Thursday, January 21, 2010

ബൂലോഗവിചാരണ 29

പോളിട്രിക്‌സ്

'എന്താ അമ്മാമാ എന്റെ അമ്മ സുന്ദരിയല്ലേ?' എന്ന മികച്ച ലേഖനത്തിലൂടെ മധു സൗന്ദര്യമത്സരങ്ങളുടെ
പിന്നിലെ സാമ്പത്തിക-വാണിജ്യ താത്പര്യങ്ങളുടെ കാണാച്ചരടുകളിലേയ്ക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുന്നു. മരുമകന്റെ നിഷ്‌കളങ്ങമായ ചോദ്യത്തിലൂടെ സൗന്ദര്യത്തിന്റെ വിപണനകാപട്യങ്ങളുടെ ചരിത്രത്തിലൂടെയും സമകാലികസംഭവവികാസങ്ങളിലൂടെയും സഞ്ചരിക്കുകയാണ് ബ്ലോഗര്‍.

ചുരുക്കത്തില്‍ ലോകത്തില്‍ ഏറ്റവും സ്‌നേഹമുള്ള അമ്മയെ കണ്ടെത്താന്‍ ഒരു മത്സരം സംഘടിപ്പിച്ചാല്‍ എങ്ങിനെയിരിക്കും? ആയൊരു വിഡ്ഡിത്തത്തിന് സൗന്ദര്യകിരീടം ചൂടിക്കുവാന്‍ മാത്രമുള്ളതാണ് സൗന്ദര്യമത്സരങ്ങള്‍.

ഇനി മറ്റൊരു വശം. ഭൂലോകസുന്ദരിയായി ഐശ്വര്യ, അല്ലെങ്കില്‍ വിശ്വസുന്ദരിയായി സുസ്മിത തിരഞ്ഞെടുക്കപ്പെട്ടു. അടുത്തവര്‍ഷം ആ കിരീടം മറ്റൊരു തലയില്‍ ചൂടിച്ചുകൊടുക്കുമ്പോള്‍ ഐശ്വര്യയുടെ സൗന്ദര്യം മഹാഭാഗ്യം കൊണ്ട് ഒരു കൊല്ലം തികഞ്ഞതാണോ? പെണ്ണിന്റെ സൗന്ദര്യത്തിന്റെ ആയുസ്സ് ഒരുവര്‍ഷമാക്കി നിജപ്പെടുത്തിയത് ആരാണ്? ലക്ഷണമൊത്ത എഴുത്തുകാരനെത്തേടി അവാര്‍ഡുകളെത്താത്തതുപോലെ, റാമ്പുതേടി യഥാര്‍ത്ഥ സുന്ദരികളും യാത്രതിരിക്കാറില്ലെന്നതാണ് സത്യം.
അതുകൊണ്ടുതന്നെ അങ്ങിനെ ലഭ്യമാവുന്ന ഒരു കിരീടം ജീവിതലക്ഷ്യമായെടുക്കാന്‍ മാത്രം ഒന്നിനുംകൊള്ളാത്തവരല്ല ബഹുഭൂരിപക്ഷം സുന്ദരിമാരും. എന്നാലും ലോകവനിതകള്‍ക്ക് മുഴുവന്‍ അപമാനമുണ്ടാക്കാന്‍ നഞ്ച് നാനാഴിയൊന്നും വേണ്ടതില്ല. ഉള്ളവര്‍തന്നെ ധാരാളം.

കൊടുങ്കാറ്റ്

എത്ര ഉന്നതമായി ചിന്തിക്കാന്‍ ശേഷിയുള്ള തലച്ചോറുകളെയും ബാധിക്കുന്ന രാജയക്ഷ്മാവാണ് മതം എന്നതിരിച്ചറിവാണ് ശരീഫ് സാഗറിന്റെ 'എന്റെ ഇസ്ലാം അമേരിക്കയ്ക്ക് അനുകൂലമാണ്' എന്ന ലേഖനം സമ്മാനിക്കുക.

ഇസ്ലാം നേരിടുന്ന സമകാലിക പ്രതിസന്ധികള്‍ ഒരു അനുയായിയുടെ മനസ്സിനെ മഥിക്കുമ്പോഴുണ്ടാവുന്ന അതിശക്തമായ നിരീക്ഷണങ്ങളാണ് ശരീഫിന്റേത്. എന്നാല്‍ ഇസ്ലാമിന്റെ ആചാരങ്ങളുടെ കാലഹരണപ്പെട്ട കാഴ്ചപ്പാടുകളുടെ ഇരുമ്പുമറകള്‍ ഭേദിച്ച് പുറത്തുകടക്കാന്‍ വിശ്വാസം അനുവദിക്കുന്നുമില്ല. ഈ ലോകത്തിനുവേണ്ടതെല്ലാം ഇസ്ലാമിലുണ്ട്, ഇസ്ലാമിലില്ലാത്തതൊന്നും ലോകത്തിനു വേണ്ടതല്ല, ഇസ്ലാമിലുള്ളതെന്തോ ലോകം അതിനനുസരിച്ച് ചലിച്ചാല്‍ മതി എന്ന രാഷ്ട്രീയ ഇസ്ലാമും, ഇസ്ലാം മാത്രമാണ് സര്‍വ്വവും തികഞ്ഞ മതം എന്ന വിശ്വാസം വച്ചുപുലര്‍ത്തുന്ന സാദാ വിശ്വാസിയും തമ്മില്‍ വലിയ അകലമൊന്നുമില്ല. അതുകൊണ്ടുതന്നെയാണ് പകലാളുകള്‍ക്ക് ലീഗും സീപിയെമ്മും ആവാനും പാതിരാവില്‍ എന്‍ഡിയെഫ് ആവാനും കഴിയുന്നത്.

സഹിഷ്ണുതയാണ് ഒരു വിശ്വാസത്തിന് അത്യാവശ്യമായി വേണ്ടത്. ഇസ്ലാമിന് അതില്ലെങ്കില്‍ അതുപഠിക്കാനുള്ള എത്രയോ ദര്‍ശനങ്ങള്‍ ഭൂമുഖത്തുണ്ട്. അത് ആരെങ്കിലും പഠിച്ചുപോയെങ്കിലോ എന്ന ബേജാറുകൊണ്ടായിരുന്നില്ലേ അഫ്ഗാനിലെ ഇസ്ലാമിനെക്കാളും പ്രായമുള്ള ബുദ്ധപ്രതിമകള്‍ ബോംബിട്ട് നിരത്തിക്കൊടുത്തത്. ഇസ്ലാം ഭുമുഖത്തുനിന്ന് അപ്രത്യക്ഷമായാലും ബുദ്ധന്‍ ലോകത്തുണ്ടാവും. തലമൊട്ടയടിച്ച ഭിക്ഷുക്കളുടെ എണ്ണംകൊണ്ടല്ല. ബുദ്ധന്‍ പഠിപ്പിച്ച സഹിഷ്ണുതയുടെ മഹത്വം കൊണ്ട്. സഹിഷ്ണുതയില്ലാത്ത വിശ്വാസം കാലത്തെ അതിജീവിക്കുകയില്ല. കമ്മ്യൂണിസത്തിന്റേത് എന്നു ഞാന്‍ പറയുകയില്ല, കമ്മ്യൂണിസ്റ്റുകാരുടെ അധോഗതിയുടെ കാരണങ്ങളിലേയ്ക്ക് കണ്ണോടിച്ചാലും കാണുക ഈയൊരു അസഹിഷ്ണുതയായിരിക്കും. ഇസ്ലാം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയും നോക്കുക.

നല്ലതെന്തും ഇസ്ലാമിനുമാത്രമേ അവകാശപ്പെടാനാവൂ എന്ന വികലചിന്തകളില്‍ നിന്നുമാണ് യൂറോപ്പും അമേരിക്കയും ഇപ്പോള്‍ നടപ്പാക്കിവരുന്നത് ഇസ്ലാമിക ദര്‍ശനങ്ങളാണെന്ന നിരീക്ഷണം ഉടലെടുക്കുന്നത്.

മതഗ്രന്ഥത്തിലെ വരികള്‍ നോക്കിയല്ല ആരും മതത്തെ നിരീക്ഷിക്കുക. അതിന്റെ അനുയായികളുടെ പ്രവൃത്തിവെച്ചാണ്. ഇടക്കിടെ പല വിശ്വാസികളും പറയുന്നതുപോലെ എല്ലാ വിമര്‍ശനങ്ങളും ഇസ്ലാമിനെ അറിയാത്തതുകൊണ്ടാണെന്നതില്‍ പരം സൂപ്പര്‍ വിഡ്ഡിത്തം വേറൊന്നുണ്ടാവില്ല. ബൂദ്ധഭിക്ഷുവിനെ കാണുമ്പോള്‍ ആരും പഹയന്‍ ഭീകരനാണോ എന്നു സംശയിക്കാത്തതെന്തുകൊണ്ടാണ്? ഒരു മരം എന്താണെന്നുപറയുന്നത് അതിന്റെ ഫലം വച്ചാണ്. മതവും.

അതുകൊണ്ട് ശരീഫ് സഞ്ജയന്‍ പണ്ടുപറഞ്ഞതുപോലെ മുരിക്കില്‍ നിന്നും ചക്ക പറിക്കാന്‍ നോക്കാതെ മതത്തിനുമീതെയുള്ള മാനവികതയിലേക്കുയരുകയാണു വേണ്ടത്. ഓഷോ പറഞ്ഞതുപോലെ, ദൈവം ഒരു പരിഹാരമല്ല, പ്രശ്‌നമാണ്.

സമകാലികപ്രശ്‌നങ്ങള്‍

'ഇസ്ലാമിനെ രക്ഷിക്കേണ്ടത് ആര്?' എന്ന ശരീഫിന്റെ ലേഖനത്തിനുള്ള ഖണ്ഡനവിമര്‍ശനം എന്നുപറയാം കാളിദാസന്റെ പോസ്റ്റ്. കാളിദാസനെ വ്യത്യസ്തനാക്കുന്നത് നിരീക്ഷണങ്ങളിലെ മൗലികതയാണ്. പ്രത്യക്ഷത്തില്‍ പുരോഗമനപരം എന്നരീതിയില്‍ ശരീഫ് നിരത്തുന്ന വാദമുഖങ്ങളെ തലനാരിഴകീറി പരിശോധിച്ച് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം തന്റെ വാദമുഖങ്ങളെ കാളിദാസന്‍ ഉറപ്പിക്കുന്നു.

മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്ന പോസ്റ്റുകള്‍ ആളുകള്‍ വായിച്ചുതള്ളിക്കളയും. എന്നാല്‍ ബുദ്ധിപൂര്‍വ്വം പിന്തിരിപ്പന്‍ ആശയങ്ങള്‍ വിശ്വാസത്തിനപ്പുറം ഉയരാന്‍ പറ്റാത്ത വിശ്വാസികള്‍ അവതരിപ്പിക്കുമ്പോള്‍ അത് ഉചിതമായ മറുപടി അര്‍ഹിക്കുന്നു. ആ ധര്‍മ്മം കാളിദാസന്‍ നിര്‍വ്വഹിക്കുന്നു.

ചിന്താശകലങ്ങള്‍

നമുക്കു ചുറ്റിലുമുള്ള മുന്‍പേ പറഞ്ഞ അസഹിഷ്ണുതയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുന്നത് ശാസ്ത്രത്തിന്റെ അപ്രതീക്ഷിതമായ മുന്നേറ്റമാണ്. ദൃശ്യമാധ്യമങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും സജീവസാന്നിദ്ധ്യമാണ് നാം കേള്‍ക്കുന്നതല്ല, നാം കാണുന്നതല്ല നമുക്കു ചുറ്റിലും നടമാടുന്നത് എന്ന് കൂടെക്കൂടെ നമ്മെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

അത്തരമൊരു പ്രതിസന്ധി സമാഗതമാവുമ്പോള്‍ വിശ്വാസത്തിനു നേരെ നില്ക്കാന്‍ ശാസ്ത്രത്തിന്റെ ഊന്നുവടി ആവശ്യമായി വരുന്നത് സ്വാഭാവികം. മേലനങ്ങാതെ വിശ്വാസം മാര്‍ക്കറ്റുചെയ്ത് ജീവിക്കുന്നവരുടെ അരമനകളും കോട്ടകൊത്തളങ്ങളും തകര്‍ന്നടിയാതിരിക്കാനുള്ള പതിനെട്ടാമത്തെയടവ് ശാസ്ത്രത്തിന്റെ ബലത്തില്‍ വിശ്വാസത്തെ ന്യായീകരിക്കുകയാണ്.

അങ്ങിനെ സ്വന്തം വിശ്വാസം ഊട്ടിയുറപ്പിക്കാന്‍വേണ്ടി ശാസ്ത്രനേട്ടങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിന്റെ അപകടങ്ങളിലേയ്ക്ക് ശ്രദ്ധതിരിക്കുന്നൂ അപ്പൂട്ടന്റെ 'ധ്യാനചിന്തകള്‍ മാത്രം മതി' എന്ന നല്ല പോസ്റ്റ്. ശാസ്ത്രനേട്ടങ്ങളെ മതം എങ്ങിനെ ദുരുപയോഗം ചെയ്യുന്നു എന്നുകൂടി അറിയുക. ചലിക്കുന്ന കരിങ്കല്‍ പ്രതിമകളെപ്പോലെമാത്രമേ വനിതകള്‍ പുറത്തിറങ്ങാവൂ എന്ന് വിശുദ്ധഗ്രന്ഥത്തെപിടിച്ച് ഉത്തരവിറക്കുമ്പോഴും തലാക്ക് മൂന്നും മൊബൈല്‍ ഫോണിലൂടെ ചൊല്ലിയാല്‍ തന്നെ ഒന്നാന്തരം മൊഴിചൊല്ലലായി എന്നതില്‍ യാതൊരു സംശയവുമില്ല. മൊബൈല്‍ വഴിയുള്ള മൊഴിചൊല്ലലിനാവട്ടെ മലേഷ്യയില്‍ നിയമസാധുതയുമായി. ഇത് ശാസ്ത്രനേട്ടത്തെ മതം വിനാശകരമായി ഉപയോഗിക്കുന്നതിനുള്ള ഒരുദാഹരണം മാത്രം.

സാന്ദ്രഗീതം

'പൊരുത്തപ്പെടലുകളുടെ പട്ടികയിലേയ്ക്ക് ആദ്യം എഴുതിച്ചേര്‍ക്കാനായി' ഏറ്റുപറിച്ചിലില്‍ നഷ്ടമാവുന്ന അവരവര്‍ക്കുമാത്രം അവകാശപ്പെടാവുന്ന സ്മരണകളുടെ വിസ്മയകരമായ വര്‍ണനയാണ് ആഗ്നേയയുടെ വരികള്‍. ജീവിതവും മരണവും തമ്മിലുള്ള ഒരു പൊരുത്തപ്പെടലിന്റെ ചിത്രണമാവാം ആഗ്നേയയുടേത്.

പച്ച

പ്രണയം, പ്രവാസം, മരണം ഇതിലേതെങ്കിലും ഒന്നായിരിക്കും മിക്കവാറും ബൂലോഗത്തെ മുഖ്യസാഹിത്യവിഷയങ്ങള്‍. അതേ വഴിയിലെന്ന് തോന്നിക്കുമെങ്കിലും വ്യത്യസ്തമായ അതിമനോഹരമായ കവിതയാണ് സെറീനയുടെ 'ദൈവം ആദ്യത്തെ കവിത വായിക്കുന്ന ദിവസം'. ദൈവത്തിന്റെ ജനനമരണ രജിസ്റ്ററില്‍ പോലും സ്ഥാനമില്ലാതെ, ജനനത്തോടുള്ള പ്രതികാരമായി മാറുന്ന ജീവിതത്തിന്റെ ചിത്രമാണ് വരികളില്‍ സെറീന വരച്ചിടുന്നത്.

Thursday, January 14, 2010

ബൂലോഗ വിചാരണ 28

വള്ളിക്കുന്ന്

മതിക്ക് നിരക്കാത്ത ചെയ്തികള്‍ മതത്തിന്റെ ഭാഗത്തുനിന്നുണ്ടാവുമ്പോള്‍ മാനവസമൂഹം ഭീകരതയുടെ കരിനിഴലില്‍ ജീവിക്കേണ്ടിവരുന്നു എന്ന് ചരിത്രം നമ്മെ ഓര്മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
എന്നാല്‍ ചരിത്രത്തില്‍ നിന്നും പാഠമുള്ക്കൊള്ളുന്ന പതിവ് ഹ്യസ്വ ദര്‍ശികളായ നമ്മുടെ നേതാക്കള്‍ക്കുണ്ടാവുകയില്ല, ഫലമോ നമ്മള്‍ വിഡ്ഡികളുടെ തലയില്‍ ചരിത്രം ആവര്ത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.

സമൂഹത്തിലെ തിന്മകള്‍ക്കുള്ള ഒരു അലോപ്പതി ചികിത്സയാണ് മതം എന്നു കരുതി നമുക്ക് സമാധാനിക്കാം. കാരണം ഒരു രോഗത്തിനുള്ള മരുന്ന് കുടിക്കുമ്പോഴാണല്ലോ പല രോഗങ്ങള്‍ ലഭ്യമാവുക. അതായത് ഉപകാരത്തേക്കാളേറെ മനുഷ്യവംശത്തിന് ഉപദ്രവം ചെയ്തതാണ് മതങ്ങളുടെ ചരിത്രം. സാമൂഹിക സുരക്ഷയ്ക്കായി പ്രവാചകര്‍ സവിവേകം എടുത്തുപയറ്റിയ വിശ്വാസത്തിന്റെ ആയുധം അവിവേകികളുടേയും കാലാനുസൃതമായി മാറാന്‍ പറ്റാത്ത വിവരദോഷികളുടേയും കൈകളിലെത്തുമ്പോള്‍ സമൂഹത്തിന്റെ പ്രയാണം പിന്നോട്ടേക്കായിരിക്കും.

കുരുടന്മാര്‍ ആനയെക്കണ്ടതിലും ഒന്നുകൂടി വൃത്തിയായി ഒരു ദര്‍ശനത്തെ നോക്കിക്കണ്ടവരുടെ നെടുനീളന്‍ പട്ടികയില് മുന്‍ നിരയില് തന്നെ സ്ഥാനം പിടിച്ചവരാണ് മദനിയും ധര്മ്മപത്നി സൂഫിയയും. മദനിയുടെ ഐ.എസ്.എസിലെ പൂര്‍വ്വാശ്രമ പ്രസംഗം എന്നും വിളിക്കപ്പെടാവുന്ന ആ അട്ടഹാസങ്ങളുടേയും ആ കരിമ്പൂച്ചകളുടെ കരവലയ കാര്യങ്ങളുടേയും സത്യസന്ധമായ വിവരമമാണ് ബഷീറിന്റേത്.

ആ അട്ടഹാസം ഒരു തവണ കേള്‍ക്കാനുള്ള പാപം ഈയുള്ളവനും ചെയ്തുപോയിട്ടുണ്ടാവണം. പ്രസംഗത്തിന്റെ ആകത്തുകയാവട്ടെ ബഷീര്‍ പറഞ്ഞതുപോലെ 'ഒരുതുള്ളി ചോരയ്ക്ക് പത്തുതുള്ളി ചോര' അതോ ഒരു കുടമോ - കൃത്യമായി ഓര്‍മ്മയില്ല..

മതനിരപേക്ഷതയുടെ കാവല്‍ മാലാഖമാര് അപ്പൊഴേ മദനിസായിബിനെ പൊക്കി സുരക്ഷിതമായി ജയിലിലടച്ചിരുന്നുവെങ്കില്‍ മദനിക്ക് കാലുമുണ്ടാവുമായിരുന്നു. ഭീകരതയുടെ ഇപ്പോഴത്തെ ഈ ഭീതിതമായ അവസ്ഥയുമുണ്ടാകുമായിരുന്നില്ല. A stitch in time saves nine എന്നാണ് അതായത് അടി സമയത്തുകിട്ടിയാല് പിന്നെ വെടിയുടെ ആവശ്യം വരുകയില്ല.

അടിച്ചമര്‍ത്തപ്പെട്ടവന്റെ നിശ്വാസവും ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവു നഷ്ടപ്പെട്ടവന്റെ ആത്മാവുമായ മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പാക്കിയതിന്റെ ശിക്ഷ മതവും രാഷ്ട്രീയവും കൂട്ടിക്കലര്ത്തി ഭീകരതയ്ക്ക് വിത്തുപാകുന്നവര്‍ക്ക് ലഭിക്കേണ്ടതാണ്. ചരിത്രം അവരെ കുറ്റക്കാരെന്നു വിധിക്കും. സമകാലികപ്രസക്തിയുള്ളതും നാടുനീളെ ചര്ച്ച ചെയ്യുന്നതുമായ ഒരു വിഷയത്തിലുള്ള ബഷീറിന്റെ ശ്രദ്ധേയമായ പോസ്റ്റ്.

ഋതുഭേദങ്ങള്‍

പ്രകൃതിയുടെ ജീവിതതാളം പിഴയ്ക്കുന്നതിന്റെ ഭീതിതമായ ചിത്രം വരച്ചുകാട്ടുന്ന മയൂരയുടെ വരികള്. പുല്‍കളും പുഴുക്കളും പുഴകളും കൂടിത്തന് കുടുംബക്കാര് എന്ന വിശ്വസ്നേഹ സങ്കല്പത്തില്‍ നിന്നും എല്ലാം നമുക്കുവേണ്ടി എന്ന ഇടുങ്ങിയ ചിന്തയുടെ കോട്ടകളിലേയ്ക്ക് നമ്മള് കുടിയേറുമ്പോള്‍ ലോകം ഒരു മരുഭൂമിയാവുന്ന നാളുകള്‍ അടുത്തുകൊണ്ടേയിരിക്കുന്നു. ലോകത്ത് രണ്ടുപേരെ മാത്രം ബാക്കിയാക്കാം, ആരെ വേണം എന്ന് സ്വപ്നത്തില്‍ പ്രത്യക്ഷനായ പടച്ചോന്റെ ചോദ്യത്തിന് ഞാനും എന്റെ തട്ടാനും എന്നുത്തരം പറഞ്ഞ 'ദീര്‍ഘദര്‍ശി' യെയാണ് ഓര്‍മ്മ വരുന്നത്.

പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം നമുക്ക് സുഭിക്ഷം കഴിയാന് മാത്രമുള്ളതാണ് എന്ന വീക്ഷണത്തിന് ശക്തിപ്രാപിക്കുമ്പോള്‍ പ്രകൃതിയുടെ ജീവിതതാളം അവതാളമാവുന്നു, കുളിര്‍മഴയുടെ ലാളനയും അരുണകിരണന്റെ തലോടലും പ്രതീക്ഷിച്ചു വീണുകിടക്കുന്ന വിത്തുകള്‍ സ്വാഭാവികമായും പ്രാര്ത്ഥിച്ചുപോയേക്കാം - തങ്ങളെയിനിയും ഭൂമിയില്‍ മുളച്ചുപൊന്തിക്കാന്‍ ഇടവരരുതേയെന്ന്. നല്ലചിന്തകളുടെ മുളപൊട്ടുന്നൂ മയൂരയുടെ വരികളില്‍.

റീ ബില്‍ഡ് മുല്ലപ്പെരിയാര്‍ ഡാം

നിര്‍മ്മിക്കുന്ന വേളയില് 50 വര്ഷത്തെ ആയുസ്സുമാത്രം പ്രഖ്യാപിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വയസ്സ് 100 കഴിഞ്ഞു. ഏതാണ്ട് ഇന്ത്യക്കാരന്റെ ആയുസ്സുപോലെ. ശരാശരി 67-68 ആണെങ്കിലും ചിലര്‍ 100-110 വരെയങ്ങുപോവും. അതിനപ്പുറം പോവാനുള്ള സാദ്ധ്യത കുറവാണ്. അങ്ങിനെയുള്ളവര്‍ പോവുമ്പോഴും വലിയ പ്രശ്നമൊന്നുമുണ്ടാവുകയുമില്ല.
മുല്ലപ്പെരിയാറാവട്ടെ പോവുമ്പോള് കൂടെക്കൊണ്ടുപോവുക മൂന്നു ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളെയുമായിരിക്കും.

ആളുകളുടെ ആയുസ്സുതന്നെ പലപ്പോഴും അരനൂറ്റാണ്ടു തികയാറില്ലെങ്കിലും ഒപ്പുവെയ്ക്കുന്ന കരാറിന് ചുരുങ്ങിയത് 999 കൊല്ലത്തെ കാലാവധികാണണം എന്നു നിര്ബന്ധമുള്ളതുപോലെയാണ് കരാറുകളെല്ലാം. തീന്ബിഗ പാട്ടക്കരാറൊക്കെ നോക്കുക. കരാറെഴുതാന്‍ നമ്മള് തിരഞ്ഞെടുത്തയക്കുന്നവന്റെ ഔദ്യോഗിക ആയുസ്സാവട്ടെ അഞ്ചുവര്ഷവും. വിശ്വസിച്ച് ഏറിയാല് അഞ്ചുകൊല്ലം മാത്രം ഭരണം ഏല്പിക്കാന്‍ പറ്റുന്നവന്‍ 999 കൊല്ലത്തേക്ക് കരാറൊപ്പിടാനുള്ള അധികാരം കിട്ടിയത് എവിടെനിന്നാണ്? അങ്ങിനെ ഒരു കരാര്‍ ഒപ്പിട്ടതുകൊണ്ട് അടുത്ത തലമുറയ്ക്ക് അത് മാനിക്കേണ്ടതുണ്ടോ? ആലോചിക്കേണ്ട വിഷയങ്ങളാണ്

കയ്യെത്തുന്നേടത്ത് തലയെത്താത്ത ഒരു വയോധികനായ മുഖ്യമന്ത്രിയുടെ വിശാലവീക്ഷണങ്ങള്‍ക്കൊന്നും സ്ഥാനമില്ലാത്ത, തനിക്കും തന്റെ മക്കള്‍ക്കും ചെറുമക്കള്ക്കുമപ്പുറമുള്ള ഒരു രാഷ്ട്രീയം വിഭാവനചെയ്യാനുള്ള ശേഷിയില്ലാത്ത ഇടുങ്ങിയ മനസ്സിന്റെ പ്രതിഫലനമാണ് മുല്ലപ്പെരിയാര്‍ നിലപാടുകള്. സദാജാഗരൂഗനായ, സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കുന്ന സംസ്ഥാനതാത്പര്യം മുന്‍ നിര്‍ത്തി നിലപാടുകളില്‍ ഉറച്ചുനില്ക്കുന്ന ഊര്ജ്വസ്വലനായ നമ്മുടെ മന്ത്രി ശ്രീ പ്രേമചന്ദ്രന്റെ വിഷയത്തിലെ ഇടപെടലുകള് ശ്രദ്ദേയമാണ്..

ദശലക്ഷക്കണക്കിന് മനുഷ്യജീവന്‍, വളര്ത്തുമൃഗങ്ങളും വന്യമൃഗങ്ങളും, മൂന്നുജില്ലകളിലെ കൃഷിയിടങ്ങl, മൊത്തത്തിലെടുത്താല്‍ ഒരു സംസ്കൃതി തന്നെ ജലസമാധിയടയാനുള്ള സാഹചര്യമാണ് തമിഴ്നാടിന്റെ മര്ക്കടമുഷ്ടികാരണം ഉളവാകാന്‍ പോവുന്നത്. അത്തരം ഒരു നിലപാടുമായി ഒരു സംസ്ഥാനം മുന്നോട്ടുപോവുമ്പോല്‍ വിഷയം ദേശീയപ്രാധാന്യം കൈവരിക്കുന്നു. സകലകോണുകളില്‍ നിന്നും പ്രതിഷേധത്തിന്റെ സ്വരമുയരേണ്ട സന്ദര്ഭത്തില്‍, സാമൂഹിക ഇടപെടലുകള്‍ അനിവാര്യവുമ്പോള്‍, ബൂലോഗത്തെ മുല്ലപ്പെരിയാര്‍ ഇടപെടലുകള്‍ തികച്ചും അവസരോചിതം. വിഷയത്തെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങളാണ് നിരക്ഷരന്റെയും പ്രിയയുടേയും മറ്റും ലേഖനങ്ങള്‍. ഏതോ അന്യഗ്രഹ ജീവികളുടെ സ്ഥാനമായിരുന്നു തുടക്കത്തില്‍ ബൂലോഗത്തിനെങ്കിലും തട്ടുകടകളില്‍ ബ്ലോഗുകള്‍ ചര്ച്ചാവിഷയമാവുന്ന കാലത്തേക്ക് നാം മുന്നേറുമ്പോള്‍, ഇത്തരം സാമൂഹിക ഇടപെടലുകള്‍ അനിവാര്യമാണ്. അഭിവാദ്യങ്ങള്‍

Sunday, January 10, 2010

ബൂലോക വിചാരണ 27

രാജീവ്കൂപ്പ്
ഒരേ സമയത്തുവന്ന ഇന്ത്യന്‍ കരസേനാമേധാവിയുടെയും പ്രതിരോധമന്ത്രിയുടെയും ഭീകരതയെപറ്റിയുള്ള നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ഭീകരതയെ അവലോകനം ചെയ്യുകയാണ് രാജീവ്. പശ്ചിമേഷ്യയിലെ ദുരവസ്ഥയിലേക്ക് തെക്കന്‍ ഏഷ്യ നീങ്ങുന്നതിന്റെ ഉത്ക്കണ്ഠകള്‍ പങ്കുവെയ്ക്കുന്നു ലേഖനം. ഇസ്രയേലിലെ സമകാലിക അവസ്ഥയുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കന്‍ സൈനികഇടപെടലുകളെ പരിശോധിക്കുക കൂടിയാണ് രാജീവ്.

'രാജ്യത്തിനു നേര്‍ക്കുണ്ടായ അത്യപൂര്‍വ്വവും ശക്തവുമായ ആക്രമണമെന്ന നിലയ്ക്ക് ദേശീയതയുമായി ബന്ധപ്പെടുത്തി ഏറെ വൈകാരികമായാണ് ജനങ്ങള്‍ മുംബൈ സംഭവത്തെ സമീപിച്ചത്'. ലേഖകന്റെ ഈ നിരീക്ഷണം എത്രത്തോളം വസ്തുതാപരമാണെന്നതിന് അല്പം ചരിത്രം കൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിലും ഭീകരമായ ആക്രമണങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിലുമെത്രയോ ജീവിതങ്ങള്‍ തെരുവുകളില്‍ പൊലിഞ്ഞിട്ടുമുണ്ട്.

കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലേഖകന്‍ കശ്മീരില്‍ നടുറോഡില്‍ മരിക്കുന്നത് നമ്മള്‍ ലൈവായി കണ്ടതാണ്. അങ്ങിനെ എത്രയോ മരണങ്ങള്‍. എന്നാല്‍ ഈ ആക്രമണത്തിനുള്ള ഏക പ്രത്യേകത, സമൂഹം നേരിടുന്ന ഈ നൂറ്റാണ്ടിന്റെ ഭീകരമായ ഭീഷണിക്ക് ഇമ്മ്യൂണിറ്റിയുണ്ടെന്ന് കരുതിപ്പോന്ന സമൂഹത്തിലെ ഒരു മൈക്രോമൈനോറിറ്റിയുടെ ആവാസമേഖല ഭീകരരുടെ ആക്രമണത്തിന്റെ പരിധിയില്‍ വന്നത് ഇതോടെയാണ്. അതുമാത്രമാണ് ഈയൊരു ആക്രമണത്തിന്റെ ഏക പ്രത്യേകതയും. ആനപ്പുറത്തിരുന്നോട് നായ കുരച്ചാലെന്താ എന്ന നാട്ടിന്‍പുറത്തെ ചൊല്ല് ഇവിടെയും ബാധകമായിരുന്നു അതുവരെ.

അമേരിക്ക പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പരോക്ഷയുദ്ധം നടത്തുന്നത് പരസ്യമായ ഒരു രഹസ്യമാണ്. കമിഴ്ന്നുവീണാല്‍ കാല്‍പണവുമായി എഴുന്നേല്‍ക്കണം എന്നതു സായിപ്പിന്റെ പണ്ടേയുളള നയമാണ്. ഒരുകാലത്തെ അച്ഛന്‍ ബൂഷിന്റെ ഉയിര്‍തോഴനായിരുന്നു സദ്ദാം പിന്നീട് മോന്‍ ബൂഷിന്റെ കണ്ണിലെ കരടായി. പഴയ കണ്ണിലെ കരടായ ഗദ്ദാഫി, ആവശ്യപ്പെട്ട റാഞ്ചികളെയെല്ലാം വിട്ടുകൊടുത്തു നല്ലകുട്ടിയായി ഇപ്പോള്‍ നല്ലനടപ്പിലാണ്.

പിന്നെ രാജീവ് പരാമര്‍ശിക്കുന്നത് ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധത്തെയാണ്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രവുമായി സൗഹൃദം സ്ഥാപിക്കുന്നതിന് പല ലക്ഷ്യങ്ങളുമുണ്ട്്. ഇന്ത്യയുടെ അതിര്‍ത്തിയെയും പരമാധികാരത്തെയും തന്നെ അംഗീകരിക്കാത്ത ഒരു രാഷ്ട്രമല്ല ഇസ്രയേല്‍. ഒരുകാലത്ത് ലോകം മുഴുവന്‍ ജൂതര്‍ വേട്ടയാടപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ മുംബൈയിലും കൊച്ചിയിലും അഭയം തേടിയ ജൂതര്‍മാത്രമാണ് പീഢനമെന്തെന്നറിയാതെ കഴിഞ്ഞത്. നാലുവോട്ടുരാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ് ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ഇസ്രയേല്‍ വിരോധം. ഇസ്രയേല്‍ എന്നുപറയുന്ന രാജ്യത്തെ ഭൂപടത്തില്‍ നിന്നു തുടച്ചുനീക്കിക്കളയും എന്നു പ്രഖ്യാപിക്കാന്‍ മടിയില്ലാത്ത മതഭ്രാന്തന്‍മാര്‍ക്കാണ് നേര്‍വഴി കാണിച്ചുകൊടുക്കേണ്ടത്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ വിധവകള്‍ക്ക് അവരുടെ ജീവിതപങ്കാളികളുടെ മരണകാരണം അറിയുവാന്‍ വിവരാവകാശനിയമം ആയുധമാക്കേണ്ടിവന്നൂ എന്ന സ്ഥിതി ആശങ്കാജനകമാണ്. അതുപോലെ രാജ്യം അവരുടെ രക്ഷയ്ക്കായി നല്കിയ ബൂള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ നിലവാരത്തെ പറ്റിയുള്ള സംശയവും നമ്മുടെ സംസ്‌കാരത്തിനുമീതന്നെ സംശയത്തിന്റെ കരിനിഴലുകള്‍ വീഴ്ത്തുന്നു. 'രാജ്യസ്‌നേഹ'ത്തിനപ്പുറത്ത് എന്ന തലക്കെട്ട് അവസരോചിതം, നല്ല നിരീക്ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയവുമായ ലേഖനം.

ചിന്തകള്‍
തറവാടിയുടെ 'മാറേണ്ടുന്ന അധ്യാപകര്‍' എന്ന പോസ്റ്റ് അവസരോചിതമാണ്. അക്ഷരം പഠിക്കുക എന്ന ചക്കിനുചുറ്റും തിരിയുന്ന ഒരു കാളയായി കേരളത്തിലെ വിദ്യാഭ്യാസമേഖലയെ അധ:പതിപ്പിച്ചത് അതിനല്ലാതെ മറ്റൊന്നിനും കൊള്ളാതിരുന്ന ഒരുകൂട്ടം അദ്ധ്യാപകരുടെ ചെയ്തികളാണ്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസമേഖല ഒരു സാമൂഹികവിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. ലക്ഷങ്ങളുടെ കോഴവാങ്ങി നിയമനം മാനേജരും ശമ്പളവും പെന്‍ഷനും സര്‍ക്കാരും നല്കുന്ന ഒരു ദുരവസ്ഥ ലോകത്ത് നടമാടുക കേരളത്തില്‍മാത്രമായിരിക്കും.

പലപുരോഗമന പ്രസ്ഥാനങ്ങളുടെയും അമരത്ത് പിതാവിന്റെ മടിക്കുത്തിന്റെ ബലത്തില്‍ മാത്രം അധ്യാപകരായി വാഴ്ത്തപ്പെട്ട ഈയൊരു വിഭാഗമാണ് എന്നത് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. അവരെങ്ങനെ മാറും എന്നതാണ് പ്രശ്‌നം. മാറാനുള്ള കരുത്ത് അറിവിന്റെ ആഴമാണ്. സ്വപ്‌നം കാണാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വൈജ്ഞാനികലോകത്ത് എഴുന്നേറ്റുനില്ക്കാനുള്ള ശേഷിയില്ലാത്തവന്‍ പറന്നുകാണുന്നത് സ്വപ്‌നം കാണുവാന്‍ തറവാടിക്കും സ്വാതന്ത്ര്യമുണ്ട്. 'അല്ലാത്തപക്ഷം അധികം താമസിയാതെ നിങ്ങളെ നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചേക്കാം അന്ന് പക്ഷേ ഞങ്ങള്‍ രക്ഷിതാക്കള്‍ക്കുപോലും അവരെ തടയാനായെന്ന് വരില്ല'. അതുറപ്പ്.

മലയാളകവിത

അവതാരങ്ങള്‍ തിരിച്ചുപോവുമ്പോള്‍.....എന്ന മനോഹരമായ കവിതയുമായി തേജസ്വിനി. മനുഷ്യന്റെ അടങ്ങാത്തദുരയുടെ ഇരകളായി പ്രകൃതിയുടെ അവതാരങ്ങള്‍, മഴയും പുഴയും ജനനമരണങ്ങളില്ലാത്ത ഒരു തിരിച്ചുപോക്കിന് നിര്‍ബന്ധിതമാവുന്നതിന്റെ ചിത്രം വരച്ചുകാട്ടുകയാണ് തേജസ്വിനി. കുളമായി മാറുന്ന പുഴകണ്ട് പെയ്യാനാവാതെപോവുന്ന മഴയുടെ ആത്മാവ് തിരിച്ചുനടക്കുന്നതിന്റെ ചിത്രം.