Tuesday, December 16, 2008

ബ്ലോഗ് വിചാരണ - 3

പ്രകാശ്‌ കാര്‍ട്ടൂണ്‍സ്‌

ആയിരം കോഴിക്കൊരു കാട എന്നതുപോലെയാണ്‌ കാര്‍ട്ടൂണുകള്‍. ചുരുങ്ങിയത്‌ ആയിരം വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാവുന്ന ഒരാശയം നാലുവരകളിലൂടെയും രണ്ടുവരികളിലൂടെയും വിദ്യാസമ്പന്നനിലേക്കും വിവരദോഷിയിലേക്കും ഒരുപോലെ പ്രവഹിപ്പിക്കുവാന്‍ കഴിയുന്ന ഒരേയൊരു മാധ്യമമാണ്‌ കാര്‍ട്ടൂണുകള്‍. എളിയ വരകളിലൂടെയും അടിക്കുറിപ്പുകളായി ചിതറിവീണ വരകളോട്‌ മത്സരിക്കുന്ന സുന്ദരമായ ചെറുവാക്യങ്ങളിലൂടെയും ചിരിയുടേയും ചിന്തയുടേയും വലിയ ലോകത്തേക്ക്‌ നമ്മെ നയിക്കുന്നു എം.എസ്‌.പ്രകാശിന്റെ കാര്‍ട്ടൂണുകള്‍. കാര്‍ട്ടൂണുകളുടെ ചരിത്രത്തില്‍ ഉജ്ജ്വലമായ ഒരേട്‌ എഴുതിച്ചേര്‍ക്കാനുള്ള പ്രതിഭ ആ വരകളിലും വരികളിലും നടമാടുന്നുവെന്ന്‌ നിസ്സംശയം പറയാവുന്നതാണ്‌.

എഴുപതുകളിലെ നക്‌സലൈറ്റിന്റേയും എണ്‍പതുകളിലെ എസ്‌.എഫ്‌.ഐക്കാരനെയും വരച്ചിട്ട കാര്‍ട്ടൂണ്‍ വഴി തുറയ്‌ക്കുന്നത്‌ ഇന്നലെകളിലെ വിപ്ലവകാരികളുടെ ഇന്നിന്റെ നേര്‍ക്കാഴ്‌ചയിലേക്കാണ്‌. 'സ്വാമിയേ ശരണമയ്യപ്പ'. സപത്‌നിയിലൂടെ ഹാസ്യത്തിന്റെ കൂരമ്പുകള്‍ കാര്‍ട്ടൂണിസ്റ്റ്‌ എയ്യുന്നത്‌ ഈയടുത്ത്‌ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന്‌ തന്നാലാവുംവിധം പരമാവധി വഷളത്തരങ്ങള്‍ എഴുന്നള്ളിച്ച്‌ സമൂഹത്തിന്റെ പരിഹാസത്തിന്‌ വിധേയനായ ആ ആത്മീയ നേതാവിന്റെ വിവരക്കേടിന്റെ നെഞ്ചിന്‍കൂട്ടിലേക്കാണെങ്കിലും അതു ഭേദിച്ച ശരം ചെന്നുപതിക്കുന്നത്‌ വായനയ്‌ക്കാരന്റെ മസ്‌തിഷ്‌കത്തിലേക്കാണ്‌. വരകളെ സൂക്ഷ്‌മമായി പിന്തുടര്‍ന്ന്‌ വരികള്‍ക്കപ്പുറത്തേക്ക്‌ കടന്നാല്‍ കാണാവുന്ന കാഴ്‌ചയാണ്‌ രസകരം. രണ്ടാമത്തവളെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള നബീസുവിന്റെ പ്രതികരണം 'ആ മന്‌ശ്യനെ ഒന്നിനും പറ്റൂലാ..'.. ഹാജ്യാരുടെ തലയ്‌ക്കുമീതെയുള്ള ലസ്‌ബിയന്‍ വാളായിമാറുമ്പോള്‍ ചിരി ചിന്തയ്‌ക്ക്‌ വഴിമാറുന്നു. 'ഒരു പേരില്‍ ഇരിക്കുന്നത്‌' എന്ന കാര്‍ട്ടൂണ്‍ ഈയടുത്ത്‌ കണ്ടതില്‍ വച്ചേറ്റവും മികച്ചനിലവാരം പുലര്‍ത്തിയവയില്‍ ഒന്ന്‌.

വെള്ളെഴുത്ത്‌

'പെണ്‍ഭയങ്ങളുടെ പൊന്നമ്പലമേട്‌' രമണനെ ഒരു പുനര്‍വായനയ്‌ക്ക്‌ വിധേയമാക്കുന്നു. ഗതകാല സാമൂഹീകാവസ്ഥകളിലേക്കുള്ള വര്‍ത്തമാനകാലത്തിന്റെ അവശേഷിക്കുന്ന വാതായനങ്ങളാണ്‌ സാഹിത്യകൃതികള്‍. രമണനും അതിനപവാദമല്ല. ഒരു പക്ഷേ ചരിത്രത്തേക്കാള്‍ വിശ്വാസയോഗ്യമായവ. വളച്ചൊടിക്കപ്പെടാത്ത ഒരു ചരിത്രരചനയും ഇല്ലാത്ത അവസ്ഥയിലെ പിടിവള്ളികളാണ്‌ ആ കാലഘട്ടത്തിലെ സാഹിത്യകൃതികള്‍. പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ തന്നെ സൃഷ്ടിയാവുമ്പോള്‍ സ്വാഭാവികമായും അതില്‍ സ്‌ത്രീപക്ഷ കാഴ്‌ചപ്പാടുകളുടെ അഭാവം പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ഒരു സാമൂഹിക വിപ്ലവം ലക്ഷ്യം വച്ചുകൊണ്ടല്ല ' രമണന്‍ ‍' രംഗപ്രവേശം ചെയ്‌തത്‌ എങ്കിലും ഒരു പുതിയ ഭാവുകത്വം മലയാള കവിതയ്‌ക്ക്‌ രമണന്‍ നല്‌കി എന്നത്‌ അനിഷേധ്യമായ വസ്‌തുതയാണ്‌. രമണന്‍ ഇറങ്ങിയപാടേ മലയാളത്തില്‍ അതേറ്റുവാങ്ങിയ വിമര്‍ശനവും ചില്ലറയായിരുന്നില്ല.

പൊതുവേ ഉദ്ധാരണശേഷി കുറഞ്ഞവരാണ്‌ ഉദ്ധരണികളുപയോഗിക്കുക എന്നൊരു വിശ്വാസം ഈ സ്‌മാര്‍ത്തനുണ്ടെങ്കിലും തത്‌ക്കാലം സഞ്‌ജയനെ ഉദ്ധരിക്കാതെ വയ്യ. മലയാളസാഹിത്യം കണ്ട ആ അതുല്യവിമര്‍ശനപ്രതിഭയുടെ രമണന്‍ പഠനം ഇങ്ങിനെ പോകുന്നു. " ശ്രുതിമധുരവും സരളപദനിബദ്ധവുമായ രചന: പ്രകൃതിയുടെ മനോജ്ഞങ്ങളായ വര്‍ണശബ്ദങ്ങളെ തന്മയത്വത്തോയുകൂടി പ്രതിഫലിപ്പിക്കുന്ന വര്‍ണനകള്‍; മലയാളിക്ക്‌ പുത്തനായ ഒരു പ്രതിപാദനരീതി; ഇത്രയും കൊണ്ടുമാത്രം ഒരു കാവ്യത്തെ ഉത്‌കൃഷ്ടമെന്ന്‌ വിളിക്കാമെങ്കില്‍ മി.ചങ്ങമ്പുഴയുടെ രമണന്‍ ഒരുല്‍കൃഷ്ടകാവ്യം തന്നെയാണ്‌. പക്ഷേ അസുഭഗങ്ങളായ വിസന്ധികളില്‍ ആ രചന പലേടത്തും അസുഖകരങ്ങളായിത്തീര്‍ന്നിട്ടുണ്ട്‌. പ്രശാന്തരമണീയമായ പരിശുദ്ധ പരിസരങ്ങള്‍ക്ക്‌ കേവലം അപരിചിതങ്ങളും, മൃഗീയമെന്ന്‌ വിളിക്കുന്നത്‌ മൃഗങ്ങള്‍ക്ക്‌ അപമാനകരവുമായ പൈശാചികവികാരങ്ങളുടെ ഞരക്കവും, പല്ലിറുമ്മലും, ഭ്രാന്തരോദനവും, ഘോരാട്ടഹാസവും ആ പ്രകൃതിചിത്രങ്ങളെ അസഹ്യമായ വിധത്തില്‍ വൈരൂപ്യപ്പെടുത്തിയിട്ടുണ്ട്‌.

കാവ്യകാരന്‍ സ്വീകരിച്ചിരിക്കുന്നത്‌ പുരാണഗ്രീക്കുകവികളും പിന്നീട്‌ വളരെ ശതാബ്ദങ്ങള്‍ക്കുശേഷം ഇംഗ്ലീഷ്‌ കവികളും ഉപയോഗിച്ച്‌, അതിന്റെ കൃത്രിമത്വം ഹേതുവായി മനംമടുത്ത്‌ വലിച്ചെറിഞ്ഞ ഒരു കാവ്യസങ്കേതമാണെന്നുളളത്‌ അതിന്റെ പുതുമയുടെ ആകര്‍ഷകത്വം നശിപ്പിക്കുന്നുമുണ്ട്‌. ഈ ലോകത്തിലെ ചന്ദ്രികമാര്‍ (എന്തുകാരണം കൊണ്ടെങ്കിലുമാകട്ടേ; അതിനേപ്പറ്റി പ്രതിഭാഗത്തെ വാഗ്വാദങ്ങളൊന്നും സാഹിത്യലോകത്തില്‍ ആരും കേള്‍ക്കാനിടയില്ല) അവരുടെ അനുരാഗത്തിന്‌ പാത്രീഭവിച്ച ' രമണന്‍ ‍'മാരെ ഉപേക്ഷിച്ച്‌‌, സ്ഥിരപ്രേമത്തെ (അവരുടെ അഭിപ്രായത്തില്‍) കുറച്ചധികം അര്‍ഹിക്കുന്ന മറ്റുവല്ലവരേയും സ്വീകരിക്കുന്നുവെന്നു വിചാരിക്കുക; തന്നിമിത്തം ഹതാശയരായ ' രമണന്‍ ‍' മാര്‍ രതിസുഖത്തിനുമീതേ സുഖമില്ലെന്നുള്ള സൂരിനമ്പൂതിരിപ്പാടിന്റെ ജീവിതദര്‍ശനത്തില്‍ വിശ്വസിക്കുന്നവരായതുകൊണ്ട്‌, ആത്മഹത്യ ചെയ്യുന്നു എന്നും വിചാരിക്കുക; എന്നാലും മേപ്പടി ' രമണന്‍ 'മാരുടെ സ്‌നേഹിതന്‍മാരായ മദനന്‍മാര്‍ ആ കാരണത്താല്‍ പ്രസ്‌തുത 'ചന്ദ്രിക'മാരെ രമണനിലെ മദനന്‍ ചെയ്‌തതുപോലെ, നിര്‍ദ്ദയമായും രൂക്ഷമായും, പലേടത്തും ഒതുക്കവും മര്യാദയും കൈവിട്ടും ശകാരിക്കുന്നത്‌ ഭംഗിയല്ലെന്നും; ആളെ നല്ലവണ്ണമറിയാതെ ഏതെങ്കിലുമൊരു യുവാവിനെ സ്‌നേഹിച്ചുപോകുന്ന ഒരു തരുണിക്ക്‌, തന്റെ അബദ്ധം പിന്നീട്‌ മനസ്സിലായാലും, പൊതുജനസമക്ഷമുള്ള ശകാരത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ നിവൃത്തിയില്ലെന്നാണ്‌ ഇതില്‍നിന്ന്‌ ധ്വനിയ്‌ക്കുന്നതെന്നും ഞങ്ങള്‍ക്ക്‌ തോന്നുന്നു. അതിനെക്കുറിച്ച്‌ ഞങ്ങള്‍ നിര്‍വ്യാജം വ്യസനിക്കുകയും ചെയ്യുന്നു."

ഇത്രയും കഷ്ടപ്പെട്ട്‌ എടുത്തെഴുതിയത്‌ ഇങ്ങിനെ ആഴത്തിലുള്ള പഠനങ്ങള്‍ രമണന്‍ ഇറങ്ങിയപാടേതന്നെ രംഗപ്രവേശം ചെയ്‌തിരുന്നു എന്നുകാണിക്കാന്‍ മാത്രം.

കറുത്തേടം

ഫലിതത്തിന്റെ മര്‍മ്മം കണ്ടറിഞ്ഞവരായിരുന്നു നമ്പൂതിരിമാര്‍. സമുദായം ഉപ്പുവച്ച പാറപോലെയായപ്പോള്‍ നമ്പൂതിരി ഫലിതം സര്‍ദാര്‍ജിഫലിതത്തിന്‌ വഴിമാറുന്നതാണ്‌ നാം കാണുന്നത്‌. നമ്പൂതിരി ഫലിതം ഏതാണ്ട്‌ സംസ്‌കൃത ഭാഷപോലെയാണ്‌. സംസ്‌കരിക്കപ്പെട്ടുകഴിഞ്ഞത്‌ എന്നര്‍ത്ഥം. അതായത്‌ ഇനിയൊരു മോഡിഫിക്കേഷന്‍ അഥവാ മോടിപിടിപ്പിക്കല്‍ അസാദ്ധ്യം എന്നുകരുതാം. വിവര്‍ത്തനത്തിന്‌ വഴങ്ങാത്തതായിക്കും എപ്പോഴും ഉത്തമകൃതി. കുഞ്ചന്റെ ഏതെങ്കിലും നാലുവരി ഇംഗ്ലീഷിലാക്കാന്‍ ഷേക്‌സ്‌പിയര്‍ വിചാരിച്ചാല്‍ കഴിഞ്ഞെന്നുവരില്ല. അതുപോലെ.

നമ്പൂതിരിഫലിതത്തിലെ ഹാസ്യം പലപ്പോഴും കുടികൊള്ളുന്നത്‌ വരികളിലല്ല. വരികള്‍ക്കിടയിലാണ്‌. ഇല്ലത്തെ പെണ്ണ്‌‌ തിരണ്ട്യാല്‍ കുഴപ്പം, തിരണ്ടാണ്ടായാല്‍ അദ്‌ലും കുഴപ്പം എന്ന നമ്പൂതിരിയുടെ പ്രതികരണത്തിന്റെ ആദ്യഭാഗം ഇല്ലത്തെ ഇല്ലായ്‌മയുടെ അവസ്ഥയാണ്‌ കാണിക്കുന്നത്‌. നമ്പൂതിരി ഫലിതം ഏതാണ്ടൊരു വെടിക്കെട്ടുപോലെയാണ്‌. പ്രത്യേക ഭാഷ, വിഷയത്തെ സ്വതസിദ്ധമായ ശൈലിയിലുള്ള അംഗവിക്ഷേപങ്ങളോടുകൂടിയുള്ള അവതരണം, മുറുക്കിച്ചുവപ്പിച്ച പല്ലുകള്‍ കാട്ടിയുള്ള കുമ്പകുലുക്കിച്ചിരി എല്ലാംകൂടി സമ്മേളിക്കുമ്പോള്‍ നടക്കുന്ന വെടിക്കെട്ടാണ്‌ ഓരോ ഫലിതവും. അതൊന്ന്‌ പുനരാവിഷ്‌കരിക്കാനുള്ള ശ്രമം കറുത്തേടം നടത്തുന്നു. അഭിനന്ദനാര്‍ഹം. നമ്പൂരിയും കാര്യസ്സനും മന്ത്രിയും കഥാപാത്രങ്ങളായി വരുന്നു. സംഭാഷണം നമ്പൂതിരിയും കാര്യസ്ഥനും തമ്മില്‍ മുന്നേറുമ്പോള്‍ സമകാലീകദേവസ്വം വകുപ്പിന്റേയും ക്ഷേത്രങ്ങളിലെ ഭരണകൂട ഇടപെടലുകളുമാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌. നമ്പൂതിരി ഫലിതത്തിലെ ഭാഷ കറുത്തേടം ഒന്നുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു. ആദ്യ ഖണ്ഡികയിലെ രണ്ടാമത്‌ വാചകം ശ്രദ്ധിക്കുക. 'നമ്പൂരി കാര്യസ്ഥനോട്‌' എന്നതിലും നല്ലത്‌ നമ്പൂരി 'കാര്യസ്സ'നോട്‌ എന്നല്ലേ. അതുപോലെ രാമന്‌ നമ്പൂതിരിയെ തിരിച്ച്‌ സംബോധനചെയ്യുവാന്‍ തമ്പ്രാനക്കാളും ഒന്നുകൂടി നല്ല പദം 'തിരുമേനി' തന്നെയാണെന്നും തോന്നുന്നു.

ഒഴുക്കിനൊപ്പം

ചെറുതല്ലോ മനോഹരം എന്നുതോന്നിപ്പിക്കും വിധം ഉണ്ണിയുടെ പോസ്‌റ്റ്‌ 'ഹോംലിഗേള്‍' ഒരു നല്ല ചിരിക്കും അല്‌പം ചിന്തയ്‌ക്കും വകനല്‍കുന്നു. സായിപ്പിന്റെ വാക്കുകള്‍ക്ക്‌ സായിപ്പ്‌ സ്വപ്‌നം കാണാത്ത അര്‍ത്ഥമാണ്‌ പലപ്പോഴും നമ്മള്‍ നല്‌കാറുള്ളത്‌. അത്തരമൊരു പദമാണ്‌ 'ഹോംലി' എന്ന്‌ ഉണ്ണി ഓര്‍മ്മിപ്പിക്കുന്നു. Lacking in Physical beauty or proportion എന്നര്‍ത്ഥം വരുന്ന പദമാണ്‌ പ്രത്യക്ഷത്തില്‍ ഹോംലി. ഈയൊരര്‍ത്ഥം ശ്രദ്ധയില്‍ പെട്ടപ്പോഴാണ്‌ ആ പഴയ നമ്പൂതിരി ഫലിതത്തിന്‌ ഒരു പുതിയ മാനം കൈവരുന്നത്‌.

ഇല്ലത്തുനിന്നുമിറങ്ങിയ നമ്പൂതിരി വിശപ്പ്‌ കയറിയപ്പോള്‍ ഹോട്ടലന്വേഷിച്ചുകണ്ടെത്തി. മുന്നില്‍ തൂങ്ങിയ ബോര്‍ഡ്‌ തിരുമേനിയെ പരിഭ്രമിപ്പിച്ചു എന്നു പറയുന്നതാവും ശരി. നേരം വെളുത്തുപോയ കുറുക്കനെപ്പോലെ അന്തിച്ചുനില്‌ക്കുന്ന തിരുമേനിയുടെ രക്ഷയ്‌ക്കായി സപ്ലയര്‍ ഓടിയെത്തി അകത്തേക്ക്‌ ക്ഷണിച്ചു.
'ദ്‌ന്താ ഈ എഴുതിരിക്ക്‌ണേന്നു' ചോദിച്ചു തിരുമേനി.
'തിരുമേനീ ഇത്‌ ഹോംലി മീല്‍സ്‌' എന്നു ചെക്കന്‍
'ന്നെച്ചാല്‌ നോം ന്ത്‌ നിരീക്കണം'?
'ഇല്ലത്തെപ്പോലെ ഊണ്‌ ഇവിടെയും തരാവുമെന്ന്‌'

'ന്നാ രാമാ വിട്വാ, നിക്കിന്ന്‌ ലേശം ഭേഷായി ഉണ്ണണംന്ന്‌ണ്ട്‌' തിരുമേനി നടന്നകന്നു. ആ നമ്പൂതിരി ഫലിതത്തിലെ വെടിക്കെട്ട്‌ ഇഫക്ട്‌ പൂര്‍ണമാവാന്‍ ഇപ്പോ ഉണ്ണി സഹായിച്ചു. നന്ദി.

എന്റെ നാലുകെട്ടും തോണിയും | രാജീവ്‌ ചേലനാട്ട്‌ | വേട്ട

പത്രമാധ്യമങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍, ബ്ലോഗുകള്‍ എല്ലായിടത്തും നിറഞ്ഞുനില്‌ക്കുന്നു അഭയാവധക്കേസ്‌. കള്ളന്‍ കപ്പലില്‍ തന്നെയായത്‌ സംഭവത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ആനുപാതികമായി സമുഹത്തിന്റെ ആകാംക്ഷയും. പത്രദൃശ്യമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന വാര്‍ത്തകളില്‍ നിന്നും വാര്‍ത്തകള്‍ സൃഷ്ടിച്ചുമുന്നേറി ബ്ലോഗുകള്‍ എന്നുപറയാം. ഇഞ്ചിപ്പെണ്ണ്‌ ശ്രദ്ധേയമായ ശൈലിയില്‍ വിഷയത്തില്‍ ഇടപെടുന്നു. ഒരു ട്രാജഡി സാധാരണയായി ആരും കോമഡിക്ക്‌ വിഷയമാക്കാറില്ലെന്നത്‌ ആക്ഷേപഹാസ്യമെന്ന സാഹിത്യരൂപത്തിനും ബാധകമാണെങ്കിലും, പതിവിന്‌ വിപരീതമായി ഈ വിഷയത്തെ അധികരിച്ചുവന്ന മിക്കവാറും നല്ല ബ്ലോഗുകളെല്ലാം തന്നെ ആക്ഷേപഹാസ്യമെന്ന രചനാ സങ്കേതത്തിന്റെ സാദ്ധ്യതകളാണ്‌ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുള്ളത്‌. കാലമാകുന്ന കൊല്ലന്റെ ആലയില്‍ വച്ച്‌ പഴുപ്പിച്ചപ്പോള്‍ അഭയ എന്ന കേരളത്തിന്റെ ആ ദുഖപുത്രിയോടുള്ള സ്‌നേഹവാത്സല്യങ്ങള്‍ സ്വാഭാവികമായും ആദ്യം കൊള്ളരുതാത്ത സഭയോടുള്ള പരിഹാസമായും പിന്നെ പരിശുദ്ധപിതാക്കളായി ളോഹയണിഞ്ഞ പിശാചുക്കളോടുള്ള വൈകാരികപ്രകടനമായും രൂപപ്പെട്ടതാവണം. കീബോര്‍ഡുകളില്‍ കൂടുതല്‍ വിരലുകള്‍ വീഴ്‌ത്തുവാന്‍ ഇതുകാരണമായി എന്നുവേണം കരുതാന്‍.

പതിവിന്‌ വിപരീതമായ ശൈലിയില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട്‌ രാജീവ്‌ ചേലനാട്ടും സഭയ്‌ക്കെതിരെ ആഞ്ഞടിക്കുന്നു. 'പോപ്പ്‌ തിരുമേനി അറിയാന്‍ ‍' എന്ന ലേഖനം ശ്രദ്ധേയം. "കോണ്‍വെന്റിലെ തന്റെ മുറിയില്‍ ഉറങ്ങാന്‍ കിടന്ന ഒരു സഹോദരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുക എന്നതിനേക്കാള്‍ വലിയ എന്ത്‌ ദിവ്യാത്ഭുതമാണ്‌ ഈ മൂന്നുപേര്‍ക്കും കാണിക്കാന്‍ കഴിയുക?" ഒരു സഹോദരിയെ കിണര്‍മാര്‍ഗം കര്‍ത്താവിങ്കല്‍ ലയിപ്പിച്ചുകൊടുത്ത കര്‍ത്താവിന്റെ ആ രണ്ട്‌ പ്രതിപുരുഷന്‍മാരേയും കര്‍ത്താവിന്റെതന്നെ ഒരു മണവാട്ടിയേയും വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിക്കുവാന്‍ ഇതിലപ്പുറം ഒരു ദിവ്യാത്ഭുതത്തിന്റെ ആവശ്യം ഏതായാലുമില്ല.

ലേഖനത്തിന്റെ തുടക്കം പക്ഷേ തെറ്റിദ്ധാരണാജനകമായി എന്നു പറയേണ്ടിവരും. "നമ്മുടെ മൂന്ന്‌ സ്വന്തം ഇടയന്മാരെ, ഇന്ത്യയിലെ കേരളമെന്ന ഈ കൊച്ചുസംസ്ഥാനത്തിലെ കമ്മ്യൂണിസ്റ്റ്‌ ചെകുത്താന്‍മാര്‍ അകത്താക്കിയ കാര്യം അറിഞ്ഞുകാണുമല്ലോ" എന്നാണ്‌ പോപ്പുതിരുമേനിക്കുള്ള കത്തിന്റെ രൂപത്തിലെഴുതിയ ലേഖനം തുടങ്ങുന്നത്‌. ജനാധിപത്യത്തിന്റെ രണ്ടാമത്തെ തൂണായ ജുഡീഷ്യറിയ്‌ക്കും നാലാമത്തെ തൂണായ മാധ്യമങ്ങള്‍ക്കും മാത്രമവകാശപ്പെടാനുള്ള വിജയം കമ്മ്യൂണിസ്റ്റുകാര്‍ക്കുകൂടി പകുത്തുനല്‌കേണ്ടതിന്റെ ആവശ്യമില്ലായിരുന്നു. കഴിഞ്ഞ പതിനാറുവര്‍ഷത്തിനുള്ളില്‍ ഇഷ്ടംപോലെ കമ്മ്യൂണിസ്‌റ്റുകാരും (എന്നവകാശപ്പെടുന്നവര്‍) ഭരിച്ചിരുന്നല്ലോ. അഗതികളുടെ തോഴന്‍മാര്‍ നാലുവോട്ടിനുവേണ്ടി അരമനകളിലെ പോഴന്‍മാരോടൊപ്പം നിന്നതാണ്‌ ചരിത്രം. അന്വേഷണം അതിന്റെ വഴിക്കും.

'അഭയകേസില്‍ കത്തോലിക്കാ വിശ്വാസികള്‍ക്കുള്ള ഇടയ ലേഖനം' എന്ന ശിക്കാരിയുടെ സൃഷ്ടി പ്രസ്‌തുത വിഷയത്തില്‍ വന്ന ഏറ്റവും ശ്രദ്ധേയമായ ഒരു ബ്ലോഗാണ്‌. ഇടയലേഖനങ്ങളുടെ കൃത്യമായ ഒരനുകരണം. 'ഉണ്ണിയേശുവിനെ പുല്‍കൂട്ടില്‍' കിടത്തുന്നതടക്കം ചില സന്ദര്‍ഭങ്ങള്‍ സഭ്യതയുടെ അതിരുകള്‍ ഭേദിക്കുന്നുവോ എന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ടാവാം. ശ്വാനനെ ശുനകപുത്രാ എന്നു സംബോധന ചെയ്‌താല്‍ അതെങ്ങിനെ അശ്ലീലമാവും. ആലയില്‍ കെട്ടിയ ആട്ടിനെ അങ്ങിനെ വിളിക്കുമ്പോഴേ അത്‌ അശ്ലീലമാവുകയുള്ളൂ.

ഞാനിവിടെയുണ്ട്‌

രാമചന്ദ്രന്‍ വെട്ടിക്കാട്ടിന്റെ 'ഇതിനായിരുന്നോ' എന്ന കവിത. ഉണര്‍ന്നവനെ ഉറക്കുകയും ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തുകയും ചെയ്യുകയാണ്‌ സാഹിത്യത്തിന്റെ ധര്‍മ്മമെങ്കില്‍ രാമചന്ദ്രന്റെ കവിത ആ ധര്‍മ്മം മനോഹരമായി നിര്‍വ്വഹിക്കുന്നു. ഒരു കാലഘട്ടത്തിന്റെ സൃഷ്ടാക്കളും ഉത്തമമാതൃകകളുമായ ഇന്നലെകളുടെ ദാര്‍ശനീകരും വിപ്ലവകാരികളും മൂല്യശോഷണങ്ങളുടെ ആഗോളവല്‌ക്കരണകാലഘട്ടത്തില്‍ സ്ഥാനം പിടിക്കുന്നത്‌‌ തെമ്മാടിക്കൂട്ടങ്ങളുടെ ടീഷര്‍ട്ടിലും ടാറ്റൂവിലുമായത്‌ ഇന്നിന്റെ ദുരന്തമാണ്‌. നെഞ്ചില്‍ കുരിശും കയ്യില്‍ ചെഗുവേരയും ഉള്ളില്‍ കുടിലതയും മാത്രമുള്ളവനു നേരെ കാലിലെ ചെരുപ്പ്‌ ഉയരേണ്ട കാലമായി. ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പ്‌ കേസില്‍ അറസ്റ്റിലായ ഗുണ്ടാത്തലവന്‍ പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ നെഞ്ചില്‍ നിറഞ്ഞത്‌ ഏണസ്‌റ്റോ ചെഗുവേറായുടെ സുന്ദരമുഖമായിരുന്നു. സി.ഐ.എ മാര്‍ക്‌സ്‌ ടീ ഷര്‍ട്ടുകളും ചെഗുവേരാ ടീഷര്‍ട്ടുകളും ലോകം മുഴുവനുമെത്തിച്ചതും വേറൊന്നിനുമായിരുന്നില്ല. സി.ഐ.എയുടെ ബ്രോക്കര്‍ പണി വിപ്ലവകാരികളെടുത്തു നാലുമുക്കാലുണ്ടാക്കിയെന്നുവേണം കരുതാന്‍ . "അറിയാതല്ല സഖാവേ പുതിയ അധിനിവേശങ്ങള്‍ക്ക്‌ സാക്ഷിയായി എനിക്കും മടുത്തിരിക്കുന്നു" എന്ന ചെ യെക്കൊണ്ട്‌ കവി പറിയിക്കുമ്പോള്‍ സമകാലീക വിപ്ലവപ്രസ്ഥാനങ്ങളുടെ അവസ്ഥയാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌.
****

2 comments:

Unknown said...

നന്നായിരിക്കുന്നു,തുടരുക

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ശ്രീ എന്‍ കെ,
എന്റെ ബ്ലോഗ് ശ്രദ്ധിച്ചതിന് നന്ദി.