Friday, March 26, 2010

ബൂലോഗവിചാരണ 32

ദില്ലിപോസ്റ്റ്


ശക്തമായ സാമൂഹിക ഇടപെടലുകള്‍ ലക്ഷ്യമാക്കിയ ഒരു കൂട്ടം ബ്ലോഗര്‍മാരുടെ സ്വപ്‌നസാക്ഷാത്കാരമാണെന്നുതോന്നുന്നു ദില്ലിപോസ്റ്റ്. ആഴത്തിലുളള പഠനങ്ങളും നിരീക്ഷണങ്ങളും കൊണ്ട് ശ്രദ്ധേയമാണ് ഓരോ പോസ്റ്റുകളും.

കോഴിമല രാജാവുമായി അഭിലാഷ് ടി നടത്തിയ അഭിമുഖമാണ് ഒടുവിലത്തേത്. ഓണം വന്നാലും ഉണ്ണിപിറന്നാലും ദാരിദ്ര്യത്തിന്റെ പുതിയ നെല്ലിപ്പടികള്‍ കണ്ടെത്താന്‍ മാത്രം വിധിക്കപ്പെട്ട കാടിന്റെ മക്കളുടെ കണ്ണീരിന്റെയും ചോരയുടെയും ചരിത്രമാണ് കേരളത്തിലെ ആദിവാസികളുടെ ചരിത്രം.

ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും പാടില്ലാത്തതെന്തോ അതാണ് ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികള്‍ക്ക് സംഭവിച്ചിരിക്കുന്നതും സംഭവിച്ചുകൊണ്ടേയിരിക്കുന്നതും. കുടിയേറ്റമെന്ന ഓമനപ്പേരിട്ട് നടത്തിയ കയ്യേറ്റങ്ങളും നഗ്നമായ നിയമലംഘനങ്ങളും പെരുവഴിയിലാക്കിയ കാടിന്റെ മക്കളെ കാട്ടില്‍ കടന്ന് ചവുട്ടിമെതിച്ച് വെടിവച്ചിട്ട സംസ്‌കൃതചിത്തരാണ് നമ്മള്‍. കയ്യേറ്റം കുലത്തൊഴിലാക്കിയ നമ്മുടെ സംസ്‌കാരം ഭാഷയ്ക്ക് സംഭാവനചെയ്ത വാക്കുകള്‍ നോക്കുക - കാടന്‍, കാടത്തരം, കാട്ടുനീതി.....
ഒന്നും കയ്യേറാന്‍ പോവാത്തതാണ് നന്മയെങ്കില്‍ കാടനാണ് നല്ലവന്‍.
പോയികേസുകൊടുക്കാന്‍ ഐ.പി.സിയില്‍ വകുപ്പില്ലാത്തതുകൊണ്ടായിരിക്കണം മുയലുമുതല്‍ മുതലവരെയുള്ളവരും മൃഗീയത എന്നപദത്തിനെതിരെ പ്രതികരിക്കാത്തത്. നമ്മളിലുള്ള തിന്മകളെല്ലാം നന്മകളാക്കി വാഴ്ത്തപ്പെടാന്‍ നമ്മള്‍ കണ്ടുപിടിച്ച നല്ലൊരു മാര്‍ഗമാണ് ഈയൊരു സമ്പ്രദായം.


വിപ്ലവകാരികളുടെ ഇപ്പോഴത്തെ ആദിവാസിപ്രണയം കണ്ടാല്‍ ആദിവാസിപ്രശ്‌നം ഉണ്ടായത് ഇന്നലെയോ മിനിയാന്നോ മറ്റോ ആണെന്നുതോന്നിപ്പോവും. മൂന്നാര്‍മുഷ്‌കിന്റെ പശ്ചാത്തലത്തില്‍ വയനാടില്‍ നടക്കുന്നത് നോക്കുക. മുന്നാറിലെപോലെ നാല്പതുഏക്കര്‍ വരെയുള്ള ദരിദ്രവിപ്ലവകര്‍ഷകരുടെ കയ്യിലേയ്ക്ക് വയനാടന്‍ മണ്ണ് എത്തിക്കേണ്ട പരിപാടിയുടെ ഭൂമിപൂജയാവണം ആദിവാസിയുടെ ചിലവില്‍ ഇപ്പോള്‍ നടക്കുന്ന കയ്യേറ്റം.

ആദിവാസികളുമായി ചേര്‍ന്ന് വനം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ രൂപീകരിച്ച എക്കോ-ഡെവലപ്‌മെന്റ് കമ്മിറ്റികളെക്കുറിച്ചുള്ള ചോദ്യത്തിന് കോഴിമല രാജാവ് രാജമന്നാന്റെ മറുപടി ശ്രദ്ധേയമാണ്. ആദിവാസികളെ വനത്തില്‍ നിന്നും പുറത്താക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹത്തിനുതന്നെ തോന്നുന്നു.

ഇവിടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആദിവാസികളുടെ സ്ഥിതി അമേരിക്കയിലെ അമീഷുകളുടേതുമായി ഒന്നു താരതമ്യം ചെയ്തുനോക്കുക. അമീഷുകള്‍ നാഗരിക സമൂഹമല്ല. മാത്രമല്ല അവര്‍ വാഹനങ്ങളോ യന്ത്രങ്ങളോ ഒന്നുംതന്നെ ഉപയോഗിക്കാതെ വേണമെങ്കില്‍ അവരുടെതായ യുഗത്തില്‍ കഴിയുന്നു എന്നു പറയാം. ഹൈടെക് സമൂഹത്തില്‍ അമീഷുകള്‍ അവരുടേതായ ഒരു ലോകത്ത് അവരുടെ സ്വന്തം നിയമങ്ങള്‍ പ്രകാരം ജീവിക്കുന്നു. സര്‍ക്കാരിന് അവരുമായി ഇടപാടുകളില്ല. അവര്‍ക്ക് സര്‍ക്കാരുമായും.

ആദിവാസികള്‍ക്ക് അമേരിക്കയിലെ റെഡ് ഇന്ത്യക്കാരുടെ അവസ്ഥ - എത്‌നിക് ക്ലെന്‍സിംഗ് സംഭവിക്കാതിരിക്കാന്‍ അടിയന്തിരമായി വേണ്ടത് അവര്‍ ജനിച്ചു ജീവിച്ചു പഠിച്ചു വളര്‍ന്ന സംസ്‌കാരം തുടര്‍ന്നുകൊണ്ടുപോവാനുള്ള അവസരം സൃഷ്ടിക്കുകയാണ്. ആദിവാസികളുടെതായിരുന്ന മുഴുവന്‍ കൈയ്യേറ്റഭൂമിയും ഒഴിപ്പിച്ചെടുത്ത് അവിടെ യഥേഷ്ടം കഴിയാനുള്ള അവസരം അവര്‍ക്കുണ്ടാക്കിക്കൊടുക്കുകയാണ്. നാടായി മാറിയ കാടുകള്‍ തിരിച്ച് കാടായി മാറാന്‍ കൊല്ലം പെരുത്തൊന്നും കഴിയണമെന്നില്ല. നമ്മള്‍ സംസ്‌കാരശൂന്യര്‍ അങ്ങോട്ടുകയറാതിരുന്നാല്‍ മാത്രം മതി. അവര്‍ക്ക് അവരുടേതായ ഭാഷയും സംസ്‌കാരമുണ്ടെങ്കില്‍ ്ആ സംസ്‌കാരം പിന്തുടരാനുളള അവകാശവുമുണ്ട്.

കൂടിക്കാഴ്ചയ്ക്കായി ഗ്ലാമര്‍താരങ്ങളെ തേടിയലയുന്ന നവീനപത്രപ്രവര്‍ത്തന ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരഭിമുഖം വായനക്കാര്‍ക്കായി നല്കിയ ദില്ലിപോസ്റ്റിനും അഭിലാഷിനും അഭിവാദ്യങ്ങള്‍.

ആഭിചാരം


അച്ചടിമാധ്യമങ്ങളില്‍ നന്നായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ലൈംഗിക സദാചാര സംബന്ധമായ കാര്യങ്ങള്‍ ബുലോഗത്തും സജീവചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നു. രാജേഷ് കെ. ആറിന്റെ പോസ്റ്റ് പ്രസ്തുതവിഷയത്തെ ഗൗരവമായി സമീപിക്കുന്ന ഒന്നാണെന്നുപറയേണ്ടിയിരിക്കുന്നു - ശ്വസനം പോലെ കുടിവെള്ളം പോലെ നിര്‍മ്മലവും സ്വതന്ത്രവുമായിരിക്കണം ലൈംഗികതയും.... അങ്ങിനെ തുടരുന്നു നിരീക്ഷണങ്ങള്‍.

ഒന്നു ശ്രദ്ധിക്കുക, നമ്മള്‍ സത്യത്തില്‍ എന്തെങ്കിലും ആസ്വദിക്കുന്നുണ്ടോ? മദ്യം ഒരു ലഹരിയാണ്. അതിനുവേണ്ടിതന്നെയാണ് അത് കഴിക്കുന്നതും. ചായയും അങ്ങിനെതന്നെ. എത്രയാളുകള്‍ നല്ല ചായ കുടിക്കുന്നുണ്ടെന്നുനോക്കിയാല്‍ മതി. ചായക്കടയിലെ തുണിസഞ്ചില്‍ പുലര്‍ച്ചയ്‌ക്കെടുത്തിടുന്ന തരംതാണ ചായപ്പൊടിയില്‍ ചൂടുവെള്ളം പതിക്കുമ്പോള്‍ കിട്ടുന്ന ദ്രാവകമാണ് ചായ എന്നപേരില്‍ നമ്മള്‍ മോന്തുന്നത്. മദ്യം കഴിക്കുന്നതുനോക്കുക. ഒന്നപ്പുറവും ഇപ്പുറവും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പാക്കി കിട്ടിയ ഗ്ലാസിലേയ്ക്ക് കുപ്പിപൊട്ടിച്ചൊഴിച്ച് വെളളം പേരിനുചേര്‍ത്തെന്നു വരുത്തി കണ്ണൂംപൂട്ടി വിഴുങ്ങുന്നു.

ആള് വെള്ളമടിച്ചു എന്നപറയുന്നതിലും ഒന്നുകൂടി സത്യം വെള്ളം ആളിനെയടിച്ചു എന്നുപറയുന്നതാവും. ജനകീയസാധനം പെരുക്കണം പെരുക്കണം പിന്നേം പെരുക്കണം റമ്മാണെങ്കില്‍ പൂക്കുറ്റിക്ക് തീവെച്ചതുപോലെയാണ് പ്രവര്‍ത്തിക്കുക. എറിയാല്‍ നാലടി നടക്കും പിന്നെ പാമ്പായി ഇഴയും. മദ്യം കൊണ്ട് ഉദ്ദേശിക്കുന്ന എന്ത് ലഹരിയാണ് കിട്ടിയത്. ഉണ്ടായതാണെങ്കില്‍ പൊല്ലാപ്പും. ധനനഷ്ടവും മാനഹാനിയും ഇടിയും മി്ന്നലുംപോലെ ഒന്നായി വന്നു ഭവിച്ചത് മിച്ചം. നമുക്ക് ലൈംഗികതയോടും ഇതേ സമീപനമാണ്. മദ്യം കഴിക്കാനുള്ളതാണെന്നറയാം എങ്ങിനെ കഴിക്കണമെന്നുമാത്രം അറിയില്ല. ലൈംഗികത ആസ്വദിക്കാനുള്ളതാണെന്നറിയാം, എങ്ങിനെയെന്നതുമാത്രം അറിയില്ല.

ചാര്‍വാകം
>

വെടിവഴിപാട് ഇയര്‍ഫോണ്‍ വഴിയാക്കണം എന്ന സുപ്രധാന നിര്‍ദ്ദേശവുമായി സുശീല്‍കുമാറിന്റെ പോസ്റ്റ്. നാനാജാതിമതമേധാവികള്‍ക്കും സ്തുതിപാടി കാലുകള്‍ മാറിമാറിപിടിച്ച് എങ്ങിനെയെങ്കിലും ഭരണത്തിലിരിക്കാനുള്ള ഭൂരിപക്ഷം ഒപ്പിച്ചുകിട്ടുവാനായി ദൈവംതമ്പുരാന്‍ കാട്ടിക്കൊടുത്ത മാര്‍ഗമാണ് സെക്യുലറിസം എല്ലാവര്‍ക്കും.

ഒരു സെക്യുലര്‍ സമൂഹത്തില്‍ മതത്തിനും ദൈവത്തിനും എവിടെയാണ് സ്ഥാനം എന്നതെല്ലാം വെറും ചര്‍ച്ചകളിലും ലേഖനങ്ങളിലുമൊതുങ്ങുമ്പോള്‍, സുപ്രഭാതക്കാരും സുവിശേഷകരും നാലുനേരം മൈക്കുവച്ച് പടച്ചോനു മുദ്രാവാക്യം അലറിവിളിക്കുന്നവരും ഓരോദിവസത്തെയും കലാപരിപാടികള്‍ പൂര്‍വ്വാധികം ഭംഗിയാക്കി നടത്തിക്കൊണ്ടേയിരിക്കുന്നു.

ശബ്ദമലിനീകരണഹേതുവായ മതപരമായ ചടങ്ങുകള്‍ മുഴുവനായും നിരോധിക്കേണ്ട സമയം അതിക്രമിച്ചു. ആവശ്യമുള്ളവര്‍ക്ക ലേഖകന്‍ പറഞ്ഞതുപോലെ ഇയര്‍ഫോണ്‍വച്ച് കേള്‍ക്കാവുന്നതേയുള്ളൂ. ഒരുവന്റെ ഭ്രാന്തിന്റെ ഫലം മറ്റൊരുവന്‍ അനുഭവിക്കണമെന്നു പറയുന്നത് ഏത് നീതിബോധമാണ്. അഭിവാദ്യങ്ങള്‍