നിന്നുള്ള ഗര്‍ജ്ജനം സാംസ്‌കാരികഭൂമികയിലുണ്ടാക്കിയ ചലനം ചില്ലറയായിരുന്നില്ല. ആ മൗലികമായ നിരീക്ഷണങ്ങളിലെ മാധവിക്കുട്ടിയുടെ ചിത്രം തെറ്റാന്‍ വഴിയില്ല.

വൈകാരികമായ തീരുമാനങ്ങളെടുത്ത്‌ അബദ്ധങ്ങളില്‍ ചെന്നു ചാടുന്ന മാധവിക്കുട്ടിയുടെ ചിത്രവും നമുക്കതില്‍ വായിക്കാം എന്നു കാട്ടിപ്പരുത്തി പറയുമ്പോള്‍ അവരുടെ മതം മാറ്റവും ബന്ധപ്പെട്ട വിവാദങ്ങളും വായനക്കാരന്റെ മനസ്സിലെത്തും. നാരായണപ്പിള്ളയുടെ ആ മൂന്നാംകണ്ണിനുനേരെ കൈകൂപ്പിപ്പോവുകയും ചെയ്യും. കള്ളുപാനികണ്ട തേനീച്ചയെപ്പോലെ മാധവിക്കുട്ടി ഇസ്ലാം ദര്‍ശനലഹരി തലയ്‌ക്കുപിടിച്ച്‌ അതില്‍ വീണുപോയതല്ലെന്ന്‌ വരികള്‍ക്കിടയില്‍ വായിച്ചാല്‍ മനസ്സിലാവുന്നതാണ്‌. അപ്പോള്‍ തിരിച്ചെന്തുകൊണ്ട്‌ മാറിയില്ലെന്നു ചോദിച്ചാല്‍, ഒരാവേശത്തിനു കിണറ്റില്‍ ചാടാം, നൂറാവേശം വന്നാലും തിരിച്ചിങ്ങോട്ട്‌ ചാടാന്‍ കഴിയുകയില്ലെന്നുതന്നെ ഉത്തരം.

ബൂലോഗ കവിത

പുത്തലത്ത്‌ വിനോദിന്റെ 'ഒരു കുടയും കൂട്ടുകാരിയും' എന്ന കവിത ഒരു നല്ല വായന തരമാക്കുന്നു.

ഓരോ മഴയും
കാരുണ്യത്തിന്റെ കുട ചൂടിച്ച
ഒരു കുപ്പിവളക്കയ്യും
ഓര്‍മ്മിപ്പിക്കുന്നു.

'കലക്കവെള്ളത്തിലെ ചെരുപ്പു'പോലുള്ള അന്നത്തെ കുഞ്ഞുമനസ്സിന്റെ കാന്‍വാസില്‍ സ്‌മൃതിചിത്രങ്ങള്‍ വിരിയുമ്പോള്‍ അത്‌ വായനക്കാരന്റെ ചിന്തകളെ കൂടി പഴയ കാക്കി ട്രൗസറിലേയ്‌ക്കും യാങ്കികളുടെ കോതമ്പുമാവിലേയ്‌ക്കും (മലബാറില്‍ റവ) അവളുമാരുടെ കാരുണ്യത്തിന്റെ കുടയുടെ സംരക്ഷണയിലേയ്‌ക്കും എത്തിക്കുന്നു. മഴയും പ്രണയവും തമ്മിലുള്ള ആ രക്തബന്ധത്തിലേയ്‌ക്കും.

പോങ്ങുമ്മൂടന്‍

എതുപ്പ്‌ എന്ന്‌്‌ പദം ആദ്യമായി കേള്‍ക്കുകയാണ്‌. അതുകേള്‍പ്പിച്ചതിന്‌ പോങ്ങുവിന്‌ നന്ദി. ഒപ്പം ബൂലോഗത്തിന്‌ ഒരു നല്ല രചന കാഴ്‌ചവെച്ചതിനും. അതിമനോഹരമായ രീതിയില്‍ പോങ്ങുമ്മൂടന്‍ വിഷയം കൈകാര്യം ചെയ്യുന്നു. മനുഷ്യന്‍ യുഗങ്ങളായി കൊണ്ടുനടക്കുന്ന ഒരു വിശ്വാസത്തിന്റെ യുക്തിയേയും യുക്തിരാഹിത്യത്തേയും തികഞ്ഞ നര്‍മ്മബോധത്തോടെ നോക്കിക്കാണുന്നു. അതേ ശകുനം ഒരു വിശ്വാസമാണ്‌. അത്‌ സത്യമാണെങ്കില്‍ സത്യമാണെന്നല്ലേ പറയേണ്ടത്‌. വിശ്വാസം സത്യമായിരിക്കണമെന്ന്‌ നിര്‍ബന്ധമൊന്നുമില്ലല്ലോ. വിശ്വാസവും യാഥാര്‍ത്ഥ്യവും അച്ഛനമ്മമാരെപ്പോലാണ്‌. അച്ഛന്‍ വിശ്വാസവും അമ്മ യാഥാര്‍ത്ഥ്യവും. നല്ല എഴുത്ത്‌. മികവുറ്റ അവതരണശൈലി. അഭിവാദ്യങ്ങള്‍.

സതയുടെ ബൂലോകം

'പശ്ചിമേഷ്യന്‍ സമാധാനം' എന്ന സതയുടെ പോസ്‌റ്റ്‌ ചരിത്രത്തോടു നീതിപുലര്‍ത്തുന്നു. ഏറ്റവും കൂടുതല്‍ യുദ്ധത്തിന്റെ, വംശീയ വിദ്വേഷത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്ന ഒരു ജനവിഭാഗമാണ്‌ ജൂതര്‍. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍, കാള്‍മാര്‍ക്‌സ്‌ - ലോകഗതിതന്നെ മാറ്റിമറിച്ച വ്യക്തികളെ ലോകത്തിന്‌ സംഭാവനചെയ്‌ത സമൂഹം ഒരു പക്ഷേ മനസമാധാനത്തോടെ കഴിഞ്ഞ ഏകരാഷ്ട്രം ഇന്ത്യയായിരിക്കാനാണ്‌ സാദ്ധ്യത.

രാവിലെ ഉണരുമ്പോള്‍ തല തപ്പിനോക്കേണ്ട്‌ ഗതികേട്‌ ജൂതന്‍മാര്‍ക്ക്‌ ഇവിടെയുണ്ടായിരുന്നില്ലെന്ന്‌്‌ അവരുതന്നെ വ്യക്തമാക്കിയതാണ്‌. ജൂതര്‍ പലരും പ്രചരിപ്പിക്കുന്നതുപോലെ അക്രമകാരികളാണെങ്കില്‍ ഇന്നേവരെ മട്ടാഞ്ചേരിയിലേതടക്കം ഇന്ത്യയിലെ ജൂതന്‍മാരെപറ്റി അത്തരമൊരു അപവാദം കേട്ടുകേള്‍വിപോലുമില്ല എന്ന കാര്യം കൂടി ആലോചിക്കണം.

സതയുടെ വിഷയം അതല്ല. അറബ്‌ ലോകത്തിന്റെ ജൂതസമീപനവും അവിടുന്നിങ്ങോട്ടുള്ള അശാന്തിയുടെ ചരിത്രത്തിലേയ്‌ക്കുളള ഒരു തിരിഞ്ഞുനോട്ടവും നടത്തുകയാണ്‌ സത. ഗഹനമായ വിഷയം. വളച്ചുകെട്ടില്ലാത്ത എഴുത്ത്‌. പഠനാര്‍ഹമായ ലേഖനം.

ഒരു യാത്ര

സമകാലിക ആഗോളപ്രശ്‌നമാണ്‌ കുടവയറും കഷണ്ടിയും. സിക്‌സ്‌പായ്‌ക്ക്‌ അബ്‌ഡോമനുണ്ടാക്കാന്‍ പണി ചില്ലറയല്ലെങ്കിലും സിങ്കിള്‍ പായ്‌ക്ക്‌ കുടവയറുണ്ടാക്കാന്‍ നമ്മളായിട്ട്‌ ഉത്സാഹിക്കുകയൊന്നും വേണ്ട. ഇടിവെട്ടിനു കുമിലുമുളയ്‌ക്കുന്നതുപോലെ ആ സമയമാവുമ്പോള്‍ അതങ്ങു വന്നു ദേഹത്തില്‍ കുടിയേറിപാര്‍പ്പു തുടങ്ങും. കുടികിടപ്പവകാശം പകുത്തുകൊടുക്കുകയല്ലാതെ പിന്നെ കുടിയൊഴിപ്പിക്കുക സാദ്ധ്യമല്ല. പരമശിവനും പതഞ്‌ജലിയും ഒന്നിച്ചുത്സാഹിച്ചാലും തഥൈവ.

ദേഹമന്ത്രിസഭയിലെ കൂട്ടുത്തരവാദിത്വമില്ലാത്ത രണ്ട്‌ വകുപ്പുകളായ തലയും വയറും കഷണ്ടിയും കുടവയറുമാവുന്ന ഗവര്‍ണര്‍മാരുടെ വിവേചനാധികാരമുപയോഗിച്ച്‌ ദേഹത്തില്‍ നിന്നും സൗന്ദര്യത്തെയും ആരോഗ്യത്തെയും സ്വേച്ഛപ്രകാരം എന്നെന്നേയ്‌ക്കുമായി പിരിച്ചുവിടുകയാണ്‌ പതിവ്‌. കോലത്തിരിയെപ്പോലും കോലംകെട്ടവനാക്കിക്കൊടുക്കുന്ന കാലത്തിന്റെ ആ ഏര്‍പ്പാടിനെ അതിരസകരമായ രീതിയില്‍ അവതരിപ്പിക്കുന്നു അരുണ്‍ ചുള്ളിക്കല്‍ തന്റെ കഷണ്ടിയും കുടവയറും എന്ന രചനയിലൂടെ.

കഷണ്ടിയും കുടവയറും തമ്മില്‍ ഒരു പാട്‌ സാമ്യമുണ്ട്‌. ഒടയതമ്പുരാന്‍ വിചാരിച്ചാല്‍ പോലും ഒഴിവായിപ്പോവാത്ത കാര്യമായതുകൊണ്ടാവണം, ഏതോ സൃഗാലബുദ്ധി അത്‌ പുരുഷത്വത്തിന്റെ ലക്ഷണമാക്കിയത്‌. അല്ലാതെ ഏതു കണ്ണുപൊട്ടന്റെ സൗന്ദര്യസങ്കല്‍പത്തില്‍ അല്ലെങ്കില്‍ ഏത്‌ മങ്കയുടെ സൗന്ദര്യബോധത്തിന്റെ ഗോഡൗണിലായിരിക്കും കഷണ്ടിക്കും കുടവയറിനും കയറിക്കിടക്കാന്‍ ഒരിടം കിട്ടുക?

Monday, June 22, 2009

ബൂലോഗ വിചാരണ - 15

അനിത അടുക്കള

അക്ഷരത്തെറ്റുകളുടെ ഘോഷയാത്രയെ മാറ്റിനിര്‍ത്തിയാല്‍, അനിത ആലോചനാമൃതമായ ഒരു വിഷയം എടുത്തിടുന്നു. എന്തുകൊണ്ട്‌ ഹരിലാല്‍? ചോദ്യത്തിനുത്തരം തിരയേണ്ടത്‌ തീര്‍ച്ചയായും മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി എന്ന ആ ബൃഹദ്‌ ഗ്രന്ഥത്തില്‍ തന്നെയാണ്‌. ഗാന്ധിസന്നിദ്ധിയില്‍ ജവഹര്‍ലാല്‍ നെഹറു സിഗരറ്റുമായി പോലും പ്രത്യക്ഷപ്പെടാന്‍ ധൈര്യപ്പെടാതിരുന്ന ആ കാലത്താണ്‌ ഹരിലാല്‍ എന്ന ചരിത്രത്തിലെ ആ മുടിയനായ പുത്രന്‍ 'ബാ' യെക്കാണാന്‍മാത്രമായി നാലുകാലില്‍ എത്തുക. ഹരിലാല്‍ എന്ന ദു:ഖപുത്രന്‍തന്നെയാണ്‌ ബായുടെ അകാലത്തിലുള്ള മരണത്തിന്‌ ഹേതുവായതും.

ഒരമ്മയുടെ, ഒരു സഹോദരിയുടെ, അല്ലെങ്കില്‍ ഒരു മകളുടെ കണ്ണിലൂടെ അനിത ഗാന്ധിജിയെ നോക്കിക്കാണുന്നു. അപ്പോള്‍ കിട്ടുന്ന ചിത്രം തീര്‍ച്ചയായും ഒരു നല്ല കുടുംബപിതാവിന്റേതാകാന്‍ വഴിയില്ല. ഒരു പഞ്ചായത്തു പ്രസിഡണ്ടുകൂടിയാവാതെ ഗാന്ധിജി രാഷ്ട്രപിതാവായതും അതുകൊണ്ടുതന്നെയാവണം. നമ്മുടെ സ്‌്‌മരണകളില്‍ അദ്ദേഹം അനശ്വരനായതും ഹരിലാല്‍ ഭാരതത്തിന്റെ ഒരു ദു:ഖപുത്രനായതും മറ്റൊന്നുകൊണ്ടാവാന്‍ വഴിയില്ല.

താനും തന്റെ കെട്ട്യോളും കുട്ട്യേളും പിന്നെ കൂടിപ്പോയാല്‍ കൂടപ്പിറപ്പുകള്‍ക്കുമപ്പുറമുള്ള ഒരിന്ത്യയെ കാണാനുള്ള ശേഷിയില്ലാത്ത മഹാന്‍മാര്‍ ജനാധിപത്യത്തിന്റെ ശാപമായ ഈ കാലഘട്ടത്തില്‍, ഗാന്ധി നാമം പോലും കൊള്ളയടിച്ച്‌ കുടുംബാധിപത്യം ഊട്ടിയുറപ്പിക്കുന്ന ഈ വേളയില്‍ ഗാന്ധി സമാനതകളില്ലാതെ അവശേഷിക്കുന്നു.

അഭിനവ നെഹറുകുടുംബം 'ഗാന്ധി' കുടുംബമായതിന്റെ ചരിത്രം മറ്റൊരു നല്ല പിതാവിന്റെ ചരിത്രം കൂടിയാണ്‌. ഗാന്ധി ബ്രാന്റിന്റെ മൂല്യമറിഞ്ഞ ബുദ്ധിമാനായ പിതാവ്‌. പോസ്‌റ്റിലൂടെ അനിത ഒരുപാട്‌ ചിന്തകള്‍ക്ക്‌ വഴിതെളിയ്‌ക്കുന്നു.

വികടശിരോമണി

മനുഷ്യനെ സംബന്ധിച്ചിടത്തോളം 'സഹജീവികള്‍' എന്നാല്‍ പൊരേലുള്ളവര്‍ എന്ന ന്യൂക്ലിയര്‍ സമൂഹം മാത്രമാവുമ്പോള്‍ വസുധൈവകുടുംബക സങ്കല്‌പം അവനില്‍ നിന്നും ഏറെ അകലെയാകുന്നു. പ്രപഞ്ചത്തിലെ സകലതും അവനുവേണ്ടി, അവന്‌ ഇഷ്ടംപോലെ അനുഭവിപ്പാനായി മാത്രം ദൈവം സൃഷ്ടിച്ചതാണെന്ന ഉല്‌പത്തിപുസ്‌തക സങ്കല്‌പമാണ്‌ ജാതിമതരാഷ്ട്രീയ ഭേദമന്യേ മനുഷ്യനെ ഭരിക്കുന്നത്‌. 'പുല്‍കളും പുഴുക്കളും പുഴകളും കൂടിത്തന്‍ കുടുംബ'ക്കാരാവാത്തത്‌ ഈയൊരു സങ്കുചിതബോധത്തിന്റെ നാലുകെട്ടില്‍ നിന്നും പുറത്തുകടക്കാനാവാത്തതുകൊണ്ടുമാണ്‌.

'മൃഗീയത' എന്ന അശ്ലീലം മനുഷ്യന്റെ ഇഷ്ടപദമായതും വേറൊന്നുംകൊണ്ടല്ല. പരസ്‌പരം അപമാനിക്കാന്‍ ബഹുമാന്യനായ ശുനകന്റെ നാമം ദുരുപയോഗം ചെയ്യുന്നത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സഹസ്രാബ്ദങ്ങളായി പട്ടികളോടൊപ്പം കഴിഞ്ഞിട്ടും കൃതജ്‌്‌ഞത എന്തെന്നറിയാത്ത മനുഷ്യന്‍ ഇനിയും നന്നാവും എന്നു പ്രതീക്ഷിക്കുന്നവരുടെ തലയുടെ മൂലക്കല്ലിനാണ്‌ ഇളക്കം തട്ടിയിരിക്കുന്നത്‌.

ഭൂമുഖത്തെ ഓരോ ജീവിയും വംശനാശം നേരിട്ടതിന്‌ ഓരോ കാരണങ്ങളുണ്ട്‌. പെരിയ വയറു കാരണമാണ്‌ ഡിനോസര്‍ പോയതെങ്കില്‍ പെരിയ തല കാരണമാവും നാളെ നമ്മള്‍ വംശനാശത്തിലേയ്‌ക്ക്‌ കുഞ്ഞിക്കാലെടുത്തുവയ്‌ക്കുക.

മൃഗങ്ങളേ മാപ്പ്‌ എന്ന വികടശിരോമണിയുടെ ചെറിയ ലേഖനം അവതരിപ്പിക്കുന്നത്‌ ഒരു വലിയ ദര്‍ശനമാണ്‌. നമ്മളില്‍ അവശേഷിക്കുന്ന പ്രകൃതിസ്‌നേഹം പോലും നമ്മുടെ സ്വാര്‍ത്ഥതയില്‍നിന്നുമാണ്‌. നമുക്കുവേണ്ടി, നമ്മുടെ നാളെയ്‌ക്കുവേണ്ടി എന്ന ഒരേയൊരു ബോധത്തില്‍ നിന്നുമാത്രം എന്നുവിളിച്ചുപറയുന്നു വികടശിരോമണി. വിഷയം അതിമനോഹരമായി അവതരിപ്പിക്കുന്നു. ലേഖനത്തിന്റെ അവസാനമായി ചേര്‍ത്ത്‌ പ്രസിദ്ധമായ ആ സഞ്‌ജയവചനമാവട്ടേ മാന്‍മിഴിയാളുടെ നുണക്കുഴിപോലെ ഡെയ്‌ഞ്ചറസ്‌്‌ലി ബ്യൂട്ടിഫുള്‍.

മരംപെയ്യുന്നു

കണ്ണനുണ്ണിയുടെ ആദ്യ പ്രതികരണം പോലെ 'വ്യത്യസ്‌തതയുള്ള സബ്‌ജക്ട്‌.... വളരെ നന്നായി..'. സ്‌ത്രീവിഗ്രഹം എന്ന കവിതയിലൂടെ പുതിയൊരു പ്രമേയം കല വായനക്കാര്‍ക്കുമുന്നിലേയ്‌ക്ക്‌ എടുത്തെറിയുന്നു. ചിന്തനീയം മനോഹരം.

മനുഷ്യനൊഴിച്ച്‌ മറ്റേത്‌ ജീവികളിലും സൗന്ദര്യം ആണിനാണെങ്കില്‍ (എന്നാണു ധാരണ) മനുഷ്യരില്‍ അത്‌്‌ സ്‌ത്രീയിലാണ്‌. കൊതുകുകളില്‍ ആണിനാണ്‌ സൗന്ദര്യം എന്ന്‌ എന്‍.കെ. പറയും, കാരണം പെണ്ണാണ്‌ കടിക്കുക.

മദപ്പാടെടുത്തു നില്‌ക്കുന്ന കൊമ്പന്റെ കാതില്‍ യൂ ആര്‍ വെരി ഹാന്‍സം എന്നു മന്ത്രിച്ചതുകൊണ്ടും മുഖസൗന്ദര്യം നോക്കി സിംഹത്തിനോട്‌ സൗന്ദര്യവര്‍ണന നടത്തിയതുകൊണ്ടും ജീവന്‍പോയിക്കിട്ടുമെന്ന ഉപകാരമല്ലാതെ വേറൊന്നിനും സാദ്ധ്യതയില്ല. എന്നാല്‍ 'താന്‍ സുന്ദരിയാണ്‌' എന്നൊരു പെണ്ണിനോടുപറഞ്ഞാല്‍ ചില്ലറ ഉപകാരമല്ലാതെ ഉപദ്രവമുണ്ടായെന്നുവരില്ല. അവിടെ തുടങ്ങുന്നൂ വിഗ്രഹവല്‌ക്കരണം. വിഗ്രഹവല്‌ക്കരണം ഒരു രാസമാറ്റമാണ്‌. തിരിച്ച്‌ വിഗ്രഹമല്ലാതാവുക അസാദ്ധ്യവും. പഞ്ചലോഹക്കൂട്ടാണെങ്കില്‍ മാര്‍ക്കറ്റില്‍ വില കൂടുകയും ചെയ്യും.

"ഒക്കെ അറിയുമ്പോഴേയ്‌ക്കും
ആ കഴിവുകള്‍ നിങ്ങള്‍ക്കു എന്നേ
നഷ്ടപ്പെട്ടുവെന്നറിയും."

'യത്രനാര്യസ്‌തു പൂജ്യന്തേ രമന്തേ തത്ര ദേവതാ' സൂക്തം ഈണത്തില്‍ ചൊല്ലുക. പീഢിപ്പിക്കാന്‍ മുന്നിട്ടുറങ്ങുക.

ബെര്‍ളിത്തരങ്ങള്‍

മരിയ അമേലിയ ലോപസ്‌, തൊണ്ണൂറ്റിയേഴാം വയസ്സിലും ബ്ലോഗില്‍ സജീവമായിരുന്ന മുത്തശ്ശിയ്‌ക്കുള്ള അന്ത്യോപചാരം സമയോചിതം. 95ാം വയസ്സില്‍ ബ്ലോഗ്‌ തുടങ്ങി രണ്ടുവര്‍ഷം കൊണ്ട്‌ പ്രശസ്‌തിയുടെ കൊടുമുടികള്‍ താണ്ടി മരണത്തിന്റെ താഴ്‌വരയിലേയ്‌ക്ക്‌ നടന്നകന്ന മരിയ അമേലിയ ലോപസ്‌ തീര്‍ച്ചയായും അര്‍ഹിക്കുന്ന അംഗീകാരം.

രണ്ടുവര്‍ഷം കൊണ്ട്‌ 15 ലക്ഷത്തോളം വായനക്കാരുണ്ടാവുക എന്നതില്‍ ഏതായാലും ചില്ലറ സംശയത്തിന്റെ ആനുകൂല്യമുണ്ട്‌ . വിശേഷിച്ച്‌ അതൊരു സ്‌പാനിഷ്‌ ഭാഷയിലുള്ള ബ്ലോഗാവുമ്പോള്‍. എന്തായാലും അതൊരു ഇമ്മിണി ബല്യ സംഖ്യയായിപ്പോയോ എന്ന സംശയത്തിന്റെ കഴുത്തിന്‌ പിടിച്ച്‌ വായന തുടരുമ്പോഴും സീനിയര്‍ ബ്ലോഗര്‍ എന്ന വിശേഷണം വലതുകാലുവച്ച്‌ തലയിലോട്ട്‌ കയറാതെ തിരിഞ്ഞുനടക്കാന്‍ തുടങ്ങുന്നു. സീനിയര്‍ സിറ്റിസണ്‍ എന്നാല്‍ പ്രായക്കൂടുതലുള്ള പൗരന്‍ അഥവാ പൗര എന്നെടുക്കാം. സീനിയര്‍ ഓഫീസര്‍ എന്നാല്‍ കൂടുതല്‍ കാലം ജോലിചെയ്‌ത ഉദ്യോഗസ്ഥന്‍ എന്നുതന്നെയല്ലേ അര്‍ത്ഥമാക്കുക. അതായത്‌ സ്വന്തം വയസ്സല്ല, സര്‍വ്വീസ്‌ ദൈര്‍ഘ്യമാണ്‌ നോക്കുക എന്നര്‍ത്ഥം. അമ്പത്‌ തികയാത്ത സീനിയര്‍ പത്രപ്രവര്‍ത്തകരില്ലേ ഇവിടെ.

തൊണ്ണൂറ്റഞ്ചാമത്തെ വയസ്സില്‍ പത്രപ്രവര്‍ത്തനത്തില്‍ വന്ന്‌ തൊണ്ണൂറ്റേഴാമത്തെ വയസ്സില്‍ മരിച്ചാല്‍ ചരമക്കുറിപ്പില്‍ സീനിയര്‍ ജേണലിസ്റ്റ്‌ അന്തരിച്ചു എന്നാണോ കാണുക? ബ്ലോഗിങ്ങ്‌ ലോകത്ത്‌ ആരംഭിച്ചിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ മുത്തശ്ശി അതിലേയ്‌ക്ക്‌ വന്നത്‌. അപ്പോള്‍ 20-30 വയസ്സിലുള്ള പലരും മുത്തശ്ശിയെക്കാള്‍ സീനിയറായിരിക്കും എന്നുറപ്പ്‌. അവരില്‍ കൂടുതല്‍ പ്രായമുള്ള ആരും ഇപ്പോള്‍ ബ്ലോഗറായി ഇല്ലെങ്കില്‍ എല്‍ഡസ്‌റ്റ്‌ ബ്ലോഗര്‍ എന്നോ മറ്റോ ആക്കാമായിരുന്നു തലേക്കെട്ട്‌.

മരുന്നറിവുകള്‍

'സ്വയം ചികിത്സ' യുടെ അപകടങ്ങളിലേയ്‌ക്ക്‌ ശ്രദ്ധ ക്ഷണിക്കുന്നു ലീനയുടെ പോസ്‌റ്റ്‌. വൈദ്യശാസ്‌ത്രരംഗത്തെ ആരോഗ്യപരിപാലന ചികിത്സ തുടങ്ങിയ വിഷയങ്ങളെ സമഗ്രമായി പ്രിതിപാദിക്കുന്ന നല്ല ലേഖനങ്ങളാണ്‌ ലീനയുടെ പോസ്‌റ്റുകള്‍. പലര്‍ക്കും അപ്രാപ്യമായ ബൃഹദ്‌ഗ്രന്ഥങ്ങളില്‍ പലയിടങ്ങളിലായി മനസ്സിലാവാത്ത ഭാഷയില്‍ ചിതറിക്കിടക്കുന്ന അറിവുകളെ അതിലളിതമായി, മലയാളപദാവലികള്‍ക്കൊപ്പം അതത്‌ ഇംഗ്ലീഷ്‌ പദങ്ങള്‍ കൊടുത്തുകൊണ്ട്‌ ഏതൊരാള്‍ക്കും എളുപ്പം ഹൃദിസ്ഥമാക്കാവുന്നവിധം വസ്‌തുതകള്‍ അവതരിപ്പിക്കുകയാണ്‌ ലീന. സദുദ്യമത്തിന്‌ ആശംസകള്‍.

സവ്യസാചി

എഴുത്തുകാരന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന രചനാശൈലി. എടുക്കുമ്പോള്‍ ഒന്ന്‌, തൊടുക്കുമ്പോള്‍ നൂറ്‌, പതിക്കുമ്പോള്‍ ആയിരങ്ങള്‍. അടിപാറയായ കിണറ്റിലെ വെളളം വച്ച്‌ നാലേക്കറില്‍ നേന്ത്രന്‍ കൃഷിനടത്തുന്ന ബൂലോഗര്‍ക്കെതിരെയാണ്‌ 'ഒരു നീലസാഹിത്യകാരന്റെ ഡിലെമ' എന്ന ബ്രഹ്മാസ്‌ത്രം സവ്യസാചിയുടെ ഗാണ്ഡീവത്തില്‍ നിന്നും പുറപ്പെടുന്നത്‌.

കാവ്യയശപ്രാര്‍ത്ഥികള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുമെന്നുതോന്നുന്നില്ല. വായനക്കാര്‍ മൊത്തം അന്ത്യശ്വാസം വലിച്ചാലും അവര്‍ നിര്‍ത്തുകയില്ല. ഒടുക്കത്തെ നാവുള്ള എന്റെ നാട്ടിലെ ഒരു സുന്ദരിയെക്കൊണ്ട്‌ പറഞ്ഞതുപോലെ, ഓള്‌ നിര്‍ത്തണമെങ്കില്‍ നാവു താണുപോകണം. നാവ്‌ സ്വമേധയാ താണുപോവുന്നതുവരെ കേള്‍ക്കാന്‍ ആളുകളും തയ്യാറാവണം എന്നുമാത്രം.

ഞാനിതാ മരിക്കാന്‍ പോവുന്നു എന്ന ആത്മഹത്യാപ്രഖ്യാപനം ജീവിക്കാന്‍ ആഗ്രഹമുണ്ട്‌ എന്ന പ്രഖ്യാപനം കൂടിയാണ്‌.

എച്ച്‌കെസന്തോഷ്‌

'കാണാതായ രാമന്‍നായരുട നായയെ കണ്ടെത്തി' എന്നുകേട്ടപ്പോള്‍ കാണാതെപോയത്‌ രാമന്‍നായരെയാണോ അതോ മൂപ്പരുടെ നായയെയാണോ എന്നൊരു സംശയം സ്വാഭാവികം. 'ആട്‌ വളര്‍ത്തുന്ന അഴീക്കോട്‌ എന്ന തലക്കെട്ടുതന്നെ ഒരൊന്നൊന്നര ലേഖനമാണ്‌.

കേരളത്തിലെ സാംസ്‌കാരികരംഗത്തെ കാലാവധികഴിഞ്ഞ ആണവറിയാക്ടറായി അഴീക്കോട്‌ മാറുന്നതിന്‌ നമ്മള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്‌. സാംസ്‌കാരിക നായകന്‍ എന്നതില്‍നിന്നും സാംസ്‌കാരിക ഗുണ്ടാപദവിയിലേയ്‌ക്കുള്ള ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്‌ മൂപ്പരിപ്പോള്‍.

പണിക്കരുടെ സമദൂരസിദ്ധാന്തം മൂപ്പര്‍ ഭംഗിയായി നടപ്പിലാക്കിയത്‌ സ്വന്തം വാക്കും പ്രവൃത്തിയും തമ്മിലാണ്‌. ഒന്നുപറഞ്ഞ്‌ രണ്ടാമത്‌ ഞാന്‍ ഗാന്ധിയനാണെന്ന്‌ അലമുറയിടേണ്ടിവരുന്നതും അതുകൊണ്ടുതന്നെയാണ്‌. ഒരു പെണ്ണിന്‌ ഞാന്‍ പെണ്ണാണെന്നും ആണിന്‌ ആണാണെന്നും കമ്മ്യൂണിസ്റ്റിന്‌ കമ്മ്യൂണിസ്റ്റാണെന്നും വിളിച്ചുപറയേണ്ട കാര്യമില്ല. സമൂഹമാണ്‌ ആ സര്‍ട്ടിഫിക്കറ്റ്‌ പതിച്ചുനല്‌കുക. അല്ലാതെ സ്വന്തം നിലയ്‌ക്ക്‌ ഒരു ഗാന്ധിയന്‍ അഥവാ മാര്‍ക്‌സിസ്‌റ്റ്‌ എന്നൊരു കഷണം കാര്‍ഡിലെഴുതി നെറ്റിയിലൊട്ടിച്ചുനടക്കുകയല്ല വേണ്ടത്‌.

ജലസമാധിയായ ശാശ്വതീകാനന്ദ ഒരു കാലത്ത്‌ അഴീക്കോടിന്‌ ശാശ്വതീകനായിരുന്നു. പിന്നീട്‌ അവസരം വന്നു. നാവിന്റെ ഒരു സൗകുമാര്യകുതിപ്പില്‍ ശാശ്വതീകന്‍ സ്വാമി ശാശ്വതീകാനന്ദയായി, സ്വാമികളായി. ജലസമാധിയായപ്പോള്‍ മൂപ്പര്‍ സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികള്‍ക്കും രമണമഹര്‍ഷിക്കുമൊപ്പമിരിക്കേണ്ട വേദാന്തം കലക്കിക്കുടിച്ച സന്ന്യാസി ശ്രേഷ്‌ഠനുമായതും ചരിത്രം.

'മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാവും, മൃഗം അധ:പതിച്ചാല്‍ കമ്മ്യൂണിസ്റ്റാവും' അതുപോലെയെന്തെല്ലാം സൂക്തങ്ങള്‍. മാനവന്‌ മാനമില്ലെന്ന തിരിച്ചറിവുണ്ടായതുകൊണ്ട്‌ മൃഗങ്ങള്‍ മജിസ്‌ട്രേട്ടുകോടതി കയറിയില്ലെങ്കിലും തലശ്ശേരിയിലെ ചുകന്നകല്ലുകളുടെ പെരുമ അഴീക്കോടിനു താമസിയാതെ ബോദ്ധ്യപ്പെട്ടു.

കാറും കവറും ശരണം പൊന്നയ്യപ്പാ. ഇപ്പോള്‍ പിണറായി അനിയന്‍ അച്ചുതാനന്ദന്‍ ഏട്ടന്‍. നാളെ കൃഷ്‌ണപിള്ള അച്ഛനും എ.കെ.ജി അമ്മാവനുമാവാതിരുന്നാല്‍ മലയാളികളുടെ ഭാഗ്യം. അഴീക്കോടിന്റെ പടവലവളര്‍ച്ചയുടെ ഗതിവിഗതികള്‍ അനാവരണംചെയ്യുന്ന മികച്ച ലേഖനം. നല്ല ശൈലി.

Wednesday, June 3, 2009

ബൂലോഗ വിചാരണ 14

ഒരു യാത്ര

സമകാലിക ബൂലോഗ പ്രതിഭാസത്തെ അതീവ ഹൃദ്യമായ ശൈലിയില്‍, സരസമായി അനാവരണം ചെയ്യുന്നു 'അവനാകുന്ന അവള്‍' എന്ന അരുണ്‍ ചുള്ളിക്കലിന്റെ പോസ്‌റ്റ്‌.

"ആണിന്റെ തുണിയുടുക്കുന്ന പെണ്ണുങ്ങളെ പൊതുവില്‍ കാണാറുണ്ടെങ്കിലും പെണ്ണിന്റെ തുണിചുറ്റുന്ന ആണുങ്ങളെ വിരളമായേ കാണാറുളളൂ: പ്രതിഭാസം ക്രോസ്‌ ഡ്രസിങ്ങ്‌". ക്രോസ്‌ ഡ്രസിങ്ങില്‍ നിന്നും ക്രോസ്‌ റൈറ്റിംഗിലേയ്‌ക്കുള്ള ബ്ലോഗര്‍മാരുടെ കുടിയേറ്റത്തിന്റെ കഥയാണ്‌ വിഷയം.

"പുരുഷന്റെ വസ്‌ത്രം സ്‌ത്രീയും സ്‌ത്രീയുടെ വസ്‌ത്രം പുരുഷനും അണിയുവാന്‍ പാടുള്ളതല്ല. അപ്രകാരം ചെയ്യുന്നവന്‍ നിന്റെ ദൈവമായ കര്‍ത്താവിന്‌ നിന്ദ്യരാണ്‌" എന്ന്‌ ബൈബിള്‍. അപ്പോള്‍ പള്ളീലന്റെ വസ്‌ത്രം ഏതാണെന്നു ചോദിച്ചുകളയുകയല്ല വേണ്ടത്‌. കര്‍ത്താവ്‌ ഉദ്ദേശിച്ചത്‌ തല്‌ക്കാലം ആണ്‌ ആണായും പെണ്ണ്‌ പെണ്ണായും ജീവിക്കട്ടെ എന്നായിരിക്കും.

സ്‌തീജന്മം പുണ്യജന്മമാമെന്നറിഞ്ഞിട്ടുകൂടി ലോകത്തൊരാണും അടുത്തജന്മത്തിലെങ്കിലും എന്നെയൊന്നു പെണ്ണായി ജനിപ്പിച്ചീടണമേ പടച്ചോനെ എന്ന്‌ പ്രാര്‍ത്ഥിക്കാത്തത്‌ ഇത്‌ തുല്യതയുടെ മിലേനിയമായതുകൊണ്ടായിരിക്കണം. അല്ലെങ്കില്‍ ആണുങ്ങളുടെ സഹജമായ വിവരദോഷം. നമ്മള്‍ അത്ര വിവരദോഷികളായിട്ടുകൂടി വനിതകള്‍ നമ്മള്‍ അവര്‍ക്കുതുല്യരാണ്‌ എന്നുപറയുമ്പോള്‍ ആ ഹൃദയവിശാലതയെ ആദരിക്കാതെ കളിയാക്കുകയാണ്‌ പലരും ചെയ്യുക. വിനാശകാലേ വിപരീതബുദ്ധി. അങ്ങിനെയുള്ളവര്‍ ബൂലോഗത്തേക്കുനോക്കുക. പെണ്ണായാലുള്ള ഗുണങ്ങളുടെ നീണ്ട പട്ടിക.

അരുണിന്റെ നിരീക്ഷണം ശരിയാണെങ്കില്‍, ഒരക്ഷരം വായിക്കാതെ ചതഞ്ഞ പൂവിന്റേയും അവിഞ്ഞ ഹൃദയത്തിന്റേയും പ്രേതപരിശോധന മാത്രം നടത്തി കാലയാപനം ചെയ്യുന്ന അവന്‍മാരാകുന്ന അവളുമാരുടെ പുനരധിവാസത്തിനായി ബൂലോഗത്തില്‍ ഒരു ലക്ഷംവീടു പദ്ധതിയ്‌ക്കുള്ള സ്‌കോപ്പു എന്‍.കെ കാണുന്നു.

ശുദ്ധഹാസ്യവും ആക്ഷേപഹാസ്യവും ആയുധമാക്കി സാമൂഹ്യവിമര്‍ശത്തിന്റെ ഒരു യുഗം സൃഷ്ടിച്ച അനുഗൃഹീതനായ സഞ്‌ജയന്റെ ആ ഗംഭീരശൈലിയുടെ നിഴലാട്ടം 'അവനാകുന്ന അവളില്‍' നിറഞ്ഞുനില്‌ക്കുന്നു. അഭിവാദ്യങ്ങള്‍.

ഗാനഗംഗ

പാബ്ലോ നെറൂദായുടെ 'എ സോങ്‌ ഓഫ്‌ ഡിസ്‌പെയര്‍' ബിജു 'ഒരു നൈരാശ്യഗീതമെന്ന പേരില്‍ വിവര്‍ത്തനം ചെയ്യുന്നു. ഒരു ഭാഷയിലെ കൃതിയെ മറ്റൊരു ഭാഷയില്‍ പുനര്‍നിര്‍മ്മിക്കലാണ്‌ ശരിയായ വിവര്‍ത്തനം. അപ്പോള്‍ മാത്രമാണ്‌ വിരസമായ തര്‍ജുമയായി ചരമം പ്രാപിക്കാതെ കൃതി തുടര്‍ന്നും ജീവിക്കുക.

പണ്ട്‌ മലബാറിലെ കുരുമുളകുവള്ളികള്‍ പറങ്കിസായ്‌പുമാര്‍ കൊണ്ടുപോകുന്നു, അവരതവിടെ വളര്‍ത്തിയാല്‍ നമ്മുടെ കച്ചോടം ഹലാക്കായിപ്പോവുമല്ലോ തിരുമനസ്സേ എന്നുണര്‍ത്തിച്ച മങ്ങാട്ടച്ചനോട്‌ സാമൂതിരി പറഞ്ഞത്‌, വള്ളിയല്ലേ കപ്പലില്‍ കയറൂ, ഞാറ്റുവേല കയറില്ലല്ലോ മങ്ങാട്ടച്ചാ എന്നായിരുന്നു.

അതു വിവര്‍ത്തനത്തിനും ബാധകമാണ്‌. വിവര്‍ത്തനം ചെയ്യുന്ന കൃതിയുടെ അനശ്വരമായ ആത്മാവ്‌ നിന്നനില്‌പില്‍ നില്‌ക്കുമ്പോള്‍, മിക്കവാറും വാക്കുകളില്‍ കെട്ടിവലിച്ച്‌ വിവര്‍ത്തകന്‍ എത്തിക്കുക നശ്വരമായ ശരീരമായിരിക്കും. ഏതു കുരുത്തംകെട്ട ആത്മാവിനെയും ആവാഹിക്കാന്‍ കഴിയുന്ന ബ്രഹ്മവിദ്യ ഹൃദിസ്ഥമാക്കിയ പുല്ലഞ്ചേരി നമ്പൂതിരിമാരാകണം എഴുത്തുലോകത്തെ വിവര്‍ത്തര്‍.

എഴുത്തച്ഛന്‍ വിവര്‍ത്തനം ചെയ്‌തതുകൊണ്ടാണ്‌ മലയാളിക്ക്‌ ശ്രീരാമനെ അറിയുന്നതുതന്നെ. ഒരു എഴുത്തച്ഛന്‍ തമിഴകത്തില്ലാതെ പോയതുകൊണ്ടാണ്‌ രാമന്റെ സ്ഥാനം അവിടെ രാവണനു വീണുകിട്ടിയത്‌. കാളിദാസ ശാകുന്തളം വള്ളത്തോളിലെ അനുഗൃഹീത കവി വിവര്‍ത്തനം ചെയ്‌തപ്പോള്‍ മൂലകൃതിയോളം തന്നെ നിലവാരം പുലര്‍ത്തി. അതായത്‌ എഴുത്തുകാരന്റെ സര്‍ഗശേഷിയില്‍ നിന്നും നാലുമൈല്‍ അകലെയാണ്‌ വിവര്‍ത്തകന്റെ കിടപ്പെങ്കില്‍ സംഗതി കുളമാവും. വാട്ട്‌ ഈസ്‌ ലോസ്‌റ്റ്‌ ഇന്‍ ട്രാന്‍സ്‌്‌ലേഷന്‍ ഈസ്‌ പോയട്രി എന്ന ചൊല്ലുണ്ടായത്‌ അങ്ങിനെയാണ്‌.

ദൗര്‍ഭാഗ്യവശാല്‍, നെറൂദയുടേയും മോപ്പസാങ്ങിന്റേയും ചെക്കോവിന്റേയും മാര്‍ക്വസിന്റേയുമൊക്കെ കൃതികള്‍ മലയാളത്തില്‍ എത്തുമ്പോഴേയ്‌ക്കും അതില്‍ ചിലപ്പോഴെങ്കിലും അവരുടേതായി ഉണ്ടാവുക കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമായിരിക്കും.

വിവര്‍ത്തനം ഒരു കലയാണ്‌. അത്‌ തൊഴിലായെടുക്കുമ്പോള്‍ പലപ്പോഴും സംഭവിക്കുക വിരസമായ തര്‍ജുമകളാണ്‌. മൂലകൃതിയുടെ ഉടമയോടും വായനക്കാരോടും ചെയ്യുന്ന ക്രൂരത. പരാജയപ്പെട്ട വിവര്‍ത്തകനെ ശിഷ്ടകാലം സമൂഹത്തിനു ഭീഷണിയാവാത്തവിധം ജയിലിലടയ്‌ക്കേണ്ടതാണ്‌. മലയാളവിവര്‍ത്തനം വായിച്ചാല്‍ മുകളില്‍ പറഞ്ഞ പല എഴുത്തുകാരുടെയും സ്ഥാനത്തിനും ലേശം മുകളിലായിരിക്കും മുട്ടത്തുവര്‍ക്കി.

ഇനി ബിജുവിന്റെ വിവര്‍ത്തനത്തിലേയ്‌ക്ക്‌. 'Abandoned like the dwarves at dawn' എന്നത്‌ 'പുലരിയില്‍ ആരുമില്ലാതലയുന്ന ചെറിയ മാനുഷജീവികളപ്പോലെ' ആവാന്‍ വഴിയില്ല. ചെറിയ സസ്യങ്ങള്‍ക്കും ജീവികള്‍ക്കും dwarf എന്നുപറയും. പ്രഭാതത്തില്‍ ജീവനെടുക്കുകയും സൂര്യതാപമേല്‍ക്കുന്നതോടെ കാലഗതിപ്രാപിക്കുകയും ചെയ്യുന്ന ഹ്രസ്വായുസ്സായ ഏതെങ്കിലും ആവാം അത്‌. അതുപോലെ ഒരിടത്ത്‌ പാലായനം എന്നു തെറ്റായി എഴുതിയത്‌ പലായനം എന്നാക്കുക. 6ാമത്തെ സ്റ്റാന്‍സയിലെ വിവര്‍ത്തനവും ശ്രദ്ധിയ്‌ക്കുക. Light House ദീപശിഖയല്ല, പ്രകാശഗോപുരമാണ്‌. ആ വരിയിലെ തന്നെ മന്ത്രവചസ്സിന്റെ ഉപയോഗവും ചോദ്യംചെയ്യപ്പെടേണ്ടതാണ്‌. നഷ്ടപ്രണയത്തിന്റെ അലയാഴി ആയിരിക്കണം lost discoverer, അല്ലാതെ തിരച്ചില്‍ക്കാരിയാവാന്‍ സാദ്ധ്യത കാണുന്നില്ല.

'അന്ത്യചുംബനങ്ങള്‍ തന്‍ ശവപ്പറമ്പ്‌ 'നോക്കുക. Cemitery of Kisses ചുംബനങ്ങളുടെ ശവപ്പറമ്പുമാത്രമല്ലേ ആവൂ. അന്ത്യത്തിന്റെ ആവശ്യമില്ല. നഷ്ടപ്രണയത്തിന്റെ കുഴിമാടത്തിലെ കനല്‍ ഇനിയും അടങ്ങിയിട്ടില്ല എന്നു നെറൂദ.

ചിലയിടത്തെല്ലാം ഉപയോഗിച്ച പദങ്ങള്‍, ശൈലി എല്ലാം വിവര്‍ത്തനത്തോടു നീതിപുലര്‍ത്തുമ്പോള്‍ തന്നെ പലയിടത്തും ബിജുവിന്റെ കാവ്യാംഗന വിരൂപിയാവുന്നു. ബോധപൂര്‍വ്വമായി താളനിബന്ധരീതി അവലംബിക്കാന്‍ ശ്രമിച്ചത്‌ വിവര്‍ത്തനത്തിന്‌ വിനാശകരമായി. ഫലമോ കോലം പോയട്രിയുടേതെങ്കിലും രചന പ്രോസൈക്‌ ആയിമാറി.

മെയ്‌ 29 ആറുമണി കഴിഞ്ഞ്‌ 32 മിനിറ്റ്‌

കൃത്രിമത്വത്തിന്റെ പാറക്കെട്ടില്‍ തട്ടി തെല്ലും ചിതറിപ്പോവാതെ ഹൃദയത്തില്‍ നിന്നും നേരെ ഒഴുകിയെത്തുന്ന പദങ്ങളാല്‍ വായനക്കാരുടെ ചിത്തത്തില്‍ സ്‌നേഹവാത്സല്യങ്ങളുടെ നറുനിലാവുപരത്തുന്നൂ ദേവസേന. പ്രണയം,. സ്‌നേഹം, ദാമ്പത്യം, വാത്സല്യം എന്നിവയുടെ നേര്‍ക്കാഴ്‌ചകളിലേക്ക്‌ വായനക്കാരെ നയിക്കുകയും ചെയ്യുന്നു. ഒരു പുതുജീവന്റെ മുളപൊട്ടലോടെ പ്രണയം പരിണാമവിധേയമാവുന്നു, സ്‌നേഹത്തിന്‌, കുഞ്ഞിനോടുള്ള വാത്സല്യത്തിനായ്‌ പ്രണയം ഒരു പരിധിവരെ വഴിമാറുന്നു. അത്‌ പ്രകൃതിയുടെ ഒരു രീതിയാണ്‌.

ദേവസേന കരുതുന്നതുപോലെ ആ പ്രണയം വീണ്ടും പൂത്തൂലയുക 'സഫലമീയാത്ര' യില്‍ കക്കാട്‌ പാടിയതുപോലെ 'അന്യോന്യമൂന്നുവടികളായി നില്‌ക്കുമ്പോഴാവാം'. അങ്ങിനയാവട്ടെ.

ആടയാഭരണങ്ങളും മുഖംമൂടികളുമില്ലാത്ത ഒരു മാതൃമനസ്സിന്റെ യഥാര്‍ത്ഥചിത്രം ഹൃദ്യമായി അവതരിപ്പിച്ച ദേവസേനയക്ക്‌ അഭിവാദ്യങ്ങള്‍.

ശിവരാജയോഗി തൈക്കാട്ട്‌ അയ്യാ സ്വാമികള്‍

ഒന്നാംതരം ഒരു ഗവേഷണപ്രബന്ധമാണ്‌ യയാതിപുരത്തെ തലമുതിര്‍ന്ന ബ്ലോഗര്‍ കൂട്ടായ്‌മയില്‍ ഡോ.കാനം ശങ്കരപ്പിള്ളയുടേതായി വന്നിട്ടുള്ളത്‌. കാലത്തിന്റെ ഒരു പോക്കിനെപറ്റി കൂടി ചിന്തിപ്പിച്ചു ലേഖനം. പണ്ടായിരുന്നുവെങ്കില്‍ ഏതെങ്കിലും ആഢ്യവാരികകളുടെ പേജുകളില്‍ കത്രികപൂട്ടില്‍ മുടന്തിനടക്കുമായിരുന്ന സംഗതിയുടെ നടരാജനൃത്തം ബൂലോഗചുമരില്‍ കാണുമ്പോള്‍ ഒരുപാട്‌ സന്തോഷം തോന്നുന്നു.

ഒരു ജാതി. ഒരു മതം. ഒരു ദൈവം മനുഷ്യന്‌ എന്ന ശ്രീനാരാണഗുരുദേവ സൂക്തത്തിന്റെ പേറ്റന്റ്‌ ശിവരാജയോഗിക്ക്‌ അവകാശപ്പെട്ടതാണെന്നതും ഒരു പുതിയ അറിവായി. ശ്രീനാരാണഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു എന്നുപറയുമ്പോള്‍ മറിച്ചു വിശ്വസിക്കാന്‍ ന്യായം കാണുന്നില്ല.

ഒരു പാട്‌ ഗ്രന്ഥങ്ങള്‍ തിരഞ്ഞ്‌ അധികമാരും അറിയാത്ത, ബൂലോഗത്തെ ഈയുള്ളവനടക്കം പലര്‍ക്കും പേരുകേട്ടുവെന്നല്ലാതെ, കൂടുതലറിയാന്‍ പറ്റിയിട്ടില്ലാത്ത ശിവരാജയോഗിയെ പരിചയപ്പെടുത്തിത്തന്നതിനും ഇനിയും വരാനിരിക്കുന്ന നല്ല കൃതികള്‍ക്കുമായി യയാതിപുരത്തെ മുതിര്‍ന്നവര്‍ക്ക്‌ എന്‍.കെയുടെ പ്രണാമം.

ചിന്താവിഷ്ട‍യായ സീത കെമിസ്‌ട്രി വിദ്യാര്‍ത്ഥികള്‍ പഠിക്കണോ?
സീത പഠിക്കാന്‍ പറ്റാത്ത രസതന്ത്രവിദ്യാര്‍ത്ഥികള്‍ ചുരുങ്ങിയത്‌ ചിന്താവിഷ്ടയായ ശ്യാമളയെങ്കിലും പഠിക്കണം എന്നുതന്നെയാണ്‌ ഈയുള്ളവന്റെ അഭിപ്രായം.

നമ്മുടെ ബഹുമാനപ്പെട്ട അദ്ധ്യാപകര്‍ ഒരു കാര്യം മനസ്സിലാക്കണം. ഈ നോട്ടീസ്‌ ഇറക്കിയ അദ്ധ്യാപകരില്‍ ബഹുഭൂരിപക്ഷവും പറമ്പിലെ തേങ്ങയുടെ ബലത്തിലോ അപ്പന്റെ മടിക്കുത്തിന്റെ കനത്തിലോ സര്‍വ്വഞ്‌ജപീഠം കയറിപ്പോയി അദ്ധ്യാപകരായ ആളുകളാണെങ്കില്‍, ദയവായി അവര്‍ അറിയുക അദ്ധ്യാപകര്‍ക്ക്‌ വംശനാശം വന്നാല്‍ അക്കൂട്ടര്‍ പഠിപ്പിക്കുന്ന ഭാഷയുടെ ജനാസനമസ്‌കാരം നടക്കുയില്ല. കാരണം സിമ്പിള്‍. ഇക്കൂട്ടര്‍ നിരന്നിരുന്ന്‌ ഗണിച്ചുകണ്ടെത്തിയതല്ല ഭാഷ.

കണ്ട മുതലാളിക്ക്‌ ലച്ചങ്ങള്‍ എണ്ണിക്കൊടുത്ത്‌ മുതലാളിത്തത്തിനെ ചീത്തപറഞ്ഞ്‌ ഞെളിഞ്ഞുനടക്കുകയാണ്‌ വിദ്വാന്‍മാര്‍. (സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക്‌ ബാധകമല്ല). എന്തൊക്കെയാണ്‌ നോട്ടീസില്‍ അടിച്ചുവിട്ടിരിക്കുന്നത്‌. വിപണി, ചരക്ക്‌, മുതലാളിത്തം, ഫ്യൂഡലിസം, ദല്ലാള്‍ എല്ലാമുണ്ടെങ്കിലും സാമ്രാജ്യത്വം, ബൂര്‍ഷ്വ, സി.ഐ.എ തുടങ്ങിയ ചില കാര്യമായ സംഗതികള്‍ വിട്ടുപോയതായി കാണുന്നു. അതുകൂടി ചേര്‍ത്ത്‌ ഒരു ഉദരംഭരി ഭാഷാസിദ്ധാന്തം കണ്ടെത്തി അടുത്ത നോട്ടീസ്‌ ഒന്നുകൂടി ഗംഭീരമാക്കുമെന്ന പ്രതീക്ഷയോടെ.

പണ്ട്‌ കമ്പ്യൂട്ടര്‍ എന്ന കേട്ടപ്പോള്‍ ലോകനാശത്തിന്റെ ആരംഭം എന്നുപറഞ്ഞു ഉറഞ്ഞുതുള്ളിയ ദൈവങ്ങളുടെ വകേലെ കോമരങ്ങളായ ഇവര്‍ ഇപ്പോള്‍ ഇതെഴുതാന്‍ ബ്ലോഗിനെ തിരഞ്ഞടുത്തപ്പോഴെങ്കിലും ആലോചിക്കേണ്ടതായിരുന്നു പത്തുമന്ദബുദ്ധികള്‍ വരക്കുന്ന നേര്‍രേഖയിലല്ല ലോകം സഞ്ചരിക്കുക എന്ന മഹാസത്യം.

ഭൗതീകപദാര്‍ത്ഥങ്ങളിന്‍മേലുള്ള മനുഷ്യമനസ്സിന്റെ പ്രതിഫലനമാണ്‌ ചിന്ത എന്ന്‌ മഹാനായ മാര്‍ക്‌സ്‌. അത്‌ തികച്ചും ശരിയാണ്‌. അപ്പോള്‍ സ്വാഭാവികമായും ആ ചിന്തയുടെ ബഹിര്‍സ്‌ഫുരണമായിരിക്കണം അവനവന്റെ ഭാഷ. അപ്പോള്‍ ഭൗതീകപദാര്‍ത്ഥങ്ങളില്ലാത്ത ഒരു കാലത്താണ്‌ മലയാളഭാഷ വടിയാവുക. അത്‌ സ്വാഭാവികമായും സംഭവിക്കുകയും വേണം. ലോകാവസാനം ചുരുങ്ങിയത്‌ പത്തുപ്രാവശ്യം പ്രവചിച്ച ആ പിരാന്തന്‍ സന്ന്യാസിയ്‌ക്ക്‌ ശിഷ്യപ്പെടുകയാണ്‌ ഇക്കൂട്ടര്‍ എത്രയും പെട്ടെന്ന്‌ ചെയ്യേണ്ടത്‌. മാര്‍ക്‌സിനെ വെറുതേവിടുക.

ഇനി തലക്കെട്ടിലെ ചോദ്യത്തിനു ഉത്തരം. കെമിസ്‌ട്രി വിദ്യാര്‍ത്ഥികളല്ല, മെഡിക്കല്‍ വിദ്യാര്‍ത്ഥികളും എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികളും സാഹിത്യം വായിക്കണമെന്നുതന്നെയാണ്‌ ഈയുള്ളവന്റെ അഭിപ്രായം. മൂല്യബോധമുള്ള പ്രൊഫഷണലുകളായി വളരാന്‍ അതനിവാര്യം. അങ്ങിനെയല്ലാതെ വരുമ്പോഴാണ്‌ ഓപ്പറേഷന്‍ ടാബിളിലെ പരമദരിദ്രന്‍ വെറും രണ്ട്‌ കിഡ്‌നിയും ഒരു ലിവറുമാവുക. കോടികളുടെ പാലം മൂന്നാംനാള്‍ നിലം പൊത്തുകയും ചെയ്യുക. എന്നാല്‍ ഈ സാഹിത്യം പഠിപ്പിക്കാന്‍ മുതലാളിക്ക്‌ ലച്ചങ്ങള്‍ കൈക്കൂലിയും കൊടുത്ത്‌ ജനത്തിന്റെ നികുതിപ്പണം കൊള്ളയടിക്കാനായി ഞമ്മളുതന്നെ വേണമെന്ന്‌ പറയുന്നവരെ നേപ്പാളിലെ രാജാവിന്റെ ആത്മാവിനെ പണ്ട്‌ നാടുകടത്തിയതുപോലെ എന്നെന്നേക്കുമായി നാടുകടത്താനുള്ള ഒരേര്‍പ്പാടാണ്‌ അനിവാര്യമായും വേണ്ടത്‌.