Tuesday, December 23, 2008

ബ്ലോഗ് വിചാരണ ൪

തൌര്യത്രികം

ല്ലാ മനുഷ്യരും ജനിക്കുക നട്ടെല്ലോടുകൂടിയാണെങ്കിലും ജീവിക്കുക മിക്കവാറും അതിന്റെ സഹായം ഇല്ലാതെയാണ്‌. സമൂഹത്തിന്റെ നാവും നട്ടെല്ലുമായി നിലകൊള്ളേണ്ട കലാകാരന്‍മാരും സാംസ്‌കാരികനായകരും നെഞ്ചുവിരിച്ച്‌ നിവര്‍ന്നുനിന്ന്‌ നാലുവര്‍ത്തമാനം പറയേണ്ടിടത്ത്‌ മുട്ടുകാലില്‍ അനായാസം ഇഴയുമ്പോള്‍ ഇവറ്റകള്‍ക്ക്‌ വാരിയെല്ലുംകൂടിയില്ലേ എന്നു ചോദിച്ചുപോകുന്ന അവസ്ഥയിലാണ്‌ സമകാലിക സമൂഹം. കലാകാരന്റെ നട്ടെല്ലും വാഴേങ്കട കുഞ്ചുനായരുടെ കത്തുകളും എന്ന വികടശിരോമണിയുടെ സൃഷ്ടി ഒരു നല്ല വായന പ്രദാനം ചെയ്യുന്നു.

അതേ, അവര്‍ക്കിടയില്‍ ഒരപവാദമായി വാഴേങ്കട കുഞ്ചുനായര്‍ നട്ടെല്ലുയര്‍ത്തി നില്‍ക്കുന്നു. സായിപ്പിനെ കടമെടുത്താല്‍ ഇന്‍ എ ചിന്‍ അപ്പ്‌ ചെസ്റ്റ്‌ ഔട്ട്‌ സ്റ്റൈല്‍.

അവശ്യവസ്‌തുവല്ല, അതൊരലങ്കാരമാണെന്നു തോന്നുമ്പോഴാണ്‌ ആവശ്യം നിറവേറ്റാന്‍ അളുകള്‍ തല്‍ക്കാലം അതു പണയം വെയ്‌ക്കുക. സ്വര്‍ണം പോലുള്ള വസ്‌തുക്കളാവുമ്പോള്‍ ബാങ്കോ ബ്ലേഡോ ഉണ്ടെങ്കിലേ സംഗതി നടക്കൂ. നട്ടെല്ലാവുമ്പോള്‍ ആയൊരു പ്രശ്‌നമില്ല. എപ്പോള്‍ വേണമെങ്കിലും ആര്‍ക്കു മുന്നിലും പണയം വെയ്‌ക്കാം. മണി പത്തടിക്കട്ടേ ആഫീസു തുറക്കട്ടേ എന്നൊന്നും ആരും പറയുകയില്ല.

തൊഴിലാളികളാവുമ്പോള്‍ നഷ്ടപ്പെടുവാനുള്ളത്‌ കൈവിലങ്ങുകള്‍ മാത്രമാണ്‌. കലാകാരന്‍മാരാവുമ്പോള്‍ നഷ്ടപ്പെടുവാനുള്ളത്‌ നട്ടെല്ലുകള്‍ മാത്രവും. കിട്ടാനുള്ളതാണെങ്കില്‍ ഏറ്റവും ചുരുങ്ങിയത്‌ അവാര്‍ഡുകളുടെ മായാപ്രപഞ്ചം.

നട്ടെല്ലുണ്ടായിരുന്ന ഒരുപാടുപേരുടെ ഘോഷയാത്രയ്‌ക്ക്‌ നാം സാക്ഷ്യം വഹിച്ചു. കഥകളിയില്‍ കുഞ്ചുനായരാണെങ്കില്‍, സാഹിത്യലോകത്ത്‌ എം.പി.നാരായണപ്പിള്ള, സംഗീതത്തില്‍ ഞെരളത്ത്‌ രാമപ്പൊതുവാള്‍, പത്രപ്രവര്‍ത്തനത്തില്‍ സി.പി. രാമചന്ദ്രന്‍ ‍.......

നട്ടെല്ലില്ലാത്തവര്‍, അല്ല അത്‌ കൈമോശം വന്നുപോയവര്‍, പലിശയും പലിശയുടെ പലിശയുമായപ്പോള്‍ പണയ നട്ടെല്ല്‌ വീണ്ടെടുക്കാന്‍ പറ്റാത്തവര്‍.... അവരോട്‌ നമുക്ക്‌ സഹതപിക്കാം. അബദ്ധത്തില്‍ ഉപമിച്ചുപോയാല്‍ മണ്ണിര മാനനഷ്ടത്തിന്‌ കേസുകൊടുക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ട്‌ അവറ്റകളെ ഉപമിക്കാന്‍ ജീവികളില്ലാത്തവരായി പ്രഖ്യാപിക്കുകയാണ്‌ നല്ലത്‌.

അന്യേന്യം അവാര്‍ഡുകള്‍ തൊടുത്തും കൊടുത്തും വാങ്ങിയും മാനംവിറ്റും ഇല്ലാത്ത മാനത്തിന്‌ മാനനഷ്ടക്കേസുകൊടുത്തും ശിഷ്ടകാലം കഴിച്ചുകൂട്ടി മാനാപമാനങ്ങളില്ലാത്ത ലോകത്തേക്ക്‌ യാത്രയാവുന്നതുവരെ അവരോട്‌ നാം പൊറുക്കുക. മുണ്ടശ്ശേരിയോടും ജിയോടും പറയേണ്ടത്‌ വളച്ചു കെട്ടില്ലാതെ മുഖത്തുനോക്കി പറഞ്ഞ കുഞ്ചുനായരുടെ സ്‌മരണയ്‌ക്കു മുന്നില്‍ ഒന്നു നട്ടെല്ലു വളയ്‌ക്കട്ടെ.

Vallathol-Narayana-Menon.jpgകുറച്ചുകാലം മുന്നേ തോമസ്‌ ജേക്കബ്‌ മനോരമയിലെഴുതിയ തേവാടി അനുസ്‌മരണം ഓര്‍ത്തുപോകുന്നു. അക്കാലത്ത്‌ 'ടാഗോര്‍' എന്നൊരു മാസിക തേവാടി നടത്തിയിരുന്നു. ആ മാസികയിലേക്ക്‌ മഹാകവി വള്ളത്തോളിന്റെ ഒരു കവിത അഭ്യര്‍ത്ഥിച്ച്‌ ഒരു കത്തെഴുതി അദ്ദേഹം. സ്വതസ്സിദ്ധമായ വള്ളത്തോള്‍ ശൈലിയില്‍ മറുപടിയെത്തി. വരി ഒന്നുക്ക്‌ 1 (?) രൂപാവച്ച്‌ പ്രതിഫലം തരാമെങ്കില്‍ കവിത വി.പി.പി ആയി അയച്ചുതരാം.

തേവാടി മറുപടിയെഴുതി. സമ്മതം. അയച്ചുതന്ന വരികളില്‍ കവിതയില്ലെങ്കില്‍ ആ വരികള്‍ പ്രസിദ്ധീകരിക്കുന്നതിനായി മാസികയ്‌ക്ക്‌ വാടകയിനത്തില്‍ വരിക്കൊന്നിന്‌ അത്രയും രൂപാ ചോദിച്ചുവെന്നുമാത്രം. അന്ന്‌ മലയാളകവിത എന്നാല്‍ കവിരാജന്‍ വള്ളത്തോള്‍ എന്നറിയപ്പെട്ടിരുന്ന കാലത്തായിരുന്നു തേവാടിയുടെ ഈ പ്രതികരണം.

പ്രശസ്‌തവൈദ്യനും കൂടിയായിരുന്നു തേവാടി. റഷ്യയില്‍ നിന്നു മടക്കിയ എ.കെ.ജിയെ ചികിത്സിച്ച്‌ ഭേദപ്പെടുത്തിയത്‌ തേവാടിയെ പ്രശസ്‌തനാക്കി. അന്നത്തെ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്‌ത്രിയെ ചികിത്സിക്കാന്‍ ഡല്‍ഹിയിലേക്ക്‌ ഉടന്‍ പറക്കണം എന്നൊരറിയിപ്പ്‌ കിട്ടി തേവാടിയ്‌ക്ക്‌. ഒപ്പം ടിക്കറ്റുകളും. തേവാടി ഉടനെഴുതി. രോഗം ശാസ്‌‌ത്രിക്കാണെങ്കില്‍ ചികിത്സയ്‌ക്ക്‌ ഇങ്ങോട്ടാണ്‌ വരേണ്ടത്‌. അങ്ങോട്ടുപോയി ചികിത്സിച്ചുകൊടുക്കുന്ന പതിവ്‌ തേവാടിയ്‌ക്കില്ല. സുഹൃത്തായിരുന്ന വെളിയം അത്ര വേണോ ആശാനേ എന്നു ചോദിച്ചിരുന്നുപോലും അന്ന്‌. വേണം എന്നുറച്ചുതന്നെയായിരുന്നു തേവാടിയുടെ മറുപടി.

നിഷേധി

പാക്കിസ്ഥാന്‍ ഭീകരവാദികളുടെ ഒരു വെടിശബ്ദത്താല്‍ നിശ്ശബ്ദരാക്കപ്പെട്ട 'സിയോണിസ്‌റ്റ്‌ ഭീകരദമ്പതി' കളുടെ കൈക്കുഞ്ഞ്‌ മോഷെ ഒരു നൊമ്പരമായി പ്രത്യക്ഷപ്പെടുന്നു നിഷേധിയുടെ ബ്ലോഗിലൂടെ. ലോകം മുഴുവന്‍ ജൂതരെ പിന്‍തുടര്‍ന്ന്‌ ആക്രമിക്കുമ്പോഴൂം അവര്‍ക്ക്‌ ആതിഥ്യവും സുരക്ഷിതത്വവും നല്‌കിയ ഇന്ത്യന്‍ മണ്ണില്‍ 'മോഷെ' സംഭവിച്ചിരിക്കുകയാണ്‌.

ഭീകരരാഷ്ട്രം എന്ന്‌ മതേതരരും പവന്‍മാറ്റ്‌ ഭീകരരും നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം വിശേഷിപ്പിക്കുന്ന ഇ‌സ്രായേലിന്റെ സന്തതി മോഷെ സമൂഹമനസാക്ഷിയ്‌ക്കുമുന്നില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്‌. ആത്മരക്ഷാര്‍ത്ഥം ഇന്ത്യയില്‍ കുടിയേറി ജീവിതം കെട്ടിപ്പടുത്ത ഇസ്രായേലിന്റെ സന്തതിപരമ്പരകള്‍ മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലും മറ്റുമായി നൂറ്റാണ്ടുകളായി കഴിയുന്നു. ഇവരിലാരെങ്കിലും ഭീകരരാണെന്ന്‌ പറയാന്‍ ഹിറ്റ്‌ലര്‍ക്കുകൂടി കഴിഞ്ഞെന്നുവരില്ല. ഇന്ത്യയോട്‌ എന്നും സൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാറോണിന്റെ സന്ദര്‍ശനവേളയില്‍ എന്തായിരുന്നു വെടിക്കെട്ടുപരിപാടികള്‍? യഥാര്‍ത്ഥ ഭീകരരാഷ്ട്രമായ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേശ്‌ മുഷ്‌റഫിനെ നമ്മള്‍ പച്ചപരവതാനി വിരിച്ചാനയിച്ചു. അതിര്‍ത്തിയില്‍ സ്‌നേഹവെടി മുഴങ്ങി. ശവപ്പെട്ടികള്‍ കുന്നിറങ്ങി.

കാറല്‍മാര്‍ക്‌സ്‌ എന്നൊരു ജൂതനെഴുതിയ ഗ്രന്ഥം കക്ഷത്തുവെച്ച്‌ വിപ്ലവകാരികള്‍ ജൂതരെ തെറിവിളിക്കാന്‍ മതേതര ഭീകരന്‍മാരോട്‌ മത്സരിച്ച്‌ വിജയംവരിച്ച കാഴ്‌ചയായിരുന്നു ഷാരോണ്‍ വന്നപ്പോള്‍. മോഷമാര്‍ ഉണ്ടാവാതിരിക്കണമെങ്കില്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഭീകരരെ ജീവനോടെ കുഴിച്ചുമൂടിയിട്ടായാലും ശരി ഇന്ത്യയിലെ മുഴുവന്‍ ഇസ്രയേലിന്റെ സന്തതിപരമ്പരകളും സുരക്ഷിതരായിരിക്കണം. നിഷേധിയുടെ കുറിപ്പുകള്‍ക്ക്‌ നന്ദി.
ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

Tuesday, December 16, 2008

ബ്ലോഗ് വിചാരണ - 3

പ്രകാശ്‌ കാര്‍ട്ടൂണ്‍സ്‌

ആയിരം കോഴിക്കൊരു കാട എന്നതുപോലെയാണ്‌ കാര്‍ട്ടൂണുകള്‍. ചുരുങ്ങിയത്‌ ആയിരം വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാവുന്ന ഒരാശയം നാലുവരകളിലൂടെയും രണ്ടുവരികളിലൂടെയും വിദ്യാസമ്പന്നനിലേക്കും വിവരദോഷിയിലേക്കും ഒരുപോലെ പ്രവഹിപ്പിക്കുവാന്‍ കഴിയുന്ന ഒരേയൊരു മാധ്യമമാണ്‌ കാര്‍ട്ടൂണുകള്‍. എളിയ വരകളിലൂടെയും അടിക്കുറിപ്പുകളായി ചിതറിവീണ വരകളോട്‌ മത്സരിക്കുന്ന സുന്ദരമായ ചെറുവാക്യങ്ങളിലൂടെയും ചിരിയുടേയും ചിന്തയുടേയും വലിയ ലോകത്തേക്ക്‌ നമ്മെ നയിക്കുന്നു എം.എസ്‌.പ്രകാശിന്റെ കാര്‍ട്ടൂണുകള്‍. കാര്‍ട്ടൂണുകളുടെ ചരിത്രത്തില്‍ ഉജ്ജ്വലമായ ഒരേട്‌ എഴുതിച്ചേര്‍ക്കാനുള്ള പ്രതിഭ ആ വരകളിലും വരികളിലും നടമാടുന്നുവെന്ന്‌ നിസ്സംശയം പറയാവുന്നതാണ്‌.

എഴുപതുകളിലെ നക്‌സലൈറ്റിന്റേയും എണ്‍പതുകളിലെ എസ്‌.എഫ്‌.ഐക്കാരനെയും വരച്ചിട്ട കാര്‍ട്ടൂണ്‍ വഴി തുറയ്‌ക്കുന്നത്‌ ഇന്നലെകളിലെ വിപ്ലവകാരികളുടെ ഇന്നിന്റെ നേര്‍ക്കാഴ്‌ചയിലേക്കാണ്‌. 'സ്വാമിയേ ശരണമയ്യപ്പ'. സപത്‌നിയിലൂടെ ഹാസ്യത്തിന്റെ കൂരമ്പുകള്‍ കാര്‍ട്ടൂണിസ്റ്റ്‌ എയ്യുന്നത്‌ ഈയടുത്ത്‌ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന്‌ തന്നാലാവുംവിധം പരമാവധി വഷളത്തരങ്ങള്‍ എഴുന്നള്ളിച്ച്‌ സമൂഹത്തിന്റെ പരിഹാസത്തിന്‌ വിധേയനായ ആ ആത്മീയ നേതാവിന്റെ വിവരക്കേടിന്റെ നെഞ്ചിന്‍കൂട്ടിലേക്കാണെങ്കിലും അതു ഭേദിച്ച ശരം ചെന്നുപതിക്കുന്നത്‌ വായനയ്‌ക്കാരന്റെ മസ്‌തിഷ്‌കത്തിലേക്കാണ്‌. വരകളെ സൂക്ഷ്‌മമായി പിന്തുടര്‍ന്ന്‌ വരികള്‍ക്കപ്പുറത്തേക്ക്‌ കടന്നാല്‍ കാണാവുന്ന കാഴ്‌ചയാണ്‌ രസകരം. രണ്ടാമത്തവളെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള നബീസുവിന്റെ പ്രതികരണം 'ആ മന്‌ശ്യനെ ഒന്നിനും പറ്റൂലാ..'.. ഹാജ്യാരുടെ തലയ്‌ക്കുമീതെയുള്ള ലസ്‌ബിയന്‍ വാളായിമാറുമ്പോള്‍ ചിരി ചിന്തയ്‌ക്ക്‌ വഴിമാറുന്നു. 'ഒരു പേരില്‍ ഇരിക്കുന്നത്‌' എന്ന കാര്‍ട്ടൂണ്‍ ഈയടുത്ത്‌ കണ്ടതില്‍ വച്ചേറ്റവും മികച്ചനിലവാരം പുലര്‍ത്തിയവയില്‍ ഒന്ന്‌.

വെള്ളെഴുത്ത്‌

'പെണ്‍ഭയങ്ങളുടെ പൊന്നമ്പലമേട്‌' രമണനെ ഒരു പുനര്‍വായനയ്‌ക്ക്‌ വിധേയമാക്കുന്നു. ഗതകാല സാമൂഹീകാവസ്ഥകളിലേക്കുള്ള വര്‍ത്തമാനകാലത്തിന്റെ അവശേഷിക്കുന്ന വാതായനങ്ങളാണ്‌ സാഹിത്യകൃതികള്‍. രമണനും അതിനപവാദമല്ല. ഒരു പക്ഷേ ചരിത്രത്തേക്കാള്‍ വിശ്വാസയോഗ്യമായവ. വളച്ചൊടിക്കപ്പെടാത്ത ഒരു ചരിത്രരചനയും ഇല്ലാത്ത അവസ്ഥയിലെ പിടിവള്ളികളാണ്‌ ആ കാലഘട്ടത്തിലെ സാഹിത്യകൃതികള്‍. പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ തന്നെ സൃഷ്ടിയാവുമ്പോള്‍ സ്വാഭാവികമായും അതില്‍ സ്‌ത്രീപക്ഷ കാഴ്‌ചപ്പാടുകളുടെ അഭാവം പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ഒരു സാമൂഹിക വിപ്ലവം ലക്ഷ്യം വച്ചുകൊണ്ടല്ല ' രമണന്‍ ‍' രംഗപ്രവേശം ചെയ്‌തത്‌ എങ്കിലും ഒരു പുതിയ ഭാവുകത്വം മലയാള കവിതയ്‌ക്ക്‌ രമണന്‍ നല്‌കി എന്നത്‌ അനിഷേധ്യമായ വസ്‌തുതയാണ്‌. രമണന്‍ ഇറങ്ങിയപാടേ മലയാളത്തില്‍ അതേറ്റുവാങ്ങിയ വിമര്‍ശനവും ചില്ലറയായിരുന്നില്ല.

പൊതുവേ ഉദ്ധാരണശേഷി കുറഞ്ഞവരാണ്‌ ഉദ്ധരണികളുപയോഗിക്കുക എന്നൊരു വിശ്വാസം ഈ സ്‌മാര്‍ത്തനുണ്ടെങ്കിലും തത്‌ക്കാലം സഞ്‌ജയനെ ഉദ്ധരിക്കാതെ വയ്യ. മലയാളസാഹിത്യം കണ്ട ആ അതുല്യവിമര്‍ശനപ്രതിഭയുടെ രമണന്‍ പഠനം ഇങ്ങിനെ പോകുന്നു. " ശ്രുതിമധുരവും സരളപദനിബദ്ധവുമായ രചന: പ്രകൃതിയുടെ മനോജ്ഞങ്ങളായ വര്‍ണശബ്ദങ്ങളെ തന്മയത്വത്തോയുകൂടി പ്രതിഫലിപ്പിക്കുന്ന വര്‍ണനകള്‍; മലയാളിക്ക്‌ പുത്തനായ ഒരു പ്രതിപാദനരീതി; ഇത്രയും കൊണ്ടുമാത്രം ഒരു കാവ്യത്തെ ഉത്‌കൃഷ്ടമെന്ന്‌ വിളിക്കാമെങ്കില്‍ മി.ചങ്ങമ്പുഴയുടെ രമണന്‍ ഒരുല്‍കൃഷ്ടകാവ്യം തന്നെയാണ്‌. പക്ഷേ അസുഭഗങ്ങളായ വിസന്ധികളില്‍ ആ രചന പലേടത്തും അസുഖകരങ്ങളായിത്തീര്‍ന്നിട്ടുണ്ട്‌. പ്രശാന്തരമണീയമായ പരിശുദ്ധ പരിസരങ്ങള്‍ക്ക്‌ കേവലം അപരിചിതങ്ങളും, മൃഗീയമെന്ന്‌ വിളിക്കുന്നത്‌ മൃഗങ്ങള്‍ക്ക്‌ അപമാനകരവുമായ പൈശാചികവികാരങ്ങളുടെ ഞരക്കവും, പല്ലിറുമ്മലും, ഭ്രാന്തരോദനവും, ഘോരാട്ടഹാസവും ആ പ്രകൃതിചിത്രങ്ങളെ അസഹ്യമായ വിധത്തില്‍ വൈരൂപ്യപ്പെടുത്തിയിട്ടുണ്ട്‌.

കാവ്യകാരന്‍ സ്വീകരിച്ചിരിക്കുന്നത്‌ പുരാണഗ്രീക്കുകവികളും പിന്നീട്‌ വളരെ ശതാബ്ദങ്ങള്‍ക്കുശേഷം ഇംഗ്ലീഷ്‌ കവികളും ഉപയോഗിച്ച്‌, അതിന്റെ കൃത്രിമത്വം ഹേതുവായി മനംമടുത്ത്‌ വലിച്ചെറിഞ്ഞ ഒരു കാവ്യസങ്കേതമാണെന്നുളളത്‌ അതിന്റെ പുതുമയുടെ ആകര്‍ഷകത്വം നശിപ്പിക്കുന്നുമുണ്ട്‌. ഈ ലോകത്തിലെ ചന്ദ്രികമാര്‍ (എന്തുകാരണം കൊണ്ടെങ്കിലുമാകട്ടേ; അതിനേപ്പറ്റി പ്രതിഭാഗത്തെ വാഗ്വാദങ്ങളൊന്നും സാഹിത്യലോകത്തില്‍ ആരും കേള്‍ക്കാനിടയില്ല) അവരുടെ അനുരാഗത്തിന്‌ പാത്രീഭവിച്ച ' രമണന്‍ ‍'മാരെ ഉപേക്ഷിച്ച്‌‌, സ്ഥിരപ്രേമത്തെ (അവരുടെ അഭിപ്രായത്തില്‍) കുറച്ചധികം അര്‍ഹിക്കുന്ന മറ്റുവല്ലവരേയും സ്വീകരിക്കുന്നുവെന്നു വിചാരിക്കുക; തന്നിമിത്തം ഹതാശയരായ ' രമണന്‍ ‍' മാര്‍ രതിസുഖത്തിനുമീതേ സുഖമില്ലെന്നുള്ള സൂരിനമ്പൂതിരിപ്പാടിന്റെ ജീവിതദര്‍ശനത്തില്‍ വിശ്വസിക്കുന്നവരായതുകൊണ്ട്‌, ആത്മഹത്യ ചെയ്യുന്നു എന്നും വിചാരിക്കുക; എന്നാലും മേപ്പടി ' രമണന്‍ 'മാരുടെ സ്‌നേഹിതന്‍മാരായ മദനന്‍മാര്‍ ആ കാരണത്താല്‍ പ്രസ്‌തുത 'ചന്ദ്രിക'മാരെ രമണനിലെ മദനന്‍ ചെയ്‌തതുപോലെ, നിര്‍ദ്ദയമായും രൂക്ഷമായും, പലേടത്തും ഒതുക്കവും മര്യാദയും കൈവിട്ടും ശകാരിക്കുന്നത്‌ ഭംഗിയല്ലെന്നും; ആളെ നല്ലവണ്ണമറിയാതെ ഏതെങ്കിലുമൊരു യുവാവിനെ സ്‌നേഹിച്ചുപോകുന്ന ഒരു തരുണിക്ക്‌, തന്റെ അബദ്ധം പിന്നീട്‌ മനസ്സിലായാലും, പൊതുജനസമക്ഷമുള്ള ശകാരത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ നിവൃത്തിയില്ലെന്നാണ്‌ ഇതില്‍നിന്ന്‌ ധ്വനിയ്‌ക്കുന്നതെന്നും ഞങ്ങള്‍ക്ക്‌ തോന്നുന്നു. അതിനെക്കുറിച്ച്‌ ഞങ്ങള്‍ നിര്‍വ്യാജം വ്യസനിക്കുകയും ചെയ്യുന്നു."

ഇത്രയും കഷ്ടപ്പെട്ട്‌ എടുത്തെഴുതിയത്‌ ഇങ്ങിനെ ആഴത്തിലുള്ള പഠനങ്ങള്‍ രമണന്‍ ഇറങ്ങിയപാടേതന്നെ രംഗപ്രവേശം ചെയ്‌തിരുന്നു എന്നുകാണിക്കാന്‍ മാത്രം.

കറുത്തേടം

ഫലിതത്തിന്റെ മര്‍മ്മം കണ്ടറിഞ്ഞവരായിരുന്നു നമ്പൂതിരിമാര്‍. സമുദായം ഉപ്പുവച്ച പാറപോലെയായപ്പോള്‍ നമ്പൂതിരി ഫലിതം സര്‍ദാര്‍ജിഫലിതത്തിന്‌ വഴിമാറുന്നതാണ്‌ നാം കാണുന്നത്‌. നമ്പൂതിരി ഫലിതം ഏതാണ്ട്‌ സംസ്‌കൃത ഭാഷപോലെയാണ്‌. സംസ്‌കരിക്കപ്പെട്ടുകഴിഞ്ഞത്‌ എന്നര്‍ത്ഥം. അതായത്‌ ഇനിയൊരു മോഡിഫിക്കേഷന്‍ അഥവാ മോടിപിടിപ്പിക്കല്‍ അസാദ്ധ്യം എന്നുകരുതാം. വിവര്‍ത്തനത്തിന്‌ വഴങ്ങാത്തതായിക്കും എപ്പോഴും ഉത്തമകൃതി. കുഞ്ചന്റെ ഏതെങ്കിലും നാലുവരി ഇംഗ്ലീഷിലാക്കാന്‍ ഷേക്‌സ്‌പിയര്‍ വിചാരിച്ചാല്‍ കഴിഞ്ഞെന്നുവരില്ല. അതുപോലെ.

നമ്പൂതിരിഫലിതത്തിലെ ഹാസ്യം പലപ്പോഴും കുടികൊള്ളുന്നത്‌ വരികളിലല്ല. വരികള്‍ക്കിടയിലാണ്‌. ഇല്ലത്തെ പെണ്ണ്‌‌ തിരണ്ട്യാല്‍ കുഴപ്പം, തിരണ്ടാണ്ടായാല്‍ അദ്‌ലും കുഴപ്പം എന്ന നമ്പൂതിരിയുടെ പ്രതികരണത്തിന്റെ ആദ്യഭാഗം ഇല്ലത്തെ ഇല്ലായ്‌മയുടെ അവസ്ഥയാണ്‌ കാണിക്കുന്നത്‌. നമ്പൂതിരി ഫലിതം ഏതാണ്ടൊരു വെടിക്കെട്ടുപോലെയാണ്‌. പ്രത്യേക ഭാഷ, വിഷയത്തെ സ്വതസിദ്ധമായ ശൈലിയിലുള്ള അംഗവിക്ഷേപങ്ങളോടുകൂടിയുള്ള അവതരണം, മുറുക്കിച്ചുവപ്പിച്ച പല്ലുകള്‍ കാട്ടിയുള്ള കുമ്പകുലുക്കിച്ചിരി എല്ലാംകൂടി സമ്മേളിക്കുമ്പോള്‍ നടക്കുന്ന വെടിക്കെട്ടാണ്‌ ഓരോ ഫലിതവും. അതൊന്ന്‌ പുനരാവിഷ്‌കരിക്കാനുള്ള ശ്രമം കറുത്തേടം നടത്തുന്നു. അഭിനന്ദനാര്‍ഹം. നമ്പൂരിയും കാര്യസ്സനും മന്ത്രിയും കഥാപാത്രങ്ങളായി വരുന്നു. സംഭാഷണം നമ്പൂതിരിയും കാര്യസ്ഥനും തമ്മില്‍ മുന്നേറുമ്പോള്‍ സമകാലീകദേവസ്വം വകുപ്പിന്റേയും ക്ഷേത്രങ്ങളിലെ ഭരണകൂട ഇടപെടലുകളുമാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌. നമ്പൂതിരി ഫലിതത്തിലെ ഭാഷ കറുത്തേടം ഒന്നുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു. ആദ്യ ഖണ്ഡികയിലെ രണ്ടാമത്‌ വാചകം ശ്രദ്ധിക്കുക. 'നമ്പൂരി കാര്യസ്ഥനോട്‌' എന്നതിലും നല്ലത്‌ നമ്പൂരി 'കാര്യസ്സ'നോട്‌ എന്നല്ലേ. അതുപോലെ രാമന്‌ നമ്പൂതിരിയെ തിരിച്ച്‌ സംബോധനചെയ്യുവാന്‍ തമ്പ്രാനക്കാളും ഒന്നുകൂടി നല്ല പദം 'തിരുമേനി' തന്നെയാണെന്നും തോന്നുന്നു.

ഒഴുക്കിനൊപ്പം

ചെറുതല്ലോ മനോഹരം എന്നുതോന്നിപ്പിക്കും വിധം ഉണ്ണിയുടെ പോസ്‌റ്റ്‌ 'ഹോംലിഗേള്‍' ഒരു നല്ല ചിരിക്കും അല്‌പം ചിന്തയ്‌ക്കും വകനല്‍കുന്നു. സായിപ്പിന്റെ വാക്കുകള്‍ക്ക്‌ സായിപ്പ്‌ സ്വപ്‌നം കാണാത്ത അര്‍ത്ഥമാണ്‌ പലപ്പോഴും നമ്മള്‍ നല്‌കാറുള്ളത്‌. അത്തരമൊരു പദമാണ്‌ 'ഹോംലി' എന്ന്‌ ഉണ്ണി ഓര്‍മ്മിപ്പിക്കുന്നു. Lacking in Physical beauty or proportion എന്നര്‍ത്ഥം വരുന്ന പദമാണ്‌ പ്രത്യക്ഷത്തില്‍ ഹോംലി. ഈയൊരര്‍ത്ഥം ശ്രദ്ധയില്‍ പെട്ടപ്പോഴാണ്‌ ആ പഴയ നമ്പൂതിരി ഫലിതത്തിന്‌ ഒരു പുതിയ മാനം കൈവരുന്നത്‌.

ഇല്ലത്തുനിന്നുമിറങ്ങിയ നമ്പൂതിരി വിശപ്പ്‌ കയറിയപ്പോള്‍ ഹോട്ടലന്വേഷിച്ചുകണ്ടെത്തി. മുന്നില്‍ തൂങ്ങിയ ബോര്‍ഡ്‌ തിരുമേനിയെ പരിഭ്രമിപ്പിച്ചു എന്നു പറയുന്നതാവും ശരി. നേരം വെളുത്തുപോയ കുറുക്കനെപ്പോലെ അന്തിച്ചുനില്‌ക്കുന്ന തിരുമേനിയുടെ രക്ഷയ്‌ക്കായി സപ്ലയര്‍ ഓടിയെത്തി അകത്തേക്ക്‌ ക്ഷണിച്ചു.
'ദ്‌ന്താ ഈ എഴുതിരിക്ക്‌ണേന്നു' ചോദിച്ചു തിരുമേനി.
'തിരുമേനീ ഇത്‌ ഹോംലി മീല്‍സ്‌' എന്നു ചെക്കന്‍
'ന്നെച്ചാല്‌ നോം ന്ത്‌ നിരീക്കണം'?
'ഇല്ലത്തെപ്പോലെ ഊണ്‌ ഇവിടെയും തരാവുമെന്ന്‌'

'ന്നാ രാമാ വിട്വാ, നിക്കിന്ന്‌ ലേശം ഭേഷായി ഉണ്ണണംന്ന്‌ണ്ട്‌' തിരുമേനി നടന്നകന്നു. ആ നമ്പൂതിരി ഫലിതത്തിലെ വെടിക്കെട്ട്‌ ഇഫക്ട്‌ പൂര്‍ണമാവാന്‍ ഇപ്പോ ഉണ്ണി സഹായിച്ചു. നന്ദി.

എന്റെ നാലുകെട്ടും തോണിയും | രാജീവ്‌ ചേലനാട്ട്‌ | വേട്ട

പത്രമാധ്യമങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍, ബ്ലോഗുകള്‍ എല്ലായിടത്തും നിറഞ്ഞുനില്‌ക്കുന്നു അഭയാവധക്കേസ്‌. കള്ളന്‍ കപ്പലില്‍ തന്നെയായത്‌ സംഭവത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ആനുപാതികമായി സമുഹത്തിന്റെ ആകാംക്ഷയും. പത്രദൃശ്യമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന വാര്‍ത്തകളില്‍ നിന്നും വാര്‍ത്തകള്‍ സൃഷ്ടിച്ചുമുന്നേറി ബ്ലോഗുകള്‍ എന്നുപറയാം. ഇഞ്ചിപ്പെണ്ണ്‌ ശ്രദ്ധേയമായ ശൈലിയില്‍ വിഷയത്തില്‍ ഇടപെടുന്നു. ഒരു ട്രാജഡി സാധാരണയായി ആരും കോമഡിക്ക്‌ വിഷയമാക്കാറില്ലെന്നത്‌ ആക്ഷേപഹാസ്യമെന്ന സാഹിത്യരൂപത്തിനും ബാധകമാണെങ്കിലും, പതിവിന്‌ വിപരീതമായി ഈ വിഷയത്തെ അധികരിച്ചുവന്ന മിക്കവാറും നല്ല ബ്ലോഗുകളെല്ലാം തന്നെ ആക്ഷേപഹാസ്യമെന്ന രചനാ സങ്കേതത്തിന്റെ സാദ്ധ്യതകളാണ്‌ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുള്ളത്‌. കാലമാകുന്ന കൊല്ലന്റെ ആലയില്‍ വച്ച്‌ പഴുപ്പിച്ചപ്പോള്‍ അഭയ എന്ന കേരളത്തിന്റെ ആ ദുഖപുത്രിയോടുള്ള സ്‌നേഹവാത്സല്യങ്ങള്‍ സ്വാഭാവികമായും ആദ്യം കൊള്ളരുതാത്ത സഭയോടുള്ള പരിഹാസമായും പിന്നെ പരിശുദ്ധപിതാക്കളായി ളോഹയണിഞ്ഞ പിശാചുക്കളോടുള്ള വൈകാരികപ്രകടനമായും രൂപപ്പെട്ടതാവണം. കീബോര്‍ഡുകളില്‍ കൂടുതല്‍ വിരലുകള്‍ വീഴ്‌ത്തുവാന്‍ ഇതുകാരണമായി എന്നുവേണം കരുതാന്‍.

പതിവിന്‌ വിപരീതമായ ശൈലിയില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട്‌ രാജീവ്‌ ചേലനാട്ടും സഭയ്‌ക്കെതിരെ ആഞ്ഞടിക്കുന്നു. 'പോപ്പ്‌ തിരുമേനി അറിയാന്‍ ‍' എന്ന ലേഖനം ശ്രദ്ധേയം. "കോണ്‍വെന്റിലെ തന്റെ മുറിയില്‍ ഉറങ്ങാന്‍ കിടന്ന ഒരു സഹോദരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുക എന്നതിനേക്കാള്‍ വലിയ എന്ത്‌ ദിവ്യാത്ഭുതമാണ്‌ ഈ മൂന്നുപേര്‍ക്കും കാണിക്കാന്‍ കഴിയുക?" ഒരു സഹോദരിയെ കിണര്‍മാര്‍ഗം കര്‍ത്താവിങ്കല്‍ ലയിപ്പിച്ചുകൊടുത്ത കര്‍ത്താവിന്റെ ആ രണ്ട്‌ പ്രതിപുരുഷന്‍മാരേയും കര്‍ത്താവിന്റെതന്നെ ഒരു മണവാട്ടിയേയും വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിക്കുവാന്‍ ഇതിലപ്പുറം ഒരു ദിവ്യാത്ഭുതത്തിന്റെ ആവശ്യം ഏതായാലുമില്ല.

ലേഖനത്തിന്റെ തുടക്കം പക്ഷേ തെറ്റിദ്ധാരണാജനകമായി എന്നു പറയേണ്ടിവരും. "നമ്മുടെ മൂന്ന്‌ സ്വന്തം ഇടയന്മാരെ, ഇന്ത്യയിലെ കേരളമെന്ന ഈ കൊച്ചുസംസ്ഥാനത്തിലെ കമ്മ്യൂണിസ്റ്റ്‌ ചെകുത്താന്‍മാര്‍ അകത്താക്കിയ കാര്യം അറിഞ്ഞുകാണുമല്ലോ" എന്നാണ്‌ പോപ്പുതിരുമേനിക്കുള്ള കത്തിന്റെ രൂപത്തിലെഴുതിയ ലേഖനം തുടങ്ങുന്നത്‌. ജനാധിപത്യത്തിന്റെ രണ്ടാമത്തെ തൂണായ ജുഡീഷ്യറിയ്‌ക്കും നാലാമത്തെ തൂണായ മാധ്യമങ്ങള്‍ക്കും മാത്രമവകാശപ്പെടാനുള്ള വിജയം കമ്മ്യൂണിസ്റ്റുകാര്‍ക്കുകൂടി പകുത്തുനല്‌കേണ്ടതിന്റെ ആവശ്യമില്ലായിരുന്നു. കഴിഞ്ഞ പതിനാറുവര്‍ഷത്തിനുള്ളില്‍ ഇഷ്ടംപോലെ കമ്മ്യൂണിസ്‌റ്റുകാരും (എന്നവകാശപ്പെടുന്നവര്‍) ഭരിച്ചിരുന്നല്ലോ. അഗതികളുടെ തോഴന്‍മാര്‍ നാലുവോട്ടിനുവേണ്ടി അരമനകളിലെ പോഴന്‍മാരോടൊപ്പം നിന്നതാണ്‌ ചരിത്രം. അന്വേഷണം അതിന്റെ വഴിക്കും.

'അഭയകേസില്‍ കത്തോലിക്കാ വിശ്വാസികള്‍ക്കുള്ള ഇടയ ലേഖനം' എന്ന ശിക്കാരിയുടെ സൃഷ്ടി പ്രസ്‌തുത വിഷയത്തില്‍ വന്ന ഏറ്റവും ശ്രദ്ധേയമായ ഒരു ബ്ലോഗാണ്‌. ഇടയലേഖനങ്ങളുടെ കൃത്യമായ ഒരനുകരണം. 'ഉണ്ണിയേശുവിനെ പുല്‍കൂട്ടില്‍' കിടത്തുന്നതടക്കം ചില സന്ദര്‍ഭങ്ങള്‍ സഭ്യതയുടെ അതിരുകള്‍ ഭേദിക്കുന്നുവോ എന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ടാവാം. ശ്വാനനെ ശുനകപുത്രാ എന്നു സംബോധന ചെയ്‌താല്‍ അതെങ്ങിനെ അശ്ലീലമാവും. ആലയില്‍ കെട്ടിയ ആട്ടിനെ അങ്ങിനെ വിളിക്കുമ്പോഴേ അത്‌ അശ്ലീലമാവുകയുള്ളൂ.

ഞാനിവിടെയുണ്ട്‌

രാമചന്ദ്രന്‍ വെട്ടിക്കാട്ടിന്റെ 'ഇതിനായിരുന്നോ' എന്ന കവിത. ഉണര്‍ന്നവനെ ഉറക്കുകയും ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തുകയും ചെയ്യുകയാണ്‌ സാഹിത്യത്തിന്റെ ധര്‍മ്മമെങ്കില്‍ രാമചന്ദ്രന്റെ കവിത ആ ധര്‍മ്മം മനോഹരമായി നിര്‍വ്വഹിക്കുന്നു. ഒരു കാലഘട്ടത്തിന്റെ സൃഷ്ടാക്കളും ഉത്തമമാതൃകകളുമായ ഇന്നലെകളുടെ ദാര്‍ശനീകരും വിപ്ലവകാരികളും മൂല്യശോഷണങ്ങളുടെ ആഗോളവല്‌ക്കരണകാലഘട്ടത്തില്‍ സ്ഥാനം പിടിക്കുന്നത്‌‌ തെമ്മാടിക്കൂട്ടങ്ങളുടെ ടീഷര്‍ട്ടിലും ടാറ്റൂവിലുമായത്‌ ഇന്നിന്റെ ദുരന്തമാണ്‌. നെഞ്ചില്‍ കുരിശും കയ്യില്‍ ചെഗുവേരയും ഉള്ളില്‍ കുടിലതയും മാത്രമുള്ളവനു നേരെ കാലിലെ ചെരുപ്പ്‌ ഉയരേണ്ട കാലമായി. ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പ്‌ കേസില്‍ അറസ്റ്റിലായ ഗുണ്ടാത്തലവന്‍ പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ നെഞ്ചില്‍ നിറഞ്ഞത്‌ ഏണസ്‌റ്റോ ചെഗുവേറായുടെ സുന്ദരമുഖമായിരുന്നു. സി.ഐ.എ മാര്‍ക്‌സ്‌ ടീ ഷര്‍ട്ടുകളും ചെഗുവേരാ ടീഷര്‍ട്ടുകളും ലോകം മുഴുവനുമെത്തിച്ചതും വേറൊന്നിനുമായിരുന്നില്ല. സി.ഐ.എയുടെ ബ്രോക്കര്‍ പണി വിപ്ലവകാരികളെടുത്തു നാലുമുക്കാലുണ്ടാക്കിയെന്നുവേണം കരുതാന്‍ . "അറിയാതല്ല സഖാവേ പുതിയ അധിനിവേശങ്ങള്‍ക്ക്‌ സാക്ഷിയായി എനിക്കും മടുത്തിരിക്കുന്നു" എന്ന ചെ യെക്കൊണ്ട്‌ കവി പറിയിക്കുമ്പോള്‍ സമകാലീക വിപ്ലവപ്രസ്ഥാനങ്ങളുടെ അവസ്ഥയാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌.
****

Monday, December 8, 2008

ബ്ലോഗ്‌ വിചാരണ - 2

പോട്ടം

കൈപ്പള്ളിയുടെ വരികള്‍ മനോഹരം വരയോ അതിലേറെ മനോഹരം. റോബര്‍ട്‌ ഫ്രോസ്‌റ്റിന്റെ മെന്റിംഗ്‌ ദി വാള്‍സ്‌ എന്ന കവിതയില്‍ കവി പറയുന്നു 'ഗുഡ്‌ ഫെന്‍സസ്‌ മെയ്‌ക്‌ ഗുഡ്‌ നെയ്‌ബേര്‍സ്‌ എന്ന്‌. എല്ലാ മതിലുകള്‍ക്കും കവി എതിരായിരുന്നുവെങ്കില്‍ കൂടി പരിഷ്‌കൃത സാമൂഹിക ബന്ധങ്ങളില്‍ മതിലുകള്‍ക്ക്‌ വഹിക്കാനുള്ള അത്യാവശ്യം പങ്കിലേക്ക്‌ വിരല്‍ചൂണ്ടുന്നൂ ആ വരികള്‍.

വിജ്ഞാനവും വിവേകവും പോലെയാണ്‌ മനുഷ്യനും മതിലുകളും. വിജ്ഞാനത്തിന്റെ വളര്‍ച്ച അഥവാ മനുഷ്യന്റെ വളര്‍ച്ച വിസ്‌ഫോടനാത്മകമാവുമ്പോള്‍ അവന്‍ സൃഷ്ടിച്ച മതിലുകള്‍ നിന്നിടത്തുതന്നെ നില്‌ക്കുന്നു. അവന്റെ വിവേകം പോലെ. ബഹിരാകാശത്തേക്ക്‌ വലിഞ്ഞുകയറി അവിടെനിന്ന്‌ ചൈനീസ്‌ വന്‍മതിലിന്റെ പോട്ടം പിടിക്കേണ്ട ഗതികേടിലാണ്‌ നമ്മള്‍. അവിടുന്ന്‌ നോക്കിയാല്‍ ഭൂമിയില്‍ കാണുന്ന മനുഷ്യനിര്‍മ്മിതമായ ഒരേയൊരു സംഗതി ഒരു മതിലായത്‌ നമ്മുടെ കയ്യിലിരിപ്പിന്റെ ഗുണം എന്നല്ലാതെന്തുപറയുവാന്‍.

ഇവിടെ പരാമര്‍ശിക്കപ്പെടുന്ന സംരക്ഷണത്തിനെന്നോണം അവതരിപ്പിക്കപ്പെട്ട അവിവേകത്തിന്റെ ഇരുമ്പുവേലികള്‍ക്ക്‌ പുറമേയ്‌ക്ക്‌ സത്വമായി വളരുന്ന കവിയുടെ വൈജ്ഞാനീക മണ്ഡലത്തിന്റെ സൂര്യശോഭയിലും ഉരുകാതെ ഇരുമ്പുവേലികള്‍ നിലകൊള്ളുന്നു. ആ മതില്‍ കെട്ടിനുള്ളില്‍ മനുഷ്യന്‍ മരിക്കുന്നു.

കൈപ്പള്ളിയുടെ വരികളും വരകളും സമ്മേളിപ്പിച്ച്‌ രൂപംകൊടുത്ത നൂതനശൈലി. ആശംസകള്‍.

തീവ്രവാദി

എം.എം. പൗലോസിന്റെ ശൈലി ശ്രദ്ധേയം. കുറിക്കു കൊള്ളുന്ന വാക്കുകളുടെ ‌പ്രത്യേകതരത്തിലുള്ള വിന്യാസംതന്നെ വായനക്കാരനെ ചിരിപ്പിക്കാന്‍ ശക്തം. അത്തരമൊരു ശൈലിക്ക്‌ മുന്നില്‍ നടക്കാന്‍ പോന്ന ഭാവനാവൈഭവവും ഒത്തുചേരുമ്പോള്‍ എഴുത്ത്‌ അതീവഹൃദ്യമാവുന്നു.

ദുര്‍മ്മേദസ്സില്ലാത്ത എഴുത്താണ്‌ ഹാസ്യത്തിന്‌ ഏറ്റവുമനിവാര്യം. ആവശ്യത്തിനുമാത്രം വാക്കുകള്‍ ഏറ്റവും നല്ല ഫോര്‍മുലയില്‍ ചേര്‍ത്തുവെയ്‌ക്കുമ്പോഴാണ്‌ മനോഹരമായ വാചകങ്ങള്‍ പിറവിയെടുക്കുന്നത്‌. സാമൂഹിക ജീവിതത്തെ ഏറ്റവും സീരിയസ്സായി സമീപിക്കുന്നവരില്‍ ‍നിന്നുമാണ്‌ ശുദ്ധ ആക്ഷേപഹാസ്യം ഉടലെടുക്കുക. "വിവിധതരം തലകളിലൂടെ ബാര്‍ബര്‍ നടത്തിയ പര്യടനം, സംഘര്‍ഷകാലത്തെ പലഹാരങ്ങള്‍, തുടങ്ങിയ പ്രയോഗങ്ങള്‍ നോക്കുക.

ചിലപ്പോഴെങ്കിലും കൃത്രിമത്വം അനുഭവപ്പെടുത്തുന്നത് ഒഴിവാക്കാമായിരുന്നു. പിള്ളയുടെ മകളെ പരാമര്‍ശിക്കുമ്പോള്‍ 'പരിപ്പുവടയില്‍ നിന്ന്‌ പൂവന്‍പഴമോ' എന്ന പ്രയോഗം തന്നെ ഉദാഹരണം. ശാകുന്തളത്തില്‍ കാളിദാസന്‍ ശകുന്തളയുടെ മാസ്‌മരീകഭംഗി അനാവരണം ചെയ്‌തത്‌ ഒറ്റ പ്രയോഗത്തിലൂടെയാണ്‌ 'മിന്നല്‍ക്കൊടി മന്നില്‍ നിന്നുണ്ടാവിലാ"

വിരഹത്തിന്റെ ജപ്പാന്‍കുഴിയും മഹേശ്വരന്‍ പിള്ളയുടെ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴിയുള്ള ഭ്രാന്തും ചിലപ്പോഴെങ്കിലുമുള്ള ആ കൃത്രിമത്വത്തിന്റെ പാപം കഴുകിക്കളയുന്നുമുണ്ട്‌. കുഞ്ചന്‍ കൊളുത്തിയ സ്വാഭാവിക ഹാസ്യത്തിന്റെ ആ പന്തം മലയാളസാഹിത്യത്തില്‍ പിന്നീട്‌ ആളിക്കത്തിച്ചത്‌ സഞ്‌ജയനായിരുന്നു. അതേറ്റുവാങ്ങിയ ബഷീറും വി.കെ.എന്നും കെടാതെ സൂക്ഷിച്ച ആ ദീപശിഖ ഏറ്റുവാങ്ങാന്‍ പുതിയതലമുറയില്‍ ആളുണ്ടോയെന്ന്‌ വിളിച്ചു ചോദിക്കേണ്ട അവസ്ഥയിലും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ഇ-വായനയുടെ എഴുത്തിന്റെയും ലോകത്തു കാണപ്പെടുന്നത്‌ ആശാവഹമാണ്‌.

സമകാലീകം

പുതിയ കൊയ്‌ത്തിന്‌ വിത്തിറക്കുക എന്ന ആര്‍.രമേശന്‍ നായരുടെ കവിതയും അതിമനോഹരമായ ചിത്രവും മനുവിന്റെ ബ്ലോഗിനെ ശ്രദ്ധേയമാക്കുന്നു. നെഞ്ചിലെ നെരിപ്പോട്‌ വാക്കുകളിലേക്ക്‌ മുഴുവനായും ആവാഹിക്കുന്നതില്‍ കവി വിജയിച്ചിരിക്കുന്നു. ഇനിയൊരു പക്ഷേ കാണാന്‍ കഴിഞ്ഞെന്നു വരാത്ത നാട്ടിയുടെ (ഞാറുനടലിന്റെ മലബാര്‍ വേര്‍ഷന്‍) ചിത്രം വായനക്കാരന്റെ ചിന്തകളെ ദശാബ്ദങ്ങള്‍ പിറകിലോട്ട്‌ പായിക്കാന്‍ പര്യാപ്‌തം.

അപ്പോള്‍ സ്വാഭാവികമായും കവിയുടെ "എവിടെയെന്റെ ഉഴവുമാടുകളെവിടെയെന്റെ കലപ്പകള്‍, കനകകാന്തി വിതച്ച വിത്തുകളെവിടെയെന്റെ കിടാത്തികള്‍?.......' ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയേണ്ട ബാദ്ധ്യതയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആര്‍ക്കു കഴിഞ്ഞാലും കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ കഴിയില്ല.

പശ്ചാത്തപിച്ചതുകൊണ്ടുപോലും പ്രയോജനമില്ലാത്ത വിധം തകര്‍ന്നു തരിപ്പണമായ കേരളത്തിലെ കാര്‍ഷികമേഖലയുടെ സമകാലികചിത്രം സ്വയം വിമര്‍ശനം ലക്ഷ്യം വച്ച്‌ ഒരു കവിതയിലൂടെ മനു പ്രസിദ്ധീകരിച്ചതായേക്കാമെന്നു തോന്നുന്നു.

മലബാറിലെ വയലുകളും കണ്ടല്‍ വനങ്ങളും ഒന്നൊന്നായി നികത്തി പണിതിട്ട കൊട്ടാരങ്ങളെല്ലാം എരപ്പാളികളുടെ പാര്‍ട്ടിയുടേതായത്‌ വിധി വൈപരീത്യം എന്നല്ലാതെന്തുപറയാന്‍?
"ചെളിപുരണ്ടു കറുത്തുണങ്ങിയ ചെറുമനെവിടെ?
കൊയ്‌തൊഴിഞ്ഞ നിലങ്ങളില്‍ കളിവീടുകെട്ടിയ മക്കളിന്നെവിടെ?'
ചെങ്ങറയില്‍ പോയി നോക്കിയാല്‍ മനുവിന്‌ അവരെ കാണാവുന്നതേയുള്ളൂ.

റെറ്റിനോപ്പതി

മനുഷ്യന്‍ നടത്തിയ മഹാകണ്ടുപിടുത്തങ്ങളില്‍ ഒന്നുതന്നെയാണ്‌ ഫോട്ടോഗ്രഫി. ചിലപ്പോള്‍ ആയിരം പേജുകളുടെ ധര്‍മ്മം നിര്‍വ്വഹിക്കും ഒരൊറ്റ ചിത്രം. ഏറനാടന്റെ ക്ലിക്കുകള്‍ ഈയുള്ളവന്റെ ചിന്തയെ കൊണ്ടു ചെന്നെത്തിച്ചത്‌ ഈയടുത്ത കാലത്തു വന്ന സര്‍ക്കാര്‍ ഉത്തരവിലേക്കാണ്‌. പ്രസവാവധി ആറുമാസവും പതിനെട്ടു വയസ്സുവരെ വരുന്ന ശിശുപരിപാലനത്തിനായി രണ്ടുവര്‍ഷത്തെവരെ സശമ്പളം അവധിയും നല്‌കിയ സര്‍ക്കാര്‍ ഉത്തരവും ഈ മുന്നാര്‍ ചിത്രങ്ങളും കൂട്ടിവായിച്ചാല്‍ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്‌. സ്‌ത്രീ പുരുഷ സമത്വത്തെക്കാള്‍ അടിയന്തിരമായി വേണ്ടത്‌ സ്‌ത്രീകള്‍ക്കിടയില്‍ സമത്വമാണെന്നു തോന്നുന്നു. ഏറനാടനും ചിത്രങ്ങള്‍ക്കും നന്ദി.

നമതുവാഴും കാലം

സ്‌മോള്‍ ഈസ്‌ ബ്യൂട്ടിഫുള്‍. 'ശനിവൃത്താന്തം' വെരി ബ്യൂട്ടിഫുള്‍. വായനക്കാരന്റെ ശ്രദ്ധ തന്റേതല്ലാത്ത കാരണം കൊണ്ട്‌ വായനയില്‍ നിന്നും അകന്നുപോവുന്നെങ്കില്‍ എഴുത്തുകാരനെ തൂക്കിക്കൊല്ലണം എന്നൊരെളിയ അഭിപ്രായം ഇതെഴുതുന്നയാള്‍ക്കുണ്ട്‌. പല ബ്ലോഗുകളും വായിച്ചതില്‍ നിന്നുമുള്ള സ്വാഭാവിക പ്രതികരണമായി വായനക്കാര്‍ എടുത്താല്‍ മതി.

അങ്ങിനെയുള്ളതില്‍ നിന്നും അമ്പേ വേറിട്ടുനില്‌ക്കുന്നു ഈ പോസ്‌റ്റ്‌. ഒന്നാംതരം പ്രയോഗങ്ങള്‍, സുന്ദരമായ ശൈലി. ഒറ്റ ശ്വാസത്തില്‍ വായിച്ചുതീര്‍ക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്ന ലളിതവും ആകര്‍ഷകവുമായ വാക്കുകളാല്‍ തീര്‍ത്ത സുന്ദര സൃഷ്ടി. തികഞ്ഞ നര്‍മ്മബോധം കൈമുതലായുള്ള ലേഖകന്‍ കത്തിക്കയറുന്നത്‌ പത്രങ്ങളില്‍ പണ്ടേയുള്ളതും ഇപ്പോള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നതുമായ ചില ദുഷ്‌പ്രവണതകള്‍ക്കെതിരെയാണ്‌. നയന്‍താരയുടെ അശ്ലീല പ്രദര്‍ശനം മാതൃഭൂമിക്ക്‌ വിഷയമായതും അമേരിക്കന്‍ തിരഞ്ഞെടുപ്പ്‌ ഇന്ത്യയിലെ പ്രാദേശീക പത്രങ്ങള്‍ വരെ ആഘോഷമാക്കിയതും മറ്റും വിമര്‍ശനത്തിനു പാത്രമാവുന്നു.

തടിച്ച സ്‌ത്രീകള്‍ ലൈംഗീകമായി കൂടുതല്‍ സജീവമാണെന്ന്‌ കണ്ടെത്തിയ നേഷണല്‍ സര്‍വ്വേ ഓഫ്‌ ഫാമിലി ഗ്രോത്തിന്റെ പഠനറിപ്പോര്‍ട്ടും പൂര്‍വ്വസൂരികളുടെ സ്‌ത്രീവിഷയത്തിലുള്ള ജ്ഞാനവും മനോഹരമായി പരാമര്‍ശിച്ചുപോകുന്നു. കൊഴുത്ത സുന്ദരികള്‍ ലേഖകന്‍ പറഞ്ഞതുപോലെ ഗജരാജവിരാജിത മന്ദഗതി തുടരട്ടെ. ഗ്രഹണിപിടിച്ച സുന്ദരികള്‍ റാമ്പിലും വിളങ്ങട്ടെ.

ആല്‍ത്തറ

പ്രശാന്ത്‌ ആര്‍ കൃഷ്‌ണന്റെ ആല്‍ത്തറയിലേക്ക്‌ കടന്നുവന്നപ്പോള്‍ കാത്തിരുന്നത്‌ ബൂലോഗത്തോടുള്ള ഒരു ചോദ്യമാണ്‌. ആരെയാണ്‌ നിങ്ങള്‍ ഈ ലോകത്ത്‌ ഏറ്റവും കൂടുതലായി സ്‌നേഹിക്കുന്നത്‌?

പണ്ട്‌ ഇതേ ചോദ്യം ചാര്‍ളി ചാപ്ലിനോട്‌ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചിരുന്നപ്പോള്‍ കിട്ടിയ മറുപടി 'എന്നെത്തന്നെ" എന്നായിരുന്നു. 'അതു കഴിഞ്ഞാല്‍' എന്ന പത്രക്കാരന്റെ ചോദ്യത്തിന്‌ ചാപ്ലിന്റെ മറുപടി 'അതു കഴിയുന്നില്ലല്ലോ" എന്നായിരുന്നു.

നമ്പൂതിരിപ്പാടിയന്‍ ശൈലി കടമെടുത്തു തുടങ്ങിയാല്‍, ചോദ്യകര്‍ത്താവിന്റെ ചോദ്യം തന്നെ തെറ്റാണെന്നും എന്തിനെയാണ്‌ നിങ്ങള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത്‌ എന്നും ചോദിക്കേണ്ടിയിരിന്നുവെന്നും പറയേണ്ടിവരും.

മിക്കവാറും നിങ്ങള്‍ എന്തിനെ സ്‌നേഹിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കില്ലേ നിങ്ങള്‍ ആരെ ഇഷ്ടപ്പെടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ കിടപ്പ്‌. ഉദാഹരണമായി നിങ്ങള്‍ അധികാരത്തെ എന്തിനും മീതെയായി ഇഷ്ടപ്പെടുന്നെങ്കില്‍ ഏറ്റവും കൂടുതലായി നിങ്ങളെത്തന്നെ സ്‌നേഹിക്കും. ആന്റണിയെപ്പോലെ സ്വന്തം ഇമേജിന്റെ തടവറ അവര്‍ക്കുള്ളതാകുന്നു. മറ്റുള്ളവരുടെ സ്‌നേഹം നിങ്ങള്‍ക്കാവശ്യമാണെങ്കില്‍ ഭാര്യയെയും കുട്ടികളെയും മാതാപിതാക്കളെയും സ്‌നേഹിക്കും. എല്ലാറ്റിനുമുപരിയായി നിങ്ങളെയും. സമൂഹത്തിലൊരു സ്ഥാനം നിങ്ങള്‍ വിലമതിക്കുന്നുവെങ്കില്‍ സമൂഹത്തെ സ്‌നേഹിക്കാന്‍ ശ്രമിക്കാതിരിക്കുകയില്ല. അതും നിങ്ങള്‍ക്കുശേഷം മാത്രം.

'തള്ളയ്‌ക്കിട്ടൊരു തല്ലുവരുമ്പോള്‍
പിള്ളയെടുത്തു തടുക്കേയുള്ളൂ'
കുറച്ച്‌ അതിശയോക്തിയാണെങ്കിലും കുഞ്ചന്‍ ഒരുപാട്‌ ശരിയായിരുന്നു എന്ന്‌ പല സംഭവങ്ങളും നമ്മെ പഠിപ്പിക്കുന്നു. ചാപ്ലിനും കുഞ്ചനും നന്ദി. ഇങ്ങിനെ കുറിക്കാനിടയാക്കിയ ആല്‍ത്തറയിലെ ചോദ്യത്തിനും.

Tuesday, December 2, 2008

ബൂലോഗ വിചാരണ -1

ഒരു തീര്‍ത്ഥാടനത്തിന്റെ സുഖം പകരുന്നൂ മഹിയുടെ വരികളുടെയുള്ള യാത്ര. 'ആങ്ങി ഓങ്ങി വരുമ്പോഴേക്കും'. കോയിക്കോട്‌ പാലക്കാട്‌ കോവൈ സേലം വഴി മദിരാശി പോലെ ഗാന്ധിജി-ജിദ്ദുവില്‍ തുടങ്ങി ബുദ്ധന്‍ വഴി യേശുവിലെത്തിയ യാത്ര ലാവോത്സുവിലവസാനിക്കുന്നില്ല. ഗുരുക്കന്‍മാരിലൊടുങ്ങാതെ സത്യാന്വേഷണം മാതാപിതാക്കളിലെത്തി. ഒടുക്കം അവനവനിലേക്ക്‌ മടങ്ങിയൊടുങ്ങുന്നു. ഏതോ മന്ദബുദ്ധി പറഞ്ഞ കടങ്കഥയാണ്‌ ജിവിതമെന്ന ചൊല്ല്‌ അവശേഷിപ്പിച്ചുകൊണ്ട്‌. അതിനുശേഷമുള്ള മഹിയുടെ മറ്റു കവിതകളും വായിച്ചു. ചുരുങ്ങിയ വാക്കുകളില്‍ മഹി ഒരു പാടു പറയുന്നു. തീര്‍ച്ചയായും വാക്കിന്റെയും ഫ്രോക്കിന്റെയും ധര്‍മ്മം ഒന്നുതന്നെയാണ്‌. മറയ്‌ക്കേണ്ടതുമാത്രം മറയ്‌ക്കുകയും വെളിവാക്കേണ്ടതുമുഴുവന്‍ വെളിവാക്കുവാനുമുള്ള നീളം മാത്രം. കടമ്മനിട്ട പാടിയപോലെ, കര്‍പ്പൂരദീപങ്ങളാവട്ടെ കണ്ണുകള്‍ കസ്‌തൂരിപോലെ മണക്കട്ടെ വാക്കുകള്‍.


ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും കത്തോലിക്കരുടെ ഉന്നമനത്തിനു വേണ്ടിയായിരിക്കണം എന്നുമാത്രമേ ബൂലോഗത്തെ പ്രവാചകനായ റൂബിന്‍ തോട്ടുപുറത്തിന്‌ അഭിപ്രായമുള്ളൂ. എന്നാല്‍ ഇവിടത്തെ ഭരണഘടന തന്നെ വത്തിക്കാനിലേക്കയച്ച്‌ പറ്റാത്തത്‌ വെട്ടിക്കളയാന്‍ പോപ്പിനോട്‌ അഭ്യര്‍ത്ഥിക്കണം എന്നൊന്നും എഴുതിയതായി കാണുന്നില്ല.

ഒരു അരുളപ്പാടിനെ പിന്തുടര്‍ന്നുപോയ നാടികള്‍ക്കും നായാടികള്‍ക്കും മുന്നില്‍ അവന്‍ അവതരിച്ചു. ആ കുഞ്ഞാടുകള്‍ തെറ്റായ മാര്‍ഗത്തില്‍ ചരിക്കുകയാണെന്നും ഇപ്പോക്കുപോയാല്‍ സ്വര്‍ഗരാജ്യം പോയിട്ട്‌ നരകരാജ്യം കൂടി അവര്‍ക്കപ്രാപ്യമാണെന്നും അവന്‍ അവരെ ബോദ്ധ്യപ്പെടുത്തുകയുണ്ടായി. നിത്യേന പാരായണം ചെയ്‌തിരുന്ന രാമായണവും ഭഗവദ്‌ഗീതയും വടക്കേക്കുപ്പയില്‍ വലിച്ചെറിഞ്ഞ്‌ ഹൈന്ദവഭൂതഗണങ്ങളായ നാടികളും നായാടികളും അടുത്ത സുപ്രഭാതത്തില്‍ ബൈബിള്‍ വായിക്കുകയും അനന്തരം അന്നോളം അവര്‍ പിന്തുടര്‍ന്നുവന്നതായ ഹൈന്ദവദര്‍ശനങ്ങള്‍ പാടേ വെടിഞ്ഞ്‌ കര്‍ത്താവിന്റെ മാര്‍ഗത്തില്‍ ചരിക്കാനും തുടങ്ങി. അതാണ്‌ വലിയ പ്രശ്‌നം.

അനാദികാലത്ത്‌ അംബേദ്‌കര്‍ എന്നൊരു രക്ഷകന്‍ അവതരിച്ച കാലം തൊട്ടേ എത്രയെത്ര ഹിന്ദുക്കളാണ്‌ ബുദ്ധമതത്തിലേക്ക്‌ കൂട്ടപലായനം നടത്തിയത്‌. അതിന്റെ ആനിവേഴ്‌സറി ആണ്ടുതോറും നടക്കുമ്പോള്‍ മതം മാറിയ ഹിന്ദുക്കളെത്ര. ബുദ്ധമതത്തിലേക്ക്‌ എത്രയോ ആളുകള്‍ മാറിപ്പോവുന്നതില്‍ ആര്‍ക്കും എതിര്‍പ്പൊന്നുമില്ല. എന്നാല്‍ കര്‍ത്താവിന്റെ പാത സ്വീകരിച്ച്‌ കൃസ്‌ത്യാനിയാവുന്നതില്‍ മാത്രമാണ്‌ എതിര്‍പ്പും ചുട്ടുകൊല്ലലും ബലാല്‍സംഗവുമെല്ലാം.

പ്രവാചകന്‍ ഇതൊരു പിശാചിന്റെ ചോദ്യമായി കണക്കിലെടുത്താല്‍ മതി. കേരളത്തില്‍ മുസ്ലീങ്ങളൊഴിച്ചാല്‍ ഒരുമാതിരിപ്പെട്ട പ്രദേശത്തെ ലക്ഷക്കണക്കിന്‌ മുസ്ലീങ്ങളുടെയും ഗതി, ഹിന്ദുക്കളിലെ ആദിവാസികളെപ്പോലെ തന്നെ കഷ്ടമാണ്‌. എന്തേ അക്കൂട്ടരെയും കൂട്ടിക്കൊണ്ടുപോയി കര്‍ത്താവിന്റെ മാര്‍ഗത്തിലാക്കിക്കൊടുത്ത്‌ അവര്‍ക്കു പരലോകത്തും നമുക്കു ഇഹലോകത്തുതന്നെയും വീരസ്വര്‍ഗ്ഗം ഏര്‍പ്പാടാക്കാത്തത്‌?

യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യന്‍മാര്‍ അടിനാലു കിട്ടിയാല്‍ നാല്‌പതു പത്രസമ്മേളനം നടത്തുകയല്ല വേണ്ടത്‌. ഇടത്തേ ചെവിക്കുറ്റിക്ക്‌ കിട്ടിയാല്‍ വലത്തേതും കൂടി കാണിച്ചുകൊടുക്കണമെന്ന്‌ ബൈബിള്‍. ഒന്നാമത്തെയടിക്ക്‌ ബോധം പോയകൂട്ടര്‍ക്കും കൂടി ഒരിളവ്‌ ബൈബിളിലില്ല. ഇത്‌ സാദാ ശിഷ്യന്മാര്‍ക്കു പറഞ്ഞത്‌. യേശുവിന്റെ പ്രതിരൂപങ്ങളായ അച്ചന്‍മാരും കന്യാസ്‌ത്രീകളും അപ്പോള്‍ ഇങ്ങിനെയാണോ പ്രതികരിക്കേണ്ടത്‌?

'എന്നേപ്രതി നിങ്ങള്‍ പീഢിപ്പിക്കപ്പെടുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍ സ്വര്‍ഗരാജ്യം നിങ്ങള്‍ക്കുള്ളതാവുന്നു' എന്നു ബൈബിള്‍. അതുകൊണ്ട്‌ പീഡിപ്പിച്ചവര്‍ക്ക്‌ സ്‌തുതിപറയുകയല്ലേ വേണ്ടത്‌. ഏറ്റവും ചുരുങ്ങിയത്‌ പരലോകത്ത്‌ സ്വര്‍ഗം ഉറപ്പാക്കിത്തന്നതിന്‌.

റൂബിന്‍ തോട്ടുപുറത്തിന്‌ ഒരു കാര്യം ഉറപ്പാണ്‌. അതായത്‌ ഹിന്ദുമതത്തിലെ ജാതീയതയാണ്‌ മതംമാറാനുള്ള കാരണമെന്ന്‌. തികച്ചും ശരിയാണെന്ന സര്‍ട്ടിഫിക്കറ്റ്‌ ഈ ലേഖകനും തരാം. അപ്പോള്‍ ജാതീയതകൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ അവിടെയുണ്ടാവുകയില്ല. ബൈബിളില്‍ മുത്തമിടുന്നതോടെ അവരുടെ ആത്മാഭിമാനവും അന്തസ്സും തീപ്പെട്ടി കണ്ട എലിവാണം പോലെ കുതിച്ചുയരും. ജാതിഭേദമില്ലാത്ത സത്യകൃസ്‌ത്യാനിയായിട്ടും അക്കൂട്ടര്‍ പട്ടികജാതി പട്ടികവര്‍ഗമായി തന്നെ തുടരുന്നതിന്റെ മഹാരഹസ്യം ഒരു കുമ്പസാരരഹസ്യം പോലെ തല്‌ക്കാലം ജനമറിയേണ്ട.

മതം മാറി ജീസസിന്റെ സ്വന്തക്കാരായ ആളുകളെ കത്തോലിക്കാക്കാരായി റൂബിന്‍ തോട്ടുപുറത്തിന്റെ ഇടത്തും വലത്തും ഇരുത്തുമോ? കത്തോലിക്കക്കാര്‍ എത്രപേര്‍ മതംമാറിയ ആദിവാസികളെ മിന്നുചാര്‍ത്തി? വാക്ക്‌ തെക്കോട്ടും പ്രവൃത്തി വടക്കോട്ടുമാവരുത്‌.



പൊങ്ങമ്മൂടന്‍ കസറി. 1947 ആഗസ്‌ത്‌ 15 ന്‌ അര്‍ദ്ധരാത്രി സ്വാതന്ത്ര്യം ലഭിച്ചത്‌ നമ്മള്‍ ഭര്‍ത്താക്കന്‍മാര്‍ക്കും കൂടിയാണെന്ന വിവരം നമ്മുടെ ഭാര്യമാരെ അറിയിക്കാം.' ആ ഒരു വരിതന്നെ ധാരാളം. എഴുതുന്നത്‌ എഴുത്തുകാരനാണെങ്കിലും ഹാസ്യം ജന്മമെടുക്കുന്നത്‌ വായനക്കാരന്റെ ഹൃദയത്തിലാണ്‌. ഉള്ളറിഞ്ഞ ഒരു ചിരിയ്‌ക്ക്‌ പൊങ്ങമ്മൂടന്റെ വരികള്‍ കാരണമാവുന്നു.
'ഖമറുന്നീസയുടെ ലൈംഗീക കുറ്റകൃത്യങ്ങള്‍' ക്ക്‌ ഈ വാരം ബൂലോകം സാക്ഷ്യം വഹിച്ചു. നട്ടപിരാന്തന്റെ ആക്ഷേപഹാസ്യം നിലവാരം പുലര്‍ത്തി. ലോകത്ത്‌ അഭിനയിച്ചു ചളമാവാവാനും എഴുതി കുളമാവാനും ഏറ്റവും കൂടുതല്‍ സാദ്ധ്യത ഹാസ്യത്തിനാണ്‌. എഴുതി വിജയിപ്പിക്കാന്‍ അങ്ങേയറ്റത്തെ ബുദ്ധിമുട്ടും. നട്ടപിരാന്തനും ഖമറുന്നീസയും ആ വൈതരണി അനായാസേന നീന്തിക്കടക്കുന്നത്‌ കാണാം ഓരോ വരികളിലൂടെ നീങ്ങുമ്പോഴും.

കപടസദാചാരവബോധത്തിന്റെ ഇരുട്ടറയില്‍ വച്ച്‌ പുരുഷമേധാവിത്വും വനിതാവിധേയത്വവും കെട്ടിപ്പുണര്‍ന്നപ്പോള്‍ പെണ്ണിന്റെ ശിരസ്സിലേക്ക്‌ പാറിവന്നതും പിന്നെ കുടികിടപ്പാവകാശം നേടി അവിടെ സ്ഥിരതാമസമാക്കുകയും ചെയ്‌തതാണ്‌ പര്‍ദ്ദ. പെണ്ണിന്റെ സൗന്ദര്യം തല്‌ക്കാലം പ്രൈവറ്റ്‌ ലിമിറ്റഡാക്കാന്‍ ആണുങ്ങള്‍ കണ്ടുപിടിച്ച വസ്‌തു.

എന്തുമറയ്‌ക്കുന്നുവോ അതു കാണാന്‍ മനുഷ്യന്‌ അദമ്യമായ ആഗ്രഹമുണ്ടാവും. ആയൊരു സത്യത്തിന്റെ മാര്‍ക്കറ്റ്‌ വാല്യൂ കണ്ടെത്തുകമാത്രമല്ല ഖമറുന്നീസയെക്കൊണ്ട്‌ നട്ടപിരാന്തന്‍ ചെയ്യിക്കുന്നത്‌. ഒരല്‌പം ബിഹേവിയറല്‍ സയന്‍സുകൂടി ഖമറുന്നീസ വശത്താക്കുന്നു. വേശ്യയില്‍നിന്നും ഫ്ലഷ്‌ കണ്‍സല്‍ട്ടന്റായി ഖമറുന്നീസ പറന്നുയരുന്നു.

ഈ ലേഖകന് പരിചയക്കാരിയായ ഒരു വേശ്യയുണ്ടായിരുന്നു. രാത്രി മുട്ടവിളക്കും കത്തിച്ചുവച്ചിട്ടാണ്‌ ഏര്‍പ്പാട്‌. ചിലപ്പോള്‍ അയലത്തെ സദാചാരികളറിയാതിരിക്കാന്‍ അതും കെടുത്തിക്കളയും. ഒരു ദിവസം രാവിലെ പുള്ളിക്കാരി ഞങ്ങളുടെ ഒരു സുഹൃത്തിന്റെ പിന്നാലെയോടി തെറിയഭിഷേകം നടത്തുകയാണ്‌. സംഗതിയെല്ലാം കഴിഞ്ഞപ്പോള്‍ ഞാനവനെ വിളിച്ച്‌ കാര്യം അന്വേഷിച്ചു. “സംഗതി നേരാണ്‌, മിനിയാന്ന്‌ രാത്രിയാ ഞാന്‍ ചെന്നത്‌. കയ്യില്‍ കാപ്പൈശയില്ലേനും. പണമടച്ചാലേ ഓളുടെ കര്‍ട്ടനുയരൂ. അതുകൊണ്ട്‌ ഒരുലോട്ടറിടിക്കറ്റ്‌ വഴീന്ന്‌ കിട്ടിയത്‌ കൈയ്യില്‍ വച്ചും കൊടുത്തു. ഇനിയെല്ലം ഭാഗ്യയോഗ്യം പോലെ എന്നു ഞാന്‍ പറയേം ചെയ്‌തതാ. എന്നാലോള്‌ ഇന്നലെപ്പറേണ്ടേ. അതുപറഞ്ഞില്ല. ഏജന്റിനെക്കാണിച്ച്‌ നറുക്കെടുത്തുപോയ ടിക്കറ്റാന്നറിഞ്ഞപ്പം മാത്രാണ്‌ കാറ്റുകാരിയിത്‌.“ ആ സ്ഥിതിയില്‍നിന്നും എത്രയോ ഉയരത്തിലാണ്‌ ഖമറുന്നീസമാരുടെ ഫ്‌ളഷ്‌ കണ്‍സല്‍ട്ടിങ്‌.

ഈയടുത്ത്‌ അക്ഷരം കൂട്ടിവായിക്കാന്‍ അന്നും ഇന്നും അറിയാത്ത ഒരു സുഹൃത്തിന്റെ വിസിറ്റിങ്‌ കാര്‍ഡ്‌ കണ്ട്‌ ഞെട്ടി. ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ഓഫ്‌ ഐ.സി.......ബാങ്ക്‌. കാലം കുതിച്ചുമുന്നേറുമ്പോള്‍ കോലം മാറുന്നു. ഖമറുന്നീസയുടെ റിയാലിറ്റി ഷോയ്‌ക്ക്‌ നാളെ നമ്മള്‍ സാക്ഷ്യം വഹിച്ചേക്കാം. അതു വന്‍വിജയവുമായേക്കാം. കാരണം നാസിക്കിലെ അച്ചടിമെഷീനിനോട്‌ കിടപിടിക്കുന്നതുതന്നെയാണ്‌ ഖമറുന്നീസമാരുടെയും മെഷീനുകള്‍.

ഖമറുന്നീസയുടെ നിമ്‌ന്നോന്നതങ്ങള്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍ അതാവരണം ചെയ്യേണ്ട സംഗതികളുടെ പരസ്യം. അതാവരണം ചെയ്യുമ്പോള്‍ അനാവരണം ചെയ്‌തുകാണാനുള്ള ആളുകളുടെ ആഗ്രഹം മാര്‍ക്കറ്റുചെയ്യുക.

ഒരു സംഗതിയെ വ്യത്യസ്‌തമായ നിരവധി കോണുകളിലൂടെ സമീപിക്കുമ്പോഴും അതിലേറെ തലങ്ങളിലൂടെ വായനക്കാരന്റെ ചിന്താമണ്ഡലത്തില്‍ ഇടതടവില്ലാതെ കാര്‍പ്പറ്റ്‌ ബോംബിങ്‌ നടത്തിക്കുമ്പോഴുമാണ്‌ ആക്ഷേപഹാസ്യം വിജയത്തിന്റെ കൊടുമുടി കയറുക. മതവും കപടസദാചാരവും ജമാ അത്തെ ഇസ്ലാമിയും ഏഷ്യാനെറ്റിന്റെ പരിഹാരമില്ലാശാപം മോഹനനും യാതൊരു തെളിവും ഇന്നോളമില്ലെങ്കിലും ചിലര്‍ പാടിനടക്കുന്ന ചേലാകര്‍മ്മത്തിന്റെ അപദാനങ്ങളും, കൃത്യങ്ങളെക്കാള്‍ കുറ്റകൃത്യത്തെ പ്രണയിക്കുന്ന മനുഷ്യമനസ്സും എല്ലാം വിശദമായ ഒരു പരിശോധനയ്‌ക്ക്‌ വിധേയനാക്കുന്നു നട്ടപിരാന്തന്‍.

മുഴുവനാളുകളും വിശിഷ്യാ മലയാളികള്‍ ദൈനംദിന ജീവിതത്തില്‍ പലപ്പോഴായി അനുഭവിച്ചിട്ടുണ്ടായേക്കാവുന്ന തികച്ചും സാധാരണമായ ഒരു അനുഭവമാണ്‌ തെക്കേടന്റെ കുറിപ്പുകളിലുള്ളത്‌. ക്യൂ പാലിക്കാനുള്ള വിമുഖതയാണ്‌ വിഷയം. മലയാളികളെ മാത്രം അങ്ങിനെ അടച്ചാക്ഷേപിക്കുന്നത്‌ ശരിയാണോ? കഴിഞ്ഞ മാസം തമിഴകത്തുനിന്നും ഇതേ അനുഭവം തന്നെയാണ്‌ എനിക്കുണ്ടായത്‌. അണ്ണനും ഒട്ടും മോശമല്ല. അതുകൊണ്ട്‌ വേണമെങ്കില്‍ മൊത്തം ഏഷ്യക്കാര്‍ എന്നോ അത്യാവശ്യം ഇന്ത്യക്കാര്‍ എന്നോ എങ്കിലും ആക്കാമായിരുന്നു.

സായിപ്പിനോടുള്ള ഒരാരാധനയില്‍ നിന്നുണ്ടാവുന്ന ഒരു മഹാവ്യാധിയുടെ ലക്ഷണമാണ്‌ ഇതില്‍ കാണുന്നത്‌. ഈ രോഗത്തിന്‌ അടിമപ്പെടുന്നവര്‍ വെളിച്ചപ്പാടിനെപ്പോലെ തരം കിട്ടിയാല്‍ സ്വന്തം തലയ്‌ക്ക്‌ വെട്ടിക്കൊണ്ടേയിരിക്കും.

കൈയ്യിലേതു പോരെങ്കില്‍ കാലിലേതുകൂടി കൂട്ടിയാല്‍ വിരലിലെണ്ണിത്തീര്‍ക്കാവുന്നതാണ്‌ ഒരു സ്വയര്‍ കി.മീ ചുറ്റളവിലെ അവിടത്തെ ജനസാന്ദ്രത. ചാകാന്‍ കൂടി അവര്‍ക്ക്‌ ക്യൂനില്‌ക്കേണ്ടിവരില്ല. പിന്നല്ലേ ജീവിതത്തില്‍.

'മൂന്നുമിനിറ്റ്‌ താമസിച്ചു ചെല്ലുന്നതിനേക്കാള്‍ നല്ലാതാണ്‌ ഒരു മിനിറ്റ്‌ നേരത്തേ ചെല്ലുന്നത്‌' എന്നു കണ്ടപ്പോള്‍ സകലമലയാളികള്‍ക്കും മാതൃകയാക്കാവുന്ന ആ ടീച്ചറെയാണ്‌ ഓര്‍മ്മവരുന്നത്‌. വരുമ്പൊഴേ വല്ലാതെ വൈകി അതുകൊണ്ട്‌ പോകുമ്പോഴെങ്കിലും ഇത്തിരി നേരത്തേ പോയ്‌ക്കോട്ടെ ഹെഡ്‌മാഷേ ന്നു പറഞ്ഞ ആ ടീച്ചറെ.

ഒരസാധാരണവിഷയം കൈകാര്യം ചെയ്യ്‌ത്‌ വിജയിക്കുക തികച്ചും സാധാരണം. എന്നാല്‍ തികച്ചും സാധാരണവിഷയം എഴുതിപ്പിടിപ്പിച്ച്‌ വിജയിക്കുക അസാധാരണവുമാണ്‌. തെക്കേടന്റെ എഴുത്ത്‌ ഒരു വായനാസുഖം തരുന്നുണ്ട്‌. അക്ഷരപ്പിശകുകളുടെ കോല്‍ക്കളി ഏതായാലും മാപ്പര്‍ഹിക്കുന്നില്ല.

സുന്നി സന്ദേശത്തിന്റെ വകയായ വഷളത്തരങ്ങളുടെ വര്‍ണാഭമായ ഘോഷയാത്രയും ബൂലോകത്തെ ശ്രദ്ധേയമാക്കുന്നു. പുരുശന്‌ പരശതം പെണ്ണ്‌ ഒയിച്ചുകൂടാന്‍ പറ്റാത്ത സംഗതിയാണെന്ന്‌ കാന്തപുരം ഹാജിയാര്‍ ഗവേഷണം നടത്തി കണ്ടെത്തിയതിന്‌ തൊട്ടുപിന്നാലെ ജൂനിയര്‍ മുസലിയാര്‍ ത്വാഹിര്‍ സഖാഫി ചോദിക്കുന്നത്‌ അതല്ലാതെ വേറെന്ത്‌ വഴി എന്നാണ്‌. സഖാഫിക്ക്‌ ഒറ്റ ലക്ഷ്യമേയുള്ളൂ. പെണ്ണുങ്ങള്‌ നന്നാവണം. അവര്‌ സുരക്ഷിതരാവണം.

അവരുതന്നെ ഇനി സ്വയം നന്നാവേണ്ട, ജ്ജ്‌ പോയി ആദ്യം കെട്ടിയോള നന്നാക്ക്‌ ഹമുക്കേന്നുന്നു പറഞ്ഞാലും ആ സഹോദരിയെ ആണുങ്ങള്‍ കൈവിട്ടുകളഞ്ഞ്‌ അരക്ഷിതരാക്കിക്കളയരുത്‌. ലക്ഷണമൊത്തൊരു ഹൂറിയായി കണ്ട്‌ കെട്ടിക്കൊണ്ടുപോയി ഉസിരുള്ള ആണാണെന്നു തെളിയിച്ചുകൊടുക്കണം. കടാപ്പുറത്തെ തെങ്ങുപോലെ ഓള്‌ നെറച്ചും കായ്‌ച്ച്‌ ചാഞ്ഞങ്ങ്‌ കെടക്കട്ടെ.

കണ്ണുതുറക്കുന്നതുതന്നെ തമ്മില്‍ കൊല്ലാനെന്നായാല്‍ അറബിദേശങ്ങളിലെപ്പോലെ ആണുങ്ങളുടെയെണ്ണം കുറയും. സ്വാഭാവികം. പെരേന്റകല്ലാതെ പൊറം ലോകം കാണാത്ത പെണ്ണുങ്ങള്‍ പെര നെറഞ്ഞു നില്‍ക്കുകയും ചെയ്യും. തികച്ചും സ്വാഭാവികം. ആയൊരു പഴയ അറേബ്യയിലെ സ്ഥിതിയോട്‌ ഇന്ത്യയിലെ പെണ്ണുങ്ങളുടെ സ്ഥിതിയെ ഉപമിക്കാന്‍ ധൈര്യം കാട്ടിയത്‌ ഹാജിയാരുടെ വിവരക്കേടല്ലെങ്കില്‍ സൂക്കേടാവാനാണ്‌ സാദ്ധ്യത. പ്രായത്തിന്റെ ആനുകൂല്യം നല്‌കി ഹാജിയാരെ വെറുതേവിട്ടാലും ജൂനിയര്‍ സഖാഫിയെ കൂട്ടിക്കൊണ്ടുപോയി രോഗം ചികിത്സിച്ചുഭേദമാക്കുകതന്നെയാണ്‌ വേണ്ടത്‌. അല്ലെങ്കില്‍ പരിഷ്‌കൃതസമൂഹത്തിന്‌ ഭീഷണിയാണ്‌.

മനോരമയിലെ അഭിമുഖത്തിന്‌ ഒരു വിശദീകരണം കൊടുത്തതാകട്ടെ ലേശം കൂടി മുന്തിയത്‌. ഒരാളെക്കൊണ്ട്‌ മാത്രം മതിയാവാത്ത പുരുശനുണ്ടായാല്‍ അയാള്‍ക്ക്‌ മതിയാവുന്നത്ര കെട്ടാം. ലോകനന്മയെ കണക്കിലെടുത്ത്‌ എനിക്കൊരഭിപ്രായമുണ്ട്‌. അത്തരം വീരപുരുശന്‍മാരുടെ ഒരു കണക്കെടുപ്പ്‌ താമസിയാതെ നടത്തി ആ ആത്മാക്കളുടെ പേരുവിവരം അതതുപ്രദേശത്തെ കുടുംബശ്രീപോലുള്ള വനിതാ കൂട്ടായ്‌മകള്‍ക്കു നല്‌കുക.

പ്രശ്‌നത്തിനൊരു സ്ഥിരപരിഹാരം അവരു കണ്ടെത്തട്ടെ. അതിന്നാവശ്യമായ ഉപകരണങ്ങള്‍ക്ക്‌ ദേവസ്വത്തെ സമീപിച്ചാല്‍ കിട്ടാതിരിക്കില്ല. തുടര്‍സാക്ഷരതപോലെ തുടര്‍ചികിത്സാ ചിലവിനുള്ള ശേഷിയും ദേവസ്വത്തിനുണ്ട്‌.

ഇപ്പോള്‍ തല്‌ക്കാലം ആണ്‌ ആണിനെയെങ്കിലും രക്ഷിക്കട്ടെ. കേട്ടാല്‍ തോന്നും ഭൂലോകത്തെ പെണ്ണുങ്ങളെ മുയ്‌മന്‍ രക്ഷിക്കാന്‍ വേണ്ടി പടശ്ശോന്‍ പടച്ചുവിട്ട എ.കെ. 47നാണ്‌ ആണുങ്ങളെന്ന്‌. മാത്രമല്ല, ഇന്ത്യാമഹാരാജ്യത്തിലെ പെണ്ണുങ്ങളെല്ലാം ഹാജിയാരുടെ മട്ടുപ്പാവിനു താഴെ വന്ന്‌ കെട്ടി രക്ഷിച്ചുകൊടുക്കാന്‍ നിലവിളി കൂട്ടുകയാണെന്നും. പെണ്ണെരുമ്പെട്ടാല്‍ പിന്നെ ഹാജിയാരെ രക്ഷിക്കാന്‍ പടനയിക്കും മുമ്പേ പടശ്ശോന്‍ തന്നെ രണ്ടാമതൊന്നാലോചിക്കും. പുറപ്പെടണോ പോയി നാറണോ എന്ന്‌.

തോന്നുമ്പം തോന്നുമ്പം പെണ്ണുകെട്ടാനിത്‌ കാലിച്ചന്തയുമല്ലാ
പൂതിമാറുമ്പം വലിച്ചെറിയാന്‍ പെണ്ണ്‌ ബീഡിക്കുറ്റിയുമല്ലാ.

തല്‌ക്കാലം ഇത്രമാത്രം.