എല്ലാ മരണങ്ങളും കേരളത്തില്‍ വാര്‍ത്തയാവാറില്ല. കെട്ടിയോളിലും കുട്ടിയോളിലുമല്ലാതെ മറ്റാരിലും ഓളങ്ങള്‍ ഉളവാക്കാത്തപല മരണങ്ങളും കോളങ്ങള്‍ വാര്‍ത്തയാവുകയും ചെയ്യും. പോലീസുകാരന്റെ 'ആദരവുണ്ട' വാനമാര്‍ഗംസഞ്ചരിക്കുമ്പോള്‍ത്തന്നെ അവരുടെ ഓര്‍മ്മകള്‍ ജനഹൃദയങ്ങളില്‍ നിന്നും ഉരുണ്ട് താഴെപ്പോവുകയും ചെയ്യും. സജിം എഴുതിയതുപോലെ 'അറിവുകളുടേയും അനുഭവങ്ങളുടേയും ഭണ്ഡാരവും പേറി വ്യത്യസ്തമായ 'സഞ്ചാരപഥങ്ങളിലൂടെയായിരുന്നു ത്യാഗനിര്‍ഭരമായ ആയാത്ര'.. ബി.പ്രേമാനന്ദ് എന്ന സത്വാന്വേഷിയുടെ, മനവികതാവാദിയുടെ, യുക്തിവാദിയുടെ യാത്ര.
പുട്ടപര്‍ത്തിയിലെ ദിവ്യനുമായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ചില്ലറയായിരുന്നില്ല. അതുകാരണമായി അദ്ദേഹത്തിനുണ്ടായ നഷ്ടങ്ങളും. 'Murder in Sai Baba's Bedroom' എന്നൊരു പുസ്തകം തന്നെ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ബാബ വായുവില്‍ നിന്നും സ്വര്‍ണച്ചെയില്‍ വലിച്ചെടുത്ത് അലവലാതി ഭക്തര്‍ക്കല്ല, മുന്‍നിരയിലെ ഭക്തശിരോമണികളായ പ്രമുഖര്‍ക്കു കൊടുക്കുന്ന ഒരു പതിവുണ്ട്. അതിനെ നിയമപരമായി ചോദ്യം ചെയ്തിരുന്നു അദ്ദേഹം. ഒന്നാമതായി സ്വര്‍ണം ആര്‍ക്കും തോന്നിയപോലെ ഭൂമിക്കടിയില്‍ നിന്നും കുഴിച്ചെടുക്കാനുള്ള അനുമതി ഇന്ത്യാരാജ്യത്തില്ല. ഇനി മറ്റേതെങ്കിലും സ്വര്‍ണക്കടക്കാരന്‍ ഉണ്ടാക്കിയ മുദ്രയുള്ള ചെയിനാവുമ്പോള്‍ അത് വായിവില്‍ നിന്നും ബാബ സ്വന്തം നിലയ്ക്ക് വലിച്ചുപറിച്ചെടുത്തതാണെന്നു പറഞ്ഞാല്‍ ചുറ്റിലുമിരുന്ന് താളം പിടിക്കുന്ന കുറെ വിഡ്ഢികള്‍ വിശ്വസിച്ചേക്കാം. തലയ്ക്കുവെളിവുള്ളവര്‍ക്ക് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമായിരിക്കും.
നിയമപ്രകാരം സ്വര്‍ണം കൈകാര്യം ചെയ്യുന്നതിന്, ഉല്പാദിപ്പിക്കുന്നതിന് എല്ലാം നിയന്ത്രണങ്ങള്‍ ഉള്ളപ്പോള്‍ അതിനുള്ള അധികാരം ബാബയ്ക്ക് എവിടുന്ന് കിട്ടിയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ആശ്രമത്തിലെ കൊലപാതകങ്ങളെ പറ്റി അന്വേഷിക്കേണ്ടവരും അന്വേഷണാടിസ്ഥാനത്തില്‍ വിധിപറയേണ്ടവരും ആ പാദങ്ങള്‍ പുണരാന്‍ മത്സരിക്കുമ്പോള്‍ ആ ചോദ്യത്തിനും എന്തുപറ്റിയിട്ടുണ്ടാവും എന്നാലോചിക്കാവുന്നതേയുള്ളൂ.
ബാബ പണ്ട് ഇതുപോലെ ഒരു സ്വര്‍ണച്ചെയില്‍ വായുവില്‍ നിന്നും സൃഷ്ടിച്ച് കെ.പി. കേശവമേനോന്് കൊടുത്തതായി കേട്ടിട്ടുണ്ട്. അപ്പോഴേക്കും അതു കാണാനുള്ള കാഴ്ച അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പറ്റുമെങ്കില്‍ ബാബ കൊടുക്കേണ്ടത് ആ കണ്ണുകളില്‍ ഇത്തിരി വെളിച്ചമാണെന്ന് കണ്ടുനിന്ന ഒരു രസികന്‍ വിളിച്ചുപറഞ്ഞതായും കേട്ടിട്ടുണ്ട്.
മൂപ്പരുമായി ചില മണിക്കൂറുകള്‍ ഒന്നിച്ചു ചിലവഴിച്ചതിന്റെ ഓര്‍മ്മകളിലേയ്ക്ക്, വൈയക്തികമാണെങ്കിലും ഒരു രസകരമായ അനുഭവമായതിനാല്‍ എഴുതുന്നൂവെന്നുമാത്രം.
അദ്ദേഹം പ്രസ്ഥാനത്തിന്റെ ഒരു സമ്മേളനമോ മറ്റോ കഴിഞ്ഞ് ചെന്നെയില്‍ നിന്നും തിരിക്കുന്നു. ഒപ്പം പ്രസ്ഥാനത്തിന്റെ മറ്റൊരു സാരഥി ഡോ.നരേന്ദ്രനായികും. റയില്‍വേസ്റ്റേഷനില്‍ വൈകിയെത്തിയ ഞാനും ശ്രീജയും ഹൃഷിയെയും എടുത്ത് ഓടിക്കിതച്ച് എങ്ങിനെയോ അന്നത്തെ മംഗലാപുരം മെയിലില്‍ കയറിപ്പറ്റി. റിസര്‍വേഷന്‍ സീറ്റുതപ്പി കണ്ടെത്തി കിതപ്പുമാറ്റുമ്പോഴേക്കും അഭിമുഖമായുള്ള സീറ്റില്‍ അലസമായി താടിയും മുടിയും നീട്ടിവളര്‍ത്തി ഒരു അവധൂതന്റെ ലക്ഷണമുള്ള കൃശഗാത്രന്‍ ഇരിക്കുന്നു.
മൂപ്പരുടെ ആകാരത്തിലുള്ള പ്രത്യേകത എന്തോ എന്നെ ആകര്‍ഷിച്ചു. പിന്നെ താമസിച്ചില്ല. ഞങ്ങള്‍ രാത്രി പകലാക്കി സംഭാഷണത്തിലേര്‍പ്പെട്ടു. ഒരു മാതിരിപ്പെട്ട സകലദൈവങ്ങളും ചത്തുവീഴുന്നത് പരമഭക്തയായ ശ്രീജ ക്ഷമാപൂര്‍വ്വം നോക്കിനിന്നു. അതിനിടെ നാലുവയസ്സുകാരന്‍ മകനും ഞങ്ങള്‍ക്കുമായി അദ്ദേഹവും ഡോ. നായിക്കും കുറെ മാജിക്കുകളും കാട്ടിത്തന്നു. അപ്പോഴേക്കും സമയം രാത്രി ഒരുമണി കഴിഞ്ഞു. ട്രെയിന്‍ നിരങ്ങിനീങ്ങുന്നു. ഡോ. നായിക് സമയം നോക്കി പോത്തന്നൂര്‍ എത്താറായി എന്നുപറഞ്ഞു.
അഞ്ചുമിനിറ്റിനുള്ളില്‍ വണ്ടിനിന്നു. സമയം 1.10. ഇന്നു വണ്ടി കൃത്യസമയത്തുതന്നെ എത്തിയെന്നും പറഞ്ഞ് അദ്ദേഹം യാത്രപറഞ്ഞിറങ്ങാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ചെറിയ ലഗ്ഗേജുമായി ഞങ്ങള്‍ മൂപ്പരെ ആ ഇരുട്ടില്‍ ചാറ്റല്‍ മഴയത്ത് പ്ളാറ്റ് ഫോമില്‍ ഇറക്കിയതേയുള്ളൂ, വണ്ടി വിട്ടു. ഞങ്ങളോടി വണ്ടിയില്‍ക്കയറിയപ്പോള്‍ ശ്രീജ അലറിവിളിക്കുന്നു, 'അയ്യോ വേറെ എവിടെയോ ആണ് ഇറക്കിയത്. ഇതു പോത്തന്നൂരൊന്ന്വല്ല, എന്തുപണിയാ നിങ്ങള്‍ കാണിച്ചത്?്'.
ഞാനും ഡോ. നായിക്കും ഒരുപോലെ നിന്നുവിയര്‍ത്തു. ഏതോ സ്ഥലം. വയോധികനും രോഗിയുമായ മനുഷ്യന്‍. കൈയ്യില്‍ 'ദൈവം' സഹായിച്ച് നാലുമുക്കാല്‍ കാണുകയുമില്ല. അടുത്ത സ്റ്റേഷനാണ് പോത്തന്നൂര്‍. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവാന്‍ എത്തുമെന്നുപറഞ്ഞ മകന്റെ ഭാര്യയെ വിളിച്ചു അദ്ദേഹം സംഗതി പറഞ്ഞു. ഞങ്ങള്‍ അടുത്തസ്റേഷനിലിറങ്ങി ഒരു ടാക്സിയെടുത്ത് അദ്ദേഹത്തെ കണ്ടുപിടിച്ച് വീട്ടില്‍ എത്തിക്കുമെന്നും ധരിപ്പിച്ചു.
എങ്കിലും ആ ടെന്‍ഷന് പരിസമാപ്തിയായി അടുത്ത സ്റേഷനിലെത്തുംമുമ്പ് അവരുടെ വിളിവന്നു. അദ്ദേഹത്തെ കണ്ട സ്റേഷന്‍മാസ്റര്‍ മൂപ്പരുടെ ഒരു ഫാനായിരുന്നുവെന്നും, ആളെ മൂപ്പര്‍ ഒരു ഓട്ടോയില്‍ കയറ്റിവിട്ടുവെന്നും ഞങ്ങള്‍ ഇറങ്ങേണ്ടതില്ലെന്നും ഇങ്ങോട്ടുവിളിച്ചു പറഞ്ഞു.
അതുവരെ എല്ലാം കേട്ടുനിന്ന ശ്രീജയുടെ പെട്ടെന്നുള്ള പ്രതികരണം ഒരു ചിരിക്ക് വകനല്കുകയും ചെയ്തു, 'മൂന്നാളുകളും കൂടി ഇത്രനേരം എന്തായിരുന്നു കൂത്ത്. കണ്ണുകെട്ടിയതുപോലെയല്ലേ അവിടെയിറക്കിയത്. തല്ക്കാലം ഏതായാലും സ്റേഷന്റെ പേരു വായിക്കാനുള്ള യുക്തിയും കൂടി ഇല്ലാണ്ടായല്ലോ. ദൈവത്തോടു കളിച്ചാല്‍ ഇങ്ങിനെയായിരിക്കും ഫലം'.
വണ്ടി സ്റേഷനിലെത്തേണ്ട സമയം നോക്കി. സ്റ്റേഷന്‍ ഏതെന്നുമാത്രം നോക്കിയില്ല. രാജ്യം ഇന്ത്യയാണെന്നും ആലോചിച്ചില്ലെന്നുവേണം പറയാന്‍.
ഇറങ്ങുന്നതിനുമുന്നേ അദ്ദേഹം എന്റെ മേല്‍വിലാസം വാങ്ങിയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ''Murder in Sai Baba's Bedroom' എന്നെ തേടിയെത്തി. അതിനുള്ള കാശ് അയക്കണം എന്നുകരുതിയെങ്കിലും പിന്നീട് വിട്ടുപോയി. ഇനിയൊരിക്കലും വീട്ടാന്‍ പറ്റാത്ത ഒരു കടമായി അതവശേഷിക്കട്ടെ. അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുന്നില്‍ ആദരാജ്ഞലികളര്‍പ്പിക്കുന്നു.
അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നമ്മള്‍ അദ്ദേഹത്തെ കണ്ടില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് നമ്മുടെ പത്രങ്ങള്‍ക്ക് ആ മരണം ഒരു വലിയ വാര്‍ത്തയാവാതിരുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും കള്ളദൈവങ്ങള്‍ക്കുമെതിരെയുള്ള നിരന്തരമായ പോരാട്ടത്തിനായി ഒരു ജീവിതം സമര്‍പ്പിച്ചു കടന്നുപോയ ആ വലിയ മനുഷ്യനെ ബൂലോഗത്ത് പരിചയപ്പെടുത്തിയ സജീം, അഭിവാദ്യങ്ങള്‍.
ഡോ.എന്‍.എം.മുഹമ്മദലിയുടെ അസാധാരണമായ ധിഷണയുടെ ഒളിചിന്നുന്ന പോസ്റ്റ്. 'പ്രേമജിഹാദൂം ജമാഅത്തെ ഇസ്ളാമിയും - ഒരു മനശ്ശാസ്ത്രവിചിന്തനം' ഒരു ഗഹനമായ പഠനത്തിലുപരിയായി ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ കൊണ്ടും ശ്രദ്ധേയമാവുന്നു.
കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുത്തവരുടേയും വായക്ക് തോന്നിയത് കോതക്ക് പാട്ടെന്ന ശൈലിയില്‍ മറുപടി പറഞ്ഞവരുടേയും ഗീര്‍വ്വാണങ്ങള്‍ കേട്ടും വായിച്ചും ബോധം മറയാറായ അവസ്ഥയിലാണ് കോമണ്‍സെന്‍സിലെത്തുന്നത്. ഒരു പ്രവാചകന്റെ കാലുഷ്യമില്ലാത്ത മനസ്സില്‍ നിന്നും തെളിഞ്ഞചിന്തയില്‍ നിന്നും വെളിച്ചം കണ്ട വാക്കുകളിലൂടെ സഞ്ചരിക്കുന്ന പ്രതീതി ലേഖനം ആദ്യന്തം ഉളവാക്കുന്നു.
നിരീക്ഷണങ്ങള്‍ സത്യസന്ധമായിരിക്കുമ്പോള്‍ അജണ്ടകളില്ലാത്ത വിവരണമാവുമ്പോള്‍ എഴുതുന്ന ഒരക്ഷരവും വിഫലമാവാതെ വായനക്കാരനുമായി സംവദിക്കും. ദുര്‍ഗ്രാഹ്യമായ വിഷയമാണെങ്കില്‍ പോലും വായന ഒരനുഭവമാകും. അല്ലെങ്കില്‍ കുഞ്ഞമ്മദിന്റെ പ്രസ്തുത വിഷയത്തെപറ്റിയുള്ള എഴുത്തുപോലിരിക്കും. ഉമിക്കരി ചവക്കുന്നതുപോലെ.
സത്യം പറയുമ്പോള്‍ നിര്‍ഭയമായി പറയണം, പറയുന്ന വാക്കുകള്‍ക്കാവട്ടെ വെടിയുണ്ടയുടെ ശക്തിയുണ്ടാവുകയും വേണം. അതു വായനക്കാരന്റെ തലയിലേയ്ക്ക് നേരെ തുളച്ചുകയറിക്കൊള്ളും. തോക്കുകളിലെ ഉണ്ടകള്‍ ആളുകളെ വീഴുത്തുമ്പോള്‍ വീണുകിടക്കുന്നവനെ ഉയിര്‍ത്തെഴുന്നേല്പിക്കുന്നതായിരിക്കണം താളുകളിലെ വെടിയുണ്ടകള്‍, അതാവാഹിക്കുന്ന നിരീക്ഷണങ്ങള്‍.
ഇസ്ളാമിക തീവ്രവാദം ഫാഷിഷം തന്നെയാണ്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ - യാങ്കികള്‍ തുലയട്ടെ എന്നലറി വിളിച്ചതുകൊണ്ട് മതഭ്രാന്ത് പുരോഗമനമാവുകയില്ല. മതനിരപേക്ഷമാവുകയുമില്ല. വിപ്ളവകാരികള്‍ സദ്ദാം ഹൂസൈനെ എടുത്തുനടന്നപ്പോള്‍ ആളുകള്‍ ചിരിച്ചത് അതുകൊണ്ടാണ്. സദ്ദാമിന്റെ പ്രതിമ യാങ്കികള്‍ വലിച്ചിട്ടപ്പോള്‍ തെരുവില്‍ ആദ്യം പ്രകടനം നടത്തിയത് ഇറാഖ് കമ്മ്യൂണിസ്റ് പാര്‍ട്ടിയാണ്.
25 വര്‍ഷത്തില്‍ ആദ്യമായി ഒരു പ്രകടനം നടത്താന്‍ സ്വാതന്ത്യം കിട്ടിയ ദിവസം. അവര്‍ അഭിവാദ്യമര്‍പ്പിച്ചതാവട്ടെ അന്ന് യാങ്കികള്‍ക്കും. സദ്ദാമിന്റെ പേരിലുള്ള ആദ്യത്തെ ക്രിമിനല്‍ കേസുതന്നെ ഒരു കമ്മ്യൂണിസ്റ്റുനേതാവിനെ വെടിവെച്ചുകൊന്നതിനാണ്.
യഥാര്‍ത്ഥ ഇടതുപക്ഷം ഏറ്റെടുത്തുനടത്തേണ്ട സമരങ്ങളെ ഹൈജാക്കുചെയ്യുന്നതും മറ്റൊരു മുഖംമൂടി തന്നെയാണ്.
'ഇസ്ളാം സമാധാനത്തിന്റെ മതമാണെന്ന് അവര്‍ (ജമാഅത്തെ ഇസ്ളാമി) ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കും'. അതിന്നര്‍ത്ഥം ജമാ അത്തെ ഇസ്ളാമി കാംക്ഷിക്കുന്നത് സമാധാനമല്ല എന്നുതന്നെയാണ്.
ശ്രദ്ധേയമായ മറ്റൊരു കാര്യം ഡോക്ടര്‍ എടുത്തുപറയുന്നു. 'വസ്ത്രധാരണത്തിന്റെ കുറെയൊക്കെ സ്വാതന്ത്യ്രം അനുഭവിച്ചിരുന്ന കേരളത്തിലെ മുസ്ളീം സ്്്ത്രീകള്‍ പര്‍ദ്ദയും മക്കനയും ധരിക്കാന്‍ കാണിക്കുന്ന ത്വര സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇസ്ളാമിസം അധീശത്വം കാണിച്ചുതുടങ്ങിയതിന്റെ തെളിവാണ്'. തികച്ചും സത്യമായ ഒരു നിരീക്ഷണമാണത്.
ഒരു പത്തുവര്‍ഷം മുന്നേ പാടത്ത് ഉടുതുണി മടക്കിക്കുത്തി വെള്ളരിക്കു നനയ്ക്കുന്ന, അതുകഴിഞ്ഞ് വലം കൈയ്യില്‍ പശുവിന്റെ കയറും ഇടം കൈയ്യില്‍ വിറകോ ഓലയോ എന്തെങ്കിലുമായി നേരം ഇരുട്ടിത്തുടങ്ങുമ്പോള്‍ മാത്രം വീട്ടിലേക്കു നടക്കുന്ന ആയിഷ (ഇന്നിന്റെ അയിശൂമ്മ), സദാ പുഞ്ചിരിച്ച് എല്ലാവരോടും കുശലാന്വേഷണം നടത്തുന്ന ആയിഷ ഇതെഴുതുന്നവന്റെ ഓര്‍മ്മയിലുണ്ട്. കഴിഞ്ഞദിവസം എന്റെ മുന്നിലൂടെ പോയ കറുത്തരൂപത്തെ എനിക്കു മനസ്സിലായില്ല. ആരെടാ അത് എന്ന് സുഹൃത്തിനോടു ചോദിച്ചപ്പോള്‍, നമ്മുടെ ആയിഷയല്ലേ അത് എന്നു കേട്ടപ്പോള്‍ ഇതുതന്നെയാണ് എനിക്കും തോന്നിയത്.
മുസ്ളീം വര്‍ഗ്ഗീയതയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുന്നതും നിസ്സാരവല്ക്കരിക്കുന്നതും മുസ്ളീം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കോ നേട്ടമുണ്ടാക്കുകയില്ല എന്ന ഡോക്ടറുടെ നിരീക്ഷണം തികച്ചും ശരിയാണ്, കാലികവുമാണ്.
'പ്രേമത്തിന് വിഘാതമായി മതം നിന്നാല്‍ സാധാരണഗതിയില്‍ മതത്തെ ഉപേക്ഷിച്ച് പ്രേമം സഫലമാക്കാന്‍ ശ്രമിക്കും. പ്രേമം പ്രഥമവികാരത്തിന്റെ ഉദാത്തീകൃതരൂപമാണെങ്കില്‍ ജിഹാദ് ദ്വിതീയവികാരങ്ങളിലൊന്നായ മതവികാരത്തിന്റെ പ്രത്യയശാസ്ത്രാവതരണമാണ്. കമിതാക്കളുടെ പ്രേമത്തില്‍ മതപരിവര്‍ത്തനത്തിന്റെ ആശയം കൊണ്ടുവരുന്നത് പാലില്‍ പാഷാണം ചേര്‍ക്കുന്നതു പോലെയാണ്.' സത്യം സത്യമായി എഴുതുമ്പോള്‍ അതിന് നാലുപുറം വിശദീകരണം ആവശ്യമാവുന്നില്ല. വാക്കുകള്‍ വായനക്കാരുമായി നേരിട്ടു സംവദിച്ചുകൊള്ളും. എഴുതുന്നത് കളവാണെങ്കില്‍ അതിനു നാനൂറുപുറം വിശദീകരണം ചേര്‍ത്തിട്ടും കാര്യമില്ല.
വായന തുടരുമ്പോള്‍ 'മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്കുപിടിച്ച കാമുകന്‍ സ്വാഭാവികമായും പ്രണയം സഫലീകരിക്കുന്നതിനുമുന്‍പ് കാമുകിയെ അല്ലാഹുവിന് കീഴടങ്ങിയവളാക്കുവാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കാമുകിയെ മുസ്ളീമാക്കലാണ് മതഭ്രാന്തുപിടിച്ച കാമുകന്റെ പ്രണയസാഫല്യം. കാമുകി കാഫിര്‍ ആണെങ്കില്‍ കാമുകന് വിവാഹം ചെയ്യാനും സാദ്ധ്യമല്ല. കാരണം ശരീഅത്ത് അനുസരിച്ച് ഒരു കാഫിര്‍ സ്ത്രീയെ വെപ്പാട്ടിയാക്കാനല്ലാതെ നിക്കാഹ് കഴിച്ച് ഭാര്യയാക്കാന്‍ പാടില്ല. പ്രണയജിഹാദ് കഥയിലെ കാമുകന്‍ ജൈവപ്രേരണയാല്‍ ഒരു യുവതിയില്‍ ആകൃഷ്ടനായിപ്പോയാലുടന്‍ പ്രണയത്തിനു പാഷാണം ചേര്‍ക്കാന്‍ ഇസ്ളാമിസം അഥവാ രാഷ്ട്രീയ ഇസ്ളാം എത്തുന്നു. സംഘപരിവാര്‍ ഇതെല്ലാം നിസ്സംഗരായി നോക്കിനില്ക്കുമെന്നത് മൌഢ്യമാണ്....... അതുകൊണ്ട് പ്രണയത്തെ കലക്കാതിരിക്കാന്‍, അതിലിടപെടാന്‍ പാടില്ലെന്നും മതപരിവര്‍ത്തനത്തിന് കാമുകിയെ പ്രേരിപ്പിച്ച് കൊണ്ടുവന്നാല്‍ മതം മാറ്റാന്‍ കൂട്ടുനില്ക്കരുതെന്നും ഖത്തീബൂമാരോടും മുസലിക്കന്‍മാരോടും ജമാ അത്തെ ഇസ്ളാമിയും മറ്റു മുസ്ളീം സംഘടനകളും ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്യണം. കേരളത്തിലെ സമാധാന അന്തരീക്ഷവും ഇന്നുളള മതസൌഹാര്‍ദ്ദമെങ്കിലും നിലനിര്‍ത്താനും അത്യവശ്യമാണ്. ഇസ്ളാമിസ്റ്റുകളുടെ ഞായങ്ങള്‍ ഇടതുബൂദ്ധിജീവികള്‍ ഏറ്റുപറയാതിരിക്കുകയാവും നല്ലത് എന്നെനിക്ക് തോന്നുന്നു.'
ഇതിനാണ് പറയുക ധീരമായ എഴുത്ത്. അദ്ദേഹം അവകാശപ്പെടുന്നതുപോലെ ഒരു മാര്‍ക്സിസ്റ്റാണ് എന്നതിന് തെളിവ് ഈ വാക്കുകള്‍ തന്നെയാണ്. ഏറെക്കാലത്തിനിടയില്‍ ഒരു മാര്‍ക്സിസ്റ്റിനെ കണ്ടുമുട്ടിയതിലുള്ള സന്തോഷമുണ്ട് ഡോക്ടര്‍. വിഷയത്തെ വസ്തുനിഷ്ഠമായി സമീപിച്ച് കൃത്യമായ നിഗമനങ്ങളില്‍ എത്തുന്നു. നല്ല ഡയഗ്നോസ്. ഭീകരവാദികളെക്കാളും ചികിത്സ അത്യാവശ്യമായി വേണ്ടത് ന്യൂനപക്ഷ താരാട്ടുപാടി കാലം കഴിക്കുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കും ഉദരനിമിത്തം ബഹുകൃതവേഷമാടുന്ന കപടസാംസ്കാരികനായകര്‍ക്കുമാണ്. ബൂലോഗത്തിനുവേണ്ടതും അവിടെയില്ലാത്തതും ഇത്തരം ഉദാത്തമായ ധിഷണയുടെ മിന്നലാട്ടമുള്ള രചനകളാണ്. ഡോക്ടര്‍ ഒരവിശ്വാസിയുടെ അഭിവാദ്യങ്ങള്‍.
4 comments:
പുട്ടപര്‍ത്തിയിലെ ദിവ്യനുമായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ചില്ലറയായിരുന്നില്ല. അതുകാരണമായി അദ്ദേഹത്തിനുണ്ടായ നഷ്ടങ്ങളും. 'Murder in Sai Baba's Bedroom' എന്നൊരു പുസ്തകം തന്നെ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ഡോ.എന്‍.എം.മുഹമ്മദാലിയെക്കുറിച്ചുള്ള,...അദ്ദേഹത്തിന്റെ പോസ്റ്റിനെക്കുറിച്ചുള്ള വീക്ഷണം അവസരോചിതവും വളരെ സത്യസന്ധവുമായ തിരിച്ചറിവാണ്.
ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കു സംഭവിക്കുന്ന പൊറുക്കാനാകാത്ത ചിന്താവൈകല്യം നമ്മുടെ സമൂഹത്തെ മതങ്ങള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന അവസരവാദ രാഷ്ട്രീയത്തിന്റേയും,വോട്ടുരാഷ്ട്രീയത്തിനുവേണ്ടിയുള്ള ബാലിശമായ പ്രീണനത്തിന്റേയും,ഭീരുത്വത്തിന്റേയും മഹത്വവല്‍ക്കരണമാണെന്ന് കൂറച്ചു പേരെങ്കിലും തിരിച്ചറിയുന്നുണ്ട് എന്നത് സന്തോഷകരം തന്നെ.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
ആഹാ വിചാരണ തരക്കേടില്ലല്ലോ..
How do I get my poems reviewed. Is there an Id I can sent to?
Post a Comment