Monday, December 8, 2008

ബ്ലോഗ്‌ വിചാരണ - 2

പോട്ടം

കൈപ്പള്ളിയുടെ വരികള്‍ മനോഹരം വരയോ അതിലേറെ മനോഹരം. റോബര്‍ട്‌ ഫ്രോസ്‌റ്റിന്റെ മെന്റിംഗ്‌ ദി വാള്‍സ്‌ എന്ന കവിതയില്‍ കവി പറയുന്നു 'ഗുഡ്‌ ഫെന്‍സസ്‌ മെയ്‌ക്‌ ഗുഡ്‌ നെയ്‌ബേര്‍സ്‌ എന്ന്‌. എല്ലാ മതിലുകള്‍ക്കും കവി എതിരായിരുന്നുവെങ്കില്‍ കൂടി പരിഷ്‌കൃത സാമൂഹിക ബന്ധങ്ങളില്‍ മതിലുകള്‍ക്ക്‌ വഹിക്കാനുള്ള അത്യാവശ്യം പങ്കിലേക്ക്‌ വിരല്‍ചൂണ്ടുന്നൂ ആ വരികള്‍.

വിജ്ഞാനവും വിവേകവും പോലെയാണ്‌ മനുഷ്യനും മതിലുകളും. വിജ്ഞാനത്തിന്റെ വളര്‍ച്ച അഥവാ മനുഷ്യന്റെ വളര്‍ച്ച വിസ്‌ഫോടനാത്മകമാവുമ്പോള്‍ അവന്‍ സൃഷ്ടിച്ച മതിലുകള്‍ നിന്നിടത്തുതന്നെ നില്‌ക്കുന്നു. അവന്റെ വിവേകം പോലെ. ബഹിരാകാശത്തേക്ക്‌ വലിഞ്ഞുകയറി അവിടെനിന്ന്‌ ചൈനീസ്‌ വന്‍മതിലിന്റെ പോട്ടം പിടിക്കേണ്ട ഗതികേടിലാണ്‌ നമ്മള്‍. അവിടുന്ന്‌ നോക്കിയാല്‍ ഭൂമിയില്‍ കാണുന്ന മനുഷ്യനിര്‍മ്മിതമായ ഒരേയൊരു സംഗതി ഒരു മതിലായത്‌ നമ്മുടെ കയ്യിലിരിപ്പിന്റെ ഗുണം എന്നല്ലാതെന്തുപറയുവാന്‍.

ഇവിടെ പരാമര്‍ശിക്കപ്പെടുന്ന സംരക്ഷണത്തിനെന്നോണം അവതരിപ്പിക്കപ്പെട്ട അവിവേകത്തിന്റെ ഇരുമ്പുവേലികള്‍ക്ക്‌ പുറമേയ്‌ക്ക്‌ സത്വമായി വളരുന്ന കവിയുടെ വൈജ്ഞാനീക മണ്ഡലത്തിന്റെ സൂര്യശോഭയിലും ഉരുകാതെ ഇരുമ്പുവേലികള്‍ നിലകൊള്ളുന്നു. ആ മതില്‍ കെട്ടിനുള്ളില്‍ മനുഷ്യന്‍ മരിക്കുന്നു.

കൈപ്പള്ളിയുടെ വരികളും വരകളും സമ്മേളിപ്പിച്ച്‌ രൂപംകൊടുത്ത നൂതനശൈലി. ആശംസകള്‍.

തീവ്രവാദി

എം.എം. പൗലോസിന്റെ ശൈലി ശ്രദ്ധേയം. കുറിക്കു കൊള്ളുന്ന വാക്കുകളുടെ ‌പ്രത്യേകതരത്തിലുള്ള വിന്യാസംതന്നെ വായനക്കാരനെ ചിരിപ്പിക്കാന്‍ ശക്തം. അത്തരമൊരു ശൈലിക്ക്‌ മുന്നില്‍ നടക്കാന്‍ പോന്ന ഭാവനാവൈഭവവും ഒത്തുചേരുമ്പോള്‍ എഴുത്ത്‌ അതീവഹൃദ്യമാവുന്നു.

ദുര്‍മ്മേദസ്സില്ലാത്ത എഴുത്താണ്‌ ഹാസ്യത്തിന്‌ ഏറ്റവുമനിവാര്യം. ആവശ്യത്തിനുമാത്രം വാക്കുകള്‍ ഏറ്റവും നല്ല ഫോര്‍മുലയില്‍ ചേര്‍ത്തുവെയ്‌ക്കുമ്പോഴാണ്‌ മനോഹരമായ വാചകങ്ങള്‍ പിറവിയെടുക്കുന്നത്‌. സാമൂഹിക ജീവിതത്തെ ഏറ്റവും സീരിയസ്സായി സമീപിക്കുന്നവരില്‍ ‍നിന്നുമാണ്‌ ശുദ്ധ ആക്ഷേപഹാസ്യം ഉടലെടുക്കുക. "വിവിധതരം തലകളിലൂടെ ബാര്‍ബര്‍ നടത്തിയ പര്യടനം, സംഘര്‍ഷകാലത്തെ പലഹാരങ്ങള്‍, തുടങ്ങിയ പ്രയോഗങ്ങള്‍ നോക്കുക.

ചിലപ്പോഴെങ്കിലും കൃത്രിമത്വം അനുഭവപ്പെടുത്തുന്നത് ഒഴിവാക്കാമായിരുന്നു. പിള്ളയുടെ മകളെ പരാമര്‍ശിക്കുമ്പോള്‍ 'പരിപ്പുവടയില്‍ നിന്ന്‌ പൂവന്‍പഴമോ' എന്ന പ്രയോഗം തന്നെ ഉദാഹരണം. ശാകുന്തളത്തില്‍ കാളിദാസന്‍ ശകുന്തളയുടെ മാസ്‌മരീകഭംഗി അനാവരണം ചെയ്‌തത്‌ ഒറ്റ പ്രയോഗത്തിലൂടെയാണ്‌ 'മിന്നല്‍ക്കൊടി മന്നില്‍ നിന്നുണ്ടാവിലാ"

വിരഹത്തിന്റെ ജപ്പാന്‍കുഴിയും മഹേശ്വരന്‍ പിള്ളയുടെ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴിയുള്ള ഭ്രാന്തും ചിലപ്പോഴെങ്കിലുമുള്ള ആ കൃത്രിമത്വത്തിന്റെ പാപം കഴുകിക്കളയുന്നുമുണ്ട്‌. കുഞ്ചന്‍ കൊളുത്തിയ സ്വാഭാവിക ഹാസ്യത്തിന്റെ ആ പന്തം മലയാളസാഹിത്യത്തില്‍ പിന്നീട്‌ ആളിക്കത്തിച്ചത്‌ സഞ്‌ജയനായിരുന്നു. അതേറ്റുവാങ്ങിയ ബഷീറും വി.കെ.എന്നും കെടാതെ സൂക്ഷിച്ച ആ ദീപശിഖ ഏറ്റുവാങ്ങാന്‍ പുതിയതലമുറയില്‍ ആളുണ്ടോയെന്ന്‌ വിളിച്ചു ചോദിക്കേണ്ട അവസ്ഥയിലും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ഇ-വായനയുടെ എഴുത്തിന്റെയും ലോകത്തു കാണപ്പെടുന്നത്‌ ആശാവഹമാണ്‌.

സമകാലീകം

പുതിയ കൊയ്‌ത്തിന്‌ വിത്തിറക്കുക എന്ന ആര്‍.രമേശന്‍ നായരുടെ കവിതയും അതിമനോഹരമായ ചിത്രവും മനുവിന്റെ ബ്ലോഗിനെ ശ്രദ്ധേയമാക്കുന്നു. നെഞ്ചിലെ നെരിപ്പോട്‌ വാക്കുകളിലേക്ക്‌ മുഴുവനായും ആവാഹിക്കുന്നതില്‍ കവി വിജയിച്ചിരിക്കുന്നു. ഇനിയൊരു പക്ഷേ കാണാന്‍ കഴിഞ്ഞെന്നു വരാത്ത നാട്ടിയുടെ (ഞാറുനടലിന്റെ മലബാര്‍ വേര്‍ഷന്‍) ചിത്രം വായനക്കാരന്റെ ചിന്തകളെ ദശാബ്ദങ്ങള്‍ പിറകിലോട്ട്‌ പായിക്കാന്‍ പര്യാപ്‌തം.

അപ്പോള്‍ സ്വാഭാവികമായും കവിയുടെ "എവിടെയെന്റെ ഉഴവുമാടുകളെവിടെയെന്റെ കലപ്പകള്‍, കനകകാന്തി വിതച്ച വിത്തുകളെവിടെയെന്റെ കിടാത്തികള്‍?.......' ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയേണ്ട ബാദ്ധ്യതയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആര്‍ക്കു കഴിഞ്ഞാലും കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ കഴിയില്ല.

പശ്ചാത്തപിച്ചതുകൊണ്ടുപോലും പ്രയോജനമില്ലാത്ത വിധം തകര്‍ന്നു തരിപ്പണമായ കേരളത്തിലെ കാര്‍ഷികമേഖലയുടെ സമകാലികചിത്രം സ്വയം വിമര്‍ശനം ലക്ഷ്യം വച്ച്‌ ഒരു കവിതയിലൂടെ മനു പ്രസിദ്ധീകരിച്ചതായേക്കാമെന്നു തോന്നുന്നു.

മലബാറിലെ വയലുകളും കണ്ടല്‍ വനങ്ങളും ഒന്നൊന്നായി നികത്തി പണിതിട്ട കൊട്ടാരങ്ങളെല്ലാം എരപ്പാളികളുടെ പാര്‍ട്ടിയുടേതായത്‌ വിധി വൈപരീത്യം എന്നല്ലാതെന്തുപറയാന്‍?
"ചെളിപുരണ്ടു കറുത്തുണങ്ങിയ ചെറുമനെവിടെ?
കൊയ്‌തൊഴിഞ്ഞ നിലങ്ങളില്‍ കളിവീടുകെട്ടിയ മക്കളിന്നെവിടെ?'
ചെങ്ങറയില്‍ പോയി നോക്കിയാല്‍ മനുവിന്‌ അവരെ കാണാവുന്നതേയുള്ളൂ.

റെറ്റിനോപ്പതി

മനുഷ്യന്‍ നടത്തിയ മഹാകണ്ടുപിടുത്തങ്ങളില്‍ ഒന്നുതന്നെയാണ്‌ ഫോട്ടോഗ്രഫി. ചിലപ്പോള്‍ ആയിരം പേജുകളുടെ ധര്‍മ്മം നിര്‍വ്വഹിക്കും ഒരൊറ്റ ചിത്രം. ഏറനാടന്റെ ക്ലിക്കുകള്‍ ഈയുള്ളവന്റെ ചിന്തയെ കൊണ്ടു ചെന്നെത്തിച്ചത്‌ ഈയടുത്ത കാലത്തു വന്ന സര്‍ക്കാര്‍ ഉത്തരവിലേക്കാണ്‌. പ്രസവാവധി ആറുമാസവും പതിനെട്ടു വയസ്സുവരെ വരുന്ന ശിശുപരിപാലനത്തിനായി രണ്ടുവര്‍ഷത്തെവരെ സശമ്പളം അവധിയും നല്‌കിയ സര്‍ക്കാര്‍ ഉത്തരവും ഈ മുന്നാര്‍ ചിത്രങ്ങളും കൂട്ടിവായിച്ചാല്‍ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്‌. സ്‌ത്രീ പുരുഷ സമത്വത്തെക്കാള്‍ അടിയന്തിരമായി വേണ്ടത്‌ സ്‌ത്രീകള്‍ക്കിടയില്‍ സമത്വമാണെന്നു തോന്നുന്നു. ഏറനാടനും ചിത്രങ്ങള്‍ക്കും നന്ദി.

നമതുവാഴും കാലം

സ്‌മോള്‍ ഈസ്‌ ബ്യൂട്ടിഫുള്‍. 'ശനിവൃത്താന്തം' വെരി ബ്യൂട്ടിഫുള്‍. വായനക്കാരന്റെ ശ്രദ്ധ തന്റേതല്ലാത്ത കാരണം കൊണ്ട്‌ വായനയില്‍ നിന്നും അകന്നുപോവുന്നെങ്കില്‍ എഴുത്തുകാരനെ തൂക്കിക്കൊല്ലണം എന്നൊരെളിയ അഭിപ്രായം ഇതെഴുതുന്നയാള്‍ക്കുണ്ട്‌. പല ബ്ലോഗുകളും വായിച്ചതില്‍ നിന്നുമുള്ള സ്വാഭാവിക പ്രതികരണമായി വായനക്കാര്‍ എടുത്താല്‍ മതി.

അങ്ങിനെയുള്ളതില്‍ നിന്നും അമ്പേ വേറിട്ടുനില്‌ക്കുന്നു ഈ പോസ്‌റ്റ്‌. ഒന്നാംതരം പ്രയോഗങ്ങള്‍, സുന്ദരമായ ശൈലി. ഒറ്റ ശ്വാസത്തില്‍ വായിച്ചുതീര്‍ക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്ന ലളിതവും ആകര്‍ഷകവുമായ വാക്കുകളാല്‍ തീര്‍ത്ത സുന്ദര സൃഷ്ടി. തികഞ്ഞ നര്‍മ്മബോധം കൈമുതലായുള്ള ലേഖകന്‍ കത്തിക്കയറുന്നത്‌ പത്രങ്ങളില്‍ പണ്ടേയുള്ളതും ഇപ്പോള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നതുമായ ചില ദുഷ്‌പ്രവണതകള്‍ക്കെതിരെയാണ്‌. നയന്‍താരയുടെ അശ്ലീല പ്രദര്‍ശനം മാതൃഭൂമിക്ക്‌ വിഷയമായതും അമേരിക്കന്‍ തിരഞ്ഞെടുപ്പ്‌ ഇന്ത്യയിലെ പ്രാദേശീക പത്രങ്ങള്‍ വരെ ആഘോഷമാക്കിയതും മറ്റും വിമര്‍ശനത്തിനു പാത്രമാവുന്നു.

തടിച്ച സ്‌ത്രീകള്‍ ലൈംഗീകമായി കൂടുതല്‍ സജീവമാണെന്ന്‌ കണ്ടെത്തിയ നേഷണല്‍ സര്‍വ്വേ ഓഫ്‌ ഫാമിലി ഗ്രോത്തിന്റെ പഠനറിപ്പോര്‍ട്ടും പൂര്‍വ്വസൂരികളുടെ സ്‌ത്രീവിഷയത്തിലുള്ള ജ്ഞാനവും മനോഹരമായി പരാമര്‍ശിച്ചുപോകുന്നു. കൊഴുത്ത സുന്ദരികള്‍ ലേഖകന്‍ പറഞ്ഞതുപോലെ ഗജരാജവിരാജിത മന്ദഗതി തുടരട്ടെ. ഗ്രഹണിപിടിച്ച സുന്ദരികള്‍ റാമ്പിലും വിളങ്ങട്ടെ.

ആല്‍ത്തറ

പ്രശാന്ത്‌ ആര്‍ കൃഷ്‌ണന്റെ ആല്‍ത്തറയിലേക്ക്‌ കടന്നുവന്നപ്പോള്‍ കാത്തിരുന്നത്‌ ബൂലോഗത്തോടുള്ള ഒരു ചോദ്യമാണ്‌. ആരെയാണ്‌ നിങ്ങള്‍ ഈ ലോകത്ത്‌ ഏറ്റവും കൂടുതലായി സ്‌നേഹിക്കുന്നത്‌?

പണ്ട്‌ ഇതേ ചോദ്യം ചാര്‍ളി ചാപ്ലിനോട്‌ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചിരുന്നപ്പോള്‍ കിട്ടിയ മറുപടി 'എന്നെത്തന്നെ" എന്നായിരുന്നു. 'അതു കഴിഞ്ഞാല്‍' എന്ന പത്രക്കാരന്റെ ചോദ്യത്തിന്‌ ചാപ്ലിന്റെ മറുപടി 'അതു കഴിയുന്നില്ലല്ലോ" എന്നായിരുന്നു.

നമ്പൂതിരിപ്പാടിയന്‍ ശൈലി കടമെടുത്തു തുടങ്ങിയാല്‍, ചോദ്യകര്‍ത്താവിന്റെ ചോദ്യം തന്നെ തെറ്റാണെന്നും എന്തിനെയാണ്‌ നിങ്ങള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത്‌ എന്നും ചോദിക്കേണ്ടിയിരിന്നുവെന്നും പറയേണ്ടിവരും.

മിക്കവാറും നിങ്ങള്‍ എന്തിനെ സ്‌നേഹിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കില്ലേ നിങ്ങള്‍ ആരെ ഇഷ്ടപ്പെടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ കിടപ്പ്‌. ഉദാഹരണമായി നിങ്ങള്‍ അധികാരത്തെ എന്തിനും മീതെയായി ഇഷ്ടപ്പെടുന്നെങ്കില്‍ ഏറ്റവും കൂടുതലായി നിങ്ങളെത്തന്നെ സ്‌നേഹിക്കും. ആന്റണിയെപ്പോലെ സ്വന്തം ഇമേജിന്റെ തടവറ അവര്‍ക്കുള്ളതാകുന്നു. മറ്റുള്ളവരുടെ സ്‌നേഹം നിങ്ങള്‍ക്കാവശ്യമാണെങ്കില്‍ ഭാര്യയെയും കുട്ടികളെയും മാതാപിതാക്കളെയും സ്‌നേഹിക്കും. എല്ലാറ്റിനുമുപരിയായി നിങ്ങളെയും. സമൂഹത്തിലൊരു സ്ഥാനം നിങ്ങള്‍ വിലമതിക്കുന്നുവെങ്കില്‍ സമൂഹത്തെ സ്‌നേഹിക്കാന്‍ ശ്രമിക്കാതിരിക്കുകയില്ല. അതും നിങ്ങള്‍ക്കുശേഷം മാത്രം.

'തള്ളയ്‌ക്കിട്ടൊരു തല്ലുവരുമ്പോള്‍
പിള്ളയെടുത്തു തടുക്കേയുള്ളൂ'
കുറച്ച്‌ അതിശയോക്തിയാണെങ്കിലും കുഞ്ചന്‍ ഒരുപാട്‌ ശരിയായിരുന്നു എന്ന്‌ പല സംഭവങ്ങളും നമ്മെ പഠിപ്പിക്കുന്നു. ചാപ്ലിനും കുഞ്ചനും നന്ദി. ഇങ്ങിനെ കുറിക്കാനിടയാക്കിയ ആല്‍ത്തറയിലെ ചോദ്യത്തിനും.

6 comments:

naakila said...

വിചാരണ നന്ന്
കതിരും പതിരും തിരിച്ചറിയുമല്ലോ
ആശംസകള്‍

Rejeesh Sanathanan said...

വിചാരണകള്‍ നല്ലതാണ്.ഏതു കാര്യത്തിലും

ശ്രീ said...

തുടരട്ടെ...

Areekkodan | അരീക്കോടന്‍ said...

ആശംസകള്‍

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായി. ഇതുപോലൊരു ബ്ലോഗ്‌ അത്യാവശ്യമായിരുന്നു. ഇപ്പോഴാണ്‌ കണ്ടത്‌. ആശംശകൾ.
.

ഏറനാടന്‍ said...

നന്ദി. എല്ലാ ആശംസകളും ഈ ഉദ്യമത്തിനു നേരുന്നു.