വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പൂര്‍ണമായും പ്രകടിപ്പിക്കാന്‍ കഴിയാത്ത ഒരു വികാരം. പ്രണയം അങ്ങിനെയാണ്. അതുകൊണ്ടുതന്നെ അതു പ്രകടിപ്പിക്കാന്‍ വാക്കുകളെക്കാളുപരി ബിംബങ്ങള്‍ തേടിപ്പോവേണ്ടിവരും ആളുകള്‍ക്ക്. ഭൂകമ്പത്തിന്റെ തീവ്രത അളക്കാന്‍ ശാസ്ത്രജ്ഞര്‍ റിക്ടര്‍ സ്കെയില്‍ കണ്ടെത്തിയപോലെ നമ്മുടെ ഇതിഹാസകാരന്മാരും കാളിദാസാദി കവികളും തീവ്രമായ പ്രണയത്തിന്റെ ആഴമളന്നത് വിരഹമെന്ന കാലഭൈരവന്റെ മുഴക്കോലുകൊണ്ടാണെന്ന് തോന്നാറുണ്ട് പലപ്പോഴും. ആമുഖമായി ഇത്രമാത്രം പറഞ്ഞുകൊണ്ട് പ്രണയം വിഷയമാക്കപ്പെട്ട ചില പോസ്റ്റുകളിലേക്ക്.
മെഴുകുതിരിവെട്ടത്തെ പ്രണയിച്ച മഴപാറ്റ
ചുറ്റുമുള്ള പ്രണയജീവിതത്തില്‍ നിന്നും ചിന്തിയെടുത്ത ഒരേട് എന്ന് തോന്നിക്കുന്നുവെങ്കില്‍ കൂടി പ്രശാന്ത് ആര് കൃഷ്ണയുടെ കഥയെന്ന് പറയാനാണ് ഇതെഴുതുന്നവനിഷ്ടം. 'ന്റെ കരളിലൊരു വേദന'യായിരുന്ന എഴുത്തിലെ സുല്‍ത്താന്റെ പ്രണയം ആധുനീകോത്തര കാലത്തില്‍ 'മറ്റൊരിടത്തുള്ള വേറെന്തെങ്കിലു'മാവുമ്പോള്‍ അത് മാംസനിബന്ധമാവുന്നു. പ്രണയത്തിന്റേയും കാമത്തിന്റേയും അതിര്‍വരമ്പുകള്‍ അത്രകണ്ട് നേര്‍ത്തതാവുമ്പോള്‍ പ്രണയകാലം പലപ്പോഴും ആ നൂല്പാലത്തിലൂടെയുള്ള ഒരഭ്യാസമാവുന്നു.
പ്രണയത്തിന്റെ വെട്ടത്തില്‍ നിന്നും പറന്നുയര്‍ന്ന് കാമത്തിന്റെ തീനാളത്തിലേക്ക ക്രാഷ്ലാന്റിംഗ് നടത്തുന്ന മഴപാറ്റകളായി പ്രണയിനികള്‍ പലപ്പോഴും ഒടുങ്ങുകയും ചെയ്യുന്നു. പ്രീമെറിറ്റല്‍ സെക്സ് ഒരു തെറ്റാണോ എന്നാരെങ്കിലും ചോദിച്ചാല്‍ തെറ്റല്ലെന്നുതന്നെയാണ് ഈയുള്ളവന്റെയും അഭിപ്രായം. ആത്മഹത്യയിലേക്ക് നയിക്കുന്ന പിന്നീടുള്ള പശ്ചാത്താപമാണ് ഭീകരമായ തെറ്റ്. ആണ് കാമത്തിനുവേണ്ടി പ്രണയം വില്ക്കുമ്പോള് പെണ്ണു പ്രണയത്തിനുവേണ്ടി കാമം വാങ്ങുന്നു. ഈ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ കൈവന്ന പ്രണയം പൊള്ളയാണെന്ന് മനസ്സിലാവുമ്പോള്‍ യഥാര്‍ത്ഥ പ്രണയത്തിന് പകരം വെയ്ക്കാന്‍ കരുതിവെച്ചതെന്തോ അത് പോയി എന്ന നഷ്ടബോധത്തിനുമുന്നില്‍ പകച്ചുപോവുന്ന പാവങ്ങള്‍ പരിഹാരമായി ജീവിതമവസാനിപ്പിക്കുന്നു. എത്രയെത്ര പ്രിയമാര്‍ നമുക്കുചുറ്റും? അമ്പലപ്പുഴയിലെ മഴപാറ്റകളുടെ ചിതയിലെ പുകയൊടുങ്ങാന്‍ സമയമായെന്നു തോന്നുന്നില്ല. എവിടെയാണ് നമുക്കു പിഴയ്ക്കുന്നത്? വെര്‍ജിന്‍ എന്ന പദത്തിന് മാര്‍ക്കറ്റ് വാല്യൂ ഉള്ളതുകൊണ്ടാണല്ലോ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉണ്ടായതും നന്നായി വിറ്റുപോവുന്നതും.
കന്യകാത്വം കരുതിവെയ്ക്കാനുള്ളതല്ല, ആസ്വദിക്കാനുള്ളതാണെന്ന കാഴ്ചപ്പാടിന് തളിരിടുമ്പോഴും നമ്മുടെ വേരുകള്‍ തലമുറയായി പകര്‍ന്നുകിട്ടിയ ലൈംഗീകസദാചാര ബോധത്തില്‍ നിന്നും അടര്‍ത്തിമാറ്റാനാവാതെ നില്‍ക്കുന്നുവെന്നുവേണം കരുതാന്‍. മറ്റൊരു വികാരത്തിനുമില്ലാത്ത ഒരു പ്രത്യേകത ഇവിടെയുണ്ട്. വിചാരം വികാരത്തിനുമുന്നില്‍ സദാ അടിയറവുപറയുന്ന ഒരു ഗോദയാണ് സെക്സ്. അല്ലാത്ത അവസരത്തിലാണ് ആളുകള്‍ വിവേകാനന്ദന്മാരും നിവേദിതമാരും ഒക്കെയായി വാനോളം ഉയരുകയും കോട്ടൂരച്ചന്‍മാരും സോഫിമാരുമായി പാതാളത്തോളം താഴുകയും ചെയ്യുക. വികാരം മുയലിനേപ്പോലെ ചാടിച്ചാടിയും വിവേകം ആമയെപ്പോലെ ഇഴഞ്ഞുമാണ് സഞ്ചരിക്കുക എന്നെഴുതിയത് ഉറൂബാണെന്നാണ് ഓര്‍മ്മ.
ഒരു ദുരന്തപര്യവസായിയായ വണ്‍വേ പ്രണയം വായനക്കാരെ പിടിച്ചുലയ്ക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നൂ പ്രശാന്ത്. എഴുത്തിന്റെ ശൈലി, പ്രണയത്തിന്റെ ഭാഷ എല്ലാംകൂടിച്ചേരുമ്പോള്‍ ദുരന്തത്തിന്റെ ആഴം കൂടിവരുന്നു. ആഘാതവും.
പ്രണയം പലതരം
സൂര്യഗായത്രിയുടെ പോസ്റ്റ് പ്രണയത്തിന്റെ പ്രയാണത്തെക്കുറിച്ച് വാചാലമാവുന്നു. രസകരമായ നിരീക്ഷണങ്ങളിലൂടെ പ്രണയത്തിന്റെ ഗതിവിഗതികളും രൂപഭേദങ്ങളും അനാവരണം ചെയ്യുന്നു.
"മഴയായ് പ്രണയം പൊഴിഞ്ഞീടുകില്‍
ആ മഴയില്‍ നനയാന്‍ മടിക്കില്ല ഞാന്‍"
എന്ന കൗമാരപ്രണയ സങ്കല്പത്തില് നിന്നും 'സൂ' സൂം ചെയ്തെടുത്ത ചിന്തകള്‍
'കാലനായ് പ്രണയം വന്നീടുകില്‍
മരണത്തെ പുല്കാന് മടിക്കില്ല ഞാന്‍'
എന്ന തീവ്രപ്രണയത്തിന്റെ തലത്തിലേക്കുയരുന്നു.
വരികള്‍ അവിടെ വിശ്രമിക്കാതെ പ്രണയത്തിന്റെ നിരര്‍ത്ഥകതയിലേക്ക് വഴിമാറുന്നു.
'സൂവായ് പ്രണയം പിറകെവന്നീടുകില്‍
ഓടിരക്ഷപ്പെടാന്‍ മടിക്കില്ല ഞാന്‍'
നിരര്‍ത്ഥകതയില്‍ നിന്നും പ്രണയം ഒരു തമാശയായി മാറുമ്പോള്‍ അവസാനവരിയിലെത്തി കവി വിശ്രമിക്കുന്നു.
അനിര്‍വചനീയമായ ആനന്ദം നിര്‍വ്വചനങ്ങള്‍ക്കുള്ളില്‍ ഒതുങ്ങില്ലല്ലോ. പ്രണയത്തിനും ഒരു നിര്‍വ്വചനമില്ലാത്തത് അതുകൊണ്ടായിരിക്കണം. ഒരു സിഗരറ്റ് വലിക്കുന്നതിന്റെ സുഖം കടലാസില്‍ പകര്‍ത്തി ലഭ്യമാക്കുക സാദ്ധ്യമല്ലാത്തതുപോലെ. എന്നാല്‍ അങ്ങിനെയൊരു സംഗതി ഉണ്ടുതാനും. അതുകൊണ്ടായിരിക്കണം കെമിസ്ട്രി ഓഫ് ലവ് എന്ന് സായിപ്പ് പ്രയോഗിച്ചത്. കെമിസ്ടിയില്‍ നിന്നും ജന്മം കൊണ്ട് മിസ്ട്രിയാണ് മാജിക്. പ്രണയം ചിലപ്പോഴെങ്കിലും മിസ്ട്രിയും മാജിക്കുമൊക്കയാവുന്നു. നമ്മള് മാന്ത്രികരും. ഇല്ലാത്തത് ഉള്ളതായും ഉള്ളത് ഇല്ലാത്തതായും ആക്കുന്നു. ശൂന്യതയില്‍ നിന്നും പ്രണയം സൃഷ്ടിക്കുകയും, സൃഷ്ടിച്ചതിനെ മുതുകാട് ആനയെയെന്നപോലെ അപ്രത്യക്ഷമാക്കുകയും ചെയ്യുന്നു.
പ്രണയം
അനില്‍ @ ബ്ലോഗ് 'പ്രണയം' എന്ന തലക്കെട്ടില്‍ തന്നെ ചുറ്റുമുള്ള പ്രണയക്കാഴ്ചക്കുള്ളില്‍ നിന്നും തനിക്കുള്ളിലേക്കുതന്നെ എത്തി പരിണയം പ്രണയത്തെ വിഴുങ്ങി എന്നുരേഖപ്പെടുത്തുന്നു. പ്രണയം കുളിരും പരിണയം ഉഷ്ണവും ആവുന്നുവെന്ന നിരീക്ഷണത്തിനൊടുവില്‍ സര്‍വ്വം ശാന്തം എന്നും കുറിക്കുന്നു. ഒരു തലതിരിഞ്ഞ പ്രണയ സങ്കല്പമല്ലേ ഇത് എന്നുതോന്നിപ്പോവുന്നു.
ഒന്നാമത് പരിണയം പ്രണയത്തെ എങ്ങിനെയാണ് വിഴുങ്ങുക? പ്രണയത്തിന്റെ അനന്തസാദ്ധ്യതകളിലേക്കുള്ള പ്രയാണമല്ലേ യഥാര്‍ത്ഥത്തില്‍ പരിണയം. പരിണയം പ്രണയത്തിന്റെ തുടര്‍ച്ചയാവുകയല്ലേ ചെയ്യുന്നത്. സ്പിരിച്ച്വല്‍ ആന്റ് ഫിസിക്കല്‍ കമ്മ്യൂണിക്കേഷന്‍ കൂടുതല്‍ സ്വതന്ത്രമായും സൗകര്യപൂര്‍വമായും തുടരാന്‍ പറ്റിയ ഒരു സ്ഥാപനമല്ലേ വിവാഹം. അപ്പോള്‍ പരിണയം മൈനസ് പ്രണയം സമം ഡിവോഴ്സ് എന്നൊരു സൂത്രവാക്യമല്ലേ അനിലേ കിട്ടുന്നത്? ഇനി ആ ഡിവേഴ്സിനെയാണോ കുളിരില്‍ നിന്നും ഉഷ്ണത്തിലേക്കുള്ള പ്രയാണമായി കവി ബിംബവല്ക്കരിച്ചത്?
ഇനി അതല്ല ഒരു കീറ്റ്സിയന്‍ വ്യൂ ആയിരിക്കുമോ? ആന്‍ ഓഡ് ഓണ്‍ എ ഗ്രീഷന്‍ ഏണ് എന്ന വിഖ്യാതമായ കവിതയില്‍ കീറ്റ്സ് ഒരു പ്രണയസങ്കല്പം അവതരിപ്പിക്കുന്നു. നിര്‍മലപ്രണയത്തിന്റെ അനശ്വരത കവി കാണുന്നത് ആ പഴയ പാത്രത്തിലെ ഒരു പെയിന്റിംഗിലാണ്. ഒരു യുവാവും അയാളുടെ പ്രണയിനിയും. യൂവാവ് പ്രണയിനിയെ ചുംബിക്കാനായുമ്പോഴേക്കും അവള് സലജ്ജം മാറിക്കളയുന്ന നിമിഷങ്ങളുടേതായ ആ അസുലഭമൂഹൂര്‍ത്തം പകര്‍ത്തിയ സുന്ദരചിത്രം. അവരുടെ പ്രണയം അനശ്വരമാണെന്ന് ആ ചിത്രം കവിയെക്കൊണ്ട് പാടിക്കുന്നു. ഒരു ചുടുചൂംബനത്തിന്റെ വിദ്യുത് പ്രവാഹം അനുഭവിക്കാനാവും മുന്നേ ചിത്രത്തിലേക്കാവാഹിക്കപ്പെട്ടതുകൊണ്ട് കവിയുടെ കണ്ണില്‍ അത് അണ്‍സാഷ്യേറ്റഡ് ലവും ആ പ്രണയം ഇറ്റേര്‍ണലുമായി.
ഒരു പ്രണയകഥ
ദി മാന്‍ റ്റു വോക് വിത്ത് വകയായി ഒരു പ്രണയകഥ ബൂലോഗത്തെ പ്രണയാര്‍ദ്രമാക്കുന്നു. മരണത്തിന് കാലന്‍കോഴിയുടെ കൂവല്‍പോലെയാണ് പ്രണയത്തിന് മഴയുടെ മര്‍മരം. പ്രണയിക്കുന്നവരുടെ മനസ്സില്‍ മോഹങ്ങളുടെ മഴവില്ലുമായെത്തുന്ന പുതുമഴയുടെ സൗന്ദര്യം, പരസ്പരം കൈമാറാനുള്ള സന്ദേശം ആ മര്‍മരം തന്നെയാവുമ്പോള്‍, പരസ്പരം ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ആ നടത്തം, ്മഴയുടെ മാസ്മരീകഭംഗി ആസ്വദിച്ചുകൊണ്ടുള്ള കുത്തിയിരിപ്പു സത്യഗ്രഹം..... ഈ പ്രണയകഥയില്‍ മഴയ്ക്ക് ഒരു സഹനടന്റെ റോളുപോലുമില്ലെങ്കിലും വായിച്ചുതീര്‍ന്നപ്പോള്‍ ഓര്‍മ്മകളില്‍ എവിടെയോ ഒരു മഴ പെയ്തുതീര്‍ന്ന പ്രതീതി. പ്രണയത്തിന്റെ കുപ്പിവളക്കിലുക്കം ഒരിക്കലെങ്കിലും കേള്‍ക്കാത്തവരായി ആരെങ്കിലുമുണ്ടോ ആവോ?
എഴുത്തുകാരന്റെ വാക്കുകള്‍ ഓരോന്നും വാചകങ്ങളായി ആത്മഹത്യചെയ്യാതെ ഗതകാല പ്രണയസ്മരണകളിലേക്കുള്ള വാതായനങ്ങളായി വായനക്കാര്‍ക്കുമുന്നില്‍ തുറക്കപ്പെടുന്നു. ചൈനയിലെ പെണ്ണുങ്ങള്‍ക്ക് മാത്രം അറിയാവുന്ന ഒരു ഭാഷയുള്ളതുപോലെ പ്രണയത്തിന് അതിന്റേതായ ഒരു ഭാഷയുണ്ട്. ആ ഭാഷയിലെ മാന്ത്രികനാണ് ദി മാന്‍ റ്റു വോക്് വിത്ത്. മുറിഞ്ഞുമുറിഞ്ഞു വീഴുന്ന വാക്കുകള്‍കൊണ്ട് ഒരു പ്രണയശില്പം തീര്‍ത്ത ആ കരവിരുത് ശ്രദ്ധേയം.
'ഞാന്‍ ... അത് എന്നേ തന്നുകഴിഞ്ഞു'
'ആ കണ്ണുകള്‍ക്ക് നേരെ നടക്കുമ്പോള്‍ ... ഈ ലോകം നമ്മുടേത് മാത്രമായി തോന്നി'
'വര്‍ണം വിതറിയ വസന്തദിനങ്ങളില്‍ നീ മനസ്സില്‍ ഒരു പൂക്കളമായി'
വിരസമായ ഗദ്യത്തിന്റെ ഭാഷ എവിടെയുമില്ലാതെ അടിമുടി ജീവന് തുടിക്കുന്ന വാക്കുകളില്‍ അതിമനോഹരമായി കോറിയിട്ട പ്രണയത്തിന്റ ഒരു വാങ്മയചിത്രം. ഹൃദയമുള്ളവര്‍ക്കേ പ്രേമിക്കാന്‍ കഴിയൂ. പറഞ്ഞതില്‍ പാതിയും പതിരാവാതേ പോകുവാന്‍ വാക്കുകള്‍ ഹൃദയത്തില്‍ നിന്നും ഒഴുകിവരേണ്ടതുണ്ട്. നല്ല എഴുത്ത്. ഇപ്പോള്‍ കാതിലേക്ക് ഒഴുകിയെത്തുന്ന ഉമ്പായിയുടെ ഗസലുപോലെ 'പ്രണയസാന്ദ്രമീ' പ്രണയകഥ. ശേഷം നാട്ടുപച്ചയില് വായിക്കുമല്ലോ
Monday, February 16, 2009
Subscribe to:
Post Comments (Atom)
2 comments:
വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പൂര്‍ണമായും പ്രകടിപ്പിക്കാന്‍ കഴിയാത്ത ഒരു വികാരം. പ്രണയം അങ്ങിനെയാണ്. അതുകൊണ്ടുതന്നെ അതു പ്രകടിപ്പിക്കാന്‍ വാക്കുകളെക്കാളുപരി ബിംബങ്ങള്‍ തേടിപ്പോവേണ്ടിവരും ആളുകള്‍ക്ക്. ഭൂകമ്പത്തിന്റെ തീവ്രത അളക്കാന്‍ ശാസ്ത്രജ്ഞര്‍ റിക്ടര്‍ സ്കെയില്‍ കണ്ടെത്തിയപോലെ നമ്മുടെ ഇതിഹാസകാരന്മാരും കാളിദാസാദി കവികളും തീവ്രമായ പ്രണയത്തിന്റെ ആഴമളന്നത് വിരഹമെന്ന കാലഭൈരവന്റെ മുഴക്കോലുകൊണ്ടാണെന്ന് തോന്നാറുണ്ട് പലപ്പോഴും. ആമുഖമായി ഇത്രമാത്രം പറഞ്ഞുകൊണ്ട് പ്രണയം വിഷയമാക്കപ്പെട്ട ചില പോസ്റ്റുകളിലേക്ക്.
പ്രണയത്തെ പറ്റിയൊരു പഴയ പോസ്റ്റ് ഇവിടെ
Post a Comment