പോളിട്രിക്‌സ്
'എന്താ അമ്മാമാ എന്റെ അമ്മ സുന്ദരിയല്ലേ?' എന്ന മികച്ച ലേഖനത്തിലൂടെ മധു സൗന്ദര്യമത്സരങ്ങളുടെ
പിന്നിലെ സാമ്പത്തിക-വാണിജ്യ താത്പര്യങ്ങളുടെ കാണാച്ചരടുകളിലേയ്ക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുന്നു. മരുമകന്റെ നിഷ്‌കളങ്ങമായ ചോദ്യത്തിലൂടെ സൗന്ദര്യത്തിന്റെ വിപണനകാപട്യങ്ങളുടെ ചരിത്രത്തിലൂടെയും സമകാലികസംഭവവികാസങ്ങളിലൂടെയും സഞ്ചരിക്കുകയാണ് ബ്ലോഗര്‍.
ചുരുക്കത്തില്‍ ലോകത്തില്‍ ഏറ്റവും സ്‌നേഹമുള്ള അമ്മയെ കണ്ടെത്താന്‍ ഒരു മത്സരം സംഘടിപ്പിച്ചാല്‍ എങ്ങിനെയിരിക്കും? ആയൊരു വിഡ്ഡിത്തത്തിന് സൗന്ദര്യകിരീടം ചൂടിക്കുവാന്‍ മാത്രമുള്ളതാണ് സൗന്ദര്യമത്സരങ്ങള്‍.
ഇനി മറ്റൊരു വശം. ഭൂലോകസുന്ദരിയായി ഐശ്വര്യ, അല്ലെങ്കില്‍ വിശ്വസുന്ദരിയായി സുസ്മിത തിരഞ്ഞെടുക്കപ്പെട്ടു. അടുത്തവര്‍ഷം ആ കിരീടം മറ്റൊരു തലയില്‍ ചൂടിച്ചുകൊടുക്കുമ്പോള്‍ ഐശ്വര്യയുടെ സൗന്ദര്യം മഹാഭാഗ്യം കൊണ്ട് ഒരു കൊല്ലം തികഞ്ഞതാണോ? പെണ്ണിന്റെ സൗന്ദര്യത്തിന്റെ ആയുസ്സ് ഒരുവര്‍ഷമാക്കി നിജപ്പെടുത്തിയത് ആരാണ്? ലക്ഷണമൊത്ത എഴുത്തുകാരനെത്തേടി അവാര്‍ഡുകളെത്താത്തതുപോലെ, റാമ്പുതേടി യഥാര്‍ത്ഥ സുന്ദരികളും യാത്രതിരിക്കാറില്ലെന്നതാണ് സത്യം.
അതുകൊണ്ടുതന്നെ അങ്ങിനെ ലഭ്യമാവുന്ന ഒരു കിരീടം ജീവിതലക്ഷ്യമായെടുക്കാന്‍ മാത്രം ഒന്നിനുംകൊള്ളാത്തവരല്ല ബഹുഭൂരിപക്ഷം സുന്ദരിമാരും. എന്നാലും ലോകവനിതകള്‍ക്ക് മുഴുവന്‍ അപമാനമുണ്ടാക്കാന്‍ നഞ്ച് നാനാഴിയൊന്നും വേണ്ടതില്ല. ഉള്ളവര്‍തന്നെ ധാരാളം.
കൊടുങ്കാറ്റ്
എത്ര ഉന്നതമായി ചിന്തിക്കാന്‍ ശേഷിയുള്ള തലച്ചോറുകളെയും ബാധിക്കുന്ന രാജയക്ഷ്മാവാണ് മതം എന്നതിരിച്ചറിവാണ് ശരീഫ് സാഗറിന്റെ 'എന്റെ ഇസ്ലാം അമേരിക്കയ്ക്ക് അനുകൂലമാണ്' എന്ന ലേഖനം സമ്മാനിക്കുക.
ഇസ്ലാം നേരിടുന്ന സമകാലിക പ്രതിസന്ധികള്‍ ഒരു അനുയായിയുടെ മനസ്സിനെ മഥിക്കുമ്പോഴുണ്ടാവുന്ന അതിശക്തമായ നിരീക്ഷണങ്ങളാണ് ശരീഫിന്റേത്. എന്നാല്‍ ഇസ്ലാമിന്റെ ആചാരങ്ങളുടെ കാലഹരണപ്പെട്ട കാഴ്ചപ്പാടുകളുടെ ഇരുമ്പുമറകള്‍ ഭേദിച്ച് പുറത്തുകടക്കാന്‍ വിശ്വാസം അനുവദിക്കുന്നുമില്ല. ഈ ലോകത്തിനുവേണ്ടതെല്ലാം ഇസ്ലാമിലുണ്ട്, ഇസ്ലാമിലില്ലാത്തതൊന്നും ലോകത്തിനു വേണ്ടതല്ല, ഇസ്ലാമിലുള്ളതെന്തോ ലോകം അതിനനുസരിച്ച് ചലിച്ചാല്‍ മതി എന്ന രാഷ്ട്രീയ ഇസ്ലാമും, ഇസ്ലാം മാത്രമാണ് സര്‍വ്വവും തികഞ്ഞ മതം എന്ന വിശ്വാസം വച്ചുപുലര്‍ത്തുന്ന സാദാ വിശ്വാസിയും തമ്മില്‍ വലിയ അകലമൊന്നുമില്ല. അതുകൊണ്ടുതന്നെയാണ് പകലാളുകള്‍ക്ക് ലീഗും സീപിയെമ്മും ആവാനും പാതിരാവില്‍ എന്‍ഡിയെഫ് ആവാനും കഴിയുന്നത്.
സഹിഷ്ണുതയാണ് ഒരു വിശ്വാസത്തിന് അത്യാവശ്യമായി വേണ്ടത്. ഇസ്ലാമിന് അതില്ലെങ്കില്‍ അതുപഠിക്കാനുള്ള എത്രയോ ദര്‍ശനങ്ങള്‍ ഭൂമുഖത്തുണ്ട്. അത് ആരെങ്കിലും പഠിച്ചുപോയെങ്കിലോ എന്ന ബേജാറുകൊണ്ടായിരുന്നില്ലേ അഫ്ഗാനിലെ ഇസ്ലാമിനെക്കാളും പ്രായമുള്ള ബുദ്ധപ്രതിമകള്‍ ബോംബിട്ട് നിരത്തിക്കൊടുത്തത്. ഇസ്ലാം ഭുമുഖത്തുനിന്ന് അപ്രത്യക്ഷമായാലും ബുദ്ധന്‍ ലോകത്തുണ്ടാവും. തലമൊട്ടയടിച്ച ഭിക്ഷുക്കളുടെ എണ്ണംകൊണ്ടല്ല. ബുദ്ധന്‍ പഠിപ്പിച്ച സഹിഷ്ണുതയുടെ മഹത്വം കൊണ്ട്. സഹിഷ്ണുതയില്ലാത്ത വിശ്വാസം കാലത്തെ അതിജീവിക്കുകയില്ല. കമ്മ്യൂണിസത്തിന്റേത് എന്നു ഞാന്‍ പറയുകയില്ല, കമ്മ്യൂണിസ്റ്റുകാരുടെ അധോഗതിയുടെ കാരണങ്ങളിലേയ്ക്ക് കണ്ണോടിച്ചാലും കാണുക ഈയൊരു അസഹിഷ്ണുതയായിരിക്കും. ഇസ്ലാം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയും നോക്കുക.
നല്ലതെന്തും ഇസ്ലാമിനുമാത്രമേ അവകാശപ്പെടാനാവൂ എന്ന വികലചിന്തകളില്‍ നിന്നുമാണ് യൂറോപ്പും അമേരിക്കയും ഇപ്പോള്‍ നടപ്പാക്കിവരുന്നത് ഇസ്ലാമിക ദര്‍ശനങ്ങളാണെന്ന നിരീക്ഷണം ഉടലെടുക്കുന്നത്.
മതഗ്രന്ഥത്തിലെ വരികള്‍ നോക്കിയല്ല ആരും മതത്തെ നിരീക്ഷിക്കുക. അതിന്റെ അനുയായികളുടെ പ്രവൃത്തിവെച്ചാണ്. ഇടക്കിടെ പല വിശ്വാസികളും പറയുന്നതുപോലെ എല്ലാ വിമര്‍ശനങ്ങളും ഇസ്ലാമിനെ അറിയാത്തതുകൊണ്ടാണെന്നതില്‍ പരം സൂപ്പര്‍ വിഡ്ഡിത്തം വേറൊന്നുണ്ടാവില്ല. ബൂദ്ധഭിക്ഷുവിനെ കാണുമ്പോള്‍ ആരും പഹയന്‍ ഭീകരനാണോ എന്നു സംശയിക്കാത്തതെന്തുകൊണ്ടാണ്? ഒരു മരം എന്താണെന്നുപറയുന്നത് അതിന്റെ ഫലം വച്ചാണ്. മതവും.
അതുകൊണ്ട് ശരീഫ് സഞ്ജയന്‍ പണ്ടുപറഞ്ഞതുപോലെ മുരിക്കില്‍ നിന്നും ചക്ക പറിക്കാന്‍ നോക്കാതെ മതത്തിനുമീതെയുള്ള മാനവികതയിലേക്കുയരുകയാണു വേണ്ടത്. ഓഷോ പറഞ്ഞതുപോലെ, ദൈവം ഒരു പരിഹാരമല്ല, പ്രശ്‌നമാണ്.
സമകാലികപ്രശ്‌നങ്ങള്‍
'ഇസ്ലാമിനെ രക്ഷിക്കേണ്ടത് ആര്?' എന്ന ശരീഫിന്റെ ലേഖനത്തിനുള്ള ഖണ്ഡനവിമര്‍ശനം എന്നുപറയാം കാളിദാസന്റെ പോസ്റ്റ്. കാളിദാസനെ വ്യത്യസ്തനാക്കുന്നത് നിരീക്ഷണങ്ങളിലെ മൗലികതയാണ്. പ്രത്യക്ഷത്തില്‍ പുരോഗമനപരം എന്നരീതിയില്‍ ശരീഫ് നിരത്തുന്ന വാദമുഖങ്ങളെ തലനാരിഴകീറി പരിശോധിച്ച് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം തന്റെ വാദമുഖങ്ങളെ കാളിദാസന്‍ ഉറപ്പിക്കുന്നു.
മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്ന പോസ്റ്റുകള്‍ ആളുകള്‍ വായിച്ചുതള്ളിക്കളയും. എന്നാല്‍ ബുദ്ധിപൂര്‍വ്വം പിന്തിരിപ്പന്‍ ആശയങ്ങള്‍ വിശ്വാസത്തിനപ്പുറം ഉയരാന്‍ പറ്റാത്ത വിശ്വാസികള്‍ അവതരിപ്പിക്കുമ്പോള്‍ അത് ഉചിതമായ മറുപടി അര്‍ഹിക്കുന്നു. ആ ധര്‍മ്മം കാളിദാസന്‍ നിര്‍വ്വഹിക്കുന്നു.
ചിന്താശകലങ്ങള്‍
നമുക്കു ചുറ്റിലുമുള്ള മുന്‍പേ പറഞ്ഞ അസഹിഷ്ണുതയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുന്നത് ശാസ്ത്രത്തിന്റെ അപ്രതീക്ഷിതമായ മുന്നേറ്റമാണ്. ദൃശ്യമാധ്യമങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും സജീവസാന്നിദ്ധ്യമാണ് നാം കേള്‍ക്കുന്നതല്ല, നാം കാണുന്നതല്ല നമുക്കു ചുറ്റിലും നടമാടുന്നത് എന്ന് കൂടെക്കൂടെ നമ്മെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
അത്തരമൊരു പ്രതിസന്ധി സമാഗതമാവുമ്പോള്‍ വിശ്വാസത്തിനു നേരെ നില്ക്കാന്‍ ശാസ്ത്രത്തിന്റെ ഊന്നുവടി ആവശ്യമായി വരുന്നത് സ്വാഭാവികം. മേലനങ്ങാതെ വിശ്വാസം മാര്‍ക്കറ്റുചെയ്ത് ജീവിക്കുന്നവരുടെ അരമനകളും കോട്ടകൊത്തളങ്ങളും തകര്‍ന്നടിയാതിരിക്കാനുള്ള പതിനെട്ടാമത്തെയടവ് ശാസ്ത്രത്തിന്റെ ബലത്തില്‍ വിശ്വാസത്തെ ന്യായീകരിക്കുകയാണ്.
അങ്ങിനെ സ്വന്തം വിശ്വാസം ഊട്ടിയുറപ്പിക്കാന്‍വേണ്ടി ശാസ്ത്രനേട്ടങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിന്റെ അപകടങ്ങളിലേയ്ക്ക് ശ്രദ്ധതിരിക്കുന്നൂ അപ്പൂട്ടന്റെ 'ധ്യാനചിന്തകള്‍ മാത്രം മതി' എന്ന നല്ല പോസ്റ്റ്. ശാസ്ത്രനേട്ടങ്ങളെ മതം എങ്ങിനെ ദുരുപയോഗം ചെയ്യുന്നു എന്നുകൂടി അറിയുക. ചലിക്കുന്ന കരിങ്കല്‍ പ്രതിമകളെപ്പോലെമാത്രമേ വനിതകള്‍ പുറത്തിറങ്ങാവൂ എന്ന് വിശുദ്ധഗ്രന്ഥത്തെപിടിച്ച് ഉത്തരവിറക്കുമ്പോഴും തലാക്ക് മൂന്നും മൊബൈല്‍ ഫോണിലൂടെ ചൊല്ലിയാല്‍ തന്നെ ഒന്നാന്തരം മൊഴിചൊല്ലലായി എന്നതില്‍ യാതൊരു സംശയവുമില്ല. മൊബൈല്‍ വഴിയുള്ള മൊഴിചൊല്ലലിനാവട്ടെ മലേഷ്യയില്‍ നിയമസാധുതയുമായി. ഇത് ശാസ്ത്രനേട്ടത്തെ മതം വിനാശകരമായി ഉപയോഗിക്കുന്നതിനുള്ള ഒരുദാഹരണം മാത്രം.
സാന്ദ്രഗീതം
'പൊരുത്തപ്പെടലുകളുടെ പട്ടികയിലേയ്ക്ക് ആദ്യം എഴുതിച്ചേര്‍ക്കാനായി' ഏറ്റുപറിച്ചിലില്‍ നഷ്ടമാവുന്ന അവരവര്‍ക്കുമാത്രം അവകാശപ്പെടാവുന്ന സ്മരണകളുടെ വിസ്മയകരമായ വര്‍ണനയാണ് ആഗ്നേയയുടെ വരികള്‍. ജീവിതവും മരണവും തമ്മിലുള്ള ഒരു പൊരുത്തപ്പെടലിന്റെ ചിത്രണമാവാം ആഗ്നേയയുടേത്.
പച്ച
പ്രണയം, പ്രവാസം, മരണം ഇതിലേതെങ്കിലും ഒന്നായിരിക്കും മിക്കവാറും ബൂലോഗത്തെ മുഖ്യസാഹിത്യവിഷയങ്ങള്‍. അതേ വഴിയിലെന്ന് തോന്നിക്കുമെങ്കിലും വ്യത്യസ്തമായ അതിമനോഹരമായ കവിതയാണ് സെറീനയുടെ 'ദൈവം ആദ്യത്തെ കവിത വായിക്കുന്ന ദിവസം'. ദൈവത്തിന്റെ ജനനമരണ രജിസ്റ്ററില്‍ പോലും സ്ഥാനമില്ലാതെ, ജനനത്തോടുള്ള പ്രതികാരമായി മാറുന്ന ജീവിതത്തിന്റെ ചിത്രമാണ് വരികളില്‍ സെറീന വരച്ചിടുന്നത്.
Subscribe to:
Post Comments (Atom)
1 comment:
നിരന്നിരിക്കുന്ന ആണുങ്ങളുടെ രസമാപിനിയില്‍ പെണ്ണിന്റെ നഗ്നത വരുത്തുന്ന ചലനമാണ് കിരീടത്തിലേയ്ക്കുള്ള വഴിയെങ്കില്‍, ലോകചരിത്രത്തിലെ ആദ്യത്തെ തൊഴിലും ഇതും തമ്മില്‍ വലിയ അന്തരമൊന്നുമുണ്ടെന്നുതോന്നുന്നില്ല.
Post a Comment