Thursday, January 1, 2009

ബുലോഗവിചാരണ - 5

നന്നാകുവാന്‍

'ണ്ടന്‍മാര്‍ കൂടുതലായി ശബരിമലയില്‍ എത്തുന്ന സമയത്തിനെയാണോ മണ്ഡലകാലമെന്നു പറയുന്നത്‌' എന്ന ചോദ്യത്തോടെ അവസാനിക്കുന്ന ഹേമന്ദിന്റെ 'ശബരിമലയില്‍ ഈ വര്‍ഷവും മകരജ്യോതി കത്തിക്കുമോ' എന്ന പോസ്‌റ്റ്‌ അതു കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടുതന്നെ ശ്രദ്ധേയം. ദൗര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ, കത്താന്‍തുടങ്ങിയ കാലം തൊട്ട്‌ ഇതിനെതിരേ വിമര്‍ശനശരങ്ങള്‍ പലവഴിയില്‍നിന്നായി വന്നിരുന്നെങ്കിലും അതെല്ലാം ശരംകുത്തിയിലൊടുങ്ങിയിരിക്കണം. മാറിമാറിവന്ന ബൂര്‍ഷ്വാകാങ്ക്രസ്‌ - വിപ്ലവമാര്‍ക്കീസ്റ്റ്‌ ഭരണകൂടങ്ങളുടെ ഒത്താശയോടെ അതൊരു ദൈവീകപരിപാടിയായി തുടര്‍ന്നുകൊണ്ടേയിരുന്നു. കളവുപറഞ്ഞും കള്ളുവിറ്റും ഖജനാവില്‍ നാലു മുക്കാലെത്തിക്കുന്നവര്‍ ചെയ്യാന്‍ ഇനി ബാക്കിയൊന്നേയുള്ളൂ. നല്ല പര്‍ണശാലകള്‍ നാലുകിലോമീറ്ററില്‍ ചുരുങ്ങിയത്‌ നാലെണ്ണമെന്നതോതില്‍ കെട്ടി ശകുന്തളമാരെ നിയമിച്ച്‌ ദുഷ്യന്തന്‍മാര്‍ക്ക്‌ വേട്ടയാടുവാന്‍ വിട്ടുകൊടുക്കുന്ന ആ ഏര്‍പ്പാട്‌. വിടുവായത്തരമല്ലാതെ സുധാകരമന്ത്രിയ്‌ക്കും ബേബിച്ചെഗുവേരമാര്‍ക്കുള്ള നട്ടെല്ലിന്റെ അഭാവം മാനത്തുതെളിയുന്നതാണ്‌ മകരജ്യോതി.

വികടശിരോമണി

എം.എന്‍.വിജയന്‍മാഷുമായി കുറേ വര്‍ത്തമാനങ്ങള്‍. കൂട്ടിലടയ്‌ക്കപ്പെട്ട സിംഹമാണ്‌ വിജയന്‍മാഷ്‌ എന്ന ലീലാവതി ടീച്ചറുടെ നിരീക്ഷണം എത്രകണ്ട്‌ ശരിയാണെന്ന്‌ ഓര്‍മ്മിപ്പിച്ചത്‌ മാഷുടെ അവസാനകാലത്തെ പ്രവര്‍ത്തനങ്ങളായിരുന്നു. ചിരിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും ശ്വസിക്കുന്നതിലും രാഷ്ട്രീയം കണ്ട ചിന്തകന്‍. രാമായണത്തേയും കലയേയും സംസ്‌കാരത്തേയും ഒക്കെപ്പറ്റിയുള്ള ആയകാലത്തെ മാഷുടെ നിരീക്ഷണങ്ങള്‍ ഒരു പകുതിയില്‍ മാഷുടെ ചിന്തയുടെ ആഴവും പരപ്പും വ്യക്തമാക്കുമ്പോള്‍ മാഷകപ്പെട്ട കൂടിന്റെ ചിത്രമാണ്‌ മറുപകുതിയില്‍ തെളിയുന്നത്‌. കണ്ണൂരിലെ പറശ്ശിനിക്കടവില്‍ പാമ്പുകളെ ചുട്ടുകൊന്നപ്പോഴും ക്ലാസ്‌റൂമില്‍ പിഞ്ചുകുട്ടികളുടെ കണ്‍മുന്നില്‍ അദ്ധ്യാപകന്‍ കൊല്ലപ്പെട്ടപ്പോഴും ചൈനയില്‍ ടാങ്കുകള്‍ വിദ്യാര്‍ത്ഥികളുടെ നെഞ്ചിലൂടെ ഉരുണ്ട്‌ ഭയങ്കര പ്രതിവിപ്ലവം തകര്‍ത്ത്‌ വിപ്ലവം വിജയിപ്പിച്ചപ്പോഴും അകപ്പെട്ട കൂട്ടിനുവേണ്ടി അതെല്ലാം ന്യായീകരിക്കാന്‍ കൊടുങ്ങല്ലൂരില്‍ ഈ മൗലീകചിന്തകളുടെ ആ നാവുതന്നെ ചലിക്കേണ്ടിവന്നു എന്നത്‌ വിരോധാഭാസം. താന്‍ അകപ്പെട്ട ഇരുമ്പുകൂട്‌ പൊളിച്ച്‌ വിജയന്‍മാഷുടെ സിംഹഗര്‍ജനം ജനം കേട്ടത്‌ അവസാനകാലത്ത്‌ മാത്രമാണ്‌.

`എന്തിനാ സംസ്‌കൃതത്തില്‍ നിന്ന്‌ നീചഭാഷയിലേക്ക്‌ തര്‍ജുമ ചെയ്യുന്നത്‌? അത്‌ പൊളിറ്റിക്കലാണ്‌. ജനകീയമാക്കണം. എന്തിനായി? ജനങ്ങളെ മതത്തില്‍ ചേര്‍ക്കണം. അല്ലെങ്കില്‍ സംസ്‌കൃതം തന്നെ മതി` എന്നു മാഷ്‌.
ഇങ്ങിനെ എത്രപേര്‍ ഹിന്ദുക്കളായിട്ടുണ്ട്‌ എന്നതിന്റെ സെന്‍സസ്‌ വിശ്വഹിന്ദുപരിഷത്തുകാര്‍ കൂടിഎടുത്തിട്ടുണ്ടോയെന്നറിയില്ല.
ജര്‍മ്മന്‍ ഭാഷയില്‍ നിന്നും ദാസ്‌ ക്യാപിറ്റല്‍ മലയാളത്തിലേയ്‌ക്ക്‌ തര്‍ജുമ ചെയതതും ഇതേ ആവശ്യത്തിനാണല്ലോ? മാര്‍ക്‌സിസത്തിലേക്ക്‌ ആളെക്കൂട്ടുവാന്‍ അതുപകരിച്ചതിന്റെ കണക്കെടുത്താല്‍ മതി. അതുവായിച്ചിട്ട്‌ എത്രപേര്‍ മാര്‍ക്‌സിസ്റ്റായി. ഒരക്ഷരം വായിക്കാതെ എത്രപേരായി?
തുഞ്ചന്റെ സമകാലീകനായ കുഞ്ചന്‍ സംസ്‌കൃതപണ്ഡിതനായിരുന്നിട്ടുകൂടി മലയാളത്തിലെഴുതിയതിന്റെ കാരണം പറഞ്ഞത്‌
'ഭടജനങ്ങളുടെ നടുവിലിന്നിഹ
പടയണിക്കിഹ ചേരുവാന്‍
ചാരുകേരളഭാഷ തന്നെ ചിതംവരൂ`
എന്നായിരുന്നു എന്നോര്‍ക്കുന്നതും നന്ന്‌.

ശേഷം നാട്ടുപച്ചയില്‍

2 comments:

എന്‍.കെ said...

കളവുപറഞ്ഞും കള്ളുവിറ്റും ഖജനാവില്‍ നാലു മുക്കാലെത്തിക്കുന്നവര്‍ ചെയ്യാന്‍ ഇനി ബാക്കിയൊന്നേയുള്ളൂ. നല്ല പര്‍ണശാലകള്‍ നാലുകിലോമീറ്ററില്‍ ചുരുങ്ങിയത്‌ നാലെണ്ണമെന്നതോതില്‍ കെട്ടി ശകുന്തളമാരെ നിയമിച്ച്‌ ദുഷ്യന്തന്‍മാര്‍ക്ക്‌ വേട്ടയാടുവാന്‍ വിട്ടുകൊടുക്കുന്ന ആ ഏര്‍പ്പാട്‌.

പകല്‍കിനാവന്‍ | daYdreaMer said...

വളരെ ശരിയാണ് താങ്കളുടെ ഈ നിരീക്ഷണം. .. ഒപ്പം ഹേമന്ദിന്റെ പോസ്റ്റും...
പക്ഷെ നിര്‍ഭാഗ്യവശാല്‍ സത്യം പറയുന്നവന്‍ ഒറ്റപ്പെടുന്ന ചരിത്രമാണ് നമുക്കുള്ളത്....