Sunday, May 3, 2009

ബൂലോഗവിചാരണ - 12


വിദേശബിരുദവും ബിരുദാനന്തരബിരുദവുമാവുമ്പോള്‍ വിവരം കൂടും എന്നൊരു ധാരണ സായിപ്പിനെകാണുമ്പോള്‍ കവാത്തുമറക്കുന്നവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികം. വേറൊരുഗുണം കൂടിയുണ്ട്‌. സര്‍വ്വകലാശാലയുടെ പേരില്‍ അവിടെ ഒരു ചാരായഷാപ്പുകൂടി ഇല്ലെങ്കിലും ആ വിവരം ഇവിടെ ആരറിയാന്‍? ഇപ്പോഴാകട്ടെ വിവരസാങ്കേതികവിദ്യകൊണ്ടുള്ള ഓരോരോ പ്രശനങ്ങളെന്നുവേണം കരുതാന്‍.

അമ്മാജിയ്‌ക്ക്‌ ക്ലെറിക്കല്‍ മിസ്‌റ്റേക്ക്‌ മോന്‍ജിയ്‌ക്ക്‌ ജനത്തിനു വിവരം വെച്ചമിസ്‌റ്റേയ്‌ക്ക്‌. 'വീരസുത'നാവട്ടേ കാര്യങ്ങള്‍ ഇത്രയങ്ങ്‌ കേറിപ്പിടിക്കും എന്നു കരുതിക്കാണുകയുമില്ല. സ്വന്തം ബിരുദം സ്വന്തം കമ്പനി എന്നാവുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകൊണ്ടൊരു ഉപദ്രവത്തിനു സാദ്ധ്യതയില്ലായിരുന്നുവെന്നത്‌ സത്യം. വേലിയില്‍ കിടന്ന സര്‍ട്ടിഫിക്കറ്റെടുത്ത്‌ വേണ്ടാത്തിടത്ത്‌ വച്ചതാണ്‌ ഇപ്പോള്‍ കുഴപ്പമായത്‌.

വിവരമുള്ളവന്‌ സര്‍ട്ടിഫിക്കറ്റ്‌ വേണമെന്നില്ല. സര്‍ട്ടിഫിക്കറ്റുള്ളവന്‌ വിവരവും. സഖാവ്‌ കാന്തലോട്ട്‌ കുഞ്ഞമ്പു കേരളത്തിന്റെ മന്ത്രിയായിരുന്നിട്ടുണ്ട്‌. മലയാളത്തില്‍ എഴുതാനും വായിക്കാനും മാത്രമറിയുന്ന സഖാവ്‌ കേരളം ഭരിച്ചതുകൊണ്ടു യാതൊരു ഉപദ്രവവും ഉണ്ടായതായി അറിവില്ല. എന്നാല്‍ അബദ്ധം പറ്റിയിട്ടില്ലെന്ന ഒരു നേട്ടവുമുണ്ട്‌. അംഗ്രേസിയിലെ ഫയലുകള്‍ മുഴുവനും ബന്ധപ്പെട്ട ഐഎഎസ്സുൂകാരന്‍ വിവര്‍ത്തനം ചെയ്‌ത്‌ വിവര്‍ത്തനം സത്യമാണെന്ന്‌ സാക്ഷ്യപ്പെടുത്തിയശേഷം മാത്രമായിരുന്നു സഖാവിന്റെ ഫയല്‍ പഠനവും തുടര്‍നടപടികളും.

എന്നാല്‍ മുറിയിംഗ്ലീഷ്‌ പഠിച്ചു. അതിന്റെ പത്തിരട്ടി വിവരമുണ്ടെന്ന നാട്യവുമായപ്പോള്‍ ഉണ്ടായ അപകടം ചില്ലറയായിരുന്നില്ല. കോളയെ പെരുമാട്ടിയില്‍ കുടിയിരുത്തിയതിന്റെ ചരിത്രം പരിശോധിച്ചാല്‍ അറിയുക ആ വിപ്ലവവിവരക്കേടിന്റെ വീരഗാഥകളാണ്‌. അതൊരു വശം. ഇനി ബസ്സിനുകല്ലെറിഞ്ഞവന്‌ എല്‍.എല്‍.ബിയും താളാത്മകമായി മുദ്രാവാക്യം വിളിച്ചവന്‌ ഡിഗ്രിയും പതിച്ചുനല്‌കിയ തനത്‌ കേരളീയ ശൈലിക്ക്‌ വലിയമാറ്റം വന്നുവോ? ദരിദ്രര്‍ക്കു അന്നദാനം പോലെ മാര്‍ക്കുദാനം ജീവിതവ്രതമാക്കി സര്‍വ്വകലാശാലകള്‍ കുപ്രസിദ്ധിയുടെ പടവുകള്‍ താണ്ടിക്കൊണ്ടിരിക്കുമ്പോള്‍ ആരാണ്‌ നമ്മുടെ നേതാക്കളുടെ സര്‍ട്ടിഫിക്കറ്റുകളെ വിശ്വസിക്കുക?


പി.എം മനോജിന്റേത്‌ നല്ലലേഖനം. ഇതിന്റെ തുടര്‍ച്ചയായി പരിശുദ്ധ രാഷ്ട്രീയ പിതാക്കള്‍ മണ്ടന്‍മാരായ പുത്രന്‍മാരെ അരക്കോടി ചിലവിട്ട്‌ ബിലാത്തിയില്‍ പഠിപ്പിച്ച്‌ മഹാന്‍മാരാക്കുന്നതിനെപ്പറ്റിയും എഴുതിയാല്‍ കര്‍മ്മം പൂര്‍ത്തിയായി എന്നുപറയാം.


ഏത്തമിടാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനെ നീക്കം ചെയ്യാന്‍ ഉത്തരവിടുന്നതിനും മുന്‍പ്‌ ആ ഏത്തമിട്ടവനെ മുക്കാലിയില്‍ കെട്ടിയടിക്കണമായിരുന്നുവെന്ന ഒരഭിപ്രായമാണ്‌ വിചാരണക്കാരനുള്ളത്‌. കാരണം, മണ്‍മറഞ്ഞ വ്യവസ്ഥിതിയെ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നവനെക്കാള്‍ കുറ്റക്കാരന്‍ അതിനു വിനീതവിധേയനാവാന്‍ തയ്യാറായി തലകുനിക്കുന്നവനാണ്‌.

സാമൂഹികതിന്മകള്‍ എക്കാലവും പുതിയകുപ്പിയിലെ പഴയ വീഞ്ഞുകളായി അവശേഷിക്കും. പഴയ ഫ്യൂഡല്‍ പ്രഭുക്കള്‍ പുത്തന്‍ വിപ്ലവകാരികളായും, പഴയ മതഭ്രാന്തന്‍മാര്‍ ഐടി സ്‌പെഷ്യലിസ്റ്റുകളായും അവതരിക്കുമ്പോള്‍ അതു തിരിച്ചറിയാനുള്ള വിവേകം നമ്മള്‍ സാധാരണക്കാര്‍ക്കുണ്ടാവണം. പുരകത്തുമ്പോള്‍ വാഴവെട്ടുന്ന പിണറായിയന്‍ പ്രഖ്യാപനം അസ്സലായി. ഏത്തമിടുവിച്ചവന്‍ മോഡിയുടെ നാട്ടില്‍നിന്നാണെന്നും ഏത്തമിട്ടവന്‍ ഇസ്ലാംമതക്കാരനാണെന്നുമുള്ള പരാമര്‍ശം ചീപ്പിന്റെ സൂപ്പര്‍ലെറ്റീവായ ചീപ്പെസ്റ്റെന്നേ പദം കൊണ്ടേ വിശേഷിപ്പിക്കാനാവൂ.

എന്നാല്‍ അയാളെ കരണക്കുറ്റിക്കടിക്കേണ്ടിയിരുന്നു എന്ന പ്രസ്‌താവനയെ വിചാരണക്കാരന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. പക്ഷേ മുന്‍പ്‌ ലാലുയാദവന്റെ മകള്‍ കേരളത്തില്‍ വച്ച്‌ ഒരു മാധ്യമപ്രവര്‍ത്തകനെ കരണക്കുറ്റിക്കടിച്ചപ്പോള്‍ അവളെ അയാള്‍ ചെരുപ്പൂരിയടിക്കേണ്ടിയിരുന്നു എന്നുപറയാനുള്ള ആര്‍ജവം അന്ന്‌ ഈ മഹാന്‍മാരില്‍ കണ്ടില്ല എന്നതും ശ്രദ്ധേയം. കമഴ്‌ന്നുവീണാല്‍ കിട്ടണം നാലുവോട്ട്‌ എന്നാവുമ്പോള്‍ നാഴികയ്‌ക്ക്‌ അഭിപ്രായം നാല്‌പതുവട്ടമാവും.


കുരുടന്‍ ആനയെക്കണ്ടതുപോലെയാണ്‌ സ്വാതന്ത്യത്തിന്റെ അര്‍ത്ഥം പലരും കണ്ടെത്തിയിട്ടുള്ളത്‌. നമുക്ക്‌ കാതിനിമ്പമുള്ളത്‌ കേള്‍ക്കുവാനും കണ്ണിനിമ്പമുള്ളത്‌ കാണുവാനും കൈകൊണ്ട്‌ പറ്റുന്നത്‌ ചെയ്യുവാനും മാത്രമുള്ളതാണ്‌ സ്വാതന്ത്ര്യം, അഥവാ ഒരു പാതിവെന്ത റൊട്ടിയാണ്‌ സ്വാതന്ത്ര്യം എന്ന വികലമായ കാഴ്‌ചപ്പാടാണ്‌ ഒരുകൂട്ടര്‍ക്കുള്ളത്‌.

നാമിഷ്ടപ്പെടുന്നതു കേള്‍ക്കാനെന്നപോലെ, നാമിഷ്ടപ്പെടുന്നത്‌ കാണാനെന്നപോലെ, നാമിഷ്ടപ്പെടുന്നത്‌ ചെയ്യാനെന്നപോലെതന്നെ നാമിഷ്ട്‌ടപ്പെടാത്തത്‌ കാണാനും കേള്‍ക്കാനും സഹിക്കാനും കൂടിയുള്ള പാരതന്ത്ര്യം കൂടിയാണ്‌ ജനാധിപത്യത്തിലെ സ്വാതന്ത്ര്യം. അല്ലാത്തിടത്താണ്‌ പാര്‍ട്ടി ഗ്രാമങ്ങളും, പരിവാര്‍ ഗ്രാമങ്ങളും സംഭവിക്കുക. മാറാടുകള്‍ മാറാനകളാവുക. സ്വാതന്ത്ര്യം എന്നത്‌ ഒരു വണ്‍വേ ട്രാഫിക്കല്ല. ആളുകളും ആശയങ്ങളും ആദര്‍ശങ്ങളും തലങ്ങും വിലങ്ങും യഥേഷ്ടം സഞ്ചരിക്കുന്ന ഒരു ഉത്സവപ്പറമ്പാണ്‌ സ്വാതന്ത്ര്യം.

ഇനി ബുദ്ധിജീവികള്‍ അഥവാ സ്‌റ്റുഡിയോകള്‍ കേന്ദ്രീകരിച്ച്‌ വിശേഷാവസരങ്ങളില്‍ ചര്‍ച്ചക്കാരായും ചാര്‍ച്ചക്കാരായും ഉപജീവനം കഴിക്കുന്ന വെള്ളാനകള്‍. ബുദ്ധിജീവികളെക്കൊണ്ടെന്ത്‌ പ്രയോജനം എന്ന ചോദ്യം പണ്ടേ ഉയര്‍ന്നിരുന്നെങ്കിലും ആര്‍ക്ക്‌ പ്രയോജനം എന്നതിനുത്തരം നമ്മള്‍ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്‌. ലക്ഷണമൊത്ത ബുദ്ധിജീവികളെക്കൊണ്ട്‌ സമൃദ്ധമാണ്‌ കേരളം. നാവിന്റെ നീളവും വാലിന്റെ നീളവും തമ്മില്‍ അന്തരമില്ലാത്ത ബുദ്ധിജീവികള്‍ക്കാണ്‌ മാര്‍ക്കറ്റ്‌. ഇന്നുപറഞ്ഞത്‌ നാളെപറയണമെന്നില്ല. അതു മറ്റന്നാളേക്ക്‌ ഓര്‍ക്കുകകൂടി ചെയ്യാതിരുന്നാല്‍ മാര്‍ക്കറ്റുകൂടും.

കമ്മ്യൂണിസ്‌റ്റുകാരന്‍ എന്നത്‌ പണ്ട്‌ സമൂഹം ഒരു വിപ്ലവകാരിക്ക്‌ പതിച്ചുകൊടുക്കുന്ന സര്‍ട്ടിഫിക്കറ്റായിരുന്നു. അതുപോലെ ബുദ്ധിജീവി എന്നതും. അതായത്‌ സമൂഹത്തിനുവേണ്ടി ചിന്തിക്കുന്നവനുള്ള സമൂഹത്തിന്റെ സാക്ഷ്യപത്രമായിരുന്നു ആ പദാവലികള്‍. ഇപ്പോള്‍ സെല്‍ഫ്‌ സ്റ്റൈല്‍ഡ്‌ കമാന്റര്‍ തസ്‌തികപോലെ സെല്‍ഫ്‌ സ്റ്റൈല്‍ഡ്‌ കമ്മ്യൂണിസ്റ്റുകളും ബുജികളും അരങ്ങുവാഴുമ്പോള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്‌റ്റുകളും തലപണയം വച്ച്‌ പുട്ടടിക്കാത്ത ബുദ്ധിയും ചിന്തയും തുല്യ അളവിലുള്ളവരും അരങ്ങുകാണാത്ത നടന്‍മാരായി ഒടുങ്ങുന്ന കാലത്ത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്‌ നളന്‍സ്‌ എടുത്തിട്ട വിഷയം.

അതോടൊപ്പം തന്നെ വംശനാശം നേരിടുന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ ഇപ്പോഴത്തെ ആവാസമേഖല കണ്ടെത്താനുള്ള ഒരു പഠനത്തിനും സ്‌കോപ്പുണ്ട്‌. ജനാധിപത്യം ചലനാത്മകമാകണമെങ്കില്‍ നിസ്വാര്‍ത്ഥരായ രാഷ്ട്രീയനേതൃത്വം വേണം, ആര്‍ജവമുള്ള ചിന്തകര്‍ വേണം, ഒപ്പം ജാഗരൂഗരായ മാധ്യമപ്രവര്‍ത്തകരും. സര്‍വ്വോപരി സര്‍വ്വര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യവും.


മരത്തലയന്റെ പോസ്‌റ്റ്‌ സമകാലിക രാഷ്ട്രീയാവസ്ഥയിലേക്കും രാഷ്ട്രീയ മൂല്യങ്ങളുടെ അഗാധതയിലേക്കുള്ള പതനത്തിലേയ്‌ക്കും വെളിച്ചം വീശുന്നു. ഒരുവന്റെ വീഴ്‌ച, അല്ലെങ്കില്‍ ദൗര്‍ബല്യം അതുമല്ലെങ്കില്‍ കൊള്ളരുതായ്‌മ മറ്റൊരു കൊള്ളരുതാത്തവന്റെ കരുത്തായിമാറുന്ന ഒരപൂര്‍വ്വ സാഹചര്യമാണ്‌ തിരഞ്ഞെടുപ്പ്‌. കാരണം ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണമാവണമെങ്കില്‍ അര്‍ഹതപ്പെട്ടവര്‍ തിരഞ്ഞെടുക്കപ്പെടാനുള്ള അവസരം പോലെതന്നെ അനര്‍ഹര്‍ തിരഞ്ഞെടുക്കപ്പെടാതിരിക്കാനുള്ള ജനങ്ങളുടെ അവകാശവും കൂടി വിനിയോഗിക്കുപ്പെടേണ്ടതുണ്ട്‌.

അതായത്‌ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒരുവന്‍ കള്ളനാണെന്നും രണ്ടാമന്‍ കൊള്ളക്കാരനാണെന്നും മൂന്നാമന്‍ എണ്ണം പറഞ്ഞ പീഢകനാണെന്നും നാലാമന്‍ നാറിയാണെന്നും വന്നാല്‍ നാലെണ്ണത്തെയും തള്ളി വോട്ടുചെയ്യുവാനുള്ള അധികാരം ജനത്തിനുള്ളപ്പോഴേ ജനാധിപത്യം പൂര്‍ണമാവുകയുള്ളൂ. അല്ലാത്തപ്പോള്‍ കാതുകുത്തിയോന്‍ പോയാല്‍ കടുക്കനിട്ടോന്‍ വരുന്ന ഒരു ഏര്‍പ്പാട്‌ മാത്രമാണ്‌ സംഭവിക്കുക. നാവ്‌ നടുറോഡിലെ ഓട്ടോറിക്ഷപോലെ യഥേഷ്ടം ഇടത്തോട്ടും വലത്തോട്ടും വെട്ടിക്കാന്‍ കഴിയുന്ന ഏത്‌ പരിഷയെയും മത്സരിപ്പിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാവും. മായാവതിമാര്‍ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥികളുമാവും. അതിനപ്പുറവും സംഭവിക്കും.

കേരളത്തിലെ എണ്ണം പറഞ്ഞ പാര്‍ട്ടികളുടെ സമകാലികചിത്രം മരത്തലയന്‍ വരച്ചിടുന്നു തന്റെ രചനയിലൂടെ.അനിതയുടെ അടുക്കള കഥപറയുമ്പോള്‍ വിചാരണക്കാരനെ നയിക്കുന്നത്‌ മറ്റുചില ചിന്തകളിലേയ്‌ക്കാണ്‌. ഈയുള്ളനവന്‌ ഒരിക്കലും മനസ്സിലാവാത്ത ഒരു കണക്കാണ്‌ 33 ശതമാനം വനിതാസംവരണം എന്നത്‌. ഇന്ത്യാമഹാരാജ്യത്തിലെ വനിതകളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ പകുതിയോ അതില്‍ കൂടുതലോ ആവുമ്പോള്‍, ന്യായമായും പെണ്ണുങ്ങള്‍ ആണുങ്ങളുടെ അഥവാ ആണുംപെണ്ണും കെട്ടവരുടെ കുത്തിനുപിടിച്ചു വാങ്ങേണ്ടത്‌ ചുരുങ്ങിയത്‌ 50 ശതമാനം സീറ്റാണ്‌.

അതുപോലെ വേറൊന്ന്‌ സ്‌ത്രീപുരുഷ സമത്വം എന്നൊരു ഭാഗത്തു മുറവിളി കൂട്ടുന്നവര്‍, ആണും പെണ്ണും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നു പറയുന്നവര്‍ (അങ്ങിനെയെങ്കില്‍ ബലാല്‍സംഗക്കുറ്റത്തിന്‌ ജയിലിലുള്ള ആണുങ്ങളെ നിരുപാധികം വിട്ടയക്കേണ്ടതാണ്‌, പരസ്‌പരം കാണുക തന്നെ ചെയ്യാത്തവര്‍ എങ്ങിനെ ബലാല്‍സംഗം നടത്തും?) , സ്‌ത്രീ ജന്മം പുണ്യജന്മവും ആണ്‍ജന്മം ആ അമൃതോടൊപ്പം വരുന്ന കാളകൂടവുമാണെന്നു കരുതിനടക്കുന്നവര്‍, പെണ്ണിന്റെ സ്ഥാനം ആണിന്റെ അടിയിലോ മുകളിലോ അതോ തറനിരപ്പില്‍ തുല്യഉയരത്തില്‍ വശങ്ങളിലോ എന്നു കണ്ടെത്താനുളള ഗവേഷണം നടത്തുന്നവര്‍ എല്ലാവരെക്കൊണ്ടും ബുലോകം നിറയുമ്പോള്‍ ഒരു സംശയം തോന്നുന്നു. സ്‌ത്രീ മനുഷ്യന്‍ തന്നെയല്ലേ എന്ന ന്യായമായ സംശയം.

മനുഷ്യന്‍ എത്ര മനോജ്ഞ പദം. അതില്‍ നിന്നും മാറി ആണിനെയും പെണ്ണിനെയും വേര്‍തിരിച്ചുകാണുന്നിടത്താണ്‌ വിവേചനത്തിന്റെ ആ മഹാറാലിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കപ്പെടുന്നത്‌. മനുഷ്യന്‍ ലൈഗീംകമായി ചിന്തിക്കുന്നതും ലൈഗികബന്ധം നടത്തുന്നതും ആകെയുള്ള 24 മണിക്കൂറില്‍ ചിലപ്പോള്‍ 10 മിനിറ്റുസമയമായിരിക്കും. അതിനപ്പുറം ലിംഗബോധം സാധാരണയാളുകള്‍ക്കുണ്ടാവാന്‍ സാദ്ധ്യതയില്ല. അവനെ അവനായും അവളെ അവളായും മൊത്തത്തില്‍ മനുഷ്യരായും കണ്ടാല്‍ തീരുന്ന പ്രശ്‌നത്തെ ലിംഗത്തില്‍ കെട്ടി മേയാന്‍വിടുമ്പോഴാണ്‌ ഇത്തരം അത്യാഹിതങ്ങള്‍ സംഭവിക്കുന്നത്‌. അടുക്കളയിലും അരങ്ങിലും ആണുംപെണ്ണും ഒരുപോലെ തിളങ്ങട്ടെ.

1 comment:

എന്‍.കെ said...

വിവരമുള്ളവന്‌ സര്‍ട്ടിഫിക്കറ്റ്‌ വേണമെന്നില്ല. സര്‍ട്ടിഫിക്കറ്റുള്ളവന്‌ വിവരവും. സഖാവ്‌ കാന്തലോട്ട്‌ കുഞ്ഞമ്പു കേരളത്തിന്റെ മന്ത്രിയായിരുന്നിട്ടുണ്ട്‌. മലയാളത്തില്‍ എഴുതാനും വായിക്കാനും മാത്രമറിയുന്ന സഖാവ്‌ കേരളം ഭരിച്ചതുകൊണ്ടു യാതൊരു ഉപദ്രവവും ഉണ്ടായതായി അറിവില്ല.