Monday, May 10, 2010

ബൂലോഗവിചാരണ 33

ഏകതാര


ഒരു റാഗിങ്ങിന്റെ കഥ'. പണ്ട് സായിപ്പ് തുടങ്ങിയതുകൊണ്ടുമാത്രം കാലാകാലമായി കാപ്പിരികള്‍ പൂര്‍വ്വാധികം ഭംഗിയാക്കി നടത്തുന്ന മൃഗീയ(മൃഗങ്ങളേ മാപ്പ്) വിനോദമാണ് റാഗിങ്ങ്. കൂടെ പഠിക്കുന്നവനെ ഭീകരമായി മര്‍ദ്ദിക്കുക, ചവുട്ടിക്കൊല്ലുക (ചെന്നൈ), മാനസികനില തകരാറിലാക്കുംവിധം പീഢിപ്പിക്കുക, സഹപാഠിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുക (എസ്.എം.ഇ) - വെറും ഒരു പ്രായോഗികതമാശ എന്നര്‍ത്ഥം വരുന്ന റാഗിങ്ങ് എന്ന പദത്തിന്റെ സമ്പൂര്‍ണസംരക്ഷണമാണ് ഈ കൊടുംക്രൂരതയ്ക്ക് അന്നും ഇന്നും.


തിരിഞ്ഞതലയുള്ള, പണക്കൊഴുപ്പിന്റെ കുംഭമേള നടത്താന്‍ പറ്റിയ രക്ഷിതാക്കളുടെ സന്താനങ്ങള്‍ കലാലയങ്ങളിലെത്തുമ്പോഴാണ് ഇത് എറ്റവും കൂടൂതല്‍ സംഭവിക്കുന്നത്. സഹപാഠിയെ ചവുട്ടിക്കൊന്ന കേസായാലും കൂട്ടബലാല്‍സംഗം നടത്തിയ പിള്ളാരുടെ കേസായാലും വേട്ടക്കാര്‍ ധനികരും ഇരകള്‍ ദരിദ്രരുമായിരുന്നു. എസ്.എം.ഇ കേസിലാണെങ്കില്‍, സഹപാഠിയെ കൂട്ടബലാല്‍സംഗം ചെയ്ത തെമ്മാടികളുടെ ഭാഗത്ത് ശക്തമായി നിലയുറപ്പിച്ച ചരിത്രമാണ് അന്നത്തെ പ്രിന്‍സിപ്പല്‍ മറിയത്തിന്റേത്, കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരുടേതും. കേരളപോലീസിന്റെ ശക്തമായ നിലപാടുകള്‍, സത്യസന്ധമായ അന്വേഷണങ്ങള്‍, സമൂഹത്തിന്റെ സമയോചിതമായ ഇടപെടലുമെല്ലാം ഉണ്ടായില്ലെങ്കില്‍ ആ കുട്ടിയുടെ ചരമവാര്‍ഷികം പലതും കഴിഞ്ഞേനെ.

ഇവിടെ ഏകതാര പറയുന്നതും ഒരു റാഗിങ്ങിന്റെ കഥയാണ്. അതും കലാലയജീവിതകാലത്തെ സുന്ദരസ്മരണയായി എഴുത്തുകാരി സൂചിപ്പിച്ചിട്ടേയില്ല. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നു പറയാറുണ്ടെങ്കിലും എല്ലാ മുറിവുകളും മായ്ക്കാനുള്ള ശേഷി തല്ക്കാലം കാലനേയുള്ളൂ. ഓര്‍മ്മകളും അതുപോലെയാണ്. തീവ്രതകുറഞ്ഞേയ്ക്കാമെന്നതല്ലാതെ, തീര്‍ത്തും ഒഴിവാകുകയില്ല. ആ കാലപ്രവാഹത്തിന്റെ കൈയ്യൊപ്പാണ്, എഴുത്തുകാരിയുടെ ശൈലിയില്‍ കാണുന്നത്. ബോധപൂര്‍വ്വം സരസമായ ആഖ്യാനശൈലി കൈവരുത്താനുള്ള ശ്രമം ആദ്യം 'സിംഹത്തിന്റെ മടയില്‍'...... എന്നിടത്തു അനവസരത്തെ പ്രയോഗമായി ഏച്ചുകെട്ടിമുഴച്ചുനില്ക്കുമ്പോള്‍ മറ്റുപലയിടത്തും വിജയം കാണുന്നു. മികച്ച പോസ്റ്റ്്.


പുതുകവിത

എ.സി ശ്രീഹരിയുടെ കുമ്പസാരം എന്ന കവിത ശ്രദ്ധേയം. മാറ്റുവിന്‍ ചട്ടങ്ങളെ എന്നാഹ്വാനം ചെയ്തുവന്നവര്‍ ഒടുവില്‍ ചട്ടത്തിനൊത്തുമാറിയതിന്റെ ചരിത്രമാവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ അവസാനപകുതി. പണ്ടാരോ തമാശയായി പറഞ്ഞിട്ടുണ്ടായിരുന്നു, അല്പം കാര്യമായും ജീവിതത്തില്‍ അദ്ധ്വാനം എന്തെന്നറിയാത്ത ഇരുപതുകളിലുള്ള രണ്ടുപിള്ളാരാണ് ലോകതൊഴിലാളിപ്രസ്ഥാനത്തിന്റ മാനിഫെസ്റ്റോ എഴുതിയതെന്ന്. ആണുങ്ങള്‍ക്ക് ഗൈനക്കോളജിസ്റ്റാവാമെന്നുള്ളതുകൊണ്ട് എന്‍.കെയ്ക്ക് ഇതിനോടു യോജിപ്പില്ല. നിത്യബ്രഹ്മചാരിയായ വത്സ്യായന്‍ തന്നെയാണ് അറുപത്തിനാലു കാമകലകളെപ്പറ്റി കാമസൂത്രം വിരചിച്ചത് എന്നാണല്ലോ. നമുക്കതുവിട്ടു കുമ്പസരിക്കാം.

വിപ്ലവപ്രസ്ഥാനങ്ങളും വയറുമായി പണ്ടേ അഭേദ്യമായ ഒരു ബന്ധമുണ്ട്. കുഞ്ചനുശേഷം കേരളത്തെ ഒരു പത്തുകൊല്ലം നിര്‍ത്താതെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അകാലത്തില്‍ കാലഗതിപ്രാപിച്ച സഞ്ജയനാണ് ഏറ്റവും കൂടുതല്‍ ഇതിനെ പരിഹസിച്ചത്. സഞ്ജയന്‍ അറുപതാണ്ടുമുന്നേ കാണിച്ചുതന്ന ചിത്രമാണ് ഇന്നത്തെ പ്രസ്ഥാനങ്ങളുടേത്. സഞ്ജയന്‍ പാടിയതിന്റെയും പറഞ്ഞതിന്റെയും പൊരുള്‍ നേരില്‍ കണ്ട് ബോദ്ധ്യപ്പെടാന്‍ സൂക്ഷിച്ചുനോക്കേണ്ട കാര്യം തന്നെയല്ലാത്ത അവസ്ഥ.

പണ്ട്് റോയിട്ടറില്‍ വന്നത് വായിച്ച ഒരദ്ഭുതം സഞ്ജയന്‍ അത് എടുത്തെഴുതി.

'എന്തൊരദ്ഭുതം, വാലില്‍ തലയുള്ള ഒരു ജീവിയെ ആഫ്രിക്കയില്‍ കണ്ടെത്തിയിരിക്കുന്നു'

അതിനുതാഴെ ഒരടിക്കുറിപ്പായി ഇത്രമാത്രം. 'അതിലെന്തല്ഭുതം ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വയറ്റിലല്ലേ തല'. എഴുതിയത് ഏതാണ്ടെഴുപതുകൊല്ലം മു്‌ന്നേയാണെന്നോര്‍ക്കണം. നേതൃത്വത്തിലുള്ളത് മഹാത്യാഗികളുടെ ഒരു നിരയും. കാലം നേതാക്കള്‍ തെറ്റും സഞ്ജയന്‍ ശരിയും എന്നാണ് തെളിയിച്ചത്.

അതിനാണ് ധിഷണ എന്നുപറയുക. തുറന്ന പുസ്തകങ്ങളായിരുന്ന നേതാക്കളുടെ ജീവിതം അടഞ്ഞ അദ്ധ്യായങ്ങളായി, അവശേഷിക്കുന്നത് അപസര്‍പ്പകകഥകളും മഞ്ഞപ്പുസ്തകങ്ങളുമായി.

അതേ പടപ്പാട്ടുകാരായ കവികള്‍ക്കും പടവെട്ടുകാരായ കമ്മ്യൂണിസ്റ്റുകാര്‍ക്കും ഒട്ടിയ വയറുപോയി കുമ്പ അസാരം കൂടി. അന്യംനിന്നുപോയേക്കാവുന്ന വംശാവലിയിലെ അവസാനത്തെ കണ്ണികളുടെ വിലാപകാവ്യം എന്നു പറയേണ്ടിവരും. നല്ലത്് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എപ്പോഴും. പ്രസിദ്ധീകരണം വല്ലപ്പോഴും.

ഒരു കപ്പു ചായ

ഫാഷന്റെ നശ്വരതയാണ് വ്യക്തിയുടെ ശാരീരിക അനശ്വരതയ്ക്കായുള്ള ഇച്ഛയെ നിലനിര്‍ത്തുന്നത് എന്നതുപോലെ ഒട്ടനവധി നിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാണ് ഉഷാകുമാരിയുടെ 'ഉടല്‍ ഒരു നെയ്ത്ത് - ചുരിദാര്‍ ഫാഷനും ലിംഗപദവിയും' എന്ന നല്ല ലേഖനം. വസ്ത്രത്തിന്റെ ചരിത്രത്തിലേയ്ക്കും സാമൂഹികവികസനത്തിന്റെ ചരിത്രത്തോടൊപ്പം ചുവടുവച്ച വസ്ത്രധാരണരീതികളിലേയ്ക്കും പോസ്റ്റ് വെളിച്ചം വീശുന്നു. മനുഷ്യമനസ്സിന്‍മേല്‍ മാര്‍ക്കറ്റ് അധിനിവേശം പരസ്യത്തിലൂടെയും മറ്റും നടക്കുമ്പോഴാണ് ഫാഷന്‍ഭ്രമം ആളുകളില്‍ കുടിയേറുക. ആവശ്യങ്ങള്‍ സാധാരണ ആഗ്രഹങ്ങളായി മാറുകയാണ് പതിവ്.


ചിലപ്പോഴെങ്കിലും, പരപ്രേരണയാലുളവാകുന്ന ആഗ്രഹങ്ങള്‍ ആവശ്യങ്ങളാക്കി മാറ്റി അതിനെ മാര്‍ക്കറ്റുചെയ്യുന്നതില്‍ പരസ്യങ്ങള്‍ ചില്ലറ പങ്കല്ല വഹിക്കുന്നത്. ഉദാഹരണമായി വസ്ത്രങ്ങള്‍ തന്നെയെടുക്കാം. കേരളത്തില്‍ ലഭ്യമാവുന്ന ഏതു കിടിലന്‍ ബ്രാന്‍ഡുകളോടും ഒരു കൈനോക്കാന്‍ ശേഷിയുള്ളതുതന്നെയാണ് പയ്യന്നൂര്‍ഖാദിപോലുള്ള തനിനാടന്‍ വസ്ത്രങ്ങള്‍. വിലയും കുറവുതന്നെയാണ്. പക്ഷേ ആര് എന്ത് ധരിക്കണം എന്ന തീരുമാനം ഇന്ന് ഏതാണ്ട് കൈക്കൊള്ളുന്നത് വിപണിയാണ്. ആണ്‍പെണ്‍ ഭേദമില്ലാതെ.

വസ്ത്രങ്ങളുടെ ചരിത്രം സാമൂഹികവികാസത്തിന്റെ കൂടി ചരിത്രമാണ്. വസ്ത്രധാരണരീതി ഒരുപാടുകാര്യങ്ങളെ ആശ്രയിച്ചിരിക്കും. അതില്‍ ജൈവശാസ്ത്രപരം, സൗകര്യപ്രദം, പിന്നെ ലേഖിക സൂചിപ്പിക്കുന്ന പുരുഷമേധാവിത്വസമൂഹത്തിന്റെ പ്രതിഫലനം എല്ലാമുണ്ടായിരിക്കുക സ്വാഭാവികമാണ്. സാമൂഹികപുരോഗതി എന്നു പറയുമ്പോള്‍ ഒരിക്കലും അത് ആണിന്റെ പുരോഗതിയും പെണ്ണിന്റെ അധോഗതിയുമല്ല. സ്വാഭാവികമായും സ്ത്രീസമൂഹം ഒരുപാടു മുന്നേറിയിട്ടുണ്ട്.

'സ്ത്രീകളുടെ ശരീരസംബന്ധിയായ സ്വയം നിര്‍ണയനവും അത്തരത്തില്‍ അവര്‍ നടത്തുന്ന വൈയക്തികവും സാമൂഹികവുമായ അന്വേഷണങ്ങളും അലച്ചിലുകളും ആനന്ദത്തിന്റേയും സംതൃപ്തിയുടേയും വൈയക്തികമായ ഇടങ്ങളും ഇനിയും നാം കാണാതിരുന്നുകൂടാ'. പുരുഷനായാലും സ്ത്രീയായും അടിമത്തം ജന്മമെടുക്കുന്നത് സാമ്പത്തികസ്വാതന്ത്ര്യമില്ലായ്മയില്‍ നിന്നുമാണ്. കറുത്തവള്‍ മാത്രമല്ല കറുത്തവനും വെളുത്തവന്റെ അടിമയായിരുന്നു. കാരണം സാമ്പത്തികമായിരുന്നു. കേരളത്തിലെ ജാതിവ്യവസ്ഥയുടെ അടിസ്ഥാനവും സാമ്പത്തികമായിരുന്നു.

നാലുമുക്കാലുള്ള തീയ്യനും മാപ്പിളയും നായരും നല്ല ഐക്യത്തില്‍ കഴിഞ്ഞതാണ് മലബാറിന്റെ ചരിത്രം. നാലുമുക്കാലില്ലാത്ത തീയ്യനുമായും മീന്‍വിറ്റ് കഞ്ഞികുടിക്കേണ്ടിവന്ന മാപ്പിളയുമായിട്ടും മാത്രമായിരുന്നു അയിത്തം . ഓട്ടമുക്കാലും കൂടി കണികാണാന്‍ പറ്റിയ ഒരുത്തനും കുലത്തിലില്ലാതെപോയ പറയനും പുലയനുമായും സമ്പൂര്‍ണ ഐത്തവും. ആദിവാസിയുടെ ഇന്നത്തെ സ്ഥിതിയെന്താണെന്നുകൂടി നോക്കുക. അവിടെ പ്രതിഭാഗത്ത് നമ്പൂതിരിയും നായരുമൊന്നുമല്ലല്ലോ.

പുരുഷമേധാവിത്വത്തിന്റെ കാരണവും സാമ്പത്തികമാണ്. അതിന്റെ എറ്റവും വലിയതെളിവാണ് ലേഖിക പറയുന്ന ഈ പുരോഗതിയെല്ലാമുണ്ടായിട്ടും പോക്കറ്റുള്ള ഒരു ടോപ്പ് ഇന്നും നാട്ടില്‍ കിട്ടാത്തത്. കാരണം സാമ്പത്തിക സ്വയംനിര്‍ണയം ഇന്നും ഭൂരിഭാഗത്തിനും കിട്ടാക്കനിയാണ്. ആയൊരു അവസ്ഥയിലേയ്ക്കാണ് സ്ത്രീസമൂഹം ഉയരേണ്ടത്.

'കലാലയങ്ങളിലും ബ്യൂട്ടിപാര്‍ലറുകളിലും ബോഡികെയര്‍ ഷോപ്പുകളിലും ഫാഷന്‍ റാമ്പുകളിലും റിയാലിറ്റി ഷോവിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും ഫിറ്റ്‌നെസ് സെന്ററുകളിലും ഡ്രൈവിംഗ് സ്‌കൂളിലുമെല്ലാമായി തുള്ളിച്ചാടുകയും ഇളകിമറിയുകയും ചെയ്യുന്ന പെണ്‍ശരീരങ്ങള്‍ സ്ത്രി (മധ്യവര്‍ഗ/നാഗരികസ്ത്രീ?) യുടെ പുരുഷാധിപത്യ നിര്‍മിതമായ ആവരണങ്ങള്‍ നീക്കി കര്‍തൃത്വത്തിലേയ്ക്കു പ്രകാശനക്ഷമമാവുകതന്നെയാണ്'.

കേട്ടറിവും കണ്ടറിവും വച്ച് റാമ്പില്‍ ആരെന്തുടുക്കണം, ഉടുത്തവളും ഉടുക്കാത്തവളും എങ്ങിനെ നടക്കണം, നടപ്പില്‍ എന്തെല്ലാം ഉരിഞ്ഞ് താഴെപോവണം അഥവാ വാര്‍ഡ്‌റോബ് മാള്‍ഫങ്ഷണിങ്, എന്തെല്ലാം പരിശോധിക്കണം, ആരെല്ലാം വിധികര്‍ത്താക്കളാകണം എന്നെല്ലാം തീരുമാനിക്കുന്നത് ആണ്‍ശിങ്കങ്ങളാണ്. ബാക്കിയെല്ലാം സമ്മതിച്ചാലും ഫാഷന്‍ ഷോയില്‍ തുണിയുരിമ്പോള്‍ പുരുഷാധിപത്യനിര്‍മ്മിതമായ ആവരണങ്ങള്‍ നീക്കി സ്ത്രീ കര്‍തൃത്വത്തിലേയ്ക്ക് കുതിക്കുന്ന സാങ്കേതികവിദ്യമാത്രം ഈയുള്ളവന് പിടികിട്ടുന്നില്ല.

അനുബന്ധമായി ചേര്‍ത്ത നെറൂദയുടെ കവിത അതിമനോഹരം. വസ്ത്രവും ശരീരവും തമ്മിലുള്ള ബന്ധം ഏതാണ്ട് ആത്മാവും ശരീരവും പോലുള്ളതാണെന്നു തോന്നുന്നു.

Friday, March 26, 2010

ബൂലോഗവിചാരണ 32

ദില്ലിപോസ്റ്റ്


ശക്തമായ സാമൂഹിക ഇടപെടലുകള്‍ ലക്ഷ്യമാക്കിയ ഒരു കൂട്ടം ബ്ലോഗര്‍മാരുടെ സ്വപ്‌നസാക്ഷാത്കാരമാണെന്നുതോന്നുന്നു ദില്ലിപോസ്റ്റ്. ആഴത്തിലുളള പഠനങ്ങളും നിരീക്ഷണങ്ങളും കൊണ്ട് ശ്രദ്ധേയമാണ് ഓരോ പോസ്റ്റുകളും.

കോഴിമല രാജാവുമായി അഭിലാഷ് ടി നടത്തിയ അഭിമുഖമാണ് ഒടുവിലത്തേത്. ഓണം വന്നാലും ഉണ്ണിപിറന്നാലും ദാരിദ്ര്യത്തിന്റെ പുതിയ നെല്ലിപ്പടികള്‍ കണ്ടെത്താന്‍ മാത്രം വിധിക്കപ്പെട്ട കാടിന്റെ മക്കളുടെ കണ്ണീരിന്റെയും ചോരയുടെയും ചരിത്രമാണ് കേരളത്തിലെ ആദിവാസികളുടെ ചരിത്രം.

ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും പാടില്ലാത്തതെന്തോ അതാണ് ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികള്‍ക്ക് സംഭവിച്ചിരിക്കുന്നതും സംഭവിച്ചുകൊണ്ടേയിരിക്കുന്നതും. കുടിയേറ്റമെന്ന ഓമനപ്പേരിട്ട് നടത്തിയ കയ്യേറ്റങ്ങളും നഗ്നമായ നിയമലംഘനങ്ങളും പെരുവഴിയിലാക്കിയ കാടിന്റെ മക്കളെ കാട്ടില്‍ കടന്ന് ചവുട്ടിമെതിച്ച് വെടിവച്ചിട്ട സംസ്‌കൃതചിത്തരാണ് നമ്മള്‍. കയ്യേറ്റം കുലത്തൊഴിലാക്കിയ നമ്മുടെ സംസ്‌കാരം ഭാഷയ്ക്ക് സംഭാവനചെയ്ത വാക്കുകള്‍ നോക്കുക - കാടന്‍, കാടത്തരം, കാട്ടുനീതി.....
ഒന്നും കയ്യേറാന്‍ പോവാത്തതാണ് നന്മയെങ്കില്‍ കാടനാണ് നല്ലവന്‍.
പോയികേസുകൊടുക്കാന്‍ ഐ.പി.സിയില്‍ വകുപ്പില്ലാത്തതുകൊണ്ടായിരിക്കണം മുയലുമുതല്‍ മുതലവരെയുള്ളവരും മൃഗീയത എന്നപദത്തിനെതിരെ പ്രതികരിക്കാത്തത്. നമ്മളിലുള്ള തിന്മകളെല്ലാം നന്മകളാക്കി വാഴ്ത്തപ്പെടാന്‍ നമ്മള്‍ കണ്ടുപിടിച്ച നല്ലൊരു മാര്‍ഗമാണ് ഈയൊരു സമ്പ്രദായം.


വിപ്ലവകാരികളുടെ ഇപ്പോഴത്തെ ആദിവാസിപ്രണയം കണ്ടാല്‍ ആദിവാസിപ്രശ്‌നം ഉണ്ടായത് ഇന്നലെയോ മിനിയാന്നോ മറ്റോ ആണെന്നുതോന്നിപ്പോവും. മൂന്നാര്‍മുഷ്‌കിന്റെ പശ്ചാത്തലത്തില്‍ വയനാടില്‍ നടക്കുന്നത് നോക്കുക. മുന്നാറിലെപോലെ നാല്പതുഏക്കര്‍ വരെയുള്ള ദരിദ്രവിപ്ലവകര്‍ഷകരുടെ കയ്യിലേയ്ക്ക് വയനാടന്‍ മണ്ണ് എത്തിക്കേണ്ട പരിപാടിയുടെ ഭൂമിപൂജയാവണം ആദിവാസിയുടെ ചിലവില്‍ ഇപ്പോള്‍ നടക്കുന്ന കയ്യേറ്റം.

ആദിവാസികളുമായി ചേര്‍ന്ന് വനം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ രൂപീകരിച്ച എക്കോ-ഡെവലപ്‌മെന്റ് കമ്മിറ്റികളെക്കുറിച്ചുള്ള ചോദ്യത്തിന് കോഴിമല രാജാവ് രാജമന്നാന്റെ മറുപടി ശ്രദ്ധേയമാണ്. ആദിവാസികളെ വനത്തില്‍ നിന്നും പുറത്താക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹത്തിനുതന്നെ തോന്നുന്നു.

ഇവിടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആദിവാസികളുടെ സ്ഥിതി അമേരിക്കയിലെ അമീഷുകളുടേതുമായി ഒന്നു താരതമ്യം ചെയ്തുനോക്കുക. അമീഷുകള്‍ നാഗരിക സമൂഹമല്ല. മാത്രമല്ല അവര്‍ വാഹനങ്ങളോ യന്ത്രങ്ങളോ ഒന്നുംതന്നെ ഉപയോഗിക്കാതെ വേണമെങ്കില്‍ അവരുടെതായ യുഗത്തില്‍ കഴിയുന്നു എന്നു പറയാം. ഹൈടെക് സമൂഹത്തില്‍ അമീഷുകള്‍ അവരുടേതായ ഒരു ലോകത്ത് അവരുടെ സ്വന്തം നിയമങ്ങള്‍ പ്രകാരം ജീവിക്കുന്നു. സര്‍ക്കാരിന് അവരുമായി ഇടപാടുകളില്ല. അവര്‍ക്ക് സര്‍ക്കാരുമായും.

ആദിവാസികള്‍ക്ക് അമേരിക്കയിലെ റെഡ് ഇന്ത്യക്കാരുടെ അവസ്ഥ - എത്‌നിക് ക്ലെന്‍സിംഗ് സംഭവിക്കാതിരിക്കാന്‍ അടിയന്തിരമായി വേണ്ടത് അവര്‍ ജനിച്ചു ജീവിച്ചു പഠിച്ചു വളര്‍ന്ന സംസ്‌കാരം തുടര്‍ന്നുകൊണ്ടുപോവാനുള്ള അവസരം സൃഷ്ടിക്കുകയാണ്. ആദിവാസികളുടെതായിരുന്ന മുഴുവന്‍ കൈയ്യേറ്റഭൂമിയും ഒഴിപ്പിച്ചെടുത്ത് അവിടെ യഥേഷ്ടം കഴിയാനുള്ള അവസരം അവര്‍ക്കുണ്ടാക്കിക്കൊടുക്കുകയാണ്. നാടായി മാറിയ കാടുകള്‍ തിരിച്ച് കാടായി മാറാന്‍ കൊല്ലം പെരുത്തൊന്നും കഴിയണമെന്നില്ല. നമ്മള്‍ സംസ്‌കാരശൂന്യര്‍ അങ്ങോട്ടുകയറാതിരുന്നാല്‍ മാത്രം മതി. അവര്‍ക്ക് അവരുടേതായ ഭാഷയും സംസ്‌കാരമുണ്ടെങ്കില്‍ ്ആ സംസ്‌കാരം പിന്തുടരാനുളള അവകാശവുമുണ്ട്.

കൂടിക്കാഴ്ചയ്ക്കായി ഗ്ലാമര്‍താരങ്ങളെ തേടിയലയുന്ന നവീനപത്രപ്രവര്‍ത്തന ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരഭിമുഖം വായനക്കാര്‍ക്കായി നല്കിയ ദില്ലിപോസ്റ്റിനും അഭിലാഷിനും അഭിവാദ്യങ്ങള്‍.

ആഭിചാരം


അച്ചടിമാധ്യമങ്ങളില്‍ നന്നായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ലൈംഗിക സദാചാര സംബന്ധമായ കാര്യങ്ങള്‍ ബുലോഗത്തും സജീവചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നു. രാജേഷ് കെ. ആറിന്റെ പോസ്റ്റ് പ്രസ്തുതവിഷയത്തെ ഗൗരവമായി സമീപിക്കുന്ന ഒന്നാണെന്നുപറയേണ്ടിയിരിക്കുന്നു - ശ്വസനം പോലെ കുടിവെള്ളം പോലെ നിര്‍മ്മലവും സ്വതന്ത്രവുമായിരിക്കണം ലൈംഗികതയും.... അങ്ങിനെ തുടരുന്നു നിരീക്ഷണങ്ങള്‍.

ഒന്നു ശ്രദ്ധിക്കുക, നമ്മള്‍ സത്യത്തില്‍ എന്തെങ്കിലും ആസ്വദിക്കുന്നുണ്ടോ? മദ്യം ഒരു ലഹരിയാണ്. അതിനുവേണ്ടിതന്നെയാണ് അത് കഴിക്കുന്നതും. ചായയും അങ്ങിനെതന്നെ. എത്രയാളുകള്‍ നല്ല ചായ കുടിക്കുന്നുണ്ടെന്നുനോക്കിയാല്‍ മതി. ചായക്കടയിലെ തുണിസഞ്ചില്‍ പുലര്‍ച്ചയ്‌ക്കെടുത്തിടുന്ന തരംതാണ ചായപ്പൊടിയില്‍ ചൂടുവെള്ളം പതിക്കുമ്പോള്‍ കിട്ടുന്ന ദ്രാവകമാണ് ചായ എന്നപേരില്‍ നമ്മള്‍ മോന്തുന്നത്. മദ്യം കഴിക്കുന്നതുനോക്കുക. ഒന്നപ്പുറവും ഇപ്പുറവും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പാക്കി കിട്ടിയ ഗ്ലാസിലേയ്ക്ക് കുപ്പിപൊട്ടിച്ചൊഴിച്ച് വെളളം പേരിനുചേര്‍ത്തെന്നു വരുത്തി കണ്ണൂംപൂട്ടി വിഴുങ്ങുന്നു.

ആള് വെള്ളമടിച്ചു എന്നപറയുന്നതിലും ഒന്നുകൂടി സത്യം വെള്ളം ആളിനെയടിച്ചു എന്നുപറയുന്നതാവും. ജനകീയസാധനം പെരുക്കണം പെരുക്കണം പിന്നേം പെരുക്കണം റമ്മാണെങ്കില്‍ പൂക്കുറ്റിക്ക് തീവെച്ചതുപോലെയാണ് പ്രവര്‍ത്തിക്കുക. എറിയാല്‍ നാലടി നടക്കും പിന്നെ പാമ്പായി ഇഴയും. മദ്യം കൊണ്ട് ഉദ്ദേശിക്കുന്ന എന്ത് ലഹരിയാണ് കിട്ടിയത്. ഉണ്ടായതാണെങ്കില്‍ പൊല്ലാപ്പും. ധനനഷ്ടവും മാനഹാനിയും ഇടിയും മി്ന്നലുംപോലെ ഒന്നായി വന്നു ഭവിച്ചത് മിച്ചം. നമുക്ക് ലൈംഗികതയോടും ഇതേ സമീപനമാണ്. മദ്യം കഴിക്കാനുള്ളതാണെന്നറയാം എങ്ങിനെ കഴിക്കണമെന്നുമാത്രം അറിയില്ല. ലൈംഗികത ആസ്വദിക്കാനുള്ളതാണെന്നറിയാം, എങ്ങിനെയെന്നതുമാത്രം അറിയില്ല.

ചാര്‍വാകം
>

വെടിവഴിപാട് ഇയര്‍ഫോണ്‍ വഴിയാക്കണം എന്ന സുപ്രധാന നിര്‍ദ്ദേശവുമായി സുശീല്‍കുമാറിന്റെ പോസ്റ്റ്. നാനാജാതിമതമേധാവികള്‍ക്കും സ്തുതിപാടി കാലുകള്‍ മാറിമാറിപിടിച്ച് എങ്ങിനെയെങ്കിലും ഭരണത്തിലിരിക്കാനുള്ള ഭൂരിപക്ഷം ഒപ്പിച്ചുകിട്ടുവാനായി ദൈവംതമ്പുരാന്‍ കാട്ടിക്കൊടുത്ത മാര്‍ഗമാണ് സെക്യുലറിസം എല്ലാവര്‍ക്കും.

ഒരു സെക്യുലര്‍ സമൂഹത്തില്‍ മതത്തിനും ദൈവത്തിനും എവിടെയാണ് സ്ഥാനം എന്നതെല്ലാം വെറും ചര്‍ച്ചകളിലും ലേഖനങ്ങളിലുമൊതുങ്ങുമ്പോള്‍, സുപ്രഭാതക്കാരും സുവിശേഷകരും നാലുനേരം മൈക്കുവച്ച് പടച്ചോനു മുദ്രാവാക്യം അലറിവിളിക്കുന്നവരും ഓരോദിവസത്തെയും കലാപരിപാടികള്‍ പൂര്‍വ്വാധികം ഭംഗിയാക്കി നടത്തിക്കൊണ്ടേയിരിക്കുന്നു.

ശബ്ദമലിനീകരണഹേതുവായ മതപരമായ ചടങ്ങുകള്‍ മുഴുവനായും നിരോധിക്കേണ്ട സമയം അതിക്രമിച്ചു. ആവശ്യമുള്ളവര്‍ക്ക ലേഖകന്‍ പറഞ്ഞതുപോലെ ഇയര്‍ഫോണ്‍വച്ച് കേള്‍ക്കാവുന്നതേയുള്ളൂ. ഒരുവന്റെ ഭ്രാന്തിന്റെ ഫലം മറ്റൊരുവന്‍ അനുഭവിക്കണമെന്നു പറയുന്നത് ഏത് നീതിബോധമാണ്. അഭിവാദ്യങ്ങള്‍

Thursday, February 11, 2010

ബൂലോഗവിചാരണ 30

പാരിജാതപ്പൂക്കള്‍


അകാലത്തില്‍ പൊലിഞ്ഞ കവയിത്രി ഷൈനയെ പറ്റി ഗിരീഷ് എഴുതിയത് മുമ്പ് ഈ കോളത്തില്‍ പരാമര്‍ശിച്ചിരുന്നു. വീണ്ടും, എഴുത്തിന്റെ ഒരു വസന്തം മലയാളികള്‍ക്കായി നല്കി അകാലത്തില്‍ വിടചൊല്ലിയ നന്ദനാരെ വായനക്കാരുടെ സ്മൃതികളില്‍ പുന:സൃഷ്ടിക്കുന്നു ഗിരീഷ്.നിശ്ശബ്ദമായ മാണിക്യവീണ എന്ന അര്‍ത്ഥവത്തായ ശീര്‍ഷകവും തൊട്ടുതാഴെയുള്ള നന്ദനാരുടെ ചിത്രവും തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ വരികളിലൂടെ ആ ജീവിതത്തിലേയ്ക്കും ജീവിതാന്ത്യത്തിലേയ്ക്കുമുള്ള പ്രയാണവും ആ നല്ല എഴുത്തുകാരന്‍ അര്‍ഹിക്കുന്ന സ്മരണാഞ്ജലി തന്നെയാണ്.

ഒരെഴുത്തുകാരനെന്ന നിലയില്‍ നന്ദനാരെ അറിഞ്ഞവര്‍ക്കും വായിച്ചവര്‍ക്കും ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ആ പേര്‍ കേള്‍ക്കുകകൂടി ചെയ്യാത്തവര്‍ക്ക് നന്ദനാരില്‍ താല്പര്യമുണ്ടാവുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ വരികള്‍ വായിക്കണമെന്നുതോന്നുന്നുവെങ്കില്‍ അവിടെയാണ് ഈയൊരു ലഘുജീവചരിത്രം വിജയം കാണുന്നത്.ഖാദര്‍ പറ്റേപ്പാടത്തിന്റെ പ്രതികരണത്തില്‍ പറഞ്ഞതുപോലെ 'ഇന്നും മനസ്സിന്റെ താഴ് വാരങ്ങളില്‍ വിടരുന്ന നൊമ്പരപ്പൂക്കളാണ് നന്ദനാരുടെ കഥകള്‍'. ഗിരീഷ് അഭിവാദ്യങ്ങള്‍.

വിജയലോകം

'വിവരിച്ചോ, നിര്‍വ്വചിച്ചോ കള്ളിയില്‍ ഒതുക്കാനാവാത്ത മലയാളത്തിന്റെ അമൂല്യ സാഹിത്യകാരനായ' എന്ന വാല്‍ക്കഷണത്തോടുകൂടി ഗുരുജി എടുത്തെഴുതിയ വി.കെ.എന്‍ കഥ 'ബ്രാഹ്മമുഹൂര്‍ത്ത'ത്തിന്റെ ഒരു ഭാഗം പലതുകൊണ്ടും ശ്രദ്ധേയമാവുന്നു.

ഒന്നാമതായി പണ്ട് വി.കെ.എന്‍ മമ്മൂട്ടിയോടു ചോദിച്ചതുപോലെ 'എന്താ പണി' എന്ന് നാണ്വായരോട് അങ്ങോട്ട് ചോദിക്കേണ്ട അവസ്ഥ എന്തായാലും ബൂലോഗത്തുണ്ടായിക്കൂടാ എന്ന് ഗുരുജി കരുതുന്നുണ്ടാവണം. രണ്ടാമതായി 'ഒരു ഭാഗ' മാവുമ്പോള്‍ പകര്‍പ്പവകാശത്തിന്റെ കുരുക്കില്‍ നിന്ന് രക്ഷപ്പെടുകയുമാവാം.

കുഞ്ചനും സഞ്ജയനും ശേഷം മലയാളത്തില്‍ ആക്ഷേപഹാസ്യത്തിന്റെ മഹാപ്രപഞ്ചമൊരുക്കിയാണ് വി.കെ.എന്‍ കടന്നുപോയത്. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നപോലെ വി.കെ.എന്റെ പരിഹാസത്തിന് പാത്രമാവാത്തവര്‍ ഒരു മേഖലയിലുമുണ്ടാവില്ല. പത്രപ്രവര്‍ത്തകനായുള്ള പൂര്‍വ്വാശ്രമവും, പൈങ്കിളിമുതല്‍ ദി നേച്ചര്‍ വരെയുളള ശാസ്ത്രമാസികകള്‍ വരെ പരന്നുകിടന്ന അടങ്ങാത്ത വായനയും പാണ്ഡിത്യവും ആ ഹാസ്യത്തിന് അനുപമമായി ഭംഗിയും ചിലപ്പോഴെങ്കിലും ദുര്‍ഗ്രഹതയും സമ്മാനിച്ചിരുന്നു.

പലപ്പോഴും ഒറ്റവാക്കുകൊണ്ട് വായനക്കാരനെ പൊട്ടിച്ചിരിപ്പിക്കാനുള്ള അനാദൃശമായ കഴിവാണ് വി.കെ.എന്‍ ഹാസ്യത്തിന്റെ കരുത്ത്. 'അതിയാന്‍ മൂന്നില്‍ നിര്‍ത്തുവാനുള്ള പ്രകോപനം?'

ഇതിലെ പ്രകോപനം എന്ന പദമാണ് ഇവിടെ ചിരിയുടെ താക്കോല്‍. ആ താക്കോല്‍ തുറക്കുന്നതാവട്ടെ 'മൂന്നിലധികം പേരോടും തന്നോടും നീതിചെയ്യാന്‍ കഴിയില്ലെന്ന സത്യസന്ധമായ വിശ്വാസം' എന്നു വായിക്കുന്നതോടെയുള്ള ഒരു പൊട്ടിച്ചിരിയിലേയ്ക്കും.
Brevity is the soul of wit എന്നത് മലയാളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് എഴുത്തുകാരില്‍ മുന്‍നിരയില്‍ തന്നെയാണ് വി.കെ.എന്‍. കുറച്ചുവാക്കുകളെ കൊണ്ട് കൂടുതലെഴുതി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ മഹാനായ ആ സാഹിത്യകാരനുള്ള ശ്രദ്ധാഞ്ജലി കൂടിയാണ് ഗുരുജിയുടെ ഈ സദുദ്യമം.

ലോകസിനിമ


'ബാല്യത്തിന്റെ നിഷ്‌കളങ്കതയും അധികാരത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വംശീയമേല്‍ക്കോയ്മയുടെയും ക്രൂരതയും ഒരുപോലെ അടയാളപ്പെടുത്തുന്ന 'The Boy in the Stripped Pyjamas' എന്ന നാസി തടങ്കല്‍പാളയ കഥ പറയുന്ന മികച്ച ചിത്രത്തിന്റെ ഒരു ആസ്വാദനമാണ് 'മരണവസ്ത്രം'. ഒരു നിരൂപണത്തിലുപരിയായി ആ സിനിമ കണ്ട ഒരു പ്രതീതിയാണ് എഴുത്ത് ഉളവാക്കുന്നത്.

ഇങ്ങിനെ സിനിമയെ അതിന്റെ ഇതിവൃത്തവും തുടക്കവും ഒടുക്കവും സന്ദേശവും അടക്കം സ്്ക്രീനില്‍നിന്നും കടലാസിലേയ്ക്ക് ആവാഹിച്ചെടുക്കുമ്പോള്‍, സ്വാഭാവികമായും സിനിമ കാണാനുള്ള പ്രേക്ഷകന്റെ താത്പര്യത്തെ കെടുത്തിക്കളയുകയല്ലേ ചെയ്യുന്നത്? നിരൂപകന്റെ പണി, ആ താത്പര്യത്തെ ജ്വലിപ്പിച്ചെടുക്കുകയാണ്. 'മരണവസ്ത്രം' വായിച്ച ഈയുള്ളവന് ഇനി ആ സിനിമ കാണാനുള്ള ആഗ്രഹമില്ല. കാരണം സ്്ക്രീനിലെ കാഴ്ചകള്‍ വരികളില്‍ വായിച്ചെടുത്തു.

മറിച്ച് ഒരു സിനിമാ ആസ്വാദനം എഴുതുന്നയാള്‍ അതിന്റെ കഥാഭാഗങ്ങള്‍ മാറ്റിവച്ച് കലാമൂല്യം, സാങ്കേതികമികവ്, ഫോട്ടോഗ്രഫി, ഇതിവൃത്തത്തെപറ്റി ഒരു സൂചന തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിച്ച് ആ സിനിമ കാണാനുള്ള ആകാംക്ഷ വായനക്കാരനില്‍ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്.

ലോകമലയാളം


എം.എസ് പ്രകാശ് ഒരനുഗൃഹീത കാര്‍ട്ടൂണിസ്റ്റാണ്, എ ബോണ്‍ കാര്‍ട്ടൂണിസ്റ്റ്. പ്രകാശിന്റെ 'വിശ്വാസ പ്രതിസന്ധി' എന്ന കാര്‍ട്ടൂണ്‍ ശ്രദ്ധിക്കുക. തികച്ചും സ്വതന്ത്രമായി നില്ക്കുന്ന ഒരു രചന. വരകളും വരികളും ചരിത്രത്തെ കൂട്ടുപിടിക്കുന്നില്ല. ഏതെങ്കിലും സിനികളിലെ കിടിലന്‍ ഡയലോഗുകളോ രംഗങ്ങളോ ആവുന്നില്ല. ആരുടെയും കവിതാശകലവുമല്ല. തികഞ്ഞ ശൂന്യതയില്‍ നിന്നും കാര്‍ട്ടൂണിസ്റ്റ് നടത്തിയ സൃഷ്ടിയാണോ എന്നുതോന്നിപ്പിക്കും വിധം മനോഹരം.

വലംകൈയ്യില്‍ ബീഡിയും ഇടംകൈ തലയിലും വച്ചുകൊണ്ടുള്ള ആ മനുഷ്യന്റെ കക്കൂസിലെ ഇരുപ്പ് കണ്ടാല്‍ ആരോടാണ് ചിരിച്ചുപോവാതിരിക്കുക. 'കര്‍ത്താവോ കാറല്‍മാര്‍ക്‌സോ' എന്ന വരി കാണുമ്പോഴാണ് ചിരി ചിന്തയ്ക്ക് വഴിമാറുക.

രണ്ടും ഒരു വിശ്വാസം - ജീസസും മാര്‍ക്‌സും. അഥവാ കൃസ്തുമതവും കമ്മ്യൂണിസവും. ശാസ്ത്രത്തിന്റെയോ സത്യത്തിന്റെയോ ഊന്നുവടികളില്ലാതെആര്‍ജിക്കപ്പെടുന്ന അറിവിനെയാണ് നമ്മള്‍ വിശ്വാസം എന്നുവിളിക്കുക. സത്യമാവാം അസത്യമാവാം, ശാസ്ത്രീയമാവാം അശാസ്ത്രീയമാവാം.

കക്കൂസിലിരിക്കുന്ന മനുഷ്യന്‍ വിശ്വാസപ്രതിസന്ധിയുടെ കാര്യം ലില്ലിക്കുട്ടിയോട് വിളിച്ചുപറയുമ്പോള്‍ കിട്ടുന്ന മറുപടി അതിലേറെ രസകരം. ഒരൊന്നൊന്നര മറുപടിയാണത്. ആശയങ്ങള്‍ക്കുമീതെ ആമാശയങ്ങള്‍ വളരുന്നത് വരിച്ചും വരച്ചും കാട്ടുന്നൂ പ്രകാശ്. അഭിവാദ്യങ്ങള്‍.

Thursday, January 21, 2010

ബൂലോഗവിചാരണ 29

പോളിട്രിക്‌സ്

'എന്താ അമ്മാമാ എന്റെ അമ്മ സുന്ദരിയല്ലേ?' എന്ന മികച്ച ലേഖനത്തിലൂടെ മധു സൗന്ദര്യമത്സരങ്ങളുടെ
പിന്നിലെ സാമ്പത്തിക-വാണിജ്യ താത്പര്യങ്ങളുടെ കാണാച്ചരടുകളിലേയ്ക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുന്നു. മരുമകന്റെ നിഷ്‌കളങ്ങമായ ചോദ്യത്തിലൂടെ സൗന്ദര്യത്തിന്റെ വിപണനകാപട്യങ്ങളുടെ ചരിത്രത്തിലൂടെയും സമകാലികസംഭവവികാസങ്ങളിലൂടെയും സഞ്ചരിക്കുകയാണ് ബ്ലോഗര്‍.

ചുരുക്കത്തില്‍ ലോകത്തില്‍ ഏറ്റവും സ്‌നേഹമുള്ള അമ്മയെ കണ്ടെത്താന്‍ ഒരു മത്സരം സംഘടിപ്പിച്ചാല്‍ എങ്ങിനെയിരിക്കും? ആയൊരു വിഡ്ഡിത്തത്തിന് സൗന്ദര്യകിരീടം ചൂടിക്കുവാന്‍ മാത്രമുള്ളതാണ് സൗന്ദര്യമത്സരങ്ങള്‍.

ഇനി മറ്റൊരു വശം. ഭൂലോകസുന്ദരിയായി ഐശ്വര്യ, അല്ലെങ്കില്‍ വിശ്വസുന്ദരിയായി സുസ്മിത തിരഞ്ഞെടുക്കപ്പെട്ടു. അടുത്തവര്‍ഷം ആ കിരീടം മറ്റൊരു തലയില്‍ ചൂടിച്ചുകൊടുക്കുമ്പോള്‍ ഐശ്വര്യയുടെ സൗന്ദര്യം മഹാഭാഗ്യം കൊണ്ട് ഒരു കൊല്ലം തികഞ്ഞതാണോ? പെണ്ണിന്റെ സൗന്ദര്യത്തിന്റെ ആയുസ്സ് ഒരുവര്‍ഷമാക്കി നിജപ്പെടുത്തിയത് ആരാണ്? ലക്ഷണമൊത്ത എഴുത്തുകാരനെത്തേടി അവാര്‍ഡുകളെത്താത്തതുപോലെ, റാമ്പുതേടി യഥാര്‍ത്ഥ സുന്ദരികളും യാത്രതിരിക്കാറില്ലെന്നതാണ് സത്യം.
അതുകൊണ്ടുതന്നെ അങ്ങിനെ ലഭ്യമാവുന്ന ഒരു കിരീടം ജീവിതലക്ഷ്യമായെടുക്കാന്‍ മാത്രം ഒന്നിനുംകൊള്ളാത്തവരല്ല ബഹുഭൂരിപക്ഷം സുന്ദരിമാരും. എന്നാലും ലോകവനിതകള്‍ക്ക് മുഴുവന്‍ അപമാനമുണ്ടാക്കാന്‍ നഞ്ച് നാനാഴിയൊന്നും വേണ്ടതില്ല. ഉള്ളവര്‍തന്നെ ധാരാളം.

കൊടുങ്കാറ്റ്

എത്ര ഉന്നതമായി ചിന്തിക്കാന്‍ ശേഷിയുള്ള തലച്ചോറുകളെയും ബാധിക്കുന്ന രാജയക്ഷ്മാവാണ് മതം എന്നതിരിച്ചറിവാണ് ശരീഫ് സാഗറിന്റെ 'എന്റെ ഇസ്ലാം അമേരിക്കയ്ക്ക് അനുകൂലമാണ്' എന്ന ലേഖനം സമ്മാനിക്കുക.

ഇസ്ലാം നേരിടുന്ന സമകാലിക പ്രതിസന്ധികള്‍ ഒരു അനുയായിയുടെ മനസ്സിനെ മഥിക്കുമ്പോഴുണ്ടാവുന്ന അതിശക്തമായ നിരീക്ഷണങ്ങളാണ് ശരീഫിന്റേത്. എന്നാല്‍ ഇസ്ലാമിന്റെ ആചാരങ്ങളുടെ കാലഹരണപ്പെട്ട കാഴ്ചപ്പാടുകളുടെ ഇരുമ്പുമറകള്‍ ഭേദിച്ച് പുറത്തുകടക്കാന്‍ വിശ്വാസം അനുവദിക്കുന്നുമില്ല. ഈ ലോകത്തിനുവേണ്ടതെല്ലാം ഇസ്ലാമിലുണ്ട്, ഇസ്ലാമിലില്ലാത്തതൊന്നും ലോകത്തിനു വേണ്ടതല്ല, ഇസ്ലാമിലുള്ളതെന്തോ ലോകം അതിനനുസരിച്ച് ചലിച്ചാല്‍ മതി എന്ന രാഷ്ട്രീയ ഇസ്ലാമും, ഇസ്ലാം മാത്രമാണ് സര്‍വ്വവും തികഞ്ഞ മതം എന്ന വിശ്വാസം വച്ചുപുലര്‍ത്തുന്ന സാദാ വിശ്വാസിയും തമ്മില്‍ വലിയ അകലമൊന്നുമില്ല. അതുകൊണ്ടുതന്നെയാണ് പകലാളുകള്‍ക്ക് ലീഗും സീപിയെമ്മും ആവാനും പാതിരാവില്‍ എന്‍ഡിയെഫ് ആവാനും കഴിയുന്നത്.

സഹിഷ്ണുതയാണ് ഒരു വിശ്വാസത്തിന് അത്യാവശ്യമായി വേണ്ടത്. ഇസ്ലാമിന് അതില്ലെങ്കില്‍ അതുപഠിക്കാനുള്ള എത്രയോ ദര്‍ശനങ്ങള്‍ ഭൂമുഖത്തുണ്ട്. അത് ആരെങ്കിലും പഠിച്ചുപോയെങ്കിലോ എന്ന ബേജാറുകൊണ്ടായിരുന്നില്ലേ അഫ്ഗാനിലെ ഇസ്ലാമിനെക്കാളും പ്രായമുള്ള ബുദ്ധപ്രതിമകള്‍ ബോംബിട്ട് നിരത്തിക്കൊടുത്തത്. ഇസ്ലാം ഭുമുഖത്തുനിന്ന് അപ്രത്യക്ഷമായാലും ബുദ്ധന്‍ ലോകത്തുണ്ടാവും. തലമൊട്ടയടിച്ച ഭിക്ഷുക്കളുടെ എണ്ണംകൊണ്ടല്ല. ബുദ്ധന്‍ പഠിപ്പിച്ച സഹിഷ്ണുതയുടെ മഹത്വം കൊണ്ട്. സഹിഷ്ണുതയില്ലാത്ത വിശ്വാസം കാലത്തെ അതിജീവിക്കുകയില്ല. കമ്മ്യൂണിസത്തിന്റേത് എന്നു ഞാന്‍ പറയുകയില്ല, കമ്മ്യൂണിസ്റ്റുകാരുടെ അധോഗതിയുടെ കാരണങ്ങളിലേയ്ക്ക് കണ്ണോടിച്ചാലും കാണുക ഈയൊരു അസഹിഷ്ണുതയായിരിക്കും. ഇസ്ലാം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയും നോക്കുക.

നല്ലതെന്തും ഇസ്ലാമിനുമാത്രമേ അവകാശപ്പെടാനാവൂ എന്ന വികലചിന്തകളില്‍ നിന്നുമാണ് യൂറോപ്പും അമേരിക്കയും ഇപ്പോള്‍ നടപ്പാക്കിവരുന്നത് ഇസ്ലാമിക ദര്‍ശനങ്ങളാണെന്ന നിരീക്ഷണം ഉടലെടുക്കുന്നത്.

മതഗ്രന്ഥത്തിലെ വരികള്‍ നോക്കിയല്ല ആരും മതത്തെ നിരീക്ഷിക്കുക. അതിന്റെ അനുയായികളുടെ പ്രവൃത്തിവെച്ചാണ്. ഇടക്കിടെ പല വിശ്വാസികളും പറയുന്നതുപോലെ എല്ലാ വിമര്‍ശനങ്ങളും ഇസ്ലാമിനെ അറിയാത്തതുകൊണ്ടാണെന്നതില്‍ പരം സൂപ്പര്‍ വിഡ്ഡിത്തം വേറൊന്നുണ്ടാവില്ല. ബൂദ്ധഭിക്ഷുവിനെ കാണുമ്പോള്‍ ആരും പഹയന്‍ ഭീകരനാണോ എന്നു സംശയിക്കാത്തതെന്തുകൊണ്ടാണ്? ഒരു മരം എന്താണെന്നുപറയുന്നത് അതിന്റെ ഫലം വച്ചാണ്. മതവും.

അതുകൊണ്ട് ശരീഫ് സഞ്ജയന്‍ പണ്ടുപറഞ്ഞതുപോലെ മുരിക്കില്‍ നിന്നും ചക്ക പറിക്കാന്‍ നോക്കാതെ മതത്തിനുമീതെയുള്ള മാനവികതയിലേക്കുയരുകയാണു വേണ്ടത്. ഓഷോ പറഞ്ഞതുപോലെ, ദൈവം ഒരു പരിഹാരമല്ല, പ്രശ്‌നമാണ്.

സമകാലികപ്രശ്‌നങ്ങള്‍

'ഇസ്ലാമിനെ രക്ഷിക്കേണ്ടത് ആര്?' എന്ന ശരീഫിന്റെ ലേഖനത്തിനുള്ള ഖണ്ഡനവിമര്‍ശനം എന്നുപറയാം കാളിദാസന്റെ പോസ്റ്റ്. കാളിദാസനെ വ്യത്യസ്തനാക്കുന്നത് നിരീക്ഷണങ്ങളിലെ മൗലികതയാണ്. പ്രത്യക്ഷത്തില്‍ പുരോഗമനപരം എന്നരീതിയില്‍ ശരീഫ് നിരത്തുന്ന വാദമുഖങ്ങളെ തലനാരിഴകീറി പരിശോധിച്ച് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം തന്റെ വാദമുഖങ്ങളെ കാളിദാസന്‍ ഉറപ്പിക്കുന്നു.

മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്ന പോസ്റ്റുകള്‍ ആളുകള്‍ വായിച്ചുതള്ളിക്കളയും. എന്നാല്‍ ബുദ്ധിപൂര്‍വ്വം പിന്തിരിപ്പന്‍ ആശയങ്ങള്‍ വിശ്വാസത്തിനപ്പുറം ഉയരാന്‍ പറ്റാത്ത വിശ്വാസികള്‍ അവതരിപ്പിക്കുമ്പോള്‍ അത് ഉചിതമായ മറുപടി അര്‍ഹിക്കുന്നു. ആ ധര്‍മ്മം കാളിദാസന്‍ നിര്‍വ്വഹിക്കുന്നു.

ചിന്താശകലങ്ങള്‍

നമുക്കു ചുറ്റിലുമുള്ള മുന്‍പേ പറഞ്ഞ അസഹിഷ്ണുതയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുന്നത് ശാസ്ത്രത്തിന്റെ അപ്രതീക്ഷിതമായ മുന്നേറ്റമാണ്. ദൃശ്യമാധ്യമങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും സജീവസാന്നിദ്ധ്യമാണ് നാം കേള്‍ക്കുന്നതല്ല, നാം കാണുന്നതല്ല നമുക്കു ചുറ്റിലും നടമാടുന്നത് എന്ന് കൂടെക്കൂടെ നമ്മെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

അത്തരമൊരു പ്രതിസന്ധി സമാഗതമാവുമ്പോള്‍ വിശ്വാസത്തിനു നേരെ നില്ക്കാന്‍ ശാസ്ത്രത്തിന്റെ ഊന്നുവടി ആവശ്യമായി വരുന്നത് സ്വാഭാവികം. മേലനങ്ങാതെ വിശ്വാസം മാര്‍ക്കറ്റുചെയ്ത് ജീവിക്കുന്നവരുടെ അരമനകളും കോട്ടകൊത്തളങ്ങളും തകര്‍ന്നടിയാതിരിക്കാനുള്ള പതിനെട്ടാമത്തെയടവ് ശാസ്ത്രത്തിന്റെ ബലത്തില്‍ വിശ്വാസത്തെ ന്യായീകരിക്കുകയാണ്.

അങ്ങിനെ സ്വന്തം വിശ്വാസം ഊട്ടിയുറപ്പിക്കാന്‍വേണ്ടി ശാസ്ത്രനേട്ടങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിന്റെ അപകടങ്ങളിലേയ്ക്ക് ശ്രദ്ധതിരിക്കുന്നൂ അപ്പൂട്ടന്റെ 'ധ്യാനചിന്തകള്‍ മാത്രം മതി' എന്ന നല്ല പോസ്റ്റ്. ശാസ്ത്രനേട്ടങ്ങളെ മതം എങ്ങിനെ ദുരുപയോഗം ചെയ്യുന്നു എന്നുകൂടി അറിയുക. ചലിക്കുന്ന കരിങ്കല്‍ പ്രതിമകളെപ്പോലെമാത്രമേ വനിതകള്‍ പുറത്തിറങ്ങാവൂ എന്ന് വിശുദ്ധഗ്രന്ഥത്തെപിടിച്ച് ഉത്തരവിറക്കുമ്പോഴും തലാക്ക് മൂന്നും മൊബൈല്‍ ഫോണിലൂടെ ചൊല്ലിയാല്‍ തന്നെ ഒന്നാന്തരം മൊഴിചൊല്ലലായി എന്നതില്‍ യാതൊരു സംശയവുമില്ല. മൊബൈല്‍ വഴിയുള്ള മൊഴിചൊല്ലലിനാവട്ടെ മലേഷ്യയില്‍ നിയമസാധുതയുമായി. ഇത് ശാസ്ത്രനേട്ടത്തെ മതം വിനാശകരമായി ഉപയോഗിക്കുന്നതിനുള്ള ഒരുദാഹരണം മാത്രം.

സാന്ദ്രഗീതം

'പൊരുത്തപ്പെടലുകളുടെ പട്ടികയിലേയ്ക്ക് ആദ്യം എഴുതിച്ചേര്‍ക്കാനായി' ഏറ്റുപറിച്ചിലില്‍ നഷ്ടമാവുന്ന അവരവര്‍ക്കുമാത്രം അവകാശപ്പെടാവുന്ന സ്മരണകളുടെ വിസ്മയകരമായ വര്‍ണനയാണ് ആഗ്നേയയുടെ വരികള്‍. ജീവിതവും മരണവും തമ്മിലുള്ള ഒരു പൊരുത്തപ്പെടലിന്റെ ചിത്രണമാവാം ആഗ്നേയയുടേത്.

പച്ച

പ്രണയം, പ്രവാസം, മരണം ഇതിലേതെങ്കിലും ഒന്നായിരിക്കും മിക്കവാറും ബൂലോഗത്തെ മുഖ്യസാഹിത്യവിഷയങ്ങള്‍. അതേ വഴിയിലെന്ന് തോന്നിക്കുമെങ്കിലും വ്യത്യസ്തമായ അതിമനോഹരമായ കവിതയാണ് സെറീനയുടെ 'ദൈവം ആദ്യത്തെ കവിത വായിക്കുന്ന ദിവസം'. ദൈവത്തിന്റെ ജനനമരണ രജിസ്റ്ററില്‍ പോലും സ്ഥാനമില്ലാതെ, ജനനത്തോടുള്ള പ്രതികാരമായി മാറുന്ന ജീവിതത്തിന്റെ ചിത്രമാണ് വരികളില്‍ സെറീന വരച്ചിടുന്നത്.

Thursday, January 14, 2010

ബൂലോഗ വിചാരണ 28

വള്ളിക്കുന്ന്

മതിക്ക് നിരക്കാത്ത ചെയ്തികള്‍ മതത്തിന്റെ ഭാഗത്തുനിന്നുണ്ടാവുമ്പോള്‍ മാനവസമൂഹം ഭീകരതയുടെ കരിനിഴലില്‍ ജീവിക്കേണ്ടിവരുന്നു എന്ന് ചരിത്രം നമ്മെ ഓര്മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
എന്നാല്‍ ചരിത്രത്തില്‍ നിന്നും പാഠമുള്ക്കൊള്ളുന്ന പതിവ് ഹ്യസ്വ ദര്‍ശികളായ നമ്മുടെ നേതാക്കള്‍ക്കുണ്ടാവുകയില്ല, ഫലമോ നമ്മള്‍ വിഡ്ഡികളുടെ തലയില്‍ ചരിത്രം ആവര്ത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.

സമൂഹത്തിലെ തിന്മകള്‍ക്കുള്ള ഒരു അലോപ്പതി ചികിത്സയാണ് മതം എന്നു കരുതി നമുക്ക് സമാധാനിക്കാം. കാരണം ഒരു രോഗത്തിനുള്ള മരുന്ന് കുടിക്കുമ്പോഴാണല്ലോ പല രോഗങ്ങള്‍ ലഭ്യമാവുക. അതായത് ഉപകാരത്തേക്കാളേറെ മനുഷ്യവംശത്തിന് ഉപദ്രവം ചെയ്തതാണ് മതങ്ങളുടെ ചരിത്രം. സാമൂഹിക സുരക്ഷയ്ക്കായി പ്രവാചകര്‍ സവിവേകം എടുത്തുപയറ്റിയ വിശ്വാസത്തിന്റെ ആയുധം അവിവേകികളുടേയും കാലാനുസൃതമായി മാറാന്‍ പറ്റാത്ത വിവരദോഷികളുടേയും കൈകളിലെത്തുമ്പോള്‍ സമൂഹത്തിന്റെ പ്രയാണം പിന്നോട്ടേക്കായിരിക്കും.

കുരുടന്മാര്‍ ആനയെക്കണ്ടതിലും ഒന്നുകൂടി വൃത്തിയായി ഒരു ദര്‍ശനത്തെ നോക്കിക്കണ്ടവരുടെ നെടുനീളന്‍ പട്ടികയില് മുന്‍ നിരയില് തന്നെ സ്ഥാനം പിടിച്ചവരാണ് മദനിയും ധര്മ്മപത്നി സൂഫിയയും. മദനിയുടെ ഐ.എസ്.എസിലെ പൂര്‍വ്വാശ്രമ പ്രസംഗം എന്നും വിളിക്കപ്പെടാവുന്ന ആ അട്ടഹാസങ്ങളുടേയും ആ കരിമ്പൂച്ചകളുടെ കരവലയ കാര്യങ്ങളുടേയും സത്യസന്ധമായ വിവരമമാണ് ബഷീറിന്റേത്.

ആ അട്ടഹാസം ഒരു തവണ കേള്‍ക്കാനുള്ള പാപം ഈയുള്ളവനും ചെയ്തുപോയിട്ടുണ്ടാവണം. പ്രസംഗത്തിന്റെ ആകത്തുകയാവട്ടെ ബഷീര്‍ പറഞ്ഞതുപോലെ 'ഒരുതുള്ളി ചോരയ്ക്ക് പത്തുതുള്ളി ചോര' അതോ ഒരു കുടമോ - കൃത്യമായി ഓര്‍മ്മയില്ല..

മതനിരപേക്ഷതയുടെ കാവല്‍ മാലാഖമാര് അപ്പൊഴേ മദനിസായിബിനെ പൊക്കി സുരക്ഷിതമായി ജയിലിലടച്ചിരുന്നുവെങ്കില്‍ മദനിക്ക് കാലുമുണ്ടാവുമായിരുന്നു. ഭീകരതയുടെ ഇപ്പോഴത്തെ ഈ ഭീതിതമായ അവസ്ഥയുമുണ്ടാകുമായിരുന്നില്ല. A stitch in time saves nine എന്നാണ് അതായത് അടി സമയത്തുകിട്ടിയാല് പിന്നെ വെടിയുടെ ആവശ്യം വരുകയില്ല.

അടിച്ചമര്‍ത്തപ്പെട്ടവന്റെ നിശ്വാസവും ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവു നഷ്ടപ്പെട്ടവന്റെ ആത്മാവുമായ മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പാക്കിയതിന്റെ ശിക്ഷ മതവും രാഷ്ട്രീയവും കൂട്ടിക്കലര്ത്തി ഭീകരതയ്ക്ക് വിത്തുപാകുന്നവര്‍ക്ക് ലഭിക്കേണ്ടതാണ്. ചരിത്രം അവരെ കുറ്റക്കാരെന്നു വിധിക്കും. സമകാലികപ്രസക്തിയുള്ളതും നാടുനീളെ ചര്ച്ച ചെയ്യുന്നതുമായ ഒരു വിഷയത്തിലുള്ള ബഷീറിന്റെ ശ്രദ്ധേയമായ പോസ്റ്റ്.

ഋതുഭേദങ്ങള്‍

പ്രകൃതിയുടെ ജീവിതതാളം പിഴയ്ക്കുന്നതിന്റെ ഭീതിതമായ ചിത്രം വരച്ചുകാട്ടുന്ന മയൂരയുടെ വരികള്. പുല്‍കളും പുഴുക്കളും പുഴകളും കൂടിത്തന് കുടുംബക്കാര് എന്ന വിശ്വസ്നേഹ സങ്കല്പത്തില്‍ നിന്നും എല്ലാം നമുക്കുവേണ്ടി എന്ന ഇടുങ്ങിയ ചിന്തയുടെ കോട്ടകളിലേയ്ക്ക് നമ്മള് കുടിയേറുമ്പോള്‍ ലോകം ഒരു മരുഭൂമിയാവുന്ന നാളുകള്‍ അടുത്തുകൊണ്ടേയിരിക്കുന്നു. ലോകത്ത് രണ്ടുപേരെ മാത്രം ബാക്കിയാക്കാം, ആരെ വേണം എന്ന് സ്വപ്നത്തില്‍ പ്രത്യക്ഷനായ പടച്ചോന്റെ ചോദ്യത്തിന് ഞാനും എന്റെ തട്ടാനും എന്നുത്തരം പറഞ്ഞ 'ദീര്‍ഘദര്‍ശി' യെയാണ് ഓര്‍മ്മ വരുന്നത്.

പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം നമുക്ക് സുഭിക്ഷം കഴിയാന് മാത്രമുള്ളതാണ് എന്ന വീക്ഷണത്തിന് ശക്തിപ്രാപിക്കുമ്പോള്‍ പ്രകൃതിയുടെ ജീവിതതാളം അവതാളമാവുന്നു, കുളിര്‍മഴയുടെ ലാളനയും അരുണകിരണന്റെ തലോടലും പ്രതീക്ഷിച്ചു വീണുകിടക്കുന്ന വിത്തുകള്‍ സ്വാഭാവികമായും പ്രാര്ത്ഥിച്ചുപോയേക്കാം - തങ്ങളെയിനിയും ഭൂമിയില്‍ മുളച്ചുപൊന്തിക്കാന്‍ ഇടവരരുതേയെന്ന്. നല്ലചിന്തകളുടെ മുളപൊട്ടുന്നൂ മയൂരയുടെ വരികളില്‍.

റീ ബില്‍ഡ് മുല്ലപ്പെരിയാര്‍ ഡാം

നിര്‍മ്മിക്കുന്ന വേളയില് 50 വര്ഷത്തെ ആയുസ്സുമാത്രം പ്രഖ്യാപിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വയസ്സ് 100 കഴിഞ്ഞു. ഏതാണ്ട് ഇന്ത്യക്കാരന്റെ ആയുസ്സുപോലെ. ശരാശരി 67-68 ആണെങ്കിലും ചിലര്‍ 100-110 വരെയങ്ങുപോവും. അതിനപ്പുറം പോവാനുള്ള സാദ്ധ്യത കുറവാണ്. അങ്ങിനെയുള്ളവര്‍ പോവുമ്പോഴും വലിയ പ്രശ്നമൊന്നുമുണ്ടാവുകയുമില്ല.
മുല്ലപ്പെരിയാറാവട്ടെ പോവുമ്പോള് കൂടെക്കൊണ്ടുപോവുക മൂന്നു ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളെയുമായിരിക്കും.

ആളുകളുടെ ആയുസ്സുതന്നെ പലപ്പോഴും അരനൂറ്റാണ്ടു തികയാറില്ലെങ്കിലും ഒപ്പുവെയ്ക്കുന്ന കരാറിന് ചുരുങ്ങിയത് 999 കൊല്ലത്തെ കാലാവധികാണണം എന്നു നിര്ബന്ധമുള്ളതുപോലെയാണ് കരാറുകളെല്ലാം. തീന്ബിഗ പാട്ടക്കരാറൊക്കെ നോക്കുക. കരാറെഴുതാന്‍ നമ്മള് തിരഞ്ഞെടുത്തയക്കുന്നവന്റെ ഔദ്യോഗിക ആയുസ്സാവട്ടെ അഞ്ചുവര്ഷവും. വിശ്വസിച്ച് ഏറിയാല് അഞ്ചുകൊല്ലം മാത്രം ഭരണം ഏല്പിക്കാന്‍ പറ്റുന്നവന്‍ 999 കൊല്ലത്തേക്ക് കരാറൊപ്പിടാനുള്ള അധികാരം കിട്ടിയത് എവിടെനിന്നാണ്? അങ്ങിനെ ഒരു കരാര്‍ ഒപ്പിട്ടതുകൊണ്ട് അടുത്ത തലമുറയ്ക്ക് അത് മാനിക്കേണ്ടതുണ്ടോ? ആലോചിക്കേണ്ട വിഷയങ്ങളാണ്

കയ്യെത്തുന്നേടത്ത് തലയെത്താത്ത ഒരു വയോധികനായ മുഖ്യമന്ത്രിയുടെ വിശാലവീക്ഷണങ്ങള്‍ക്കൊന്നും സ്ഥാനമില്ലാത്ത, തനിക്കും തന്റെ മക്കള്‍ക്കും ചെറുമക്കള്ക്കുമപ്പുറമുള്ള ഒരു രാഷ്ട്രീയം വിഭാവനചെയ്യാനുള്ള ശേഷിയില്ലാത്ത ഇടുങ്ങിയ മനസ്സിന്റെ പ്രതിഫലനമാണ് മുല്ലപ്പെരിയാര്‍ നിലപാടുകള്. സദാജാഗരൂഗനായ, സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കുന്ന സംസ്ഥാനതാത്പര്യം മുന്‍ നിര്‍ത്തി നിലപാടുകളില്‍ ഉറച്ചുനില്ക്കുന്ന ഊര്ജ്വസ്വലനായ നമ്മുടെ മന്ത്രി ശ്രീ പ്രേമചന്ദ്രന്റെ വിഷയത്തിലെ ഇടപെടലുകള് ശ്രദ്ദേയമാണ്..

ദശലക്ഷക്കണക്കിന് മനുഷ്യജീവന്‍, വളര്ത്തുമൃഗങ്ങളും വന്യമൃഗങ്ങളും, മൂന്നുജില്ലകളിലെ കൃഷിയിടങ്ങl, മൊത്തത്തിലെടുത്താല്‍ ഒരു സംസ്കൃതി തന്നെ ജലസമാധിയടയാനുള്ള സാഹചര്യമാണ് തമിഴ്നാടിന്റെ മര്ക്കടമുഷ്ടികാരണം ഉളവാകാന്‍ പോവുന്നത്. അത്തരം ഒരു നിലപാടുമായി ഒരു സംസ്ഥാനം മുന്നോട്ടുപോവുമ്പോല്‍ വിഷയം ദേശീയപ്രാധാന്യം കൈവരിക്കുന്നു. സകലകോണുകളില്‍ നിന്നും പ്രതിഷേധത്തിന്റെ സ്വരമുയരേണ്ട സന്ദര്ഭത്തില്‍, സാമൂഹിക ഇടപെടലുകള്‍ അനിവാര്യവുമ്പോള്‍, ബൂലോഗത്തെ മുല്ലപ്പെരിയാര്‍ ഇടപെടലുകള്‍ തികച്ചും അവസരോചിതം. വിഷയത്തെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങളാണ് നിരക്ഷരന്റെയും പ്രിയയുടേയും മറ്റും ലേഖനങ്ങള്‍. ഏതോ അന്യഗ്രഹ ജീവികളുടെ സ്ഥാനമായിരുന്നു തുടക്കത്തില്‍ ബൂലോഗത്തിനെങ്കിലും തട്ടുകടകളില്‍ ബ്ലോഗുകള്‍ ചര്ച്ചാവിഷയമാവുന്ന കാലത്തേക്ക് നാം മുന്നേറുമ്പോള്‍, ഇത്തരം സാമൂഹിക ഇടപെടലുകള്‍ അനിവാര്യമാണ്. അഭിവാദ്യങ്ങള്‍

Sunday, January 10, 2010

ബൂലോക വിചാരണ 27

രാജീവ്കൂപ്പ്
ഒരേ സമയത്തുവന്ന ഇന്ത്യന്‍ കരസേനാമേധാവിയുടെയും പ്രതിരോധമന്ത്രിയുടെയും ഭീകരതയെപറ്റിയുള്ള നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ഭീകരതയെ അവലോകനം ചെയ്യുകയാണ് രാജീവ്. പശ്ചിമേഷ്യയിലെ ദുരവസ്ഥയിലേക്ക് തെക്കന്‍ ഏഷ്യ നീങ്ങുന്നതിന്റെ ഉത്ക്കണ്ഠകള്‍ പങ്കുവെയ്ക്കുന്നു ലേഖനം. ഇസ്രയേലിലെ സമകാലിക അവസ്ഥയുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കന്‍ സൈനികഇടപെടലുകളെ പരിശോധിക്കുക കൂടിയാണ് രാജീവ്.

'രാജ്യത്തിനു നേര്‍ക്കുണ്ടായ അത്യപൂര്‍വ്വവും ശക്തവുമായ ആക്രമണമെന്ന നിലയ്ക്ക് ദേശീയതയുമായി ബന്ധപ്പെടുത്തി ഏറെ വൈകാരികമായാണ് ജനങ്ങള്‍ മുംബൈ സംഭവത്തെ സമീപിച്ചത്'. ലേഖകന്റെ ഈ നിരീക്ഷണം എത്രത്തോളം വസ്തുതാപരമാണെന്നതിന് അല്പം ചരിത്രം കൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിലും ഭീകരമായ ആക്രമണങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിലുമെത്രയോ ജീവിതങ്ങള്‍ തെരുവുകളില്‍ പൊലിഞ്ഞിട്ടുമുണ്ട്.

കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലേഖകന്‍ കശ്മീരില്‍ നടുറോഡില്‍ മരിക്കുന്നത് നമ്മള്‍ ലൈവായി കണ്ടതാണ്. അങ്ങിനെ എത്രയോ മരണങ്ങള്‍. എന്നാല്‍ ഈ ആക്രമണത്തിനുള്ള ഏക പ്രത്യേകത, സമൂഹം നേരിടുന്ന ഈ നൂറ്റാണ്ടിന്റെ ഭീകരമായ ഭീഷണിക്ക് ഇമ്മ്യൂണിറ്റിയുണ്ടെന്ന് കരുതിപ്പോന്ന സമൂഹത്തിലെ ഒരു മൈക്രോമൈനോറിറ്റിയുടെ ആവാസമേഖല ഭീകരരുടെ ആക്രമണത്തിന്റെ പരിധിയില്‍ വന്നത് ഇതോടെയാണ്. അതുമാത്രമാണ് ഈയൊരു ആക്രമണത്തിന്റെ ഏക പ്രത്യേകതയും. ആനപ്പുറത്തിരുന്നോട് നായ കുരച്ചാലെന്താ എന്ന നാട്ടിന്‍പുറത്തെ ചൊല്ല് ഇവിടെയും ബാധകമായിരുന്നു അതുവരെ.

അമേരിക്ക പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പരോക്ഷയുദ്ധം നടത്തുന്നത് പരസ്യമായ ഒരു രഹസ്യമാണ്. കമിഴ്ന്നുവീണാല്‍ കാല്‍പണവുമായി എഴുന്നേല്‍ക്കണം എന്നതു സായിപ്പിന്റെ പണ്ടേയുളള നയമാണ്. ഒരുകാലത്തെ അച്ഛന്‍ ബൂഷിന്റെ ഉയിര്‍തോഴനായിരുന്നു സദ്ദാം പിന്നീട് മോന്‍ ബൂഷിന്റെ കണ്ണിലെ കരടായി. പഴയ കണ്ണിലെ കരടായ ഗദ്ദാഫി, ആവശ്യപ്പെട്ട റാഞ്ചികളെയെല്ലാം വിട്ടുകൊടുത്തു നല്ലകുട്ടിയായി ഇപ്പോള്‍ നല്ലനടപ്പിലാണ്.

പിന്നെ രാജീവ് പരാമര്‍ശിക്കുന്നത് ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധത്തെയാണ്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രവുമായി സൗഹൃദം സ്ഥാപിക്കുന്നതിന് പല ലക്ഷ്യങ്ങളുമുണ്ട്്. ഇന്ത്യയുടെ അതിര്‍ത്തിയെയും പരമാധികാരത്തെയും തന്നെ അംഗീകരിക്കാത്ത ഒരു രാഷ്ട്രമല്ല ഇസ്രയേല്‍. ഒരുകാലത്ത് ലോകം മുഴുവന്‍ ജൂതര്‍ വേട്ടയാടപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ മുംബൈയിലും കൊച്ചിയിലും അഭയം തേടിയ ജൂതര്‍മാത്രമാണ് പീഢനമെന്തെന്നറിയാതെ കഴിഞ്ഞത്. നാലുവോട്ടുരാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ് ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ഇസ്രയേല്‍ വിരോധം. ഇസ്രയേല്‍ എന്നുപറയുന്ന രാജ്യത്തെ ഭൂപടത്തില്‍ നിന്നു തുടച്ചുനീക്കിക്കളയും എന്നു പ്രഖ്യാപിക്കാന്‍ മടിയില്ലാത്ത മതഭ്രാന്തന്‍മാര്‍ക്കാണ് നേര്‍വഴി കാണിച്ചുകൊടുക്കേണ്ടത്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ വിധവകള്‍ക്ക് അവരുടെ ജീവിതപങ്കാളികളുടെ മരണകാരണം അറിയുവാന്‍ വിവരാവകാശനിയമം ആയുധമാക്കേണ്ടിവന്നൂ എന്ന സ്ഥിതി ആശങ്കാജനകമാണ്. അതുപോലെ രാജ്യം അവരുടെ രക്ഷയ്ക്കായി നല്കിയ ബൂള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ നിലവാരത്തെ പറ്റിയുള്ള സംശയവും നമ്മുടെ സംസ്‌കാരത്തിനുമീതന്നെ സംശയത്തിന്റെ കരിനിഴലുകള്‍ വീഴ്ത്തുന്നു. 'രാജ്യസ്‌നേഹ'ത്തിനപ്പുറത്ത് എന്ന തലക്കെട്ട് അവസരോചിതം, നല്ല നിരീക്ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയവുമായ ലേഖനം.

ചിന്തകള്‍
തറവാടിയുടെ 'മാറേണ്ടുന്ന അധ്യാപകര്‍' എന്ന പോസ്റ്റ് അവസരോചിതമാണ്. അക്ഷരം പഠിക്കുക എന്ന ചക്കിനുചുറ്റും തിരിയുന്ന ഒരു കാളയായി കേരളത്തിലെ വിദ്യാഭ്യാസമേഖലയെ അധ:പതിപ്പിച്ചത് അതിനല്ലാതെ മറ്റൊന്നിനും കൊള്ളാതിരുന്ന ഒരുകൂട്ടം അദ്ധ്യാപകരുടെ ചെയ്തികളാണ്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസമേഖല ഒരു സാമൂഹികവിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. ലക്ഷങ്ങളുടെ കോഴവാങ്ങി നിയമനം മാനേജരും ശമ്പളവും പെന്‍ഷനും സര്‍ക്കാരും നല്കുന്ന ഒരു ദുരവസ്ഥ ലോകത്ത് നടമാടുക കേരളത്തില്‍മാത്രമായിരിക്കും.

പലപുരോഗമന പ്രസ്ഥാനങ്ങളുടെയും അമരത്ത് പിതാവിന്റെ മടിക്കുത്തിന്റെ ബലത്തില്‍ മാത്രം അധ്യാപകരായി വാഴ്ത്തപ്പെട്ട ഈയൊരു വിഭാഗമാണ് എന്നത് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. അവരെങ്ങനെ മാറും എന്നതാണ് പ്രശ്‌നം. മാറാനുള്ള കരുത്ത് അറിവിന്റെ ആഴമാണ്. സ്വപ്‌നം കാണാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വൈജ്ഞാനികലോകത്ത് എഴുന്നേറ്റുനില്ക്കാനുള്ള ശേഷിയില്ലാത്തവന്‍ പറന്നുകാണുന്നത് സ്വപ്‌നം കാണുവാന്‍ തറവാടിക്കും സ്വാതന്ത്ര്യമുണ്ട്. 'അല്ലാത്തപക്ഷം അധികം താമസിയാതെ നിങ്ങളെ നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചേക്കാം അന്ന് പക്ഷേ ഞങ്ങള്‍ രക്ഷിതാക്കള്‍ക്കുപോലും അവരെ തടയാനായെന്ന് വരില്ല'. അതുറപ്പ്.

മലയാളകവിത

അവതാരങ്ങള്‍ തിരിച്ചുപോവുമ്പോള്‍.....എന്ന മനോഹരമായ കവിതയുമായി തേജസ്വിനി. മനുഷ്യന്റെ അടങ്ങാത്തദുരയുടെ ഇരകളായി പ്രകൃതിയുടെ അവതാരങ്ങള്‍, മഴയും പുഴയും ജനനമരണങ്ങളില്ലാത്ത ഒരു തിരിച്ചുപോക്കിന് നിര്‍ബന്ധിതമാവുന്നതിന്റെ ചിത്രം വരച്ചുകാട്ടുകയാണ് തേജസ്വിനി. കുളമായി മാറുന്ന പുഴകണ്ട് പെയ്യാനാവാതെപോവുന്ന മഴയുടെ ആത്മാവ് തിരിച്ചുനടക്കുന്നതിന്റെ ചിത്രം.