Monday, June 22, 2009

ബൂലോഗ വിചാരണ - 15

അനിത അടുക്കള

അക്ഷരത്തെറ്റുകളുടെ ഘോഷയാത്രയെ മാറ്റിനിര്‍ത്തിയാല്‍, അനിത ആലോചനാമൃതമായ ഒരു വിഷയം എടുത്തിടുന്നു. എന്തുകൊണ്ട്‌ ഹരിലാല്‍? ചോദ്യത്തിനുത്തരം തിരയേണ്ടത്‌ തീര്‍ച്ചയായും മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി എന്ന ആ ബൃഹദ്‌ ഗ്രന്ഥത്തില്‍ തന്നെയാണ്‌. ഗാന്ധിസന്നിദ്ധിയില്‍ ജവഹര്‍ലാല്‍ നെഹറു സിഗരറ്റുമായി പോലും പ്രത്യക്ഷപ്പെടാന്‍ ധൈര്യപ്പെടാതിരുന്ന ആ കാലത്താണ്‌ ഹരിലാല്‍ എന്ന ചരിത്രത്തിലെ ആ മുടിയനായ പുത്രന്‍ 'ബാ' യെക്കാണാന്‍മാത്രമായി നാലുകാലില്‍ എത്തുക. ഹരിലാല്‍ എന്ന ദു:ഖപുത്രന്‍തന്നെയാണ്‌ ബായുടെ അകാലത്തിലുള്ള മരണത്തിന്‌ ഹേതുവായതും.

ഒരമ്മയുടെ, ഒരു സഹോദരിയുടെ, അല്ലെങ്കില്‍ ഒരു മകളുടെ കണ്ണിലൂടെ അനിത ഗാന്ധിജിയെ നോക്കിക്കാണുന്നു. അപ്പോള്‍ കിട്ടുന്ന ചിത്രം തീര്‍ച്ചയായും ഒരു നല്ല കുടുംബപിതാവിന്റേതാകാന്‍ വഴിയില്ല. ഒരു പഞ്ചായത്തു പ്രസിഡണ്ടുകൂടിയാവാതെ ഗാന്ധിജി രാഷ്ട്രപിതാവായതും അതുകൊണ്ടുതന്നെയാവണം. നമ്മുടെ സ്‌്‌മരണകളില്‍ അദ്ദേഹം അനശ്വരനായതും ഹരിലാല്‍ ഭാരതത്തിന്റെ ഒരു ദു:ഖപുത്രനായതും മറ്റൊന്നുകൊണ്ടാവാന്‍ വഴിയില്ല.

താനും തന്റെ കെട്ട്യോളും കുട്ട്യേളും പിന്നെ കൂടിപ്പോയാല്‍ കൂടപ്പിറപ്പുകള്‍ക്കുമപ്പുറമുള്ള ഒരിന്ത്യയെ കാണാനുള്ള ശേഷിയില്ലാത്ത മഹാന്‍മാര്‍ ജനാധിപത്യത്തിന്റെ ശാപമായ ഈ കാലഘട്ടത്തില്‍, ഗാന്ധി നാമം പോലും കൊള്ളയടിച്ച്‌ കുടുംബാധിപത്യം ഊട്ടിയുറപ്പിക്കുന്ന ഈ വേളയില്‍ ഗാന്ധി സമാനതകളില്ലാതെ അവശേഷിക്കുന്നു.

അഭിനവ നെഹറുകുടുംബം 'ഗാന്ധി' കുടുംബമായതിന്റെ ചരിത്രം മറ്റൊരു നല്ല പിതാവിന്റെ ചരിത്രം കൂടിയാണ്‌. ഗാന്ധി ബ്രാന്റിന്റെ മൂല്യമറിഞ്ഞ ബുദ്ധിമാനായ പിതാവ്‌. പോസ്‌റ്റിലൂടെ അനിത ഒരുപാട്‌ ചിന്തകള്‍ക്ക്‌ വഴിതെളിയ്‌ക്കുന്നു.

വികടശിരോമണി

മനുഷ്യനെ സംബന്ധിച്ചിടത്തോളം 'സഹജീവികള്‍' എന്നാല്‍ പൊരേലുള്ളവര്‍ എന്ന ന്യൂക്ലിയര്‍ സമൂഹം മാത്രമാവുമ്പോള്‍ വസുധൈവകുടുംബക സങ്കല്‌പം അവനില്‍ നിന്നും ഏറെ അകലെയാകുന്നു. പ്രപഞ്ചത്തിലെ സകലതും അവനുവേണ്ടി, അവന്‌ ഇഷ്ടംപോലെ അനുഭവിപ്പാനായി മാത്രം ദൈവം സൃഷ്ടിച്ചതാണെന്ന ഉല്‌പത്തിപുസ്‌തക സങ്കല്‌പമാണ്‌ ജാതിമതരാഷ്ട്രീയ ഭേദമന്യേ മനുഷ്യനെ ഭരിക്കുന്നത്‌. 'പുല്‍കളും പുഴുക്കളും പുഴകളും കൂടിത്തന്‍ കുടുംബ'ക്കാരാവാത്തത്‌ ഈയൊരു സങ്കുചിതബോധത്തിന്റെ നാലുകെട്ടില്‍ നിന്നും പുറത്തുകടക്കാനാവാത്തതുകൊണ്ടുമാണ്‌.

'മൃഗീയത' എന്ന അശ്ലീലം മനുഷ്യന്റെ ഇഷ്ടപദമായതും വേറൊന്നുംകൊണ്ടല്ല. പരസ്‌പരം അപമാനിക്കാന്‍ ബഹുമാന്യനായ ശുനകന്റെ നാമം ദുരുപയോഗം ചെയ്യുന്നത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സഹസ്രാബ്ദങ്ങളായി പട്ടികളോടൊപ്പം കഴിഞ്ഞിട്ടും കൃതജ്‌്‌ഞത എന്തെന്നറിയാത്ത മനുഷ്യന്‍ ഇനിയും നന്നാവും എന്നു പ്രതീക്ഷിക്കുന്നവരുടെ തലയുടെ മൂലക്കല്ലിനാണ്‌ ഇളക്കം തട്ടിയിരിക്കുന്നത്‌.

ഭൂമുഖത്തെ ഓരോ ജീവിയും വംശനാശം നേരിട്ടതിന്‌ ഓരോ കാരണങ്ങളുണ്ട്‌. പെരിയ വയറു കാരണമാണ്‌ ഡിനോസര്‍ പോയതെങ്കില്‍ പെരിയ തല കാരണമാവും നാളെ നമ്മള്‍ വംശനാശത്തിലേയ്‌ക്ക്‌ കുഞ്ഞിക്കാലെടുത്തുവയ്‌ക്കുക.

മൃഗങ്ങളേ മാപ്പ്‌ എന്ന വികടശിരോമണിയുടെ ചെറിയ ലേഖനം അവതരിപ്പിക്കുന്നത്‌ ഒരു വലിയ ദര്‍ശനമാണ്‌. നമ്മളില്‍ അവശേഷിക്കുന്ന പ്രകൃതിസ്‌നേഹം പോലും നമ്മുടെ സ്വാര്‍ത്ഥതയില്‍നിന്നുമാണ്‌. നമുക്കുവേണ്ടി, നമ്മുടെ നാളെയ്‌ക്കുവേണ്ടി എന്ന ഒരേയൊരു ബോധത്തില്‍ നിന്നുമാത്രം എന്നുവിളിച്ചുപറയുന്നു വികടശിരോമണി. വിഷയം അതിമനോഹരമായി അവതരിപ്പിക്കുന്നു. ലേഖനത്തിന്റെ അവസാനമായി ചേര്‍ത്ത്‌ പ്രസിദ്ധമായ ആ സഞ്‌ജയവചനമാവട്ടേ മാന്‍മിഴിയാളുടെ നുണക്കുഴിപോലെ ഡെയ്‌ഞ്ചറസ്‌്‌ലി ബ്യൂട്ടിഫുള്‍.

മരംപെയ്യുന്നു

കണ്ണനുണ്ണിയുടെ ആദ്യ പ്രതികരണം പോലെ 'വ്യത്യസ്‌തതയുള്ള സബ്‌ജക്ട്‌.... വളരെ നന്നായി..'. സ്‌ത്രീവിഗ്രഹം എന്ന കവിതയിലൂടെ പുതിയൊരു പ്രമേയം കല വായനക്കാര്‍ക്കുമുന്നിലേയ്‌ക്ക്‌ എടുത്തെറിയുന്നു. ചിന്തനീയം മനോഹരം.

മനുഷ്യനൊഴിച്ച്‌ മറ്റേത്‌ ജീവികളിലും സൗന്ദര്യം ആണിനാണെങ്കില്‍ (എന്നാണു ധാരണ) മനുഷ്യരില്‍ അത്‌്‌ സ്‌ത്രീയിലാണ്‌. കൊതുകുകളില്‍ ആണിനാണ്‌ സൗന്ദര്യം എന്ന്‌ എന്‍.കെ. പറയും, കാരണം പെണ്ണാണ്‌ കടിക്കുക.

മദപ്പാടെടുത്തു നില്‌ക്കുന്ന കൊമ്പന്റെ കാതില്‍ യൂ ആര്‍ വെരി ഹാന്‍സം എന്നു മന്ത്രിച്ചതുകൊണ്ടും മുഖസൗന്ദര്യം നോക്കി സിംഹത്തിനോട്‌ സൗന്ദര്യവര്‍ണന നടത്തിയതുകൊണ്ടും ജീവന്‍പോയിക്കിട്ടുമെന്ന ഉപകാരമല്ലാതെ വേറൊന്നിനും സാദ്ധ്യതയില്ല. എന്നാല്‍ 'താന്‍ സുന്ദരിയാണ്‌' എന്നൊരു പെണ്ണിനോടുപറഞ്ഞാല്‍ ചില്ലറ ഉപകാരമല്ലാതെ ഉപദ്രവമുണ്ടായെന്നുവരില്ല. അവിടെ തുടങ്ങുന്നൂ വിഗ്രഹവല്‌ക്കരണം. വിഗ്രഹവല്‌ക്കരണം ഒരു രാസമാറ്റമാണ്‌. തിരിച്ച്‌ വിഗ്രഹമല്ലാതാവുക അസാദ്ധ്യവും. പഞ്ചലോഹക്കൂട്ടാണെങ്കില്‍ മാര്‍ക്കറ്റില്‍ വില കൂടുകയും ചെയ്യും.

"ഒക്കെ അറിയുമ്പോഴേയ്‌ക്കും
ആ കഴിവുകള്‍ നിങ്ങള്‍ക്കു എന്നേ
നഷ്ടപ്പെട്ടുവെന്നറിയും."

'യത്രനാര്യസ്‌തു പൂജ്യന്തേ രമന്തേ തത്ര ദേവതാ' സൂക്തം ഈണത്തില്‍ ചൊല്ലുക. പീഢിപ്പിക്കാന്‍ മുന്നിട്ടുറങ്ങുക.

ബെര്‍ളിത്തരങ്ങള്‍

മരിയ അമേലിയ ലോപസ്‌, തൊണ്ണൂറ്റിയേഴാം വയസ്സിലും ബ്ലോഗില്‍ സജീവമായിരുന്ന മുത്തശ്ശിയ്‌ക്കുള്ള അന്ത്യോപചാരം സമയോചിതം. 95ാം വയസ്സില്‍ ബ്ലോഗ്‌ തുടങ്ങി രണ്ടുവര്‍ഷം കൊണ്ട്‌ പ്രശസ്‌തിയുടെ കൊടുമുടികള്‍ താണ്ടി മരണത്തിന്റെ താഴ്‌വരയിലേയ്‌ക്ക്‌ നടന്നകന്ന മരിയ അമേലിയ ലോപസ്‌ തീര്‍ച്ചയായും അര്‍ഹിക്കുന്ന അംഗീകാരം.

രണ്ടുവര്‍ഷം കൊണ്ട്‌ 15 ലക്ഷത്തോളം വായനക്കാരുണ്ടാവുക എന്നതില്‍ ഏതായാലും ചില്ലറ സംശയത്തിന്റെ ആനുകൂല്യമുണ്ട്‌ . വിശേഷിച്ച്‌ അതൊരു സ്‌പാനിഷ്‌ ഭാഷയിലുള്ള ബ്ലോഗാവുമ്പോള്‍. എന്തായാലും അതൊരു ഇമ്മിണി ബല്യ സംഖ്യയായിപ്പോയോ എന്ന സംശയത്തിന്റെ കഴുത്തിന്‌ പിടിച്ച്‌ വായന തുടരുമ്പോഴും സീനിയര്‍ ബ്ലോഗര്‍ എന്ന വിശേഷണം വലതുകാലുവച്ച്‌ തലയിലോട്ട്‌ കയറാതെ തിരിഞ്ഞുനടക്കാന്‍ തുടങ്ങുന്നു. സീനിയര്‍ സിറ്റിസണ്‍ എന്നാല്‍ പ്രായക്കൂടുതലുള്ള പൗരന്‍ അഥവാ പൗര എന്നെടുക്കാം. സീനിയര്‍ ഓഫീസര്‍ എന്നാല്‍ കൂടുതല്‍ കാലം ജോലിചെയ്‌ത ഉദ്യോഗസ്ഥന്‍ എന്നുതന്നെയല്ലേ അര്‍ത്ഥമാക്കുക. അതായത്‌ സ്വന്തം വയസ്സല്ല, സര്‍വ്വീസ്‌ ദൈര്‍ഘ്യമാണ്‌ നോക്കുക എന്നര്‍ത്ഥം. അമ്പത്‌ തികയാത്ത സീനിയര്‍ പത്രപ്രവര്‍ത്തകരില്ലേ ഇവിടെ.

തൊണ്ണൂറ്റഞ്ചാമത്തെ വയസ്സില്‍ പത്രപ്രവര്‍ത്തനത്തില്‍ വന്ന്‌ തൊണ്ണൂറ്റേഴാമത്തെ വയസ്സില്‍ മരിച്ചാല്‍ ചരമക്കുറിപ്പില്‍ സീനിയര്‍ ജേണലിസ്റ്റ്‌ അന്തരിച്ചു എന്നാണോ കാണുക? ബ്ലോഗിങ്ങ്‌ ലോകത്ത്‌ ആരംഭിച്ചിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ മുത്തശ്ശി അതിലേയ്‌ക്ക്‌ വന്നത്‌. അപ്പോള്‍ 20-30 വയസ്സിലുള്ള പലരും മുത്തശ്ശിയെക്കാള്‍ സീനിയറായിരിക്കും എന്നുറപ്പ്‌. അവരില്‍ കൂടുതല്‍ പ്രായമുള്ള ആരും ഇപ്പോള്‍ ബ്ലോഗറായി ഇല്ലെങ്കില്‍ എല്‍ഡസ്‌റ്റ്‌ ബ്ലോഗര്‍ എന്നോ മറ്റോ ആക്കാമായിരുന്നു തലേക്കെട്ട്‌.

മരുന്നറിവുകള്‍

'സ്വയം ചികിത്സ' യുടെ അപകടങ്ങളിലേയ്‌ക്ക്‌ ശ്രദ്ധ ക്ഷണിക്കുന്നു ലീനയുടെ പോസ്‌റ്റ്‌. വൈദ്യശാസ്‌ത്രരംഗത്തെ ആരോഗ്യപരിപാലന ചികിത്സ തുടങ്ങിയ വിഷയങ്ങളെ സമഗ്രമായി പ്രിതിപാദിക്കുന്ന നല്ല ലേഖനങ്ങളാണ്‌ ലീനയുടെ പോസ്‌റ്റുകള്‍. പലര്‍ക്കും അപ്രാപ്യമായ ബൃഹദ്‌ഗ്രന്ഥങ്ങളില്‍ പലയിടങ്ങളിലായി മനസ്സിലാവാത്ത ഭാഷയില്‍ ചിതറിക്കിടക്കുന്ന അറിവുകളെ അതിലളിതമായി, മലയാളപദാവലികള്‍ക്കൊപ്പം അതത്‌ ഇംഗ്ലീഷ്‌ പദങ്ങള്‍ കൊടുത്തുകൊണ്ട്‌ ഏതൊരാള്‍ക്കും എളുപ്പം ഹൃദിസ്ഥമാക്കാവുന്നവിധം വസ്‌തുതകള്‍ അവതരിപ്പിക്കുകയാണ്‌ ലീന. സദുദ്യമത്തിന്‌ ആശംസകള്‍.

സവ്യസാചി

എഴുത്തുകാരന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന രചനാശൈലി. എടുക്കുമ്പോള്‍ ഒന്ന്‌, തൊടുക്കുമ്പോള്‍ നൂറ്‌, പതിക്കുമ്പോള്‍ ആയിരങ്ങള്‍. അടിപാറയായ കിണറ്റിലെ വെളളം വച്ച്‌ നാലേക്കറില്‍ നേന്ത്രന്‍ കൃഷിനടത്തുന്ന ബൂലോഗര്‍ക്കെതിരെയാണ്‌ 'ഒരു നീലസാഹിത്യകാരന്റെ ഡിലെമ' എന്ന ബ്രഹ്മാസ്‌ത്രം സവ്യസാചിയുടെ ഗാണ്ഡീവത്തില്‍ നിന്നും പുറപ്പെടുന്നത്‌.

കാവ്യയശപ്രാര്‍ത്ഥികള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുമെന്നുതോന്നുന്നില്ല. വായനക്കാര്‍ മൊത്തം അന്ത്യശ്വാസം വലിച്ചാലും അവര്‍ നിര്‍ത്തുകയില്ല. ഒടുക്കത്തെ നാവുള്ള എന്റെ നാട്ടിലെ ഒരു സുന്ദരിയെക്കൊണ്ട്‌ പറഞ്ഞതുപോലെ, ഓള്‌ നിര്‍ത്തണമെങ്കില്‍ നാവു താണുപോകണം. നാവ്‌ സ്വമേധയാ താണുപോവുന്നതുവരെ കേള്‍ക്കാന്‍ ആളുകളും തയ്യാറാവണം എന്നുമാത്രം.

ഞാനിതാ മരിക്കാന്‍ പോവുന്നു എന്ന ആത്മഹത്യാപ്രഖ്യാപനം ജീവിക്കാന്‍ ആഗ്രഹമുണ്ട്‌ എന്ന പ്രഖ്യാപനം കൂടിയാണ്‌.

എച്ച്‌കെസന്തോഷ്‌

'കാണാതായ രാമന്‍നായരുട നായയെ കണ്ടെത്തി' എന്നുകേട്ടപ്പോള്‍ കാണാതെപോയത്‌ രാമന്‍നായരെയാണോ അതോ മൂപ്പരുടെ നായയെയാണോ എന്നൊരു സംശയം സ്വാഭാവികം. 'ആട്‌ വളര്‍ത്തുന്ന അഴീക്കോട്‌ എന്ന തലക്കെട്ടുതന്നെ ഒരൊന്നൊന്നര ലേഖനമാണ്‌.

കേരളത്തിലെ സാംസ്‌കാരികരംഗത്തെ കാലാവധികഴിഞ്ഞ ആണവറിയാക്ടറായി അഴീക്കോട്‌ മാറുന്നതിന്‌ നമ്മള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്‌. സാംസ്‌കാരിക നായകന്‍ എന്നതില്‍നിന്നും സാംസ്‌കാരിക ഗുണ്ടാപദവിയിലേയ്‌ക്കുള്ള ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്‌ മൂപ്പരിപ്പോള്‍.

പണിക്കരുടെ സമദൂരസിദ്ധാന്തം മൂപ്പര്‍ ഭംഗിയായി നടപ്പിലാക്കിയത്‌ സ്വന്തം വാക്കും പ്രവൃത്തിയും തമ്മിലാണ്‌. ഒന്നുപറഞ്ഞ്‌ രണ്ടാമത്‌ ഞാന്‍ ഗാന്ധിയനാണെന്ന്‌ അലമുറയിടേണ്ടിവരുന്നതും അതുകൊണ്ടുതന്നെയാണ്‌. ഒരു പെണ്ണിന്‌ ഞാന്‍ പെണ്ണാണെന്നും ആണിന്‌ ആണാണെന്നും കമ്മ്യൂണിസ്റ്റിന്‌ കമ്മ്യൂണിസ്റ്റാണെന്നും വിളിച്ചുപറയേണ്ട കാര്യമില്ല. സമൂഹമാണ്‌ ആ സര്‍ട്ടിഫിക്കറ്റ്‌ പതിച്ചുനല്‌കുക. അല്ലാതെ സ്വന്തം നിലയ്‌ക്ക്‌ ഒരു ഗാന്ധിയന്‍ അഥവാ മാര്‍ക്‌സിസ്‌റ്റ്‌ എന്നൊരു കഷണം കാര്‍ഡിലെഴുതി നെറ്റിയിലൊട്ടിച്ചുനടക്കുകയല്ല വേണ്ടത്‌.

ജലസമാധിയായ ശാശ്വതീകാനന്ദ ഒരു കാലത്ത്‌ അഴീക്കോടിന്‌ ശാശ്വതീകനായിരുന്നു. പിന്നീട്‌ അവസരം വന്നു. നാവിന്റെ ഒരു സൗകുമാര്യകുതിപ്പില്‍ ശാശ്വതീകന്‍ സ്വാമി ശാശ്വതീകാനന്ദയായി, സ്വാമികളായി. ജലസമാധിയായപ്പോള്‍ മൂപ്പര്‍ സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികള്‍ക്കും രമണമഹര്‍ഷിക്കുമൊപ്പമിരിക്കേണ്ട വേദാന്തം കലക്കിക്കുടിച്ച സന്ന്യാസി ശ്രേഷ്‌ഠനുമായതും ചരിത്രം.

'മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാവും, മൃഗം അധ:പതിച്ചാല്‍ കമ്മ്യൂണിസ്റ്റാവും' അതുപോലെയെന്തെല്ലാം സൂക്തങ്ങള്‍. മാനവന്‌ മാനമില്ലെന്ന തിരിച്ചറിവുണ്ടായതുകൊണ്ട്‌ മൃഗങ്ങള്‍ മജിസ്‌ട്രേട്ടുകോടതി കയറിയില്ലെങ്കിലും തലശ്ശേരിയിലെ ചുകന്നകല്ലുകളുടെ പെരുമ അഴീക്കോടിനു താമസിയാതെ ബോദ്ധ്യപ്പെട്ടു.

കാറും കവറും ശരണം പൊന്നയ്യപ്പാ. ഇപ്പോള്‍ പിണറായി അനിയന്‍ അച്ചുതാനന്ദന്‍ ഏട്ടന്‍. നാളെ കൃഷ്‌ണപിള്ള അച്ഛനും എ.കെ.ജി അമ്മാവനുമാവാതിരുന്നാല്‍ മലയാളികളുടെ ഭാഗ്യം. അഴീക്കോടിന്റെ പടവലവളര്‍ച്ചയുടെ ഗതിവിഗതികള്‍ അനാവരണംചെയ്യുന്ന മികച്ച ലേഖനം. നല്ല ശൈലി.

1 comment:

എന്‍.കെ said...

കാറും കവറും ശരണം പൊന്നയ്യപ്പാ. ഇപ്പോള്‍ പിണറായി അനിയന്‍ അച്ചുതാനന്ദന്‍ ഏട്ടന്‍. നാളെ കൃഷ്‌ണപിള്ള അച്ഛനും എ.കെ.ജി അമ്മാവനുമാവാതിരുന്നാല്‍ മലയാളികളുടെ ഭാഗ്യം. അഴീക്കോടിന്റെ പടവലവളര്‍ച്ചയുടെ ഗതിവിഗതികള്‍ അനാവരണംചെയ്യുന്ന മികച്ച ലേഖനം. നല്ല ശൈലി.