Wednesday, December 16, 2009

ബൂലോഗവിചാരണ 26

എന്റെ വിവര്‍ത്തനങ്ങള്‍


അതീവഹൃദ്യമായ ഒരു ടാഗോര്‍ കവിതയാണ്, ചെറിയ പാളിച്ചകള്‍ വിവര്‍ത്തനത്തിലുണ്ടെങ്കിലും ഒരുവിധം കവിത ചോര്‍ന്നുപോവാതെ തന്നെ ഗീതാജ്ഞലി ബൂലോഗത്തിനു കാഴ്ചവച്ചിട്ടുള്ളത്. ഒരു മിസ്റ്റിക് കവിയുടെ കവിതയുടെ വിവര്‍ത്തനം ഒരുപാട് ശ്രദ്ധയോടുകൂടി വേണം ചെയ്യുവാന്‍.

ടാഗോറിന്റെ 'In the twilight of gleams and glimpses' എന്നത് സന്ധ്യാവെളിച്ചത്തില്‍ മിന്നിയും മറഞ്ഞും എന്നു വിവര്‍ത്തനം ചെയ്തത് അപര്യാപ്തമാണ്. വിരസവുമാണ്. ആ ആദ്യ രണ്ടുവരികളുടെ കവി വിവക്ഷ ഇങ്ങിനെയാവാനാണ് സാദ്ധ്യത .. നിറംമങ്ങിയ സായന്തനങ്ങളിലെ ഒളിചിന്നുന്ന ഓര്‍മ്മകളായി അവളെന്നേ എന്റെ ആത്മാവിന്റെ ഭാഗമായി....

ഇതെഴുതുന്നവന് കവിത്വം തൊട്ടുതെറിപ്പിക്കാത്തതുകൊണ്ട് ഗദ്യത്തിലെഴുതേണ്ടിവരുന്നു. രണ്ടാമത്തെ പാദത്തിന്റെ വിവര്‍ത്തനം

'പ്രഭാതവെളിച്ചത്തില്‍ ഒരിക്കലും മൂടുപടം മാറ്റാഞ്ഞവള്‍
അവളാണ് അങ്ങേയ്ക്കുള്ള എന്റെ അവസാനത്തെ സമ്മാനം ദേവാ,
ഇതാ ഭദ്രമായി, എന്റെ ഈ ഒടുവിലത്തെ ഗാനത്തില്‍ പൊതിഞ്ഞ്.'

ടാഗോറിന്റെ വരികളുടെ ഒഴുക്കിന്, ആ വായനാസുഖത്തിന് ഒരിക്കലും പകരമാവുന്നില്ല ആ മൊഴിമാറ്റം. കവിവിവക്ഷ .. ഉദയകിരണങ്ങളുടെ ചുംബനംകൂടിയേല്ക്കാതെ മൂടുപടം കാത്തുപോന്ന അവളെയിതാ ദേവാ ഈ വരികളിലാവാഹിച്ച് അവിടുത്തേക്കായി അര്‍പ്പിക്കുന്നു, എന്റെ അന്ത്യോപഹാരമായി... എന്നായിരിക്കില്ലേ.

അതുപോലെ, 'Over my thoughts and actions, my slumbers and dreams
she reigned yet dwelled alone and apart എന്നതിലെ അവസാന വരിയുടെ വിവര്‍ത്തനവും നോക്കുക. 'അവള്‍ എന്നില്‍ നിന്നും ഭിന്നമായി അകന്നു നിന്നിരുന്നു' എന്നാവാന്‍ വഴിയില്ല. ഏകാന്തതയില്‍ ഞാന്‍ കഴിഞ്ഞു എന്നാവാനാണ് സാദ്ധ്യത. ഒടുവിലെ വരിയിലെ വരിയിലെ recognition എന്നത് പരിഗണനയാണോ അതോ അനുഗ്രഹമോ?

കവിതയുടെ ആത്മാവിലേയ്ക്ക് ഇറങ്ങിനിന്നുവേണം മൊഴിമാറ്റം നടത്തുവാന്‍, ചില ഈരടികളുടെ മൊഴിമാറ്റം അന്ത്യത്തില്‍ നിന്നും ആദ്യത്തിലേയ്ക്ക് സഞ്ചരിക്കേണ്ടിവരും. പദാനുപദ വിവര്‍ത്തനം വായന വിരസമാക്കും. വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതാവട്ടെ കവിതയുമാവും.

ചീന്തുകള്‍
ചരിത്രത്തിന്റെ ചീന്തുകള്‍ എന്നുവിളിക്കപ്പെടാവുന്ന, അധികം എഴുതപ്പെടാത്ത, അധികമാരും അറിഞ്ഞിരിക്കാനുമിടയില്ലാത്ത ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് വെളിച്ചം വീശുന്നു കാട്ടിപ്പരുത്തി.

സാധാരണമനുഷ്യരുടെ അസാധാരണമായ പ്രവൃത്തികളാണ് ചരിത്രം വിരചിക്കുകയെങ്കിലും ചരിത്രകാരന്‍മാര്‍ എന്നുവാഴ്ത്തപ്പെടുന്ന കൂലിയെഴുത്തുകാരുടെ കൈകളിലുടെ ഇതു കടന്നുപോവുമ്പോഴേയ്ക്കും ചിലപ്പോള്‍ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ കൂടി ചരിത്രത്തിലേക്കു നടന്നുകയറുമ്പോള്‍ ചരിത്രം സൃഷ്ടിച്ചവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്യും.

മലബാറിലെ 14ാം നൂറ്റാണ്ടിലെ സാമൂതിരി ഭരണകാലഘട്ടത്തിലെ അറിയപ്പെടാത്ത ഏടുകളിലെ, അനിതരസാധാരണമായ യുദ്ധവീര്യം കാഴ്ചവെച്ച് ധീരദേശാഭിമാനികള്‍ക്കുള്ള ശ്രദ്ധാജ്ഞലികൂടിയാണ് കാട്ടിപ്പരുത്തിയുടെ പോസ്റ്റ്.

മലബാറിലെ മാപ്പിളമാരും നായന്‍മാരും തമ്മിലുള്ള ഐക്യവും ചരിത്രപ്രസിദ്ധമാണ്. ഒരു പക്ഷേ പഴയ മദിരാശിയുടെ ഭാഗമായിരുന്ന മലബാറിലെ മാപ്പിളമാരെ ഇന്നും ചെന്നൈയില്‍ നായര്‍ എന്നു വിളിക്കുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവും.

ചരിത്രത്തിന്റെ ഭാഗമായി വായിക്കപ്പെടേണ്ടവരെക്കുറിച്ച് ഗൗരവമായി എഴുതപ്പെടുന്ന ഈ ബ്ലോഗ് നാളത്തെ ഒരു റഫറന്‍സ് ഗ്രന്ഥമായിക്കൂടെന്നില്ല. അതുകൊണ്ട് അക്ഷരത്തെറ്റുകള്‍ അക്ഷന്തവ്യമായ അപരാധമായി തന്നെ എടുക്കുക. ഒരു പുനര്‍വായനയിലൂടെ പരിഹരിക്കപ്പെടാവുന്ന അക്ഷരത്തെറ്റുകള്‍ പലപ്പോഴും പോസ്റ്റിന്റെ ഭംഗിയെത്തന്നെയായിരിക്കും കൊന്നുകൊലവിളിക്കുക. ഈയൊരു സദുദ്യമത്തിന് സര്‍വ്വവിധ ആശംസകളും നേരുന്നു.

എന്റെ നാലുകെട്ടും തോണിയും

കുറച്ചുകാലത്തേക്കെങ്കിലും മതില്‍കെട്ടിനുള്ളിലായിരുന്ന (access restricted) ആ നാലുകെട്ടില്‍നിന്നും ചരിത്രത്തിന്റെ പുറമ്പോക്കിലെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഇഞ്ചിപ്പെണ്ണ് തോണി തുഴയുകയാണ്. ഒരു മതിലിന്റെ തകര്‍ച്ചയുടെ കഥ പറഞ്ഞുകൊണ്ട് മതിലുകളില്ലാത്ത ഒരു ലോകത്തെ സ്വപ്‌നം കണ്ടുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഒരു മതിലിന് രണ്ട് ലക്ഷ്യങ്ങളാണുണ്ടാവുക. ഒന്ന് അപ്പുറത്തുനിന്നും ഇങ്ങോട്ടേയ്ക്കുള്ള പ്രവേശനം തടയുക. മറ്റൊന്ന് ഇങ്ങുനിന്നും അങ്ങോട്ടേയ്ക്കുള്ള ഒഴുക്കും തടയുക. ഹൂണന്‍മാരില്‍നിന്നും സ്വന്തം ജനതയെ സംരക്ഷിക്കാനായിരുന്നു ചൈനീസ് വന്‍മതിലെങ്കില്‍, സ്വാതന്ത്ര്യാഭിനിവേശം മൂത്ത ജനത അതിരുവിടാതിരിക്കാനായിരുന്നു ബര്‍ലിന്‍മതില്‍.

ഒരു ജനതയുടെ മുന്നേറ്റം എപ്പോഴും മലവെള്ളപ്പാച്ചില്‍ പോലെയായിരിക്കും. എല്ലാം തകര്‍ത്തുകൊണ്ട്, സര്‍വ്വസംഹാരിയായിക്കൊണ്ട്, അതില്‍ തകര്‍ന്നടിയാത്തതായി ഒന്നുമുണ്ടാവുകയില്ല. എല്ലാ വിപ്ലവങ്ങളും നമ്മെ അതു ബോദ്ധ്യപ്പെടുത്തുന്നു. ഫ്രഞ്ചുവിപ്ലവം നടത്തിയത് കമ്മ്യൂണിസ്റ്റുകാരൊന്നുമല്ലല്ലോ? ഗില്ലറ്റിന്‍ ആദ്യമായി ഉപയോഗിച്ചതും അവിടെയാണ്. ഗണിതശാസ്ത്രവകുപ്പുതന്നെ നിരന്നിരുന്നാലും എണ്ണംപിടിക്കാന്‍ പറ്റാത്തത്ര തലകളാണ് അവിടെയുരുണ്ടത്.

നല്ല മതില്‍ നല്ല അയല്‍ക്കാരെ സൃഷ്ടിക്കുന്നു എന്നൊരു ചൊല്ലുണ്ട്. മതിലുകളില്ലാത്ത ഒരു ലോകമാണ് നമ്മുടെ സ്വപ്‌നമെങ്കിലും മതിലുകളില്ലാത്ത ഒരു വീടിനെപ്പറ്റി ചിന്തിക്കാന്‍ കൂടി കഴിയാത്തവരാണ് ഈ സ്വപ്‌നം കാണുന്ന ഭൂരിഭാഗവും. കാല്പനീകത മനുഷ്യന്റെ അടിസ്ഥാനസ്വഭാവമാണ്. അതിരുകളില്ലാത്ത ഭാവനകള്‍ക്കും ചിന്തകള്‍ക്കും മതില്‍ക്കെട്ടുകള്‍ വിഘാതമാവുന്നില്ല. ആ ദൗര്‍ബല്യത്തിനുമുന്നില്‍ (ബോധപൂര്‍വ്വമാണ്) പിടിച്ചുനില്ക്കാനുള്ള ശേഷി മതില്‍ക്കെട്ടുകള്‍ക്കില്ല, ഉരുക്കുമുഷ്ടികളും ഇരുമ്പുമറകള്‍ക്കുമില്ല. ആ കൊട്ടകൊത്തളങ്ങള്‍ ഒന്നൊന്നായി നിലംപൊത്തുന്നതിന് നമ്മള്‍ എന്നേ സാക്ഷ്യം വഹിച്ചു. അറിയപ്പെടാത്ത ഒരു ചരിത്രത്തിന്റെ വായന ലഭ്യമാക്കിയ ഇഞ്ചിപ്പെണ്ണിന് നന്ദി.

സണ്‍ ഓഫ് ഡ സ്റ്റ്
കവിതയിലെ വസന്തത്തിന്റെ ഇടിമുഴക്കമായ ഹസനെപ്പറ്റിയുള്ള സുന്ദരമായ വരികളാണ് അനല്‍ഹഖിന്റേത്. ഹസന്റെ കവിതകള്‍ തേടിപ്പിടിച്ച് വായിക്കാന്‍ ഈയുള്ളവനെ പ്രേരിപ്പിച്ച വരികള്‍ - 'ഹസനേ..... വസന്തമേ'. അക്ഷരാര്‍ത്ഥത്തില്‍ വിരല്‍തുമ്പില്‍ കവിതയുടെ സംസം ഒളിപ്പിക്കുന്നവനാണ് ഹസന്‍.
'വലംകൈ ചുരുട്ടി ഇടംനെഞ്ചില്‍ മര്‍ദ്ദിക്കുന്നതു' തന്നെയാണ് ഹസന്റെ വരികള്‍.

അനല്‍ഹഖിന്റെ വരികളുംം ഹസന്റെ കൈയ്യൊപ്പ് പതിഞ്ഞതുപോലെ അതിമനോഹരം.

അടിമ ഹാജിറയുടെ / പാലുവറ്റിയ / മാറിടത്തില്‍ നിന്നും/ വാത്സല്യത്തിന്റെ പെരുന്നാളുണ്ണാം / നമുക്ക്.........

എന്ന അനലിന്റെ വരികള്‍ക്ക്

കുടചൂടി / റോഡുമുറിച്ചുകടക്കുന്ന / പെണ്‍കുട്ടീ, / നിന്റെ കഴുത്തിന്റെ വശങ്ങളിലൂടെ വീഴുന്ന / തണലിന്റെ ഇലകള്‍ / ഓരോന്നായി പെറുക്കിയെടുത്തു തരട്ടേ

എന്ന ഹസന്റെ വരികളുമായി, ശൈലിയുമായി ഒരുപാട് സാമ്യമുണ്ട്.

ഹസനാരെന്ന് ഇതെഴുതുന്നയാള്‍ക്കറിയില്ല. ഹസന്റെ എഴുത്ത് ബ്ലോഗുകളില്‍ കണ്ടിട്ടുമില്ല. ഹസന്റെ കവിതകള്‍ക്കായി തിരഞ്ഞപ്പോള്‍ ഹരിതകത്തില്‍ നിന്നുമാണ് ചിലത് കിട്ടിയത്.
'പ്രൊഫറ്റ് മുഹമ്മദ് സൂപ്പര്‍സ്റ്റാര്‍' എന്ന കവിതയില്‍ പാടിയവസാനിപ്പിക്കുന്നു..

ഈ വിചിത്രമായ നഗരത്തില്‍ വച്ച്
ഈ മകന്‍ പ്രവാചകനെ കണ്ടതും
കെട്ടിപ്പിടിച്ചുറങ്ങിയതും
അവന്റെ ചുവന്ന ചുണ്ടുകളില്‍
മുത്തം നല്കി യാത്രയാക്കിയതും

'സ്‌നേഹത്തള്ളിച്ച' എന്ന മറ്റൊരു കവിതയില്‍

വരണ്ട ആകാശത്തിന്റെ നെഞ്ചിനുനേരെ ഉയര്‍ത്തി
സങ്കടത്തോടെ ചിയേഴ്‌സ് പറയുന്ന പെണ്‍കുട്ടീ
മറ്റൊരാകാശത്തില്‍ നിന്നും
ഒരു ഐസ് ക്യൂബ് മുറിച്ചെടുത്ത്
നിന്റെ ബിയര്‍ മഗ്ഗിലിട്ടുതരട്ടേ

അതിനും മുന്നേ ചോദിക്കുന്നത് ഇങ്ങിനെയാണ്

കാലുകള്‍ക്കുള്ളിലൊളിപ്പിച്ച്
കാമുകനെ നാടുകടത്തുന്ന പെണ്‍കുട്ടീ,
നിറഞ്ഞതൊന്നും തുളുമ്പിപ്പോവാതെ
നിന്നെ ഞാന്‍ വീട്ടിലെത്തിച്ചുതരട്ടേ

'സമീറാ മക്മൂല്‍ ബഫിനെ ഞാന്‍ പ്രേമിക്കും' എന്ന വേറൊരു കവിതയുടെ തുടക്കം തന്നെ ഇങ്ങിനെ...

എന്നിട്ട്
ഉറക്കമിളച്ചിരുന്ന്
അവളുടെ പര്‍ദ്ദകളില്‍
ചിത്രത്തുന്നലുകള്‍# പിടിപ്പിയ്ക്കും
പൊടിക്കാറ്റില്‍,
ഞാന്‍ തുന്നിയ ചിത്രശലഭങ്ങള്‍
അവളെയും വഹിച്ച് പറക്കും

കവിഭാവന ചിറകുവിരിച്ച് ടെഹ്‌റാനിലെ പ്രണയാകാശത്തുനിന്നും ജീവിതയാഥാര്‍്ത്ഥ്യത്തിന്റെ പരപ്പനങ്ങാടിയിലേയ്ക്ക് വന്നിറങ്ങുമ്പോള്‍...

പരപ്പനങ്ങാടിയിലെ ഖദീജാ ടെസ്റ്റെയില്‍സ്
ടെഹ്‌റാനിലെ തുണിക്കട പോലെ
സമീറയ്ക്കുതോന്നും

'പതിവിലേറെ വികാരഭരിതനാവുമ്പോള്‍' എന്ന വേറൊരു കവിതയില്‍

പോകാന്‍ മറ്റൊരിടമില്ലാതിരിയ്ക്കുകയും
ബോറടി
പതിവിലേറെ വികാരനിര്‍ഭരമാവുകയും ചെയ്യുമ്പോള്‍
ഉറങ്ങുന്ന വാതില്‍ മുട്ടിവിളിച്ച്
നഗരത്തോടു പറയുക
കൂടെ വരാന്‍
.............
.............
സന്തോഷത്തിന്റെ 'ഹാ' എന്നുപേരുള്ള നഗരത്തെ
വേദനയുടെ 'ആ' എന്ന പേരുകൊണ്ട്
ആദ്യം മായ്ച്ചുകളയുക

ഓരോ വാക്കുകളിലും കവിതനിറയ്ക്കാന്‍ കഴിയുന്ന വിരലുകൊണ്ടുമാത്രം കവിതരചിക്കുകയാണ് ഹസന്‍. ഹസനെ അറിയുന്നവര്‍ ബൂലോഗത്തേയ്ക്ക് സ്വാഗതം ചെയ്താലും.

Sunday, November 22, 2009

ബൂലോഗവിചാരണ 25

വിശ്വമാനവികം

എല്ലാ മരണങ്ങളും കേരളത്തില്‍ വാര്‍ത്തയാവാറില്ല. കെട്ടിയോളിലും കുട്ടിയോളിലുമല്ലാതെ മറ്റാരിലും ഓളങ്ങള്‍ ഉളവാക്കാത്തപല മരണങ്ങളും കോളങ്ങള്‍ വാര്‍ത്തയാവുകയും ചെയ്യും. പോലീസുകാരന്റെ 'ആദരവുണ്ട' വാനമാര്‍ഗംസഞ്ചരിക്കുമ്പോള്‍ത്തന്നെ അവരുടെ ഓര്‍മ്മകള്‍ ജനഹൃദയങ്ങളില്‍ നിന്നും ഉരുണ്ട് താഴെപ്പോവുകയും ചെയ്യും. സജിം എഴുതിയതുപോലെ 'അറിവുകളുടേയും അനുഭവങ്ങളുടേയും ഭണ്ഡാരവും പേറി വ്യത്യസ്തമായ 'സഞ്ചാരപഥങ്ങളിലൂടെയായിരുന്നു ത്യാഗനിര്‍ഭരമായ ആയാത്ര'.. ബി.പ്രേമാനന്ദ് എന്ന സത്വാന്വേഷിയുടെ, മനവികതാവാദിയുടെ, യുക്തിവാദിയുടെ യാത്ര.

പുട്ടപര്‍ത്തിയിലെ ദിവ്യനുമായി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ചില്ലറയായിരുന്നില്ല. അതുകാരണമായി അദ്ദേഹത്തിനുണ്ടായ നഷ്ടങ്ങളും. 'Murder in Sai Baba's Bedroom' എന്നൊരു പുസ്തകം തന്നെ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

ബാബ വായുവില്‍ നിന്നും സ്വര്‍ണച്ചെയില്‍ വലിച്ചെടുത്ത് അലവലാതി ഭക്തര്‍ക്കല്ല, മുന്‍നിരയിലെ ഭക്തശിരോമണികളായ പ്രമുഖര്‍ക്കു കൊടുക്കുന്ന ഒരു പതിവുണ്ട്. അതിനെ നിയമപരമായി ചോദ്യം ചെയ്തിരുന്നു അദ്ദേഹം. ഒന്നാമതായി സ്വര്‍ണം ആര്‍ക്കും തോന്നിയപോലെ ഭൂമിക്കടിയില്‍ നിന്നും കുഴിച്ചെടുക്കാനുള്ള അനുമതി ഇന്ത്യാരാജ്യത്തില്ല. ഇനി മറ്റേതെങ്കിലും സ്വര്‍ണക്കടക്കാരന്‍ ഉണ്ടാക്കിയ മുദ്രയുള്ള ചെയിനാവുമ്പോള്‍ അത് വായിവില്‍ നിന്നും ബാബ സ്വന്തം നിലയ്ക്ക് വലിച്ചുപറിച്ചെടുത്തതാണെന്നു പറഞ്ഞാല്‍ ചുറ്റിലുമിരുന്ന് താളം പിടിക്കുന്ന കുറെ വിഡ്ഢികള്‍ വിശ്വസിച്ചേക്കാം. തലയ്ക്കുവെളിവുള്ളവര്‍ക്ക് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമായിരിക്കും.


നിയമപ്രകാരം സ്വര്‍ണം കൈകാര്യം ചെയ്യുന്നതിന്, ഉല്പാദിപ്പിക്കുന്നതിന് എല്ലാം നിയന്ത്രണങ്ങള്‍ ഉള്ളപ്പോള്‍ അതിനുള്ള അധികാരം ബാബയ്ക്ക് എവിടുന്ന് കിട്ടിയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ആശ്രമത്തിലെ കൊലപാതകങ്ങളെ പറ്റി അന്വേഷിക്കേണ്ടവരും അന്വേഷണാടിസ്ഥാനത്തില്‍ വിധിപറയേണ്ടവരും ആ പാദങ്ങള്‍ പുണരാന്‍ മത്സരിക്കുമ്പോള്‍ ആ ചോദ്യത്തിനും എന്തുപറ്റിയിട്ടുണ്ടാവും എന്നാലോചിക്കാവുന്നതേയുള്ളൂ.


ബാബ പണ്ട് ഇതുപോലെ ഒരു സ്വര്‍ണച്ചെയില്‍ വായുവില്‍ നിന്നും സൃഷ്ടിച്ച് കെ.പി. കേശവമേനോന്് കൊടുത്തതായി കേട്ടിട്ടുണ്ട്. അപ്പോഴേക്കും അതു കാണാനുള്ള കാഴ്ച അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പറ്റുമെങ്കില്‍ ബാബ കൊടുക്കേണ്ടത് ആ കണ്ണുകളില്‍ ഇത്തിരി വെളിച്ചമാണെന്ന് കണ്ടുനിന്ന ഒരു രസികന്‍ വിളിച്ചുപറഞ്ഞതായും കേട്ടിട്ടുണ്ട്.


മൂപ്പരുമായി ചില മണിക്കൂറുകള്‍ ഒന്നിച്ചു ചിലവഴിച്ചതിന്റെ ഓര്‍മ്മകളിലേയ്ക്ക്, വൈയക്തികമാണെങ്കിലും ഒരു രസകരമായ അനുഭവമായതിനാല്‍ എഴുതുന്നൂവെന്നുമാത്രം.


അദ്ദേഹം പ്രസ്ഥാനത്തിന്റെ ഒരു സമ്മേളനമോ മറ്റോ കഴിഞ്ഞ് ചെന്നെയില്‍ നിന്നും തിരിക്കുന്നു. ഒപ്പം പ്രസ്ഥാനത്തിന്റെ മറ്റൊരു സാരഥി ഡോ.നരേന്ദ്രനായികും. റയില്‍വേസ്റ്റേഷനില്‍ വൈകിയെത്തിയ ഞാനും ശ്രീജയും ഹൃഷിയെയും എടുത്ത് ഓടിക്കിതച്ച് എങ്ങിനെയോ അന്നത്തെ മംഗലാപുരം മെയിലില്‍ കയറിപ്പറ്റി. റിസര്‍വേഷന്‍ സീറ്റുതപ്പി കണ്ടെത്തി കിതപ്പുമാറ്റുമ്പോഴേക്കും അഭിമുഖമായുള്ള സീറ്റില്‍ അലസമായി താടിയും മുടിയും നീട്ടിവളര്‍ത്തി ഒരു അവധൂതന്റെ ലക്ഷണമുള്ള കൃശഗാത്രന്‍ ഇരിക്കുന്നു.


മൂപ്പരുടെ ആകാരത്തിലുള്ള പ്രത്യേകത എന്തോ എന്നെ ആകര്‍ഷിച്ചു. പിന്നെ താമസിച്ചില്ല. ഞങ്ങള്‍ രാത്രി പകലാക്കി സംഭാഷണത്തിലേര്‍പ്പെട്ടു. ഒരു മാതിരിപ്പെട്ട സകലദൈവങ്ങളും ചത്തുവീഴുന്നത് പരമഭക്തയായ ശ്രീജ ക്ഷമാപൂര്‍വ്വം നോക്കിനിന്നു. അതിനിടെ നാലുവയസ്സുകാരന്‍ മകനും ഞങ്ങള്‍ക്കുമായി അദ്ദേഹവും ഡോ. നായിക്കും കുറെ മാജിക്കുകളും കാട്ടിത്തന്നു. അപ്പോഴേക്കും സമയം രാത്രി ഒരുമണി കഴിഞ്ഞു. ട്രെയിന്‍ നിരങ്ങിനീങ്ങുന്നു. ഡോ. നായിക് സമയം നോക്കി പോത്തന്നൂര്‍ എത്താറായി എന്നുപറഞ്ഞു.


അഞ്ചുമിനിറ്റിനുള്ളില്‍ വണ്ടിനിന്നു. സമയം 1.10. ഇന്നു വണ്ടി കൃത്യസമയത്തുതന്നെ എത്തിയെന്നും പറഞ്ഞ് അദ്ദേഹം യാത്രപറഞ്ഞിറങ്ങാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ചെറിയ ലഗ്ഗേജുമായി ഞങ്ങള്‍ മൂപ്പരെ ആ ഇരുട്ടില്‍ ചാറ്റല്‍ മഴയത്ത് പ്ളാറ്റ് ഫോമില്‍ ഇറക്കിയതേയുള്ളൂ, വണ്ടി വിട്ടു. ഞങ്ങളോടി വണ്ടിയില്‍ക്കയറിയപ്പോള്‍ ശ്രീജ അലറിവിളിക്കുന്നു, 'അയ്യോ വേറെ എവിടെയോ ആണ് ഇറക്കിയത്. ഇതു പോത്തന്നൂരൊന്ന്വല്ല, എന്തുപണിയാ നിങ്ങള്‍ കാണിച്ചത്?്'.


ഞാനും ഡോ. നായിക്കും ഒരുപോലെ നിന്നുവിയര്‍ത്തു. ഏതോ സ്ഥലം. വയോധികനും രോഗിയുമായ മനുഷ്യന്‍. കൈയ്യില്‍ 'ദൈവം' സഹായിച്ച് നാലുമുക്കാല്‍ കാണുകയുമില്ല. അടുത്ത സ്റ്റേഷനാണ് പോത്തന്നൂര്‍. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവാന്‍ എത്തുമെന്നുപറഞ്ഞ മകന്റെ ഭാര്യയെ വിളിച്ചു അദ്ദേഹം സംഗതി പറഞ്ഞു. ഞങ്ങള്‍ അടുത്തസ്റേഷനിലിറങ്ങി ഒരു ടാക്സിയെടുത്ത് അദ്ദേഹത്തെ കണ്ടുപിടിച്ച് വീട്ടില്‍ എത്തിക്കുമെന്നും ധരിപ്പിച്ചു.


എങ്കിലും ആ ടെന്‍ഷന് പരിസമാപ്തിയായി അടുത്ത സ്റേഷനിലെത്തുംമുമ്പ് അവരുടെ വിളിവന്നു. അദ്ദേഹത്തെ കണ്ട സ്റേഷന്‍മാസ്റര്‍ മൂപ്പരുടെ ഒരു ഫാനായിരുന്നുവെന്നും, ആളെ മൂപ്പര്‍ ഒരു ഓട്ടോയില്‍ കയറ്റിവിട്ടുവെന്നും ഞങ്ങള്‍ ഇറങ്ങേണ്ടതില്ലെന്നും ഇങ്ങോട്ടുവിളിച്ചു പറഞ്ഞു.


അതുവരെ എല്ലാം കേട്ടുനിന്ന ശ്രീജയുടെ പെട്ടെന്നുള്ള പ്രതികരണം ഒരു ചിരിക്ക് വകനല്കുകയും ചെയ്തു, 'മൂന്നാളുകളും കൂടി ഇത്രനേരം എന്തായിരുന്നു കൂത്ത്. കണ്ണുകെട്ടിയതുപോലെയല്ലേ അവിടെയിറക്കിയത്. തല്ക്കാലം ഏതായാലും സ്റേഷന്റെ പേരു വായിക്കാനുള്ള യുക്തിയും കൂടി ഇല്ലാണ്ടായല്ലോ. ദൈവത്തോടു കളിച്ചാല്‍ ഇങ്ങിനെയായിരിക്കും ഫലം'.


വണ്ടി സ്റേഷനിലെത്തേണ്ട സമയം നോക്കി. സ്റ്റേഷന്‍ ഏതെന്നുമാത്രം നോക്കിയില്ല. രാജ്യം ഇന്ത്യയാണെന്നും ആലോചിച്ചില്ലെന്നുവേണം പറയാന്‍.


ഇറങ്ങുന്നതിനുമുന്നേ അദ്ദേഹം എന്റെ മേല്‍വിലാസം വാങ്ങിയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ''Murder in Sai Baba's Bedroom' എന്നെ തേടിയെത്തി. അതിനുള്ള കാശ് അയക്കണം എന്നുകരുതിയെങ്കിലും പിന്നീട് വിട്ടുപോയി. ഇനിയൊരിക്കലും വീട്ടാന്‍ പറ്റാത്ത ഒരു കടമായി അതവശേഷിക്കട്ടെ. അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുന്നില്‍ ആദരാജ്ഞലികളര്‍പ്പിക്കുന്നു.


അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നമ്മള്‍ അദ്ദേഹത്തെ കണ്ടില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് നമ്മുടെ പത്രങ്ങള്‍ക്ക് ആ മരണം ഒരു വലിയ വാര്‍ത്തയാവാതിരുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും കള്ളദൈവങ്ങള്‍ക്കുമെതിരെയുള്ള നിരന്തരമായ പോരാട്ടത്തിനായി ഒരു ജീവിതം സമര്‍പ്പിച്ചു കടന്നുപോയ ആ വലിയ മനുഷ്യനെ ബൂലോഗത്ത് പരിചയപ്പെടുത്തിയ സജീം, അഭിവാദ്യങ്ങള്‍.


കോമണ്‍സെന്‍സ്

ഡോ.എന്‍.എം.മുഹമ്മദലിയുടെ അസാധാരണമായ ധിഷണയുടെ ഒളിചിന്നുന്ന പോസ്റ്റ്. 'പ്രേമജിഹാദൂം ജമാഅത്തെ ഇസ്ളാമിയും - ഒരു മനശ്ശാസ്ത്രവിചിന്തനം' ഒരു ഗഹനമായ പഠനത്തിലുപരിയായി ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ കൊണ്ടും ശ്രദ്ധേയമാവുന്നു.

കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുത്തവരുടേയും വായക്ക് തോന്നിയത് കോതക്ക് പാട്ടെന്ന ശൈലിയില്‍ മറുപടി പറഞ്ഞവരുടേയും ഗീര്‍വ്വാണങ്ങള്‍ കേട്ടും വായിച്ചും ബോധം മറയാറായ അവസ്ഥയിലാണ് കോമണ്‍സെന്‍സിലെത്തുന്നത്. ഒരു പ്രവാചകന്റെ കാലുഷ്യമില്ലാത്ത മനസ്സില്‍ നിന്നും തെളിഞ്ഞചിന്തയില്‍ നിന്നും വെളിച്ചം കണ്ട വാക്കുകളിലൂടെ സഞ്ചരിക്കുന്ന പ്രതീതി ലേഖനം ആദ്യന്തം ഉളവാക്കുന്നു.

നിരീക്ഷണങ്ങള്‍ സത്യസന്ധമായിരിക്കുമ്പോള്‍ അജണ്ടകളില്ലാത്ത വിവരണമാവുമ്പോള്‍ എഴുതുന്ന ഒരക്ഷരവും വിഫലമാവാതെ വായനക്കാരനുമായി സംവദിക്കും. ദുര്‍ഗ്രാഹ്യമായ വിഷയമാണെങ്കില്‍ പോലും വായന ഒരനുഭവമാകും. അല്ലെങ്കില്‍ കുഞ്ഞമ്മദിന്റെ പ്രസ്തുത വിഷയത്തെപറ്റിയുള്ള എഴുത്തുപോലിരിക്കും. ഉമിക്കരി ചവക്കുന്നതുപോലെ.

സത്യം പറയുമ്പോള്‍ നിര്‍ഭയമായി പറയണം, പറയുന്ന വാക്കുകള്‍ക്കാവട്ടെ വെടിയുണ്ടയുടെ ശക്തിയുണ്ടാവുകയും വേണം. അതു വായനക്കാരന്റെ തലയിലേയ്ക്ക് നേരെ തുളച്ചുകയറിക്കൊള്ളും. തോക്കുകളിലെ ഉണ്ടകള്‍ ആളുകളെ വീഴുത്തുമ്പോള്‍ വീണുകിടക്കുന്നവനെ ഉയിര്‍ത്തെഴുന്നേല്പിക്കുന്നതായിരിക്കണം താളുകളിലെ വെടിയുണ്ടകള്‍, അതാവാഹിക്കുന്ന നിരീക്ഷണങ്ങള്‍.


ഇസ്ളാമിക തീവ്രവാദം ഫാഷിഷം തന്നെയാണ്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ - യാങ്കികള്‍ തുലയട്ടെ എന്നലറി വിളിച്ചതുകൊണ്ട് മതഭ്രാന്ത് പുരോഗമനമാവുകയില്ല. മതനിരപേക്ഷമാവുകയുമില്ല. വിപ്ളവകാരികള്‍ സദ്ദാം ഹൂസൈനെ എടുത്തുനടന്നപ്പോള്‍ ആളുകള്‍ ചിരിച്ചത് അതുകൊണ്ടാണ്. സദ്ദാമിന്റെ പ്രതിമ യാങ്കികള്‍ വലിച്ചിട്ടപ്പോള്‍ തെരുവില്‍ ആദ്യം പ്രകടനം നടത്തിയത് ഇറാഖ് കമ്മ്യൂണിസ്റ് പാര്‍ട്ടിയാണ്.


25 വര്‍ഷത്തില്‍ ആദ്യമായി ഒരു പ്രകടനം നടത്താന്‍ സ്വാതന്ത്യം കിട്ടിയ ദിവസം. അവര്‍ അഭിവാദ്യമര്‍പ്പിച്ചതാവട്ടെ അന്ന് യാങ്കികള്‍ക്കും. സദ്ദാമിന്റെ പേരിലുള്ള ആദ്യത്തെ ക്രിമിനല്‍ കേസുതന്നെ ഒരു കമ്മ്യൂണിസ്റ്റുനേതാവിനെ വെടിവെച്ചുകൊന്നതിനാണ്.


യഥാര്‍ത്ഥ ഇടതുപക്ഷം ഏറ്റെടുത്തുനടത്തേണ്ട സമരങ്ങളെ ഹൈജാക്കുചെയ്യുന്നതും മറ്റൊരു മുഖംമൂടി തന്നെയാണ്.


'ഇസ്ളാം സമാധാനത്തിന്റെ മതമാണെന്ന് അവര്‍ (ജമാഅത്തെ ഇസ്ളാമി) ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കും'. അതിന്നര്‍ത്ഥം ജമാ അത്തെ ഇസ്ളാമി കാംക്ഷിക്കുന്നത് സമാധാനമല്ല എന്നുതന്നെയാണ്.


ശ്രദ്ധേയമായ മറ്റൊരു കാര്യം ഡോക്ടര്‍ എടുത്തുപറയുന്നു. 'വസ്ത്രധാരണത്തിന്റെ കുറെയൊക്കെ സ്വാതന്ത്യ്രം അനുഭവിച്ചിരുന്ന കേരളത്തിലെ മുസ്ളീം സ്്്ത്രീകള്‍ പര്‍ദ്ദയും മക്കനയും ധരിക്കാന്‍ കാണിക്കുന്ന ത്വര സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇസ്ളാമിസം അധീശത്വം കാണിച്ചുതുടങ്ങിയതിന്റെ തെളിവാണ്'. തികച്ചും സത്യമായ ഒരു നിരീക്ഷണമാണത്.


ഒരു പത്തുവര്‍ഷം മുന്നേ പാടത്ത് ഉടുതുണി മടക്കിക്കുത്തി വെള്ളരിക്കു നനയ്ക്കുന്ന, അതുകഴിഞ്ഞ് വലം കൈയ്യില്‍ പശുവിന്റെ കയറും ഇടം കൈയ്യില്‍ വിറകോ ഓലയോ എന്തെങ്കിലുമായി നേരം ഇരുട്ടിത്തുടങ്ങുമ്പോള്‍ മാത്രം വീട്ടിലേക്കു നടക്കുന്ന ആയിഷ (ഇന്നിന്റെ അയിശൂമ്മ), സദാ പുഞ്ചിരിച്ച് എല്ലാവരോടും കുശലാന്വേഷണം നടത്തുന്ന ആയിഷ ഇതെഴുതുന്നവന്റെ ഓര്‍മ്മയിലുണ്ട്. കഴിഞ്ഞദിവസം എന്റെ മുന്നിലൂടെ പോയ കറുത്തരൂപത്തെ എനിക്കു മനസ്സിലായില്ല. ആരെടാ അത് എന്ന് സുഹൃത്തിനോടു ചോദിച്ചപ്പോള്‍, നമ്മുടെ ആയിഷയല്ലേ അത് എന്നു കേട്ടപ്പോള്‍ ഇതുതന്നെയാണ് എനിക്കും തോന്നിയത്.


മുസ്ളീം വര്‍ഗ്ഗീയതയും ഭീകരപ്രവര്‍ത്തനങ്ങളെയും കണ്ടില്ലെന്ന് നടിക്കുന്നതും നിസ്സാരവല്ക്കരിക്കുന്നതും മുസ്ളീം ജനസാമാന്യത്തിനോ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കോ നേട്ടമുണ്ടാക്കുകയില്ല എന്ന ഡോക്ടറുടെ നിരീക്ഷണം തികച്ചും ശരിയാണ്, കാലികവുമാണ്.


'പ്രേമത്തിന് വിഘാതമായി മതം നിന്നാല്‍ സാധാരണഗതിയില്‍ മതത്തെ ഉപേക്ഷിച്ച് പ്രേമം സഫലമാക്കാന്‍ ശ്രമിക്കും. പ്രേമം പ്രഥമവികാരത്തിന്റെ ഉദാത്തീകൃതരൂപമാണെങ്കില്‍ ജിഹാദ് ദ്വിതീയവികാരങ്ങളിലൊന്നായ മതവികാരത്തിന്റെ പ്രത്യയശാസ്ത്രാവതരണമാണ്. കമിതാക്കളുടെ പ്രേമത്തില്‍ മതപരിവര്‍ത്തനത്തിന്റെ ആശയം കൊണ്ടുവരുന്നത് പാലില്‍ പാഷാണം ചേര്‍ക്കുന്നതു പോലെയാണ്.' സത്യം സത്യമായി എഴുതുമ്പോള്‍ അതിന് നാലുപുറം വിശദീകരണം ആവശ്യമാവുന്നില്ല. വാക്കുകള്‍ വായനക്കാരുമായി നേരിട്ടു സംവദിച്ചുകൊള്ളും. എഴുതുന്നത് കളവാണെങ്കില്‍ അതിനു നാനൂറുപുറം വിശദീകരണം ചേര്‍ത്തിട്ടും കാര്യമില്ല.


വായന തുടരുമ്പോള്‍ 'മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്കുപിടിച്ച കാമുകന്‍ സ്വാഭാവികമായും പ്രണയം സഫലീകരിക്കുന്നതിനുമുന്‍പ് കാമുകിയെ അല്ലാഹുവിന് കീഴടങ്ങിയവളാക്കുവാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കാമുകിയെ മുസ്ളീമാക്കലാണ് മതഭ്രാന്തുപിടിച്ച കാമുകന്റെ പ്രണയസാഫല്യം. കാമുകി കാഫിര്‍ ആണെങ്കില്‍ കാമുകന് വിവാഹം ചെയ്യാനും സാദ്ധ്യമല്ല. കാരണം ശരീഅത്ത് അനുസരിച്ച് ഒരു കാഫിര്‍ സ്ത്രീയെ വെപ്പാട്ടിയാക്കാനല്ലാതെ നിക്കാഹ് കഴിച്ച് ഭാര്യയാക്കാന്‍ പാടില്ല. പ്രണയജിഹാദ് കഥയിലെ കാമുകന്‍ ജൈവപ്രേരണയാല്‍ ഒരു യുവതിയില്‍ ആകൃഷ്ടനായിപ്പോയാലുടന്‍ പ്രണയത്തിനു പാഷാണം ചേര്‍ക്കാന്‍ ഇസ്ളാമിസം അഥവാ രാഷ്ട്രീയ ഇസ്ളാം എത്തുന്നു. സംഘപരിവാര്‍ ഇതെല്ലാം നിസ്സംഗരായി നോക്കിനില്ക്കുമെന്നത് മൌഢ്യമാണ്....... അതുകൊണ്ട് പ്രണയത്തെ കലക്കാതിരിക്കാന്‍, അതിലിടപെടാന്‍ പാടില്ലെന്നും മതപരിവര്‍ത്തനത്തിന് കാമുകിയെ പ്രേരിപ്പിച്ച് കൊണ്ടുവന്നാല്‍ മതം മാറ്റാന്‍ കൂട്ടുനില്ക്കരുതെന്നും ഖത്തീബൂമാരോടും മുസലിക്കന്‍മാരോടും ജമാ അത്തെ ഇസ്ളാമിയും മറ്റു മുസ്ളീം സംഘടനകളും ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്യണം. കേരളത്തിലെ സമാധാന അന്തരീക്ഷവും ഇന്നുളള മതസൌഹാര്‍ദ്ദമെങ്കിലും നിലനിര്‍ത്താനും അത്യവശ്യമാണ്. ഇസ്ളാമിസ്റ്റുകളുടെ ഞായങ്ങള്‍ ഇടതുബൂദ്ധിജീവികള്‍ ഏറ്റുപറയാതിരിക്കുകയാവും നല്ലത് എന്നെനിക്ക് തോന്നുന്നു.'


ഇതിനാണ് പറയുക ധീരമായ എഴുത്ത്. അദ്ദേഹം അവകാശപ്പെടുന്നതുപോലെ ഒരു മാര്‍ക്സിസ്റ്റാണ് എന്നതിന് തെളിവ് ഈ വാക്കുകള്‍ തന്നെയാണ്. ഏറെക്കാലത്തിനിടയില്‍ ഒരു മാര്‍ക്സിസ്റ്റിനെ കണ്ടുമുട്ടിയതിലുള്ള സന്തോഷമുണ്ട് ഡോക്ടര്‍. വിഷയത്തെ വസ്തുനിഷ്ഠമായി സമീപിച്ച് കൃത്യമായ നിഗമനങ്ങളില്‍ എത്തുന്നു. നല്ല ഡയഗ്നോസ്. ഭീകരവാദികളെക്കാളും ചികിത്സ അത്യാവശ്യമായി വേണ്ടത് ന്യൂനപക്ഷ താരാട്ടുപാടി കാലം കഴിക്കുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കും ഉദരനിമിത്തം ബഹുകൃതവേഷമാടുന്ന കപടസാംസ്കാരികനായകര്‍ക്കുമാണ്. ബൂലോഗത്തിനുവേണ്ടതും അവിടെയില്ലാത്തതും ഇത്തരം ഉദാത്തമായ ധിഷണയുടെ മിന്നലാട്ടമുള്ള രചനകളാണ്. ഡോക്ടര്‍ ഒരവിശ്വാസിയുടെ അഭിവാദ്യങ്ങള്‍.

Monday, November 2, 2009

ബൂലോഗവിചാരണ 24

പൊളിട്രിക്സ്

'മഹാനായ ഒരു ഗാന്ധിയന്റെ സത്യാന്വേഷണപരീക്ഷണകഥ' എന്ന ഉജ്ജ്വലമായ പോസ്റ്റുമായി ഇന്ത്യാവിഷനിലെ പോളിട്രിക്സ് ഫെയിം പി.ടി.നാസര്‍. നാസറിന്റെ പോളിട്രിക്സ് അവതരണം കണ്ടപ്പൊഴേ തോന്നിയതാണ് വലിയ ആയുസ്സൊന്നും ഇന്ത്യാവിഷനിലുണ്ടാവാനിടയില്ലെന്ന്. താമസിയാതെ ബൂലോഗത്ത് കാണുകയും ചെയ്തു.

സത്യം പറയേണ്ട സമയത്ത് പറയേണ്ടരീതിയില്‍ പറയേണ്ടവരോട് പകരംവെക്കാനില്ലാത്ത വാക്കുകളില്‍ വിളിച്ചുപറയുകയാണ് ഒരു ആക്ഷേപഹാസ്യകാരന്റെ ധര്‍മ്മം. അതില്‍ ചിരിയുണ്ടാവണം. ചിരി നയിക്കേണ്ടത് ചിന്തയിലേക്കായിരിക്കുകയും വേണം. എഴുത്തുകാരനും കടലാസിനുമിടയില്‍ മറ്റൊരു മാധ്യമമില്ലാതെ ആത്മാവിന്റെ കൈയ്യൊപ്പുള്ള വാക്കുകള്‍ എഡിറ്റിങ് വൈകൃതത്തിനു വിധേയമാവാതെ കോറിയിടാന്‍ ഇന്ന് ഏറ്റവും അനുയോജ്യം ബൂലോഗത്തിന്റെ അന്തമില്ലാത്ത ചുമരുകളാണ്.

ഒരു ഗാന്ധിയേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഗാന്ധിയന്‍മാര്‍ക്കുമാത്രം ക്ഷാമമില്ലാത്ത നാടാണ് നമ്മുടേത്.

തലമൊട്ടയായതില്‍ പിന്നെ
ഗാന്ധി തൊപ്പിയിട്ടിട്ടില്ല
ഗാന്ധി ശിഷ്യന്‍മാരാവട്ടേ
ചത്താലും തൊപ്പിയൂരില്ല
കുഞ്ഞുണ്ണിമാഷുടെ നിരീക്ഷണങ്ങളാണ്. ദളിത്പ്രേമവും ആദിവാസി പ്രേമവും ഉദരംഭരിസിദ്ധാന്തത്തിന്റെ അവിഭാജ്യ ചേരുവകളാക്കി വിപ്ളവകാരികളും ഗാന്ധിയന്‍മാരും മുന്നേറുന്നതിനെ നന്നായി പരിഹസിക്കുമ്പോള്‍ തന്നെ ബിര്‍ളാമന്ദിര്‍ ചെറ്റക്കുടിലായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം കൂടി രസകരമായി അവതരിപ്പിക്കുന്നൂ നാസര്‍.

ശശിതരൂരിന്റെ ധാരാളിത്തത്തെ ഒരു ചാക്യാരുടെ മെയ് വഴക്കത്തോടെ നാസര്‍ ഗാന്ധിജിയുടെ ലാളിത്യവുമായി ഉപമിക്കുന്നു. പിന്നെ ദേശീയഗാനവിവാദം. അല്ലെങ്കില്‍ തന്നെ നമ്മുടെ ദേശീയഗാനത്തിന് ഒരു പേരുദോഷമുണ്ട്. പാടിപുകഴ്ത്തുന്നത് പഴയ ബിലാത്തി ചക്രവര്‍ത്തിയെയാണെന്ന ആരോപണം. അതു ശരിയാണെങ്കില്‍ പിന്നെ ഒന്നും നോക്കാനില്ല. സായ്പ് ചെയ്യുന്നതുപോലെ ഇടതുകൈ നെഞ്ചില്‍ വച്ചോ വലതുകൈ തലയില്‍ വച്ചോ ആലപിക്കാവുന്നതേയുള്ളൂ. ഇനി ഏതായാലും കോടതി തീരുമാനിക്കട്ടേ.

പിന്നെ ഗാന്ധിജിയുടെ നൈഷ്ഠികബ്രഹ്മചര്യം. ബ്രഹ്മചര്യപ്രഖ്യാപനം നടത്തുന്നവേളയില്‍ ഗാന്ധിജിയ്ക്കും ബാ യ്ക്കും പ്രായം 37 വര്‍ഷം 1906. അപ്പോഴേയ്ക്കും 23 വര്‍ഷത്തെ വൈവാഹികജീവിതം. ചോദിക്കേണ്ട കുറവേ ഉണ്ടായിരുന്നുള്ളൂ ബ്രഹ്മചര്യത്തിന് 'ബാ' യുടെ സമ്മതം കിട്ടാന്‍. ഇനിയങ്ങോട്ടുള്ള ഗര്‍ഭധാരണം ഒഴിവാക്കാമല്ലോ എന്നതായിരുന്നു ഗാന്ധിജിയുടെ ബ്രഹ്മചര്യത്തെ സംബന്ധിച്ച് ബാ യുടെ വീക്ഷണം. എഴുത്തുകാരന്റെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍ "By the time Gandhiji assumes Brahmacharya both of them were 37 years old in 1906 and were already married for twenty three years. Kastuba's consent was forthcoming in no time. From her perspective, this would avoid further pregnancies" (Bhrahmacharya, Gandhi and his Women Associates by Girija Kumar, Rs. 695.00).

വസ്തുതകള്‍ സാന്ദര്‍ഭികമായി പറയേണ്ടിവന്നൂ എന്നുമാത്രം. ഇതൊന്നും ഗാന്ധിജിയുടെ മഹത്വത്തില്‍ സംശയത്തിന്റെ നിഴലുകളാവുന്നില്ല. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നുപറയാന്‍ ഇവിടെ ഒരു ഗാന്ധിമാത്രമേ ജനിച്ചിട്ടുണ്ടായിരുന്നുള്ളൂ. പറഞ്ഞതുപോലെ ജീവിച്ചതുകൊണ്ട് വിചാരിക്കാത്തതുപോലെ മരിച്ചു - രക്തസാക്ഷിത്വം വരിച്ചു.

ലാളിത്യത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്ന ആ മഹാത്മാവിനോട് പ്രതിദിനം 40000 രൂപ ഹോട്ടല്‍ വാടകനല്കി രാജ്യസേവനം നടത്തിയ മഹാത്മാവിനെ ഉപമിക്കുമ്പോള്‍ നാസര്‍ പറയാതെ പറയുന്നു - ടാജിലെ സ്യൂട്ടാണെ സത്യം, എന്റെ ജീവിതമാണ് എന്റെ സന്ദേശം. തുടര്‍ന്നും നാസറില്‍ നിന്നും മികച്ച പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. അഭിവാദ്യങ്ങള്‍.

വെള്ളെഴുത്ത്

കാലകാലങ്ങളായി സൃഗാലബുദ്ധിമാത്രമുള്ള ഒരു പറ്റം നേതാക്കള്‍ ചുടുചോറു വാരാനയക്കുന്ന അറിവില്ലാപൈതങ്ങളായി വിദ്യാര്‍ത്ഥികള്‍ മാറുമ്പോള്‍ ഓരോ വിദ്യാര്‍ത്ഥി ആത്മഹത്യയും കേരളത്തില്‍ ഒരു അടിപൊളി ആഘോഷമായി മാറുകയാണ്. ദു:ഖം ഹേതുവായി ആരും കോല്‍ക്കളികളിക്കാറില്ല. കല്ലേറു നടത്താറുമില്ല. ഇവിടെ ഇല്ലാത്ത ദു:ഖം ഉണ്ടെന്നുവരുത്തി കല്ലേറിനൊരു കാരണമാക്കുകയാണ് ചെയ്യുന്നത്. ആത്മഹത്യയുടെ സാമൂഹികസാഹചര്യത്തെക്കുറിച്ച് ആര്‍ക്കും വേവലാതിയില്ല.

ഒരു ആത്മഹത്യയെ വിദ്യാര്‍ത്ഥിസംഘടനകള്‍ സ്വാശ്രയപോരാട്ടത്തിന് വളമാക്കുമ്പോഴേയ്ക്കും മറ്റൊരു മരണം അതിനെ നിര്‍വീര്യമാക്കിയതിനേയും, ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ വലിയ വാര്‍ത്തയാവുകയും അന്നേ ദിവസം തന്നെ ആത്മഹത്യചെയ്ത മറ്റൊരു ആണ്‍കുട്ടിയുടേത് രണ്ടുവരി ചരമത്തിലൊതുങ്ങുകയും ചെയ്തതതിലെ ലിംഗവിവേചനത്തെപ്പറ്റി, സ്ത്രീ-പുരുഷ ബന്ധങ്ങളുടെ മേല്‍ സദാജാഗരൂഗരായ സദാചാരദൃഷ്ടികളെയും അതിന്റെ നിരര്‍ത്ഥകതയേയും അതുണ്ടാക്കുന്ന വിപരീതഫലത്തേയും കാട്ടാളനീതിയുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്ന പാക്കിസ്ഥാന്‍ സ്ത്രീകളുടെ പ്രതീകം മുക്താര്‍മായിയുടെ നിരീക്ഷണങ്ങളേയും കൊണ്ട് ശ്രദ്ധേയമായ പോസ്റ്റ്. സമകാലികം.

ഈയൊരു പോസ്റ്റിന് രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്നൊരു തലക്കെട്ട് എന്തിന് എന്ന ചോദ്യം ബാക്കിയാവുന്നു. ഒടുവില്‍ ഈയൊരു കുറിപ്പിനു ഹേതുവായതും രണ്ടുപേര്‍ ചുംബിച്ചതുതന്നെയായിരിക്കണം എന്നുതോന്നുന്നു . എന്നാലും ഒരു സംശയം ബാക്കി. രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്നു വേണോ? ചുംബിക്കുമ്പോള്‍ എന്നുപോരേ. രണ്ടാളില്ലാതെ ഒരു ചുംബനം നടത്താനുള്ള വല്ല സാങ്കേതികവിദ്യയുമുണ്ടോ ആവോ?

ചാണക്യന്‍

ഇന്ത്യയുടെ വിദേശകടം 13തവണ തിരിച്ചടയ്്ക്കാനാവശ്യമായത്രയും ഏതാണ്ട് 70 ലക്ഷംകോടി രൂപയുടെ കള്ളപ്പണം സ്വിസ് ബാങ്കുകളില്‍ കിടക്കുന്ന കാര്യം വിളിച്ചറിയിക്കുന്നു ചാണക്യന്‍. ഏറ്റവും കൂടുതല്‍ നിക്ഷേപം ഇന്ത്യക്കാരുടേതാണന്ന ഒരു ബഹുമതി/അവമതി ക്കുകൂടി നമുക്ക് വഹയുണ്ട്.
മൂന്നാമത്തെ ഖണ്ഡികയിലുള്ള 'സ്വിസ് ബാങ്കില്‍ മാത്രം ഇത്രയും തുകയുള്ള സ്ഥാനത്ത് മറ്റ് 69 ബാങ്കുകളിലായി എത്ര സമ്പാദ്യമണ്ടാകും?' എന്ന ചോദ്യം ചില സംശയങ്ങളുയര്‍ത്തുന്നു. രഹസ്യസ്വഭാവം വച്ച് അക്കങ്ങള്‍മാത്രമുപയോഗിച്ച് സ്വിസ് ബാങ്കിങ് സമ്പ്രദായപ്രകാരം അക്കൌണ്ട് ഓപ്പറേറ്റ് ചെയ്യാനുള്ള സംവിധാനമുള്ള ബാങ്കുകളുടെ സാമാന്യനാമമാണല്ലോ സ്വിസ് ബാങ്ക്. സ്റേറ്റ് ബാങ്ക് അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് പോലെ ഇത് ഒരു ബാങ്കല്ല. ഈ ഗണത്തില്‍ വരുന്ന വ്യത്യസ്ത പേരുകളുള്ള മുന്നൂറോളം പ്രമുഖ ബാങ്കുകളുണ്ടവിടെ എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു. സര്‍വീസ് ചാര്‍ജ് അല്ലെങ്കില്‍ ഓപ്പറേറ്റിംഗി ഫീ അങ്ങോട്ടാണ് നല്കേണ്ടത് എന്നത് മറ്റൊരു പ്രത്യേകതയാണ്. അതായത് കള്ളപ്പണം സൂക്ഷിക്കുന്നതിന്റെ വാടക. ഈ സമ്പ്രദായമാവട്ടെ കൂടുതല്‍ കളവിനുള്ള പ്രോത്സാഹനവുമാണ്. കട്ടുകട്ട് കൊണ്ടുപോയി അക്കൌണ്ട് നിറച്ചില്ലെങ്കില്‍ മുതലുതന്നെ കുറയുന്നതാണ് ഏര്‍പ്പാട്.

ഈയൊരു നാലുമുക്കാലിന്റെ ഗുണവുമില്ലെങ്കില്‍ പിന്നെ ഇവിടുത്തെ ബ്ളഡി ഇന്ത്യന്‍സിന്റെ കട്ടമുതലിന് സത്യസന്ധതയ്ക്ക് പേരുകേട്ട സ്വിസ് ജനത കാവലിരിക്കുന്നതെന്തിനാണ്? കൈലാസം നന്നാവാനല്ലല്ലോ ആളുകള്‍ ശിവരാത്രി നോല്ക്കുന്നത്.

അരുണ്‍ഷൂറിയെപോലുള്ളവര്‍ ശക്തമായി വാദിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗത്തിനും താത്പര്യമില്ലാത്ത കേസാണ് സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെയെത്തിക്കല്‍. അധികം ആരുടേയും ശ്രദ്ധയില്‍ പെടാതെ പോയ ദേശീയപ്രാധാന്യമുള്ള ഒരു വിഷയം ചര്‍ച്ചയ്ക്കെത്തിക്കുന്നൂ ചാണക്യന്‍.
വിദേശകടം വീട്ടാനും ഇന്ത്യന്‍ ജനതയ്ക്ക് മുഴുവന്‍ ശരാശരി ജീവിതസൌകര്യമൊരുക്കുവാനുമുള്ള കാശ് കേരളത്തിന്റെ അത്രപോലുമുണ്ടോയെന്ന് സംശയമായ ഒരു രാജ്യത്തെ ബാങ്കുകളില്‍ രഹസ്യഅക്കൌണ്ടുകളില്‍ കിടക്കുന്നു എന്നറിയുമ്പോള്‍ ജയിലിലും പുറത്തുമുള്ള കൊള്ളക്കാരെക്കാള്‍ പ്രഗല്ഭരായിരുന്നില്ലേ നമ്മുടെ സഭകളിലിരുന്ന പലരും എന്നുതോന്നിപ്പോവുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തീരാശാപം തന്നെയാണ് അഴിമതി.

സിമിയുടെ ബ്ളോഗ്
അരുണാചല്‍ - തര്‍ക്കവും പരിഹാരങ്ങളും എന്ന സുദീര്‍ഘവും വസ്തുനിഷ്ഠമായ ഒരു പഠനം തന്നെയാണ് സിമിയുടേത്. നിലിവില്‍ കൈയ്യേറിയ പ്രദേശങ്ങള്‍ക്കുപുറമേ അരുണാചല്‍ പ്രദേശിനുമേല്‍ തന്നെ ചൈന അവകാശവാദം ഉന്നയിച്ചിട്ടുള്ള സ്ഥിതിയ്ക്ക് ഇന്ത്യന്‍ ഭരണകൂടം വിഷയം ഗൌരവമായി കൈകാര്യം ചെയ്യേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തുകയാണെന്നു തോന്നുന്നു.

അരുണാചല്‍ പ്രദേശിന്റെ ചരിത്രത്തില്‍ തുടങ്ങി പ്രശ്നങ്ങളിലൂടെ സഞ്ചരിച്ച് പരിഹാരമാര്‍ഗങ്ങള്‍ കൂടി നിര്‍ദ്ദേശിക്കുന്നൂ സിമി. അതേ, തീര്‍ച്ചയായും ഇന്നത്തെ ലോകത്ത് ഒരു യുദ്ധം എന്നാല്‍ ഏതാണ്ട് സര്‍വ്വനാശം എന്നുതന്നെയാണ്. യുദ്ധത്തിന്റെ സംസ്കൃതരൂപമാണ് നയതന്ത്രം. ഏക്കാലത്തെയും മികച്ച അംബാസിഡറായ ഹനുമാന്‍ തൊട്ട് ഇങ്ങോട്ട് മിടുക്ക് തെളിയിച്ചവരാണ് നമ്മുടെ നയതന്ത്രപ്രതിനിധികള്‍. ഐക്യരാഷ്ട്രസഭാ ഫെയിം ശശി തരൂര്‍ കൂടി മന്ത്രിസഭയിലുള്ളപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവാതിരിക്കില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സംസ്ഥാനം സന്ദര്‍ശിച്ചത് ഗുരുതരമായ തെറ്റാണെന്ന ചൈനീസ് ഭരണകൂടത്തിന്റെ നിരീക്ഷണം നാട്ടിലെ പത്രങ്ങളായ പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തെങ്കിലും 'അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും അവകാശപ്പെടുന്ന പ്രദേശ' ഗവേഷകരുടെ കടലാസില്‍ മാത്രം ഒന്നും കണ്ടില്ല. പൊളിറ്റ്ബ്യൂറോ കൂടി എന്തുപറയണമെന്ന് ഹൂ ജിന്റാവോ അറിയിക്കുന്നതുവരെ വായനക്കാര്‍ ക്ഷമിക്കുക.

പാരിജാതം
നാലക്ഷരം കൂട്ടിയെഴുതാന്‍ അറിയുന്നവന്‍/ള്‍ ചെയ്യുന്നതെല്ലാം മഹത്തരം എന്ന മിഥ്യാവബോധത്തില്‍ നിന്നുമുരുത്തിരിഞ്ഞ, തലതിരിഞ്ഞ ആ മരണദിനത്തിന്റെ മണിമുഴക്കത്തിനു കാതോര്‍ത്തവരുടെ പരമ്പരയിലെ ഒരു കണ്ണി - അവസാനകണ്ണിയാവട്ടെ എന്നാഗ്രഹിക്കുന്നു - യുടെ ഏകമകന്റെ വ്യഥ, അവളുടെ ജീവിതപങ്കാളിയുടെ ദുരവസ്ഥ, മാതാപിതാക്കളുടെ തീരാദു:ഖം തുടങ്ങിയ ജീവിതയാഥാര്‍ത്ഥ്യങ്ങളെ കാണാതെ ഷൈനയുടെ ആത്മഹത്യയെ മഹത്വവല്ക്കരിക്കാന്‍ ശ്രമിക്കുന്ന ഒന്നാവുന്നു 'ഷൈന - ഒരു നിലാമഴപോലെ' എന്ന പോസ്റ്റ്.

കവിതകള്‍ അവരുടെ ഡയറിക്കുറിപ്പുകളായിരുന്നു എന്നുതോന്നുന്നു. പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഷൈനയെക്കുറിച്ച് എഴുതിയിരുന്നു. വരികളിലൂടെ പോയാല്‍, അവളുടെ ജീവിതം വരികളോട് കൂട്ടിവായിച്ചാല്‍ - ആത്മഹത്യ അതു ചെയ്യുവാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു - ആത്മഹത്യാപ്രവണ ഒരു വലിയ അളവില്‍ ഉണ്ടായിരുന്നു ഷൈനയില്‍ എന്നുകാണാവുന്നതേയുള്ളൂ.
പണ്ടൊരാള്‍ എഴുതിയത് 'മരണത്തിന്റെ മണിമുഴക്ക'മായിരുന്നു, ഷാഹിനയുടേത് 'മരണത്തിന്റെ മണ'വും.

ലോകത്ത് ആരും കാരണമില്ലാതെ മരിക്കേണ്ടിവരികയില്ല. ഭൂരിഭാഗത്തിനും ജീവിക്കാനാണ് കാരണങ്ങളില്ലാത്തത്. എന്നിട്ടും എന്തേ ഭൂരിഭാഗവും ആത്മഹത്യ ചെയ്യുന്നില്ല.
ഷൈനയുടെ മാനസിക നില അവരെ ആത്മഹത്യയിലേക്കു നയിച്ചു, പലകാരണങ്ങളുണ്ടാവാം. ആത്മഹത്യാപ്രസ്ഥാനം എന്ന മഹത്തായ സംഗതിക്കുവേണ്ടിയോ മറ്റോ ജീവത്യാഗം ചെയ്തതുപോലെ എഴുതിക്കാണുമ്പോള്‍ പറയാതിരിക്കാന്‍ വയ്യ - ഷാഹിന ഒരു അനുകരണീയമാതൃകയല്ല. ആത്മഹത്യ ഒരു പുണ്യകര്‍മവുമല്ല.

Thursday, October 15, 2009

ബൂലോഗവിചാരണ 23

വികടശിരോമണി

എഴുത്തുകാരന്റെ ഭാഷ 'ഭാഷ"യുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുമ്പോഴാണ്‌ സൃഷ്ടികള്‍ അതിമനോഹരമാവുക. അപ്പോള്‍ അത്‌ വിവര്‍ത്തനാതീതമായി നിലകൊള്ളുകയും ചെയ്യും. കുഞ്ചന്റെയും സഞ്‌ജയന്റെയും ബഷീറിന്റെയുമൊക്കെ സര്‍ഗശേഷിയെ മറ്റേതു ഭാഷയ്‌ക്കാണ്‌ തടവിലിടുവാന്‍ കഴിയുക. ഇനി അതിന്‌ ആരെങ്കിലും മുതിര്‍ന്നാല്‍ വിവര്‍ത്തനഗ്രന്ഥത്തിലെവിടെയായിരിക്കും ഇവരുടെയെല്ലാം ആത്മാവു ചോര്‍ന്നുപോവാതെ കുടികൊള്ളുക?

ഭാഷയ്‌ക്ക്‌ അതിര്‍വരമ്പുകള്‍ നിശ്ചയിച്ച വൈയാകരണന്‍മാര്‍ ഗ്രന്ഥത്തോടൊപ്പം അപ്രത്യക്ഷമാവുമ്പോള്‍ ഉത്‌കൃഷ്ട സാഹിത്യ കൃതികള്‍ കാലാതീതമായി നിലനില്‌ക്കുകയും ചെയ്യും. കാലം ചെല്ലുന്തോറും ബഷീര്‍ കാലികനാവുന്നതും അതുകൊണ്ടുതന്നെയാണ്‌. എഴുത്തിലെ, ചിന്തയിലെ മൗലികത. ഇഷ്ടംപോലെ ചോര തെരുവില്‍ ചിതറുമ്പോള്‍ ചെമ്പരത്തിപ്പൂവിന്റെ ചെമപ്പിനെ പറ്റിയെഴുതുന്ന തലയ്‌ക്ക്‌ നെല്ലിക്കാത്തളം കെട്ടേണ്ടതാണ്‌. പകരം ഇവിടെ അവാര്‍ഡുകൊടുക്കും എന്നുമാത്രം.

"താമരയിലകൊണ്ടു മറഞ്ഞാല്‍ വിരഹാകുലയാവുന്ന ചക്രവാകപ്പിടയുടെ വ്യഥകള്‍" ബഷീറിന്റെ കാലത്തിന്റേതല്ല, കാലികമായത്‌ പുട്ടിന്റെ നടുവില്‍ വച്ച പുഴുങ്ങിയമുട്ട കാമുകനെത്തുമോ എന്ന കാമുകിയുടെ വ്യഥ തന്നെയാണ്‌.

ഇറക്കുമതി ചെയ്‌ത അസംസ്‌കൃതപദാര്‍ഥങ്ങള്‍ കൊണ്ട്‌ കഥകള്‍ ചമച്ച എഴുത്തുഫാക്ടറി നടത്തിപ്പുകാരനായിരുന്നില്ല സുല്‍ത്താന്‍. കയ്യെത്തും ദൂരത്തുനിന്ന്‌ പറിച്ചെടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളെ തന്റേതുമാത്രമായ ഭാഷയിലൂടെ അനശ്വരമാക്കുകയാണ്‌ ബഷീര്‍ ചെയ്‌തത്‌.

വിദ്യുത്‌ സദസ്സുകളിലെ കനകസിംഹാസനങ്ങളില്‍നിന്നും ഭാഷയെ തെരുവിലിറക്കിയത്‌ കുഞ്ചനും വെണ്മണിക്കവികളുമാണ്‌. 'ഡോ നാറാണാ' എന്നത്‌ ഒരു കാലത്ത്‌ ശുദ്ധമലയാളമായപ്പോള്‍ ചിലര്‍ എങ്ങിനെ കഷ്ടപ്പെട്ടാലും 'കശ്‌ട'പ്പാടുമാത്രമാവുന്നതും ഇഷ്ടപ്പെട്ടാല്‍ 'ഇശ്‌ട'പ്പെടലുമാത്രമാവുന്നതും അശുദ്ധമലയാളമായതിനെപ്പറ്റി 'മരുഭൂമികള്‍ പൂക്കുമ്പോള്‍' എന്ന ബഷീര്‍ പഠനത്തില്‍ എം.എന്‍. വിജയന്‍ മാഷ്‌ എഴുതിയിട്ടുണ്ട്‌.

വാക്കുകള്‍ക്കപ്പുറത്തേക്കുള്ള ഒരു അര്‍ത്ഥപ്രപഞ്ചത്തിലേക്ക്‌ വരികള്‍ വഴികാട്ടുന്നുണ്ടോ എന്നുമാത്രം നോക്കുക. സാഹിത്യവും ശാസ്‌ത്രവും തമ്മിലുള്ള വേര്‍തിരിവിന്റെ അതിര്‍വരമ്പ്‌ അതാണ്‌. ശാസ്‌ത്രം നേര്‍രേഖയില്‍ സഞ്ചരിച്ച്‌ എത്തേണ്ടിടത്ത്‌ എത്തുമ്പോള്‍ സാഹിത്യം ഇരുട്ടില്‍ ചൂട്ടുകത്തിച്ചപോലെ കാണാമറയത്തുള്ളതും ദൃഷ്ടിഗോചരമാക്കുന്നു.

ആംഗലേയ സാഹിത്യത്തില്‍, ഭാഷയില്‍ ഏറ്റവും കൂടുതല്‍ കൈവിട്ടകളി കളിച്ചു നേടിയത്‌ ഷേക്‌സ്‌പിയറാണ്‌. 'ദി മോസ്‌റ്റ്‌ അണ്‍കൈന്‍ഡസ്‌റ്റ്‌ കട്‌ ഓഫ്‌ ഓള്‍' എന്നെഴുതിയ തന്റേടം അനശ്വരതയിലേയ്‌ക്കാണ്‌ അദ്ദേഹത്തെ നയിച്ചത്‌. ആംഗലേയ ലിപി cat എന്നെഴുതിയാല്‍ സേറ്റ്‌ എന്നും kat എന്നെഴുതിയാല്‍ കേറ്റ്‌ എന്നുംവായിക്കണമെന്ന ആഗ്രഹമായിരുന്നു ജോര്‍ജ്‌ ബര്‍ണാഡ്‌ ഷായ്‌ക്ക്‌. അതുചെയ്യാനായി മാറ്റിവച്ച അദ്ദേഹത്തിന്റെ നോബല്‍ സമ്മാന തുക ബാങ്കില്‍ വിലങ്ങനെ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ലാവണ്യനിയമങ്ങളെ അനുസരിക്കാത്ത ബഷീറിന്റെ ഭാഷയെപറ്റി വന്ന വികടശിരോമണിയുടെ പോസ്‌റ്റ്‌ ശ്രദ്ധേയം.

ബ്രിജ്‌വിഹാരം

ജീവിതം ദുരന്തപര്യവസായിയായി ഒടുക്കാതെ ശുഭപര്യവസായിയായി കൈപിടിച്ചുയര്‍ത്തി അവസാനിപ്പിക്കുന്നതായിരുന്നു നമ്മുടെ ക്ലാസിക്‌ രചനാ രീതി. പാശ്ചാത്യലോകമാവട്ടേ ട്രാജഡികളുടെ പൂരപ്പറമ്പും. ജീവിതം കല്ലും മുള്ളും കുറുനരിയുടെ ഓരിയും കാലന്‍കോഴിയുടെ കൂവ്വലും മാത്രം നിറഞ്ഞതാണെന്നുള്ള ഒരു വീക്ഷണവും അങ്ങിനെയല്ല പൂവിന്റെ ഭംഗിയും പുഴകളുടെ കളകളാരവവും കുയിലിന്റെ നാദവുമുള്ളതാണെന്ന മറുവീക്ഷണവുമാണ്‌ സാഹിത്യകൃതികളില്‍ പ്രതിഫലിച്ചിരുന്നത്‌.

ബൂലോഗത്തെ പരശ്ശതം ചവറുകളില്‍നിന്നും രണ്ടുഡസന്‍ ക്ലാസിക്‌ ബ്ലോഗുകളെ തിരഞ്ഞെടുത്താല്‍ അതില്‍ പ്രതീക്ഷയുടെ പ്രഭാതവും നഷ്ടകഷ്ടങ്ങളുടെ ഇരവുകളും ഇടകലര്‍ന്നുവരുന്ന ബ്രിജ്വിഹാരത്തിന്‌ ഒരു സ്ഥാനമുണ്ടാവും. ഹാസ്യത്തിന്റെ പനിനീര്‍പൂച്ചെണ്ടുമായി വന്ന്‌ സ്വീകരിക്കുന്ന ആദ്യപകുതിയും ദുരന്തത്തിന്റെ കറുത്തബാഡ്‌ജുമണിയിച്ച്‌ യാത്രയാക്കുന്ന അന്ത്യപകുതിയും ബൂലോഗത്തെ പശ്ചാത്യശൈലിയെന്നുവേണം കരുതാന്‍.

"നടുവാണോ ചന്തിയാണോ ആദ്യം തറയില്‍ ഇടിച്ചതെന്ന കാര്യത്തില്‍ അമ്മാവനുമുണ്ടായിരുന്നില്ല ഒരു ഉറപ്പ്‌"
"ഗിര്‍പ്പ്‌ പോയെടാ"
"രണ്ടുകാലില്‍ നടക്കാന്‍ രണ്ടാമതൊന്നാലോചിക്കണം എന്ന പരുവത്തില്‍ അമ്മാവനും കൂട്ടാളികളും തോന്നിപ്പാലത്തിലൂടെ നീങ്ങുന്നു"

മനസ്സിലും മുഖത്തും ചിന്തയിലും ചിരിപടര്‍ത്തുന്ന ശൈലിയിലൂടെ മനു വായനക്കാരനെ നയിക്കുന്നത്‌ ദുരന്തങ്ങളുടെ അനിവാര്യതയിലേയ്‌ക്കും.

"എന്നാലും ഞാന്‍ പ്രാര്‍ത്ഥിക്കും...ഒരിക്കലെങ്കിലും ഒറ്റ പ്രാവശ്യമെങ്കിലും എന്റെ കുഞ്ഞുങ്ങള്‍ ഈ ഭൂമിയുടെ ശബ്ദം ഒന്നു കേട്ടെങ്കില്‍.... കാറ്റിന്റേം മഴയുടേം തോടിന്റേം കുയിലിന്റേം".

ആ മാതൃവിലാപം വാക്കുകളിലേക്കാവാഹിക്കുമ്പോള്‍ ഘനീഭവിച്ച ദു:ഖം മനുവിന്റെ വാക്കുകളിലൂടെ പെരുമഴയായി പെയ്‌തിറങ്ങുന്നു. ഒരു പകുതി നിറമുള്ള ജീവിതത്തിന്റെ ഘോഷയാത്രയുടേതും മറുപകുതി തുല്യ അളവില്‍ ദുരന്തങ്ങളുടെ വിലാപയാത്രയുടേതുമായി ബാലന്‍സുചെയ്യുന്ന തുലാസുമായി മനു വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്നു. ഇപ്പോള്‍ 'കണ്ണോരം കടവത്തെ പൊന്നോണത്തുമ്പി'കളുമായി.

ബീയിങ്ങ്‌ - ഐറിസ്‌
ഒരു പോസ്‌റ്റ്‌ മോഡേണ്‍ സമൂഹം എന്നു ശാസ്‌ത്ര വളര്‍ച്ചയുടെ ഗ്രാഫുമാത്രം വച്ച്‌ രേഖപ്പെടുത്തപ്പെടുത്താവുന്ന അമേരിക്കന്‍ സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഇരുണ്ടവശത്തേക്ക്‌ വെട്ടം ചിതറുന്നൂ 'സൃഷ്ടിയും പരിണാമവും അമേരിക്കയില്‍' എന്ന മികച്ച പോസ്‌റ്റ്‌.

ഡാര്‍വിന്റെ ബഹുമാനാര്‍ത്ഥം 120ഓളം രാജ്യങ്ങള്‍ സ്‌റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്‌. ആ 120 രാജ്യങ്ങളില്‍ അമേരിക്കയില്ല എന്നത്‌ അമേരിക്ക ഡാര്‍വിനെ അംഗീകരിക്കുന്നില്ല എന്ന്‌ അര്‍ത്ഥമാക്കുന്നില്ല. ഇന്‍സ്റ്റാന്റ്‌ കമ്മ്യൂണിക്കേഷന്‍ സാദ്ധ്യമാവുന്ന ഇന്റര്‍നെറ്റ്‌ ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ജനത ഇന്നയച്ചാല്‍ എന്നെങ്കിലും കിട്ടിയേക്കാവുന്ന കത്തും അതിന്‍മേലൊട്ടിക്കേണ്ട സ്റ്റാമ്പിനും പിന്നാലെ പോവുമോ? ആയൊരു കാലത്ത്‌ ഒരു സ്‌്‌റ്റാമ്പില്‍ ഡാര്‍വ്വിനെ പടച്ചുവിടുന്നതുതന്നെ ഒരു അനാദരവായിക്കൂടെന്നുമില്ല. ഒരു ക്ലിക്‌ അകലത്തില്‍ പതിനായിരക്കണക്കിനുപേജുകളില്‍ ഡാര്‍വ്വിന്‍ നിറയുമ്പോള്‍ എന്തിന്‌ ഒരു സ്‌റ്റാമ്പില്‍ ഡാര്‍വിന്‍ ദര്‍ശനം?

എങ്കിലും ഡാര്‍വിന്‍ കഥാപാത്രമായി വരുന്ന സിനിമ അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കപ്പെടാന്‍ സാദ്ധ്യതയില്ലെന്ന പരാമര്‍ശം ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. പള്ളികളില്‍ യുവാക്കള്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന രാജ്യമായി അമേരിക്ക മാറിയിട്ടും പരിണാമസിദ്ധാന്തത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിവരുന്നു എന്നാവുമ്പോള്‍ മതങ്ങള്‍ക്ക്‌ ആഴത്തില്‍ വേരുകളുള്ള ഇന്ത്യയിലെ സ്ഥിതിയെന്തായിരിക്കും എന്നു വേവലാതിപ്പെടുന്നൂ ഐറിസ്‌.

ആ സംശയം തികച്ചും അസ്ഥാനത്താണ്‌. വേദപുസ്‌തകങ്ങളും പള്ളികളും പ്രവാചകന്‍മാരുമില്ലാത്ത ബഹുഭൂരിപക്ഷത്തിന്റെ നാടാണ്‌ ഇന്ത്യ. സംഘടിതമതങ്ങളുടെ ഭാഷയില്‍ നിഷേധികള്‍. പോപ്പിന്‌ കപ്പം കൊടുക്കുന്ന സാമന്ത വിശ്വാസരാജ്യമായ അമേരിക്കയുമായി ഇന്ത്യയെ ഉപമിക്കുന്നതില്‍ എന്തര്‍ത്ഥം?

നിര്‍മാല്യം ഇവിടെ തകര്‍ത്താടിയപ്പോള്‍ ആകാശം ഇടിഞ്ഞുവീണോ? പി.ജെ.ആന്റണി എന്ന മഹാനടനെ മലയാളികള്‍ ആദരിക്കുന്നതു തന്നെ നിര്‍മാല്യത്തിലെ വിഗ്രഹത്തില്‍ കാര്‍ക്കിച്ചുതുപ്പുന്ന വെളിച്ചപ്പാടിലൂടെയാണ്‌. ആ വിഗ്രഹത്തിന്റെ സ്ഥാനത്ത്‌ ഖുറാനെയോ ബൈബിളിനേയോ പ്രതിഷ്‌ഠിച്ച്‌ സംവിധായകന്‍ ആക്ഷന്‍ പറയട്ടേ. അപ്പോഴറിയാം അസഹിഷ്‌ണുതയുടെ ആഴക്കടലിന്റെ നീളവും വീതിയും.

'നിര്‍മാല്യം' ഉള്‍ക്കൊണ്ട ജനതയെ അളക്കേണ്ടത്‌ കാര്‍ട്ടൂണ്‍ വരച്ചതിന്‌ ഫത്വാ പ്രഖ്യാപിച്ചവരുടെയും ആറാംതിരുമുറിവിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചവരുടെയും തലയിലിരുപ്പ്‌ വച്ചല്ല. ബൈ ഡിഫോള്‍ട്‌ അവിശ്വാസികളായവരോട്‌ അക്കൂട്ടരെ ഉപമിക്കരുത്‌. മാത്രമല്ല കുലത്തില്‍ പിറന്ന്‌ കുരങ്ങായിപ്പോയ അര ഡസന്‍ ബജ്‌റംഗാദികളെവച്ച്‌ കോടിക്കണക്കിന്‌ ജനതയെ അളക്കുകയുമരുത്‌.

നബിതിരുമേനി ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായപ്പോള്‍ ഡെന്‍മാര്‍ക്കിലെ നാലാളുകള്‍മാത്രമല്ല രംഗത്തെത്തിയത്‌, അസഹിഷ്‌ണുതക്ക്‌ അന്ധവിശ്വാസത്തില്‍ പിറവിയെടുത്ത അപരിഷ്‌കൃതത്വത്തിന്റെ മൂത്താപ്പമാര്‍ മൊത്തം ലോകത്തിന്‌ തീവെക്കാനായി നടുറോഡിലിറങ്ങിയതാണ്‌. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഒരു സത്യം വിളിച്ചുപറയാന്‍ മറ്റൊരു അസത്യത്തെ കൂട്ടുപിടിക്കുന്നത്‌ അല്‌പത്വമല്ലെങ്കില്‍ ചുരുങ്ങിയത്‌ ഭീരുത്വമാണ്‌.

സിങ്കുലാരിറ്റി ഓണ്‍

അന്വേഷണാത്മക പത്രപ്രവര്‍ത്തനം പ്രിന്റ്‌ മീഡിയായില്‍ നിന്നും കുടിയിറങ്ങി ബൂലോഗത്ത്‌ കുടിയേറിയതോടെയായിരുന്നു ഇറാഖ്‌ യുദ്ധകാലത്ത്‌ ലോകശ്രദ്ധ ബ്ലോഗുകളിലേക്ക്‌ തരിഞ്ഞത്‌. മഹാഭാരതയുദ്ധ റിപ്പോര്‍ട്ടറായ സഞ്‌ജയന്റെ പണി ഇറാഖ്‌ യുദ്ധകാലത്ത്‌ ബ്ലോഗര്‍മാര്‍ ഏറെക്കുറെ നിര്‍വ്വഹിച്ചതാണ്‌ ലോകം കണ്ടത്‌. പ്രിന്റ്‌ ദൃശ്യമാധ്യമങ്ങള്‍ ഇടവും വലവും ചിന്തിക്കാതെ സ്‌കൂപ്പ്‌ എന്നു വച്ചുകാച്ചുന്ന വഷളുകളും വിഡ്‌ഢിത്തങ്ങളും ചില്ലറയല്ല. സാഹിത്യത്തില്‍ നിന്നും സിനിമയില്‍ നിന്നും അകന്നുപോയ കാല്‌പനികത്‌ അച്ചടി മാധ്യമങ്ങളെ ഗ്രസിച്ചുവോ എന്ന സംശയം പ്രകടിപ്പിക്കുന്നു പോസ്‌റ്റ്‌. അങ്ങിനെയൊരു അബദ്ധത്തിന്റെ പിന്നാമ്പുറങ്ങളിലേയ്‌ക്കുള്ള കാല്‍വിന്റെ സമയോചിതമായ യാത്രയാണ്‌ 'ഹനാന്‍-മാധ്യമങ്ങള്‍ ചെയ്‌തതെന്ത്‌' എന്ന നല്ല പോസ്‌റ്റ്‌.

Monday, October 5, 2009

ബൂലോഗവിചാരണ 22

ദി മിസ്ട്രസ് ഓഫ് സ്‌മോള്‍ തിങ്‌സ്
കുട്ടിക്കാലമെന്തെന്നറിയാതെ നടുപ്പുറത്തെ പഠനച്ചുമടുമായി കുനിഞ്ഞുനടക്കുന്ന തിബത്തന്‍ വനിതകളെപ്പോലുള്ള കുട്ടികള്‍, കൗമാരമെന്തെന്നറിയാത്ത കുമാരീകുമാരന്‍മാര്‍, യൗവനം വാര്‍ദ്ധക്യത്തിലേയ്ക്കുള്ള ചവിട്ടുപടിമാത്രമാക്കിയ യുവതലമുറ, മരണംകൊണ്ടുമാത്രം ചികിത്സിക്കേണ്ടുന്ന മാറാരോഗമാണ് വാര്‍ദ്ധക്യം എന്നു ധരിച്ചുവശായ വൃദ്ധജനങ്ങള്‍ - ശരാശരി സമകാലിക കിഴക്കിന്റെ ചിത്രം ഇങ്ങിനെയാവുമ്പോള്‍ അങ്ങിനെയല്ലാത്ത ഒരു ചിത്രം പടിഞ്ഞാറിന്റെ കാന്‍വാസില്‍ കോറിയിടുന്നു സീമാ മേനോന്‍.
മിസ്ട്രസ് ഓഫ് സ്‌പൈസസിന്റെ ആദ്യപാദവും ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന്റെ അന്ത്യപാദവും സമ്മേളിപ്പിച്ചതാവാം 'മിസ്ട്രസ് ഓഫ് സ്‌മോള്‍ തിങ്‌സ്' എന്നുതോന്നുന്നു. ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് വായന തന്ന പീഢാനുഭവം കാരണം പേജുകളിലൊതുങ്ങുകയാണല്ലോ ഉണ്ടായത് എന്നാലോചിച്ചുകൊണ്ടാണ് മിസ്ട്രസ് ഓഫ് സ്‌മോള്‍ തിങ്‌സിലേക്ക് കണ്ണുകള്‍ പായിച്ചത്. അശുഭപ്രതീക്ഷയുടെ വണ്ടി പാളംതെറ്റി നിന്നത് സീമാമേനോന്റെ നല്ല നിരീക്ഷണങ്ങളിലാണ്. നിസ്സംശയം പറയാം - ഇമ്മിണി ബല്യ തിങ്‌സ് തന്നെ 'വാര്‍ദ്ധക്യമേ ഞാന്‍ ബിസിയാണ്' എന്ന പോസ്റ്റ്.
'ഓരോ വര്‍ഷവും ഒരു പുതിയ സ്‌കില്‍ പഠിക്കുക - മനസ്സിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ ഒരു മൈക്കിള്‍ ടിപ്പ്'. ഒരു ആയുഷ്‌കാല അദ്ധ്വാനം മുഴുവന്‍ സിമന്റും കമ്പിയുമാക്കി മാറ്റി പണിത കോണ്‍ക്രീറ്റുവനത്തില്‍ ചുറ്റുമുള്ള ദരിദ്രവാസികളെ പ്രാകി സമാധിദിവസം കാത്തുകഴിയുന്ന നമ്മുടെ വാര്‍ദ്ധക്യത്തിന് മാതൃകയാക്കാവുന്ന നല്ല മോഡലുകള്‍ തന്നെയാണ് മൈക്കിളും മാര്‍ത്തയും. ഇംഗ്ലീഷ് പദങ്ങളുടെ ആധിക്യതയിലും ഭാഷയുടെ മനോഹാരിതയും തനിമയും ചോര്‍ന്നുപോവാത്ത നല്ല ശൈലി. ആംഗലേയത്തിലെ ചൊല്ല് അതേപടി മലയാളീകരിച്ച് 'ക്യൂരിയോസിറ്റി അവസാനം ക്യാറ്റിനെ കൊല്ലുമെന്നായപ്പോള്‍' എന്ന പ്രയോഗം മുടന്തി നടക്കുമ്പോള്‍ തന്നെ 'ഒരു പൂവു ചോദിച്ചപ്പോള്‍ പൂക്കാലം തന്നതുപോലെ' എന്ന മനോഹരശൈലി ക്യാറ്റ് വാക്ക് നടത്തുകയും ചെയ്യുന്നു. കാലികപ്രസക്തിയുള്ള, പലപ്പോഴും ശ്രദ്ധയില്‍പെടാതെ പോവുന്ന ഒരു ശ്രദ്ധേയമായ വിഷയം വായനയക്കായി എത്തിച്ചതന് നന്ദി.
ബ്ലോഗ്ഭൂമി
പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ മഹാനേട്ടങ്ങളിലൊന്നാണ് കമ്പിയില്ലാക്കമ്പി അഥവാ ടെലിഗ്രാഫ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഡി.എച്ച് ലോറന്‍സ് തന്റെ വിശ്രുതനോവലായ ലേഡി ചാറ്റര്‍ലീസ് ലവറില്‍ ഇതേക്കുറിച്ച് പരാമര്‍ശിച്ചത് ലോകത്തിന്റെ അതിരുകള്‍ അപ്രത്യക്ഷമായി എന്നോമറ്റോ ആണ്.
അവിടെനിന്നും കാലം പിന്നെയും ബഹുദൂരം മുന്നോട്ടുപോയപ്പോള്‍ കൊഴിഞ്ഞുവീണതാവട്ടെ അന്നോളം കാണാതിരുന്ന ബാക്കിയുണ്ടായിരുന്ന അതിരുകളും. അതുകൊണ്ടാണ് നമുക്ക് ഇപ്പോഴും വേള്‍ഡ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് സങ്കല്‍പത്തിലും മെച്ചപ്പെട്ട ഒരു പദം ഇനിയും കണ്ടെത്താന്‍ പറ്റാത്തതും. ഒരതിര് മായുമ്പോഴാണ് മറ്റൊന്ന് പ്രത്യക്ഷമാവുക.
ലോകഗതി തന്നെ മാറ്റിമറിച്ച ഇന്റര്‍നെറ്റ് എന്ന കണ്ടുപിടുത്തം നാല്പതുവയസ്സിലേയ്ക്കു കടന്നു എന്നു വിളിച്ചറിയിക്കുന്ന ബ്ലോഗ്ഭൂമി. രസകരമായ ചരിത്രവസ്തുതകളുടെ അവതരണത്തിലൂടെ ഇന്റര്‍നെറ്റ് വിവരസാങ്കേതികവിദ്യയുടെ പ്രാധാന്യം വെളിവാക്കുകയും അതിന്റെ ചരിത്രം വായനക്കാര്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ ലേഖനം. 1924ലെ ആശാന്റെ മരണത്തിനുശേഷം 67 വര്‍ഷം കഴിഞ്ഞ് ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്കു വിത്തുപാകിയ പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊലചെയ്യപ്പെട്ട വാര്‍ത്ത രണ്ടാഴ്ച കഴിഞ്ഞിട്ടും എത്താതിരുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുണ്ട്. എഴുത്തും വായനയും പിടിപാടില്ലാത്തവന്‍ നിരക്ഷരന്‍ എന്നപോലെ സൈബര്‍ സ്‌പേസില്‍ ആറടി അക്കൗണ്ടില്ലാത്തവന്‍ വിവരദാരിദ്ര്യരേഖയ്ക്ക് താഴെയായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നിടത്തേയ്ക്ക് കാര്യങ്ങളെത്തുന്ന അവസ്ഥയിലേക്കാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വളര്‍ച്ച എന്നോര്‍മ്മിപ്പിക്കുന്നു വായന. പഠനാര്‍ഹമായ നല്ല ലേഖനം.
കൃഷ്ണതൃഷ്ണ
ലൈഗികതയിലൂടെ പകരുന്ന രോഗമാണ് ജീവിതം എന്നുപറഞ്ഞത് വിശ്രുത സ്‌കോട്ടിഷ് മനശ്ശാസ്ത്രജ്ഞനായ ആര്‍.ഡി.ലെയ്ങ് ആണ്. എല്ലാവരും സന്ദര്‍ശിക്കുകയും എന്നാല്‍ സന്ദര്‍ശകഡയറിയില്‍ ആരും ഒരക്ഷരം കുറിക്കാതെയും പോവുന്ന ഒരു മേഖലയിലൂടെയുള്ള ലേഖകന്റെ സഞ്ചാരമാണ് 'സ്വയംഭോഗത്തിന്റെ മിത്തുകളും സത്യങ്ങളും' എന്ന മികച്ച പോസ്റ്റ്. സംഭോഗം ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെങ്കില്‍ സ്വയംഭോഗം പ്രീഡിഗ്രിയാണ്. ലൈംഗികതയാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യനെ വേര്‍തിരിക്കുന്ന ഒരു അതിര്‍വരമ്പ്. മറ്റു മൃഗങ്ങളില്‍ ലൈംഗികത പ്രത്യുത്പാദനപ്രകൃയയായി മാത്രം ചുരുങ്ങുമ്പോള്‍ ആസ്വാദനത്തിന്റെ വേറിട്ടൊരു മേഖലയായിമാറി മനുഷ്യനിലെ ലൈംഗികത. ലൈംഗികതയുടെ മുഖ്യ ഉല്പന്നം എന്റര്‍ടെയ്ന്‍മെന്റായും ഉപോല്പന്നം റിപ്രൊഡക്ഷനായും കരുതുന്ന ലോകത്തിലെ ഏകജീവിയും മനുഷ്യനാണ്. രണ്ടുകുട്ടികള്‍ക്കായി രണ്ടായിരം വേഴ്ചകളുടെ ആവശ്യമില്ലെന്നതില്‍ നിന്നുമാണ് മുകളിലത്തെ നിഗമനത്തിലേയ്ക്ക് ഈയുള്ളവന്‍ എത്തുന്നത്.
മൃഗങ്ങളെ അപേക്ഷിച്ച് മറ്റൊരു പ്രത്യേകത 'തല' പോലെതന്നെ വിവിധോദ്ദേശ്യ പദ്ധതികള്‍ക്കുതകുന്ന കൈകളുമായാണ് മനുഷ്യന്റെ ജനനം. തലയിലുദിക്കുന്ന ചിന്തകള്‍ക്കും ഭാവനകള്‍ക്കും സൃഷ്ടിപരമായ രൂപം നല്കുവാന്‍ പ്രകൃത്യാ അനുഗ്രഹിക്കപ്പെട്ടതാണ് അവന്റെ കരങ്ങള്‍. മനുഷ്യന്റെ എല്ലാ ചെയ്തികളുടെയും പട്ടികയെടുത്താല്‍ തലയോളം പങ്ക് കൈകള്‍ക്കുമുള്ളതായി കാണാം.
യവന-ഹൈന്ദവ പുരാണങ്ങളിലെ ലൈംഗികവിവരണങ്ങളിലൂടെ സ്വയംഭോഗത്തിന്റെ മിത്തുകളിലൂടെ, ഒരു പക്ഷേ പ്രകൃതിയെന്ന പാഠപുസ്തകത്തില്‍നിന്നും മനുഷ്യന്‍ അകന്നുപോകാതിരിക്കാനായി മതങ്ങള്‍ പണ്ടുതീര്‍ത്ത വിലക്കുകളുടെ വേലിക്കെട്ടുകളിലൂടെ ഒടുവില്‍ ആധുനികവൈദ്യശാസ്ത്രത്താല്‍ വിശുദ്ധമായി പ്രഖ്യാപിക്കപ്പെട്ട സ്വയംഭോഗത്തിന്റെ സമകാലികചരിത്രത്തിലെത്തിച്ചേരുന്ന കൃഷ്ണതൃഷ്ണ. കൗമാരത്തിന്റെ ഒരു പ്രമുഖ കണ്ടുപിടുത്തത്തെ ചൂഴ്ന്നുനില്ക്കുന്ന സംശയത്തിന്റെയും അജ്ഞതയുടെയും മൂടല്‍മഞ്ഞിനെതിരെ അറിവിന്റെ ഒളിചിതറുന്ന നല്ല പോസ്റ്റ്.
ലേഡിലാസറസ്
ശ്രീയുടെ മിലന്‍ കുന്ദേരാ പഠനം ഒരു പാട്് തീക്ഷ്ണചിന്തകള്‍ പങ്കുവെയ്ക്കുന്നു. 'പൂര്‍ണമായും ഏതെങ്കിലും ഐഡിയോളജിയുമായി പൊരുത്തപ്പെടുന്നവനല്ലേ യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ അരാഷ്ട്രീയവാദി?' 'ശുഭാപ്തിവിശ്വാസം ജനതയുടെ മയക്കുമരുന്നാണ്, സ്വസ്ഥമായ ഇടങ്ങളില്‍ നിന്ന് വിഡ്ഢിത്തത്തിന്റെ ദുര്‍ഗന്ധം വമിക്കുന്നു'
'ജീവിതത്തില്‍ നിന്ന് തമാശയെ ഇഴപിരിച്ചെടുക്കുമ്പോള്‍ ചിരിയുടേയും കരച്ചിലിന്റേയും ഉറവിടം സത്യത്തില്‍ ഒന്നുതന്നെയാണെന്ന് തോന്നി'
ഒടുവിലായി 'വിശ്വാസിയും അവിശ്വാസിയും യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെയാണ്. മതവും മതനിഷേധവും എന്നപോലെ'.
എഴുത്തുകാരന്റെ പ്രതിഭ വായനക്കാരന്റെ നിരീക്ഷണങ്ങളില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് നല്ല പഠനങ്ങല്‍ ലഭിക്കുക. അതേ വിശ്വാസിയിലും അവിശ്വാസിയിലും 'വിശ്വാസ' മുള്ളതുകൊണ്ടും വിശ്വാസത്തിലും അന്ധവിശ്വാസത്തിലും 'വിശ്വാസ' മുള്ളതുകൊണ്ടും പലപ്പോഴും വേര്‍തിരിവിന്റെ ആ അതിര്‍വരമ്പ് ഒരു 'അ' മാത്രമാണ്. അന്ത്യവരികളില്‍നിന്നും ആദ്യനിരീക്ഷണങ്ങളിലേയ്ക്ക് കടക്കുമ്പോള്‍, ഫലിതത്തെപ്പറ്റി ശ്രീ പറയുന്നു 'ഒരു തമാശ ഉന്നം വെയ്ക്കുന്നത് എപ്പോഴും കേള്‍വിക്കാരന്റെ അറിവില്ലായ്മയെയാണ്. ഫലിതം ഒരു വാചകമോ പ്രബന്ധമോ ജീവിതം തന്നെയോ ആയിക്കോട്ടെ. അതിന്റെ ക്ലൈമാക്‌സ് എന്താണെന്നറിയാത്തവന്റെ അജ്ഞതയുള്ളേടത്തോളംകാലം മാത്രമേ ഏതു തമാശയ്ക്കും നിലനില്പുള്ളൂ. ഈ നീരീക്ഷണങ്ങള്‍ ശരിയാണെങ്കില്‍ കുഞ്ചനെയും സഞ്ജയനെയുമൊക്കെ വായിച്ചിട്ടുണ്ടാവുക അറിവുകുറഞ്ഞവരായിരിക്കണം. ഫലിതം ഉന്നംവെയ്ക്കുന്നത് അജ്ഞതയെയല്ല അറിവിനെത്തന്നെയാണ്. അറിവില്ലായ്മയില്‍ നിന്നും ചിരി നിര്‍മ്മിക്കപ്പെടുന്നില്ല. IST എന്നതിനെ Indian Stretchable Time എന്നു വിപുലീകരിച്ച ഫലിതജ്ഞന്‍ ലക്ഷ്യം വെയ്ക്കുന്നത് അജ്ഞതയെയല്ല അറിവിനെയാണ്.
പിടിയാതവരുടെ വികൃതികള്‍ കണ്ടാല്‍മടിയാതവരുടെ തലമുടിചുറ്റിപ്പിടിയാതവനതി ഭോഷന്‍നല്ലൊരു വടികൊണ്ടടിയാതവനതിനേക്കാള്‍ ഭോഷന്‍എന്ന വരികള്‍ അഹിംസയുടെ ആള്‍രൂപമായ ഗാന്ധിജിയെ കൂടി ചിരിപ്പിക്കില്ലേ ചിന്തിപ്പിക്കില്ലേ. ആ വരികള്‍ ഗാന്ധിജിയുടെ അജ്ഞതയെയാണോ ലക്ഷ്യം വെയ്ക്കുന്നത് അതോ അറിവിനെയോ.
പ്രത്യയശാസ്ത്രങ്ങള്‍ ചെരുപ്പിനൊത്ത് ആളുകളുടെ കാലുമുറിക്കുന്ന കാലഘട്ടത്തില്‍ എഴുത്തുകാരന്റെ ധര്‍മ്മം പ്രത്യയശാസ്്ത്രങ്ങള്‍ക്കതീതമായ മാനവീകതയുടെ പ്രഘോഷണമാണ്. അതുകൊണ്ടുതന്നെയായിരിക്കണം പ്രത്യയശാസ്ത്രങ്ങള്‍ പ്രോക്രസ്റ്റസിന്റെ കട്ടിലാണെന്ന് അവസാനം വയലാറിന് പാടേണ്ടിവന്നതും. ഒരുപാട് നല്ല നിരീക്ഷണങ്ങളുമായി വന്ന ലേഖനമാണ് ശ്രീയുടേത്.

Thursday, September 17, 2009

ബൂലോഗ വിചാരണ 21

സത്യാന്വേഷി

ചതയദിന ചിന്തകളിലൂടെ പ്രസക്തമായ ഒരു ചോദ്യമാണ്‌ സത്യാന്വേഷി മുന്നോട്ടുവെയ്‌ക്കുന്നത്‌. "ആധുനീക കേരളത്തിന്റെ ശില്‌പി എന്നെല്ലാം ഗുരുവിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഈഴവരല്ലാതെ മറ്റാരെങ്കിലും എന്നെങ്കിലും ഗുരുജയന്തി ആചരിക്കുന്നത്‌ ഈ പ്രബുദ്ധകേരളത്തില്‍ നാം കണ്ടിട്ടുണ്ടോ?"ജയന്തി ആഘോഷിക്കുകയും സമാധി ആചരിക്കുകയും ചെയ്യുകയാണ്‌ നാട്ടുനടപ്പ്‌ എന്നതുകൊണ്ട്‌ ഗുരുജയന്തി ആചരിക്കുക എന്നത്‌ ആഘോഷിക്കുക എന്നാവേണ്ടിയിരുന്നു. ദേഹത്തെവിട്ട്‌ ചോദ്യത്തിന്റെ ആത്മാവിലേയ്‌ക്ക്‌ കടക്കുമ്പോള്‍ കിട്ടുക ഒരു വ്യത്യസ്‌ത ചിത്രമാണ്‌. കുരുടന്‍ ആനയെക്കണ്ടതിലും ഒന്നുകൂടി മെച്ചപ്പെട്ടരീതിയിലാണ്‌ ഗുരുവിന്റെ ശിഷ്യഗണങ്ങള്‍ ഗുരുവിനെ കണ്ടത്‌. കുമാരനാശാനെയും സഹോദരനയ്യപ്പനെയും വാഗ്‌ഭടാനന്ദനെയും പോലെ വിരലിലെണ്ണാവുന്ന ശിഷ്യരെ മാറ്റിനിര്‍ത്തിയാല്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്നുദ്‌ബോധിപ്പിച്ച ഒരു സമുദായ പരിഷ്‌കര്‍ത്താവ്‌ എന്നതിലപ്പുറം ഗുരുവിനെ അറിഞ്ഞവരല്ല അവരൊന്നും. ഗുരു പറഞ്ഞ ഒരു ജാതി തീയ്യജാതിയും ഒരു മതം ഈഴവമതവും ഒരുദൈവം ഗുരുതന്നെയും ബാക്കി മനുഷ്യര്‍ എസ്‌.എന്‍.ഡി.പി മെമ്പര്‍മാരും എന്നായിരുന്നു പല ശിഷ്യരുടെ ധാരണ. സമൂഹസദ്യ നടക്കുന്ന ഒരു വേളയില്‍ സവര്‍ണരോടൊപ്പം ഭക്ഷണം കഴിച്ച ശേഷം ഗുരു ശിഷ്യരെ വിളിച്ചുപദേശിച്ചു - ഇനി നാളെ നമ്മള്‍ പുലയരോടൊപ്പം ഉണ്ണണം. "അത്‌ വേണോ ഗുരോ" എന്നായിരുന്നു ഒരു ശിഷ്യന്റെ പ്രതികരണം എന്നു കേട്ടിട്ടുണ്ട്‌. അതായത്‌ നായരില്‍ നിന്നും ഈഴവനിലോയ്‌ക്കുള്ള അതേ ദൂരമായിരുന്നു ഈഴവനില്‍നിന്നും പുലയനിലേയ്‌ക്ക്‌. സമൂഹസദ്യ ജീവിതവ്രതമാക്കി എത്തിയേടുത്തുന്നെല്ലാം അടി നടുപ്പുറത്തേറ്റുവാങ്ങിയ സഹോദരനെ പൊലേനയ്യപ്പന്‍ എന്നു വിളിച്ചത്‌ സവര്‍ണരായിരുന്നില്ല ഈഴവരായിരുന്നു. കാരണം നായരോടൊപ്പമിരുന്നുണ്ട ഈഴവന്‌ പുലയനോടൊപ്പം ഇരുന്നുണ്ണുക ചിന്തിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. ഒരിക്കല്‍ കുതിരവണ്ടിയില്‍ കയറാതെ മനുഷ്യന്‍ വലിക്കുന്ന റിക്ഷയില്‍ കയറിയ ഗുരുവിനോട്‌ ശിഷ്യന്‍ അതെന്താണ്‌ ഗുരോ എന്നാരാഞ്ഞു. നാം റിക്ഷയില്‍ കയറണമെന്ന്‌ അത്‌ വലിക്കുന്ന ആള്‍ക്ക്‌ ആഗ്രഹമുണ്ട്‌. കുതിരക്കും കാളക്കും അതുണ്ടോ എന്നായിരുന്നു ഗുരുവിന്റെ പ്രതികരണം. അതുകൊണ്ട്‌ ജീവിച്ചിരിക്കുന്നുവെങ്കില്‍ ഇന്നത്തെ എസ്‌.എന്‍.ഡി.പി യോഗത്തില്‍ നിന്നും ആദ്യം ഇറങ്ങിയോടുക ഗുരുദേവന്‍ തന്നെയായിരിക്കും.ചളിക്കുണ്ടിലെ എരുമയെപ്പോലെ അടിമുടി അന്ധവിശ്വാസത്തില്‍ മുങ്ങിക്കിടന്ന, മുപ്പത്തിമുക്കോടി ദൈവങ്ങളുടെ സമൃദ്ധിയും പിന്നെ മുഴുപട്ടിണിയും മാത്രം സ്വന്തമായുണ്ടായിരുന്ന ഒരു ജനതയോടാണ്‌ ഗുരു സംവദിച്ചത്‌. ആത്മീയതയെ തീരെ ഒഴിവാക്കിയാല്‍ അക്കൂട്ടര്‍ ഗുരുവിനെയും ഒഴിവാക്കും എന്ന ചിന്തയുണ്ടായതുകൊണ്ടുമാത്രമായിരിക്കണം ഗുരു ഒരു ദൈവത്തിനു മാത്രം ജനനസര്‍ട്ടിഫിക്കറ്റു കൊടുത്തത്‌. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ മാര്‍ക്‌സ്‌ പറഞ്ഞതോടൊപ്പം ആ വാചകം അദ്ദേഹം മുഴുമിപ്പിച്ചതെങ്ങിനെയെന്നുകൂടി അറിയണം. മതം ആശയറ്റവന്റെ ആശയാണ്‌ ആതാമാവു നഷ്ടപ്പെട്ടവന്റെ ആത്മാവാണ്‌ എന്നെല്ലാം പറഞ്ഞതോടൊപ്പമാണ്‌ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ മാര്‍ക്‌സ്‌ പ്രഖ്യാപിച്ചത്‌. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്നു ഗുരു പറയുമ്പോള്‍ ശിഷ്യനായ അയ്യപ്പന്റെ മുദ്രാവാക്യം ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്‌്‌ എന്നായിരുന്നു. എന്നിട്ടും എന്തിനാണ്‌ ആ യുക്തിവാദിയോട്‌ ഇത്രയ്‌ക്ക്‌ മമത എന്ന മറ്റൊരു ശിഷ്യന്റെ ചോദ്യത്തിന്‌ ഗുരുവിന്റെ ഉത്തരം പ്രശസ്‌തമായിരുന്നു. വിശ്വസിക്കാന്‍ ഒരു ദൈവമില്ലാത്ത അയ്യപ്പന്‍ അറിഞ്ഞുകൊണ്ട്‌ ഒരു തെറ്റും ചെയ്യുകയില്ല. വിശ്വാസികള്‍ക്കാവട്ടെ ചെയത തെറ്റിനെല്ലാം മാപ്പുകൊടുക്കാന്‍ ഒരീശ്വരനുണ്ടുതാനും. ശ്രീനാരായണനിലെ പ്രവാചകനെ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളെല്ലാം കൂടി ഉത്സാഹിച്ച്‌ സമുദായ പരിഷ്‌കര്‍ത്താവാക്കി തരംതാഴ്‌ത്തി എന്നു പറയുന്നതാവും ശരി. അതിന്റെ ഉത്തരവാദികള്‍ മൊത്തം കേരളീയ സമൂഹമല്ല. തന്റെ ഈഴവ ശിവ പ്രതിഷ്‌ഠകളെ പറ്റി ഗുരുവിന്റെ കാഴ്‌ചപ്പാട്‌ വാഗ്‌ഭടാനന്ദനുമായുള്ള ഒരു രസകരമായ സംഭാഷണത്തില്‍ നിന്നും വെളിവായിട്ടുണ്ട്‌. ഒരു ഘട്ടത്തില്‍ വാഗ്‌ഭടാനന്ദന്‍ ഗുരുവിനോട്‌ ചോദിച്ചിരുന്നുപോലും, ഇതിന്തിനാണ്‌ ഗുരോ അങ്ങ്‌ ഇങ്ങിനെ അരുവിയില്‍ മുങ്ങി ഒരോ കല്ലെടുത്തിട്ട്‌ ഉള്ള ദൈവങ്ങള്‍ക്കെല്ലാം പുറമേ ഒന്നിനെകൂടി സൃഷ്ടിക്കുന്നതെന്ന്‌്‌. ഞാന്‍ മുങ്ങിയെടുക്കുന്ന കല്ല്‌ അവിടെത്തന്നെയിട്ടുപോവുന്നു. വാഗ്‌ഭടനെന്തിനാണ്‌ കല്ലിനെ കാതില്‍ കെട്ടി നടക്കുന്നത്‌ എന്നാണ്‌ ഗുരു തിരിച്ചുചോദിച്ചത്‌. കാതില്‍ കടുക്കന്‍ ധരിക്കുമായിരുന്നു വാഗ്‌ഭടാനന്ദന്‍. അതായത്‌ പ്രതിഷ്‌ഠകള്‍ക്ക്‌ യാതൊരു പ്രാധാന്യവും ഗുരു നല്‌കിയിരുന്നില്ലെന്നര്‍ത്ഥം. അതിനെ ഒരു സമൂഹത്തിന്റെ മോചനമെന്ന ലക്ഷ്യത്തിലേയ്‌ക്കുള്ള മാര്‍ഗമായി മാത്രം കണ്ടു ഗുരു. ആ ഗുരുവിന്റെ ലക്ഷ്യങ്ങള്‍ക്കായി രൂപംകൊണ്ട്‌ സംഘടനയാവട്ടേ വിഗ്രഹാരാധനയെ എതിര്‍ത്തിരുന്ന ഗുരുവിനെ തന്നെ സിമന്റുവിഗ്രഹങ്ങളാക്കി കണ്ണാടിക്കൂട്ടിലിട്ടു. ഒരു ചെത്തുകത്തി എട്ടായിഭാഗിച്ചാല്‍ ചുരുങ്ങിയത്‌ എട്ടുപേര്‍ക്ക്‌ ക്ഷൗരം തൊഴിലാക്കി ജീവിക്കാം എന്നായിരുന്നു ശ്രീ നാരായണഗുരു പറഞ്ഞത്‌. ശ്രീ നടേശഗുരുവിന്റെ പ്രവചനമാവട്ടേ അപ്പറഞ്ഞതു കേള്‍ക്കാന്‍ നിന്നാല്‍ സമുദായം കുത്തുപാളയെടുത്തുപോവും എന്നും. പറയുക ആരാണ്‌ ഒരു മഹാമനുഷ്യസ്‌നേഹിയെ ചവുട്ടിത്താഴ്‌ത്തിയത്‌? മിത്രങ്ങളോ അതോ ശത്രുക്കളോ? സവര്‍ണമേധാവിത്വത്തെപ്പറ്റിയുള്ള ലേഖകന്റെ കാഴ്‌ചപ്പാടിനെ കുറിച്ചുകൂടി എഴുതേണ്ടിയിരിക്കുന്നു. "ദലിതര്‍, മറ്റു പിന്നാക്ക സമുദായങ്ങള്‍ ഇവരുടെ ഐക്യമായിരുന്നു ഒരു കാലത്തെ എസ്‌.എന്‍.ഡി.പി നേതാക്കള്‍ മുഖ്യ അജണ്ടയായി കണ്ടിരുന്നതെങ്കില്‍ വെള്ളാപ്പള്ളി വന്നതിനുശേഷം ഈ അജണ്ട അട്ടിമറിക്കപ്പെട്ടു. പകരം നമ്പൂതിരി മുതല്‍ നായാടിവരെയുള്ളവരുടെ ഐക്യമായി അജണ്ട. സ്വാഭാവികമായും സവര്‍ണ മേധാവിത്വത്തെപ്പറ്റി മിണ്ടാന്‍ വയ്യാതായി."കേരളത്തിലെ ഇപ്പോഴത്തെ സാമൂഹികാവസ്ഥയില്‍ എവിടെയാണ്‌ സവര്‍ണമേധാവിത്വം എന്നുകൂടി വിശദമാക്കേണ്ട ബാദ്ധ്യത ലേഖകനുണ്ട്‌. ഇന്ന്‌ ഏറ്റവുമധികം പീഢനത്തിന്‌ വിധേയമാവുന്നത്‌ കേരളത്തിലെ ദലിത്‌-ആദിവാസി സമൂഹങ്ങളാണ്‌. വേട്ടക്കാരായി ആരും അവിടെ സവര്‍ണരെ പ്രതിഷ്‌ഠിച്ചുകാണുന്നില്ല. പണ്ടത്തെ ആദിവാസികളുടെ ഭൂമിയുടെ ഇന്നത്തെ അവകാശികളെപ്പറ്റി ഒരു പഠനം നടക്കട്ടെ. അപ്പോഴറിയാം കാര്യങ്ങളുടെ കിടപ്പ്‌. വിപ്ലവകരമായ ഒരു സാമൂഹികമാറ്റത്തിന്‌ കേരളം സാക്ഷ്യം വഹിച്ചതാണ്‌. ആ മാറ്റത്തിന്റെ പ്രതിഫലനമാണ്‌ സമകാലിക കേരളീയ സമൂഹത്തിലെ ജാതിപരമായ വേര്‍തിരിവില്ലാത്ത ഒരു സാമൂഹിക വ്യവസ്ഥിതി. നിലവിലുള്ള ക്രീമിലെയര്‍ പരിധി പ്രകാരം നാല്‌പതിനായിരം മാസവരുമാനമുള്ള നടേശന്‍മാര്‍ക്കും സര്‍ക്കാര്‍ ഗുമസ്‌തപ്പണിക്ക്‌ റിസര്‍വേഷനുണ്ട്‌. അതും പോരാ മാസം ഏതാണ്ട്‌ ലക്ഷം വരുമാനമുള്ളവര്‍ക്കുകൂടി 3050 അടിസ്ഥാനശമ്പളത്തില്‍ ഗുമസ്‌തനാവാന്‍ നിയമം വേണം എന്നതാണ്‌ നടേശരുടെ സുചിന്തിതനിലപാട്‌. നാല്‌പതിനായിരം വരുമാനമുള്ളവന്റെ മകനെതന്നെ മൂവായിരത്തമ്പതുകൊണ്ടു ജീവിക്കുവാന്‍ അഭ്യസിപ്പിക്കുന്ന ഒരു സ്വാശ്രയ സര്‍വ്വകലാശാലയ്‌ക്കുകൂടി ഇനി സ്‌കോപ്പുണ്ട്‌. അതിനുള്ള അംഗീകരാത്തിനായി പരിശുദ്ധപിതാക്കന്‍മാരോടും മുക്രികളോടും നടേശഗുരു മത്സരിക്കട്ടെ. ജാതിയുടെ പേരില്‍ സംഘടിക്കാനുള്ള ശേഷി മതേതരസമൂഹത്തില്‍ എത്രത്തോളം വിനാശകരമാണെന്നു കാണിക്കാന്‍ ഇതുമാത്രം മതിയാവും. അപ്പോഴാണ്‌ "ചുരുക്കത്തില്‍ കേരളത്തില്‍ ഒരു സാമൂഹിക മുന്നേറ്റം നടക്കാതെ പോവുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം എസ്‌.എന്‍.ഡി.പി യോഗത്തിനാണുള്ളത്‌" എന്ന ലേഖകന്റെ നിലപാട്‌. പ്രസക്തി നഷ്ടപ്പെട്ട സംഘടനകള്‍ എപ്പോഴും കാലാവധി കഴിഞ്ഞ ആണവറിയാക്ടര്‍പോലെയാണ്‌. പിന്നീടത്‌ സമൂഹത്തിന്‌ ഭീഷണിയായിരിക്കും. ഒരു മതനിരപേക്ഷ-ജനാധിപത്യ സമൂഹത്തില്‍ ജാതിസംഘടനകള്‍ക്ക്‌ യാതൊരു പ്രസക്തിയുമില്ല. ആദ്യം കള്ളുകുടിപ്പാനല്ലാതൊന്നിന്‌ കൊള്ളരുതാത്തൊരു നായന്‍മാരുടെ ഗതിയുടെ ഗ്രാഫൊന്നു വരയ്‌ക്കുക. ബ്രഹ്മജ്ഞാനം സിദ്ധിച്ചപാടെ ഭൂസ്വാമിമാരായിമാറി പിന്നീട്‌ വേണ്ടസമയത്ത്‌ രാഷ്ട്രീയജ്ഞാനം സിദ്ധിക്കാത്തതുകൊണ്ട്‌ കബറടക്കാന്‍ ആറടിമണ്ണുകൂടിയില്ലാത്ത ബ്രഹ്മജ്ഞന്‍മാരുടെ തലയെണ്ണവും നടക്കട്ടെ. ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത, അല്ലാഹുവും കര്‍ത്താവും സംയുക്തമായി രംഗത്തിറങ്ങിയാലും രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലാത്ത മുസ്ലീങ്ങളുടെയും കൃസ്‌ത്യാനികളുടെയും കണക്കെടുപ്പുകള്‍ കൂടി നടക്കട്ടെ. റിസര്‍വേഷന്‍ എന്ന സംഗതി റെയില്‍വേസ്റ്റേഷനില്‍ കൂടി ഇന്നോളം കാണാനിടയില്ലാത്ത കുറിച്ച്യന്റെയും പണിയന്റെയും വേട്ടനായ്‌ക്കന്റെയും നാടിയുടെയും ....... ജീവിതത്തിന്റെ ചിത്രമെടുക്കട്ടെ.ഇവര്‍ക്കൊന്നും റേഷന്‍കാര്‍ഡില്ലെങ്കില്‍, വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ ജീവിക്കുന്നുവെന്നതിന്‌ ഇന്ത്യയില്‍ തെളിവുണ്ടാവണമെന്നില്ല. അങ്ങിനെ വന്നാല്‍ അവര്‍ നരവംശത്തില്‍ പെടുന്ന ജീവജാലങ്ങളാണെന്ന്‌ ഏതെങ്കിലും വൈദ്യനെക്കൊണ്ട്‌ സാക്ഷ്യപ്പെടുത്താവുന്നതാണ്‌. ആയൊരൊപ്പു കിട്ടുവാന്‍ ഉള്ള കോണകം ആഴിച്ചുകൊടുക്കേണ്ട ഗതിയാണെങ്കില്‍ പിന്നെ നല്ലത്‌ നേരെ അംശം അധികാരിയുടെ അടുത്തുപോയി കഴുത്തിന്‌ വെട്ടി ചോരയുണ്ടെന്ന്‌ കാണിക്കലാണ്‌. ജീവനില്ലെങ്കില്‍ ചോരവരികയില്ലല്ലോ.അവകാശപ്പെടുന്നതുപോലെ മതേതരരാണ്‌ നമ്മളെങ്കില്‍ വേണ്ടത്‌ ഇക്കൂട്ടരെ മൊത്തം ഒരു കാലത്തും ഗുണംപിടിക്കാ മൈക്രോ ന്യൂനപക്ഷമാക്കി ജീവിക്കാനാവശ്യമായതെല്ലാം ഖജനാവില്‍ നിന്നു കൊടുക്കുകയാണ്‌. ഇതിനായി വേണ്ടൊരു സാമൂഹികമുന്നേറ്റത്തില്‍ എസ്‌.എന്‍.ഡി.പി എന്ന ജോയിന്റ്‌ സ്‌റ്റോക്ക്‌ കമ്പനിക്കു യാതൊരു പങ്കും വഹിക്കുവാനില്ല. എന്‍.എസ്‌.എസാദി മറ്റു ജാതിമത സംഘടനകള്‍ക്കും.
തൗര്യത്രികം

ഗൗരവതരമായ ഒരു പഠനമാണ്‌ കഥകളിയുടെ ഫലിതലോകത്തിലൂടെ തൗര്യത്രികം കാഴ്‌ചവെയ്‌ക്കുന്നത്‌. കൂത്ത്‌ അഥവാ കളിയ്‌ക്ക്‌ എത്രമാത്രം പ്രാധാന്യമാണ്‌ ഒരു സമൂഹം നല്‌കിയത്‌്‌ എന്നറിയാന്‍ കൂത്തമ്പലം എന്ന ഒരൊറ്റ പദം തന്നെ ധാരാളം. പ്രാര്‍ത്ഥനയുടെ അതേ പ്രാധാന്യം വിനോദത്തിനും നല്‌കാന്‍മാത്രം സാംസ്‌കാരികൗന്നത്യം നേടുക ചില്ലറക്കാര്യമല്ല. ജീവിതത്തെ ഏറ്റവും ഗൗരവമായി കാണുന്നവര്‍ക്കേ അതിനെ നര്‍മ്മബോധത്തോടെ സമീപിക്കുവാനും കഴിയുകയുള്ളൂ. ചിരിക്കാനറിയുക എന്നത്‌ ചില്ലറക്കാര്യമല്ല. ചിരിപ്പിക്കാന്‍ കഴിയുക എന്നതും. ചിരിക്കാനറിയുന്നവനേ ചിരിപ്പിക്കാന്‍ കഴിയുകയുളളൂ. ആയൊരു സിദ്ധികൊണ്ട്‌ അനുഗ്രഹീതരായിരുന്നു കേരളത്തിലെ നമ്പൂതിരിസമൂഹം. ബ്രാഹ്മണ്യത്തിന്റെ നാലുകെട്ടുകള്‍ നിലംപൊത്തിയിട്ടും നമ്പൂതിരി ഫലിതങ്ങള്‍ മണ്‍മറഞ്ഞുപോയിട്ടില്ല. 99 ശതമാനം ആളുകളും ഒരു സംഗതിയെ നോക്കിക്കാണുന്നതില്‍ നിന്നും അല്‌പം വ്യത്യസ്‌തമായ മറ്റൊരു അര്‍ത്ഥതലം അതിനു നല്‌കുന്ന രീതിയിലുള്ള വീക്ഷണമാണ്‌ പലപ്പോഴും ഹാസ്യാത്മകമാവുക. കൂര്‍മ്മ ബുദ്ധിയും നല്ല നിരീക്ഷണപാടവവുമുള്ളവരില്‍മാത്രമാണ്‌ ഈ നര്‍മ്മബോധം കണ്ടുവരിക. ഹാസ്യം പലതരത്തിലുണ്ട്‌. വായനക്കാരന്റെ ബുദ്ധിയിലോ മനസ്സിലോ മുഖത്തോ ചിരിയുണ്ടാക്കാന്‍ കഴിവുള്ള വാക്യമാണ്‌ ഫലിതം എന്ന്‌ സഞ്‌ജയന്‍. മുഖത്തു ചിരിയുണ്ടാക്കുന്ന നാലുമുക്കാല്‍ ഫലിതത്തില്‍ നിന്നും ഒരുപാട്‌ ഉയരത്തിലാണ്‌ ബുദ്ധിയില്‍ തന്നെ ചിരി പടര്‍ത്തുന്ന നമ്പൂതിരിയുടെ നര്‍മ്മബോധം. നമ്പൂതിരി സമുദായത്തിന്റെ അസ്‌തമയകാലത്ത്‌ വന്ന ഒരു ഫലിതമായിരിക്കണം ഇത്‌. ഹോംലി മീല്‍സ്‌ എന്ന ബോര്‍ഡു കണ്ട നമ്പൂതിരി അതെന്താണെന്ന്‌ ആരാഞ്ഞു. ഇല്ലത്തെപ്പോലത്തെ ഊണാണെന്നു പറഞ്ഞുകൊടുത്തു സപ്ലയര്‍."എന്നാല്‍ എനിക്കിന്ന്‌ ഇല്ലത്തെക്കാള്‍ അസാരം ഭേദായിട്ട്‌ വേണം" എന്നും പറഞ്ഞു തിരുമേനി തിരിഞ്ഞുനടന്നതായി കേട്ടിട്ടുണ്ട്‌. നടന്നുപോവുന്നവനെ വഴിതെറ്റിച്ച്‌ ഊണ്‍മേശയിലെത്തിക്കാനുള്ള ഹോട്ടലിന്റെ മാന്ത്രിക ബോര്‍ഡാണ്‌ ഹോമിലി മീല്‍സ്‌. Adjective is the enemy of noun എന്നുപറഞ്ഞത്‌ ഷാ യാണെന്നുതോന്നുന്നു. അതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഹോട്ടല്‍ ശാപ്പാടിനുള്ള ഹോമിലി വിശേഷണം. നമ്പൂതിരിയുടെ നര്‍മ്മബോധത്തിനുമുന്നില്‍ അടിയറവു പറയേണ്ടിവന്നതും ഈയൊരു വിശേഷണത്തിനാണ്‌. ഹാസ്യത്തിന്റെ ഹൃദയം കുടികൊള്ളുന്നത്‌ നിരീക്ഷണത്തിലാണ്‌.നമ്പൂതിരി നര്‍മ്മത്തിന്റെ മര്‍മ്മം കിടക്കുന്നത്‌ വെറും അക്ഷരങ്ങളിലല്ല, വ്യത്യസ്‌തമായ ആ ഭാഷാപ്രയോഗത്തിലും അംഗവിക്ഷേപങ്ങളിലും എല്ലാറ്റിലും ഉപരിയായി ആ വിഷയത്തിലുള്ള അഗാധമായ അവഗാഹത്തിലുമായി പരന്നുകിടക്കുകയാണ്‌. അതുകൊണ്ടുതന്നെ കുഞ്ചന്റെ തുള്ളല്‍പോലെ, വിവര്‍ത്തനങ്ങള്‍ക്ക്‌ അതു വഴങ്ങാറില്ല. കഥകളിയുടെ പശ്ചാത്തലത്തില്‍, നമ്പൂതിരിമാരുടെ ഈ ഫലിതബോധത്തെ ഗൗരവമായ ഗവേഷണത്തിനു വിധേയമാക്കുന്നു തൗര്യത്രികം.
ദൃഷ്ടിദോഷം

ഭരണഘടനാപദവികള്‍ വഹിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ഏതെങ്കിലും ജാതിമതസമുദായ-ആള്‍ദൈവ സംഘടനകളുടെ വാലുകളായിമാറുന്നത്‌ ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലു തകര്‍ക്കുന്ന അപകടകരമായ പ്രവണതയാണെന്നു ചൂണ്ടിക്കാട്ടുന്നു ഡി.പ്രദീപ്‌കുമാര്‍ ദൃഷ്ടിദോഷത്തിലൂടെ. ക്‌നാനായ കത്തോലിക്കനായ ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌ പരസ്യമായി നടത്തിയ സഭയോടുള്ള വിശ്വാസപ്രഖ്യാപനത്തിന്റെ പശ്ചാത്തില്‍ ഈ വിഷയത്തിനു ഇന്നോളമില്ലാത്ത ഒരു മാനംകൈവരികയാണ്‌. അഭയാ കൊലക്കേസില്‍ വൈദികരുടേയും കന്യാസ്‌ത്രീയുടേയും നാര്‍കോ പരിശോധന നടന്ന ഫോറന്‍സിക്‌ ലാബില്‍ ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ സന്ദര്‍ശനം നടത്തി എന്നത്‌ ഗൗരവമേറിയ വിഷയം തന്നെയാണ്‌. ധ്യാനകേന്ദ്രങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ എത്രകുറ്റവാളികളാണ്‌ ഇപ്പോള്‍ അഴിയെണ്ണുന്നത്‌? അന്യമതസ്ഥരായ പെണ്‍കുട്ടികളെ വലവീശിപ്പിടിച്ച്‌ കൊണ്ടുപോയി പീഢിപ്പിച്ച്‌ മതംമാറ്റി പിന്നെ മേല്‍വിലാസം തന്നെയില്ലാതാക്കുന്ന പരിഷ്‌കൃത സമൂഹത്തിന്‌ ഭീഷണിയായ ഭീകരര്‍ എന്തുകൊണ്ട്‌ ഈ സെക്യുലാര്‍ രാഷ്ട്രത്തില്‍ സൈ്വരവിഹാരം നടത്തുന്നു? എന്തിന്‌ കൂടുതല്‍ ആലോചിക്കണം? സായിബാബയുടെ ആശ്രമത്തില്‍ നടന്ന കൊലപാതകങ്ങളുടെ അന്വേഷണങ്ങള്‍ എവിടെവരെയെത്തി എന്നാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ബാബയ്‌ക്കെതിരെ അക്രമം എന്നു മുറവിളികൂട്ടി ആശ്രമത്തിനകത്ത്‌ വെടിയുണ്ടയ്‌ക്കിരയാക്കപ്പെട്ട യുവാക്കളുടെ കുടുംബത്തിന്‌ ഇതുവരെയായി നീതികിട്ടിയോ?ലോകത്തിനു മുഴുവന്‍ ശാന്തിയും സമാധാനവും ദാനം ചെയ്യാനായി, കഷ്ടപ്പെടുന്നവര്‍ക്ക്‌ ഒരണപ്പൈ ചിലവില്ലാത്ത അനുഗ്രഹവും ഇഷ്ടപ്പെടുന്നവര്‍ക്ക്‌ വായുവില്‍ നിന്നും 916 മുദ്രാലംകൃത സ്വര്‍ണമാലയും സിറ്റിസണ്‍ ക്വാര്‍ട്‌സ്‌ വാച്ചും സൃഷ്ടിച്ചുനല്‌കുവാനായി അവതരിച്ച പുട്ടപര്‍ത്തിയിലെ മഹാദൈവത്തിന്‌ തുപ്പാക്കിവെടിച്ച്‌ ചത്തുപോയ പിള്ളേരുടെ ആത്മാവിന്റെ ഗതിയെപ്പറ്റിയും അവരുടെ കുടുംബത്തിന്റെ അധോഗതിയെപ്പറ്റിയും ആലോചിക്കാന്‍ നേരം കിട്ടിയെന്നുവരില്ല. എന്നാല്‍ അതാലോചിക്കേണ്ട ബാദ്ധ്യത ഭരണകൂടത്തിനുണ്ട്‌. അതാലോചിക്കേണ്ടവര്‍, കുറ്റപത്രം വായിച്ചു കുറ്റവാളിയെ കേള്‍പ്പിക്കേണ്ടവര്‍, കൈയ്യാമം വച്ച്‌ നടത്തേണ്ടവര്‍ എല്ലാവരും കൂടി സിംഹാസനസ്ഥനായ കുറ്റവാളിക്കുചുറ്റിലുമായി തറയിലിരുന്ന്‌ ഗര്‍ദ്ദഭരാഗത്തിലുള്ള സ്‌തുതികള്‍ക്ക്‌ താളം പിടിക്കുമ്പോള്‍ തകര്‍ന്നുവീഴുന്നത്‌ ഒരു ജനതയുടെ പ്രതീക്ഷകളാണ്‌, നീതിയിലും നിയമത്തിലുമുള്ള അവരുടെ വിശ്വാസമാണ്‌. ജനത്തിന്റെ നികുതിപ്പണം പ്രതിമാസം എണ്ണിവാങ്ങുന്നവര്‍ അവരുടെ കൂറു പ്രഖ്യാപിക്കേണ്ടത്‌ ജനത്തോടാണ്‌. അവര്‍ ജനങ്ങളുടെ ദാസന്‍ മാരാണ്‌. ലേഖനം സമയോചിതം. ആലോചനാമൃതം.

Thursday, September 3, 2009

ബൂലോഗ വിചാരണ 20

യുക്തിവാദം

ശാസ്‌ത്രം സത്യവും ദൈവം വിശ്വാസവുമാണ്‌. ദൈവം സത്യമാണെന്ന്‌ ദൈവവിശ്വാസികള്‍ കൂടി അവകാശപ്പെടുന്നില്ല. ഒരു വിശ്വാസം എന്നല്ലേ അവരുകൂടി ദൈവത്തെ വിശേഷിപ്പിക്കുന്നത്‌. അമ്മ സത്യവും അച്ഛന്‍ വിശ്വാസവും എന്നപോലെ. ഈശ്വരനെ ജഗത്‌പിതാവായാണ്‌ കാണുന്നത്‌്‌. ഭൂമിമാതാവും. ആദ്യത്തേത്‌ വിശ്വാസം രണ്ടാമത്തേത്‌ യാഥാര്‍ത്ഥ്യം. ഈ പറഞ്ഞ വിശ്വാസികളില്‍ ലേശം മുന്തിയ ഇനമാണ്‌ അന്ധവിശ്വാസികള്‍ എന്നറിയപ്പെടുന്നവര്‍. ഖുര്‍ആനിലുള്ള വിശ്വാസത്തിന്റെ അത്രതന്നെ എ.കെ.47 നിലും ഉള്ള മുന്തിയവിഭാഗം. താടിബാനികള്‍ എന്നു മലയാളത്തിലും താലിബാനികള്‍ എന്ന്‌ അഫ്‌ഗാനിയിലും അറിയപ്പെടുന്നവര്‍.

ഒരു ഗ്രന്ഥത്തില്‍ എല്ലാം പറഞ്ഞിട്ടുണ്ട്‌. അതിനുചുറ്റും ലോകം തിരിഞ്ഞുകൊള്ളണം എന്നാജ്ഞാപിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ബലക്ഷയം ഒന്നുകൊണ്ടുമാത്രം അതിനുകഴിയാതെ പോയി. അതുകൊണ്ട്‌ സ്വന്തം നാട്ടില്‍ കാല്‍മുട്ട്‌ വെളിയില്‍ കണ്ടതിന്‌ പെണ്ണുങ്ങളെ വെടിവച്ച്‌, അനുജന്റെ പ്രേമത്തിന്‌ പരിഹാരമായി ചേച്ചിയെ കൂട്ടബലാല്‍സംഗത്തിന്‌ വിധിച്ച്‌, ഭര്‍ത്താവിന്റെ അച്ഛനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടവളോട്‌ അയാളെ കെട്ടിയോനാക്കി സങ്കല്‌പിച്ച്‌ കെട്ടിയോനെ പുത്രനായി സങ്കല്‌പിച്ച്‌ സീധാ ചലേന്ന്‌ വിധിയെഴുതി മുന്നേറിക്കൊണ്ടിരിക്കുന്നവര്‍. ഒരു പ്രവാചകനെ പരീക്ഷിക്കാന്‍ ദൈവം കുറച്ച്‌ ശിഷ്യന്‍മാരെ അയച്ചുകൊടുക്കുന്നൂവെന്ന്‌ ആരോ പറഞ്ഞിട്ടുണ്ട്‌. അതു തികച്ചും സത്യമായിപ്പോയത്‌ നബിതിരുമേനിയുടേയും യേശുവിന്റേയും ശിഷ്യഗണങ്ങളെ കാണുമ്പോഴാണ്‌.

ഖുറാനിലുള്ള വിശ്വാസത്തിന്റെ അത്രതന്നെ ശാസ്‌ത്രത്തിലുമുള്ള ഒരുപാടാളുകള്‍ ബൂലോഗത്തും തേരാപാരാ നടക്കുന്നുണ്ട്‌. ബൂലോഗത്തെ പ്രവാചകന്‍മാരായി. ഒരു പള്ളീലച്ചന്‍ പണ്ട്‌ വഴിതെറ്റി കൊടുങ്കാട്ടില്‍ പെട്ടുപോയി. കുറെ അപരിഷ്‌കൃതര്‍ അച്ചനെ പിടിച്ചുകൊണ്ടുപോയി അവരുടെ തലവന്റെ മുന്നിലിട്ടുകൊടുത്തു. അച്ചന്‍ കണ്ടകാഴ്‌ച വേറൊരുത്തനെ ജീവനോടെ പിടിച്ച്‌ ഉരുളിയിലിട്ട്‌ വറുക്കുന്നതാണ്‌. ഇതുകണ്ട്‌ ഞെട്ടിയ അച്ചന്‍ അറിയാതെ ദൈവത്തെവിളിച്ചു. വിളി ഇംഗ്ലീഷിലായിരുന്നു. ഇതുകേട്ട നരഭോജികളുടെ നേതാവ്‌ അച്ചനെ ഇംഗ്ലീഷില്‍ തന്നെ അഭിവാദ്യം ചെയ്‌തു. ആ ഒന്നാതരം ശൈലി കണ്ടപ്പോള്‍ അച്ചന്‍ ചോദിച്ചു, മകനേ, നീ നിനക്ക്‌ വിദ്യാഭ്യാസവുമുണ്ടോ? എവിടെയാണ്‌ നീ പഠിച്ചത്‌?
"ഓക്‌സ്‌ഫോര്‍ഡില്‍"
ഏതാണ്ട്‌ ജീവന്‍ തിരിച്ചുകിട്ടിയതായി അച്ചന്‌ അനുഭവപ്പെട്ടു.
"എന്നിട്ടാണോ മകനേ നീയിങ്ങനെ അപരിഷ്‌കൃതനായിപ്പോയത്‌?" ഫാദര്‍ അറിയാതെ ചോദിച്ചുപോയി.
ആരുപറഞ്ഞു അച്ചോ, അയാം വെരി സിവിലൈസ്‌ഡ്‌. ഫാദര്‍ യൂ സീ ദിസ്‌ എന്നും പറഞ്ഞ്‌ ഒരു കത്തിയും മുള്ളും എടുത്തുകാട്ടിക്കൊടുത്തു. അതായത്‌ വെറുകൈകൊണ്ടല്ല, കത്തിയും മുള്ളും ഉപയോഗിച്ചാണ്‌ അച്ചനെ അകത്താക്കുക എന്നര്‍ത്ഥം. നിന്നനില്‌പില്‍ അച്ചന്‍ വടിയായി എന്നു കഥ.

ആ ഓക്‌സ്‌ഫോര്‍ഡ്‌ നരഭോജിയുടെ പിന്‍മുറക്കാരുടെ വിഹാരരംഗമാണ്‌ ബൂലോഗമെന്ന്‌ അറിയണമെങ്കില്‍ ജബ്ബാര്‍മാഷെത്തേടിയെത്തുന്ന കമന്റുകള്‍ നോക്കിയാല്‍ മതി.

വിജ്ഞാനവും വിവേകവും രണ്ടാണ്‌. രണ്ടും ഒരാളില്‍ സമ്മേളിക്കാം അപൂര്‍വ്വമായി. അവര്‍ ലോകത്തിന്‌ ഉപകാരം ചെയ്യും. ശാസ്‌ത്രത്തിലുള്ള വിജ്ഞാനമാവട്ടേ അല്ലെങ്കില്‍ മതത്തിലുള്ളതാവട്ടെ. വിജ്ഞാനം കണ്ടമാനം ചിലരില്‍ കുന്നുകൂടും വിവേകം അശേഷം കാണുകയുമില്ല. മഹാനായ ദലൈലാമയും സിവില്‍ എഞ്ചിനീയര്‍ കം ഭീകരന്‍ ബിന്‍ലാദനും പോലെ. ഉപദ്രവമല്ലാതെ ഉപകാരം ലോകം ലാദന്‍മാരില്‍നിന്നും പ്രതീക്ഷിക്കേണ്ടതില്ല. പാകത്തിന്‌ വിവേകം ചേര്‍ത്തിളക്കിയില്ലെങ്കില്‍ അടുപ്പത്തെ വിജ്ഞാനം കരിഞ്ഞ ബിരിയാണി പോലിരിക്കും. പട്ടികൂടി തിരിഞ്ഞുനോക്കുകയില്ല.

ധീരമായ എഴുത്തിന്‌, ശാസ്ത്രാവബോധത്തിന്‌, തെളിഞ്ഞ ചിന്തയില്‍നിന്നും ഒഴുകിയെത്തുന്ന ലേഖനങ്ങള്‍ക്ക്‌, സമചിത്തതയോടെയുള്ള പ്രതികരണങ്ങള്‍ക്ക്‌ - ജബ്ബാര്‍മാഷുടെ ബ്ലോഗ്‌ മാതൃകയാവുന്നു. മാഷേ അഭിവാദ്യങ്ങള്‍.

വര്‍ത്തമാനം


അനുമോദനത്തിനെന്തര്‍ത്ഥം
പിന്നെ അനുശോചനം വെറും വ്യര്‍ത്ഥം

അകാലത്തില്‍ കാലം തിരികെവിളിച്ച മലയാളസാഹിത്യലോകത്തെ അതുല്യപ്രതിഭകളായിരുന്നു സഞ്‌ജയനും ചങ്ങമ്പൂഴയും. ഒരു വെള്ളിനക്ഷത്രമായി സഞ്‌ജയന്‍ ജ്വലിച്ചൊടുങ്ങിയപ്പോള്‍, തന്റെ നറുക്ക്‌ വീഴുന്നതും കാത്തിരുന്നിരുന്ന ചങ്ങമ്പുഴയുടെ തൂലികയില്‍ നിന്നുതിര്‍ന്നതാണ്‌ മുകളിലത്തെ വരികള്‍. ആമുഖമാവട്ടെ ആ വരികള്‍ ഈ കുറിപ്പിനും.

'കാലം കൈവിട്ട കര്‍ണനിലൂടെ' വര്‍ത്തമാനം മുരളിയുടെ അപ്രതീക്ഷിതമായ വേര്‍പാടിനെ നോക്കിക്കാണുന്നു. നാടകത്തെയും സിനിമയെയും ഒരുപോലെ പ്രണയിച്ച മുരളിയുടെ എക്കാലത്തെയും സ്‌മാരകമാവുമായിരുന്നു കെട്ടാനാവാതെപോയ ആ കര്‍ണവേഷം. ആ മഹാനടന്റെ സ്‌മാരകങ്ങളായി അപ്പമേസ്‌ത്രിയും കാരിഗുരിക്കളും തന്നെ ധാരാളം. ഇനി എത്രയോ സ്‌മാരകങ്ങള്‍ ആ മഹാനടനുവേണ്ടിയും ഉയരാം. എഴുത്തച്ഛന്റെ പേരില്‍ രണ്ട്‌ സ്‌മാരകങ്ങളുണ്ട്‌. ഒന്ന്‌ രാമായണം എന്ന മഹാസ്‌മാരകം. മറ്റേത്‌ എഴുത്തച്ഛന്‍ അവാര്‍ഡ്‌ എന്ന വൃത്തികേട്‌. മലയാള സിനിമയിലെ കര്‍ണന്‍മാരുടെ വിധി എന്നുപറയാം. കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്നേ നരേന്ദ്രപസാദ്‌ കോഴിക്കോട്‌ പി.വി.എസ്സില്‍ വച്ചു മരിച്ചപ്പോള്‍, കൈവച്ചമേഖലകളിലെയെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആ ദേഹം കണ്ട്‌ പൊട്ടിക്കരയാന്‍ മലയാളസിനിമയില്‍ നിന്നുമെത്തിയ മഹാനടന്‍ മുരളിമാത്രമായിരുന്നു. വില്ലാളിവീരന്‍മാരായ രാക്ഷസരാജാക്കന്‍മാര്‍ക്കും രാവണപ്രഭുക്കള്‍ക്കും സമയംകണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വയല്‍പ്പൂവ്‌


മുരളിയുടെ അഭിനയ സംഭാഷണ പ്രഭാഷണ രീതിക്ക്‌ അര്‍ഹിക്കുന്ന ശ്രദ്ധാജ്ഞലിയായി ആനിന്റെ അളന്നുമുറിച്ച വാക്കുകളിലുള്ള 'നാട്യമില്ലാത്ത മുരളി'. ഇംഗ്ലീഷ്‌ സാഹിത്യത്തിലും പശ്ചാത്യനാടകങ്ങളിലും ഒക്കെ നല്ല ബോധമുണ്ടായിരുന്നു ശാസ്‌ത്രീയമായി അഭിനയകലയെ സമീപിച്ച ആ മഹാനടന്‍ അര്‍ഹിക്കുന്ന വരികള്‍തന്നെ 'നാട്യമില്ലാത്ത മുരളി'.

'ആന്‍' ന്റെ ശ്രദ്ധേയമായ ഗ്രന്ഥാവലോകനത്തെ പറ്റി കൂടി പറയേണ്ടിയിരിക്കുന്നു. പുസ്‌തകത്തില്‍ നിന്നും ആന്‍ എടുത്തുചേര്‍ത്ത ക്വോട്ടിലെ ഭാഷയുടെ വായനാസുഖം സംശയത്തിന്റെ നിഴലിലാണ്‌. പുസ്‌തകം കാണാതെ, അടുക്കളയില്‍ അമ്മ ചോറിന്റെ വേവു നിര്‍ണയിക്കുന്നതുപോലെ രണ്ടുമണി വറ്റില്‍ നടത്തിയ പരീക്ഷണമാവുമ്പോള്‍ തെറ്റാനും സാദ്ധ്യതയുണ്ട്‌ എന്നൊരു മുന്‍കൂര്‍ ജാമ്യം ആദ്യമേ എടുക്കുന്നു. എന്തായാലും ആദ്യത്തെയാ വിവര്‍ത്തനശകലം സുന്ദരം എന്നുപറയേണ്ടിയിരിക്കുന്നു. ജോര്‍ദാന്‍ രാജാവിന്റെ നാലാമത്തെ അമേരിക്കന്‍ ഭാര്യയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു ആനിന്റെ ആവലോകനം. തുടര്‍ന്നും അവലോകനങ്ങളും നിരൂപണങ്ങളും പ്രതീക്ഷിക്കുന്നു.

മണലെഴുത്ത്‌

മുരളിയുടെ പ്രതിഭയെപ്പറ്റിയുള്ള ചിന്തകളാണ്‌ മണലെഴുത്തില്‍. തീര്‍ച്ചയായും മണലെഴുത്തിന്‌ തെറ്റിയിട്ടില്ല. ഒന്നില്‍കൂടുതല്‍ മേഖലകളില്‍ പ്രതിഭതെളിയിച്ചവര്‍ എപ്പോഴും അറിയപ്പെടുക മഹാനടന്‍, മഹാപ്രതിഭ, മഹാസാഹിത്യകാരന്‍ എന്നിങ്ങനെയൊക്കെയായിരിക്കും. മുരളിയുടെ സാഹിത്യസംഭാവനകളും നിസ്‌തൂലമാണ്‌.

പൊട്ടക്കിണറ്റിലെ വെള്ളത്തിനുളളതല്ല ഈ 'മഹാ' വിശേഷണങ്ങളൊന്നും. ചരിത്രം ഐന്‍സ്റ്റൈനെ വരച്ചിട്ടത്‌ ഫിലോസഫര്‍ സയന്റിസ്റ്റ്‌ എന്നാണ്‌. കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുള്‍കലാം, ഇന്ത്യയുടെ പൂര്‍വ്വരാഷ്ടപതിയെന്നതിലുപരിയായി മഹാനായ ശാസ്‌ത്രജ്ഞന്‍ എന്നുതന്നെയായിരിക്കും അറിയപ്പെടുക. വിക്രം സാരാഭായിയിപ്പോലെ. മുരളി നടന്‍ ആവണമായിരുന്നോ നിരൂപകന്‍ ആവണമായിരുന്നോ....? എന്ന ചോദ്യത്തോടെ കുറിപ്പ്‌ അവസാനിക്കുന്നു. എനിക്കു തോന്നുന്നത്‌ നിരൂപകനെക്കാളും മുരളിയില്‍ മുഴച്ചുനിന്നത്‌ അഭിനേതാവായിരുന്നു എന്നാണ്‌. സാഹിത്യസൃഷ്ടികളുമായുള്ള രക്തബന്ധമായിരുന്നു മുരളിയിലെയും നരേന്ദ്രപ്രസാദിലെയും നടന്‍മാരെ ഉരുക്കിവാര്‍ത്തെടുത്തത്‌. അനുഭവങ്ങള്‍ എഴുത്തിലൂടെയും വായനയിലൂടെയും ആര്‍ജിക്കാം. മുരളിയും നരേന്ദ്രപസാദുമൊക്കെ ജീവന്‍നല്‌കിയ കഥാപാത്രങ്ങള്‍ അതിനുതെളിവാണ്‌.

നമതു വാഴ്‌ വും കാലം

എഴുത്തുകാരന്റെ ചിന്തയില്‍ നിന്നും വാക്കുകള്‍ വായനക്കാരന്റെ ഹൃദയത്തിലേക്ക്‌ നേരെ തൊടുക്കുന്നു നമത്‌. തെളിമയാര്‍ന്ന ആ ചിന്തയുടെ ബഹിര്‍സ്‌ഫുരണത്തിന്‌ മാറ്റുകൂട്ടുന്നു ഒരു പ്രതികരണമായി വന്ന ഖലീല്‍ ജിബ്രാന്റെ പ്രവാചകനിലെ ആ വരികള്‍. അച്ഛന്‍ അച്ഛന്റേതെന്നും അമ്മ അമ്മയുടേതെന്നും തെറ്റിദ്ധരിക്കുന്ന പ്രകൃതിയുടെ വികൃതികളാണ്‌ ഓരോ കുട്ടിയും.

'you may give your love
but not your thoughts
for they have their own thoughst'

ജിബ്രാന്‍ അതിനുമപ്പുറം കടന്നുപോവുന്നു
"You are the bows from which your children as living arrows are sent forth"
നമ്മളാകുന്ന വില്ലില്‍നിന്നും പറന്നകലുന്ന ശരങ്ങളാണ്‌ നമ്മുടെ കുട്ടികള്‍. ്‌അല്ലാതെ നമ്മുടെ ശരീരത്തില്‍ വളരുന്ന ശിഖരങ്ങളല്ല. അതുകൊണ്ടുതന്നെ നമ്മുടെ നിഴലുകളുമല്ല.

നാട്ടിലെ സര്‍ക്കാര്‍ സ്‌്‌കൂളില്‍ പഠിക്കുന്നൂ എന്റെ മകന്‍. ഒന്നാംക്ലാസില്‍. കഴിഞ്ഞ ദിവസങ്ങളിലൊരിക്കല്‍ കളിക്കാനിരുന്നപ്പോള്‍ അവന്‍ പറഞ്ഞു. "അച്ഛാ, അച്ഛന്‌ ഞാനൊരു വിദ്യ കാണിച്ചേരാ. അച്ഛന്റെ ടൗവല്‌ ഒരിക്ക ഇങ്ങെടുത്താട്ടെ." അനുസരണയുള്ള വിദ്യാര്‍ത്ഥിയായി ഞാന്‍ അകത്തുപോയി സംഗതിയെടുത്തുകൊണ്ടുവന്നു കൊടുത്തു.

മോന്‍ ഇന്നോളം അത്ര ഏകാഗ്രതയോടെ ഇരിക്കുന്നത്‌ ഞാന്‍ അന്നോളം കണ്ടിട്ടില്ല. ഭയങ്കര ശ്രദ്ധയോടെ ഒരു സംഗതി ഒപ്പിച്ചെടുത്തു. വിജയീഭാവത്തില്‍ ചാടിക്കൊണ്ടെണീറ്റു പ്രഖ്യാപിച്ചു. അച്ഛാ ഇദ്‌ കണ്ട, ഇതാ ബേശിയറ്‌. ഇനി ഞാന്‍ ബേറ്യൊന്ന്‌ ഇണ്ടാക്കിത്തരാന്നു പറഞ്ഞ്‌ അതിന്റെ പേരും വിളിച്ചപ്പോള്‍ ഞങ്ങള്‍ ഞെട്ടി. മൂപ്പര്‌ പറഞ്ഞ പദം വച്ച്‌ ഞാന്‍ ഊഹിച്ച്‌ു, ഉദ്ദേശിച്ചത്‌ പാന്റീസ്‌ ആയിരിക്കണം. പാന്റീസ്‌ ആര്‍ നോട്‌ ദി ബെസ്‌റ്റ്‌ തിങ്‌ ഇന്‍ ദ വേള്‍ഡ്‌ ബട്‌ നെക്‌സ്‌റ്റു റ്റു ദ ബെസ്‌റ്റ്‌ എന്നു പറഞ്ഞതാരാണാവോ. ഞാനറിയാതാലോചിച്ചുപോയി. ഏതായാലും വല്യ ആപത്തൊന്നുമില്ല. ഞാനും മോനും അവളുമല്ലാതെ അടുത്തു വേറാരുമില്ല. ദ്രവിച്ച സര്‍ക്കാരുസ്‌കൂളിലെ ചെക്കന്‍ റൗക്കയുണ്ടാക്കാതെ ബ്രേസിയറുണ്ടാക്കിയതിന്റെ കാരണം എനിക്ക്‌ ഇനിയും പിടികിട്ടിയിട്ടില്ല.

എടമോനേ ഇന്റച്ഛന്‍ ഇപ്രായത്തില്‍ പുസ്‌തകത്തിലെ കടലാസുപറച്ച്‌ തോണിയുണ്ടാക്കി തോട്ടിലിട്ടിരുന്നെങ്കിലും ഇപ്പുത്തി തോന്നിയിരുന്നില്ല എന്നു പറയണമെന്നുണ്ടായിരുന്നു. ആരും ഒന്നും എതിരുപറഞ്ഞില്ലെന്നുമാത്രമല്ല. അതൊരു രസമില്ലെന്നു പറഞ്ഞ്‌ ഞാന്‍ കടലാസുകൊണ്ടു വിമാനമുണ്ടാക്കി പറത്തി കാണിച്ചു. പിന്നെ മൂപ്പര്‍ വൈമാനികനായി. ബ്രേസിയര്‍ പാന്റീസ്‌ രൂപകല്‌പന തല്‌ക്കാലം നിര്‍ത്തിയെന്നാണ്‌ കിട്ടിയ വിവരം.

മാതാപിതാക്കളില്‍ പലര്‍ക്കും വേണ്ടത്‌ കുട്ടി അവരുടെ മുന്നില്‍ തോല്‌ക്കണം. അവര്‍ ജയിക്കണം. പരാതികളുടെ മലവെള്ളപ്പാച്ചിലായിരിക്കും പലയിടത്തും. അയ്യോ എന്റെ മോന്‍ പഠിക്കുന്നില്ല. പറയുന്ന റെവറന്‍ഡ്‌ ഫാദര്‍ കണ്ണൂരിലിടുന്ന ഒപ്പായിരിക്കില്ല കോഴിക്കോട്ടിടുക. പതിനാറിടത്ത്‌ പതിനാറ്‌ ഒപ്പായിരിക്കും. അതിന്‌ സ്വയം മാപ്പു കൊടുക്കുമ്പോഴും മകന്‌ ഒബ്ലിക്‌ മകള്‍ക്ക്‌ പത്തുമാര്‍ക്ക്‌ കുറഞ്ഞതിന്‌ മാപ്പുകൊടുക്കുകയില്ല മന്ദബൂദ്ധികള്‍. തൊണ്ണൂറുമാര്‍ക്ക്‌ കിട്ടിയതിന്‌ അഭിനന്ദിക്കുന്ന പ്രശ്‌നമില്ലാത്തപ്പോള്‍ പത്തുമാര്‍ക്കു കുറഞ്ഞതിന്‌ ശകാരത്തിനുള്ള സാദ്ധ്യതയുണ്ടുതാനും.

മകന്‍ പറഞ്ഞപോലെ കേള്‍ക്കുന്നില്ല. പറഞ്ഞപോലെ കേള്‍ക്കാന്‍ മോനെന്താ അരയില്‍ കയറുള്ള കുഞ്ഞിരാമനോ എന്നു ചോദിക്കാന്‍ ആരുമില്ലാത്തതാണ്‌ അണുകുടുംബത്തിന്റെ മഹാശാപം. പ്രമേയം കൊണ്ടും ശൈലികൊണ്ടും രൂപഭംഗികൊണ്ടും വ്യത്യസ്‌തമായ സൃഷ്ടി.

വെള്ളരിക്കാപ്പട്ടണം

സാധാരണ ഒരു ദുരന്തം ഹാസ്യത്തിന്‌ ഹേതുവായി സ്വീകരിക്കപ്പെടാറില്ല, രോഗം മരണം എന്നിവയില്‍നിന്നും സാധാരണ ഒരു കൈയ്യകലത്തില്‍ മാറിനില്‌ക്കുകയാണ്‌ ഹാസ്യവും ആക്ഷേപഹാസ്യവുമൊക്കെ ചെയ്യുക. എന്നാല്‍ കേരളത്തിലെ പ്രത്യേകപരിതസ്ഥിതിയില്‍ ഈ വെറൈറ്റീസ്‌ ഓഫ്‌ പനീസ്‌ ഒരല്‌പം ചിരിക്കു വകനല്‌കുന്നൂ എന്നത്‌ മറച്ചുപിടിച്ചിട്ടുകാര്യമില്ല. സഹസ്രാബ്‌്‌ദങ്ങള്‍ക്കു മുമ്പേ സുശ്രുതന്‍ കുപ്പിച്ചില്ലുകൊണ്ട്‌ തലയോടു ശസ്‌ത്രക്രിയ നടത്തിയ നാട്ടില്‍ പനിപിടിച്ച്‌ ആളുമരിക്കുന്നു എന്നത്‌ ചിരിക്ക്‌ വകയുണ്ടാക്കുന്ന ഒരു സംഗതിയാണ്‌. ഈ മഹാസത്യം മാലോകരെ അറിയിക്കുവാന്‍ ഒരു ആരോഗ്യമന്ത്രിയും നാട്ടിലുണ്ടെന്ന വസ്‌തുത പൊട്ടിച്ചിരിക്കും.

രണ്ടുനാള്‍ മുമ്പായിരുന്നു ഒരു ക്രോണിക്‌ ബാച്ചിലര്‍ പറഞ്ഞത്‌. 'ഞാനിവിടെ ഒറ്റയ്‌ക്കാ. പനി വന്നാല്‍ വടിപിടിച്ചുപോവും. അതുകൊണ്ട്‌ ഒരു ഹോമിയോ പ്രതിരോധമങ്ങെടുത്തു '. പറഞ്ഞു പിരിഞ്ഞ്‌ മണിക്കൂര്‍ രണ്ടായതേയുള്ളൂ വിവരമറിഞ്ഞ്‌ ഞാന്‍ കാണാന്‍പോയി.

അടിക്കുന്നതിനു മുന്‍പും അടിച്ചതിന്‌ ശേഷവും എന്നപോലയാണ്‌ ആളു കോലം മാറിയത്‌. പെന്‍ഗ്വിന്റെ ആടിനടപ്പും ശ്വാനന്റെ ജാഗ്രവത്തായ ഇരിപ്പും ശംഖുവരയന്റെ ചുരുണ്ടുകിടപ്പും. വരികളോട്‌ കിടപിടിക്കുന്ന കാരിക്കേച്ചറുകള്‍ അതിമനോഹരം. കേണല്‍ കേളുനായരും കുടുംബശ്രീ പ്രിയാകുമാരിയും ആയിശൂമ്മയും സര്‍വ്വോപരി കിട്ടുകുമാര്‍ കുറ്റിക്കാടിന്റെ ആ പ്രഭാഷണവും മോഹന്‍ലാല്‍ ഹേമമാലിനിയോടു പറഞ്ഞതുപോലെ കലക്കി. . ഹര്‍ത്താല്‍ ഉത്സവമായ നാട്ടില്‍ പനിമഹോത്സവമാവാ്‌തെ തരമില്ല. ആദര്‍ശ്‌ അഭിവാദ്യങ്ങള്‍.

Friday, August 21, 2009

ബൂലോഗവിചാരണ 19


'മോഹന്‍ലാലിന്റെ വിഡ്‌ഢിവേഷം' പലതുകൊണ്ടും ശ്രദ്ധേയമായി. കൊതുവിനെ കൊല്ലാന്‍ കൊടുവാളെടുക്കുന്ന ചിത്രകാരന്റെ ആ പതിവുശൈലിയില്‍നിന്നുമുള്ള ഒരു കൂടുമാറ്റം കാണുന്നു ലേഖനത്തിലുടനീളം. "ആ തറ അഭിനയം യഥാര്‍ത്ഥജീവിതത്തിലും അയാള്‍ ഉളുപ്പില്ലാതെ ചുളുവില്‍ കിട്ടിയ പട്ടാളസ്ഥാനമാനങ്ങളുപയോഗിച്ച്‌ നടത്തിയിരിക്കുന്നു" എന്നതില്‍ ആ പഴയ ശൈലിയുടെ പരേതാത്മാവ്‌ കുടികൊള്ളുന്നുണ്ടെങ്കിലും കുടമുടച്ച്‌ ഭൂതം പുറത്തേക്കു വന്ന്‌ അടുത്തവരികള്‍ കുളമാക്കിയില്ല. ഇനി ഈ പോസ്‌റ്റ്‌ ഉണര്‍ത്തിവിട്ട ചില ചിന്തകളിലേയ്‌ക്ക്‌.

സായിപ്പിന്‌ ചുവപ്പുപരവതാനി വിരിച്ചുകൊടുക്കാന്‍ പെടാപാടുപെട്ട ഒരുപാടു രാജാക്കന്‍മാര്‍ പലരും രാജാവല്ലാതായെങ്കിലും തമ്പുരാക്കന്‍മാരായി തന്നെ വാണു. വടക്കേയിന്ത്യയിലെ ഒരു പാടു 'രാജ്യസ്‌നേഹിക'ളായ രാജാക്കന്‍മാര്‍ക്ക്‌ സായിപ്പ്‌ നാടുനീങ്ങിയതോടെ മന്ത്രിമാരായി പ്രമോഷനും കിട്ടി. സായിപ്പിനെ കെട്ടിയെടുക്കുന്നതുവരെ ഉടവാളിനു വിശ്രമമില്ലെന്നു പ്രഖ്യാപിച്ച വീരപഴശ്ശിയെപ്പോലുള്ളവരുടെ കൊട്ടാരത്തിന്റെ കുയ്യാട്ട വരെ കുളം തോണ്ടിപ്പോയതാണ്‌ ചരിത്രം. അല്ലാതിരുന്നെങ്കില്‍ ഹാനിയേതുമില്ലാതെ സമൃദ്ധിയുടെ നടുവില്‍ തിരുവിതാംകൂര്‍ രാജകുടുംബവും കിടന്നുറങ്ങാന്‍ തലയ്‌ക്കുമീതെ കൂരയില്ലാതെ വീരപഴശ്ശിയുടെ പിന്‍മുറക്കാരും സംഭവിക്കുകയില്ലായിരുന്നു.

ദേശീയവികാരം കൊടുമ്പിരിക്കൊണ്ട്‌ നില്‌ക്കക്കള്ളിയില്ലാതാവുമ്പോള്‍ ലാല്‍ ഓടേണ്ടത്‌ തിരുവിതാംകൂര്‍ കൊട്ടാരത്തിലേയ്‌ക്കോ മദാമ്മമാരുടെ മേനിയഴകിനനുസൃതമായി ഭാരത ദേവതകള്‍ക്ക്‌ രൂപഭാവങ്ങള്‍ പകര്‍ന്നുനല്‌കിയ കിളിമാനൂരിലേയ്‌ക്കോ അല്ല, ഇടിഞ്ഞുപൊളിഞ്ഞ കൊട്ടാരത്തിന്റെ കൈയ്യാലയില്‍ ഉടുതുണിക്കു മറുതുണിയില്ലാതെ കഴിയുന്ന വീരപഴശ്ശിയുടെ പുതുതലമുറക്കാരുണ്ട്‌. ഇടം കാല്‍ ആഞ്ഞുചവുട്ടി വലം കൈ വീശിയടിക്കേണ്ടത്‌ ആ ധീരരക്തസാക്ഷിയുടെ ജ്വലിക്കുന്ന സ്‌മരണയ്‌ക്കുമുന്നിലാണ്‌. അല്ലാതെ ഇന്ത്യന്‍ ജനാധിപത്യത്തോട്‌ വലിയ ബഹുമാനമൊന്നും ഇന്നോളമില്ലാത്ത രാജാക്കന്‍മാരുടെ പാദാന്തികങ്ങളിലേക്കല്ല.

ആ രാജകുടുംബത്തിലെ ചിലരെങ്കിലും വോട്ടുചെയ്യാന്‍ തുടങ്ങിയതുതന്നെ അടുത്തകാലത്താണ്‌. ഇന്ത്യന്‍ പട്ടാളം ജനാധിപത്യ ഇന്ത്യയുടെ ഭാഗമാണ്‌. പൊന്നുരുക്കുന്നേടത്ത്‌ പൂച്ചയ്‌ക്ക്‌ കാര്യമൊന്നുമില്ലാത്തതുപോലെ ജനാധിപത്യത്തില്‍ രാജാക്കന്‍മാര്‍ക്കും കാര്യമൊന്നുമില്ല.

മോഹന്‍ലാല്‍ കാക്കിയണിഞ്ഞതോടെ പട്ടാളത്തിലേയ്‌ക്കുള്ള യുവാക്കളുടെ പലായനത്തിനായിരിക്കും ഇനി നാട്‌ സാക്ഷ്യം വഹിക്കുക. ഇന്നലെവരെ വേണ്ടതിന്റെ ഒരു നൂറിരട്ടിയാണ്‌ ക്യൂവിലുണ്ടാവുകയെങ്കില്‍ ഇനിയത്‌ ആയിരം മടങ്ങായിരിക്കും. സി.ബി.ഐക്കും പരീക്ഷിച്ചുനോക്കാവുന്നതാണ്‌. എത്രതവണ അഭിനയിച്ചതാണ്‌? ഒരു എസ്‌.പി.യാവാന്‍ മമ്മൂട്ടിക്കെന്താ പത്രാസു കുറവ്‌. പട്ടാളത്തില്‍ നില്‌ക്കക്കള്ളിയില്ലാതായാല്‍ പിന്നെ യുവാക്കള്‍ക്ക്‌ സി.ബി.ഐയിലേയ്‌ക്കു മാര്‍ച്ചുചെയ്യാലോ.

പണ്ട്‌ ഈയുള്ളവന്റെ പ്രദേശത്ത്‌ പട്ടാളത്തിന്റെ ബ്രാന്റ്‌ അംബാസിഡര്‍ മുട്ടായികിട്ടേട്ടന്‍ ആയിരുന്നു. മൂപ്പര്‍ ഒരിക്കല്‍ നാടുതിരിയാതെ എവിടെയോ അലഞ്ഞുതിരിയുന്നതുകണ്ട്‌ ഏതോ ഒരു സായിപ്‌ കൂട്ടിക്കൊണ്ടുപോയി പട്ടാളത്തില്‍ ചേര്‍ത്തുകളഞ്ഞു. പട്ടാളം എന്നുകേട്ടാല്‍ ആളുകള്‍ തിരിഞ്ഞോടുന്ന കാലം. ഏതോ യുദ്ധകാലവും. തിരിച്ചുവരാന്‍ വേറെ മാര്‍ഗമൊന്നുമില്ലാതിരുന്നതുകൊണ്ട്‌ പിരിച്ചുവിടുന്നതുവരെ പുള്ളി കാത്തിരുന്നു. ആ വരവാകട്ടെ ഒരു ഒന്നൊന്നര വരവായിരുന്നുവെന്നാണ്‌ ഐതിഹ്യം. ഇഷ്ടം പോലെ കുപ്പികളും പെട്ടിക്കണക്കിന്‌ ചാര്‍മിനാര്‍ സിഗരറ്റുകളുമായായിരുന്നു വരവ്‌. മദ്യത്തിന്റെയും സിഗരറ്റിന്റെയും നിരുപാധികപിന്തുണയുമായി വെകുന്നേരം നടക്കാനിറങ്ങുന്ന കിട്ടേട്ടനെ കണ്ട്‌ അസൂയമൂത്ത്‌ പട്ടാളത്തില്‍ പോയിചേര്‍ന്നവര്‍ ഒരു പാടുണ്ടായിരുന്നു. ഇന്ന്‌ പട്ടാളത്തിലേയ്‌ക്ക്‌ ഒന്നുചേര്‍ന്നുകിട്ടാന്‍ പിള്ളേര്‍ തലങ്ങും വിലങ്ങും ഓടുമ്പോള്‍ മോഹന്‍ലാലിനെ കാക്കിയുടുപ്പിച്ച്‌ മാര്‍ച്ച്‌ നടത്തി ആളെക്കൂട്ടേണ്ട ഗതികേടിലാണോ ഇന്ത്യന്‍ ആര്‍മി?

വ്യത്യസ്‌തമായ പ്രമേയങ്ങളുമായി വരികളും വരകളുമായി ചിത്രകാരന്‍ ബൂലോഗത്ത്‌ സജീവമാവട്ടെ. അഭിവാദ്യങ്ങള്‍.


കാലികപ്രാധാന്യമുള്ള 'മീരയുടെ ക്രൗഞ്ചപക്ഷികള്‍' എന്ന പോസ്‌റ്റിലൂടെ റാവുത്തര്‍ പുത്തന്‍ സെക്യുലര്‍ പണ്ഡിറ്റുകളുടെ ശിരസ്സു ലക്ഷ്യം വച്ചു തൊടുക്കുന്ന ശരം ലക്ഷ്യം ഭേദിക്കുന്നു എന്നുതന്നെവേണം കരുതാന്‍. ഇസ്ലാം മതത്തേയോ ക്രിസ്‌തുമതത്തേയോ ഹിന്ദൂയിസത്തേയോ മാര്‍ക്‌സിസത്തേയോ ഒന്നും കാലം വിലയിരുത്തുക അതു മുന്നോട്ടുവച്ച്‌ കാഴ്‌ചപ്പാടുകളുടേയോ സിദ്ധാന്തങ്ങളുടേയോ തട്ടിന്‍പുറത്തിരുന്നുകൊണ്ടല്ല, മറിച്ച്‌ അവരുടെ പ്രവര്‍ത്തനരീതിയും അനന്തരഫലവും വച്ചായിരിക്കും. കമ്മ്യൂണിസം പഠിച്ച്‌ ഒരീയെമ്മെസ്സു വന്നെന്നിരിക്കും, സമൂഹത്തില്‍ എന്തെങ്കിലും ചലനത്തിന്‌ കമ്മ്യൂണിസം ഹേതുവായെങ്കില്‍ അത്‌ കമ്മ്യൂണിസമെന്തെന്നറിയാതെ സത്യസന്ധരും നല്ലവരുമായ നേതൃത്വത്തെ മാത്രം കണ്ടുവന്ന ആയിരങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ്‌.

അതുപോലെ സംസ്‌കാരസമ്പന്നനായ നബിതിരുമേനിയുടെ മൊഴിമുത്തുകളെ വച്ചല്ല ഇന്നിന്റെ ഇസ്ലാമിനെ ലോകം അളക്കുക. സംസ്‌കാരശൂന്യരായ താലിബാനികളുടെ ചെയ്‌തികളിലൂടെയായിരിക്കും ലോകം ഇസ്ലാമിനെ നോക്കിക്കാണുക. അങ്ങിനെ തന്നെയാണ്‌ വേണ്ടതും. അല്ലാതാവുമ്പോള്‍ വിസ്‌മരിക്കപ്പെടുക യാഥാര്‍ത്ഥ്യമാണ്‌. കാണാതെപോവുക നഗ്നസത്യവും.

ലേഖകന്റെ ഉദാഹരണങ്ങള്‍ക്കു പുറമേ ഒന്നുകൂടെ എഴുതട്ടെ. മംഗലാപുരത്തെ പതിനാറുകാരി സ്‌കൂള്‍കുട്ടി ആത്മഹത്യചെയ്‌ത സംഭവം. ഒരു മുസ്ലീം യുവാവിനൊപ്പം കണ്ടതിന്റെ പേരില്‍ സംഘപരിവാരങ്ങള്‍ എന്നു സംശയിക്കപ്പെടുന്നവര്‍ തടഞ്ഞുനിര്‍ത്തി രണ്ടുപേരെയും പോലീസിന്‌ കൈമാറി. അപമാനം സഹിക്കവയ്യാതെ കുട്ടി ആത്മഹത്യ ചെയ്‌തു എന്നു റിപ്പോര്‍ട്ട്‌. വിശുദ്ധമതേതര സിങ്കങ്ങള്‍ സടകുടഞ്ഞ്‌ റോഡിലിറങ്ങിയതേയുള്ളൂ. ന്യൂനപക്ഷപീഢനം. താമസിയാതെവന്നൂ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. കുട്ടി ബലാല്‍സംഗത്തിനിരയായതുകാരണമാണ്‌ ആത്മഹത്യചെയ്‌തത്‌. പ്രതി കൂട്ടിയോടൊപ്പം കണ്ട സലീമും. സലീം കഴിഞ്ഞദിവസം തന്നെ ബലാല്‍സംഗം ചെയ്‌തുകളഞ്ഞു എന്ന്‌ കുട്ടി ബീഡിത്തൊഴിലാളിയായ തന്റെ അമ്മയോടു പറയുകയും ചെയ്‌തിരുന്നു എന്ന്‌ റിപ്പോര്‍ട്ട്‌. പിന്നീട്‌ ആര്‍ക്കും പ്രതിഷേധിക്കേണ്ടിവന്നില്ല. വിശുദ്ധമതേതരക്കാരുടെ കണ്ണില്‍ ആ ബലാല്‍സംഗവും ആത്മഹത്യയും കുട്ടിയുടെ യോഗമായിരിക്കണം.

ഒരു മുസ്ലീം പെണ്‍കുട്ടിയെ പ്രണയിച്ച കുറ്റത്തിന്‌ കാലു രണ്ടും തല്ലിയൊടിച്ച്‌ ഒരു ചെറുപ്പക്കാരനെ വയനാട്ടില്‍ ജീവച്ഛവമാക്കിയത്‌ കേരളക്കരയിലെ താലിബാനികളാണ്‌. മതാന്ധത ഒരു സാമൂഹിക ഭീഷണിയാണ്‌. അതിനെതിരേ കുത്തിവെയ്‌പുനടത്തേണ്ട മതേതര പണ്ഡിറ്റുകള്‍ നോട്ടിന്റെ കനത്തിനനുസരിച്ച്‌ വാക്കുകള്‍ തൂക്കിവില്‌ക്കുമ്പോള്‍ ചെയ്യുന്നത്‌ രാജ്യദ്രോഹമാണ്‌. ശ്രദ്ധേയമായ ഒരു പോസ്‌റ്റ്‌.


ഡൈനിങ്ങ്‌ ടേബിളില്‍ നിന്നും പോസ്‌റ്റുമോര്‍ട്ടം ടേബിളിലേയ്‌ക്കുള്ള ഹൃസ്വമായ ദൂരം അളന്നിടുന്നൂ രാമചന്ദ്രന്‍ വെട്ടിക്കാട്‌ 'തീന്‍മേശയില്‍' എന്ന കവിതയിലൂടെ. നിസ്സാരമായ ഒരു മീന്‍മുള്ള്‌ മൃത്യവിന്റെ ചൂണ്ടക്കൊളുത്തായി മാറുമ്പോള്‍ വല മരണത്തിന്റെ പ്രതീകമാവുന്നു.

മരണവെപ്രാളത്തിലാവണം തട്ടിയുടഞ്ഞ ചില്ലുഗ്ലാസിലെ വെള്ളം മരണക്കടലിലെ തിരയിളക്കമാവുന്നത്‌. അതോടെ അവസാനത്തെ പിടച്ചില്‍.

"തൊണ്ടയില്‍ കുടുങ്ങിയ
ചോറുരുളയില്‍
ഒളിച്ച ചൂണ്ടക്കൊളുത്ത്‌
പോലൊരു മീന്‍മുള്ള്‌
മരണകാരണമെന്ന്‌
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌"

പ്രഥമാവതാരത്തിന്റയും ദശാവതാരത്തിന്റെയും അന്ത്യവും ഏതാണ്ട്‌ഒരുപോലെയെന്ന്‌ കാട്ടിത്തരുന്നു രാമചന്ദ്രന്‍.


അല്‍ബേനിയന്‍ കവി സേവാഹിര്‍ സ്‌പാഹു (ഉച്ചാരണം തോന്നിയപോലെ, Xhevahir Spahiu എന്ന്‌ ആംഗലേയത്തില്‍) വിന്റെ 'എന്റെ ബാദ്ധ്യതകള്‍' എന്ന കവിത മനോഹരമായി വിവര്‍ത്തനം ചെയ്‌തിരിക്കുന്നു ജ്യോതിഭായി.

സമൂഹത്തിനോടുള്ള മനുഷ്യന്റെ കടപ്പാടുകളെ, ബാദ്ധ്യതകളെ അതിമനോഹരമായി തത്വചിന്താപരമായി, ആത്മവിമര്‍ശനപരമായി വിലയിരുത്തുന്നു കവി. എല്ലാ കടങ്ങളുമൊടുക്കാനായി കല്ലറയിലെ തന്റെ ഓര്‍മ്മക്കല്ല്‌ വില്‌ക്കാമെന്ന്‌ കവി ആലോചിക്കുമ്പോഴേയ്‌ക്കും മറ്റുള്ളവര്‍ തനിക്കും എന്തുമാത്രം കടപ്പെട്ടിരിക്കും എന്നാലോചിക്കുന്നിടത്ത്‌ കവിത അവസാനിക്കുന്നു.

അതേ ബാദ്ധ്യതകളുടെ, കടപ്പാടുകളുടെ ഊന്നുവടികളിലാണ്‌ നാമോരോരുത്തരുടേയും പ്രയാണം. ഓരോനിമിഷവും എടുക്കുന്നതിന്റെ പത്തിലൊന്നെങ്കിലും തിരിച്ച്‌ നമ്മള്‍ സമൂഹത്തിന്‌ നല്‌കുന്നുണ്ടോയെന്ന്‌ സ്വയം വിമര്‍ശനപരമായി വിലയിരുത്താന്‍ കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒരു നല്ല കവിയുടെ മനോഹരമായ വരികള്‍ അതിമനോഹരമായി വിവര്‍ത്തനം ചെയ്‌ത്‌ വായനക്കാര്‍ക്കെത്തിച്ചതിന്‌, ജ്യോതിര്‍ഭായിയുടെ സദുദ്യമത്തിന്‌ നന്ദി. ആശംസകള്‍.


'നിഷേധിക്കപ്പെട്ട വഴിത്താരകളെ മാത്രം ചുംബിച്ചുകൊണ്ടുള്ള യാത്ര' യിലെ ശരിതെറ്റുകളുടെ ആപേക്ഷികതയാണ്‌ ആര്‍.ഡി.ദുര്‍ഗാദേവിയുടെ 'വിലക്കപ്പെട്ട ബന്ധങ്ങള്‍' എന്ന ചെറുകവിത വിഷയമാക്കുന്നത്‌.

ചാരായഷാപ്പില്‍ കയറുന്നവനെ സംബന്ധിച്ച്‌ അതുതന്നെയാണ്‌ ശരി. 'നരകദ്രാവകം പകരുന്ന പരിഷ'യെ സംബന്ധിച്ചും ഏറ്റവും വലിയ ശരി കുടിയന്റെ കീശ കാലിയാവുന്നതുവരെ പകര്‍ന്നുകൊടുക്കുക തന്നെയാണ്‌. നികുതിപിരിക്കുന്ന ധനമന്ത്രിയ്‌ക്കും അതു തെറ്റാണെന്ന്‌ പറയാന്‍ പറ്റിയെന്നുവരില്ല. ഒരുവന്റെ സ്വാതന്ത്യസമരം വേറൊരുവന്റെ ഭീകരപ്രവര്‍ത്തനമാവുന്നതുപോലെ ഒരാളുടെ ശരി അപരന്റെ തെറ്റുമായിരിക്കാം. ഒരറ്റത്ത്‌ ശരിയുടെ കുറ്റിയിലും മറ്റേയറ്റത്ത്‌ തെറ്റിന്റെ കുറ്റിയിലും കെട്ടിയുറപ്പിച്ച്‌ കമ്പിപ്പാലത്തിലൂടെയുള്ള മറുകര തേടലാണ്‌ ജീവിതം. അതേ ബന്ധങ്ങള്‍ ചിലപ്പോഴെല്ലാം വികൃതിക്കുട്ടികള്‍ ഓടിക്കുന്ന കാറുപോലെയാണ്‌, നോ എന്‍ട്രികള്‍ ബാധകമല്ലാത്ത കാറുകള്‍.

"അറിയാതെ ജനനിയെ പരിണയിച്ചോരാ
യവനതരുണന്റെ കഥയെത്ര പഴകീ?"

അതാവട്ടെ നോ എന്‍ട്രി ബോര്‍ഡ്‌ അറിയാതെ പറ്റിയത്‌. അറിഞ്ഞുകൊണ്ടു പറ്റുന്നവയെത്ര?


പ്രൗഡമായ ലേഖനങ്ങള്‍ക്കാണ്‌ ബ്ലോഗുകളില്‍ ക്ഷാമമെങ്കില്‍ ഇതാ ഒരെണ്ണം ആ ഗണത്തില്‍ പെടുത്താവുന്നത്‌. 'ദി കരിയറിസ്റ്റ്‌' എന്ന കണ്ടകശനിയുടെ പഠനം ഗൗരവമായ വായന അര്‍ഹിക്കുന്നു. സമീപകാല പാര്‍ട്ടിക്കുള്ളിലെ അന്തച്ഛിദ്രങ്ങളുടെ സെന്‍സസെടുത്താല്‍ കണ്ടകശനിയുടെ നിരീക്ഷണങ്ങള്‍ അസ്ഥാനത്തല്ല എന്ന്‌ ബോദ്ധ്യമാവും.

അങ്ങ്‌ യൂറോപ്പിലെയും സമ്പന്ന അമേരിക്കയിലേയും പ്രഫെഷണല്‍ രാഷ്ട്രീയക്കാര്‍ ഒഴിവുകാലം ആസ്വദിക്കാന്‍ ഊരുചുറ്റുന്ന ഏര്‍പ്പാട്‌ ബൂര്‍ഷ്വാസികളെക്കാളും ഭംഗിയായി ഇന്ത്യയില്‍ അനുകരിച്ച്‌ അനുകരണീയ മാതൃകളാക്കിയതാണ്‌ വിപ്ലവകാരികളുടെ ഒരു സംഭാവന. വിപ്ലവത്തിന്റ അനശ്വരതയെക്കുറിച്ച്‌ 'ചെ' ചിന്തിച്ചത്‌ ബൊളീവിയായിലെ സ്‌കൂളില്‍ വച്ചായിരുന്നു, യാങ്കി തോക്കിനുമുന്നില്‍ മരണനിമിഷം അടുത്തടുത്തു വന്നപ്പോള്‍. വിപ്ലവത്തിന്റെ അനശ്വരതയെക്കുറിച്ചു ചിന്തിക്കാന്‍ സുര്‍ജിത്ത്‌ സഖാവ്‌ അവധിയെടുത്തു പോയിരുന്നത്‌ ഇംഗ്ലണ്ടിലെ തെംസ്‌ നദിക്കരയിലായിരുന്നു. നാഴികയ്‌ക്കു നാല്‌പതുവട്ടം ബുഷിന്റെയും ക്ലിന്റന്റെയും തന്തയ്‌ക്കുവിളിക്കുന്നവര്‍ ഒഴിവുകാലമാസ്വദിക്കാന്‍ പറക്കുന്നതാവട്ടെ അങ്ങോട്ടേയ്‌ക്കും. ഒഴിവുകാലം ആസ്വദിക്കാന്‍ പണിയെന്തെടേ എന്നൊന്നും ആരും ചോദിച്ചുകളയരുത്‌. പണി സാമൂഹ്യസേവനം എന്ന നാറുന്ന ഉത്തരമായിരിക്കും ലഭിക്കുക.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാവുമ്പോള്‍ വിപ്ലവകാരികള്‍ കരിയറിസ്റ്റുകളായില്ലെങ്കിലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ. ഉത്തരവാദിത്വം 'നില്‍ ' റമ്യൂണറേഷന്‍ 'ഫുള്‍' എന്നൊരു സ്വര്‍ഗം ഭൂമുഖത്തുണ്ടെങ്കില്‍ അതിവിടെയാണ്‌ ഇവിടയാണ്‌ എന്നു തറപ്പിച്ചു പറയാന്‍ പണ്ഡിറ്റ്‌ജി ഇല്ലെന്നേയുള്ളൂ. പണ്ട്‌ ബസുവില്‍ നിന്നും തട്ടിത്തെറിപ്പിച്ച ആ പാനപാത്രം സാഹചര്യം ഒത്തുവന്നപ്പോള്‍ ചുണ്ടോടടുപ്പിക്കാന്‍ ശ്രമിച്ചത്‌ സ്വാഭാവികം. ഒരു കരിയറിസ്റ്റില്‍ നിന്നും ഇതല്ലാതെ നാളെ വാരിക്കുന്തവുമായി ഇന്ദ്രപ്രസ്ഥത്തില്‍ തൊഴിലാളികളുടെ പടനയിക്കും എന്നു വിഡ്‌ഢികള്‍ കൂടി പ്രതീക്ഷിക്കുകയില്ല.

കണ്ടകശനി പറഞ്ഞതുപോലെ ഒരു ബൂത്ത്‌ ഏജന്റുവരെ ആവാത്ത സഖാവ്‌ എവിടെവരെയെത്തി? ഒപ്പം സഖിയും. അതിനുള്ള വലിയ വില കൊടുക്കേണ്ടിവന്നതാവട്ടേ ഒരു കാലത്തെ ജനതയുടെ ആശയും ആവേശവുമായിരുന്ന നേരിന്റെ നേര്‍ചിത്രമായിരുന്ന ഒരു പ്രസ്ഥാനത്തിനും. കണ്ടകശനിക്ക്‌ അഭിവാദ്യങ്ങള്‍.


കാലികപ്രാധാന്യമുള്ള പ്രമേയം കൊണ്ടും ശക്തമായ നിരീക്ഷണങ്ങള്‍കൊണ്ടും ശ്രദ്ധേയമാവുന്നൂ സുബിന്‍ തോമസിന്റെ 'സ്വവര്‍ഗരതിയും മതവിശ്വാസങ്ങളും പിന്നെ നമ്മളും' എന്ന ലേഖനം. പ്രകൃതിവിരുദ്ധം എന്ന പദം എത്രകണ്ട്‌ പ്രകൃതിവിരുദ്ധമായാണ്‌ നാം ഉപയോഗിക്കുന്നത്‌ എന്നു ചിന്തിക്കാന്‍ ഇടതന്നു സമീപകാല സംഭവവികാസങ്ങളും കോടതിനിരീക്ഷണങ്ങളും.

പ്രകൃതിയെ മുച്ചൂടും മുടിച്ച വനനശീകരണവും പ്രകൃതിയോട്‌ ഏറ്റവുമടുത്ത്‌ ജീവിക്കുന്ന ആദിവാസികളുടെ ജീവിതം നരകതുല്യമാക്കി കാടും മേടും കൈയ്യേറി അരമനകള്‍ പണിത്‌ കൈയ്യേറ്റത്തിന്റെ ജൂബിലികള്‍ ആഘോഷിച്ചതും ഒന്നും പ്രകൃതിവിരുദ്ധമല്ല. മണിമാളികയ്‌ക്ക്‌ കല്ലുശേഖരിക്കുന്നവന്‍ അവനവന്റെ കല്ലറയ്‌ക്കുള്ള കല്ലാണ്‌ ശേഖരിക്കുന്നത്‌ എന്നു ബൈബിള്‍. അഭയ കിണറ്റിലെത്തിയതിലും ജസ്‌മി ശിരോവസ്‌ത്രം വലിച്ചെറിയാനിടയാക്കിയതിലും പ്രകൃതിവിരുദ്ധമായി യാതൊന്നുമില്ല. പാത്രമറിഞ്ഞു പകരേണ്ട വിദ്യ രൂപതാ അതിരൂപതാ എന്നു വിളിച്ചുപറഞ്ഞു വില്‌പനയ്‌ക്കുവെക്കുന്നതിലും പ്രകൃതിവിരുദ്ധമായി യാതൊന്നുമില്ല.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടവും നീതന്യായ വ്യവസ്ഥയും ഉള്ള നാട്ടില്‍ കാര്യങ്ങള്‍ അവര്‍ നോക്കിക്കൊള്ളും. അവിടെ പാസാവുന്ന നിയമങ്ങള്‍ അനുസരിക്കുന്ന ഉത്തമപൗരന്‍മാരായി തിരുമേനിമാരും പ്രവാചകരും കാഷായധാരികളും ജീവിച്ചാല്‍ മതി. അല്ലാതെ ഏതെങ്കിലും പഴംഗ്രന്ഥത്തില്‍ പറഞ്ഞതിനപ്പുറം ലോകത്തൊന്നും നടപ്പില്ലെന്നും പറഞ്ഞ്‌ പ്രകൃതിവിരുദ്ധ പരിപാടികളുമായി രംഗപ്രവേശം ചെയ്യുകയല്ല വേണ്ടത്‌.

ലേഖകന്‍ പറഞ്ഞതുപോലെ ഒരു മതേതര രാജ്യത്തിന്റെ നിയമനിര്‍മ്മാണം കൂടെ ന്യൂനപക്ഷത്തിന്റെ പഴംകഥാപുസ്‌തകത്തിനെ അടിസ്ഥാനമാക്കിവേണം എന്നൊക്കെ വന്നാല്‍ ... പിന്നെ ജീവിച്ചിരിക്കുന്നതില്‍ കാര്യമില്ല.

Sunday, August 2, 2009

ബൂലോഗ വിചാരണ 18

അനിതാമാധവം

ഗതകാലത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാവാം ഭാവിയുടെ മധുരതരമായ ഓര്‍മ്മകള്‍ എന്നു പാടിയത്‌ ഷെല്ലി (Our sweetest songs are those of saddest thought). നശ്വരമായ പ്രണയസാഫല്യത്തിലേയ്‌ക്ക്‌ വഴുതിവീഴാതെ അനശ്വരമായ പ്രണയത്തിന്റെ ഓര്‍മ്മകളിലേക്ക്‌ വഴിമാറിയ പ്രണയത്തിന്റെ സുഖകരമായ ഓര്‍മ്മകള്‍ വായനക്കാരുടെ സ്‌മൃതിപഥങ്ങളിലേയ്‌ക്കെത്തിക്കുന്നു അനിത.

അവന്റെ അക്ഷരക്കൂടുകള്‍ സിരകളില്‍ ഉന്മാദത്തിന്റെ, മോഹത്തിന്റെ പ്രണയമൊട്ടുകള്‍ തീര്‍ത്തെങ്കിലും അവന്റെ പ്രണയത്തിന്റെ പൂമ്പൊടിയുമായി പ്രണയമാരുതന്‍ വന്നണയാതെ പ്രണയം പ്രണയിനിയിലൊതുങ്ങി. അവള്‍ക്കുമാത്രം സ്വന്തമായ ഒരു പ്രണയം. ഓര്‍മ്മകള്‍ താലോലിക്കാന്‍, വരികളായി പങ്കുവെക്കാന്‍. വാക്കുകളില്‍ കവിതയുണ്ട്‌. കവിതയില്ലാത്ത വാക്കുകളുമില്ല. സുന്ദരമായ വരികള്‍. അധികമാരും കടന്നുചെല്ലാത്ത പ്രണയത്തിന്റെ മറ്റൊരുലോകം വായനക്കാര്‍ക്കായി ഒരുക്കിവെക്കുന്ന അനിത.

വരികളോടും വരകളോടുമുള്ള പ്രണയം, കഥാപാത്രങ്ങളോടുള്ള അഭിനിവേശം എഴുത്തുകാരോടും അഭിനേതാക്കളോടുമുള്ള പ്രണയമായി മാറുമ്പോഴേക്കും ആ വരികളില്‍ നിന്നും എഴുത്തുകാരനും വരകളില്‍ നിന്നും ചിത്രകാരനും കഥാപാത്രത്തില്‍ നിന്നും അഭിനേതാവും അടുത്ത സ്വീകരണമുറിയിലേക്ക്‌ കുടിയേറിയിട്ടുണ്ടാവും. മറ്റൊരു വരിയായി, ചിത്രമായി, കഥാപാത്രമായി.

ആ വണ്‍വേ പ്രണയങ്ങള്‍ അവര്‍ക്കുള്ള നല്‌കപ്പെടാത്ത അവാര്‍ഡുകളായി അവശേഷിക്കും. 'പ്രണയമലരായി വിടരാതെ' ആ പ്രണയങ്ങള്‍ തളിരണിയട്ടെ. അതുതന്നെയാണ്‌ പ്രണേതാക്കളുടെ ആരോഗ്യത്തിനും നല്ലത്‌. അല്ലെങ്കില്‍ ഡിക്ഷ്‌ണറിയില്‍ മാത്രമല്ല ജീവിതത്തിലും വരുമായിരുന്നു Marriage നും മുന്‍പേ Divorce. കളിവിളക്കുതെളിയുമ്പോഴത്തെ രൗദ്രഭീമനെ പ്രണയിച്ചു കളിക്കാരനെ കെട്ടിയെന്നു കരുതുക. വേഷമഴിച്ച ബകനെ അന്തിപ്പായയില്‍ കാണുന്നതോടെ തീര്‍ന്നു കഥ.

മിഴിവിളക്ക്‌

സീനിയര്‍മാര്‍ വേട്ടക്കാരും ജൂനിയര്‍മാര്‍ ഇരകളുമായി വരുന്ന തെമ്മാടിത്തത്തിന്റെ താലൂക്കാഫീസുകളായി നമ്മുടെ കലാലയങ്ങള്‍ വളര്‍ന്നു. അഥവാ വളര്‍ത്തി. റാഗിംഗ്‌ എന്ന്‌ ഓമനപ്പേരിട്ട ഈ വിദ്യാഭീകരതയുടെ അവസാനത്തെ? ഇരയാണ്‌ സഹപാഠികള്‍ തല്ലിക്കൊന്ന അമീന്‍ കചറു. മുന്‍പ്‌ ചെന്നെയില്‍ ഒരു പ്രെഫസറുടെ ഏകമകനെ കരാട്ടേക്കാരായ സഹപാഠികള്‍ ചവുട്ടിക്കൊന്ന്‌ റിക്കോര്‍ഡിട്ടിരുന്നു.

ഇവിടെ കേരളത്തില്‍ എസ്‌.എം.ഇ സംഭവത്തിലെ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീലിനുപോയെന്നു തോന്നുന്നു. ഒരു ചെറ്റക്കുടിലില്‍ നിന്നും ഉടുതുണിക്കു മറുതുണിയില്ലാതെ എന്നുപറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവാത്ത ഒരു പാവം പെണ്‍കുട്ടി ഇര. കുറെ പണച്ചാക്കുകളായ മാതാപിതാക്കളുടെ പുത്രന്‍മാര്‍ വേട്ടക്കാര്‍. വേട്ടപ്പട്ടികളായി ചില സീനിയര്‍ പെണ്‍കുട്ടികള്‍ തൊട്ട്‌ പ്രിന്‍സിപ്പല്‍ വരെ. റാഗിംഗ്‌ എന്ന ഓമനപ്പേരില്‍ പരിഷകള്‍ കുട്ടിയെ കൂട്ടബലാല്‌സംഗത്തിനിരയാക്കുമ്പോള്‍ ചേച്ചിമാര്‍ കണ്ടുരസിച്ചെന്നാണ്‌ പറയപ്പെടുന്നത്‌. നിത്യന്റെ ഈ പോസ്‌റ്റുകള്‍ ആ സംഭവത്തെപ്പറ്റിയാണ്‌.

നമ്മുടെ വിദ്യാലയങ്ങള്‍ പീഢനാലയങ്ങളാവുന്ന സ്ഥിതിയാണ്‌ ഉണ്ടാവുന്നത്‌. അതിനെതിരെ അതിശക്തമായി പ്രതികരിക്കുന്ന, റാഗിംഗ്‌ എന്ന ഭീകരത വിദ്യതേടിയെത്തുന്ന പാവങ്ങളെ എങ്ങിനെ ബാധിക്കുന്നു എന്ന്‌ വിശദമായി അപഗ്രഥിക്കുന്ന മികച്ച ലേഖനമാണ്‌ ഡോക്ടറുടേത്‌. സമകാലികപ്രസക്തമായ വിഷയം ബൂലോഗത്ത്‌ ചര്‍ച്ചയ്‌ക്കുവച്ചതിനു നന്ദി. അഭിവാദ്യങ്ങള്‍.

ഇതു ഞാനാ ... ഇട്ടിമാളൂ

'തിരിവറിവടയാളങ്ങള്‍' എന്ന ശ്രദ്ധേയമായ കഥ ഇട്ടിമാളു ബൂലോഗത്തിന്‌ കാഴ്‌ചവെയ്‌ക്കുന്നു. ഒരു ചിലന്തി അതിന്റെ വലനെയ്യുന്ന ശ്രദ്ധയോടെ കൃത്യമായ വാക്കുകളാല്‍ കലാപരമായി അണിയിച്ചൊരുക്കിയ സൃഷ്ടി. നിഗൂഢതയുടെ കൂരിരുട്ടിലേയ്‌ക്ക്‌ അഥവാ നന്ദന്‍ എന്ന കഥാപാത്രത്തിലേയ്‌ക്ക്‌ പോയിന്റഡ്‌ വെള്ളിവെളിച്ചം വീശുന്ന ബ്രൈറ്റ്‌ ലൈറ്റായി ഏതാനും വരികള്‍ മാത്രം. ആ വരികളും വരികള്‍ക്കിടയിലുമായി ചിതറിവീഴുന്നതാവട്ടെ ഒരച്ഛന്‌ മകളോടുള്ള വാത്സല്യവും. പ്രണയം, സ്‌നേഹം, വാത്സല്യം എന്നിവയ്‌ക്ക്‌ എല്ലാം അതിരുകളുണ്ടെങ്കിലും ആ അതിരുകള്‍ വളരെ നേര്‍ത്തതായതുകൊണ്ടാവണം ചിലരുടെയെങ്കിലും മനസ്സുകളില്‍ നന്ദന്‍ കടന്നുവന്നത്‌ ജന്നിയുടെ കാമുകനായാണ്‌. കൃത്യമായി വാക്കുകളിലൂടെയും വാക്കുകള്‍ക്കിടയിലൂടെയും വായന മുന്നേറുമ്പോഴാണ്‌ നീലോഫറിന്റെ പഴയ ജീവിതസഖാവും ജന്നിയുടെ പിതാവുമായ നന്ദന്‍ പ്രത്യക്ഷപ്പെടുന്നത്‌.

ശ്രദ്ധേയമായ രചന, മനോഹരമായ ഭാഷ, എടുത്തുപറയേണ്ട ആഖ്യാനരീതി. ഒരു തിരക്കഥയുടെ ചേരുവകള്‍ എല്ലാം സ്‌മ്മേളിക്കുമ്പോള്‍ സ്‌നേഹത്തിന്റെയും വെറുപ്പിന്റെയും പുതിയ സങ്കീര്‍ത്തനങ്ങള്‍ രചിക്കുന്ന കഥ. ഇട്ടിമാളുവിന്‌ ആശംസകള്‍.

രാജീവ്‌ ചേലനാട്ട്‌

'നിങ്ങള്‍ ഏതു ചേരിയില്‍' : ബൂലോഗത്തെ സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ഗൗരവമായ രീതിയില്‍ കൈകാര്യം ചെയ്യുന്നവരില്‍ പ്രമുഖനായ രാജീവ്‌ തന്റെ ചെറിയ ലേഖനത്തിലൂടെ ആ വലിയ ചോദ്യമുയര്‍ത്തുകയാണ്‌. ചോദിക്കേണ്ട ഈ കാലത്ത്‌ ചോദിക്കേണ്ട രീതിയില്‍ തന്നെ.

സ്ഥിതിവിവരക്കണക്കുകളിലെ സമൂഹത്തിന്റെ പുറമ്പോക്കുകളായ ചേരികളില്‍ ബ്രിട്ടനിലെ ജനസംഖ്യയെക്കാളധികം പേരും വസിക്കുന്ന രാജ്യമാണ്‌ ഇന്ത്യ എന്ന്‌്‌ ബൂലോഗരെ രാജീവ്‌ ഓര്‍മ്മിപ്പിക്കുന്നു.

വിവേകമില്ലാത്ത വിജ്ഞാനത്തിന്റെ വളര്‍ച്ചയ്‌ക്കാണ്‌ നാം സാക്ഷ്യം വഹിക്കുന്നത്‌. വിജ്ഞാനം ആകാശം മുട്ടെ വളരുമ്പോള്‍ നിന്നിടത്തുനില്‌ക്കുകയോ താഴോട്ടുപോവുകയോ ആവുമ്പോള്‍ ചേരികള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഗ്രന്ഥങ്ങളിലെ സാമൂഹികപ്രതിബന്ധത എന്നത്‌ സമൂഹത്തിലെ വെണ്ണപ്പാളികളോടുമാത്രമുള്ള പ്രതിബന്ധതയുമായി മാറുന്നു.

നമുക്കുള്ളത്‌ ഒരു പാട്‌ മാനേജര്‍മാരാണ്‌. ഇല്ലാത്തത്‌ ലീഡര്‍മാരും. ലക്ഷണം കെട്ടവരെ ലീഡര്‍ എന്നുവിളിച്ചു ആ പദവിയെതന്നെ അപമാനിക്കുകയാണ്‌ ഒരുകൂട്ടര്‍. Manangement is doing things right and Leadership is doing right things എന്നു പീറ്റര്‍ ഡ്രക്കര്‍.

വികലമായ, സമഗ്രമല്ലാത്ത വികസനസങ്കല്‌പങ്ങള്‍ പുതിയ ചേരികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ണപാത്രം കൊണ്ടു മൂടിവച്ച ആ സത്യം കൂടി രാജീവ്‌ വിളിച്ചുപറയുന്നു. നമ്മുടെ സഭ 500 കോടി രൂപ മൊത്തം ആസ്‌തിയുള്ളവരുടേതാണ്‌. അതില്‍ തന്നെ 200 കോടി വെറും അഞ്ചുപേരുടേയും.

ഇതില്‍ ഒരാള്‍ പോലും മുകളില്‍ പറഞ്ഞ 'ലീഡര്‍' ഗണത്തില്‍ വരുന്നില്ല എന്നും കൂട്ടിച്ചേര്‍ക്കട്ടെ. ചേരികളെ മറക്കുവാന്‍ സുരക്ഷിതമായ ചേരിചേരാനയം കൈക്കൊള്ളാം നമുക്ക്‌. രാജീവ്‌ അഭിവാദ്യങ്ങള്‍.

ഐശിബിയും മഷിക്കറുപ്പും

മനുഷ്യവംശത്തിന്റെ ഭൂമിയിലെ നിലനില്‌പിന്റെ മൂലക്കല്ലുകളാണ്‌ മുലകള്‍. ജീവന്റെ ജലം ചുരത്തുന്ന പ്രകൃതിയിലെ മലകളെപ്പോലെ. മനുഷ്യരില്‍ മാത്രമാണെന്നുതോന്നുന്നു ജീവന്റെ അമൃതുചുരത്തുന്നതിനു പുറമേ ഒരു ലൈംഗീക അവയവത്തിന്റെ ധര്‍മ്മം കൂടി നിര്‍വ്വഹിക്കാന്‍ പ്രകൃതി അവയോടാവശ്യപ്പെട്ടത്‌.

ആദ്യം ജീവശാസ്‌ത്രപരമായി പിന്നെ സൗന്ദര്യശാസ്‌ത്രപരമായി ഒടുവില്‍ ലിംഗവിവേചന - പുരുഷമേധാവിത്വ സമൂഹത്തിന്റെ കഴുകന്‍ കണ്ണുകളിലൂടെയും ഐഷാ മഹമൂദ്‌ മുലകളെ നോക്കിക്കാണുന്നു. ധീരമായ എഴുത്ത്‌.

'സംഗീതമപി സാഹിത്യം
സാരസ്വതാ സ്‌തനദ്വയം
ഏകപാതമധുരം
അന്യതാലോചനാമൃതം'

സരസ്വതിയുടെ രണ്ടു മുലകളാണ്‌ സംഗീതവും സാഹിത്യവും. ഏതോ ഒരു പ്രതിഭാശാലി ജീവിതത്തിലെ മുലകളെ സാഹിത്യത്തിലേക്ക്‌ ആവാഹിച്ചതല്ലേ മുകളിലെ വരികള്‍.

"കളമൊഴിമാരുടെ തലയും മുലയും
വളയും തളയും കളിയും ചിരിയും
വളയും പുരികക്കൊടിയും കണ്ടിഹ
വലയും വലയതില്‍ മാനുഷരെല്ലാം"

കുഞ്ചന്‍ സരസമായി വരച്ചിടുന്നതാവട്ടെ തലയും മുലയും കാരണം വലയിലാവുന്നവരുടെ ഹാസ്യചിത്രവും. തലകളോടൊപ്പം തന്നെ മുലകളും സാഹിത്യത്തില്‍ സ്ഥാനം പിടിച്ചതിന്റെ ചില ചരിത്ര രേഖകള്‍ മാത്രം.

മാധവിക്കുട്ടി

"Who is rich? He that is content. Who is that? Nobody. (ബെഞ്ചമിന്‍ ഫ്രാങ്‌ളിന്‍)

നാട്ടിലെ പട്ടിണിയുടെ സമൃദ്ധിയും പ്രണയത്തിന്റെ നോവും അവസാനിക്കുമ്പോഴേക്കും എടുത്തെറിയപ്പെടുന്നത്‌ ഒടുങ്ങാത്ത വിശപ്പിന്റെ മറ്റൊരു ലോകത്തേയ്‌ക്ക്‌. പ്രവാസജീവിതം അതിമനോഹരമായി കവിതയില്‍ ആവിഷ്‌കരിക്കുന്നു മാധവിക്കുട്ടി.

മനുഷ്യന്‍ ഒന്നുകൊണ്ടും തൃപ്‌തനാവുന്നില്ല എന്നതാണ്‌ പരമമായ സത്യം. അവന്റെയും അവളുടെയും വിജയരഹസ്യവും പരാജയകാരണവും അതുതന്നെയാവണം.

ഇഹത്തിലെ നരകവും പരത്തിലെ സ്വര്‍ഗവും പോലെയായിരുന്നു പണ്ട്‌ ഇവിടെ പട്ടിണികിടക്കുന്നവരുടെ കടല്‍കടന്ന മോഹങ്ങള്‍. (ഇന്നും). സംതൃപ്‌തനാണ്‌ സമ്പന്നന്‍. എങ്കില്‍ ആരാണ്‌ സംതൃപ്‌തന്‍ എന്ന ചോദ്യത്തിന്‌ ആരുമില്ല എന്ന ഫ്രാങ്‌ളിന്‍ ഉത്തരംപോലെ.

വിശപ്പിന്റെ വിളിയില്‍ നിന്നും പ്രണയജ്വരത്തില്‍ നിന്നുമുള്ള ടെയ്‌ക്കോഫ്‌ വിഷയദാരിദ്ര്യത്തിന്റെ ഇരുട്ടിലേയ്‌ക്കുള്ള ക്രാഷ്‌ലാന്റിംഗായി അവസാനിക്കുമ്പോള്‍ അസ്‌തിത്വം തന്നെ അവതാളത്തിലാവുന്ന പ്രവാസജീവിതത്തിന്റെ നേര്‍ചിത്രമാണ്‌ കവി ബൂലോഗച്ചുമരില്‍ കോറിയിട്ടിട്ടുള്ളത്‌. അഭിവാദ്യങ്ങള്‍.

സവ്യസാചി

ഹാസ്യത്തിന്റെ മര്‍മ്മമറിഞ്ഞ ശൈലിയുമായി 'ആരാധകര്‍ ഉണ്ടാകുന്നത്‌' എന്ന പോസ്‌റ്റിലൂടെ വായനക്കാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അര്‍ജുന്‍ കൃഷ്‌ണ ബുലോഗത്തെ സജീവ സാന്നിദ്ധ്യമാവുന്നു. പേരിനെ അന്വര്‍ത്ഥമാക്കുന്ന ശൈലി എന്നു മുന്‍പ്‌ ഈ കോളത്തില്‍ എഴുതിയത്‌ ഓര്‍മ്മയിലെത്തുന്നു. സ്വയം പ്രഖ്യാപിത ഒളിപ്പോര്‍ കമാന്റര്‍മാരെപ്പോലെ പ്രത്യക്ഷമാവുന്ന സ്വയം അവരോധിത ബൂലോഗ ബ്രാന്റുകള്‍ എന്ന അശ്ലീലങ്ങള്‍ക്കിടയിലൂടെ വാക്കുകള്‍കൊണ്ട്‌ പടയോട്ടം നടത്തുന്നു അര്‍ജുന്‍ കൃഷ്‌ണ.