Sunday, August 2, 2009

ബൂലോഗ വിചാരണ 18

അനിതാമാധവം

ഗതകാലത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാവാം ഭാവിയുടെ മധുരതരമായ ഓര്‍മ്മകള്‍ എന്നു പാടിയത്‌ ഷെല്ലി (Our sweetest songs are those of saddest thought). നശ്വരമായ പ്രണയസാഫല്യത്തിലേയ്‌ക്ക്‌ വഴുതിവീഴാതെ അനശ്വരമായ പ്രണയത്തിന്റെ ഓര്‍മ്മകളിലേക്ക്‌ വഴിമാറിയ പ്രണയത്തിന്റെ സുഖകരമായ ഓര്‍മ്മകള്‍ വായനക്കാരുടെ സ്‌മൃതിപഥങ്ങളിലേയ്‌ക്കെത്തിക്കുന്നു അനിത.

അവന്റെ അക്ഷരക്കൂടുകള്‍ സിരകളില്‍ ഉന്മാദത്തിന്റെ, മോഹത്തിന്റെ പ്രണയമൊട്ടുകള്‍ തീര്‍ത്തെങ്കിലും അവന്റെ പ്രണയത്തിന്റെ പൂമ്പൊടിയുമായി പ്രണയമാരുതന്‍ വന്നണയാതെ പ്രണയം പ്രണയിനിയിലൊതുങ്ങി. അവള്‍ക്കുമാത്രം സ്വന്തമായ ഒരു പ്രണയം. ഓര്‍മ്മകള്‍ താലോലിക്കാന്‍, വരികളായി പങ്കുവെക്കാന്‍. വാക്കുകളില്‍ കവിതയുണ്ട്‌. കവിതയില്ലാത്ത വാക്കുകളുമില്ല. സുന്ദരമായ വരികള്‍. അധികമാരും കടന്നുചെല്ലാത്ത പ്രണയത്തിന്റെ മറ്റൊരുലോകം വായനക്കാര്‍ക്കായി ഒരുക്കിവെക്കുന്ന അനിത.

വരികളോടും വരകളോടുമുള്ള പ്രണയം, കഥാപാത്രങ്ങളോടുള്ള അഭിനിവേശം എഴുത്തുകാരോടും അഭിനേതാക്കളോടുമുള്ള പ്രണയമായി മാറുമ്പോഴേക്കും ആ വരികളില്‍ നിന്നും എഴുത്തുകാരനും വരകളില്‍ നിന്നും ചിത്രകാരനും കഥാപാത്രത്തില്‍ നിന്നും അഭിനേതാവും അടുത്ത സ്വീകരണമുറിയിലേക്ക്‌ കുടിയേറിയിട്ടുണ്ടാവും. മറ്റൊരു വരിയായി, ചിത്രമായി, കഥാപാത്രമായി.

ആ വണ്‍വേ പ്രണയങ്ങള്‍ അവര്‍ക്കുള്ള നല്‌കപ്പെടാത്ത അവാര്‍ഡുകളായി അവശേഷിക്കും. 'പ്രണയമലരായി വിടരാതെ' ആ പ്രണയങ്ങള്‍ തളിരണിയട്ടെ. അതുതന്നെയാണ്‌ പ്രണേതാക്കളുടെ ആരോഗ്യത്തിനും നല്ലത്‌. അല്ലെങ്കില്‍ ഡിക്ഷ്‌ണറിയില്‍ മാത്രമല്ല ജീവിതത്തിലും വരുമായിരുന്നു Marriage നും മുന്‍പേ Divorce. കളിവിളക്കുതെളിയുമ്പോഴത്തെ രൗദ്രഭീമനെ പ്രണയിച്ചു കളിക്കാരനെ കെട്ടിയെന്നു കരുതുക. വേഷമഴിച്ച ബകനെ അന്തിപ്പായയില്‍ കാണുന്നതോടെ തീര്‍ന്നു കഥ.

മിഴിവിളക്ക്‌

സീനിയര്‍മാര്‍ വേട്ടക്കാരും ജൂനിയര്‍മാര്‍ ഇരകളുമായി വരുന്ന തെമ്മാടിത്തത്തിന്റെ താലൂക്കാഫീസുകളായി നമ്മുടെ കലാലയങ്ങള്‍ വളര്‍ന്നു. അഥവാ വളര്‍ത്തി. റാഗിംഗ്‌ എന്ന്‌ ഓമനപ്പേരിട്ട ഈ വിദ്യാഭീകരതയുടെ അവസാനത്തെ? ഇരയാണ്‌ സഹപാഠികള്‍ തല്ലിക്കൊന്ന അമീന്‍ കചറു. മുന്‍പ്‌ ചെന്നെയില്‍ ഒരു പ്രെഫസറുടെ ഏകമകനെ കരാട്ടേക്കാരായ സഹപാഠികള്‍ ചവുട്ടിക്കൊന്ന്‌ റിക്കോര്‍ഡിട്ടിരുന്നു.

ഇവിടെ കേരളത്തില്‍ എസ്‌.എം.ഇ സംഭവത്തിലെ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീലിനുപോയെന്നു തോന്നുന്നു. ഒരു ചെറ്റക്കുടിലില്‍ നിന്നും ഉടുതുണിക്കു മറുതുണിയില്ലാതെ എന്നുപറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവാത്ത ഒരു പാവം പെണ്‍കുട്ടി ഇര. കുറെ പണച്ചാക്കുകളായ മാതാപിതാക്കളുടെ പുത്രന്‍മാര്‍ വേട്ടക്കാര്‍. വേട്ടപ്പട്ടികളായി ചില സീനിയര്‍ പെണ്‍കുട്ടികള്‍ തൊട്ട്‌ പ്രിന്‍സിപ്പല്‍ വരെ. റാഗിംഗ്‌ എന്ന ഓമനപ്പേരില്‍ പരിഷകള്‍ കുട്ടിയെ കൂട്ടബലാല്‌സംഗത്തിനിരയാക്കുമ്പോള്‍ ചേച്ചിമാര്‍ കണ്ടുരസിച്ചെന്നാണ്‌ പറയപ്പെടുന്നത്‌. നിത്യന്റെ ഈ പോസ്‌റ്റുകള്‍ ആ സംഭവത്തെപ്പറ്റിയാണ്‌.

നമ്മുടെ വിദ്യാലയങ്ങള്‍ പീഢനാലയങ്ങളാവുന്ന സ്ഥിതിയാണ്‌ ഉണ്ടാവുന്നത്‌. അതിനെതിരെ അതിശക്തമായി പ്രതികരിക്കുന്ന, റാഗിംഗ്‌ എന്ന ഭീകരത വിദ്യതേടിയെത്തുന്ന പാവങ്ങളെ എങ്ങിനെ ബാധിക്കുന്നു എന്ന്‌ വിശദമായി അപഗ്രഥിക്കുന്ന മികച്ച ലേഖനമാണ്‌ ഡോക്ടറുടേത്‌. സമകാലികപ്രസക്തമായ വിഷയം ബൂലോഗത്ത്‌ ചര്‍ച്ചയ്‌ക്കുവച്ചതിനു നന്ദി. അഭിവാദ്യങ്ങള്‍.

ഇതു ഞാനാ ... ഇട്ടിമാളൂ

'തിരിവറിവടയാളങ്ങള്‍' എന്ന ശ്രദ്ധേയമായ കഥ ഇട്ടിമാളു ബൂലോഗത്തിന്‌ കാഴ്‌ചവെയ്‌ക്കുന്നു. ഒരു ചിലന്തി അതിന്റെ വലനെയ്യുന്ന ശ്രദ്ധയോടെ കൃത്യമായ വാക്കുകളാല്‍ കലാപരമായി അണിയിച്ചൊരുക്കിയ സൃഷ്ടി. നിഗൂഢതയുടെ കൂരിരുട്ടിലേയ്‌ക്ക്‌ അഥവാ നന്ദന്‍ എന്ന കഥാപാത്രത്തിലേയ്‌ക്ക്‌ പോയിന്റഡ്‌ വെള്ളിവെളിച്ചം വീശുന്ന ബ്രൈറ്റ്‌ ലൈറ്റായി ഏതാനും വരികള്‍ മാത്രം. ആ വരികളും വരികള്‍ക്കിടയിലുമായി ചിതറിവീഴുന്നതാവട്ടെ ഒരച്ഛന്‌ മകളോടുള്ള വാത്സല്യവും. പ്രണയം, സ്‌നേഹം, വാത്സല്യം എന്നിവയ്‌ക്ക്‌ എല്ലാം അതിരുകളുണ്ടെങ്കിലും ആ അതിരുകള്‍ വളരെ നേര്‍ത്തതായതുകൊണ്ടാവണം ചിലരുടെയെങ്കിലും മനസ്സുകളില്‍ നന്ദന്‍ കടന്നുവന്നത്‌ ജന്നിയുടെ കാമുകനായാണ്‌. കൃത്യമായി വാക്കുകളിലൂടെയും വാക്കുകള്‍ക്കിടയിലൂടെയും വായന മുന്നേറുമ്പോഴാണ്‌ നീലോഫറിന്റെ പഴയ ജീവിതസഖാവും ജന്നിയുടെ പിതാവുമായ നന്ദന്‍ പ്രത്യക്ഷപ്പെടുന്നത്‌.

ശ്രദ്ധേയമായ രചന, മനോഹരമായ ഭാഷ, എടുത്തുപറയേണ്ട ആഖ്യാനരീതി. ഒരു തിരക്കഥയുടെ ചേരുവകള്‍ എല്ലാം സ്‌മ്മേളിക്കുമ്പോള്‍ സ്‌നേഹത്തിന്റെയും വെറുപ്പിന്റെയും പുതിയ സങ്കീര്‍ത്തനങ്ങള്‍ രചിക്കുന്ന കഥ. ഇട്ടിമാളുവിന്‌ ആശംസകള്‍.

രാജീവ്‌ ചേലനാട്ട്‌

'നിങ്ങള്‍ ഏതു ചേരിയില്‍' : ബൂലോഗത്തെ സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ഗൗരവമായ രീതിയില്‍ കൈകാര്യം ചെയ്യുന്നവരില്‍ പ്രമുഖനായ രാജീവ്‌ തന്റെ ചെറിയ ലേഖനത്തിലൂടെ ആ വലിയ ചോദ്യമുയര്‍ത്തുകയാണ്‌. ചോദിക്കേണ്ട ഈ കാലത്ത്‌ ചോദിക്കേണ്ട രീതിയില്‍ തന്നെ.

സ്ഥിതിവിവരക്കണക്കുകളിലെ സമൂഹത്തിന്റെ പുറമ്പോക്കുകളായ ചേരികളില്‍ ബ്രിട്ടനിലെ ജനസംഖ്യയെക്കാളധികം പേരും വസിക്കുന്ന രാജ്യമാണ്‌ ഇന്ത്യ എന്ന്‌്‌ ബൂലോഗരെ രാജീവ്‌ ഓര്‍മ്മിപ്പിക്കുന്നു.

വിവേകമില്ലാത്ത വിജ്ഞാനത്തിന്റെ വളര്‍ച്ചയ്‌ക്കാണ്‌ നാം സാക്ഷ്യം വഹിക്കുന്നത്‌. വിജ്ഞാനം ആകാശം മുട്ടെ വളരുമ്പോള്‍ നിന്നിടത്തുനില്‌ക്കുകയോ താഴോട്ടുപോവുകയോ ആവുമ്പോള്‍ ചേരികള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഗ്രന്ഥങ്ങളിലെ സാമൂഹികപ്രതിബന്ധത എന്നത്‌ സമൂഹത്തിലെ വെണ്ണപ്പാളികളോടുമാത്രമുള്ള പ്രതിബന്ധതയുമായി മാറുന്നു.

നമുക്കുള്ളത്‌ ഒരു പാട്‌ മാനേജര്‍മാരാണ്‌. ഇല്ലാത്തത്‌ ലീഡര്‍മാരും. ലക്ഷണം കെട്ടവരെ ലീഡര്‍ എന്നുവിളിച്ചു ആ പദവിയെതന്നെ അപമാനിക്കുകയാണ്‌ ഒരുകൂട്ടര്‍. Manangement is doing things right and Leadership is doing right things എന്നു പീറ്റര്‍ ഡ്രക്കര്‍.

വികലമായ, സമഗ്രമല്ലാത്ത വികസനസങ്കല്‌പങ്ങള്‍ പുതിയ ചേരികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ണപാത്രം കൊണ്ടു മൂടിവച്ച ആ സത്യം കൂടി രാജീവ്‌ വിളിച്ചുപറയുന്നു. നമ്മുടെ സഭ 500 കോടി രൂപ മൊത്തം ആസ്‌തിയുള്ളവരുടേതാണ്‌. അതില്‍ തന്നെ 200 കോടി വെറും അഞ്ചുപേരുടേയും.

ഇതില്‍ ഒരാള്‍ പോലും മുകളില്‍ പറഞ്ഞ 'ലീഡര്‍' ഗണത്തില്‍ വരുന്നില്ല എന്നും കൂട്ടിച്ചേര്‍ക്കട്ടെ. ചേരികളെ മറക്കുവാന്‍ സുരക്ഷിതമായ ചേരിചേരാനയം കൈക്കൊള്ളാം നമുക്ക്‌. രാജീവ്‌ അഭിവാദ്യങ്ങള്‍.

ഐശിബിയും മഷിക്കറുപ്പും

മനുഷ്യവംശത്തിന്റെ ഭൂമിയിലെ നിലനില്‌പിന്റെ മൂലക്കല്ലുകളാണ്‌ മുലകള്‍. ജീവന്റെ ജലം ചുരത്തുന്ന പ്രകൃതിയിലെ മലകളെപ്പോലെ. മനുഷ്യരില്‍ മാത്രമാണെന്നുതോന്നുന്നു ജീവന്റെ അമൃതുചുരത്തുന്നതിനു പുറമേ ഒരു ലൈംഗീക അവയവത്തിന്റെ ധര്‍മ്മം കൂടി നിര്‍വ്വഹിക്കാന്‍ പ്രകൃതി അവയോടാവശ്യപ്പെട്ടത്‌.

ആദ്യം ജീവശാസ്‌ത്രപരമായി പിന്നെ സൗന്ദര്യശാസ്‌ത്രപരമായി ഒടുവില്‍ ലിംഗവിവേചന - പുരുഷമേധാവിത്വ സമൂഹത്തിന്റെ കഴുകന്‍ കണ്ണുകളിലൂടെയും ഐഷാ മഹമൂദ്‌ മുലകളെ നോക്കിക്കാണുന്നു. ധീരമായ എഴുത്ത്‌.

'സംഗീതമപി സാഹിത്യം
സാരസ്വതാ സ്‌തനദ്വയം
ഏകപാതമധുരം
അന്യതാലോചനാമൃതം'

സരസ്വതിയുടെ രണ്ടു മുലകളാണ്‌ സംഗീതവും സാഹിത്യവും. ഏതോ ഒരു പ്രതിഭാശാലി ജീവിതത്തിലെ മുലകളെ സാഹിത്യത്തിലേക്ക്‌ ആവാഹിച്ചതല്ലേ മുകളിലെ വരികള്‍.

"കളമൊഴിമാരുടെ തലയും മുലയും
വളയും തളയും കളിയും ചിരിയും
വളയും പുരികക്കൊടിയും കണ്ടിഹ
വലയും വലയതില്‍ മാനുഷരെല്ലാം"

കുഞ്ചന്‍ സരസമായി വരച്ചിടുന്നതാവട്ടെ തലയും മുലയും കാരണം വലയിലാവുന്നവരുടെ ഹാസ്യചിത്രവും. തലകളോടൊപ്പം തന്നെ മുലകളും സാഹിത്യത്തില്‍ സ്ഥാനം പിടിച്ചതിന്റെ ചില ചരിത്ര രേഖകള്‍ മാത്രം.

മാധവിക്കുട്ടി

"Who is rich? He that is content. Who is that? Nobody. (ബെഞ്ചമിന്‍ ഫ്രാങ്‌ളിന്‍)

നാട്ടിലെ പട്ടിണിയുടെ സമൃദ്ധിയും പ്രണയത്തിന്റെ നോവും അവസാനിക്കുമ്പോഴേക്കും എടുത്തെറിയപ്പെടുന്നത്‌ ഒടുങ്ങാത്ത വിശപ്പിന്റെ മറ്റൊരു ലോകത്തേയ്‌ക്ക്‌. പ്രവാസജീവിതം അതിമനോഹരമായി കവിതയില്‍ ആവിഷ്‌കരിക്കുന്നു മാധവിക്കുട്ടി.

മനുഷ്യന്‍ ഒന്നുകൊണ്ടും തൃപ്‌തനാവുന്നില്ല എന്നതാണ്‌ പരമമായ സത്യം. അവന്റെയും അവളുടെയും വിജയരഹസ്യവും പരാജയകാരണവും അതുതന്നെയാവണം.

ഇഹത്തിലെ നരകവും പരത്തിലെ സ്വര്‍ഗവും പോലെയായിരുന്നു പണ്ട്‌ ഇവിടെ പട്ടിണികിടക്കുന്നവരുടെ കടല്‍കടന്ന മോഹങ്ങള്‍. (ഇന്നും). സംതൃപ്‌തനാണ്‌ സമ്പന്നന്‍. എങ്കില്‍ ആരാണ്‌ സംതൃപ്‌തന്‍ എന്ന ചോദ്യത്തിന്‌ ആരുമില്ല എന്ന ഫ്രാങ്‌ളിന്‍ ഉത്തരംപോലെ.

വിശപ്പിന്റെ വിളിയില്‍ നിന്നും പ്രണയജ്വരത്തില്‍ നിന്നുമുള്ള ടെയ്‌ക്കോഫ്‌ വിഷയദാരിദ്ര്യത്തിന്റെ ഇരുട്ടിലേയ്‌ക്കുള്ള ക്രാഷ്‌ലാന്റിംഗായി അവസാനിക്കുമ്പോള്‍ അസ്‌തിത്വം തന്നെ അവതാളത്തിലാവുന്ന പ്രവാസജീവിതത്തിന്റെ നേര്‍ചിത്രമാണ്‌ കവി ബൂലോഗച്ചുമരില്‍ കോറിയിട്ടിട്ടുള്ളത്‌. അഭിവാദ്യങ്ങള്‍.

സവ്യസാചി

ഹാസ്യത്തിന്റെ മര്‍മ്മമറിഞ്ഞ ശൈലിയുമായി 'ആരാധകര്‍ ഉണ്ടാകുന്നത്‌' എന്ന പോസ്‌റ്റിലൂടെ വായനക്കാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അര്‍ജുന്‍ കൃഷ്‌ണ ബുലോഗത്തെ സജീവ സാന്നിദ്ധ്യമാവുന്നു. പേരിനെ അന്വര്‍ത്ഥമാക്കുന്ന ശൈലി എന്നു മുന്‍പ്‌ ഈ കോളത്തില്‍ എഴുതിയത്‌ ഓര്‍മ്മയിലെത്തുന്നു. സ്വയം പ്രഖ്യാപിത ഒളിപ്പോര്‍ കമാന്റര്‍മാരെപ്പോലെ പ്രത്യക്ഷമാവുന്ന സ്വയം അവരോധിത ബൂലോഗ ബ്രാന്റുകള്‍ എന്ന അശ്ലീലങ്ങള്‍ക്കിടയിലൂടെ വാക്കുകള്‍കൊണ്ട്‌ പടയോട്ടം നടത്തുന്നു അര്‍ജുന്‍ കൃഷ്‌ണ.

No comments: