പാരിജാതപ്പൂക്കള്‍
അകാലത്തില്‍ പൊലിഞ്ഞ കവയിത്രി ഷൈനയെ പറ്റി ഗിരീഷ് എഴുതിയത് മുമ്പ് ഈ കോളത്തില്‍ പരാമര്‍ശിച്ചിരുന്നു. വീണ്ടും, എഴുത്തിന്റെ ഒരു വസന്തം മലയാളികള്‍ക്കായി നല്കി അകാലത്തില്‍ വിടചൊല്ലിയ നന്ദനാരെ വായനക്കാരുടെ സ്മൃതികളില്‍ പുന:സൃഷ്ടിക്കുന്നു ഗിരീഷ്.നിശ്ശബ്ദമായ മാണിക്യവീണ എന്ന അര്‍ത്ഥവത്തായ ശീര്‍ഷകവും തൊട്ടുതാഴെയുള്ള നന്ദനാരുടെ ചിത്രവും തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ വരികളിലൂടെ ആ ജീവിതത്തിലേയ്ക്കും ജീവിതാന്ത്യത്തിലേയ്ക്കുമുള്ള പ്രയാണവും ആ നല്ല എഴുത്തുകാരന്‍ അര്‍ഹിക്കുന്ന സ്മരണാഞ്ജലി തന്നെയാണ്.
ഒരെഴുത്തുകാരനെന്ന നിലയില്‍ നന്ദനാരെ അറിഞ്ഞവര്‍ക്കും വായിച്ചവര്‍ക്കും ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ആ പേര്‍ കേള്‍ക്കുകകൂടി ചെയ്യാത്തവര്‍ക്ക് നന്ദനാരില്‍ താല്പര്യമുണ്ടാവുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ വരികള്‍ വായിക്കണമെന്നുതോന്നുന്നുവെങ്കില്‍ അവിടെയാണ് ഈയൊരു ലഘുജീവചരിത്രം വിജയം കാണുന്നത്.ഖാദര്‍ പറ്റേപ്പാടത്തിന്റെ പ്രതികരണത്തില്‍ പറഞ്ഞതുപോലെ 'ഇന്നും മനസ്സിന്റെ താഴ് വാരങ്ങളില്‍ വിടരുന്ന നൊമ്പരപ്പൂക്കളാണ് നന്ദനാരുടെ കഥകള്‍'. ഗിരീഷ് അഭിവാദ്യങ്ങള്‍.
വിജയലോകം
'വിവരിച്ചോ, നിര്‍വ്വചിച്ചോ കള്ളിയില്‍ ഒതുക്കാനാവാത്ത മലയാളത്തിന്റെ അമൂല്യ സാഹിത്യകാരനായ' എന്ന വാല്‍ക്കഷണത്തോടുകൂടി ഗുരുജി എടുത്തെഴുതിയ വി.കെ.എന്‍ കഥ 'ബ്രാഹ്മമുഹൂര്‍ത്ത'ത്തിന്റെ ഒരു ഭാഗം പലതുകൊണ്ടും ശ്രദ്ധേയമാവുന്നു.
ഒന്നാമതായി പണ്ട് വി.കെ.എന്‍ മമ്മൂട്ടിയോടു ചോദിച്ചതുപോലെ 'എന്താ പണി' എന്ന് നാണ്വായരോട് അങ്ങോട്ട് ചോദിക്കേണ്ട അവസ്ഥ എന്തായാലും ബൂലോഗത്തുണ്ടായിക്കൂടാ എന്ന് ഗുരുജി കരുതുന്നുണ്ടാവണം. രണ്ടാമതായി 'ഒരു ഭാഗ' മാവുമ്പോള്‍ പകര്‍പ്പവകാശത്തിന്റെ കുരുക്കില്‍ നിന്ന് രക്ഷപ്പെടുകയുമാവാം.
കുഞ്ചനും സഞ്ജയനും ശേഷം മലയാളത്തില്‍ ആക്ഷേപഹാസ്യത്തിന്റെ മഹാപ്രപഞ്ചമൊരുക്കിയാണ് വി.കെ.എന്‍ കടന്നുപോയത്. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നപോലെ വി.കെ.എന്റെ പരിഹാസത്തിന് പാത്രമാവാത്തവര്‍ ഒരു മേഖലയിലുമുണ്ടാവില്ല. പത്രപ്രവര്‍ത്തകനായുള്ള പൂര്‍വ്വാശ്രമവും, പൈങ്കിളിമുതല്‍ ദി നേച്ചര്‍ വരെയുളള ശാസ്ത്രമാസികകള്‍ വരെ പരന്നുകിടന്ന അടങ്ങാത്ത വായനയും പാണ്ഡിത്യവും ആ ഹാസ്യത്തിന് അനുപമമായി ഭംഗിയും ചിലപ്പോഴെങ്കിലും ദുര്‍ഗ്രഹതയും സമ്മാനിച്ചിരുന്നു.
പലപ്പോഴും ഒറ്റവാക്കുകൊണ്ട് വായനക്കാരനെ പൊട്ടിച്ചിരിപ്പിക്കാനുള്ള അനാദൃശമായ കഴിവാണ് വി.കെ.എന്‍ ഹാസ്യത്തിന്റെ കരുത്ത്. 'അതിയാന്‍ മൂന്നില്‍ നിര്‍ത്തുവാനുള്ള പ്രകോപനം?'
ഇതിലെ പ്രകോപനം എന്ന പദമാണ് ഇവിടെ ചിരിയുടെ താക്കോല്‍. ആ താക്കോല്‍ തുറക്കുന്നതാവട്ടെ 'മൂന്നിലധികം പേരോടും തന്നോടും നീതിചെയ്യാന്‍ കഴിയില്ലെന്ന സത്യസന്ധമായ വിശ്വാസം' എന്നു വായിക്കുന്നതോടെയുള്ള ഒരു പൊട്ടിച്ചിരിയിലേയ്ക്കും.
Brevity is the soul of wit എന്നത് മലയാളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് എഴുത്തുകാരില്‍ മുന്‍നിരയില്‍ തന്നെയാണ് വി.കെ.എന്‍. കുറച്ചുവാക്കുകളെ കൊണ്ട് കൂടുതലെഴുതി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ മഹാനായ ആ സാഹിത്യകാരനുള്ള ശ്രദ്ധാഞ്ജലി കൂടിയാണ് ഗുരുജിയുടെ ഈ സദുദ്യമം.
ലോകസിനിമ
'ബാല്യത്തിന്റെ നിഷ്‌കളങ്കതയും അധികാരത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വംശീയമേല്‍ക്കോയ്മയുടെയും ക്രൂരതയും ഒരുപോലെ അടയാളപ്പെടുത്തുന്ന 'The Boy in the Stripped Pyjamas' എന്ന നാസി തടങ്കല്‍പാളയ കഥ പറയുന്ന മികച്ച ചിത്രത്തിന്റെ ഒരു ആസ്വാദനമാണ് 'മരണവസ്ത്രം'. ഒരു നിരൂപണത്തിലുപരിയായി ആ സിനിമ കണ്ട ഒരു പ്രതീതിയാണ് എഴുത്ത് ഉളവാക്കുന്നത്.
ഇങ്ങിനെ സിനിമയെ അതിന്റെ ഇതിവൃത്തവും തുടക്കവും ഒടുക്കവും സന്ദേശവും അടക്കം സ്്ക്രീനില്‍നിന്നും കടലാസിലേയ്ക്ക് ആവാഹിച്ചെടുക്കുമ്പോള്‍, സ്വാഭാവികമായും സിനിമ കാണാനുള്ള പ്രേക്ഷകന്റെ താത്പര്യത്തെ കെടുത്തിക്കളയുകയല്ലേ ചെയ്യുന്നത്? നിരൂപകന്റെ പണി, ആ താത്പര്യത്തെ ജ്വലിപ്പിച്ചെടുക്കുകയാണ്. 'മരണവസ്ത്രം' വായിച്ച ഈയുള്ളവന് ഇനി ആ സിനിമ കാണാനുള്ള ആഗ്രഹമില്ല. കാരണം സ്്ക്രീനിലെ കാഴ്ചകള്‍ വരികളില്‍ വായിച്ചെടുത്തു.
മറിച്ച് ഒരു സിനിമാ ആസ്വാദനം എഴുതുന്നയാള്‍ അതിന്റെ കഥാഭാഗങ്ങള്‍ മാറ്റിവച്ച് കലാമൂല്യം, സാങ്കേതികമികവ്, ഫോട്ടോഗ്രഫി, ഇതിവൃത്തത്തെപറ്റി ഒരു സൂചന തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിച്ച് ആ സിനിമ കാണാനുള്ള ആകാംക്ഷ വായനക്കാരനില്‍ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്.
ലോകമലയാളം
എം.എസ് പ്രകാശ് ഒരനുഗൃഹീത കാര്‍ട്ടൂണിസ്റ്റാണ്, എ ബോണ്‍ കാര്‍ട്ടൂണിസ്റ്റ്. പ്രകാശിന്റെ 'വിശ്വാസ പ്രതിസന്ധി' എന്ന കാര്‍ട്ടൂണ്‍ ശ്രദ്ധിക്കുക. തികച്ചും സ്വതന്ത്രമായി നില്ക്കുന്ന ഒരു രചന. വരകളും വരികളും ചരിത്രത്തെ കൂട്ടുപിടിക്കുന്നില്ല. ഏതെങ്കിലും സിനികളിലെ കിടിലന്‍ ഡയലോഗുകളോ രംഗങ്ങളോ ആവുന്നില്ല. ആരുടെയും കവിതാശകലവുമല്ല. തികഞ്ഞ ശൂന്യതയില്‍ നിന്നും കാര്‍ട്ടൂണിസ്റ്റ് നടത്തിയ സൃഷ്ടിയാണോ എന്നുതോന്നിപ്പിക്കും വിധം മനോഹരം.
വലംകൈയ്യില്‍ ബീഡിയും ഇടംകൈ തലയിലും വച്ചുകൊണ്ടുള്ള ആ മനുഷ്യന്റെ കക്കൂസിലെ ഇരുപ്പ് കണ്ടാല്‍ ആരോടാണ് ചിരിച്ചുപോവാതിരിക്കുക. 'കര്‍ത്താവോ കാറല്‍മാര്‍ക്‌സോ' എന്ന വരി കാണുമ്പോഴാണ് ചിരി ചിന്തയ്ക്ക് വഴിമാറുക.
രണ്ടും ഒരു വിശ്വാസം - ജീസസും മാര്‍ക്‌സും. അഥവാ കൃസ്തുമതവും കമ്മ്യൂണിസവും. ശാസ്ത്രത്തിന്റെയോ സത്യത്തിന്റെയോ ഊന്നുവടികളില്ലാതെആര്‍ജിക്കപ്പെടുന്ന അറിവിനെയാണ് നമ്മള്‍ വിശ്വാസം എന്നുവിളിക്കുക. സത്യമാവാം അസത്യമാവാം, ശാസ്ത്രീയമാവാം അശാസ്ത്രീയമാവാം.
കക്കൂസിലിരിക്കുന്ന മനുഷ്യന്‍ വിശ്വാസപ്രതിസന്ധിയുടെ കാര്യം ലില്ലിക്കുട്ടിയോട് വിളിച്ചുപറയുമ്പോള്‍ കിട്ടുന്ന മറുപടി അതിലേറെ രസകരം. ഒരൊന്നൊന്നര മറുപടിയാണത്. ആശയങ്ങള്‍ക്കുമീതെ ആമാശയങ്ങള്‍ വളരുന്നത് വരിച്ചും വരച്ചും കാട്ടുന്നൂ പ്രകാശ്. അഭിവാദ്യങ്ങള്‍.
Thursday, February 11, 2010
Subscribe to:
Posts (Atom)