Friday, August 21, 2009

ബൂലോഗവിചാരണ 19


'മോഹന്‍ലാലിന്റെ വിഡ്‌ഢിവേഷം' പലതുകൊണ്ടും ശ്രദ്ധേയമായി. കൊതുവിനെ കൊല്ലാന്‍ കൊടുവാളെടുക്കുന്ന ചിത്രകാരന്റെ ആ പതിവുശൈലിയില്‍നിന്നുമുള്ള ഒരു കൂടുമാറ്റം കാണുന്നു ലേഖനത്തിലുടനീളം. "ആ തറ അഭിനയം യഥാര്‍ത്ഥജീവിതത്തിലും അയാള്‍ ഉളുപ്പില്ലാതെ ചുളുവില്‍ കിട്ടിയ പട്ടാളസ്ഥാനമാനങ്ങളുപയോഗിച്ച്‌ നടത്തിയിരിക്കുന്നു" എന്നതില്‍ ആ പഴയ ശൈലിയുടെ പരേതാത്മാവ്‌ കുടികൊള്ളുന്നുണ്ടെങ്കിലും കുടമുടച്ച്‌ ഭൂതം പുറത്തേക്കു വന്ന്‌ അടുത്തവരികള്‍ കുളമാക്കിയില്ല. ഇനി ഈ പോസ്‌റ്റ്‌ ഉണര്‍ത്തിവിട്ട ചില ചിന്തകളിലേയ്‌ക്ക്‌.

സായിപ്പിന്‌ ചുവപ്പുപരവതാനി വിരിച്ചുകൊടുക്കാന്‍ പെടാപാടുപെട്ട ഒരുപാടു രാജാക്കന്‍മാര്‍ പലരും രാജാവല്ലാതായെങ്കിലും തമ്പുരാക്കന്‍മാരായി തന്നെ വാണു. വടക്കേയിന്ത്യയിലെ ഒരു പാടു 'രാജ്യസ്‌നേഹിക'ളായ രാജാക്കന്‍മാര്‍ക്ക്‌ സായിപ്പ്‌ നാടുനീങ്ങിയതോടെ മന്ത്രിമാരായി പ്രമോഷനും കിട്ടി. സായിപ്പിനെ കെട്ടിയെടുക്കുന്നതുവരെ ഉടവാളിനു വിശ്രമമില്ലെന്നു പ്രഖ്യാപിച്ച വീരപഴശ്ശിയെപ്പോലുള്ളവരുടെ കൊട്ടാരത്തിന്റെ കുയ്യാട്ട വരെ കുളം തോണ്ടിപ്പോയതാണ്‌ ചരിത്രം. അല്ലാതിരുന്നെങ്കില്‍ ഹാനിയേതുമില്ലാതെ സമൃദ്ധിയുടെ നടുവില്‍ തിരുവിതാംകൂര്‍ രാജകുടുംബവും കിടന്നുറങ്ങാന്‍ തലയ്‌ക്കുമീതെ കൂരയില്ലാതെ വീരപഴശ്ശിയുടെ പിന്‍മുറക്കാരും സംഭവിക്കുകയില്ലായിരുന്നു.

ദേശീയവികാരം കൊടുമ്പിരിക്കൊണ്ട്‌ നില്‌ക്കക്കള്ളിയില്ലാതാവുമ്പോള്‍ ലാല്‍ ഓടേണ്ടത്‌ തിരുവിതാംകൂര്‍ കൊട്ടാരത്തിലേയ്‌ക്കോ മദാമ്മമാരുടെ മേനിയഴകിനനുസൃതമായി ഭാരത ദേവതകള്‍ക്ക്‌ രൂപഭാവങ്ങള്‍ പകര്‍ന്നുനല്‌കിയ കിളിമാനൂരിലേയ്‌ക്കോ അല്ല, ഇടിഞ്ഞുപൊളിഞ്ഞ കൊട്ടാരത്തിന്റെ കൈയ്യാലയില്‍ ഉടുതുണിക്കു മറുതുണിയില്ലാതെ കഴിയുന്ന വീരപഴശ്ശിയുടെ പുതുതലമുറക്കാരുണ്ട്‌. ഇടം കാല്‍ ആഞ്ഞുചവുട്ടി വലം കൈ വീശിയടിക്കേണ്ടത്‌ ആ ധീരരക്തസാക്ഷിയുടെ ജ്വലിക്കുന്ന സ്‌മരണയ്‌ക്കുമുന്നിലാണ്‌. അല്ലാതെ ഇന്ത്യന്‍ ജനാധിപത്യത്തോട്‌ വലിയ ബഹുമാനമൊന്നും ഇന്നോളമില്ലാത്ത രാജാക്കന്‍മാരുടെ പാദാന്തികങ്ങളിലേക്കല്ല.

ആ രാജകുടുംബത്തിലെ ചിലരെങ്കിലും വോട്ടുചെയ്യാന്‍ തുടങ്ങിയതുതന്നെ അടുത്തകാലത്താണ്‌. ഇന്ത്യന്‍ പട്ടാളം ജനാധിപത്യ ഇന്ത്യയുടെ ഭാഗമാണ്‌. പൊന്നുരുക്കുന്നേടത്ത്‌ പൂച്ചയ്‌ക്ക്‌ കാര്യമൊന്നുമില്ലാത്തതുപോലെ ജനാധിപത്യത്തില്‍ രാജാക്കന്‍മാര്‍ക്കും കാര്യമൊന്നുമില്ല.

മോഹന്‍ലാല്‍ കാക്കിയണിഞ്ഞതോടെ പട്ടാളത്തിലേയ്‌ക്കുള്ള യുവാക്കളുടെ പലായനത്തിനായിരിക്കും ഇനി നാട്‌ സാക്ഷ്യം വഹിക്കുക. ഇന്നലെവരെ വേണ്ടതിന്റെ ഒരു നൂറിരട്ടിയാണ്‌ ക്യൂവിലുണ്ടാവുകയെങ്കില്‍ ഇനിയത്‌ ആയിരം മടങ്ങായിരിക്കും. സി.ബി.ഐക്കും പരീക്ഷിച്ചുനോക്കാവുന്നതാണ്‌. എത്രതവണ അഭിനയിച്ചതാണ്‌? ഒരു എസ്‌.പി.യാവാന്‍ മമ്മൂട്ടിക്കെന്താ പത്രാസു കുറവ്‌. പട്ടാളത്തില്‍ നില്‌ക്കക്കള്ളിയില്ലാതായാല്‍ പിന്നെ യുവാക്കള്‍ക്ക്‌ സി.ബി.ഐയിലേയ്‌ക്കു മാര്‍ച്ചുചെയ്യാലോ.

പണ്ട്‌ ഈയുള്ളവന്റെ പ്രദേശത്ത്‌ പട്ടാളത്തിന്റെ ബ്രാന്റ്‌ അംബാസിഡര്‍ മുട്ടായികിട്ടേട്ടന്‍ ആയിരുന്നു. മൂപ്പര്‍ ഒരിക്കല്‍ നാടുതിരിയാതെ എവിടെയോ അലഞ്ഞുതിരിയുന്നതുകണ്ട്‌ ഏതോ ഒരു സായിപ്‌ കൂട്ടിക്കൊണ്ടുപോയി പട്ടാളത്തില്‍ ചേര്‍ത്തുകളഞ്ഞു. പട്ടാളം എന്നുകേട്ടാല്‍ ആളുകള്‍ തിരിഞ്ഞോടുന്ന കാലം. ഏതോ യുദ്ധകാലവും. തിരിച്ചുവരാന്‍ വേറെ മാര്‍ഗമൊന്നുമില്ലാതിരുന്നതുകൊണ്ട്‌ പിരിച്ചുവിടുന്നതുവരെ പുള്ളി കാത്തിരുന്നു. ആ വരവാകട്ടെ ഒരു ഒന്നൊന്നര വരവായിരുന്നുവെന്നാണ്‌ ഐതിഹ്യം. ഇഷ്ടം പോലെ കുപ്പികളും പെട്ടിക്കണക്കിന്‌ ചാര്‍മിനാര്‍ സിഗരറ്റുകളുമായായിരുന്നു വരവ്‌. മദ്യത്തിന്റെയും സിഗരറ്റിന്റെയും നിരുപാധികപിന്തുണയുമായി വെകുന്നേരം നടക്കാനിറങ്ങുന്ന കിട്ടേട്ടനെ കണ്ട്‌ അസൂയമൂത്ത്‌ പട്ടാളത്തില്‍ പോയിചേര്‍ന്നവര്‍ ഒരു പാടുണ്ടായിരുന്നു. ഇന്ന്‌ പട്ടാളത്തിലേയ്‌ക്ക്‌ ഒന്നുചേര്‍ന്നുകിട്ടാന്‍ പിള്ളേര്‍ തലങ്ങും വിലങ്ങും ഓടുമ്പോള്‍ മോഹന്‍ലാലിനെ കാക്കിയുടുപ്പിച്ച്‌ മാര്‍ച്ച്‌ നടത്തി ആളെക്കൂട്ടേണ്ട ഗതികേടിലാണോ ഇന്ത്യന്‍ ആര്‍മി?

വ്യത്യസ്‌തമായ പ്രമേയങ്ങളുമായി വരികളും വരകളുമായി ചിത്രകാരന്‍ ബൂലോഗത്ത്‌ സജീവമാവട്ടെ. അഭിവാദ്യങ്ങള്‍.


കാലികപ്രാധാന്യമുള്ള 'മീരയുടെ ക്രൗഞ്ചപക്ഷികള്‍' എന്ന പോസ്‌റ്റിലൂടെ റാവുത്തര്‍ പുത്തന്‍ സെക്യുലര്‍ പണ്ഡിറ്റുകളുടെ ശിരസ്സു ലക്ഷ്യം വച്ചു തൊടുക്കുന്ന ശരം ലക്ഷ്യം ഭേദിക്കുന്നു എന്നുതന്നെവേണം കരുതാന്‍. ഇസ്ലാം മതത്തേയോ ക്രിസ്‌തുമതത്തേയോ ഹിന്ദൂയിസത്തേയോ മാര്‍ക്‌സിസത്തേയോ ഒന്നും കാലം വിലയിരുത്തുക അതു മുന്നോട്ടുവച്ച്‌ കാഴ്‌ചപ്പാടുകളുടേയോ സിദ്ധാന്തങ്ങളുടേയോ തട്ടിന്‍പുറത്തിരുന്നുകൊണ്ടല്ല, മറിച്ച്‌ അവരുടെ പ്രവര്‍ത്തനരീതിയും അനന്തരഫലവും വച്ചായിരിക്കും. കമ്മ്യൂണിസം പഠിച്ച്‌ ഒരീയെമ്മെസ്സു വന്നെന്നിരിക്കും, സമൂഹത്തില്‍ എന്തെങ്കിലും ചലനത്തിന്‌ കമ്മ്യൂണിസം ഹേതുവായെങ്കില്‍ അത്‌ കമ്മ്യൂണിസമെന്തെന്നറിയാതെ സത്യസന്ധരും നല്ലവരുമായ നേതൃത്വത്തെ മാത്രം കണ്ടുവന്ന ആയിരങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ്‌.

അതുപോലെ സംസ്‌കാരസമ്പന്നനായ നബിതിരുമേനിയുടെ മൊഴിമുത്തുകളെ വച്ചല്ല ഇന്നിന്റെ ഇസ്ലാമിനെ ലോകം അളക്കുക. സംസ്‌കാരശൂന്യരായ താലിബാനികളുടെ ചെയ്‌തികളിലൂടെയായിരിക്കും ലോകം ഇസ്ലാമിനെ നോക്കിക്കാണുക. അങ്ങിനെ തന്നെയാണ്‌ വേണ്ടതും. അല്ലാതാവുമ്പോള്‍ വിസ്‌മരിക്കപ്പെടുക യാഥാര്‍ത്ഥ്യമാണ്‌. കാണാതെപോവുക നഗ്നസത്യവും.

ലേഖകന്റെ ഉദാഹരണങ്ങള്‍ക്കു പുറമേ ഒന്നുകൂടെ എഴുതട്ടെ. മംഗലാപുരത്തെ പതിനാറുകാരി സ്‌കൂള്‍കുട്ടി ആത്മഹത്യചെയ്‌ത സംഭവം. ഒരു മുസ്ലീം യുവാവിനൊപ്പം കണ്ടതിന്റെ പേരില്‍ സംഘപരിവാരങ്ങള്‍ എന്നു സംശയിക്കപ്പെടുന്നവര്‍ തടഞ്ഞുനിര്‍ത്തി രണ്ടുപേരെയും പോലീസിന്‌ കൈമാറി. അപമാനം സഹിക്കവയ്യാതെ കുട്ടി ആത്മഹത്യ ചെയ്‌തു എന്നു റിപ്പോര്‍ട്ട്‌. വിശുദ്ധമതേതര സിങ്കങ്ങള്‍ സടകുടഞ്ഞ്‌ റോഡിലിറങ്ങിയതേയുള്ളൂ. ന്യൂനപക്ഷപീഢനം. താമസിയാതെവന്നൂ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. കുട്ടി ബലാല്‍സംഗത്തിനിരയായതുകാരണമാണ്‌ ആത്മഹത്യചെയ്‌തത്‌. പ്രതി കൂട്ടിയോടൊപ്പം കണ്ട സലീമും. സലീം കഴിഞ്ഞദിവസം തന്നെ ബലാല്‍സംഗം ചെയ്‌തുകളഞ്ഞു എന്ന്‌ കുട്ടി ബീഡിത്തൊഴിലാളിയായ തന്റെ അമ്മയോടു പറയുകയും ചെയ്‌തിരുന്നു എന്ന്‌ റിപ്പോര്‍ട്ട്‌. പിന്നീട്‌ ആര്‍ക്കും പ്രതിഷേധിക്കേണ്ടിവന്നില്ല. വിശുദ്ധമതേതരക്കാരുടെ കണ്ണില്‍ ആ ബലാല്‍സംഗവും ആത്മഹത്യയും കുട്ടിയുടെ യോഗമായിരിക്കണം.

ഒരു മുസ്ലീം പെണ്‍കുട്ടിയെ പ്രണയിച്ച കുറ്റത്തിന്‌ കാലു രണ്ടും തല്ലിയൊടിച്ച്‌ ഒരു ചെറുപ്പക്കാരനെ വയനാട്ടില്‍ ജീവച്ഛവമാക്കിയത്‌ കേരളക്കരയിലെ താലിബാനികളാണ്‌. മതാന്ധത ഒരു സാമൂഹിക ഭീഷണിയാണ്‌. അതിനെതിരേ കുത്തിവെയ്‌പുനടത്തേണ്ട മതേതര പണ്ഡിറ്റുകള്‍ നോട്ടിന്റെ കനത്തിനനുസരിച്ച്‌ വാക്കുകള്‍ തൂക്കിവില്‌ക്കുമ്പോള്‍ ചെയ്യുന്നത്‌ രാജ്യദ്രോഹമാണ്‌. ശ്രദ്ധേയമായ ഒരു പോസ്‌റ്റ്‌.


ഡൈനിങ്ങ്‌ ടേബിളില്‍ നിന്നും പോസ്‌റ്റുമോര്‍ട്ടം ടേബിളിലേയ്‌ക്കുള്ള ഹൃസ്വമായ ദൂരം അളന്നിടുന്നൂ രാമചന്ദ്രന്‍ വെട്ടിക്കാട്‌ 'തീന്‍മേശയില്‍' എന്ന കവിതയിലൂടെ. നിസ്സാരമായ ഒരു മീന്‍മുള്ള്‌ മൃത്യവിന്റെ ചൂണ്ടക്കൊളുത്തായി മാറുമ്പോള്‍ വല മരണത്തിന്റെ പ്രതീകമാവുന്നു.

മരണവെപ്രാളത്തിലാവണം തട്ടിയുടഞ്ഞ ചില്ലുഗ്ലാസിലെ വെള്ളം മരണക്കടലിലെ തിരയിളക്കമാവുന്നത്‌. അതോടെ അവസാനത്തെ പിടച്ചില്‍.

"തൊണ്ടയില്‍ കുടുങ്ങിയ
ചോറുരുളയില്‍
ഒളിച്ച ചൂണ്ടക്കൊളുത്ത്‌
പോലൊരു മീന്‍മുള്ള്‌
മരണകാരണമെന്ന്‌
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌"

പ്രഥമാവതാരത്തിന്റയും ദശാവതാരത്തിന്റെയും അന്ത്യവും ഏതാണ്ട്‌ഒരുപോലെയെന്ന്‌ കാട്ടിത്തരുന്നു രാമചന്ദ്രന്‍.


അല്‍ബേനിയന്‍ കവി സേവാഹിര്‍ സ്‌പാഹു (ഉച്ചാരണം തോന്നിയപോലെ, Xhevahir Spahiu എന്ന്‌ ആംഗലേയത്തില്‍) വിന്റെ 'എന്റെ ബാദ്ധ്യതകള്‍' എന്ന കവിത മനോഹരമായി വിവര്‍ത്തനം ചെയ്‌തിരിക്കുന്നു ജ്യോതിഭായി.

സമൂഹത്തിനോടുള്ള മനുഷ്യന്റെ കടപ്പാടുകളെ, ബാദ്ധ്യതകളെ അതിമനോഹരമായി തത്വചിന്താപരമായി, ആത്മവിമര്‍ശനപരമായി വിലയിരുത്തുന്നു കവി. എല്ലാ കടങ്ങളുമൊടുക്കാനായി കല്ലറയിലെ തന്റെ ഓര്‍മ്മക്കല്ല്‌ വില്‌ക്കാമെന്ന്‌ കവി ആലോചിക്കുമ്പോഴേയ്‌ക്കും മറ്റുള്ളവര്‍ തനിക്കും എന്തുമാത്രം കടപ്പെട്ടിരിക്കും എന്നാലോചിക്കുന്നിടത്ത്‌ കവിത അവസാനിക്കുന്നു.

അതേ ബാദ്ധ്യതകളുടെ, കടപ്പാടുകളുടെ ഊന്നുവടികളിലാണ്‌ നാമോരോരുത്തരുടേയും പ്രയാണം. ഓരോനിമിഷവും എടുക്കുന്നതിന്റെ പത്തിലൊന്നെങ്കിലും തിരിച്ച്‌ നമ്മള്‍ സമൂഹത്തിന്‌ നല്‌കുന്നുണ്ടോയെന്ന്‌ സ്വയം വിമര്‍ശനപരമായി വിലയിരുത്താന്‍ കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒരു നല്ല കവിയുടെ മനോഹരമായ വരികള്‍ അതിമനോഹരമായി വിവര്‍ത്തനം ചെയ്‌ത്‌ വായനക്കാര്‍ക്കെത്തിച്ചതിന്‌, ജ്യോതിര്‍ഭായിയുടെ സദുദ്യമത്തിന്‌ നന്ദി. ആശംസകള്‍.


'നിഷേധിക്കപ്പെട്ട വഴിത്താരകളെ മാത്രം ചുംബിച്ചുകൊണ്ടുള്ള യാത്ര' യിലെ ശരിതെറ്റുകളുടെ ആപേക്ഷികതയാണ്‌ ആര്‍.ഡി.ദുര്‍ഗാദേവിയുടെ 'വിലക്കപ്പെട്ട ബന്ധങ്ങള്‍' എന്ന ചെറുകവിത വിഷയമാക്കുന്നത്‌.

ചാരായഷാപ്പില്‍ കയറുന്നവനെ സംബന്ധിച്ച്‌ അതുതന്നെയാണ്‌ ശരി. 'നരകദ്രാവകം പകരുന്ന പരിഷ'യെ സംബന്ധിച്ചും ഏറ്റവും വലിയ ശരി കുടിയന്റെ കീശ കാലിയാവുന്നതുവരെ പകര്‍ന്നുകൊടുക്കുക തന്നെയാണ്‌. നികുതിപിരിക്കുന്ന ധനമന്ത്രിയ്‌ക്കും അതു തെറ്റാണെന്ന്‌ പറയാന്‍ പറ്റിയെന്നുവരില്ല. ഒരുവന്റെ സ്വാതന്ത്യസമരം വേറൊരുവന്റെ ഭീകരപ്രവര്‍ത്തനമാവുന്നതുപോലെ ഒരാളുടെ ശരി അപരന്റെ തെറ്റുമായിരിക്കാം. ഒരറ്റത്ത്‌ ശരിയുടെ കുറ്റിയിലും മറ്റേയറ്റത്ത്‌ തെറ്റിന്റെ കുറ്റിയിലും കെട്ടിയുറപ്പിച്ച്‌ കമ്പിപ്പാലത്തിലൂടെയുള്ള മറുകര തേടലാണ്‌ ജീവിതം. അതേ ബന്ധങ്ങള്‍ ചിലപ്പോഴെല്ലാം വികൃതിക്കുട്ടികള്‍ ഓടിക്കുന്ന കാറുപോലെയാണ്‌, നോ എന്‍ട്രികള്‍ ബാധകമല്ലാത്ത കാറുകള്‍.

"അറിയാതെ ജനനിയെ പരിണയിച്ചോരാ
യവനതരുണന്റെ കഥയെത്ര പഴകീ?"

അതാവട്ടെ നോ എന്‍ട്രി ബോര്‍ഡ്‌ അറിയാതെ പറ്റിയത്‌. അറിഞ്ഞുകൊണ്ടു പറ്റുന്നവയെത്ര?


പ്രൗഡമായ ലേഖനങ്ങള്‍ക്കാണ്‌ ബ്ലോഗുകളില്‍ ക്ഷാമമെങ്കില്‍ ഇതാ ഒരെണ്ണം ആ ഗണത്തില്‍ പെടുത്താവുന്നത്‌. 'ദി കരിയറിസ്റ്റ്‌' എന്ന കണ്ടകശനിയുടെ പഠനം ഗൗരവമായ വായന അര്‍ഹിക്കുന്നു. സമീപകാല പാര്‍ട്ടിക്കുള്ളിലെ അന്തച്ഛിദ്രങ്ങളുടെ സെന്‍സസെടുത്താല്‍ കണ്ടകശനിയുടെ നിരീക്ഷണങ്ങള്‍ അസ്ഥാനത്തല്ല എന്ന്‌ ബോദ്ധ്യമാവും.

അങ്ങ്‌ യൂറോപ്പിലെയും സമ്പന്ന അമേരിക്കയിലേയും പ്രഫെഷണല്‍ രാഷ്ട്രീയക്കാര്‍ ഒഴിവുകാലം ആസ്വദിക്കാന്‍ ഊരുചുറ്റുന്ന ഏര്‍പ്പാട്‌ ബൂര്‍ഷ്വാസികളെക്കാളും ഭംഗിയായി ഇന്ത്യയില്‍ അനുകരിച്ച്‌ അനുകരണീയ മാതൃകളാക്കിയതാണ്‌ വിപ്ലവകാരികളുടെ ഒരു സംഭാവന. വിപ്ലവത്തിന്റ അനശ്വരതയെക്കുറിച്ച്‌ 'ചെ' ചിന്തിച്ചത്‌ ബൊളീവിയായിലെ സ്‌കൂളില്‍ വച്ചായിരുന്നു, യാങ്കി തോക്കിനുമുന്നില്‍ മരണനിമിഷം അടുത്തടുത്തു വന്നപ്പോള്‍. വിപ്ലവത്തിന്റെ അനശ്വരതയെക്കുറിച്ചു ചിന്തിക്കാന്‍ സുര്‍ജിത്ത്‌ സഖാവ്‌ അവധിയെടുത്തു പോയിരുന്നത്‌ ഇംഗ്ലണ്ടിലെ തെംസ്‌ നദിക്കരയിലായിരുന്നു. നാഴികയ്‌ക്കു നാല്‌പതുവട്ടം ബുഷിന്റെയും ക്ലിന്റന്റെയും തന്തയ്‌ക്കുവിളിക്കുന്നവര്‍ ഒഴിവുകാലമാസ്വദിക്കാന്‍ പറക്കുന്നതാവട്ടെ അങ്ങോട്ടേയ്‌ക്കും. ഒഴിവുകാലം ആസ്വദിക്കാന്‍ പണിയെന്തെടേ എന്നൊന്നും ആരും ചോദിച്ചുകളയരുത്‌. പണി സാമൂഹ്യസേവനം എന്ന നാറുന്ന ഉത്തരമായിരിക്കും ലഭിക്കുക.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാവുമ്പോള്‍ വിപ്ലവകാരികള്‍ കരിയറിസ്റ്റുകളായില്ലെങ്കിലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ. ഉത്തരവാദിത്വം 'നില്‍ ' റമ്യൂണറേഷന്‍ 'ഫുള്‍' എന്നൊരു സ്വര്‍ഗം ഭൂമുഖത്തുണ്ടെങ്കില്‍ അതിവിടെയാണ്‌ ഇവിടയാണ്‌ എന്നു തറപ്പിച്ചു പറയാന്‍ പണ്ഡിറ്റ്‌ജി ഇല്ലെന്നേയുള്ളൂ. പണ്ട്‌ ബസുവില്‍ നിന്നും തട്ടിത്തെറിപ്പിച്ച ആ പാനപാത്രം സാഹചര്യം ഒത്തുവന്നപ്പോള്‍ ചുണ്ടോടടുപ്പിക്കാന്‍ ശ്രമിച്ചത്‌ സ്വാഭാവികം. ഒരു കരിയറിസ്റ്റില്‍ നിന്നും ഇതല്ലാതെ നാളെ വാരിക്കുന്തവുമായി ഇന്ദ്രപ്രസ്ഥത്തില്‍ തൊഴിലാളികളുടെ പടനയിക്കും എന്നു വിഡ്‌ഢികള്‍ കൂടി പ്രതീക്ഷിക്കുകയില്ല.

കണ്ടകശനി പറഞ്ഞതുപോലെ ഒരു ബൂത്ത്‌ ഏജന്റുവരെ ആവാത്ത സഖാവ്‌ എവിടെവരെയെത്തി? ഒപ്പം സഖിയും. അതിനുള്ള വലിയ വില കൊടുക്കേണ്ടിവന്നതാവട്ടേ ഒരു കാലത്തെ ജനതയുടെ ആശയും ആവേശവുമായിരുന്ന നേരിന്റെ നേര്‍ചിത്രമായിരുന്ന ഒരു പ്രസ്ഥാനത്തിനും. കണ്ടകശനിക്ക്‌ അഭിവാദ്യങ്ങള്‍.


കാലികപ്രാധാന്യമുള്ള പ്രമേയം കൊണ്ടും ശക്തമായ നിരീക്ഷണങ്ങള്‍കൊണ്ടും ശ്രദ്ധേയമാവുന്നൂ സുബിന്‍ തോമസിന്റെ 'സ്വവര്‍ഗരതിയും മതവിശ്വാസങ്ങളും പിന്നെ നമ്മളും' എന്ന ലേഖനം. പ്രകൃതിവിരുദ്ധം എന്ന പദം എത്രകണ്ട്‌ പ്രകൃതിവിരുദ്ധമായാണ്‌ നാം ഉപയോഗിക്കുന്നത്‌ എന്നു ചിന്തിക്കാന്‍ ഇടതന്നു സമീപകാല സംഭവവികാസങ്ങളും കോടതിനിരീക്ഷണങ്ങളും.

പ്രകൃതിയെ മുച്ചൂടും മുടിച്ച വനനശീകരണവും പ്രകൃതിയോട്‌ ഏറ്റവുമടുത്ത്‌ ജീവിക്കുന്ന ആദിവാസികളുടെ ജീവിതം നരകതുല്യമാക്കി കാടും മേടും കൈയ്യേറി അരമനകള്‍ പണിത്‌ കൈയ്യേറ്റത്തിന്റെ ജൂബിലികള്‍ ആഘോഷിച്ചതും ഒന്നും പ്രകൃതിവിരുദ്ധമല്ല. മണിമാളികയ്‌ക്ക്‌ കല്ലുശേഖരിക്കുന്നവന്‍ അവനവന്റെ കല്ലറയ്‌ക്കുള്ള കല്ലാണ്‌ ശേഖരിക്കുന്നത്‌ എന്നു ബൈബിള്‍. അഭയ കിണറ്റിലെത്തിയതിലും ജസ്‌മി ശിരോവസ്‌ത്രം വലിച്ചെറിയാനിടയാക്കിയതിലും പ്രകൃതിവിരുദ്ധമായി യാതൊന്നുമില്ല. പാത്രമറിഞ്ഞു പകരേണ്ട വിദ്യ രൂപതാ അതിരൂപതാ എന്നു വിളിച്ചുപറഞ്ഞു വില്‌പനയ്‌ക്കുവെക്കുന്നതിലും പ്രകൃതിവിരുദ്ധമായി യാതൊന്നുമില്ല.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടവും നീതന്യായ വ്യവസ്ഥയും ഉള്ള നാട്ടില്‍ കാര്യങ്ങള്‍ അവര്‍ നോക്കിക്കൊള്ളും. അവിടെ പാസാവുന്ന നിയമങ്ങള്‍ അനുസരിക്കുന്ന ഉത്തമപൗരന്‍മാരായി തിരുമേനിമാരും പ്രവാചകരും കാഷായധാരികളും ജീവിച്ചാല്‍ മതി. അല്ലാതെ ഏതെങ്കിലും പഴംഗ്രന്ഥത്തില്‍ പറഞ്ഞതിനപ്പുറം ലോകത്തൊന്നും നടപ്പില്ലെന്നും പറഞ്ഞ്‌ പ്രകൃതിവിരുദ്ധ പരിപാടികളുമായി രംഗപ്രവേശം ചെയ്യുകയല്ല വേണ്ടത്‌.

ലേഖകന്‍ പറഞ്ഞതുപോലെ ഒരു മതേതര രാജ്യത്തിന്റെ നിയമനിര്‍മ്മാണം കൂടെ ന്യൂനപക്ഷത്തിന്റെ പഴംകഥാപുസ്‌തകത്തിനെ അടിസ്ഥാനമാക്കിവേണം എന്നൊക്കെ വന്നാല്‍ ... പിന്നെ ജീവിച്ചിരിക്കുന്നതില്‍ കാര്യമില്ല.

No comments: