Thursday, October 15, 2009

ബൂലോഗവിചാരണ 23

വികടശിരോമണി

എഴുത്തുകാരന്റെ ഭാഷ 'ഭാഷ"യുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുമ്പോഴാണ്‌ സൃഷ്ടികള്‍ അതിമനോഹരമാവുക. അപ്പോള്‍ അത്‌ വിവര്‍ത്തനാതീതമായി നിലകൊള്ളുകയും ചെയ്യും. കുഞ്ചന്റെയും സഞ്‌ജയന്റെയും ബഷീറിന്റെയുമൊക്കെ സര്‍ഗശേഷിയെ മറ്റേതു ഭാഷയ്‌ക്കാണ്‌ തടവിലിടുവാന്‍ കഴിയുക. ഇനി അതിന്‌ ആരെങ്കിലും മുതിര്‍ന്നാല്‍ വിവര്‍ത്തനഗ്രന്ഥത്തിലെവിടെയായിരിക്കും ഇവരുടെയെല്ലാം ആത്മാവു ചോര്‍ന്നുപോവാതെ കുടികൊള്ളുക?

ഭാഷയ്‌ക്ക്‌ അതിര്‍വരമ്പുകള്‍ നിശ്ചയിച്ച വൈയാകരണന്‍മാര്‍ ഗ്രന്ഥത്തോടൊപ്പം അപ്രത്യക്ഷമാവുമ്പോള്‍ ഉത്‌കൃഷ്ട സാഹിത്യ കൃതികള്‍ കാലാതീതമായി നിലനില്‌ക്കുകയും ചെയ്യും. കാലം ചെല്ലുന്തോറും ബഷീര്‍ കാലികനാവുന്നതും അതുകൊണ്ടുതന്നെയാണ്‌. എഴുത്തിലെ, ചിന്തയിലെ മൗലികത. ഇഷ്ടംപോലെ ചോര തെരുവില്‍ ചിതറുമ്പോള്‍ ചെമ്പരത്തിപ്പൂവിന്റെ ചെമപ്പിനെ പറ്റിയെഴുതുന്ന തലയ്‌ക്ക്‌ നെല്ലിക്കാത്തളം കെട്ടേണ്ടതാണ്‌. പകരം ഇവിടെ അവാര്‍ഡുകൊടുക്കും എന്നുമാത്രം.

"താമരയിലകൊണ്ടു മറഞ്ഞാല്‍ വിരഹാകുലയാവുന്ന ചക്രവാകപ്പിടയുടെ വ്യഥകള്‍" ബഷീറിന്റെ കാലത്തിന്റേതല്ല, കാലികമായത്‌ പുട്ടിന്റെ നടുവില്‍ വച്ച പുഴുങ്ങിയമുട്ട കാമുകനെത്തുമോ എന്ന കാമുകിയുടെ വ്യഥ തന്നെയാണ്‌.

ഇറക്കുമതി ചെയ്‌ത അസംസ്‌കൃതപദാര്‍ഥങ്ങള്‍ കൊണ്ട്‌ കഥകള്‍ ചമച്ച എഴുത്തുഫാക്ടറി നടത്തിപ്പുകാരനായിരുന്നില്ല സുല്‍ത്താന്‍. കയ്യെത്തും ദൂരത്തുനിന്ന്‌ പറിച്ചെടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളെ തന്റേതുമാത്രമായ ഭാഷയിലൂടെ അനശ്വരമാക്കുകയാണ്‌ ബഷീര്‍ ചെയ്‌തത്‌.

വിദ്യുത്‌ സദസ്സുകളിലെ കനകസിംഹാസനങ്ങളില്‍നിന്നും ഭാഷയെ തെരുവിലിറക്കിയത്‌ കുഞ്ചനും വെണ്മണിക്കവികളുമാണ്‌. 'ഡോ നാറാണാ' എന്നത്‌ ഒരു കാലത്ത്‌ ശുദ്ധമലയാളമായപ്പോള്‍ ചിലര്‍ എങ്ങിനെ കഷ്ടപ്പെട്ടാലും 'കശ്‌ട'പ്പാടുമാത്രമാവുന്നതും ഇഷ്ടപ്പെട്ടാല്‍ 'ഇശ്‌ട'പ്പെടലുമാത്രമാവുന്നതും അശുദ്ധമലയാളമായതിനെപ്പറ്റി 'മരുഭൂമികള്‍ പൂക്കുമ്പോള്‍' എന്ന ബഷീര്‍ പഠനത്തില്‍ എം.എന്‍. വിജയന്‍ മാഷ്‌ എഴുതിയിട്ടുണ്ട്‌.

വാക്കുകള്‍ക്കപ്പുറത്തേക്കുള്ള ഒരു അര്‍ത്ഥപ്രപഞ്ചത്തിലേക്ക്‌ വരികള്‍ വഴികാട്ടുന്നുണ്ടോ എന്നുമാത്രം നോക്കുക. സാഹിത്യവും ശാസ്‌ത്രവും തമ്മിലുള്ള വേര്‍തിരിവിന്റെ അതിര്‍വരമ്പ്‌ അതാണ്‌. ശാസ്‌ത്രം നേര്‍രേഖയില്‍ സഞ്ചരിച്ച്‌ എത്തേണ്ടിടത്ത്‌ എത്തുമ്പോള്‍ സാഹിത്യം ഇരുട്ടില്‍ ചൂട്ടുകത്തിച്ചപോലെ കാണാമറയത്തുള്ളതും ദൃഷ്ടിഗോചരമാക്കുന്നു.

ആംഗലേയ സാഹിത്യത്തില്‍, ഭാഷയില്‍ ഏറ്റവും കൂടുതല്‍ കൈവിട്ടകളി കളിച്ചു നേടിയത്‌ ഷേക്‌സ്‌പിയറാണ്‌. 'ദി മോസ്‌റ്റ്‌ അണ്‍കൈന്‍ഡസ്‌റ്റ്‌ കട്‌ ഓഫ്‌ ഓള്‍' എന്നെഴുതിയ തന്റേടം അനശ്വരതയിലേയ്‌ക്കാണ്‌ അദ്ദേഹത്തെ നയിച്ചത്‌. ആംഗലേയ ലിപി cat എന്നെഴുതിയാല്‍ സേറ്റ്‌ എന്നും kat എന്നെഴുതിയാല്‍ കേറ്റ്‌ എന്നുംവായിക്കണമെന്ന ആഗ്രഹമായിരുന്നു ജോര്‍ജ്‌ ബര്‍ണാഡ്‌ ഷായ്‌ക്ക്‌. അതുചെയ്യാനായി മാറ്റിവച്ച അദ്ദേഹത്തിന്റെ നോബല്‍ സമ്മാന തുക ബാങ്കില്‍ വിലങ്ങനെ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ലാവണ്യനിയമങ്ങളെ അനുസരിക്കാത്ത ബഷീറിന്റെ ഭാഷയെപറ്റി വന്ന വികടശിരോമണിയുടെ പോസ്‌റ്റ്‌ ശ്രദ്ധേയം.

ബ്രിജ്‌വിഹാരം

ജീവിതം ദുരന്തപര്യവസായിയായി ഒടുക്കാതെ ശുഭപര്യവസായിയായി കൈപിടിച്ചുയര്‍ത്തി അവസാനിപ്പിക്കുന്നതായിരുന്നു നമ്മുടെ ക്ലാസിക്‌ രചനാ രീതി. പാശ്ചാത്യലോകമാവട്ടേ ട്രാജഡികളുടെ പൂരപ്പറമ്പും. ജീവിതം കല്ലും മുള്ളും കുറുനരിയുടെ ഓരിയും കാലന്‍കോഴിയുടെ കൂവ്വലും മാത്രം നിറഞ്ഞതാണെന്നുള്ള ഒരു വീക്ഷണവും അങ്ങിനെയല്ല പൂവിന്റെ ഭംഗിയും പുഴകളുടെ കളകളാരവവും കുയിലിന്റെ നാദവുമുള്ളതാണെന്ന മറുവീക്ഷണവുമാണ്‌ സാഹിത്യകൃതികളില്‍ പ്രതിഫലിച്ചിരുന്നത്‌.

ബൂലോഗത്തെ പരശ്ശതം ചവറുകളില്‍നിന്നും രണ്ടുഡസന്‍ ക്ലാസിക്‌ ബ്ലോഗുകളെ തിരഞ്ഞെടുത്താല്‍ അതില്‍ പ്രതീക്ഷയുടെ പ്രഭാതവും നഷ്ടകഷ്ടങ്ങളുടെ ഇരവുകളും ഇടകലര്‍ന്നുവരുന്ന ബ്രിജ്വിഹാരത്തിന്‌ ഒരു സ്ഥാനമുണ്ടാവും. ഹാസ്യത്തിന്റെ പനിനീര്‍പൂച്ചെണ്ടുമായി വന്ന്‌ സ്വീകരിക്കുന്ന ആദ്യപകുതിയും ദുരന്തത്തിന്റെ കറുത്തബാഡ്‌ജുമണിയിച്ച്‌ യാത്രയാക്കുന്ന അന്ത്യപകുതിയും ബൂലോഗത്തെ പശ്ചാത്യശൈലിയെന്നുവേണം കരുതാന്‍.

"നടുവാണോ ചന്തിയാണോ ആദ്യം തറയില്‍ ഇടിച്ചതെന്ന കാര്യത്തില്‍ അമ്മാവനുമുണ്ടായിരുന്നില്ല ഒരു ഉറപ്പ്‌"
"ഗിര്‍പ്പ്‌ പോയെടാ"
"രണ്ടുകാലില്‍ നടക്കാന്‍ രണ്ടാമതൊന്നാലോചിക്കണം എന്ന പരുവത്തില്‍ അമ്മാവനും കൂട്ടാളികളും തോന്നിപ്പാലത്തിലൂടെ നീങ്ങുന്നു"

മനസ്സിലും മുഖത്തും ചിന്തയിലും ചിരിപടര്‍ത്തുന്ന ശൈലിയിലൂടെ മനു വായനക്കാരനെ നയിക്കുന്നത്‌ ദുരന്തങ്ങളുടെ അനിവാര്യതയിലേയ്‌ക്കും.

"എന്നാലും ഞാന്‍ പ്രാര്‍ത്ഥിക്കും...ഒരിക്കലെങ്കിലും ഒറ്റ പ്രാവശ്യമെങ്കിലും എന്റെ കുഞ്ഞുങ്ങള്‍ ഈ ഭൂമിയുടെ ശബ്ദം ഒന്നു കേട്ടെങ്കില്‍.... കാറ്റിന്റേം മഴയുടേം തോടിന്റേം കുയിലിന്റേം".

ആ മാതൃവിലാപം വാക്കുകളിലേക്കാവാഹിക്കുമ്പോള്‍ ഘനീഭവിച്ച ദു:ഖം മനുവിന്റെ വാക്കുകളിലൂടെ പെരുമഴയായി പെയ്‌തിറങ്ങുന്നു. ഒരു പകുതി നിറമുള്ള ജീവിതത്തിന്റെ ഘോഷയാത്രയുടേതും മറുപകുതി തുല്യ അളവില്‍ ദുരന്തങ്ങളുടെ വിലാപയാത്രയുടേതുമായി ബാലന്‍സുചെയ്യുന്ന തുലാസുമായി മനു വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്നു. ഇപ്പോള്‍ 'കണ്ണോരം കടവത്തെ പൊന്നോണത്തുമ്പി'കളുമായി.

ബീയിങ്ങ്‌ - ഐറിസ്‌
ഒരു പോസ്‌റ്റ്‌ മോഡേണ്‍ സമൂഹം എന്നു ശാസ്‌ത്ര വളര്‍ച്ചയുടെ ഗ്രാഫുമാത്രം വച്ച്‌ രേഖപ്പെടുത്തപ്പെടുത്താവുന്ന അമേരിക്കന്‍ സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഇരുണ്ടവശത്തേക്ക്‌ വെട്ടം ചിതറുന്നൂ 'സൃഷ്ടിയും പരിണാമവും അമേരിക്കയില്‍' എന്ന മികച്ച പോസ്‌റ്റ്‌.

ഡാര്‍വിന്റെ ബഹുമാനാര്‍ത്ഥം 120ഓളം രാജ്യങ്ങള്‍ സ്‌റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്‌. ആ 120 രാജ്യങ്ങളില്‍ അമേരിക്കയില്ല എന്നത്‌ അമേരിക്ക ഡാര്‍വിനെ അംഗീകരിക്കുന്നില്ല എന്ന്‌ അര്‍ത്ഥമാക്കുന്നില്ല. ഇന്‍സ്റ്റാന്റ്‌ കമ്മ്യൂണിക്കേഷന്‍ സാദ്ധ്യമാവുന്ന ഇന്റര്‍നെറ്റ്‌ ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ജനത ഇന്നയച്ചാല്‍ എന്നെങ്കിലും കിട്ടിയേക്കാവുന്ന കത്തും അതിന്‍മേലൊട്ടിക്കേണ്ട സ്റ്റാമ്പിനും പിന്നാലെ പോവുമോ? ആയൊരു കാലത്ത്‌ ഒരു സ്‌്‌റ്റാമ്പില്‍ ഡാര്‍വ്വിനെ പടച്ചുവിടുന്നതുതന്നെ ഒരു അനാദരവായിക്കൂടെന്നുമില്ല. ഒരു ക്ലിക്‌ അകലത്തില്‍ പതിനായിരക്കണക്കിനുപേജുകളില്‍ ഡാര്‍വ്വിന്‍ നിറയുമ്പോള്‍ എന്തിന്‌ ഒരു സ്‌റ്റാമ്പില്‍ ഡാര്‍വിന്‍ ദര്‍ശനം?

എങ്കിലും ഡാര്‍വിന്‍ കഥാപാത്രമായി വരുന്ന സിനിമ അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കപ്പെടാന്‍ സാദ്ധ്യതയില്ലെന്ന പരാമര്‍ശം ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. പള്ളികളില്‍ യുവാക്കള്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന രാജ്യമായി അമേരിക്ക മാറിയിട്ടും പരിണാമസിദ്ധാന്തത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിവരുന്നു എന്നാവുമ്പോള്‍ മതങ്ങള്‍ക്ക്‌ ആഴത്തില്‍ വേരുകളുള്ള ഇന്ത്യയിലെ സ്ഥിതിയെന്തായിരിക്കും എന്നു വേവലാതിപ്പെടുന്നൂ ഐറിസ്‌.

ആ സംശയം തികച്ചും അസ്ഥാനത്താണ്‌. വേദപുസ്‌തകങ്ങളും പള്ളികളും പ്രവാചകന്‍മാരുമില്ലാത്ത ബഹുഭൂരിപക്ഷത്തിന്റെ നാടാണ്‌ ഇന്ത്യ. സംഘടിതമതങ്ങളുടെ ഭാഷയില്‍ നിഷേധികള്‍. പോപ്പിന്‌ കപ്പം കൊടുക്കുന്ന സാമന്ത വിശ്വാസരാജ്യമായ അമേരിക്കയുമായി ഇന്ത്യയെ ഉപമിക്കുന്നതില്‍ എന്തര്‍ത്ഥം?

നിര്‍മാല്യം ഇവിടെ തകര്‍ത്താടിയപ്പോള്‍ ആകാശം ഇടിഞ്ഞുവീണോ? പി.ജെ.ആന്റണി എന്ന മഹാനടനെ മലയാളികള്‍ ആദരിക്കുന്നതു തന്നെ നിര്‍മാല്യത്തിലെ വിഗ്രഹത്തില്‍ കാര്‍ക്കിച്ചുതുപ്പുന്ന വെളിച്ചപ്പാടിലൂടെയാണ്‌. ആ വിഗ്രഹത്തിന്റെ സ്ഥാനത്ത്‌ ഖുറാനെയോ ബൈബിളിനേയോ പ്രതിഷ്‌ഠിച്ച്‌ സംവിധായകന്‍ ആക്ഷന്‍ പറയട്ടേ. അപ്പോഴറിയാം അസഹിഷ്‌ണുതയുടെ ആഴക്കടലിന്റെ നീളവും വീതിയും.

'നിര്‍മാല്യം' ഉള്‍ക്കൊണ്ട ജനതയെ അളക്കേണ്ടത്‌ കാര്‍ട്ടൂണ്‍ വരച്ചതിന്‌ ഫത്വാ പ്രഖ്യാപിച്ചവരുടെയും ആറാംതിരുമുറിവിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചവരുടെയും തലയിലിരുപ്പ്‌ വച്ചല്ല. ബൈ ഡിഫോള്‍ട്‌ അവിശ്വാസികളായവരോട്‌ അക്കൂട്ടരെ ഉപമിക്കരുത്‌. മാത്രമല്ല കുലത്തില്‍ പിറന്ന്‌ കുരങ്ങായിപ്പോയ അര ഡസന്‍ ബജ്‌റംഗാദികളെവച്ച്‌ കോടിക്കണക്കിന്‌ ജനതയെ അളക്കുകയുമരുത്‌.

നബിതിരുമേനി ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായപ്പോള്‍ ഡെന്‍മാര്‍ക്കിലെ നാലാളുകള്‍മാത്രമല്ല രംഗത്തെത്തിയത്‌, അസഹിഷ്‌ണുതക്ക്‌ അന്ധവിശ്വാസത്തില്‍ പിറവിയെടുത്ത അപരിഷ്‌കൃതത്വത്തിന്റെ മൂത്താപ്പമാര്‍ മൊത്തം ലോകത്തിന്‌ തീവെക്കാനായി നടുറോഡിലിറങ്ങിയതാണ്‌. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഒരു സത്യം വിളിച്ചുപറയാന്‍ മറ്റൊരു അസത്യത്തെ കൂട്ടുപിടിക്കുന്നത്‌ അല്‌പത്വമല്ലെങ്കില്‍ ചുരുങ്ങിയത്‌ ഭീരുത്വമാണ്‌.

സിങ്കുലാരിറ്റി ഓണ്‍

അന്വേഷണാത്മക പത്രപ്രവര്‍ത്തനം പ്രിന്റ്‌ മീഡിയായില്‍ നിന്നും കുടിയിറങ്ങി ബൂലോഗത്ത്‌ കുടിയേറിയതോടെയായിരുന്നു ഇറാഖ്‌ യുദ്ധകാലത്ത്‌ ലോകശ്രദ്ധ ബ്ലോഗുകളിലേക്ക്‌ തരിഞ്ഞത്‌. മഹാഭാരതയുദ്ധ റിപ്പോര്‍ട്ടറായ സഞ്‌ജയന്റെ പണി ഇറാഖ്‌ യുദ്ധകാലത്ത്‌ ബ്ലോഗര്‍മാര്‍ ഏറെക്കുറെ നിര്‍വ്വഹിച്ചതാണ്‌ ലോകം കണ്ടത്‌. പ്രിന്റ്‌ ദൃശ്യമാധ്യമങ്ങള്‍ ഇടവും വലവും ചിന്തിക്കാതെ സ്‌കൂപ്പ്‌ എന്നു വച്ചുകാച്ചുന്ന വഷളുകളും വിഡ്‌ഢിത്തങ്ങളും ചില്ലറയല്ല. സാഹിത്യത്തില്‍ നിന്നും സിനിമയില്‍ നിന്നും അകന്നുപോയ കാല്‌പനികത്‌ അച്ചടി മാധ്യമങ്ങളെ ഗ്രസിച്ചുവോ എന്ന സംശയം പ്രകടിപ്പിക്കുന്നു പോസ്‌റ്റ്‌. അങ്ങിനെയൊരു അബദ്ധത്തിന്റെ പിന്നാമ്പുറങ്ങളിലേയ്‌ക്കുള്ള കാല്‍വിന്റെ സമയോചിതമായ യാത്രയാണ്‌ 'ഹനാന്‍-മാധ്യമങ്ങള്‍ ചെയ്‌തതെന്ത്‌' എന്ന നല്ല പോസ്‌റ്റ്‌.

Monday, October 5, 2009

ബൂലോഗവിചാരണ 22

ദി മിസ്ട്രസ് ഓഫ് സ്‌മോള്‍ തിങ്‌സ്
കുട്ടിക്കാലമെന്തെന്നറിയാതെ നടുപ്പുറത്തെ പഠനച്ചുമടുമായി കുനിഞ്ഞുനടക്കുന്ന തിബത്തന്‍ വനിതകളെപ്പോലുള്ള കുട്ടികള്‍, കൗമാരമെന്തെന്നറിയാത്ത കുമാരീകുമാരന്‍മാര്‍, യൗവനം വാര്‍ദ്ധക്യത്തിലേയ്ക്കുള്ള ചവിട്ടുപടിമാത്രമാക്കിയ യുവതലമുറ, മരണംകൊണ്ടുമാത്രം ചികിത്സിക്കേണ്ടുന്ന മാറാരോഗമാണ് വാര്‍ദ്ധക്യം എന്നു ധരിച്ചുവശായ വൃദ്ധജനങ്ങള്‍ - ശരാശരി സമകാലിക കിഴക്കിന്റെ ചിത്രം ഇങ്ങിനെയാവുമ്പോള്‍ അങ്ങിനെയല്ലാത്ത ഒരു ചിത്രം പടിഞ്ഞാറിന്റെ കാന്‍വാസില്‍ കോറിയിടുന്നു സീമാ മേനോന്‍.
മിസ്ട്രസ് ഓഫ് സ്‌പൈസസിന്റെ ആദ്യപാദവും ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന്റെ അന്ത്യപാദവും സമ്മേളിപ്പിച്ചതാവാം 'മിസ്ട്രസ് ഓഫ് സ്‌മോള്‍ തിങ്‌സ്' എന്നുതോന്നുന്നു. ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് വായന തന്ന പീഢാനുഭവം കാരണം പേജുകളിലൊതുങ്ങുകയാണല്ലോ ഉണ്ടായത് എന്നാലോചിച്ചുകൊണ്ടാണ് മിസ്ട്രസ് ഓഫ് സ്‌മോള്‍ തിങ്‌സിലേക്ക് കണ്ണുകള്‍ പായിച്ചത്. അശുഭപ്രതീക്ഷയുടെ വണ്ടി പാളംതെറ്റി നിന്നത് സീമാമേനോന്റെ നല്ല നിരീക്ഷണങ്ങളിലാണ്. നിസ്സംശയം പറയാം - ഇമ്മിണി ബല്യ തിങ്‌സ് തന്നെ 'വാര്‍ദ്ധക്യമേ ഞാന്‍ ബിസിയാണ്' എന്ന പോസ്റ്റ്.
'ഓരോ വര്‍ഷവും ഒരു പുതിയ സ്‌കില്‍ പഠിക്കുക - മനസ്സിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ ഒരു മൈക്കിള്‍ ടിപ്പ്'. ഒരു ആയുഷ്‌കാല അദ്ധ്വാനം മുഴുവന്‍ സിമന്റും കമ്പിയുമാക്കി മാറ്റി പണിത കോണ്‍ക്രീറ്റുവനത്തില്‍ ചുറ്റുമുള്ള ദരിദ്രവാസികളെ പ്രാകി സമാധിദിവസം കാത്തുകഴിയുന്ന നമ്മുടെ വാര്‍ദ്ധക്യത്തിന് മാതൃകയാക്കാവുന്ന നല്ല മോഡലുകള്‍ തന്നെയാണ് മൈക്കിളും മാര്‍ത്തയും. ഇംഗ്ലീഷ് പദങ്ങളുടെ ആധിക്യതയിലും ഭാഷയുടെ മനോഹാരിതയും തനിമയും ചോര്‍ന്നുപോവാത്ത നല്ല ശൈലി. ആംഗലേയത്തിലെ ചൊല്ല് അതേപടി മലയാളീകരിച്ച് 'ക്യൂരിയോസിറ്റി അവസാനം ക്യാറ്റിനെ കൊല്ലുമെന്നായപ്പോള്‍' എന്ന പ്രയോഗം മുടന്തി നടക്കുമ്പോള്‍ തന്നെ 'ഒരു പൂവു ചോദിച്ചപ്പോള്‍ പൂക്കാലം തന്നതുപോലെ' എന്ന മനോഹരശൈലി ക്യാറ്റ് വാക്ക് നടത്തുകയും ചെയ്യുന്നു. കാലികപ്രസക്തിയുള്ള, പലപ്പോഴും ശ്രദ്ധയില്‍പെടാതെ പോവുന്ന ഒരു ശ്രദ്ധേയമായ വിഷയം വായനയക്കായി എത്തിച്ചതന് നന്ദി.
ബ്ലോഗ്ഭൂമി
പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ മഹാനേട്ടങ്ങളിലൊന്നാണ് കമ്പിയില്ലാക്കമ്പി അഥവാ ടെലിഗ്രാഫ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഡി.എച്ച് ലോറന്‍സ് തന്റെ വിശ്രുതനോവലായ ലേഡി ചാറ്റര്‍ലീസ് ലവറില്‍ ഇതേക്കുറിച്ച് പരാമര്‍ശിച്ചത് ലോകത്തിന്റെ അതിരുകള്‍ അപ്രത്യക്ഷമായി എന്നോമറ്റോ ആണ്.
അവിടെനിന്നും കാലം പിന്നെയും ബഹുദൂരം മുന്നോട്ടുപോയപ്പോള്‍ കൊഴിഞ്ഞുവീണതാവട്ടെ അന്നോളം കാണാതിരുന്ന ബാക്കിയുണ്ടായിരുന്ന അതിരുകളും. അതുകൊണ്ടാണ് നമുക്ക് ഇപ്പോഴും വേള്‍ഡ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് സങ്കല്‍പത്തിലും മെച്ചപ്പെട്ട ഒരു പദം ഇനിയും കണ്ടെത്താന്‍ പറ്റാത്തതും. ഒരതിര് മായുമ്പോഴാണ് മറ്റൊന്ന് പ്രത്യക്ഷമാവുക.
ലോകഗതി തന്നെ മാറ്റിമറിച്ച ഇന്റര്‍നെറ്റ് എന്ന കണ്ടുപിടുത്തം നാല്പതുവയസ്സിലേയ്ക്കു കടന്നു എന്നു വിളിച്ചറിയിക്കുന്ന ബ്ലോഗ്ഭൂമി. രസകരമായ ചരിത്രവസ്തുതകളുടെ അവതരണത്തിലൂടെ ഇന്റര്‍നെറ്റ് വിവരസാങ്കേതികവിദ്യയുടെ പ്രാധാന്യം വെളിവാക്കുകയും അതിന്റെ ചരിത്രം വായനക്കാര്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ ലേഖനം. 1924ലെ ആശാന്റെ മരണത്തിനുശേഷം 67 വര്‍ഷം കഴിഞ്ഞ് ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്കു വിത്തുപാകിയ പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊലചെയ്യപ്പെട്ട വാര്‍ത്ത രണ്ടാഴ്ച കഴിഞ്ഞിട്ടും എത്താതിരുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുണ്ട്. എഴുത്തും വായനയും പിടിപാടില്ലാത്തവന്‍ നിരക്ഷരന്‍ എന്നപോലെ സൈബര്‍ സ്‌പേസില്‍ ആറടി അക്കൗണ്ടില്ലാത്തവന്‍ വിവരദാരിദ്ര്യരേഖയ്ക്ക് താഴെയായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നിടത്തേയ്ക്ക് കാര്യങ്ങളെത്തുന്ന അവസ്ഥയിലേക്കാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വളര്‍ച്ച എന്നോര്‍മ്മിപ്പിക്കുന്നു വായന. പഠനാര്‍ഹമായ നല്ല ലേഖനം.
കൃഷ്ണതൃഷ്ണ
ലൈഗികതയിലൂടെ പകരുന്ന രോഗമാണ് ജീവിതം എന്നുപറഞ്ഞത് വിശ്രുത സ്‌കോട്ടിഷ് മനശ്ശാസ്ത്രജ്ഞനായ ആര്‍.ഡി.ലെയ്ങ് ആണ്. എല്ലാവരും സന്ദര്‍ശിക്കുകയും എന്നാല്‍ സന്ദര്‍ശകഡയറിയില്‍ ആരും ഒരക്ഷരം കുറിക്കാതെയും പോവുന്ന ഒരു മേഖലയിലൂടെയുള്ള ലേഖകന്റെ സഞ്ചാരമാണ് 'സ്വയംഭോഗത്തിന്റെ മിത്തുകളും സത്യങ്ങളും' എന്ന മികച്ച പോസ്റ്റ്. സംഭോഗം ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെങ്കില്‍ സ്വയംഭോഗം പ്രീഡിഗ്രിയാണ്. ലൈംഗികതയാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യനെ വേര്‍തിരിക്കുന്ന ഒരു അതിര്‍വരമ്പ്. മറ്റു മൃഗങ്ങളില്‍ ലൈംഗികത പ്രത്യുത്പാദനപ്രകൃയയായി മാത്രം ചുരുങ്ങുമ്പോള്‍ ആസ്വാദനത്തിന്റെ വേറിട്ടൊരു മേഖലയായിമാറി മനുഷ്യനിലെ ലൈംഗികത. ലൈംഗികതയുടെ മുഖ്യ ഉല്പന്നം എന്റര്‍ടെയ്ന്‍മെന്റായും ഉപോല്പന്നം റിപ്രൊഡക്ഷനായും കരുതുന്ന ലോകത്തിലെ ഏകജീവിയും മനുഷ്യനാണ്. രണ്ടുകുട്ടികള്‍ക്കായി രണ്ടായിരം വേഴ്ചകളുടെ ആവശ്യമില്ലെന്നതില്‍ നിന്നുമാണ് മുകളിലത്തെ നിഗമനത്തിലേയ്ക്ക് ഈയുള്ളവന്‍ എത്തുന്നത്.
മൃഗങ്ങളെ അപേക്ഷിച്ച് മറ്റൊരു പ്രത്യേകത 'തല' പോലെതന്നെ വിവിധോദ്ദേശ്യ പദ്ധതികള്‍ക്കുതകുന്ന കൈകളുമായാണ് മനുഷ്യന്റെ ജനനം. തലയിലുദിക്കുന്ന ചിന്തകള്‍ക്കും ഭാവനകള്‍ക്കും സൃഷ്ടിപരമായ രൂപം നല്കുവാന്‍ പ്രകൃത്യാ അനുഗ്രഹിക്കപ്പെട്ടതാണ് അവന്റെ കരങ്ങള്‍. മനുഷ്യന്റെ എല്ലാ ചെയ്തികളുടെയും പട്ടികയെടുത്താല്‍ തലയോളം പങ്ക് കൈകള്‍ക്കുമുള്ളതായി കാണാം.
യവന-ഹൈന്ദവ പുരാണങ്ങളിലെ ലൈംഗികവിവരണങ്ങളിലൂടെ സ്വയംഭോഗത്തിന്റെ മിത്തുകളിലൂടെ, ഒരു പക്ഷേ പ്രകൃതിയെന്ന പാഠപുസ്തകത്തില്‍നിന്നും മനുഷ്യന്‍ അകന്നുപോകാതിരിക്കാനായി മതങ്ങള്‍ പണ്ടുതീര്‍ത്ത വിലക്കുകളുടെ വേലിക്കെട്ടുകളിലൂടെ ഒടുവില്‍ ആധുനികവൈദ്യശാസ്ത്രത്താല്‍ വിശുദ്ധമായി പ്രഖ്യാപിക്കപ്പെട്ട സ്വയംഭോഗത്തിന്റെ സമകാലികചരിത്രത്തിലെത്തിച്ചേരുന്ന കൃഷ്ണതൃഷ്ണ. കൗമാരത്തിന്റെ ഒരു പ്രമുഖ കണ്ടുപിടുത്തത്തെ ചൂഴ്ന്നുനില്ക്കുന്ന സംശയത്തിന്റെയും അജ്ഞതയുടെയും മൂടല്‍മഞ്ഞിനെതിരെ അറിവിന്റെ ഒളിചിതറുന്ന നല്ല പോസ്റ്റ്.
ലേഡിലാസറസ്
ശ്രീയുടെ മിലന്‍ കുന്ദേരാ പഠനം ഒരു പാട്് തീക്ഷ്ണചിന്തകള്‍ പങ്കുവെയ്ക്കുന്നു. 'പൂര്‍ണമായും ഏതെങ്കിലും ഐഡിയോളജിയുമായി പൊരുത്തപ്പെടുന്നവനല്ലേ യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ അരാഷ്ട്രീയവാദി?' 'ശുഭാപ്തിവിശ്വാസം ജനതയുടെ മയക്കുമരുന്നാണ്, സ്വസ്ഥമായ ഇടങ്ങളില്‍ നിന്ന് വിഡ്ഢിത്തത്തിന്റെ ദുര്‍ഗന്ധം വമിക്കുന്നു'
'ജീവിതത്തില്‍ നിന്ന് തമാശയെ ഇഴപിരിച്ചെടുക്കുമ്പോള്‍ ചിരിയുടേയും കരച്ചിലിന്റേയും ഉറവിടം സത്യത്തില്‍ ഒന്നുതന്നെയാണെന്ന് തോന്നി'
ഒടുവിലായി 'വിശ്വാസിയും അവിശ്വാസിയും യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെയാണ്. മതവും മതനിഷേധവും എന്നപോലെ'.
എഴുത്തുകാരന്റെ പ്രതിഭ വായനക്കാരന്റെ നിരീക്ഷണങ്ങളില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് നല്ല പഠനങ്ങല്‍ ലഭിക്കുക. അതേ വിശ്വാസിയിലും അവിശ്വാസിയിലും 'വിശ്വാസ' മുള്ളതുകൊണ്ടും വിശ്വാസത്തിലും അന്ധവിശ്വാസത്തിലും 'വിശ്വാസ' മുള്ളതുകൊണ്ടും പലപ്പോഴും വേര്‍തിരിവിന്റെ ആ അതിര്‍വരമ്പ് ഒരു 'അ' മാത്രമാണ്. അന്ത്യവരികളില്‍നിന്നും ആദ്യനിരീക്ഷണങ്ങളിലേയ്ക്ക് കടക്കുമ്പോള്‍, ഫലിതത്തെപ്പറ്റി ശ്രീ പറയുന്നു 'ഒരു തമാശ ഉന്നം വെയ്ക്കുന്നത് എപ്പോഴും കേള്‍വിക്കാരന്റെ അറിവില്ലായ്മയെയാണ്. ഫലിതം ഒരു വാചകമോ പ്രബന്ധമോ ജീവിതം തന്നെയോ ആയിക്കോട്ടെ. അതിന്റെ ക്ലൈമാക്‌സ് എന്താണെന്നറിയാത്തവന്റെ അജ്ഞതയുള്ളേടത്തോളംകാലം മാത്രമേ ഏതു തമാശയ്ക്കും നിലനില്പുള്ളൂ. ഈ നീരീക്ഷണങ്ങള്‍ ശരിയാണെങ്കില്‍ കുഞ്ചനെയും സഞ്ജയനെയുമൊക്കെ വായിച്ചിട്ടുണ്ടാവുക അറിവുകുറഞ്ഞവരായിരിക്കണം. ഫലിതം ഉന്നംവെയ്ക്കുന്നത് അജ്ഞതയെയല്ല അറിവിനെത്തന്നെയാണ്. അറിവില്ലായ്മയില്‍ നിന്നും ചിരി നിര്‍മ്മിക്കപ്പെടുന്നില്ല. IST എന്നതിനെ Indian Stretchable Time എന്നു വിപുലീകരിച്ച ഫലിതജ്ഞന്‍ ലക്ഷ്യം വെയ്ക്കുന്നത് അജ്ഞതയെയല്ല അറിവിനെയാണ്.
പിടിയാതവരുടെ വികൃതികള്‍ കണ്ടാല്‍മടിയാതവരുടെ തലമുടിചുറ്റിപ്പിടിയാതവനതി ഭോഷന്‍നല്ലൊരു വടികൊണ്ടടിയാതവനതിനേക്കാള്‍ ഭോഷന്‍എന്ന വരികള്‍ അഹിംസയുടെ ആള്‍രൂപമായ ഗാന്ധിജിയെ കൂടി ചിരിപ്പിക്കില്ലേ ചിന്തിപ്പിക്കില്ലേ. ആ വരികള്‍ ഗാന്ധിജിയുടെ അജ്ഞതയെയാണോ ലക്ഷ്യം വെയ്ക്കുന്നത് അതോ അറിവിനെയോ.
പ്രത്യയശാസ്ത്രങ്ങള്‍ ചെരുപ്പിനൊത്ത് ആളുകളുടെ കാലുമുറിക്കുന്ന കാലഘട്ടത്തില്‍ എഴുത്തുകാരന്റെ ധര്‍മ്മം പ്രത്യയശാസ്്ത്രങ്ങള്‍ക്കതീതമായ മാനവീകതയുടെ പ്രഘോഷണമാണ്. അതുകൊണ്ടുതന്നെയായിരിക്കണം പ്രത്യയശാസ്ത്രങ്ങള്‍ പ്രോക്രസ്റ്റസിന്റെ കട്ടിലാണെന്ന് അവസാനം വയലാറിന് പാടേണ്ടിവന്നതും. ഒരുപാട് നല്ല നിരീക്ഷണങ്ങളുമായി വന്ന ലേഖനമാണ് ശ്രീയുടേത്.