Monday, May 10, 2010

ബൂലോഗവിചാരണ 33

ഏകതാര


ഒരു റാഗിങ്ങിന്റെ കഥ'. പണ്ട് സായിപ്പ് തുടങ്ങിയതുകൊണ്ടുമാത്രം കാലാകാലമായി കാപ്പിരികള്‍ പൂര്‍വ്വാധികം ഭംഗിയാക്കി നടത്തുന്ന മൃഗീയ(മൃഗങ്ങളേ മാപ്പ്) വിനോദമാണ് റാഗിങ്ങ്. കൂടെ പഠിക്കുന്നവനെ ഭീകരമായി മര്‍ദ്ദിക്കുക, ചവുട്ടിക്കൊല്ലുക (ചെന്നൈ), മാനസികനില തകരാറിലാക്കുംവിധം പീഢിപ്പിക്കുക, സഹപാഠിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുക (എസ്.എം.ഇ) - വെറും ഒരു പ്രായോഗികതമാശ എന്നര്‍ത്ഥം വരുന്ന റാഗിങ്ങ് എന്ന പദത്തിന്റെ സമ്പൂര്‍ണസംരക്ഷണമാണ് ഈ കൊടുംക്രൂരതയ്ക്ക് അന്നും ഇന്നും.


തിരിഞ്ഞതലയുള്ള, പണക്കൊഴുപ്പിന്റെ കുംഭമേള നടത്താന്‍ പറ്റിയ രക്ഷിതാക്കളുടെ സന്താനങ്ങള്‍ കലാലയങ്ങളിലെത്തുമ്പോഴാണ് ഇത് എറ്റവും കൂടൂതല്‍ സംഭവിക്കുന്നത്. സഹപാഠിയെ ചവുട്ടിക്കൊന്ന കേസായാലും കൂട്ടബലാല്‍സംഗം നടത്തിയ പിള്ളാരുടെ കേസായാലും വേട്ടക്കാര്‍ ധനികരും ഇരകള്‍ ദരിദ്രരുമായിരുന്നു. എസ്.എം.ഇ കേസിലാണെങ്കില്‍, സഹപാഠിയെ കൂട്ടബലാല്‍സംഗം ചെയ്ത തെമ്മാടികളുടെ ഭാഗത്ത് ശക്തമായി നിലയുറപ്പിച്ച ചരിത്രമാണ് അന്നത്തെ പ്രിന്‍സിപ്പല്‍ മറിയത്തിന്റേത്, കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരുടേതും. കേരളപോലീസിന്റെ ശക്തമായ നിലപാടുകള്‍, സത്യസന്ധമായ അന്വേഷണങ്ങള്‍, സമൂഹത്തിന്റെ സമയോചിതമായ ഇടപെടലുമെല്ലാം ഉണ്ടായില്ലെങ്കില്‍ ആ കുട്ടിയുടെ ചരമവാര്‍ഷികം പലതും കഴിഞ്ഞേനെ.

ഇവിടെ ഏകതാര പറയുന്നതും ഒരു റാഗിങ്ങിന്റെ കഥയാണ്. അതും കലാലയജീവിതകാലത്തെ സുന്ദരസ്മരണയായി എഴുത്തുകാരി സൂചിപ്പിച്ചിട്ടേയില്ല. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നു പറയാറുണ്ടെങ്കിലും എല്ലാ മുറിവുകളും മായ്ക്കാനുള്ള ശേഷി തല്ക്കാലം കാലനേയുള്ളൂ. ഓര്‍മ്മകളും അതുപോലെയാണ്. തീവ്രതകുറഞ്ഞേയ്ക്കാമെന്നതല്ലാതെ, തീര്‍ത്തും ഒഴിവാകുകയില്ല. ആ കാലപ്രവാഹത്തിന്റെ കൈയ്യൊപ്പാണ്, എഴുത്തുകാരിയുടെ ശൈലിയില്‍ കാണുന്നത്. ബോധപൂര്‍വ്വം സരസമായ ആഖ്യാനശൈലി കൈവരുത്താനുള്ള ശ്രമം ആദ്യം 'സിംഹത്തിന്റെ മടയില്‍'...... എന്നിടത്തു അനവസരത്തെ പ്രയോഗമായി ഏച്ചുകെട്ടിമുഴച്ചുനില്ക്കുമ്പോള്‍ മറ്റുപലയിടത്തും വിജയം കാണുന്നു. മികച്ച പോസ്റ്റ്്.


പുതുകവിത

എ.സി ശ്രീഹരിയുടെ കുമ്പസാരം എന്ന കവിത ശ്രദ്ധേയം. മാറ്റുവിന്‍ ചട്ടങ്ങളെ എന്നാഹ്വാനം ചെയ്തുവന്നവര്‍ ഒടുവില്‍ ചട്ടത്തിനൊത്തുമാറിയതിന്റെ ചരിത്രമാവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ അവസാനപകുതി. പണ്ടാരോ തമാശയായി പറഞ്ഞിട്ടുണ്ടായിരുന്നു, അല്പം കാര്യമായും ജീവിതത്തില്‍ അദ്ധ്വാനം എന്തെന്നറിയാത്ത ഇരുപതുകളിലുള്ള രണ്ടുപിള്ളാരാണ് ലോകതൊഴിലാളിപ്രസ്ഥാനത്തിന്റ മാനിഫെസ്റ്റോ എഴുതിയതെന്ന്. ആണുങ്ങള്‍ക്ക് ഗൈനക്കോളജിസ്റ്റാവാമെന്നുള്ളതുകൊണ്ട് എന്‍.കെയ്ക്ക് ഇതിനോടു യോജിപ്പില്ല. നിത്യബ്രഹ്മചാരിയായ വത്സ്യായന്‍ തന്നെയാണ് അറുപത്തിനാലു കാമകലകളെപ്പറ്റി കാമസൂത്രം വിരചിച്ചത് എന്നാണല്ലോ. നമുക്കതുവിട്ടു കുമ്പസരിക്കാം.

വിപ്ലവപ്രസ്ഥാനങ്ങളും വയറുമായി പണ്ടേ അഭേദ്യമായ ഒരു ബന്ധമുണ്ട്. കുഞ്ചനുശേഷം കേരളത്തെ ഒരു പത്തുകൊല്ലം നിര്‍ത്താതെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അകാലത്തില്‍ കാലഗതിപ്രാപിച്ച സഞ്ജയനാണ് ഏറ്റവും കൂടുതല്‍ ഇതിനെ പരിഹസിച്ചത്. സഞ്ജയന്‍ അറുപതാണ്ടുമുന്നേ കാണിച്ചുതന്ന ചിത്രമാണ് ഇന്നത്തെ പ്രസ്ഥാനങ്ങളുടേത്. സഞ്ജയന്‍ പാടിയതിന്റെയും പറഞ്ഞതിന്റെയും പൊരുള്‍ നേരില്‍ കണ്ട് ബോദ്ധ്യപ്പെടാന്‍ സൂക്ഷിച്ചുനോക്കേണ്ട കാര്യം തന്നെയല്ലാത്ത അവസ്ഥ.

പണ്ട്് റോയിട്ടറില്‍ വന്നത് വായിച്ച ഒരദ്ഭുതം സഞ്ജയന്‍ അത് എടുത്തെഴുതി.

'എന്തൊരദ്ഭുതം, വാലില്‍ തലയുള്ള ഒരു ജീവിയെ ആഫ്രിക്കയില്‍ കണ്ടെത്തിയിരിക്കുന്നു'

അതിനുതാഴെ ഒരടിക്കുറിപ്പായി ഇത്രമാത്രം. 'അതിലെന്തല്ഭുതം ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വയറ്റിലല്ലേ തല'. എഴുതിയത് ഏതാണ്ടെഴുപതുകൊല്ലം മു്‌ന്നേയാണെന്നോര്‍ക്കണം. നേതൃത്വത്തിലുള്ളത് മഹാത്യാഗികളുടെ ഒരു നിരയും. കാലം നേതാക്കള്‍ തെറ്റും സഞ്ജയന്‍ ശരിയും എന്നാണ് തെളിയിച്ചത്.

അതിനാണ് ധിഷണ എന്നുപറയുക. തുറന്ന പുസ്തകങ്ങളായിരുന്ന നേതാക്കളുടെ ജീവിതം അടഞ്ഞ അദ്ധ്യായങ്ങളായി, അവശേഷിക്കുന്നത് അപസര്‍പ്പകകഥകളും മഞ്ഞപ്പുസ്തകങ്ങളുമായി.

അതേ പടപ്പാട്ടുകാരായ കവികള്‍ക്കും പടവെട്ടുകാരായ കമ്മ്യൂണിസ്റ്റുകാര്‍ക്കും ഒട്ടിയ വയറുപോയി കുമ്പ അസാരം കൂടി. അന്യംനിന്നുപോയേക്കാവുന്ന വംശാവലിയിലെ അവസാനത്തെ കണ്ണികളുടെ വിലാപകാവ്യം എന്നു പറയേണ്ടിവരും. നല്ലത്് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എപ്പോഴും. പ്രസിദ്ധീകരണം വല്ലപ്പോഴും.

ഒരു കപ്പു ചായ

ഫാഷന്റെ നശ്വരതയാണ് വ്യക്തിയുടെ ശാരീരിക അനശ്വരതയ്ക്കായുള്ള ഇച്ഛയെ നിലനിര്‍ത്തുന്നത് എന്നതുപോലെ ഒട്ടനവധി നിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാണ് ഉഷാകുമാരിയുടെ 'ഉടല്‍ ഒരു നെയ്ത്ത് - ചുരിദാര്‍ ഫാഷനും ലിംഗപദവിയും' എന്ന നല്ല ലേഖനം. വസ്ത്രത്തിന്റെ ചരിത്രത്തിലേയ്ക്കും സാമൂഹികവികസനത്തിന്റെ ചരിത്രത്തോടൊപ്പം ചുവടുവച്ച വസ്ത്രധാരണരീതികളിലേയ്ക്കും പോസ്റ്റ് വെളിച്ചം വീശുന്നു. മനുഷ്യമനസ്സിന്‍മേല്‍ മാര്‍ക്കറ്റ് അധിനിവേശം പരസ്യത്തിലൂടെയും മറ്റും നടക്കുമ്പോഴാണ് ഫാഷന്‍ഭ്രമം ആളുകളില്‍ കുടിയേറുക. ആവശ്യങ്ങള്‍ സാധാരണ ആഗ്രഹങ്ങളായി മാറുകയാണ് പതിവ്.


ചിലപ്പോഴെങ്കിലും, പരപ്രേരണയാലുളവാകുന്ന ആഗ്രഹങ്ങള്‍ ആവശ്യങ്ങളാക്കി മാറ്റി അതിനെ മാര്‍ക്കറ്റുചെയ്യുന്നതില്‍ പരസ്യങ്ങള്‍ ചില്ലറ പങ്കല്ല വഹിക്കുന്നത്. ഉദാഹരണമായി വസ്ത്രങ്ങള്‍ തന്നെയെടുക്കാം. കേരളത്തില്‍ ലഭ്യമാവുന്ന ഏതു കിടിലന്‍ ബ്രാന്‍ഡുകളോടും ഒരു കൈനോക്കാന്‍ ശേഷിയുള്ളതുതന്നെയാണ് പയ്യന്നൂര്‍ഖാദിപോലുള്ള തനിനാടന്‍ വസ്ത്രങ്ങള്‍. വിലയും കുറവുതന്നെയാണ്. പക്ഷേ ആര് എന്ത് ധരിക്കണം എന്ന തീരുമാനം ഇന്ന് ഏതാണ്ട് കൈക്കൊള്ളുന്നത് വിപണിയാണ്. ആണ്‍പെണ്‍ ഭേദമില്ലാതെ.

വസ്ത്രങ്ങളുടെ ചരിത്രം സാമൂഹികവികാസത്തിന്റെ കൂടി ചരിത്രമാണ്. വസ്ത്രധാരണരീതി ഒരുപാടുകാര്യങ്ങളെ ആശ്രയിച്ചിരിക്കും. അതില്‍ ജൈവശാസ്ത്രപരം, സൗകര്യപ്രദം, പിന്നെ ലേഖിക സൂചിപ്പിക്കുന്ന പുരുഷമേധാവിത്വസമൂഹത്തിന്റെ പ്രതിഫലനം എല്ലാമുണ്ടായിരിക്കുക സ്വാഭാവികമാണ്. സാമൂഹികപുരോഗതി എന്നു പറയുമ്പോള്‍ ഒരിക്കലും അത് ആണിന്റെ പുരോഗതിയും പെണ്ണിന്റെ അധോഗതിയുമല്ല. സ്വാഭാവികമായും സ്ത്രീസമൂഹം ഒരുപാടു മുന്നേറിയിട്ടുണ്ട്.

'സ്ത്രീകളുടെ ശരീരസംബന്ധിയായ സ്വയം നിര്‍ണയനവും അത്തരത്തില്‍ അവര്‍ നടത്തുന്ന വൈയക്തികവും സാമൂഹികവുമായ അന്വേഷണങ്ങളും അലച്ചിലുകളും ആനന്ദത്തിന്റേയും സംതൃപ്തിയുടേയും വൈയക്തികമായ ഇടങ്ങളും ഇനിയും നാം കാണാതിരുന്നുകൂടാ'. പുരുഷനായാലും സ്ത്രീയായും അടിമത്തം ജന്മമെടുക്കുന്നത് സാമ്പത്തികസ്വാതന്ത്ര്യമില്ലായ്മയില്‍ നിന്നുമാണ്. കറുത്തവള്‍ മാത്രമല്ല കറുത്തവനും വെളുത്തവന്റെ അടിമയായിരുന്നു. കാരണം സാമ്പത്തികമായിരുന്നു. കേരളത്തിലെ ജാതിവ്യവസ്ഥയുടെ അടിസ്ഥാനവും സാമ്പത്തികമായിരുന്നു.

നാലുമുക്കാലുള്ള തീയ്യനും മാപ്പിളയും നായരും നല്ല ഐക്യത്തില്‍ കഴിഞ്ഞതാണ് മലബാറിന്റെ ചരിത്രം. നാലുമുക്കാലില്ലാത്ത തീയ്യനുമായും മീന്‍വിറ്റ് കഞ്ഞികുടിക്കേണ്ടിവന്ന മാപ്പിളയുമായിട്ടും മാത്രമായിരുന്നു അയിത്തം . ഓട്ടമുക്കാലും കൂടി കണികാണാന്‍ പറ്റിയ ഒരുത്തനും കുലത്തിലില്ലാതെപോയ പറയനും പുലയനുമായും സമ്പൂര്‍ണ ഐത്തവും. ആദിവാസിയുടെ ഇന്നത്തെ സ്ഥിതിയെന്താണെന്നുകൂടി നോക്കുക. അവിടെ പ്രതിഭാഗത്ത് നമ്പൂതിരിയും നായരുമൊന്നുമല്ലല്ലോ.

പുരുഷമേധാവിത്വത്തിന്റെ കാരണവും സാമ്പത്തികമാണ്. അതിന്റെ എറ്റവും വലിയതെളിവാണ് ലേഖിക പറയുന്ന ഈ പുരോഗതിയെല്ലാമുണ്ടായിട്ടും പോക്കറ്റുള്ള ഒരു ടോപ്പ് ഇന്നും നാട്ടില്‍ കിട്ടാത്തത്. കാരണം സാമ്പത്തിക സ്വയംനിര്‍ണയം ഇന്നും ഭൂരിഭാഗത്തിനും കിട്ടാക്കനിയാണ്. ആയൊരു അവസ്ഥയിലേയ്ക്കാണ് സ്ത്രീസമൂഹം ഉയരേണ്ടത്.

'കലാലയങ്ങളിലും ബ്യൂട്ടിപാര്‍ലറുകളിലും ബോഡികെയര്‍ ഷോപ്പുകളിലും ഫാഷന്‍ റാമ്പുകളിലും റിയാലിറ്റി ഷോവിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും ഫിറ്റ്‌നെസ് സെന്ററുകളിലും ഡ്രൈവിംഗ് സ്‌കൂളിലുമെല്ലാമായി തുള്ളിച്ചാടുകയും ഇളകിമറിയുകയും ചെയ്യുന്ന പെണ്‍ശരീരങ്ങള്‍ സ്ത്രി (മധ്യവര്‍ഗ/നാഗരികസ്ത്രീ?) യുടെ പുരുഷാധിപത്യ നിര്‍മിതമായ ആവരണങ്ങള്‍ നീക്കി കര്‍തൃത്വത്തിലേയ്ക്കു പ്രകാശനക്ഷമമാവുകതന്നെയാണ്'.

കേട്ടറിവും കണ്ടറിവും വച്ച് റാമ്പില്‍ ആരെന്തുടുക്കണം, ഉടുത്തവളും ഉടുക്കാത്തവളും എങ്ങിനെ നടക്കണം, നടപ്പില്‍ എന്തെല്ലാം ഉരിഞ്ഞ് താഴെപോവണം അഥവാ വാര്‍ഡ്‌റോബ് മാള്‍ഫങ്ഷണിങ്, എന്തെല്ലാം പരിശോധിക്കണം, ആരെല്ലാം വിധികര്‍ത്താക്കളാകണം എന്നെല്ലാം തീരുമാനിക്കുന്നത് ആണ്‍ശിങ്കങ്ങളാണ്. ബാക്കിയെല്ലാം സമ്മതിച്ചാലും ഫാഷന്‍ ഷോയില്‍ തുണിയുരിമ്പോള്‍ പുരുഷാധിപത്യനിര്‍മ്മിതമായ ആവരണങ്ങള്‍ നീക്കി സ്ത്രീ കര്‍തൃത്വത്തിലേയ്ക്ക് കുതിക്കുന്ന സാങ്കേതികവിദ്യമാത്രം ഈയുള്ളവന് പിടികിട്ടുന്നില്ല.

അനുബന്ധമായി ചേര്‍ത്ത നെറൂദയുടെ കവിത അതിമനോഹരം. വസ്ത്രവും ശരീരവും തമ്മിലുള്ള ബന്ധം ഏതാണ്ട് ആത്മാവും ശരീരവും പോലുള്ളതാണെന്നു തോന്നുന്നു.

1 comment:

എന്‍.കെ said...

കേട്ടറിവും കണ്ടറിവും വച്ച് റാമ്പില്‍ ആരെന്തുടുക്കണം, ഉടുത്തവളും ഉടുക്കാത്തവളും എങ്ങിനെ നടക്കണം, നടപ്പില്‍ എന്തെല്ലാം ഉരിഞ്ഞ് താഴെപോവണം അഥവാ വാര്‍ഡ്‌റോബ് മാള്‍ഫങ്ഷണിങ്, എന്തെല്ലാം പരിശോധിക്കണം, ആരെല്ലാം വിധികര്‍ത്താക്കളാകണം എന്നെല്ലാം തീരുമാനിക്കുന്നത് ആണ്‍ശിങ്കങ്ങളാണ്