ഇന്ത്യന്‍ രാഷ്്ട്രീയം കിഴവന്മാരുടെ കൈകളില്‍ എത്രത്തോളം ഭദ്രമാണെന്ന ചോദ്യമുയര്‍ത്തുന്നു കൂട്ടുകാരന്. ഇന്ത്യന്‍ ജനതയുടെ 50 ശതമാനത്തിനുമുകളില്‍ 35ല്‍ താഴെയുള്ളവരാണെങ്കിലും അവരുടെ പ്രതിനിധികളായി ഭരണചക്രത്തില്‍ ഏത്രപേരുകാണും? വനിതകള്‍ക്കായി റിസര്‍വേഷന്‍ ചെയ്യപ്പെടാന്‍ പോവുന്നത് 33 ശതമാനമാണെങ്കില്‍ യുവജനങ്ങള്‍ക്കായി ഒരു 3.3 ശതമാനമെങ്കിലും വേണ്ടേ?
ഏതു മേഖലയുമെടുത്തു പരിശോധിക്കുക. സാഹിത്യത്തില്‍ ഒരാളുടെ സുവര്‍ണകാലഘട്ടം വാര്‍ദ്ധക്യത്തിലാണെന്ന് ആരെങ്കിലും അവകാശപ്പെടുമോ? എഴുത്തിന്റെ നട്ടുച്ച യൗവനവും അവാര്‍ഡുകളുടെ ത്രിസന്ധ്യകള്‍ വാര്‍ദ്ധക്യവുമാണ്. അവാര്‍ഡുകളുടെ പെരുമഴക്കാലം ആരംഭിക്കുക കറവവറ്റിയാലാണെന്നതുകൊണ്ട് ചിലരെങ്കിലും അങ്ങിനെയും സംശയിച്ചേക്കാം.
എല്ലാ മഹാന്മാരുടെയും മൗലികസംഭാവനകള്‍ ലോകത്തിന് ലഭിച്ചത് അവരുടെ അവസാനകാലത്തല്ല. ലോകത്തെ മാറ്റിമറിച്ച മഹാകണ്ടുപിടുത്തങ്ങള്‍ ആളുകള്‍ നടത്തിയത് കുഴിപ്പുറത്തേക്കു കാലുനീട്ടിയിരിക്കുമ്പോഴോ അതോ പനയെടുത്ത് പല്ലിടയില്‍ കുത്തുന്ന ആ പ്രായത്തിലോ?
കാള്‍മാര്‍ക്സ് മാനിഫെസ്റ്റോ എഴുതിയത് റ്റ്വന്റീസിലാണെങ്കില്‍, അതു പ്രാവര്‍ത്തികമാക്കുന്ന ഭഗീരഥലെനിനിസത്തില്‍ നിന്നും വഴുതി സഖാവ് ലാവ്ലിനിസത്തില്‍ വീണതാകട്ടെ സിക്സ്റ്റീസിലും. ഇപ്പോള്‍ സിക്രട്ടറിസഖാവിന്റെ സ്മാര്‍ത്തവിചാരത്തില്‍ പങ്കെടുക്കുന്ന വിപ്ലവസ്മാര്‍ത്തന്‍മാരാവട്ടെ എഴുപതിന്റെയും എണ്‍പതിന്റെയും നിറവില്‍ പൂത്തുലഞ്ഞുനില്ക്കുന്നവരും. ലോകവും വിപ്ലവപ്രസ്ഥാനങ്ങളും നന്നായിപ്പോയെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ.
പ്രായം നമ്മില്‍ മോഹം നല്കി എന്ന വരികളിലെ യാഥാര്‍ത്ഥ്യം നമ്മള് കാണുക. അതുകൊണ്ടുതന്നെ അവസാനകാലത്തുണ്ടാവുന്ന പൊല്ലാപ്പുകള്‍ ചില്ലറയുമല്ല. കരുണാകരനെ നോക്കുക. എഴുന്നേറ്റുനില്ക്കാന് രണ്ടാളുടെ സഹായം ആവശ്യമുണ്ടെങ്കിലും ശരി, ചുരുങ്ങിയത് ഗവര്‍ണറുദ്യോഗം തന്നെ വേണം.
ഇന്ത്യ വിട്ട് ക്യൂബയിലേക്കുപോവുക. ഒരു അരനൂറ്റാണ്ടുമുന്നേയുള്ള ഫിദല്‍ കാസ്ട്രോയെ ഓര്‍ത്തെടുക്കുക. ക്യൂബന്‍ ഏകാധിപതി ബാത്തിസ്തായെ നൂറുവര്‍ഷം കഠിനതടവിനുശിക്ഷിക്കാനായി കാസ്ട്രോ ടത്തിയ 'ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും' എന്ന ആ കോടതിപ്രസംഗം ഓര്‍ത്തെടുക്കുക. ഇരട്ട സഹോദരനെപ്പോലെ തോളോടുതോള്‍ ചേര്‍ന്ന് പൊരുതി, വിപ്ലവം ശ്വസിച്ച് വിപ്ലവത്തിനുവേണ്ടി ജീവിച്ച്് ജീവിതം വിപ്ലവത്തിനായി ഹോമിച്ച ഏണസ്റ്റോ ചെ ഗുവേറയെയും. ആ ഫിദലിന്റെ സമകാലികചിത്രം കൂടി കാണുക. അവശതയിലും അധികാരം വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത ഒരു സ്ഥാനമോഹിയിലേക്കുള്ള വിപ്ലവകാരിയുടെ പ്രയാണത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് കാസ്ട്രോ. ഒടുവില്‍ തനിക്കുശേഷം തന്റെ അനുജന് നാടുവാഴും എന്ന അറിയിപ്പ് ലോകം കേട്ടുകഴിഞ്ഞു.
ലക്ഷ്യത്തിനുവേണ്ടി ജീവന് ത്യജിക്കാന്‍ പോലും തയ്യാറാവുന്നതാണ് യൗവനമെങ്കില്‍ അധികാരമുപയോഗിച്ച് സര്‍വ്വം സമാഹരിക്കാനുള്ള ശ്രമമാണ് വാര്‍ദ്ധക്യം നടത്തുക. കാസ്ട്രോയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും നമുക്ക് പഠിക്കാനുള്ള പഠവും അതുതന്നെയാണ്. ലോകപ്രശസ്ത വിപ്ലവകാരി കാസ്ട്രോയുടെ പടം ഫോര്‍ബ്സ് മാസികയുടെ കോടീശ്വരപട്ടികയിലാണ് അച്ചടിച്ചുവന്നതെങ്കില്‍ നമ്മുടെ പഴയ കരിങ്കാലി ഇപ്പോള്‍ ഗവര്‍ണറുദ്യോഗമല്ലേ ചോദിക്കുന്നുള്ളൂ എന്നാശ്വസിക്കുകയാണ് വേണ്ടത്. രാജ്യം തന്നെ സ്വന്തം പേരില്‍ ചാര്‍ത്തിക്കൊടുക്കാന്‍ ആവശ്യപ്പെടാത്തത് പരമഭാഗ്യം എന്നേ കരുതേണ്ടൂ.
ചത്തുപോയപ്പോഴല്ലാതെ, അല്ലെങ്കില്‍ എണീറ്റുനില്ക്കാന് പറ്റാതായപ്പോള്‍ മാത്രമല്ലാതെ അധികാരം വിട്ടൊഴിഞ്ഞ വിപ്ലവകാരി ആരാണ്? ചരിത്രത്തില്‍ ഒരു മണ്ടേലയല്ലാതെ വേറെയാരാണുള്ളത്? പ്രസക്തമായ ഒരു വിഷയം ചര്‍ച്ചയ്ക്കുവെക്കുന്നൂ കൂട്ടുകാരന്.
'കൗശലം അധികമുള്ളവര്‍ക്ക് അവധാനത കമ്മിയായിരിക്കും'. പിണറായി വിഎസ് തര്‍ക്കത്തിലേയ്ക്ക് വെളിച്ചം വീശുന്ന സുകുമാരേട്ടന്റെ നീരീക്ഷണം ശ്രദ്ധേയം. കൗശലക്കാരനായ സിക്രട്ടറിയുടെ നീക്കങ്ങളും മുഖ്യമന്ത്രിയുടെ നാളിതുവരെയുള്ള ശ്രദ്ധയോടെയുള്ള കരുനീക്കങ്ങളും ഒരു പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കിയാല്‍ മരണകാരണമായി നമ്മുടെ സുപ്പീരിയര്‍ അഡ്വൈസറുടെ റിപ്പോര്‍ട്ടില്‍ കെ.പി.എസിന്റെ ഈ അഭിപ്രായം തന്നെയാണ് രേഖപ്പെടുത്തപ്പെടേണ്ടത്. സുപ്പീരിയര്‍ അഡ്വൈസറുടെ പതനകാരണവും അതുതന്നെയായിരിക്കും എന്നുതോന്നുന്നു. ലാല്‍സലാം.
മാധവിക്കുട്ടിയും വിവാദങ്ങളും - 1 ലൂടെ കാട്ടിപ്പരുത്തി, ആമിയ്ക്കും കമലയ്ക്കും മാധവിക്കുട്ടിയ്ക്കും കമലാദാസിനും കമലാസുറയ്യായ്ക്കുമൊക്കയിടയില്‍ എവിടെയോ കിടക്കുന്ന അവരുടെ ജീവിതം അപഗ്രഥിക്കുന്നു. വളരെ സത്യസന്ധമായ ഒരു ശ്രമം. അതില്‍ തന്നെ ഒരു പകുതി നാരായണപ്പിള്ളയുടെ കണ്ണുകളില്‍കൂടി മാധവിക്കുട്ടിയെ നോക്കിക്കാണുകയാണ്. അപാരമായ നിരീക്ഷണപാടവമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍.
സാഹിത്യമായാലും രാഷ്ട്രീയമായാലും വ്യക്തിപഠനങ്ങളായാലും പുല്ലുവഴിയിലെ ആ സിംഹമടയില്‍ നിന്നുള്ള ഗര്‍ജ്ജനം സാംസ്കാരികഭൂമികയിലുണ്ടാക്കിയ ചലനം ചില്ലറയായിരുന്നില്ല. ആ മൗലികമായ നിരീക്ഷണങ്ങളിലെ മാധവിക്കുട്ടിയുടെ ചിത്രം തെറ്റാന്‍ വഴിയില്ല.
വൈകാരികമായ തീരുമാനങ്ങളെടുത്ത് അബദ്ധങ്ങളില്‍ ചെന്നു ചാടുന്ന മാധവിക്കുട്ടിയുടെ ചിത്രവും നമുക്കതില്‍ വായിക്കാം എന്നു കാട്ടിപ്പരുത്തി പറയുമ്പോള്‍ അവരുടെ മതം മാറ്റവും ബന്ധപ്പെട്ട വിവാദങ്ങളും വായനക്കാരന്റെ മനസ്സിലെത്തും. നാരായണപ്പിള്ളയുടെ ആ മൂന്നാംകണ്ണിനുനേരെ കൈകൂപ്പിപ്പോവുകയും ചെയ്യും. കള്ളുപാനികണ്ട തേനീച്ചയെപ്പോലെ മാധവിക്കുട്ടി ഇസ്ലാം ദര്‍ശനലഹരി തലയ്ക്കുപിടിച്ച് അതില്‍ വീണുപോയതല്ലെന്ന് വരികള്‍ക്കിടയില്‍ വായിച്ചാല്‍ മനസ്സിലാവുന്നതാണ്. അപ്പോള്‍ തിരിച്ചെന്തുകൊണ്ട് മാറിയില്ലെന്നു ചോദിച്ചാല്‍, ഒരാവേശത്തിനു കിണറ്റില്‍ ചാടാം, നൂറാവേശം വന്നാലും തിരിച്ചിങ്ങോട്ട് ചാടാന്‍ കഴിയുകയില്ലെന്നുതന്നെ ഉത്തരം.
പുത്തലത്ത് വിനോദിന്റെ 'ഒരു കുടയും കൂട്ടുകാരിയും' എന്ന കവിത ഒരു നല്ല വായന തരമാക്കുന്നു.
ഓരോ മഴയും
കാരുണ്യത്തിന്റെ കുട ചൂടിച്ച
ഒരു കുപ്പിവളക്കയ്യും
ഓര്‍മ്മിപ്പിക്കുന്നു.
'കലക്കവെള്ളത്തിലെ ചെരുപ്പു'പോലുള്ള അന്നത്തെ കുഞ്ഞുമനസ്സിന്റെ കാന്‍വാസില്‍ സ്മൃതിചിത്രങ്ങള്‍ വിരിയുമ്പോള്‍ അത് വായനക്കാരന്റെ ചിന്തകളെ കൂടി പഴയ കാക്കി ട്രൗസറിലേയ്ക്കും യാങ്കികളുടെ കോതമ്പുമാവിലേയ്ക്കും (മലബാറില്‍ റവ) അവളുമാരുടെ കാരുണ്യത്തിന്റെ കുടയുടെ സംരക്ഷണയിലേയ്ക്കും എത്തിക്കുന്നു. മഴയും പ്രണയവും തമ്മിലുള്ള ആ രക്തബന്ധത്തിലേയ്ക്കും.
എതുപ്പ് എന്ന്് പദം ആദ്യമായി കേള്‍ക്കുകയാണ്. അതുകേള്‍പ്പിച്ചതിന് പോങ്ങുവിന് നന്ദി. ഒപ്പം ബൂലോഗത്തിന് ഒരു നല്ല രചന കാഴ്ചവെച്ചതിനും. അതിമനോഹരമായ രീതിയില്‍ പോങ്ങുമ്മൂടന് വിഷയം കൈകാര്യം ചെയ്യുന്നു. മനുഷ്യന് യുഗങ്ങളായി കൊണ്ടുനടക്കുന്ന ഒരു വിശ്വാസത്തിന്റെ യുക്തിയേയും യുക്തിരാഹിത്യത്തേയും തികഞ്ഞ നര്‍മ്മബോധത്തോടെ നോക്കിക്കാണുന്നു. അതേ ശകുനം ഒരു വിശ്വാസമാണ്. അത് സത്യമാണെങ്കില്‍ സത്യമാണെന്നല്ലേ പറയേണ്ടത്. വിശ്വാസം സത്യമായിരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ. വിശ്വാസവും യാഥാര്‍ത്ഥ്യവും അച്ഛനമ്മമാരെപ്പോലാണ്. അച്ഛന് വിശ്വാസവും അമ്മ യാഥാര്‍ത്ഥ്യവും. നല്ല എഴുത്ത്. മികവുറ്റ അവതരണശൈലി. അഭിവാദ്യങ്ങള്‍.
'പശ്ചിമേഷ്യന്‍ സമാധാനം' എന്ന സതയുടെ പോസ്റ്റ് ചരിത്രത്തോടു നീതിപുലര്‍ത്തുന്നു. ഏറ്റവും കൂടുതല്‍ യുദ്ധത്തിന്റെ, വംശീയ വിദ്വേഷത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്ന ഒരു ജനവിഭാഗമാണ് ജൂതര്‍. ആല്‍ബര്‍ട്ട് ഐന്സ്റ്റൈന്, കാള്‍മാര്‍ക്സ് - ലോകഗതിതന്നെ മാറ്റിമറിച്ച വ്യക്തികളെ ലോകത്തിന് സംഭാവനചെയ്ത സമൂഹം ഒരു പക്ഷേ മനസമാധാനത്തോടെ കഴിഞ്ഞ ഏകരാഷ്ട്രം ഇന്ത്യയായിരിക്കാനാണ് സാദ്ധ്യത.
രാവിലെ ഉണരുമ്പോള്‍ തല തപ്പിനോക്കേണ്ട് ഗതികേട് ജൂതന്മാര്ക്ക് ഇവിടെയുണ്ടായിരുന്നില്ലെന്ന്് അവരുതന്നെ വ്യക്തമാക്കിയതാണ്. ജൂതര്‍ പലരും പ്രചരിപ്പിക്കുന്നതുപോലെ അക്രമകാരികളാണെങ്കില്‍ ഇന്നേവരെ മട്ടാഞ്ചേരിയിലേതടക്കം ഇന്ത്യയിലെ ജൂതന്‍മാരെപറ്റി അത്തരമൊരു അപവാദം കേട്ടുകേള്‍വിപോലുമില്ല എന്ന കാര്യം കൂടി ആലോചിക്കണം.
സതയുടെ വിഷയം അതല്ല. അറബ് ലോകത്തിന്റെ ജൂതസമീപനവും അവിടുന്നിങ്ങോട്ടുള്ള അശാന്തിയുടെ ചരിത്രത്തിലേയ്ക്കുളള ഒരു തിരിഞ്ഞുനോട്ടവും നടത്തുകയാണ് സത. ഗഹനമായ വിഷയം. വളച്ചുകെട്ടില്ലാത്ത എഴുത്ത്. പഠനാര്‍ഹമായ ലേഖനം.
സമകാലിക ആഗോളപ്രശ്നമാണ് കുടവയറും കഷണ്ടിയും. സിക്സ്പായ്ക്ക് അബ്ഡോമനുണ്ടാക്കാന്‍ പണി ചില്ലറയല്ലെങ്കിലും സിങ്കിള്‍ പായ്ക്ക് കുടവയറുണ്ടാക്കാന്‍ നമ്മളായിട്ട് ഉത്സാഹിക്കുകയൊന്നും വേണ്ട. ഇടിവെട്ടിനു കുമിലുമുളയ്ക്കുന്നതുപോലെ ആ സമയമാവുമ്പോള്‍ അതങ്ങു വന്നു ദേഹത്തില്‍ കുടിയേറിപാര്‍പ്പു തുടങ്ങും. കുടികിടപ്പവകാശം പകുത്തുകൊടുക്കുകയല്ലാതെ പിന്നെ കുടിയൊഴിപ്പിക്കുക സാദ്ധ്യമല്ല. പരമശിവനും പതഞ്ജലിയും ഒന്നിച്ചുത്സാഹിച്ചാലും തഥൈവ.
ദേഹമന്ത്രിസഭയിലെ കൂട്ടുത്തരവാദിത്വമില്ലാത്ത രണ്ട് വകുപ്പുകളായ തലയും വയറും കഷണ്ടിയും കുടവയറുമാവുന്ന ഗവര്‍ണര്‍മാരുടെ വിവേചനാധികാരമുപയോഗിച്ച് ദേഹത്തില്‍ നിന്നും സൗന്ദര്യത്തെയും ആരോഗ്യത്തെയും സ്വേച്ഛപ്രകാരം എന്നെന്നേയ്ക്കുമായി പിരിച്ചുവിടുകയാണ് പതിവ്. കോലത്തിരിയെപ്പോലും കോലംകെട്ടവനാക്കിക്കൊടുക്കുന്ന കാലത്തിന്റെ ആ ഏര്‍പ്പാടിനെ അതിരസകരമായ രീതിയില്‍ അവതരിപ്പിക്കുന്നു അരുണ്‍ ചുള്ളിക്കല്‍ തന്റെ കഷണ്ടിയും കുടവയറും എന്ന രചനയിലൂടെ.
കഷണ്ടിയും കുടവയറും തമ്മില്‍ ഒരു പാട് സാമ്യമുണ്ട്. ഒടയതമ്പുരാന്‍ വിചാരിച്ചാല്‍ പോലും ഒഴിവായിപ്പോവാത്ത കാര്യമായതുകൊണ്ടാവണം, ഏതോ സൃഗാലബുദ്ധി അത് പുരുഷത്വത്തിന്റെ ലക്ഷണമാക്കിയത്. അല്ലാതെ ഏതു കണ്ണുപൊട്ടന്റെ സൗന്ദര്യസങ്കല്പത്തില് അല്ലെങ്കില്‍ ഏത് മങ്കയുടെ സൗന്ദര്യബോധത്തിന്റെ ഗോഡൗണിലായിരിക്കും കഷണ്ടിക്കും കുടവയറിനും കയറിക്കിടക്കാന്‍ ഒരിടം കിട്ടുക?
2 comments:
സുഹൃത്തേ,
ആദ്യമായാണ് ഈ ബ്ലോഗ് വിസിറ്റ് ചെയ്യുന്നത്.. ബൂലോക വിചാരണ എന്നത് കാണാരുണ്ടായിരുന്നു എങ്കിലും വായിക്കാറില്ലായിരുന്നു. വായിച്ചപ്പോള്‍ സ്വന്തം ബ്ലോഗിനെ വിചാരണ ചെയ്തതായി കണ്ടു.. സന്തോഷം, നന്ദി..
ബൂളൊകവിചാരണ കാണാറുണ്ട്. എന്തെങ്കിലും ഒരു കമന്റ് പ്രതീക്ഷിച്ചിരിക്കുന്നു.
ആശ്മ്സകളോടെ
Post a Comment