Wednesday, April 22, 2009

ബൂലോഗവിചാരണ - 11

അവനെഴുതിയ കളവ്‌

'പിന്നീടെന്നോ ഒരിക്കല്‍
ശരീരം അവളെ വേണമെന്ന്‌ സ്വകാര്യം പറഞ്ഞപ്പോള്‍
അവന്‍ അവളോട്‌ പ്രണയം പ്രഖ്യാപിച്ചു
ആ പ്രഖ്യാപനത്തില്‍ അപകടങ്ങള്‍ ഒളിച്ചിരിപ്പുണ്ടെന്നറിഞ്ഞിട്ടും
അവളാ പ്രഖ്യാപനത്തെ ഹൃദയത്തോട്‌ ചേര്‍ത്തുപിടിച്ചു'

അതു ശരിയാണെങ്കില്‍ പിന്നെന്തിന്‌ പശ്ചാത്തപിക്കണം, 'സമനിലതെറ്റി സ്വയം കുത്തിമുറിച്ച്‌ ചോരയൊലിപ്പിച്ചിരിക്കണം'? കാമത്തിനും പ്രണയത്തിനുമിടയിലെ അതിര്‍വരമ്പിലൂടെ നടന്നവള്‍ കാല്‍തെറ്റി വീണ്‌ നടുവുളുക്കുന്നതിന്റെ ചിത്രത്തില്‍ കവിഞ്ഞൊന്നും തരാനില്ലാതെ സിജി സുരേന്ദ്രന്റെ തോന്ന്യാക്ഷരങ്ങള്‍ മുടന്തിമുടന്തി കടന്നുപോവുന്നു എന്നുപറയാം.

"മറന്നുകളയുക, അവന്‍ കവര്‍ന്നെടുത്ത
ഹൃദയത്തെ അവന്‍ ഉപയോഗിച്ചുപേക്ഷിച്ച ദേഹത്തെ"

അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു എന്നു ചോദിക്കേണ്ടിവന്നതില്‍ സത്യമായും ഖേദമുണ്ട്‌. വരികളിലൂടെ സഞ്ചരിക്കുമ്പോള്‍ ആദ്യം പെണ്ണൊരു ചരക്കാണെന്നു പ്രഖ്യാപിക്കുകയും, പിന്നീട്‌ ആ പ്രഖ്യാപനത്തെ മറികടക്കാന്‍ അവന്റെ പ്രഖ്യാപനത്തോടുള്ള പ്രതിഷേധമായി മാത്രം അവള്‍ ആണ്‍ശരീരം ആവശ്യപ്പെട്ടൊരു പരസ്യം നല്‌കുകയും ചെയ്യുന്നു.

പരസ്യം വായിക്കുന്ന ശരീരം വില്‌ക്കാന്‍ തയ്യാറുള്ളയാള്‍ അവളെ ക്ഷണിക്കുകയല്ലല്ലോ ചെയ്യുക, അവള്‍ക്കപേക്ഷ വെള്ളക്കടലാസില്‍ എഴുതിയയക്കുകയല്ലേ ചെയ്യേണ്ടത്‌. ആദ്യം ഒരവസരത്തിനായി താഴ്‌മയായി അപേക്ഷിക്കുക. പിന്നെ അഭിമുഖത്തിനും പ്രവൃത്തിപരിചയപരീക്ഷയ്‌ക്കും തയ്യാറായി അവസരം കാത്തുകിടക്കുക. ഇതൊക്കെയല്ലേ അതിന്റയൊരു രീതി.

മൊത്തത്തില്‍ ഒന്നുകില്‍ സിജി എഴുതാന്‍ ഉദ്ദേശിച്ചത്‌ വേറെന്തോ, അല്ലെങ്കില്‍ വരികളിലേക്കാവാഹിക്കുമ്പോഴേയ്‌ക്കും ആത്മാവിന്റെ പിടിവിട്ടു എന്നു കരുതേണ്ടിയിരിക്കുന്നു.

ബഹുഭാര്യാത്വം: ഭാര്യമാര്‍ക്കു പറയാനുള്ളത്‌

ബഹുഭാര്യാത്വത്തെ അനുകൂലിച്ചുകൊണ്ടും അതു മതപരമായി കൊണ്ടുനടക്കേണ്ട പുരുഷന്റെ മൗലികാവകാശമോ അനുഷ്‌ഠാനകലയോ എന്തൊക്കെയോ ആണെന്നുമുള്ള കാരന്തൂര്‍ അബൂബക്കര്‍ മുസലിയാരുടെ പ്രബോധനം ഉണര്‍ത്തിവിട്ട ഓളങ്ങള്‍ ബൂലോകത്തിന്റെ തീരങ്ങളിലുണ്ടാക്കിയ ചലനം നിലയ്‌ക്കുന്നില്ല. അഞ്ചല്‍ക്കാരന്റെ പോസ്‌റ്റിന്‌ പറയാനുള്ളതും മറ്റൊന്നല്ല.

ഒന്നില്‍ കൂടുതല്‍ പെണ്ണുകെട്ടുവാന്‍ മുന്‍പ്‌ കെട്ടിയവരുടെ സമ്മതമുണ്ടെങ്കിലേ പാടുള്ളൂ അല്ലെങ്കില്‍ നാലാള്‍ക്ക്‌ കേള്‍ക്കാന്‍ കൊള്ളാവുന്ന വല്ല കാരണവും കണ്ടുപിടിച്ച്‌ ഹാജരാക്കണം എന്നാണ്‌.

മതം ബഹൂഭാര്യാത്വത്തെ എങ്ങിനെ കാണുന്നു എന്നതു മതത്തിന്റെ വിഷയം. ബൂലോകത്തെ വിഷയം ഭാര്യമാര്‍ ബഹുഭാര്യാത്വത്തെ എങ്ങിനെ കാണുന്നു എന്നതായത്‌ തികച്ചും സ്വാഗതാര്‍ഹം.

'പരസ്‌ത്രീ ഗമനം പതിവാക്കിയ ഭര്‍ത്താവിനും ഭാര്യ പതിവ്രതയായിരിക്കണം', ഭാര്യ നിലനില്‍ക്കവേ തന്നെ രണ്ടാം വിവാഹത്തിനും അതിനുശേഷം മൂന്നാം വിവാഹത്തിനും ഒക്കെ ഒരുമ്പെടുന്ന ഭര്‍ത്താക്കന്‍മാരുടെ വിചാരങ്ങളിലെവെടെയെങ്കിലും സാധുവായ ഒരു പെണ്‍കുട്ടിയ്‌ക്ക്‌ ജീവിതം കൊടുക്കണം എന്ന ചിന്ത ഉണ്ടാവുമോ എന്ന്‌ സംശയമാണ്‌' തുടങ്ങിയ ശക്തമായ നിരീക്ഷണങ്ങളുമായി ശ്രദ്ധേയമായ വിഷയം ബുലോഗത്ത്‌ ചര്‍ച്ചക്കായി തുറന്നുവിട്ടിരിക്കുകയാണ്‌ അഞ്ചല്‍.

ഒരു കാര്യം ഉറപ്പ്‌. മതവും മുതലാളിത്തവും മരുന്നിനുപോലും വ്യത്യസ്‌തമായി ചിന്തിക്കാത്തത്‌ സ്‌ത്രീവിഷയത്തിലാണ്‌. പെണ്ണ്‌ രണ്ടുകൂട്ടര്‍ക്കും ചരക്കാണ്‌. പുരുഷന്‍ ഉടമയും.

പ്രവാചകപരിവേഷമുള്ള ഒരുപാടുപേരും അവരുമുഴുവന്‍ നിരന്നിരുന്ന്‌ ഉപയോഗിച്ചാലും തീരാത്തത്ര പദാവലികളും ഭൂമിയില്‍ ഉള്ളപ്പോള്‍, സഹായത്തിന്‌ ഒരു നെന്‍മണിത്തൂക്കം തര്‍ക്കശാസ്‌്‌ത്രവും അകത്താക്കിയാല്‍ മയിലെണ്ണയില്‍ മുക്കിയ ഉണക്കീര്‍ക്കിലി വളയ്‌ക്കുന്നപോലെ സകലതിനെയും തനിക്കുവേണ്ടരീതിയില്‍ വളയ്‌ച്ചൊടിക്കാം. പ്രവാചകരെ ശിക്ഷിക്കാന്‍ ദൈവം കുറെ ശിഷ്യന്‍മാരെ അയച്ചുകൊടുക്കും എന്നാരോ പറഞ്ഞത്‌ അതുകൊണ്ടുതന്നെയായിരിക്കണം.

വാക്കുകള്‍ വാചകങ്ങളായി മരിക്കുകയല്ല വേണ്ടത്‌, അവ ജീവിതത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെടുകയാണ്‌. സത്യം സൂക്തമായി പറഞ്ഞാലും ആളുകള്‍ക്ക്‌ ദഹിക്കും. ഒരു വരിയെഴുതി അത്‌ വിശദീകരിക്കാന്‍ പിന്നെ നൂറുപേജ്‌ വേണമെങ്കില്‍ അതിന്നര്‍ത്ഥം ആദ്യമെഴുതിയ ഒരു വരി കളവാണെന്നാണ്‌.

എന്തുകൊണ്ട്‌ ബഹുഭാര്യാത്വത്തിന്റെ അപദാനങ്ങള്‍ വാഴ്‌ത്തുന്ന നാവുകളൊന്നും ബഹുഭര്‍തൃത്വത്തിന്റെ ഗുണഗണങ്ങളിലേക്ക്‌ നീളുന്നില്ല?

രണ്ടുമീറ്റര്‍ കാപ്പി

പണ്ടു മദിരാശിയിലെ ചായക്കടയിലിരിക്കുമ്പോ ടീ മാസ്‌റ്റര്‍ 'ബെന്റ്‌ രാജേന്ദ്ര' നോട്‌ തമാശയായി പറയുമായിരുന്നു, 'ബെന്റേ രണ്ടുമീറ്റര്‍ ചായ താടാ'. അതായത്‌ ബെന്റിന്റെ വലത്തേക്കയ്യിലെ പാട്ടയില്‍നിന്നും ഇടത്തേകയ്യിലെ ഗ്ലാസിലേക്ക്‌ ചായ സഞ്ചരിക്കുന്ന ദൂരം. ആണും പെണ്ണും തമ്മിലുള്ള അകലം വിനയ മീറ്റര്‍ കണക്കില്‍ അളയ്‌ക്കുകയാണ്‌ തന്റെ പോസ്‌റ്റിലൂടെ.

രസകരമായ നിരീക്ഷണം. രസകരമായതെല്ലാം സ്‌ത്യമാവണമെന്നില്ല. യാഥാര്‍ത്ഥ്യമാവണമെന്നുമില്ല.

വിനയയും അമ്മയും സംസാരിക്കുമ്പോഴാണ്‌ സംഭവം അരങ്ങേറുന്നത്‌, അതായത്‌ ദാസന്റെ കാപ്പിനിര്‍മ്മാണ സംരംഭം. മൂപ്പര്‍ മൂപ്പരുടെ അമ്മയ്‌ക്ക്‌ കാപ്പി ആറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്ലാസ്‌ കാപ്പി സ്വന്തം അമ്മയ്‌ക്ക്‌ കൊടുക്കുവാന്‍ വിനയ ആവശ്യപ്പെടുന്നു.
'ഇതാ ഉണ്ടാക്കീട്ടുണ്ട്‌ എടുത്തുകൊടുത്തൂടെ' എന്ന ദാസന്റെ പ്രതികരണം വിനയയെ പ്രകോപിപ്പിക്കുന്നു.
തുടര്‍ന്ന്‌ വായിക്കുമ്പോള്‍, 'എന്റെ അശ്രദ്ധ മന:പൂര്‍വ്വമാണെന്ന്‌ മനസ്സിലാക്കിയ ദാസേട്ടന്‍' എന്ന്‌ വിനയ പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാവുന്നു. ദാസന്റെ തെറ്റിദ്ധാരണയല്ല, വിനയ മന:പൂര്‍വ്വം ചെയ്‌തതാണ്‌.

സമത്വവാദി റഫറിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന വടംവലിയാണ്‌ ദാമ്പത്യം എന്നൊരഭിപ്രായം ഈയുള്ളവനില്ല.

വിശേഷിച്ച്‌ പണിയൊന്നുമില്ലാതെ കത്തിവെയ്‌ക്കുകയായിരുന്ന വിനയ ദാസന്‍ കാപ്പികൂട്ടുമ്പോള്‍ പോയെടുത്താലും, വിനയ ചായവെയ്‌ക്കുമ്പോള്‍ ദാസന്‍ വന്നെടുത്തു കുടിച്ചാലും, എഴുന്നേറ്റുവന്നെടുത്തുകുടിക്കാന്‍ കാലിന്ന്‌ സ്വാധീനമുള്ള അമ്മമാരാണെങ്കില്‍ വന്നെടുത്തുകുടിച്ചോളാന്‍ അലറിവിളിച്ചാലും, പറ്റാത്തവരാണെങ്കില്‍ കിടന്നിടത്ത്‌ കൊണ്ടുപോയി എഴുന്നേറ്റിരുത്തി കുടിപ്പിച്ചാലും സ്‌ത്രീപുരുഷ സമത്വത്തിന്റെ മൂര്‍ദ്ദാവില്‍ ഇടിത്തീ വീഴുമെങ്കില്‍, അത്‌ അതിന്റെ വിധിയായി കരുതി സമാധാനിക്കുന്നതായിരിക്കും നല്ലത്‌.

'ദാസേട്ടന്‍ എന്നെ കുറ്റപ്പെടുത്തി പരിഹസിച്ചെങ്കിലും എന്റെ തീരുമാനം അംഗീകരിച്ചതായി പിറ്റേന്ന്‌ രാവിലെ അമ്മ പാലും കൊണ്ടുവന്നപ്പോള്‍ അമ്മയ്‌ക്ക്‌ ദാസേട്ടന്‍ നിറഞ്ഞ ചിരിയോടെ കാപ്പികൊടുക്കുന്നതു കണ്ടപ്പോഴെനിക്കു മനസ്സിലായി.'

മികച്ച ഭാവാഭിനയത്തിനുള്ള ഭരത്‌ അവാര്‍ഡ്‌ സിനിമയ്‌ക്ക്‌ പുറത്തുകൊടുക്കുന്ന അന്ന്‌ ഒരെണ്ണം ദാസനുള്ളതായിരിക്കും എന്നുമാത്രം.

എന്റെ മരണം

ജീവിതം തന്നെ ഒരു കലയാണ്‌. അപ്പോള്‍ മരണം പരമമായ കലയും ആവണം. അതുകൊണ്ടാണല്ലോ ആളുകള്‍ വലിക്കുന്ന ശ്വാസത്തിന്റെ നിരക്കില്‍ കാശും കൊടുത്ത്‌ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്‌ പഠിക്കാന്‍ പോവുന്നത്‌. ജീവിതത്തിന്റെ പൂര്‍ണതയാണ്‌ മരണം. അതായത്‌ മംഗളം പാടിയവസാനിപ്പിക്കല്‍. അപ്പോള്‍ നമ്മള്‍ ഹൃദിസ്ഥമാക്കേണ്ടത്‌ ആര്‍ട്ട്‌ ഓഫ്‌ ഡെത്താണ്‌.

"ശാന്തയായ്‌ കിടക്കവേ വെറുതേ
ചിരിച്ചു - മരിച്ചത്‌ ഞാനെങ്കില്‍...."
നല്ലൊരു മരണചിത്രവുമായി തേജസ്വിനി ബൂലോഗത്ത്‌. ചന്ദനത്തിരികളാല്‍ അറിയിക്കാതെയും രാമായണപാരായണത്തിന്റെ ഇടര്‍ച്ചയില്ലാതെയും മരിക്കാം. അതാണ്‌ ഡയിങ്‌ ഇന്‍ ഹാര്‍ണസ്സ്‌ എന്ന സംഗതി.

മരണം ഒരു കലയാണെങ്കില്‍, ആ കലയില്‍ ഡോക്ടറേറ്റ്‌ എടുത്തു മരിച്ച വിജയന്‍മാഷുടെ മരണം പോലെ. ബുദ്ധിമുട്ടി വാക്കുകള്‍ മുഴുമിപ്പിച്ച്‌ മരണത്തിലേക്ക്‌ നടന്നുപോയ മാഷിന്റെ ഓണ്‍ലൈന്‍ ഡെത്ത്‌ പോലെ. നിര്‍ഭയത്വം.

മരണഭയമില്ലായ്‌മയാണ്‌ മനുഷ്യന്‌ ആവശ്യം. അപ്പോള്‍ മാത്രമേ മനുഷ്യന്‍ മൃഗങ്ങളുടെ നിലവാരത്തിലേക്കുയരുകയുള്ളൂ. മനുഷ്യനും മൃഗവും തമ്മിലുള്ള ഒരു വ്യത്യാസം മൃഗത്തിന്‌ മരണഭയമില്ലെന്നുള്ളതാണ്‌.

കൊല്ലം കൊല്ലം ണിം ണിം - 2

എന്നുമെന്നപോലെ, എഴുത്തിലെ ആത്മാര്‍ത്ഥത മുന്നില്‍നടകൊള്ളുന്നു, എടുക്കുമ്പോള്‍ ഒന്ന്‌, തൊടുക്കുമ്പോള്‍ നൂറ്‌, പതിക്കുമ്പോള്‍ പതിനായിരം എന്ന ശൈലി നിലനിര്‍ത്തിക്കൊണ്ടും, മുറിഞ്ഞുമുറിഞ്ഞു വീഴുന്ന ചെറുവാക്യങ്ങളെക്കൊണ്ടും വരികള്‍കൊണ്ടും ഒരു മാജിക്‌ മനു ബ്രിജ്‌്‌ വിഹാരത്തിലൂടെ അവതരിപ്പിക്കുന്നു. എഴുത്തിലെ മനൂവിയന്‍ ശൈലി എന്നു നാളെ കേട്ടേക്കാം.

ഹാസ്യത്തിന്റെ മര്‍മ്മമറിഞ്ഞ എഴുത്ത്‌, അശേഷം കൃത്രിമത്വം തോന്നാത്ത സ്വാഭാവിക ഹാസ്യം വാരിവിതറി ഒരു നെടുനീളന്‍ പോസ്‌റ്റ്‌ ചമയ്‌ക്കുക എളുപ്പമല്ല. എഴുതുന്നതിനെക്കുറിച്ച്‌ ഉത്തമബോദ്ധ്യം, എറ്റവും ചുരുങ്ങിയ വാക്കുകളില്‍ എഴുതുവാനുള്ള കഴിവ്‌, എല്ലാറ്റിനുമുപരിയായ അതിശക്തമായ നിരീക്ഷണപാടവവും നല്ല വായനയും ഉള്ളവര്‍ക്ക്‌ മാത്രം കൈവെക്കാവുന്ന മേഖലയാണ്‌ ഹാസ്യവും ആക്ഷേപഹാസ്യവുമെങ്കില്‍, അനായാസേന ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക്‌ തീകൊളുത്തിക്കൊണ്ട്‌ മനുവിന്റെ തൂലിക മുന്നേറുന്നു.

"ഡ്രൈവര്‍ ഫസ്റ്റ്‌ഗീയര്‍ ഇടുന്നതിനുമുന്‍പ്‌ തോന്ന്യാസി നിദ്രയുടെ സെക്കന്റ്‌ ഗിയര്‍ ഇട്ടു"
"വഴിയരികിലെ ബാറെന്നെഴുതിയ മഞ്ഞപ്പെട്ടി കണ്ടപ്പോള്‍ ജാതിസ്‌പിരിറ്റ്‌ മാറ്റിവെച്ച്‌ ഒറിജിനല്‍ സ്‌പിരിറ്റിലേയ്‌ക്ക്‌ കൊടിമാറ്റിപ്പിടിച്ചു പഹയന്‍മാര്‍"
കിട്ടിയ തഞ്ചത്തിന്‌ കൊട്ട്‌ പണിക്കര്‍ക്കും നടേശനും കൊടുക്കാന്‍ മറന്നില്ല.

"ഫോര്‍ എവരി ആക്ഷന്‍ ദെയര്‍ ഈസാന്‍ ഈക്വല്‍ ആന്റ്‌ ഇമ്മാതിരി റിയാക്ഷന്‍" ഒരു സാധാരണ വാചകത്തില്‍ അപ്രതീക്ഷിതമായ ഒരു വാക്കിലൂടെ വായനക്കാരനെ പൊട്ടിച്ചിരിപ്പിക്കുന്ന വി.കെ.എന്‍ ശൈലി.

"പണ്ട്‌ കംപ്യൂട്ടര്‍ പ്രോഗ്രാമറായി ഫ്രീ വിസയില്‍ ദുബായിക്ക്‌ പോയ ലക്കി ഫെലോ, പനയുടെ മുകളില്‍ പ്രോഗ്രാം ചെയ്യാന്‍ അള്ളിപ്പിടിച്ചുകയറിയപ്പോള്‍ മുകളില്‍ നിന്നിറങ്ങിവന്ന പഴയ ഹെഡ്‌മാസ്റ്ററെ കണ്ട്‌ അന്തം വിട്ടപോലെ".... സജ്ഞയന്റെ നിലവാരത്തിലേക്കുയരുന്ന നര്‍മ്മബോധത്തിന്റെ നിഴലാട്ടം.

എടുത്തുപറയാന്‍ എത്രയോ ഉണ്ട്‌. തല്‌ക്കാലം ഇത്രമാത്രം. മനൂ അഭിവാദ്യങ്ങള്‍.

ജനാധിപത്യത്തിലെ അദ്‌ഭുതപ്രവര്‍ത്തകര്‍

അശാന്തനായൊരു മാധ്യമപ്രവര്‍ത്തകന്റെ വ്യാകുലചിന്തകള്‍ വായിച്ചെടുക്കാന്‍ കഴിയുന്നു, പ്രദീപ്‌ കുമാറിന്റെ ശക്തമായ നിരീക്ഷണങ്ങളില്‍. അതേ, പ്രദീപ്‌ സ്ഥാപിക്കുന്നതുപോലെ ഇന്ത്യന്‍ ജനാധിപത്യത്തെ എപ്പോഴും നിയന്ത്രിക്കുന്നത്‌, ഇലക്ഷന്‍ നടത്തിപ്പിനുള്ള നിരീക്ഷകരെപ്പോലെ, മാറിനിന്ന്‌ കാര്യങ്ങല്‍ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷമാണ്‌. അവരുടെ എണ്ണം ഉയരേണ്ടത്‌ വളരെ അത്യാവശ്യമാണ്‌.

രാഷ്ട്രീയം ഉപജീവനവും കോടികള്‍ സമ്പാദിക്കുവാനുള്ള കുറുക്കുവഴിയുമായി കൊണ്ടുനടക്കുന്നവര്‍ ജനാധിപത്യത്തിന്റെ നാലുകെട്ടിനുള്ളിലേക്ക്‌ കടക്കാതിരിക്കാന്‍ അവശ്യം വേണ്ടത്‌ ഇങ്ങിനെയുള്ളവരുടെ എണ്ണം കൂടുകയാണ്‌. നമ്മുടെ ജനാധിപത്യത്തിന്റെ കാവല്‍മാലാഖമാര്‍ ആളുകള്‍ കരുതുന്നപോലെ രാഷ്ട്രീയക്കാരല്ല, പാര്‍ട്ടിയില്ലാത്ത ഈ യഥാര്‍ത്ഥ രാഷ്ട്രീയക്കാരാണ്‌. സമയോചിതം, സുചിന്തിതം, ആലോചനാമൃതം

1 comment:

എന്‍.കെ said...

പണ്ടു മദിരാശിയിലെ ചായക്കടയിലിരിക്കുമ്പോ ടീ മാസ്‌റ്റര്‍ 'ബെന്റ്‌ രാജേന്ദ്ര' നോട്‌ തമാശയായി പറയുമായിരുന്നു, 'ബെന്റേ രണ്ടുമീറ്റര്‍ ചായ താടാ'. അതായത്‌ ബെന്റിന്റെ വലത്തേക്കയ്യിലെ പാട്ടയില്‍നിന്നും ഇടത്തേകയ്യിലെ ഗ്ലാസിലേക്ക്‌ ചായ സഞ്ചരിക്കുന്ന ദൂരം. ആണും പെണ്ണും തമ്മിലുള്ള അകലം വിനയ മീറ്റര്‍ കണക്കില്‍ അളയ്‌ക്കുകയാണ്‌ തന്റെ പോസ്‌റ്റിലൂടെ.