Wednesday, December 16, 2009

ബൂലോഗവിചാരണ 26

എന്റെ വിവര്‍ത്തനങ്ങള്‍


അതീവഹൃദ്യമായ ഒരു ടാഗോര്‍ കവിതയാണ്, ചെറിയ പാളിച്ചകള്‍ വിവര്‍ത്തനത്തിലുണ്ടെങ്കിലും ഒരുവിധം കവിത ചോര്‍ന്നുപോവാതെ തന്നെ ഗീതാജ്ഞലി ബൂലോഗത്തിനു കാഴ്ചവച്ചിട്ടുള്ളത്. ഒരു മിസ്റ്റിക് കവിയുടെ കവിതയുടെ വിവര്‍ത്തനം ഒരുപാട് ശ്രദ്ധയോടുകൂടി വേണം ചെയ്യുവാന്‍.

ടാഗോറിന്റെ 'In the twilight of gleams and glimpses' എന്നത് സന്ധ്യാവെളിച്ചത്തില്‍ മിന്നിയും മറഞ്ഞും എന്നു വിവര്‍ത്തനം ചെയ്തത് അപര്യാപ്തമാണ്. വിരസവുമാണ്. ആ ആദ്യ രണ്ടുവരികളുടെ കവി വിവക്ഷ ഇങ്ങിനെയാവാനാണ് സാദ്ധ്യത .. നിറംമങ്ങിയ സായന്തനങ്ങളിലെ ഒളിചിന്നുന്ന ഓര്‍മ്മകളായി അവളെന്നേ എന്റെ ആത്മാവിന്റെ ഭാഗമായി....

ഇതെഴുതുന്നവന് കവിത്വം തൊട്ടുതെറിപ്പിക്കാത്തതുകൊണ്ട് ഗദ്യത്തിലെഴുതേണ്ടിവരുന്നു. രണ്ടാമത്തെ പാദത്തിന്റെ വിവര്‍ത്തനം

'പ്രഭാതവെളിച്ചത്തില്‍ ഒരിക്കലും മൂടുപടം മാറ്റാഞ്ഞവള്‍
അവളാണ് അങ്ങേയ്ക്കുള്ള എന്റെ അവസാനത്തെ സമ്മാനം ദേവാ,
ഇതാ ഭദ്രമായി, എന്റെ ഈ ഒടുവിലത്തെ ഗാനത്തില്‍ പൊതിഞ്ഞ്.'

ടാഗോറിന്റെ വരികളുടെ ഒഴുക്കിന്, ആ വായനാസുഖത്തിന് ഒരിക്കലും പകരമാവുന്നില്ല ആ മൊഴിമാറ്റം. കവിവിവക്ഷ .. ഉദയകിരണങ്ങളുടെ ചുംബനംകൂടിയേല്ക്കാതെ മൂടുപടം കാത്തുപോന്ന അവളെയിതാ ദേവാ ഈ വരികളിലാവാഹിച്ച് അവിടുത്തേക്കായി അര്‍പ്പിക്കുന്നു, എന്റെ അന്ത്യോപഹാരമായി... എന്നായിരിക്കില്ലേ.

അതുപോലെ, 'Over my thoughts and actions, my slumbers and dreams
she reigned yet dwelled alone and apart എന്നതിലെ അവസാന വരിയുടെ വിവര്‍ത്തനവും നോക്കുക. 'അവള്‍ എന്നില്‍ നിന്നും ഭിന്നമായി അകന്നു നിന്നിരുന്നു' എന്നാവാന്‍ വഴിയില്ല. ഏകാന്തതയില്‍ ഞാന്‍ കഴിഞ്ഞു എന്നാവാനാണ് സാദ്ധ്യത. ഒടുവിലെ വരിയിലെ വരിയിലെ recognition എന്നത് പരിഗണനയാണോ അതോ അനുഗ്രഹമോ?

കവിതയുടെ ആത്മാവിലേയ്ക്ക് ഇറങ്ങിനിന്നുവേണം മൊഴിമാറ്റം നടത്തുവാന്‍, ചില ഈരടികളുടെ മൊഴിമാറ്റം അന്ത്യത്തില്‍ നിന്നും ആദ്യത്തിലേയ്ക്ക് സഞ്ചരിക്കേണ്ടിവരും. പദാനുപദ വിവര്‍ത്തനം വായന വിരസമാക്കും. വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതാവട്ടെ കവിതയുമാവും.

ചീന്തുകള്‍
ചരിത്രത്തിന്റെ ചീന്തുകള്‍ എന്നുവിളിക്കപ്പെടാവുന്ന, അധികം എഴുതപ്പെടാത്ത, അധികമാരും അറിഞ്ഞിരിക്കാനുമിടയില്ലാത്ത ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് വെളിച്ചം വീശുന്നു കാട്ടിപ്പരുത്തി.

സാധാരണമനുഷ്യരുടെ അസാധാരണമായ പ്രവൃത്തികളാണ് ചരിത്രം വിരചിക്കുകയെങ്കിലും ചരിത്രകാരന്‍മാര്‍ എന്നുവാഴ്ത്തപ്പെടുന്ന കൂലിയെഴുത്തുകാരുടെ കൈകളിലുടെ ഇതു കടന്നുപോവുമ്പോഴേയ്ക്കും ചിലപ്പോള്‍ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ കൂടി ചരിത്രത്തിലേക്കു നടന്നുകയറുമ്പോള്‍ ചരിത്രം സൃഷ്ടിച്ചവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്യും.

മലബാറിലെ 14ാം നൂറ്റാണ്ടിലെ സാമൂതിരി ഭരണകാലഘട്ടത്തിലെ അറിയപ്പെടാത്ത ഏടുകളിലെ, അനിതരസാധാരണമായ യുദ്ധവീര്യം കാഴ്ചവെച്ച് ധീരദേശാഭിമാനികള്‍ക്കുള്ള ശ്രദ്ധാജ്ഞലികൂടിയാണ് കാട്ടിപ്പരുത്തിയുടെ പോസ്റ്റ്.

മലബാറിലെ മാപ്പിളമാരും നായന്‍മാരും തമ്മിലുള്ള ഐക്യവും ചരിത്രപ്രസിദ്ധമാണ്. ഒരു പക്ഷേ പഴയ മദിരാശിയുടെ ഭാഗമായിരുന്ന മലബാറിലെ മാപ്പിളമാരെ ഇന്നും ചെന്നൈയില്‍ നായര്‍ എന്നു വിളിക്കുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവും.

ചരിത്രത്തിന്റെ ഭാഗമായി വായിക്കപ്പെടേണ്ടവരെക്കുറിച്ച് ഗൗരവമായി എഴുതപ്പെടുന്ന ഈ ബ്ലോഗ് നാളത്തെ ഒരു റഫറന്‍സ് ഗ്രന്ഥമായിക്കൂടെന്നില്ല. അതുകൊണ്ട് അക്ഷരത്തെറ്റുകള്‍ അക്ഷന്തവ്യമായ അപരാധമായി തന്നെ എടുക്കുക. ഒരു പുനര്‍വായനയിലൂടെ പരിഹരിക്കപ്പെടാവുന്ന അക്ഷരത്തെറ്റുകള്‍ പലപ്പോഴും പോസ്റ്റിന്റെ ഭംഗിയെത്തന്നെയായിരിക്കും കൊന്നുകൊലവിളിക്കുക. ഈയൊരു സദുദ്യമത്തിന് സര്‍വ്വവിധ ആശംസകളും നേരുന്നു.

എന്റെ നാലുകെട്ടും തോണിയും

കുറച്ചുകാലത്തേക്കെങ്കിലും മതില്‍കെട്ടിനുള്ളിലായിരുന്ന (access restricted) ആ നാലുകെട്ടില്‍നിന്നും ചരിത്രത്തിന്റെ പുറമ്പോക്കിലെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഇഞ്ചിപ്പെണ്ണ് തോണി തുഴയുകയാണ്. ഒരു മതിലിന്റെ തകര്‍ച്ചയുടെ കഥ പറഞ്ഞുകൊണ്ട് മതിലുകളില്ലാത്ത ഒരു ലോകത്തെ സ്വപ്‌നം കണ്ടുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഒരു മതിലിന് രണ്ട് ലക്ഷ്യങ്ങളാണുണ്ടാവുക. ഒന്ന് അപ്പുറത്തുനിന്നും ഇങ്ങോട്ടേയ്ക്കുള്ള പ്രവേശനം തടയുക. മറ്റൊന്ന് ഇങ്ങുനിന്നും അങ്ങോട്ടേയ്ക്കുള്ള ഒഴുക്കും തടയുക. ഹൂണന്‍മാരില്‍നിന്നും സ്വന്തം ജനതയെ സംരക്ഷിക്കാനായിരുന്നു ചൈനീസ് വന്‍മതിലെങ്കില്‍, സ്വാതന്ത്ര്യാഭിനിവേശം മൂത്ത ജനത അതിരുവിടാതിരിക്കാനായിരുന്നു ബര്‍ലിന്‍മതില്‍.

ഒരു ജനതയുടെ മുന്നേറ്റം എപ്പോഴും മലവെള്ളപ്പാച്ചില്‍ പോലെയായിരിക്കും. എല്ലാം തകര്‍ത്തുകൊണ്ട്, സര്‍വ്വസംഹാരിയായിക്കൊണ്ട്, അതില്‍ തകര്‍ന്നടിയാത്തതായി ഒന്നുമുണ്ടാവുകയില്ല. എല്ലാ വിപ്ലവങ്ങളും നമ്മെ അതു ബോദ്ധ്യപ്പെടുത്തുന്നു. ഫ്രഞ്ചുവിപ്ലവം നടത്തിയത് കമ്മ്യൂണിസ്റ്റുകാരൊന്നുമല്ലല്ലോ? ഗില്ലറ്റിന്‍ ആദ്യമായി ഉപയോഗിച്ചതും അവിടെയാണ്. ഗണിതശാസ്ത്രവകുപ്പുതന്നെ നിരന്നിരുന്നാലും എണ്ണംപിടിക്കാന്‍ പറ്റാത്തത്ര തലകളാണ് അവിടെയുരുണ്ടത്.

നല്ല മതില്‍ നല്ല അയല്‍ക്കാരെ സൃഷ്ടിക്കുന്നു എന്നൊരു ചൊല്ലുണ്ട്. മതിലുകളില്ലാത്ത ഒരു ലോകമാണ് നമ്മുടെ സ്വപ്‌നമെങ്കിലും മതിലുകളില്ലാത്ത ഒരു വീടിനെപ്പറ്റി ചിന്തിക്കാന്‍ കൂടി കഴിയാത്തവരാണ് ഈ സ്വപ്‌നം കാണുന്ന ഭൂരിഭാഗവും. കാല്പനീകത മനുഷ്യന്റെ അടിസ്ഥാനസ്വഭാവമാണ്. അതിരുകളില്ലാത്ത ഭാവനകള്‍ക്കും ചിന്തകള്‍ക്കും മതില്‍ക്കെട്ടുകള്‍ വിഘാതമാവുന്നില്ല. ആ ദൗര്‍ബല്യത്തിനുമുന്നില്‍ (ബോധപൂര്‍വ്വമാണ്) പിടിച്ചുനില്ക്കാനുള്ള ശേഷി മതില്‍ക്കെട്ടുകള്‍ക്കില്ല, ഉരുക്കുമുഷ്ടികളും ഇരുമ്പുമറകള്‍ക്കുമില്ല. ആ കൊട്ടകൊത്തളങ്ങള്‍ ഒന്നൊന്നായി നിലംപൊത്തുന്നതിന് നമ്മള്‍ എന്നേ സാക്ഷ്യം വഹിച്ചു. അറിയപ്പെടാത്ത ഒരു ചരിത്രത്തിന്റെ വായന ലഭ്യമാക്കിയ ഇഞ്ചിപ്പെണ്ണിന് നന്ദി.

സണ്‍ ഓഫ് ഡ സ്റ്റ്
കവിതയിലെ വസന്തത്തിന്റെ ഇടിമുഴക്കമായ ഹസനെപ്പറ്റിയുള്ള സുന്ദരമായ വരികളാണ് അനല്‍ഹഖിന്റേത്. ഹസന്റെ കവിതകള്‍ തേടിപ്പിടിച്ച് വായിക്കാന്‍ ഈയുള്ളവനെ പ്രേരിപ്പിച്ച വരികള്‍ - 'ഹസനേ..... വസന്തമേ'. അക്ഷരാര്‍ത്ഥത്തില്‍ വിരല്‍തുമ്പില്‍ കവിതയുടെ സംസം ഒളിപ്പിക്കുന്നവനാണ് ഹസന്‍.
'വലംകൈ ചുരുട്ടി ഇടംനെഞ്ചില്‍ മര്‍ദ്ദിക്കുന്നതു' തന്നെയാണ് ഹസന്റെ വരികള്‍.

അനല്‍ഹഖിന്റെ വരികളുംം ഹസന്റെ കൈയ്യൊപ്പ് പതിഞ്ഞതുപോലെ അതിമനോഹരം.

അടിമ ഹാജിറയുടെ / പാലുവറ്റിയ / മാറിടത്തില്‍ നിന്നും/ വാത്സല്യത്തിന്റെ പെരുന്നാളുണ്ണാം / നമുക്ക്.........

എന്ന അനലിന്റെ വരികള്‍ക്ക്

കുടചൂടി / റോഡുമുറിച്ചുകടക്കുന്ന / പെണ്‍കുട്ടീ, / നിന്റെ കഴുത്തിന്റെ വശങ്ങളിലൂടെ വീഴുന്ന / തണലിന്റെ ഇലകള്‍ / ഓരോന്നായി പെറുക്കിയെടുത്തു തരട്ടേ

എന്ന ഹസന്റെ വരികളുമായി, ശൈലിയുമായി ഒരുപാട് സാമ്യമുണ്ട്.

ഹസനാരെന്ന് ഇതെഴുതുന്നയാള്‍ക്കറിയില്ല. ഹസന്റെ എഴുത്ത് ബ്ലോഗുകളില്‍ കണ്ടിട്ടുമില്ല. ഹസന്റെ കവിതകള്‍ക്കായി തിരഞ്ഞപ്പോള്‍ ഹരിതകത്തില്‍ നിന്നുമാണ് ചിലത് കിട്ടിയത്.
'പ്രൊഫറ്റ് മുഹമ്മദ് സൂപ്പര്‍സ്റ്റാര്‍' എന്ന കവിതയില്‍ പാടിയവസാനിപ്പിക്കുന്നു..

ഈ വിചിത്രമായ നഗരത്തില്‍ വച്ച്
ഈ മകന്‍ പ്രവാചകനെ കണ്ടതും
കെട്ടിപ്പിടിച്ചുറങ്ങിയതും
അവന്റെ ചുവന്ന ചുണ്ടുകളില്‍
മുത്തം നല്കി യാത്രയാക്കിയതും

'സ്‌നേഹത്തള്ളിച്ച' എന്ന മറ്റൊരു കവിതയില്‍

വരണ്ട ആകാശത്തിന്റെ നെഞ്ചിനുനേരെ ഉയര്‍ത്തി
സങ്കടത്തോടെ ചിയേഴ്‌സ് പറയുന്ന പെണ്‍കുട്ടീ
മറ്റൊരാകാശത്തില്‍ നിന്നും
ഒരു ഐസ് ക്യൂബ് മുറിച്ചെടുത്ത്
നിന്റെ ബിയര്‍ മഗ്ഗിലിട്ടുതരട്ടേ

അതിനും മുന്നേ ചോദിക്കുന്നത് ഇങ്ങിനെയാണ്

കാലുകള്‍ക്കുള്ളിലൊളിപ്പിച്ച്
കാമുകനെ നാടുകടത്തുന്ന പെണ്‍കുട്ടീ,
നിറഞ്ഞതൊന്നും തുളുമ്പിപ്പോവാതെ
നിന്നെ ഞാന്‍ വീട്ടിലെത്തിച്ചുതരട്ടേ

'സമീറാ മക്മൂല്‍ ബഫിനെ ഞാന്‍ പ്രേമിക്കും' എന്ന വേറൊരു കവിതയുടെ തുടക്കം തന്നെ ഇങ്ങിനെ...

എന്നിട്ട്
ഉറക്കമിളച്ചിരുന്ന്
അവളുടെ പര്‍ദ്ദകളില്‍
ചിത്രത്തുന്നലുകള്‍# പിടിപ്പിയ്ക്കും
പൊടിക്കാറ്റില്‍,
ഞാന്‍ തുന്നിയ ചിത്രശലഭങ്ങള്‍
അവളെയും വഹിച്ച് പറക്കും

കവിഭാവന ചിറകുവിരിച്ച് ടെഹ്‌റാനിലെ പ്രണയാകാശത്തുനിന്നും ജീവിതയാഥാര്‍്ത്ഥ്യത്തിന്റെ പരപ്പനങ്ങാടിയിലേയ്ക്ക് വന്നിറങ്ങുമ്പോള്‍...

പരപ്പനങ്ങാടിയിലെ ഖദീജാ ടെസ്റ്റെയില്‍സ്
ടെഹ്‌റാനിലെ തുണിക്കട പോലെ
സമീറയ്ക്കുതോന്നും

'പതിവിലേറെ വികാരഭരിതനാവുമ്പോള്‍' എന്ന വേറൊരു കവിതയില്‍

പോകാന്‍ മറ്റൊരിടമില്ലാതിരിയ്ക്കുകയും
ബോറടി
പതിവിലേറെ വികാരനിര്‍ഭരമാവുകയും ചെയ്യുമ്പോള്‍
ഉറങ്ങുന്ന വാതില്‍ മുട്ടിവിളിച്ച്
നഗരത്തോടു പറയുക
കൂടെ വരാന്‍
.............
.............
സന്തോഷത്തിന്റെ 'ഹാ' എന്നുപേരുള്ള നഗരത്തെ
വേദനയുടെ 'ആ' എന്ന പേരുകൊണ്ട്
ആദ്യം മായ്ച്ചുകളയുക

ഓരോ വാക്കുകളിലും കവിതനിറയ്ക്കാന്‍ കഴിയുന്ന വിരലുകൊണ്ടുമാത്രം കവിതരചിക്കുകയാണ് ഹസന്‍. ഹസനെ അറിയുന്നവര്‍ ബൂലോഗത്തേയ്ക്ക് സ്വാഗതം ചെയ്താലും.