Wednesday, July 15, 2009

ബൂലോഗ വിചാരണ - 17

ദര്‍പ്പണം

'ഓര്‍മ്മയിലെ നവാബ്‌' ജീവിച്ചിരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ ഒരുപാട്‌ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു ആ പേര്‍. ഭരണകൂടങ്ങളോടുള്ള വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടത്തിനായി ഒരു ആയുഷ്‌കാലം മുഴുവന്‍ കലഹിച്ച്‌ കടന്നുപോയ ധീരനായ നവാബിന്‌ തുല്യനായി നവാബ്‌ മാത്രം. എത്രയെത്ര കേസുകളാണ്‌ നവാബ്‌ സ്വന്തം നിലയ്‌ക്ക്‌ നടത്തിയത്‌? പൈതൃകമായി തനിക്ക്‌ ലഭിച്ച സമ്പാദ്യം മുഴുവനായും അദ്ദേഹം ഉപയോഗിച്ചത്‌ വ്യവഹാരാവശ്യങ്ങള്‍ക്ക്‌ വേണ്ടിയായിരുന്നു. കോടതികയറി കുത്തുപാളയെടുത്തുപോയ എത്രയോ തറവാടുകളെ പറ്റി കേട്ടിട്ടുണ്ട്‌. പക്ഷേ അതെല്ലാം കുടുംബത്തിനുവേണ്ടിയാണെന്നു കരുതാം. ഒരു ജനതയ്‌ക്കുവേണ്ടി തറവാട്‌ വിറ്റ്‌ 'ജീവപര്യന്തം' വ്യവഹാരം നടത്തി ചരിത്രത്തിലേയ്‌ക്ക്‌ നടന്നുകയറിയത്‌ ഒരുപക്ഷേ നവാബ്‌ മാത്രമായിരിക്കും.

നവാബ്‌ വേണ്ടത്ര ആദരിക്കപ്പെട്ടിട്ടില്ല എന്ന എഴുത്തുകാരന്റെ പരാതിയില്‍ കഴമ്പില്ല. ആദരിക്കുക എന്നാല്‍ അപമാനിക്കുക എന്നാണര്‍ത്ഥം. ഭരണകൂടം നവാബിനെ ആദരിക്കുന്ന സ്ഥിതി വന്നിരുന്നെങ്കില്‍ അതിനിടവരുത്താതെ അരമുഴം കയറുമായി വല്ല മാവിന്റെയും കൊമ്പുതേടിപ്പോവുമായിരുന്നു നവാബ്‌.

ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിച്ച്‌ 'നവാബ്‌' എന്ന ഭീഷണിയെ മറികടക്കാന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ ജുഡീഷ്യറിയില്‍ വിലപ്പോവാതിരുന്നതുതന്നെ ആ മനുഷ്യനുള്ള ഒരു വലിയ അംഗീകാരമായിരുന്നു, ആദരവായിരുന്നു. തനിക്കു ലഭിച്ച രണ്ടുലക്ഷം രൂപയുടെ മാനവസേവാ അവാര്‍ഡില്‍ നിന്നും വ്യവഹാരത്തിനുള്ള കടലാസിനായി 1000 രൂപാ എടുത്ത്‌്‌ ബാക്കി കൊച്ചിയില്‍ അനാഥശവങ്ങള്‍ക്ക്‌ അന്തസ്സോടെ കഴിയാനുള്ള ഒരു മോര്‍ച്ചറി നിര്‍മ്മിക്കാനായി റോട്ടറി ക്ലബിനെ തന്നെ തിരിച്ചേല്‍പിക്കുകയായിരുന്നു നവാബ്‌. ആ പ്രൊജക്ടിനുവേണ്ടിയുള്ള ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ.എം.റോയി ആയതുകൊണ്ട്‌ നവാബിന്റെ ശരീരത്തിനു വന്ന ഗതി നവാബിന്റെ സ്വപ്‌നമോര്‍ച്ചറിക്കു സംഭവിക്കില്ലെന്നുകരുതാം.

ജനഹൃദയങ്ങളില്‍, അവരുടെ ഓര്‍മ്മകളില്‍ നവാബിന്‌ ദീര്‍ഘായുസ്സാണ്‌. സര്‍ക്കാര്‍ പോലീസ്‌ വക വെടിനാദം നിലയ്‌ക്കുന്നതുവരെ പോലും പല സാംസ്‌കാരിക കേസരികളുടെയും സ്‌മരണ ജനങ്ങളുടെ സ്‌മൃതിപഥങ്ങളില്‍ തങ്ങിനില്‌ക്കുകയില്ല. ബൂലോഗത്തെ നവാബ്‌ സ്‌മരണ കാലോചിതം. നവാബിനോടുള്ള ആദരവോടെ, കുമാറിനോടുള്ള കൃതജ്ഞതയോടെ.

ദുര്‍ഗ-പോസ്‌റ്റ്‌

കൂലിയെഴുത്തുകാരും കൂലിത്തല്ലുകാരും സമൂഹത്തെ നിയന്ത്രിക്കുന്ന അവസ്ഥ സംജാതമാവുമ്പോഴാണ്‌ നളിനി ജമീലമാര്‍ ഭൂജാതരാവുന്നതും അക്ഷരങ്ങളുടെ ലോകത്ത്‌ ലിഗവ്യത്യാസം കൊണ്ട്‌ എഴുത്തച്ഛന്‍മാരാവാന്‍ പറ്റിയില്ലെങ്കില്‍ എഴുത്തമ്മമാരാവാന്‍ പെടാപാടു പെടുന്നതും. 'അഭിസാരിക അദ്ധ്യാപികയാവുമ്പോള്‍' എന്ന ആര്‍.ഡി.ദുര്‍ഗാദേവിയുടെ പോസ്‌റ്റ്‌ ആലോചനാമൃതം. ചിന്തോദ്ദീപകങ്ങളായ ഒരുപാട്‌ വസ്‌തുതകളുടെ പിന്‍ബലത്തോടെ തന്റെ കാഴ്‌ചപ്പാട്‌ ദൂര്‍ഗ സ്ഥാപിച്ചെടുക്കുന്ന. തികച്ചും സത്യസന്ധമായ സമീപനം.

സമൂഹത്തിലെ തിന്‍മകളെ വിദഗ്‌ദ്ധമായി മാര്‍ക്കറ്റു ചെയ്യുമ്പോഴാണ്‌ പെണ്‍വാണിഭങ്ങളും ക്വട്ടേഷന്‍ടീമുകളും സാമൂഹികജീവിതത്തിനുമീതെ അശാന്തിയുടെ കരിനിഴല്‍ വീഴ്‌ത്തുന്നത്‌. അതിലേര്‍പ്പെടുന്ന വ്യക്തികളെ മാര്‍ക്കറ്റുചെയ്യുക എന്ന തന്ത്രം പുസ്‌തകപ്രസാധകരും, അവരുടെ പി.ആര്‍.ഒ പണി എഴുത്തിന്റെ തെളിനീരുറവ സ്വന്തമായില്ലാത്ത ക്വട്ടേഷന്‍ അഭിമുഖകലാകാരന്‍മാരും ഏറ്റെടുത്തു നടത്തുമ്പോള്‍ സംഭവിക്കുന്നതും വാണിഭത്തിന്റെ പുതിയ പതിപ്പാണ്‌.

നളിനി ജമീല ശരീരം വിറ്റു നാലുമുക്കാലുണ്ടാക്കുന്നതും, കടലാസിലേക്കാവാഹിച്ച ജമീലയെ വിറ്റ്‌ പ്രസാധകര്‍ നാലുമുക്കാലുണ്ടാക്കുന്നതും തമ്മില്‍ വ്യത്യസ്‌തമാവുന്നത്‌ ഏത്‌ വാണിജ്യശാസ്‌ത്രപ്രകാരമാണ്‌?

ഇനി നളിനി ജമീലയ്‌ക്ക്‌ സ്വയം ഒരു മാതൃകാ അദ്ധ്യാപികയായി തോന്നുന്നുവെങ്കില്‍ നല്ലത്‌. ഓരോരുത്തരുടെയും മക്കളുടെ ആദ്യ അദ്ധ്യാപികമാര്‍ അവരുടെ അമ്മമാരാണല്ലോ. ഏതൊരമ്മയേയും പോലെ സ്വന്തം പാത പിന്തുടരുവാന്‍ അവരുടെ മകളെ ഉപദേശിച്ചുകൊണ്ട്‌ അദ്ധ്യാപനജീവിതത്തിലേയ്‌ക്കുള്ള ഹരിശ്രീ കുറിക്കുവാന്‍ ആരാണ്‌ ജമീലയ്‌ക്ക്‌ തടസ്സം നില്‌്‌ക്കുന്നത്‌? അങ്ങിനെയെങ്കില്‍ അവരുടെ വാക്കുകളില്‍ ആര്‍ജവമുണ്ട്‌, ആ്‌ത്മാര്‍ത്ഥതയുണ്ട്‌.

നളിനി ജമീലയെ കൊണ്ടാടുന്ന സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം അവരുടെ പെണ്‍മക്കള്‍ക്ക്‌ 'മോഡലായി' ജമീലയെ ചൂണ്ടിക്കാട്ടിക്കൊടുത്തതിനുശേഷമാവട്ടെ ഗിരിപ്രഭാഷണങ്ങള്‍. ജമീലമാരുടെ ഡ്രൈവിങ്‌ സ്‌കൂളുകളില്‍ നിന്നും ഹെവിലൈസന്‍സെടുത്ത്‌ സര്‍വ്വജ്ഞപീഠം കയറാന്‍ ആണ്‍മക്കളെ അനുഗ്രഹിച്ചുവിട്ടശേഷവും. അല്ലാത്തപക്ഷം അക്ഷരവുമായി വിശേഷിച്ച്‌ അടുപ്പമോ പകയോ ഒന്നുമില്ലാത്ത ജമീലമാരെ എഴുത്തിന്റെ നെറ്റിപ്പട്ടം കെട്ടിച്ച്‌ എഴുന്നള്ളിക്കുന്ന സാംസ്‌കാരിക സൃഗാലങ്ങളുടെ മുട്ടുകാല്‍ തല്ലിയൊടിക്കുകയാണ്‌ സാംസ്‌കാരിക കേരളം അടിയന്തിരമായി ചെയ്യേണ്ടത്‌. നളിനി ജമീലമാരെ വെറുതെവിടുക. ചികിത്സ രോഗിക്കല്ല, രോഗത്തിനാണ്‌ വേണ്ടത്‌.

കാളിദാസന്‍-കറണ്ട്‌ അഫയേഴ്‌സ്‌

വായനക്കാരന്റെ കണ്ണില്‍ പെടാത്തതിനെ കാട്ടിക്കൊടുക്കുന്ന ഭൂതക്കണ്ണാടിയായിരിക്കണം എഴുത്ത്‌. മുഖ്യധാരാമാദ്ധ്യമങ്ങളില്‍ കാണാത്ത ഒരു തലത്തിലേയ്‌ക്ക്‌ ആസ്‌ട്രേലിയായിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കാളിദാസന്‍ ഉയര്‍ത്തുന്നു.

വര്‍ണവിവേചനം കുടിയേറ്റ സംസ്‌കാരത്തിനു പെരുമയാര്‍ന്ന യൂറോപ്പില്‍ പണ്ടേയുള്ളതാണ്‌. കൈയ്യേറ്റത്തിന്‌ സംസ്‌കാരത്തിന്റെ ളോഹ പുതപ്പിച്ചപ്പോഴാണ്‌ കുടിയേറ്റം എന്ന പദം ജന്മം കൊണ്ടതൂതന്നെ. ആദിവാസി ഭൂമി കൈയ്യേറിയ കേരളത്തിലായാലും റെഡ്‌ ഇന്ത്യന്‍ ഭൂമി കൈയ്യേറിയ അമേരിക്കയിലായാലും കൈയ്യേറ്റം എന്ന സത്യത്തിനെ കുടിയേറ്റം എന്ന സ്വര്‍ണപാത്രം കൊണ്ടുമൂടിവച്ചു എന്നുമാത്രം.

ഇനി ചില യാഥാര്‍ത്ഥ്യങ്ങളിലേയ്‌ക്ക്‌. ആസ്‌ട്രേലിയയില്‍ 100000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. പ്രതിവര്‍ഷം 20 ലക്ഷം രൂപാ ഒരുത്തന്‍ ബാര്‍ ഒരുത്തി ചിലവിടുമ്പോള്‍ ഒരു കൊല്ലം ഇരുപതിനായിരം കോടിയാണ്‌ സായിപ്പിനു കിട്ടുന്നത്‌. ആസ്‌ട്രേല്യന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളാവട്ടെ ലോകത്ത്‌ അത്ര പേരും പെരുമയുമുള്ളതാണെന്ന്‌ അവരുടെ ശത്രുക്കള്‍ കൂടി പറയുകയില്ല. അപ്പോള്‍ പ്രതിവര്‍ഷം 20ലക്ഷം ചുരുങ്ങിയത്‌ ചിലവാക്കി അവിടെ പഠിക്കുന്നവനെ ഇവിടേയ്‌ക്ക്‌ തിരിച്ചുകൊണ്ടുവന്ന്‌ കോട്ടയ്‌ക്കലിലോ മറ്റോ എത്തിച്ച്‌ തലയ്‌ക്ക്‌ നെല്ലിക്കാത്തളം കെട്ടേണ്ടതല്ലേ?

അതുതന്നെയാണ്‌ പ്രശ്‌നം. വിദ്യനേടി പ്രബുദ്ധനാവാനല്ല ഇന്ത്യന്‍ കാപ്പിരി ആസ്‌ട്രേലിയയില്‍ പോവുന്നത്‌. പെര്‍മനന്റ്‌ റസിഡന്‍സിയുടെ പെര്‍മനന്റ്‌ പ്രതീക്ഷയുമായിട്ടാണ്‌. അതു സായിപ്പിനുമറിയാം. അതുകൊണ്ട്‌ കിട്ടുന്ന കാലയളവില്‍ സായിപ്പ്‌ മാടിനെപ്പോലെ പണിയെടുപ്പിക്കുന്നു. പിഴിഞ്ഞെടുക്കുന്നു.

ജ്വാലാമുഖി

മുന്‍പൊരു വിചാരണയില്‍ ബിബിളിക്കല്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട പ്രഭാ സക്കറിയായുടെ 'സൂസന്ന' യെ പറ്റിയെഴുതി. ഇപ്പോള്‍ വീണ്ടും ഒരു ബിബിളിക്കല്‍ കവിത ശ്രദ്ധയില്‍ പെടുന്നു - ജ്വാലാമുഖിയുടെ 'വിശുദ്ധയാക്കും മുമ്പുള്ള ഒരു സംവാദം'. ചാട്ടുളിപോലെ വാക്കുകള്‍ ഹൃദയത്തില്‍ നിന്നും നേരെ കടലാസിലേയ്‌ക്ക്‌ അഥവാ കീബോര്‍ഡിലേയ്‌ക്ക്‌ ഒഴുകിയതുപോലെ.

പഴയ സങ്കീര്‍ത്തനങ്ങളില്‍ ചവുട്ടിനിന്നുകൊണ്ട്‌ നൂതനസങ്കീര്‍ത്തനങ്ങളുടെ പണിപ്പുരയിലുള്ള പുതിയ പിതാക്കന്‍മാരുടെ 'അഭയ'മായ അരമനകളിലേയ്‌ക്ക്‌ ഒരു നിമിഷം വായനക്കാരന്റെ ചിന്തകളെ ആനയിക്കുന്നു ജ്വാലാമുഖി. പിന്നീടുള്ള വരികളാവട്ടെ അവരുടെ ചിന്തകള്‍ക്ക്‌ തീകൊളുത്തുകയും ചെയ്യുന്നു.

മരണമൊഴി 'കീറിക്കളഞ്ഞ കടലാസും' ശവശരീരം 'തുന്നിക്കെട്ടിയ തിരുത്തലു' മായവരേ, നിങ്ങള്‍ ഉയര്‍ത്തെഴുന്നേല്‌ക്കുന്നത്‌ തീര്‍ച്ചയായും 'ശിരോവസ്‌ത്രം കൊണ്ട്‌ രേതസ്സു തുടച്ചവരുടെ അടിനാവികളില്‍ ഉഷ്‌ണപ്പുണ്ണായി തന്നെയായിരിക്കണം. അഭിവാദ്യങ്ങള്‍.

കൂതറ അവലോകനം

'ലോകത്തിനു സമാധാനം കൊടുക്കാന്‍ നടക്കുന്ന കാപാലികര്‍ക്ക്‌ തങ്ങളുടെ രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന പെണ്‍കുട്ടികളുടെ മാനം കാക്കാന്‍ കഴിയാതെ പോകുന്നതിലെ വിരോധാഭാസം' ചൂണ്ടിക്കാട്ടുന്നു കൂതറതിരുമേനി.

എന്നാല്‍ തിരുമേനിയുടെ സ്‌റ്റാറ്റിസ്‌റ്റിക്‌സിനും അപ്പുറമാണ്‌ യഥാര്‍ത്ഥകണക്കുകള്‍ എന്നുതോന്നുന്നു. "Women serving in the U.S military are more likely to be raped by a fellow solder than killed by enemy fire in the camp" എന്നെഴുതിയത്‌ ലോസ്‌ ആഞ്ചലസ്‌ ടൈംസാണ്‌. അവരുടെ കണക്കുപ്രകാരം 30 ശതമാനം വനിതാ പട്ടാളക്കാര്‍ കൃത്യമായി ബലാല്‍സംഗം ചെയ്യപ്പെടുന്നു. ചെയ്യുന്നവരാകട്ടെ റാങ്കില്‍ മുകളിലുള്ള ഉദ്യോഗസ്ഥന്‍മാരും.

കൊളമ്പിയാ യൂണിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം പ്രഫെസറായ ഹെലന്‍ ബെനഡിക്ട്‌ 'The Plight of Women Soldiers' എന്നപേരില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്‌. അതിലെ ചില വരികളിലേയ്‌ക്ക്‌.

"When Specialist Suzanne Swift reported her sergeant for repeatedly raping her over months and then refused to redeploy under him, the army tried her by court martial for desertion and put her in prison for a month.

When Cassandra Hernandez of the Air Force reported being gang-raped by three comrades at her training acadamy, her command charged her with indecent behavior for consorting with her rapists.

When Sergeant Marti Ribeiro reported being raped by a fellow serviceman while she was on guard duty in Afghanistan, the Air Force threatened to court martial her for leaving her weapon behind during the attack. "That would have ruined by career," she said. "So I shut up."

All the men who were accused in these cases went unpunished. Several of them even won promotion"

One particularly grotesque example of this sort of justice is the 2006 case of army sergeant Damon D. Shell, who ran over and killed 20-year-old Private First Class Hannah Gunterman McKinney of the 44th Corps Support Battalion on her base in Iraq on September 4. Shell pleaded guilty to drinking in a war zone, drunken driving and "consensual sodomy" with McKinney, an underage junior soldier to whom he had supplied alcohol until she was incapacitated. Having sex with a person incapacitated by alcohol is legally rape, and using rank to coerce a junior into a sexual act is legally rape in the military, too. Yet a military judge ruled McKinney's death an accident, said nothing about rape, and sentenced Shell to thirteen months in prison and demotion to private. Shell was not even kicked out of the army".

ചിത്രം അല്‌പം ഭീകരമാണ്‌. സൈന്യത്തിന്റെ കമാന്‍ഡിംഗ്‌ ഇന്‍ ചീഫ്‌ ബിന്‍ ലാദനാണോ എന്നുകൂടി സംശയിച്ചുപോവും വായന പുരോഗമിക്കുമ്പോള്‍. ഒരു സമകാലിക പ്രാധാന്യമുള്ള വിഷയം ബൂലോഗത്തെത്തിച്ചതിന്‌ തിരുമേനിയ്‌ക്ക്‌ നന്ദി.

വെള്ളെഴുത്ത്‌

'വിയര്‍പ്പും ചോരയും' എന്ന ചരിത്രത്തിന്റെ ഒരു പുനരാവിഷ്‌കരണത്തിലൂടെ വെള്ളെഴുത്ത്‌ ഹിറ്റലറിന്റെ ജീവിതത്തിലെ ആകസ്‌മികതകള്‍ ലോകത്തെ സ്വാധീനിച്ചതിന്റെ ചിത്രം വരച്ചിടുന്നു. എത്രയെത്ര വധശ്രമങ്ങള്‍? എത്രമാത്രം സംഭവബഹുലമായ ജീവിതം? ആകസ്‌മികതകളുടെ ആകെത്തുകയല്ല ചരിത്രമെങ്കിലും ആകസ്‌മികതകള്‍ ചരിത്രത്തിന്റെ ഗതിവിഗതികളില്‍ ചിലപ്പോഴെങ്കിലുമുണ്ടാക്കിയ മാറ്റങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്‌. സോവിയറ്റ്‌ റഷ്യക്കെതിരായി ഹിറ്റ്‌ലര്‍ തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ലോകത്തെ അന്ന്‌ വീതം വെക്കുക ഹിറ്റ്‌ലറും ക്രൂരതയില്‍ ഹിറ്റ്‌ലറെക്കാളും ഒരു വിളിപ്പാടുമുന്‍പിലായിരുന്ന സ്റ്റാലിനുമായിരുന്നു.

Tuesday, June 30, 2009

ബൂലോഗവിചാരണ 16

ബ്ലോഗ്‌പുരാണം

ഇന്ത്യന്‍ രാഷ്‌്‌ട്രീയം കിഴവന്‍മാരുടെ കൈകളില്‍ എത്രത്തോളം ഭദ്രമാണെന്ന ചോദ്യമുയര്‍ത്തുന്നു കൂട്ടുകാരന്‍. ഇന്ത്യന്‍ ജനതയുടെ 50 ശതമാനത്തിനുമുകളില്‍ 35ല്‍ താഴെയുള്ളവരാണെങ്കിലും അവരുടെ പ്രതിനിധികളായി ഭരണചക്രത്തില്‍ ഏത്രപേരുകാണും? വനിതകള്‍ക്കായി റിസര്‍വേഷന്‍ ചെയ്യപ്പെടാന്‍ പോവുന്നത്‌ 33 ശതമാനമാണെങ്കില്‍ യുവജനങ്ങള്‍ക്കായി ഒരു 3.3 ശതമാനമെങ്കിലും വേണ്ടേ?

ഏതു മേഖലയുമെടുത്തു പരിശോധിക്കുക. സാഹിത്യത്തില്‍ ഒരാളുടെ സുവര്‍ണകാലഘട്ടം വാര്‍ദ്ധക്യത്തിലാണെന്ന്‌ ആരെങ്കിലും അവകാശപ്പെടുമോ? എഴുത്തിന്റെ നട്ടുച്ച യൗവനവും അവാര്‍ഡുകളുടെ ത്രിസന്ധ്യകള്‍ വാര്‍ദ്ധക്യവുമാണ്‌. അവാര്‍ഡുകളുടെ പെരുമഴക്കാലം ആരംഭിക്കുക കറവവറ്റിയാലാണെന്നതുകൊണ്ട്‌ ചിലരെങ്കിലും അങ്ങിനെയും സംശയിച്ചേക്കാം.

എല്ലാ മഹാന്‍മാരുടെയും മൗലികസംഭാവനകള്‍ ലോകത്തിന്‌ ലഭിച്ചത്‌ അവരുടെ അവസാനകാലത്തല്ല. ലോകത്തെ മാറ്റിമറിച്ച മഹാകണ്ടുപിടുത്തങ്ങള്‍ ആളുകള്‍ നടത്തിയത്‌ കുഴിപ്പുറത്തേക്കു കാലുനീട്ടിയിരിക്കുമ്പോഴോ അതോ പനയെടുത്ത്‌ പല്ലിടയില്‍ കുത്തുന്ന ആ പ്രായത്തിലോ?

കാള്‍മാര്‍ക്‌സ്‌ മാനിഫെസ്റ്റോ എഴുതിയത്‌ റ്റ്വന്റീസിലാണെങ്കില്‍, അതു പ്രാവര്‍ത്തികമാക്കുന്ന ഭഗീരഥലെനിനിസത്തില്‍ നിന്നും വഴുതി സഖാവ്‌ ലാവ്‌ലിനിസത്തില്‍ വീണതാകട്ടെ സിക്‌സ്‌റ്റീസിലും. ഇപ്പോള്‍ സിക്രട്ടറിസഖാവിന്റെ സ്‌മാര്‍ത്തവിചാരത്തില്‍ പങ്കെടുക്കുന്ന വിപ്ലവസ്‌മാര്‍ത്തന്‍മാരാവട്ടെ എഴുപതിന്റെയും എണ്‍പതിന്റെയും നിറവില്‍ പൂത്തുലഞ്ഞുനില്‌ക്കുന്നവരും. ലോകവും വിപ്ലവപ്രസ്ഥാനങ്ങളും നന്നായിപ്പോയെങ്കിലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ.

പ്രായം നമ്മില്‍ മോഹം നല്‌കി എന്ന വരികളിലെ യാഥാര്‍ത്ഥ്യം നമ്മള്‍ കാണുക. അതുകൊണ്ടുതന്നെ അവസാനകാലത്തുണ്ടാവുന്ന പൊല്ലാപ്പുകള്‍ ചില്ലറയുമല്ല. കരുണാകരനെ നോക്കുക. എഴുന്നേറ്റുനില്‍ക്കാന്‍ രണ്ടാളുടെ സഹായം ആവശ്യമുണ്ടെങ്കിലും ശരി, ചുരുങ്ങിയത്‌ ഗവര്‍ണറുദ്യോഗം തന്നെ വേണം.

ഇന്ത്യ വിട്ട്‌ ക്യൂബയിലേക്കുപോവുക. ഒരു അരനൂറ്റാണ്ടുമുന്നേയുള്ള ഫിദല്‍ കാസ്‌ട്രോയെ ഓര്‍ത്തെടുക്കുക. ക്യൂബന്‍ ഏകാധിപതി ബാത്തിസ്‌തായെ നൂറുവര്‍ഷം കഠിനതടവിനുശിക്ഷിക്കാനായി കാസ്‌ട്രോ ടത്തിയ 'ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും' എന്ന ആ കോടതിപ്രസംഗം ഓര്‍ത്തെടുക്കുക. ഇരട്ട സഹോദരനെപ്പോലെ തോളോടുതോള്‍ ചേര്‍ന്ന്‌ പൊരുതി, വിപ്ലവം ശ്വസിച്ച്‌ വിപ്ലവത്തിനുവേണ്ടി ജീവിച്ച്‌്‌ ജീവിതം വിപ്ലവത്തിനായി ഹോമിച്ച ഏണസ്‌റ്റോ ചെ ഗുവേറയെയും. ആ ഫിദലിന്റെ സമകാലികചിത്രം കൂടി കാണുക. അവശതയിലും അധികാരം വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത ഒരു സ്ഥാനമോഹിയിലേക്കുള്ള വിപ്ലവകാരിയുടെ പ്രയാണത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്‌ കാസ്‌ട്രോ. ഒടുവില്‍ തനിക്കുശേഷം തന്റെ അനുജന്‍ നാടുവാഴും എന്ന അറിയിപ്പ്‌ ലോകം കേട്ടുകഴിഞ്ഞു.

ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും തയ്യാറാവുന്നതാണ്‌ യൗവനമെങ്കില്‍ അധികാരമുപയോഗിച്ച്‌ സര്‍വ്വം സമാഹരിക്കാനുള്ള ശ്രമമാണ്‌ വാര്‍ദ്ധക്യം നടത്തുക. കാസ്‌ട്രോയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും നമുക്ക്‌ പഠിക്കാനുള്ള പഠവും അതുതന്നെയാണ്‌. ലോകപ്രശസ്‌ത വിപ്ലവകാരി കാസ്‌ട്രോയുടെ പടം ഫോര്‍ബ്‌സ്‌ മാസികയുടെ കോടീശ്വരപട്ടികയിലാണ്‌ അച്ചടിച്ചുവന്നതെങ്കില്‍ നമ്മുടെ പഴയ കരിങ്കാലി ഇപ്പോള്‍ ഗവര്‍ണറുദ്യോഗമല്ലേ ചോദിക്കുന്നുള്ളൂ എന്നാശ്വസിക്കുകയാണ്‌ വേണ്ടത്‌. രാജ്യം തന്നെ സ്വന്തം പേരില്‍ ചാര്‍ത്തിക്കൊടുക്കാന്‍ ആവശ്യപ്പെടാത്തത്‌ പരമഭാഗ്യം എന്നേ കരുതേണ്ടൂ.

ചത്തുപോയപ്പോഴല്ലാതെ, അല്ലെങ്കില്‍ എണീറ്റുനില്‍ക്കാന്‍ പറ്റാതായപ്പോള്‍ മാത്രമല്ലാതെ അധികാരം വിട്ടൊഴിഞ്ഞ വിപ്ലവകാരി ആരാണ്‌? ചരിത്രത്തില്‍ ഒരു മണ്ടേലയല്ലാതെ വേറെയാരാണുള്ളത്‌? പ്രസക്തമായ ഒരു വിഷയം ചര്‍ച്ചയ്‌ക്കുവെക്കുന്നൂ കൂട്ടുകാരന്‍.

ശിഥിലചിന്തകള്‍

'കൗശലം അധികമുള്ളവര്‍ക്ക്‌ അവധാനത കമ്മിയായിരിക്കും'. പിണറായി വിഎസ്‌ തര്‍ക്കത്തിലേയ്‌ക്ക്‌ വെളിച്ചം വീശുന്ന സുകുമാരേട്ടന്റെ നീരീക്ഷണം ശ്രദ്ധേയം. കൗശലക്കാരനായ സിക്രട്ടറിയുടെ നീക്കങ്ങളും മുഖ്യമന്ത്രിയുടെ നാളിതുവരെയുള്ള ശ്രദ്ധയോടെയുള്ള കരുനീക്കങ്ങളും ഒരു പോസ്‌റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കിയാല്‍ മരണകാരണമായി നമ്മുടെ സുപ്പീരിയര്‍ അഡ്‌വൈസറുടെ റിപ്പോര്‍ട്ടില്‍ കെ.പി.എസിന്റെ ഈ അഭിപ്രായം തന്നെയാണ്‌ രേഖപ്പെടുത്തപ്പെടേണ്ടത്‌. സുപ്പീരിയര്‍ അഡ്‌വൈസറുടെ പതനകാരണവും അതുതന്നെയായിരിക്കും എന്നുതോന്നുന്നു. ലാല്‍സലാം.

ചീന്തുകള്‍

മാധവിക്കുട്ടിയും വിവാദങ്ങളും - 1 ലൂടെ കാട്ടിപ്പരുത്തി, ആമിയ്‌ക്കും കമലയ്‌ക്കും മാധവിക്കുട്ടിയ്‌ക്കും കമലാദാസിനും കമലാസുറയ്യായ്‌ക്കുമൊക്കയിടയില്‍ എവിടെയോ കിടക്കുന്ന അവരുടെ ജീവിതം അപഗ്രഥിക്കുന്നു. വളരെ സത്യസന്ധമായ ഒരു ശ്രമം. അതില്‍ തന്നെ ഒരു പകുതി നാരായണപ്പിള്ളയുടെ കണ്ണുകളില്‍കൂടി മാധവിക്കുട്ടിയെ നോക്കിക്കാണുകയാണ്‌. അപാരമായ നിരീക്ഷണപാടവമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍.

സാഹിത്യമായാലും രാഷ്ട്രീയമായാലും വ്യക്തിപഠനങ്ങളായാലും പുല്ലുവഴിയിലെ ആ സിംഹമടയില്‍ നിന്നുള്ള ഗര്‍ജ്ജനം സാംസ്‌കാരികഭൂമികയിലുണ്ടാക്കിയ ചലനം ചില്ലറയായിരുന്നില്ല. ആ മൗലികമായ നിരീക്ഷണങ്ങളിലെ മാധവിക്കുട്ടിയുടെ ചിത്രം തെറ്റാന്‍ വഴിയില്ല.

വൈകാരികമായ തീരുമാനങ്ങളെടുത്ത്‌ അബദ്ധങ്ങളില്‍ ചെന്നു ചാടുന്ന മാധവിക്കുട്ടിയുടെ ചിത്രവും നമുക്കതില്‍ വായിക്കാം എന്നു കാട്ടിപ്പരുത്തി പറയുമ്പോള്‍ അവരുടെ മതം മാറ്റവും ബന്ധപ്പെട്ട വിവാദങ്ങളും വായനക്കാരന്റെ മനസ്സിലെത്തും. നാരായണപ്പിള്ളയുടെ ആ മൂന്നാംകണ്ണിനുനേരെ കൈകൂപ്പിപ്പോവുകയും ചെയ്യും. കള്ളുപാനികണ്ട തേനീച്ചയെപ്പോലെ മാധവിക്കുട്ടി ഇസ്ലാം ദര്‍ശനലഹരി തലയ്‌ക്കുപിടിച്ച്‌ അതില്‍ വീണുപോയതല്ലെന്ന്‌ വരികള്‍ക്കിടയില്‍ വായിച്ചാല്‍ മനസ്സിലാവുന്നതാണ്‌. അപ്പോള്‍ തിരിച്ചെന്തുകൊണ്ട്‌ മാറിയില്ലെന്നു ചോദിച്ചാല്‍, ഒരാവേശത്തിനു കിണറ്റില്‍ ചാടാം, നൂറാവേശം വന്നാലും തിരിച്ചിങ്ങോട്ട്‌ ചാടാന്‍ കഴിയുകയില്ലെന്നുതന്നെ ഉത്തരം.

ബൂലോഗ കവിത

പുത്തലത്ത്‌ വിനോദിന്റെ 'ഒരു കുടയും കൂട്ടുകാരിയും' എന്ന കവിത ഒരു നല്ല വായന തരമാക്കുന്നു.

ഓരോ മഴയും
കാരുണ്യത്തിന്റെ കുട ചൂടിച്ച
ഒരു കുപ്പിവളക്കയ്യും
ഓര്‍മ്മിപ്പിക്കുന്നു.

'കലക്കവെള്ളത്തിലെ ചെരുപ്പു'പോലുള്ള അന്നത്തെ കുഞ്ഞുമനസ്സിന്റെ കാന്‍വാസില്‍ സ്‌മൃതിചിത്രങ്ങള്‍ വിരിയുമ്പോള്‍ അത്‌ വായനക്കാരന്റെ ചിന്തകളെ കൂടി പഴയ കാക്കി ട്രൗസറിലേയ്‌ക്കും യാങ്കികളുടെ കോതമ്പുമാവിലേയ്‌ക്കും (മലബാറില്‍ റവ) അവളുമാരുടെ കാരുണ്യത്തിന്റെ കുടയുടെ സംരക്ഷണയിലേയ്‌ക്കും എത്തിക്കുന്നു. മഴയും പ്രണയവും തമ്മിലുള്ള ആ രക്തബന്ധത്തിലേയ്‌ക്കും.

പോങ്ങുമ്മൂടന്‍

എതുപ്പ്‌ എന്ന്‌്‌ പദം ആദ്യമായി കേള്‍ക്കുകയാണ്‌. അതുകേള്‍പ്പിച്ചതിന്‌ പോങ്ങുവിന്‌ നന്ദി. ഒപ്പം ബൂലോഗത്തിന്‌ ഒരു നല്ല രചന കാഴ്‌ചവെച്ചതിനും. അതിമനോഹരമായ രീതിയില്‍ പോങ്ങുമ്മൂടന്‍ വിഷയം കൈകാര്യം ചെയ്യുന്നു. മനുഷ്യന്‍ യുഗങ്ങളായി കൊണ്ടുനടക്കുന്ന ഒരു വിശ്വാസത്തിന്റെ യുക്തിയേയും യുക്തിരാഹിത്യത്തേയും തികഞ്ഞ നര്‍മ്മബോധത്തോടെ നോക്കിക്കാണുന്നു. അതേ ശകുനം ഒരു വിശ്വാസമാണ്‌. അത്‌ സത്യമാണെങ്കില്‍ സത്യമാണെന്നല്ലേ പറയേണ്ടത്‌. വിശ്വാസം സത്യമായിരിക്കണമെന്ന്‌ നിര്‍ബന്ധമൊന്നുമില്ലല്ലോ. വിശ്വാസവും യാഥാര്‍ത്ഥ്യവും അച്ഛനമ്മമാരെപ്പോലാണ്‌. അച്ഛന്‍ വിശ്വാസവും അമ്മ യാഥാര്‍ത്ഥ്യവും. നല്ല എഴുത്ത്‌. മികവുറ്റ അവതരണശൈലി. അഭിവാദ്യങ്ങള്‍.

സതയുടെ ബൂലോകം

'പശ്ചിമേഷ്യന്‍ സമാധാനം' എന്ന സതയുടെ പോസ്‌റ്റ്‌ ചരിത്രത്തോടു നീതിപുലര്‍ത്തുന്നു. ഏറ്റവും കൂടുതല്‍ യുദ്ധത്തിന്റെ, വംശീയ വിദ്വേഷത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടേയിരിക്കുന്ന ഒരു ജനവിഭാഗമാണ്‌ ജൂതര്‍. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍, കാള്‍മാര്‍ക്‌സ്‌ - ലോകഗതിതന്നെ മാറ്റിമറിച്ച വ്യക്തികളെ ലോകത്തിന്‌ സംഭാവനചെയ്‌ത സമൂഹം ഒരു പക്ഷേ മനസമാധാനത്തോടെ കഴിഞ്ഞ ഏകരാഷ്ട്രം ഇന്ത്യയായിരിക്കാനാണ്‌ സാദ്ധ്യത.

രാവിലെ ഉണരുമ്പോള്‍ തല തപ്പിനോക്കേണ്ട്‌ ഗതികേട്‌ ജൂതന്‍മാര്‍ക്ക്‌ ഇവിടെയുണ്ടായിരുന്നില്ലെന്ന്‌്‌ അവരുതന്നെ വ്യക്തമാക്കിയതാണ്‌. ജൂതര്‍ പലരും പ്രചരിപ്പിക്കുന്നതുപോലെ അക്രമകാരികളാണെങ്കില്‍ ഇന്നേവരെ മട്ടാഞ്ചേരിയിലേതടക്കം ഇന്ത്യയിലെ ജൂതന്‍മാരെപറ്റി അത്തരമൊരു അപവാദം കേട്ടുകേള്‍വിപോലുമില്ല എന്ന കാര്യം കൂടി ആലോചിക്കണം.

സതയുടെ വിഷയം അതല്ല. അറബ്‌ ലോകത്തിന്റെ ജൂതസമീപനവും അവിടുന്നിങ്ങോട്ടുള്ള അശാന്തിയുടെ ചരിത്രത്തിലേയ്‌ക്കുളള ഒരു തിരിഞ്ഞുനോട്ടവും നടത്തുകയാണ്‌ സത. ഗഹനമായ വിഷയം. വളച്ചുകെട്ടില്ലാത്ത എഴുത്ത്‌. പഠനാര്‍ഹമായ ലേഖനം.

ഒരു യാത്ര

സമകാലിക ആഗോളപ്രശ്‌നമാണ്‌ കുടവയറും കഷണ്ടിയും. സിക്‌സ്‌പായ്‌ക്ക്‌ അബ്‌ഡോമനുണ്ടാക്കാന്‍ പണി ചില്ലറയല്ലെങ്കിലും സിങ്കിള്‍ പായ്‌ക്ക്‌ കുടവയറുണ്ടാക്കാന്‍ നമ്മളായിട്ട്‌ ഉത്സാഹിക്കുകയൊന്നും വേണ്ട. ഇടിവെട്ടിനു കുമിലുമുളയ്‌ക്കുന്നതുപോലെ ആ സമയമാവുമ്പോള്‍ അതങ്ങു വന്നു ദേഹത്തില്‍ കുടിയേറിപാര്‍പ്പു തുടങ്ങും. കുടികിടപ്പവകാശം പകുത്തുകൊടുക്കുകയല്ലാതെ പിന്നെ കുടിയൊഴിപ്പിക്കുക സാദ്ധ്യമല്ല. പരമശിവനും പതഞ്‌ജലിയും ഒന്നിച്ചുത്സാഹിച്ചാലും തഥൈവ.

ദേഹമന്ത്രിസഭയിലെ കൂട്ടുത്തരവാദിത്വമില്ലാത്ത രണ്ട്‌ വകുപ്പുകളായ തലയും വയറും കഷണ്ടിയും കുടവയറുമാവുന്ന ഗവര്‍ണര്‍മാരുടെ വിവേചനാധികാരമുപയോഗിച്ച്‌ ദേഹത്തില്‍ നിന്നും സൗന്ദര്യത്തെയും ആരോഗ്യത്തെയും സ്വേച്ഛപ്രകാരം എന്നെന്നേയ്‌ക്കുമായി പിരിച്ചുവിടുകയാണ്‌ പതിവ്‌. കോലത്തിരിയെപ്പോലും കോലംകെട്ടവനാക്കിക്കൊടുക്കുന്ന കാലത്തിന്റെ ആ ഏര്‍പ്പാടിനെ അതിരസകരമായ രീതിയില്‍ അവതരിപ്പിക്കുന്നു അരുണ്‍ ചുള്ളിക്കല്‍ തന്റെ കഷണ്ടിയും കുടവയറും എന്ന രചനയിലൂടെ.

കഷണ്ടിയും കുടവയറും തമ്മില്‍ ഒരു പാട്‌ സാമ്യമുണ്ട്‌. ഒടയതമ്പുരാന്‍ വിചാരിച്ചാല്‍ പോലും ഒഴിവായിപ്പോവാത്ത കാര്യമായതുകൊണ്ടാവണം, ഏതോ സൃഗാലബുദ്ധി അത്‌ പുരുഷത്വത്തിന്റെ ലക്ഷണമാക്കിയത്‌. അല്ലാതെ ഏതു കണ്ണുപൊട്ടന്റെ സൗന്ദര്യസങ്കല്‍പത്തില്‍ അല്ലെങ്കില്‍ ഏത്‌ മങ്കയുടെ സൗന്ദര്യബോധത്തിന്റെ ഗോഡൗണിലായിരിക്കും കഷണ്ടിക്കും കുടവയറിനും കയറിക്കിടക്കാന്‍ ഒരിടം കിട്ടുക?

Monday, June 22, 2009

ബൂലോഗ വിചാരണ - 15

അനിത അടുക്കള

അക്ഷരത്തെറ്റുകളുടെ ഘോഷയാത്രയെ മാറ്റിനിര്‍ത്തിയാല്‍, അനിത ആലോചനാമൃതമായ ഒരു വിഷയം എടുത്തിടുന്നു. എന്തുകൊണ്ട്‌ ഹരിലാല്‍? ചോദ്യത്തിനുത്തരം തിരയേണ്ടത്‌ തീര്‍ച്ചയായും മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി എന്ന ആ ബൃഹദ്‌ ഗ്രന്ഥത്തില്‍ തന്നെയാണ്‌. ഗാന്ധിസന്നിദ്ധിയില്‍ ജവഹര്‍ലാല്‍ നെഹറു സിഗരറ്റുമായി പോലും പ്രത്യക്ഷപ്പെടാന്‍ ധൈര്യപ്പെടാതിരുന്ന ആ കാലത്താണ്‌ ഹരിലാല്‍ എന്ന ചരിത്രത്തിലെ ആ മുടിയനായ പുത്രന്‍ 'ബാ' യെക്കാണാന്‍മാത്രമായി നാലുകാലില്‍ എത്തുക. ഹരിലാല്‍ എന്ന ദു:ഖപുത്രന്‍തന്നെയാണ്‌ ബായുടെ അകാലത്തിലുള്ള മരണത്തിന്‌ ഹേതുവായതും.

ഒരമ്മയുടെ, ഒരു സഹോദരിയുടെ, അല്ലെങ്കില്‍ ഒരു മകളുടെ കണ്ണിലൂടെ അനിത ഗാന്ധിജിയെ നോക്കിക്കാണുന്നു. അപ്പോള്‍ കിട്ടുന്ന ചിത്രം തീര്‍ച്ചയായും ഒരു നല്ല കുടുംബപിതാവിന്റേതാകാന്‍ വഴിയില്ല. ഒരു പഞ്ചായത്തു പ്രസിഡണ്ടുകൂടിയാവാതെ ഗാന്ധിജി രാഷ്ട്രപിതാവായതും അതുകൊണ്ടുതന്നെയാവണം. നമ്മുടെ സ്‌്‌മരണകളില്‍ അദ്ദേഹം അനശ്വരനായതും ഹരിലാല്‍ ഭാരതത്തിന്റെ ഒരു ദു:ഖപുത്രനായതും മറ്റൊന്നുകൊണ്ടാവാന്‍ വഴിയില്ല.

താനും തന്റെ കെട്ട്യോളും കുട്ട്യേളും പിന്നെ കൂടിപ്പോയാല്‍ കൂടപ്പിറപ്പുകള്‍ക്കുമപ്പുറമുള്ള ഒരിന്ത്യയെ കാണാനുള്ള ശേഷിയില്ലാത്ത മഹാന്‍മാര്‍ ജനാധിപത്യത്തിന്റെ ശാപമായ ഈ കാലഘട്ടത്തില്‍, ഗാന്ധി നാമം പോലും കൊള്ളയടിച്ച്‌ കുടുംബാധിപത്യം ഊട്ടിയുറപ്പിക്കുന്ന ഈ വേളയില്‍ ഗാന്ധി സമാനതകളില്ലാതെ അവശേഷിക്കുന്നു.

അഭിനവ നെഹറുകുടുംബം 'ഗാന്ധി' കുടുംബമായതിന്റെ ചരിത്രം മറ്റൊരു നല്ല പിതാവിന്റെ ചരിത്രം കൂടിയാണ്‌. ഗാന്ധി ബ്രാന്റിന്റെ മൂല്യമറിഞ്ഞ ബുദ്ധിമാനായ പിതാവ്‌. പോസ്‌റ്റിലൂടെ അനിത ഒരുപാട്‌ ചിന്തകള്‍ക്ക്‌ വഴിതെളിയ്‌ക്കുന്നു.

വികടശിരോമണി

മനുഷ്യനെ സംബന്ധിച്ചിടത്തോളം 'സഹജീവികള്‍' എന്നാല്‍ പൊരേലുള്ളവര്‍ എന്ന ന്യൂക്ലിയര്‍ സമൂഹം മാത്രമാവുമ്പോള്‍ വസുധൈവകുടുംബക സങ്കല്‌പം അവനില്‍ നിന്നും ഏറെ അകലെയാകുന്നു. പ്രപഞ്ചത്തിലെ സകലതും അവനുവേണ്ടി, അവന്‌ ഇഷ്ടംപോലെ അനുഭവിപ്പാനായി മാത്രം ദൈവം സൃഷ്ടിച്ചതാണെന്ന ഉല്‌പത്തിപുസ്‌തക സങ്കല്‌പമാണ്‌ ജാതിമതരാഷ്ട്രീയ ഭേദമന്യേ മനുഷ്യനെ ഭരിക്കുന്നത്‌. 'പുല്‍കളും പുഴുക്കളും പുഴകളും കൂടിത്തന്‍ കുടുംബ'ക്കാരാവാത്തത്‌ ഈയൊരു സങ്കുചിതബോധത്തിന്റെ നാലുകെട്ടില്‍ നിന്നും പുറത്തുകടക്കാനാവാത്തതുകൊണ്ടുമാണ്‌.

'മൃഗീയത' എന്ന അശ്ലീലം മനുഷ്യന്റെ ഇഷ്ടപദമായതും വേറൊന്നുംകൊണ്ടല്ല. പരസ്‌പരം അപമാനിക്കാന്‍ ബഹുമാന്യനായ ശുനകന്റെ നാമം ദുരുപയോഗം ചെയ്യുന്നത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സഹസ്രാബ്ദങ്ങളായി പട്ടികളോടൊപ്പം കഴിഞ്ഞിട്ടും കൃതജ്‌്‌ഞത എന്തെന്നറിയാത്ത മനുഷ്യന്‍ ഇനിയും നന്നാവും എന്നു പ്രതീക്ഷിക്കുന്നവരുടെ തലയുടെ മൂലക്കല്ലിനാണ്‌ ഇളക്കം തട്ടിയിരിക്കുന്നത്‌.

ഭൂമുഖത്തെ ഓരോ ജീവിയും വംശനാശം നേരിട്ടതിന്‌ ഓരോ കാരണങ്ങളുണ്ട്‌. പെരിയ വയറു കാരണമാണ്‌ ഡിനോസര്‍ പോയതെങ്കില്‍ പെരിയ തല കാരണമാവും നാളെ നമ്മള്‍ വംശനാശത്തിലേയ്‌ക്ക്‌ കുഞ്ഞിക്കാലെടുത്തുവയ്‌ക്കുക.

മൃഗങ്ങളേ മാപ്പ്‌ എന്ന വികടശിരോമണിയുടെ ചെറിയ ലേഖനം അവതരിപ്പിക്കുന്നത്‌ ഒരു വലിയ ദര്‍ശനമാണ്‌. നമ്മളില്‍ അവശേഷിക്കുന്ന പ്രകൃതിസ്‌നേഹം പോലും നമ്മുടെ സ്വാര്‍ത്ഥതയില്‍നിന്നുമാണ്‌. നമുക്കുവേണ്ടി, നമ്മുടെ നാളെയ്‌ക്കുവേണ്ടി എന്ന ഒരേയൊരു ബോധത്തില്‍ നിന്നുമാത്രം എന്നുവിളിച്ചുപറയുന്നു വികടശിരോമണി. വിഷയം അതിമനോഹരമായി അവതരിപ്പിക്കുന്നു. ലേഖനത്തിന്റെ അവസാനമായി ചേര്‍ത്ത്‌ പ്രസിദ്ധമായ ആ സഞ്‌ജയവചനമാവട്ടേ മാന്‍മിഴിയാളുടെ നുണക്കുഴിപോലെ ഡെയ്‌ഞ്ചറസ്‌്‌ലി ബ്യൂട്ടിഫുള്‍.

മരംപെയ്യുന്നു

കണ്ണനുണ്ണിയുടെ ആദ്യ പ്രതികരണം പോലെ 'വ്യത്യസ്‌തതയുള്ള സബ്‌ജക്ട്‌.... വളരെ നന്നായി..'. സ്‌ത്രീവിഗ്രഹം എന്ന കവിതയിലൂടെ പുതിയൊരു പ്രമേയം കല വായനക്കാര്‍ക്കുമുന്നിലേയ്‌ക്ക്‌ എടുത്തെറിയുന്നു. ചിന്തനീയം മനോഹരം.

മനുഷ്യനൊഴിച്ച്‌ മറ്റേത്‌ ജീവികളിലും സൗന്ദര്യം ആണിനാണെങ്കില്‍ (എന്നാണു ധാരണ) മനുഷ്യരില്‍ അത്‌്‌ സ്‌ത്രീയിലാണ്‌. കൊതുകുകളില്‍ ആണിനാണ്‌ സൗന്ദര്യം എന്ന്‌ എന്‍.കെ. പറയും, കാരണം പെണ്ണാണ്‌ കടിക്കുക.

മദപ്പാടെടുത്തു നില്‌ക്കുന്ന കൊമ്പന്റെ കാതില്‍ യൂ ആര്‍ വെരി ഹാന്‍സം എന്നു മന്ത്രിച്ചതുകൊണ്ടും മുഖസൗന്ദര്യം നോക്കി സിംഹത്തിനോട്‌ സൗന്ദര്യവര്‍ണന നടത്തിയതുകൊണ്ടും ജീവന്‍പോയിക്കിട്ടുമെന്ന ഉപകാരമല്ലാതെ വേറൊന്നിനും സാദ്ധ്യതയില്ല. എന്നാല്‍ 'താന്‍ സുന്ദരിയാണ്‌' എന്നൊരു പെണ്ണിനോടുപറഞ്ഞാല്‍ ചില്ലറ ഉപകാരമല്ലാതെ ഉപദ്രവമുണ്ടായെന്നുവരില്ല. അവിടെ തുടങ്ങുന്നൂ വിഗ്രഹവല്‌ക്കരണം. വിഗ്രഹവല്‌ക്കരണം ഒരു രാസമാറ്റമാണ്‌. തിരിച്ച്‌ വിഗ്രഹമല്ലാതാവുക അസാദ്ധ്യവും. പഞ്ചലോഹക്കൂട്ടാണെങ്കില്‍ മാര്‍ക്കറ്റില്‍ വില കൂടുകയും ചെയ്യും.

"ഒക്കെ അറിയുമ്പോഴേയ്‌ക്കും
ആ കഴിവുകള്‍ നിങ്ങള്‍ക്കു എന്നേ
നഷ്ടപ്പെട്ടുവെന്നറിയും."

'യത്രനാര്യസ്‌തു പൂജ്യന്തേ രമന്തേ തത്ര ദേവതാ' സൂക്തം ഈണത്തില്‍ ചൊല്ലുക. പീഢിപ്പിക്കാന്‍ മുന്നിട്ടുറങ്ങുക.

ബെര്‍ളിത്തരങ്ങള്‍

മരിയ അമേലിയ ലോപസ്‌, തൊണ്ണൂറ്റിയേഴാം വയസ്സിലും ബ്ലോഗില്‍ സജീവമായിരുന്ന മുത്തശ്ശിയ്‌ക്കുള്ള അന്ത്യോപചാരം സമയോചിതം. 95ാം വയസ്സില്‍ ബ്ലോഗ്‌ തുടങ്ങി രണ്ടുവര്‍ഷം കൊണ്ട്‌ പ്രശസ്‌തിയുടെ കൊടുമുടികള്‍ താണ്ടി മരണത്തിന്റെ താഴ്‌വരയിലേയ്‌ക്ക്‌ നടന്നകന്ന മരിയ അമേലിയ ലോപസ്‌ തീര്‍ച്ചയായും അര്‍ഹിക്കുന്ന അംഗീകാരം.

രണ്ടുവര്‍ഷം കൊണ്ട്‌ 15 ലക്ഷത്തോളം വായനക്കാരുണ്ടാവുക എന്നതില്‍ ഏതായാലും ചില്ലറ സംശയത്തിന്റെ ആനുകൂല്യമുണ്ട്‌ . വിശേഷിച്ച്‌ അതൊരു സ്‌പാനിഷ്‌ ഭാഷയിലുള്ള ബ്ലോഗാവുമ്പോള്‍. എന്തായാലും അതൊരു ഇമ്മിണി ബല്യ സംഖ്യയായിപ്പോയോ എന്ന സംശയത്തിന്റെ കഴുത്തിന്‌ പിടിച്ച്‌ വായന തുടരുമ്പോഴും സീനിയര്‍ ബ്ലോഗര്‍ എന്ന വിശേഷണം വലതുകാലുവച്ച്‌ തലയിലോട്ട്‌ കയറാതെ തിരിഞ്ഞുനടക്കാന്‍ തുടങ്ങുന്നു. സീനിയര്‍ സിറ്റിസണ്‍ എന്നാല്‍ പ്രായക്കൂടുതലുള്ള പൗരന്‍ അഥവാ പൗര എന്നെടുക്കാം. സീനിയര്‍ ഓഫീസര്‍ എന്നാല്‍ കൂടുതല്‍ കാലം ജോലിചെയ്‌ത ഉദ്യോഗസ്ഥന്‍ എന്നുതന്നെയല്ലേ അര്‍ത്ഥമാക്കുക. അതായത്‌ സ്വന്തം വയസ്സല്ല, സര്‍വ്വീസ്‌ ദൈര്‍ഘ്യമാണ്‌ നോക്കുക എന്നര്‍ത്ഥം. അമ്പത്‌ തികയാത്ത സീനിയര്‍ പത്രപ്രവര്‍ത്തകരില്ലേ ഇവിടെ.

തൊണ്ണൂറ്റഞ്ചാമത്തെ വയസ്സില്‍ പത്രപ്രവര്‍ത്തനത്തില്‍ വന്ന്‌ തൊണ്ണൂറ്റേഴാമത്തെ വയസ്സില്‍ മരിച്ചാല്‍ ചരമക്കുറിപ്പില്‍ സീനിയര്‍ ജേണലിസ്റ്റ്‌ അന്തരിച്ചു എന്നാണോ കാണുക? ബ്ലോഗിങ്ങ്‌ ലോകത്ത്‌ ആരംഭിച്ചിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ മുത്തശ്ശി അതിലേയ്‌ക്ക്‌ വന്നത്‌. അപ്പോള്‍ 20-30 വയസ്സിലുള്ള പലരും മുത്തശ്ശിയെക്കാള്‍ സീനിയറായിരിക്കും എന്നുറപ്പ്‌. അവരില്‍ കൂടുതല്‍ പ്രായമുള്ള ആരും ഇപ്പോള്‍ ബ്ലോഗറായി ഇല്ലെങ്കില്‍ എല്‍ഡസ്‌റ്റ്‌ ബ്ലോഗര്‍ എന്നോ മറ്റോ ആക്കാമായിരുന്നു തലേക്കെട്ട്‌.

മരുന്നറിവുകള്‍

'സ്വയം ചികിത്സ' യുടെ അപകടങ്ങളിലേയ്‌ക്ക്‌ ശ്രദ്ധ ക്ഷണിക്കുന്നു ലീനയുടെ പോസ്‌റ്റ്‌. വൈദ്യശാസ്‌ത്രരംഗത്തെ ആരോഗ്യപരിപാലന ചികിത്സ തുടങ്ങിയ വിഷയങ്ങളെ സമഗ്രമായി പ്രിതിപാദിക്കുന്ന നല്ല ലേഖനങ്ങളാണ്‌ ലീനയുടെ പോസ്‌റ്റുകള്‍. പലര്‍ക്കും അപ്രാപ്യമായ ബൃഹദ്‌ഗ്രന്ഥങ്ങളില്‍ പലയിടങ്ങളിലായി മനസ്സിലാവാത്ത ഭാഷയില്‍ ചിതറിക്കിടക്കുന്ന അറിവുകളെ അതിലളിതമായി, മലയാളപദാവലികള്‍ക്കൊപ്പം അതത്‌ ഇംഗ്ലീഷ്‌ പദങ്ങള്‍ കൊടുത്തുകൊണ്ട്‌ ഏതൊരാള്‍ക്കും എളുപ്പം ഹൃദിസ്ഥമാക്കാവുന്നവിധം വസ്‌തുതകള്‍ അവതരിപ്പിക്കുകയാണ്‌ ലീന. സദുദ്യമത്തിന്‌ ആശംസകള്‍.

സവ്യസാചി

എഴുത്തുകാരന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന രചനാശൈലി. എടുക്കുമ്പോള്‍ ഒന്ന്‌, തൊടുക്കുമ്പോള്‍ നൂറ്‌, പതിക്കുമ്പോള്‍ ആയിരങ്ങള്‍. അടിപാറയായ കിണറ്റിലെ വെളളം വച്ച്‌ നാലേക്കറില്‍ നേന്ത്രന്‍ കൃഷിനടത്തുന്ന ബൂലോഗര്‍ക്കെതിരെയാണ്‌ 'ഒരു നീലസാഹിത്യകാരന്റെ ഡിലെമ' എന്ന ബ്രഹ്മാസ്‌ത്രം സവ്യസാചിയുടെ ഗാണ്ഡീവത്തില്‍ നിന്നും പുറപ്പെടുന്നത്‌.

കാവ്യയശപ്രാര്‍ത്ഥികള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുമെന്നുതോന്നുന്നില്ല. വായനക്കാര്‍ മൊത്തം അന്ത്യശ്വാസം വലിച്ചാലും അവര്‍ നിര്‍ത്തുകയില്ല. ഒടുക്കത്തെ നാവുള്ള എന്റെ നാട്ടിലെ ഒരു സുന്ദരിയെക്കൊണ്ട്‌ പറഞ്ഞതുപോലെ, ഓള്‌ നിര്‍ത്തണമെങ്കില്‍ നാവു താണുപോകണം. നാവ്‌ സ്വമേധയാ താണുപോവുന്നതുവരെ കേള്‍ക്കാന്‍ ആളുകളും തയ്യാറാവണം എന്നുമാത്രം.

ഞാനിതാ മരിക്കാന്‍ പോവുന്നു എന്ന ആത്മഹത്യാപ്രഖ്യാപനം ജീവിക്കാന്‍ ആഗ്രഹമുണ്ട്‌ എന്ന പ്രഖ്യാപനം കൂടിയാണ്‌.

എച്ച്‌കെസന്തോഷ്‌

'കാണാതായ രാമന്‍നായരുട നായയെ കണ്ടെത്തി' എന്നുകേട്ടപ്പോള്‍ കാണാതെപോയത്‌ രാമന്‍നായരെയാണോ അതോ മൂപ്പരുടെ നായയെയാണോ എന്നൊരു സംശയം സ്വാഭാവികം. 'ആട്‌ വളര്‍ത്തുന്ന അഴീക്കോട്‌ എന്ന തലക്കെട്ടുതന്നെ ഒരൊന്നൊന്നര ലേഖനമാണ്‌.

കേരളത്തിലെ സാംസ്‌കാരികരംഗത്തെ കാലാവധികഴിഞ്ഞ ആണവറിയാക്ടറായി അഴീക്കോട്‌ മാറുന്നതിന്‌ നമ്മള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്‌. സാംസ്‌കാരിക നായകന്‍ എന്നതില്‍നിന്നും സാംസ്‌കാരിക ഗുണ്ടാപദവിയിലേയ്‌ക്കുള്ള ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്‌ മൂപ്പരിപ്പോള്‍.

പണിക്കരുടെ സമദൂരസിദ്ധാന്തം മൂപ്പര്‍ ഭംഗിയായി നടപ്പിലാക്കിയത്‌ സ്വന്തം വാക്കും പ്രവൃത്തിയും തമ്മിലാണ്‌. ഒന്നുപറഞ്ഞ്‌ രണ്ടാമത്‌ ഞാന്‍ ഗാന്ധിയനാണെന്ന്‌ അലമുറയിടേണ്ടിവരുന്നതും അതുകൊണ്ടുതന്നെയാണ്‌. ഒരു പെണ്ണിന്‌ ഞാന്‍ പെണ്ണാണെന്നും ആണിന്‌ ആണാണെന്നും കമ്മ്യൂണിസ്റ്റിന്‌ കമ്മ്യൂണിസ്റ്റാണെന്നും വിളിച്ചുപറയേണ്ട കാര്യമില്ല. സമൂഹമാണ്‌ ആ സര്‍ട്ടിഫിക്കറ്റ്‌ പതിച്ചുനല്‌കുക. അല്ലാതെ സ്വന്തം നിലയ്‌ക്ക്‌ ഒരു ഗാന്ധിയന്‍ അഥവാ മാര്‍ക്‌സിസ്‌റ്റ്‌ എന്നൊരു കഷണം കാര്‍ഡിലെഴുതി നെറ്റിയിലൊട്ടിച്ചുനടക്കുകയല്ല വേണ്ടത്‌.

ജലസമാധിയായ ശാശ്വതീകാനന്ദ ഒരു കാലത്ത്‌ അഴീക്കോടിന്‌ ശാശ്വതീകനായിരുന്നു. പിന്നീട്‌ അവസരം വന്നു. നാവിന്റെ ഒരു സൗകുമാര്യകുതിപ്പില്‍ ശാശ്വതീകന്‍ സ്വാമി ശാശ്വതീകാനന്ദയായി, സ്വാമികളായി. ജലസമാധിയായപ്പോള്‍ മൂപ്പര്‍ സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികള്‍ക്കും രമണമഹര്‍ഷിക്കുമൊപ്പമിരിക്കേണ്ട വേദാന്തം കലക്കിക്കുടിച്ച സന്ന്യാസി ശ്രേഷ്‌ഠനുമായതും ചരിത്രം.

'മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാവും, മൃഗം അധ:പതിച്ചാല്‍ കമ്മ്യൂണിസ്റ്റാവും' അതുപോലെയെന്തെല്ലാം സൂക്തങ്ങള്‍. മാനവന്‌ മാനമില്ലെന്ന തിരിച്ചറിവുണ്ടായതുകൊണ്ട്‌ മൃഗങ്ങള്‍ മജിസ്‌ട്രേട്ടുകോടതി കയറിയില്ലെങ്കിലും തലശ്ശേരിയിലെ ചുകന്നകല്ലുകളുടെ പെരുമ അഴീക്കോടിനു താമസിയാതെ ബോദ്ധ്യപ്പെട്ടു.

കാറും കവറും ശരണം പൊന്നയ്യപ്പാ. ഇപ്പോള്‍ പിണറായി അനിയന്‍ അച്ചുതാനന്ദന്‍ ഏട്ടന്‍. നാളെ കൃഷ്‌ണപിള്ള അച്ഛനും എ.കെ.ജി അമ്മാവനുമാവാതിരുന്നാല്‍ മലയാളികളുടെ ഭാഗ്യം. അഴീക്കോടിന്റെ പടവലവളര്‍ച്ചയുടെ ഗതിവിഗതികള്‍ അനാവരണംചെയ്യുന്ന മികച്ച ലേഖനം. നല്ല ശൈലി.

Wednesday, June 3, 2009

ബൂലോഗ വിചാരണ 14

ഒരു യാത്ര

സമകാലിക ബൂലോഗ പ്രതിഭാസത്തെ അതീവ ഹൃദ്യമായ ശൈലിയില്‍, സരസമായി അനാവരണം ചെയ്യുന്നു 'അവനാകുന്ന അവള്‍' എന്ന അരുണ്‍ ചുള്ളിക്കലിന്റെ പോസ്‌റ്റ്‌.

"ആണിന്റെ തുണിയുടുക്കുന്ന പെണ്ണുങ്ങളെ പൊതുവില്‍ കാണാറുണ്ടെങ്കിലും പെണ്ണിന്റെ തുണിചുറ്റുന്ന ആണുങ്ങളെ വിരളമായേ കാണാറുളളൂ: പ്രതിഭാസം ക്രോസ്‌ ഡ്രസിങ്ങ്‌". ക്രോസ്‌ ഡ്രസിങ്ങില്‍ നിന്നും ക്രോസ്‌ റൈറ്റിംഗിലേയ്‌ക്കുള്ള ബ്ലോഗര്‍മാരുടെ കുടിയേറ്റത്തിന്റെ കഥയാണ്‌ വിഷയം.

"പുരുഷന്റെ വസ്‌ത്രം സ്‌ത്രീയും സ്‌ത്രീയുടെ വസ്‌ത്രം പുരുഷനും അണിയുവാന്‍ പാടുള്ളതല്ല. അപ്രകാരം ചെയ്യുന്നവന്‍ നിന്റെ ദൈവമായ കര്‍ത്താവിന്‌ നിന്ദ്യരാണ്‌" എന്ന്‌ ബൈബിള്‍. അപ്പോള്‍ പള്ളീലന്റെ വസ്‌ത്രം ഏതാണെന്നു ചോദിച്ചുകളയുകയല്ല വേണ്ടത്‌. കര്‍ത്താവ്‌ ഉദ്ദേശിച്ചത്‌ തല്‌ക്കാലം ആണ്‌ ആണായും പെണ്ണ്‌ പെണ്ണായും ജീവിക്കട്ടെ എന്നായിരിക്കും.

സ്‌തീജന്മം പുണ്യജന്മമാമെന്നറിഞ്ഞിട്ടുകൂടി ലോകത്തൊരാണും അടുത്തജന്മത്തിലെങ്കിലും എന്നെയൊന്നു പെണ്ണായി ജനിപ്പിച്ചീടണമേ പടച്ചോനെ എന്ന്‌ പ്രാര്‍ത്ഥിക്കാത്തത്‌ ഇത്‌ തുല്യതയുടെ മിലേനിയമായതുകൊണ്ടായിരിക്കണം. അല്ലെങ്കില്‍ ആണുങ്ങളുടെ സഹജമായ വിവരദോഷം. നമ്മള്‍ അത്ര വിവരദോഷികളായിട്ടുകൂടി വനിതകള്‍ നമ്മള്‍ അവര്‍ക്കുതുല്യരാണ്‌ എന്നുപറയുമ്പോള്‍ ആ ഹൃദയവിശാലതയെ ആദരിക്കാതെ കളിയാക്കുകയാണ്‌ പലരും ചെയ്യുക. വിനാശകാലേ വിപരീതബുദ്ധി. അങ്ങിനെയുള്ളവര്‍ ബൂലോഗത്തേക്കുനോക്കുക. പെണ്ണായാലുള്ള ഗുണങ്ങളുടെ നീണ്ട പട്ടിക.

അരുണിന്റെ നിരീക്ഷണം ശരിയാണെങ്കില്‍, ഒരക്ഷരം വായിക്കാതെ ചതഞ്ഞ പൂവിന്റേയും അവിഞ്ഞ ഹൃദയത്തിന്റേയും പ്രേതപരിശോധന മാത്രം നടത്തി കാലയാപനം ചെയ്യുന്ന അവന്‍മാരാകുന്ന അവളുമാരുടെ പുനരധിവാസത്തിനായി ബൂലോഗത്തില്‍ ഒരു ലക്ഷംവീടു പദ്ധതിയ്‌ക്കുള്ള സ്‌കോപ്പു എന്‍.കെ കാണുന്നു.

ശുദ്ധഹാസ്യവും ആക്ഷേപഹാസ്യവും ആയുധമാക്കി സാമൂഹ്യവിമര്‍ശത്തിന്റെ ഒരു യുഗം സൃഷ്ടിച്ച അനുഗൃഹീതനായ സഞ്‌ജയന്റെ ആ ഗംഭീരശൈലിയുടെ നിഴലാട്ടം 'അവനാകുന്ന അവളില്‍' നിറഞ്ഞുനില്‌ക്കുന്നു. അഭിവാദ്യങ്ങള്‍.

ഗാനഗംഗ

പാബ്ലോ നെറൂദായുടെ 'എ സോങ്‌ ഓഫ്‌ ഡിസ്‌പെയര്‍' ബിജു 'ഒരു നൈരാശ്യഗീതമെന്ന പേരില്‍ വിവര്‍ത്തനം ചെയ്യുന്നു. ഒരു ഭാഷയിലെ കൃതിയെ മറ്റൊരു ഭാഷയില്‍ പുനര്‍നിര്‍മ്മിക്കലാണ്‌ ശരിയായ വിവര്‍ത്തനം. അപ്പോള്‍ മാത്രമാണ്‌ വിരസമായ തര്‍ജുമയായി ചരമം പ്രാപിക്കാതെ കൃതി തുടര്‍ന്നും ജീവിക്കുക.

പണ്ട്‌ മലബാറിലെ കുരുമുളകുവള്ളികള്‍ പറങ്കിസായ്‌പുമാര്‍ കൊണ്ടുപോകുന്നു, അവരതവിടെ വളര്‍ത്തിയാല്‍ നമ്മുടെ കച്ചോടം ഹലാക്കായിപ്പോവുമല്ലോ തിരുമനസ്സേ എന്നുണര്‍ത്തിച്ച മങ്ങാട്ടച്ചനോട്‌ സാമൂതിരി പറഞ്ഞത്‌, വള്ളിയല്ലേ കപ്പലില്‍ കയറൂ, ഞാറ്റുവേല കയറില്ലല്ലോ മങ്ങാട്ടച്ചാ എന്നായിരുന്നു.

അതു വിവര്‍ത്തനത്തിനും ബാധകമാണ്‌. വിവര്‍ത്തനം ചെയ്യുന്ന കൃതിയുടെ അനശ്വരമായ ആത്മാവ്‌ നിന്നനില്‌പില്‍ നില്‌ക്കുമ്പോള്‍, മിക്കവാറും വാക്കുകളില്‍ കെട്ടിവലിച്ച്‌ വിവര്‍ത്തകന്‍ എത്തിക്കുക നശ്വരമായ ശരീരമായിരിക്കും. ഏതു കുരുത്തംകെട്ട ആത്മാവിനെയും ആവാഹിക്കാന്‍ കഴിയുന്ന ബ്രഹ്മവിദ്യ ഹൃദിസ്ഥമാക്കിയ പുല്ലഞ്ചേരി നമ്പൂതിരിമാരാകണം എഴുത്തുലോകത്തെ വിവര്‍ത്തര്‍.

എഴുത്തച്ഛന്‍ വിവര്‍ത്തനം ചെയ്‌തതുകൊണ്ടാണ്‌ മലയാളിക്ക്‌ ശ്രീരാമനെ അറിയുന്നതുതന്നെ. ഒരു എഴുത്തച്ഛന്‍ തമിഴകത്തില്ലാതെ പോയതുകൊണ്ടാണ്‌ രാമന്റെ സ്ഥാനം അവിടെ രാവണനു വീണുകിട്ടിയത്‌. കാളിദാസ ശാകുന്തളം വള്ളത്തോളിലെ അനുഗൃഹീത കവി വിവര്‍ത്തനം ചെയ്‌തപ്പോള്‍ മൂലകൃതിയോളം തന്നെ നിലവാരം പുലര്‍ത്തി. അതായത്‌ എഴുത്തുകാരന്റെ സര്‍ഗശേഷിയില്‍ നിന്നും നാലുമൈല്‍ അകലെയാണ്‌ വിവര്‍ത്തകന്റെ കിടപ്പെങ്കില്‍ സംഗതി കുളമാവും. വാട്ട്‌ ഈസ്‌ ലോസ്‌റ്റ്‌ ഇന്‍ ട്രാന്‍സ്‌്‌ലേഷന്‍ ഈസ്‌ പോയട്രി എന്ന ചൊല്ലുണ്ടായത്‌ അങ്ങിനെയാണ്‌.

ദൗര്‍ഭാഗ്യവശാല്‍, നെറൂദയുടേയും മോപ്പസാങ്ങിന്റേയും ചെക്കോവിന്റേയും മാര്‍ക്വസിന്റേയുമൊക്കെ കൃതികള്‍ മലയാളത്തില്‍ എത്തുമ്പോഴേയ്‌ക്കും അതില്‍ ചിലപ്പോഴെങ്കിലും അവരുടേതായി ഉണ്ടാവുക കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമായിരിക്കും.

വിവര്‍ത്തനം ഒരു കലയാണ്‌. അത്‌ തൊഴിലായെടുക്കുമ്പോള്‍ പലപ്പോഴും സംഭവിക്കുക വിരസമായ തര്‍ജുമകളാണ്‌. മൂലകൃതിയുടെ ഉടമയോടും വായനക്കാരോടും ചെയ്യുന്ന ക്രൂരത. പരാജയപ്പെട്ട വിവര്‍ത്തകനെ ശിഷ്ടകാലം സമൂഹത്തിനു ഭീഷണിയാവാത്തവിധം ജയിലിലടയ്‌ക്കേണ്ടതാണ്‌. മലയാളവിവര്‍ത്തനം വായിച്ചാല്‍ മുകളില്‍ പറഞ്ഞ പല എഴുത്തുകാരുടെയും സ്ഥാനത്തിനും ലേശം മുകളിലായിരിക്കും മുട്ടത്തുവര്‍ക്കി.

ഇനി ബിജുവിന്റെ വിവര്‍ത്തനത്തിലേയ്‌ക്ക്‌. 'Abandoned like the dwarves at dawn' എന്നത്‌ 'പുലരിയില്‍ ആരുമില്ലാതലയുന്ന ചെറിയ മാനുഷജീവികളപ്പോലെ' ആവാന്‍ വഴിയില്ല. ചെറിയ സസ്യങ്ങള്‍ക്കും ജീവികള്‍ക്കും dwarf എന്നുപറയും. പ്രഭാതത്തില്‍ ജീവനെടുക്കുകയും സൂര്യതാപമേല്‍ക്കുന്നതോടെ കാലഗതിപ്രാപിക്കുകയും ചെയ്യുന്ന ഹ്രസ്വായുസ്സായ ഏതെങ്കിലും ആവാം അത്‌. അതുപോലെ ഒരിടത്ത്‌ പാലായനം എന്നു തെറ്റായി എഴുതിയത്‌ പലായനം എന്നാക്കുക. 6ാമത്തെ സ്റ്റാന്‍സയിലെ വിവര്‍ത്തനവും ശ്രദ്ധിയ്‌ക്കുക. Light House ദീപശിഖയല്ല, പ്രകാശഗോപുരമാണ്‌. ആ വരിയിലെ തന്നെ മന്ത്രവചസ്സിന്റെ ഉപയോഗവും ചോദ്യംചെയ്യപ്പെടേണ്ടതാണ്‌. നഷ്ടപ്രണയത്തിന്റെ അലയാഴി ആയിരിക്കണം lost discoverer, അല്ലാതെ തിരച്ചില്‍ക്കാരിയാവാന്‍ സാദ്ധ്യത കാണുന്നില്ല.

'അന്ത്യചുംബനങ്ങള്‍ തന്‍ ശവപ്പറമ്പ്‌ 'നോക്കുക. Cemitery of Kisses ചുംബനങ്ങളുടെ ശവപ്പറമ്പുമാത്രമല്ലേ ആവൂ. അന്ത്യത്തിന്റെ ആവശ്യമില്ല. നഷ്ടപ്രണയത്തിന്റെ കുഴിമാടത്തിലെ കനല്‍ ഇനിയും അടങ്ങിയിട്ടില്ല എന്നു നെറൂദ.

ചിലയിടത്തെല്ലാം ഉപയോഗിച്ച പദങ്ങള്‍, ശൈലി എല്ലാം വിവര്‍ത്തനത്തോടു നീതിപുലര്‍ത്തുമ്പോള്‍ തന്നെ പലയിടത്തും ബിജുവിന്റെ കാവ്യാംഗന വിരൂപിയാവുന്നു. ബോധപൂര്‍വ്വമായി താളനിബന്ധരീതി അവലംബിക്കാന്‍ ശ്രമിച്ചത്‌ വിവര്‍ത്തനത്തിന്‌ വിനാശകരമായി. ഫലമോ കോലം പോയട്രിയുടേതെങ്കിലും രചന പ്രോസൈക്‌ ആയിമാറി.

മെയ്‌ 29 ആറുമണി കഴിഞ്ഞ്‌ 32 മിനിറ്റ്‌

കൃത്രിമത്വത്തിന്റെ പാറക്കെട്ടില്‍ തട്ടി തെല്ലും ചിതറിപ്പോവാതെ ഹൃദയത്തില്‍ നിന്നും നേരെ ഒഴുകിയെത്തുന്ന പദങ്ങളാല്‍ വായനക്കാരുടെ ചിത്തത്തില്‍ സ്‌നേഹവാത്സല്യങ്ങളുടെ നറുനിലാവുപരത്തുന്നൂ ദേവസേന. പ്രണയം,. സ്‌നേഹം, ദാമ്പത്യം, വാത്സല്യം എന്നിവയുടെ നേര്‍ക്കാഴ്‌ചകളിലേക്ക്‌ വായനക്കാരെ നയിക്കുകയും ചെയ്യുന്നു. ഒരു പുതുജീവന്റെ മുളപൊട്ടലോടെ പ്രണയം പരിണാമവിധേയമാവുന്നു, സ്‌നേഹത്തിന്‌, കുഞ്ഞിനോടുള്ള വാത്സല്യത്തിനായ്‌ പ്രണയം ഒരു പരിധിവരെ വഴിമാറുന്നു. അത്‌ പ്രകൃതിയുടെ ഒരു രീതിയാണ്‌.

ദേവസേന കരുതുന്നതുപോലെ ആ പ്രണയം വീണ്ടും പൂത്തൂലയുക 'സഫലമീയാത്ര' യില്‍ കക്കാട്‌ പാടിയതുപോലെ 'അന്യോന്യമൂന്നുവടികളായി നില്‌ക്കുമ്പോഴാവാം'. അങ്ങിനയാവട്ടെ.

ആടയാഭരണങ്ങളും മുഖംമൂടികളുമില്ലാത്ത ഒരു മാതൃമനസ്സിന്റെ യഥാര്‍ത്ഥചിത്രം ഹൃദ്യമായി അവതരിപ്പിച്ച ദേവസേനയക്ക്‌ അഭിവാദ്യങ്ങള്‍.

ശിവരാജയോഗി തൈക്കാട്ട്‌ അയ്യാ സ്വാമികള്‍

ഒന്നാംതരം ഒരു ഗവേഷണപ്രബന്ധമാണ്‌ യയാതിപുരത്തെ തലമുതിര്‍ന്ന ബ്ലോഗര്‍ കൂട്ടായ്‌മയില്‍ ഡോ.കാനം ശങ്കരപ്പിള്ളയുടേതായി വന്നിട്ടുള്ളത്‌. കാലത്തിന്റെ ഒരു പോക്കിനെപറ്റി കൂടി ചിന്തിപ്പിച്ചു ലേഖനം. പണ്ടായിരുന്നുവെങ്കില്‍ ഏതെങ്കിലും ആഢ്യവാരികകളുടെ പേജുകളില്‍ കത്രികപൂട്ടില്‍ മുടന്തിനടക്കുമായിരുന്ന സംഗതിയുടെ നടരാജനൃത്തം ബൂലോഗചുമരില്‍ കാണുമ്പോള്‍ ഒരുപാട്‌ സന്തോഷം തോന്നുന്നു.

ഒരു ജാതി. ഒരു മതം. ഒരു ദൈവം മനുഷ്യന്‌ എന്ന ശ്രീനാരാണഗുരുദേവ സൂക്തത്തിന്റെ പേറ്റന്റ്‌ ശിവരാജയോഗിക്ക്‌ അവകാശപ്പെട്ടതാണെന്നതും ഒരു പുതിയ അറിവായി. ശ്രീനാരാണഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു എന്നുപറയുമ്പോള്‍ മറിച്ചു വിശ്വസിക്കാന്‍ ന്യായം കാണുന്നില്ല.

ഒരു പാട്‌ ഗ്രന്ഥങ്ങള്‍ തിരഞ്ഞ്‌ അധികമാരും അറിയാത്ത, ബൂലോഗത്തെ ഈയുള്ളവനടക്കം പലര്‍ക്കും പേരുകേട്ടുവെന്നല്ലാതെ, കൂടുതലറിയാന്‍ പറ്റിയിട്ടില്ലാത്ത ശിവരാജയോഗിയെ പരിചയപ്പെടുത്തിത്തന്നതിനും ഇനിയും വരാനിരിക്കുന്ന നല്ല കൃതികള്‍ക്കുമായി യയാതിപുരത്തെ മുതിര്‍ന്നവര്‍ക്ക്‌ എന്‍.കെയുടെ പ്രണാമം.

ചിന്താവിഷ്ട‍യായ സീത കെമിസ്‌ട്രി വിദ്യാര്‍ത്ഥികള്‍ പഠിക്കണോ?
സീത പഠിക്കാന്‍ പറ്റാത്ത രസതന്ത്രവിദ്യാര്‍ത്ഥികള്‍ ചുരുങ്ങിയത്‌ ചിന്താവിഷ്ടയായ ശ്യാമളയെങ്കിലും പഠിക്കണം എന്നുതന്നെയാണ്‌ ഈയുള്ളവന്റെ അഭിപ്രായം.

നമ്മുടെ ബഹുമാനപ്പെട്ട അദ്ധ്യാപകര്‍ ഒരു കാര്യം മനസ്സിലാക്കണം. ഈ നോട്ടീസ്‌ ഇറക്കിയ അദ്ധ്യാപകരില്‍ ബഹുഭൂരിപക്ഷവും പറമ്പിലെ തേങ്ങയുടെ ബലത്തിലോ അപ്പന്റെ മടിക്കുത്തിന്റെ കനത്തിലോ സര്‍വ്വഞ്‌ജപീഠം കയറിപ്പോയി അദ്ധ്യാപകരായ ആളുകളാണെങ്കില്‍, ദയവായി അവര്‍ അറിയുക അദ്ധ്യാപകര്‍ക്ക്‌ വംശനാശം വന്നാല്‍ അക്കൂട്ടര്‍ പഠിപ്പിക്കുന്ന ഭാഷയുടെ ജനാസനമസ്‌കാരം നടക്കുയില്ല. കാരണം സിമ്പിള്‍. ഇക്കൂട്ടര്‍ നിരന്നിരുന്ന്‌ ഗണിച്ചുകണ്ടെത്തിയതല്ല ഭാഷ.

കണ്ട മുതലാളിക്ക്‌ ലച്ചങ്ങള്‍ എണ്ണിക്കൊടുത്ത്‌ മുതലാളിത്തത്തിനെ ചീത്തപറഞ്ഞ്‌ ഞെളിഞ്ഞുനടക്കുകയാണ്‌ വിദ്വാന്‍മാര്‍. (സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക്‌ ബാധകമല്ല). എന്തൊക്കെയാണ്‌ നോട്ടീസില്‍ അടിച്ചുവിട്ടിരിക്കുന്നത്‌. വിപണി, ചരക്ക്‌, മുതലാളിത്തം, ഫ്യൂഡലിസം, ദല്ലാള്‍ എല്ലാമുണ്ടെങ്കിലും സാമ്രാജ്യത്വം, ബൂര്‍ഷ്വ, സി.ഐ.എ തുടങ്ങിയ ചില കാര്യമായ സംഗതികള്‍ വിട്ടുപോയതായി കാണുന്നു. അതുകൂടി ചേര്‍ത്ത്‌ ഒരു ഉദരംഭരി ഭാഷാസിദ്ധാന്തം കണ്ടെത്തി അടുത്ത നോട്ടീസ്‌ ഒന്നുകൂടി ഗംഭീരമാക്കുമെന്ന പ്രതീക്ഷയോടെ.

പണ്ട്‌ കമ്പ്യൂട്ടര്‍ എന്ന കേട്ടപ്പോള്‍ ലോകനാശത്തിന്റെ ആരംഭം എന്നുപറഞ്ഞു ഉറഞ്ഞുതുള്ളിയ ദൈവങ്ങളുടെ വകേലെ കോമരങ്ങളായ ഇവര്‍ ഇപ്പോള്‍ ഇതെഴുതാന്‍ ബ്ലോഗിനെ തിരഞ്ഞടുത്തപ്പോഴെങ്കിലും ആലോചിക്കേണ്ടതായിരുന്നു പത്തുമന്ദബുദ്ധികള്‍ വരക്കുന്ന നേര്‍രേഖയിലല്ല ലോകം സഞ്ചരിക്കുക എന്ന മഹാസത്യം.

ഭൗതീകപദാര്‍ത്ഥങ്ങളിന്‍മേലുള്ള മനുഷ്യമനസ്സിന്റെ പ്രതിഫലനമാണ്‌ ചിന്ത എന്ന്‌ മഹാനായ മാര്‍ക്‌സ്‌. അത്‌ തികച്ചും ശരിയാണ്‌. അപ്പോള്‍ സ്വാഭാവികമായും ആ ചിന്തയുടെ ബഹിര്‍സ്‌ഫുരണമായിരിക്കണം അവനവന്റെ ഭാഷ. അപ്പോള്‍ ഭൗതീകപദാര്‍ത്ഥങ്ങളില്ലാത്ത ഒരു കാലത്താണ്‌ മലയാളഭാഷ വടിയാവുക. അത്‌ സ്വാഭാവികമായും സംഭവിക്കുകയും വേണം. ലോകാവസാനം ചുരുങ്ങിയത്‌ പത്തുപ്രാവശ്യം പ്രവചിച്ച ആ പിരാന്തന്‍ സന്ന്യാസിയ്‌ക്ക്‌ ശിഷ്യപ്പെടുകയാണ്‌ ഇക്കൂട്ടര്‍ എത്രയും പെട്ടെന്ന്‌ ചെയ്യേണ്ടത്‌. മാര്‍ക്‌സിനെ വെറുതേവിടുക.

ഇനി തലക്കെട്ടിലെ ചോദ്യത്തിനു ഉത്തരം. കെമിസ്‌ട്രി വിദ്യാര്‍ത്ഥികളല്ല, മെഡിക്കല്‍ വിദ്യാര്‍ത്ഥികളും എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികളും സാഹിത്യം വായിക്കണമെന്നുതന്നെയാണ്‌ ഈയുള്ളവന്റെ അഭിപ്രായം. മൂല്യബോധമുള്ള പ്രൊഫഷണലുകളായി വളരാന്‍ അതനിവാര്യം. അങ്ങിനെയല്ലാതെ വരുമ്പോഴാണ്‌ ഓപ്പറേഷന്‍ ടാബിളിലെ പരമദരിദ്രന്‍ വെറും രണ്ട്‌ കിഡ്‌നിയും ഒരു ലിവറുമാവുക. കോടികളുടെ പാലം മൂന്നാംനാള്‍ നിലം പൊത്തുകയും ചെയ്യുക. എന്നാല്‍ ഈ സാഹിത്യം പഠിപ്പിക്കാന്‍ മുതലാളിക്ക്‌ ലച്ചങ്ങള്‍ കൈക്കൂലിയും കൊടുത്ത്‌ ജനത്തിന്റെ നികുതിപ്പണം കൊള്ളയടിക്കാനായി ഞമ്മളുതന്നെ വേണമെന്ന്‌ പറയുന്നവരെ നേപ്പാളിലെ രാജാവിന്റെ ആത്മാവിനെ പണ്ട്‌ നാടുകടത്തിയതുപോലെ എന്നെന്നേക്കുമായി നാടുകടത്താനുള്ള ഒരേര്‍പ്പാടാണ്‌ അനിവാര്യമായും വേണ്ടത്‌.

Sunday, May 17, 2009

ബൂലോഗ വിചാരണ 13

സ്വാത്‌ താഴ്‌വരയിലെ ആ പെണ്‍കുട്ടി - ഹമീദ്‌ ചേന്ദമംഗലൂര്‍


`സ്‌ത്രീയെ മൂടിവെച്ചാല്‍ സദാചാരം കെങ്കേമമാകുമെന്ന്‌ അവര്‍ കരുതുന്നു. ലൈംഗിക അപഭ്രംശങ്ങളില്‍ സ്‌ത്രീയ്‌ക്കും പുരുഷനും തുല്യപങ്കാണുള്ളതെന്ന വസ്‌തുത അവരുടെ വിചാരങ്ങളിലേയ്‌ക്ക്‌ കടന്നുവരുന്നേയില്ല.................അവരുടെ വീക്ഷണത്തില്‍ സ്‌ത്രീകളുടെ സമ്പൂര്‍ണമായ അടിമത്തത്തിന്റെ ദൈവികരേഖയാണ്‌ ശരീഅത്ത്‌` കൃത്യമായ നിരീക്ഷണങ്ങള്‍, ധീരമായ നിലപാടുകള്‍.

ഇ.എം.എസ്സിന്റെ കാലത്തെ മുസ്ലീംസ്‌ത്രീകളുടെ അവസ്ഥയ്‌ക്കെതിരെ നടന്ന ബോധവല്‍ക്കരണ പരിപാടിയുടെ വിജയത്തില്‍ നിന്നും മതതീവ്രവാദിയായ മദനിയുമായി വേദി പങ്കിടുന്നതിലെത്തിയ പാര്‍ട്ടിയുടെ പതനവും സമകാലിക പാക്‌-അഫ്‌ഗാനിസ്ഥാന്‍ അവസ്ഥയും ഒക്കെ പഠനവിധേയമാക്കുന്ന ഒരു നല്ല പോസ്‌റ്റ്‌.

ഇഹലോകസ്വര്‍ഗത്തിനായി മദനിയുമായി കൈകോര്‍ത്ത മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയെ ചേന്ദമംഗലൂര്‍ അഫ്‌ഗാന്‍ മുല്ലമാരെ പാലൂട്ടിയ പാക്കിസ്ഥാന്‍ ഭരണകൂടത്തോടാണ്‌ ഉപമിച്ചിട്ടുള്ളത്‌. ഇപ്പോ മുല്ലമാരുടെ പിടിയില്‍ പെട്ട്‌ നട്ടം തിരിയുകയാണ്‌ പാക്‌സമൂഹം. പെണ്‍കുട്ടികളുടെ 'രക്ഷയ്‌ക്കായി' സ്വാത്തിലെ സ്‌കൂളുകളെല്ലാം തവിടുപൊടിയാക്കി. ചാന്ദ്‌ബീവിയെ പിടിച്ച്‌ പരസ്യമായി ചാട്ടയടിക്ക്‌ വിധേയമാക്കുകയും ചെയ്‌തു.

സ്‌കൂളും പൂട്ടിച്ച്‌ ബീവീനേം തല്ലി മുല്ല പിന്നേം മുന്നോട്ട്‌. ഇഹത്തിലെ സ്വാര്‍ഗത്തിനായി ഭാവി നരകമാക്കണമോയെന്ന്‌ സഖാക്കളേ ആലോചിച്ചുനോക്കുക.


അലക്കി തേച്ചത് - പ്രഭാ സക്കറിയാസ്‌

ദാനിയേല്‍ 13

ബാബിലോണിലെ ഹെല്‍ഷ്യസിന്റെ ഭാര്യയും ജോകിമിന്റെ മകളുമായ സൗന്ദര്യധാമം സൂസന്ന എന്ന ബിബിളിക്കല്‍ കഥാപാത്രം പുനരവതരിക്കപ്പെടുന്നു പ്രഭാ സക്കറിയായുടെ വരികളിലൂടെ. സൂസന്ന എന്ന അടിയുറച്ച ദൈവഭക്തയുടെ രക്ഷയ്‌ക്കായി ദൈവം തിരഞ്ഞെടുത്ത കുട്ടിയായിരുന്നു ദാനിയേല്‍.

ആ കാലത്തെ നിയമപാലകരായ രണ്ട്‌ കിഴവന്‍മാര്‍ ഭര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തില്‍ ഉലാത്തുകയായിരുന്ന അതിസുന്ദരിയായ സൂസന്നയെ കാണാനിടയായി. കാണുകമാത്രമല്ല വീഴുകയും ചെയ്‌തു. ദൈവഭക്തയും പതിവ്രതയുമായ സൂസന്നയെ ദൂരെനിന്ന്‌ നോക്കിനില്‌ക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല, ഇനി അഥവാ വല്ലതും ഒപ്പിക്കണമെങ്കില്‍ വേല വേറെ വല്ലതും ഇറയ്‌ക്കേണ്ടിവരും എന്നു മനസ്സിലാക്കിയ കിഴവന്‍മാര്‍ പീഡനത്തിന്റെ ഒരു ഉല്‌പത്തിപുസ്‌തകം കൈയ്യിലിരിപ്പുകൊണ്ട്‌ വ്‌ിരചിക്കുവാന്‍ തീരുമാനിച്ചു.

നിരന്തരം സൂസന്നയെ മുന്തിരിത്തോട്ടത്തില്‍ പിന്‍തുടര്‍ന്നുകൊണ്ടിരുന്ന രണ്ടുകിഴവന്‍മാര്‍ക്കും പറ്റിയൊരവസരമെത്തി. നല്ലചൂടുതോന്നിയതുകൊണ്ട്‌ ഒരുനാള്‍ സൂസന്നയ്‌ക്ക്‌ ഒരു കുളി പാസാക്കാമെന്നുതോന്നി. എണ്ണയും മറ്റും കൊണ്ടുവരണമെന്നും പറഞ്ഞ്‌ തോഴികളെപുറത്തയച്ച്‌ മുന്തിരിത്തോപ്പിന്റെ കവാടം അടച്ചു. കുളിക്കാന്‍ തുടങ്ങിയ സൂസന്നയുടെ മുന്നിലേയ്‌ക്ക്‌ കിഴവന്‍മാര്‍ ചാടിവീണു. വാതിലടച്ചിരിക്കുകയാണ്‌, ആരും കാണുകയില്ല. ഞങ്ങളിവിടത്തെ ന്യായാധിപന്‍മാരാണ്‌. ഞങ്ങള്‍ പറയുന്നതുതന്നെയാണ്‌ നീതിയും ന്യായവും. ഇപ്പോള്‍ വേണ്ടത്‌ സൂസന്ന ഞങ്ങളോടൊപ്പം ശയിക്കുകയാണ്‌. അല്ലെങ്കില്‍ ഒരപവാദം-സൂസന്നായെ ഒരു യൂവാവിനൊത്ത്‌ മുന്തിരത്തോപ്പിലെ മരച്ചുവട്ടില്‍ ശയിക്കുന്നിടത്തു നിന്നും ഞങ്ങള്‍ നിന്നും കൈയ്യോടെ പിടിച്ചു എന്നലറിവിളിക്കും. ആളുകള്‍ കൂടും.

തികഞ്ഞദൈവഭക്തയും പതിവ്രതയുമായ സൂസന്ന അവര്‍ക്കു കീഴ്‌പ്പെട്ട്‌ ദൈവകോപം വരുത്തിവെയ്‌ക്കുന്നതിലും നല്ലത്‌ തലപോവുന്നതുതന്നെയെന്ന്‌ തീരുമാനിച്ചു. പറഞ്ഞതുപോലെ അവര്‍ നിലവിളിച്ചു. ആളുകള്‍ കൂടി. ശിക്ഷാവിധി കഴിഞ്ഞു - വധശിക്ഷ. സൂസന്നയുടെ നിലവിളി ചുറ്റും കൂടിനിന്നവരുടെ ബധിരകര്‍ണങ്ങളിലെത്തിയില്ലെങ്കിലും കര്‍ത്താവ്‌ വിളികേട്ടു.

കര്‍ത്താവ്‌ ദാനിയേല്‍ എന്ന കുട്ടിയുടെ ഹോളി സ്‌പിരിട്ടിനെ ഉണര്‍ത്തിവിട്ടു. 'ഇസ്രായേലിന്റെ മക്കളേ, തെളിവുകളൊന്നും പരിശോധിക്കാതെ ശരിയെന്തെന്ന്‌ അറിയാതെ എങ്ങിനെയാണ്‌ നിങ്ങള്‍ ഇസ്രായേലിന്റെ ഒരു പുത്രിയെ തെറ്റുകാരിയെന്ന്‌ മുദ്രകുത്തിയത്‌'? ആ ചോദ്യത്തിലൂടെ തന്നെ ദാനിയേല്‍ കിഴവന്‍മാരായ നീതിപാലകര്‍ക്കെതിരെ ജനക്കൂട്ടത്തെ തിരിച്ചു. കിഴവന്‍മാര്‍ സൂസന്നയ്‌ക്കെതിരെ കള്ളത്തെളിവുകളാണ്‌ ഹാജരാക്കിയതെന്നും ദാനിയേല്‍ പ്രഖ്യാപിച്ചു. രണ്ടുകിഴവന്‍മാരെയും മാറ്റിനിര്‍ത്തി ദാനിയേല്‍ ചോദ്യം ചെയ്‌തു.

രണ്ടുപേരോടും ദാനിയേല്‍ ഒരു ചോദ്യം തന്നെ ചോദിച്ചു - സൂസന്നായെ നിങ്ങള്‍ കണ്ടത്‌ ആ യുവാവിനോടൊപ്പം ഏത്‌ മരച്ചുവട്ടിലാണ്‌? ഒരാള്‍ മാസ്റ്റിക്‌ വൃക്ഷമെന്നുപറഞ്ഞപ്പോള്‍ മറ്റവന്‌ അത്‌ ഹോം മരമായിരുന്നു. സൂസന്ന രക്ഷപ്പെട്ടു പകരം കള്ളത്തെളിവുകാര്‍ വധിക്കപ്പെട്ടു. കഥ ചുരുക്കിയതാണ്‌.

ഈ പശ്ചാത്തലചിത്രത്തില്‍ നിന്നുംവേണം പ്രഭാ സക്കറിയാസിന്റെ ദാനിയേല്‍ 13 നെ നോക്കിക്കാണാന്‍. ആ ബിബിളിക്കല്‍ സൂസന്നയില്‍ നിന്നും ആഗോളവല്‌ക്കരണയുഗത്തെ സൂസന്നയിലേക്ക്‌ കവി വായനക്കാരെ നയിക്കുന്നു. അതേ ദാനിയേല്‍ 13 പുനരവതരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. പീഡനങ്ങളുടെ പുതിയ ഉത്‌പത്തിപുസ്‌തകങ്ങള്‍ വിരചിതമാവുമ്പോള്‍ ദാനിയേല്‍മാരുടെ അഭാവം നീതിനടത്തിപ്പിന്‌ വിഘാതമാവുന്നുവോ?

ചില യാത്രകള്‍ - നിരക്ഷരന്‍

ഹാളേബീഡു

യാത്രാവിവരണത്തിന്റെ ആദ്യ ഖണ്ഡിക ഒഴിച്ചുനിര്‍ത്തിയാല്‍ 'ഹാളേബീഡു'വിലൂടെ നിരക്ഷരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്‌ പന്ത്രണ്ടാം നൂറ്റാണ്ടിലെ 'നശിപ്പിക്കപ്പെട്ട വീടിന്റെ' ചരിത്രത്തിലേയ്‌ക്കും ക്ഷേത്രശില്‌പകലയുടെ മായികലോകത്തേക്കുംമാത്രമല്ല, ഒരു നല്ലയാത്രാവിവരണത്തിന്റെ മാസ്‌മരീക സൗന്ദര്യത്തിലേയ്‌ക്കുംകൂടിയാണ്‌.

ഒഴുക്ക്‌ പുഴയെ ശുദ്ധീകരിക്കുന്നതുപോലെയാണ്‌ യാത്രകള്‍ മനുഷ്യനെ ശുദ്ധീകരിക്കുന്നത്‌. അനന്തമായ യാത്രകള്‍ അനുഭവവേദ്യമാക്കുന്ന പുതിയ ചക്രവാളങ്ങള്‍, വിശാലമായ ലോകത്തേക്കു തുറക്കപ്പെടുന്ന ചിന്തയുടെ വാതായനങ്ങള്‍ എല്ലാം നമ്മെ ഒന്നുകൂടി സംസ്‌കൃതചിത്തരാക്കുന്നു.

യാത്ര ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവുമെന്നുതോന്നുന്നില്ല. എന്നാല്‍ യാത്രാവിവരണമെഴുതാന്‍ എല്ലാവരെക്കൊണ്ടും പറ്റിയെന്നും വരില്ല. കണ്ണുകള്‍ കൊണ്ടുകാണുന്നതും കാതുകള്‍ കൊണ്ടു കേള്‍ക്കുന്നതും അതിന്റെ തനിമയും ഭംഗിയും ചോര്‍ന്നുപോവാതെ, ശില്‌പങ്ങളെക്കുറിച്ചും അവയുടെ ചരിത്രത്തെപ്പറ്റിയും സൂക്ഷ്‌മാംശങ്ങള്‍ കൂടി വിട്ടുകളയാതെ വിവരിച്ച ആ അതിസൂക്ഷ്‌മനിരീക്ഷണപാടവത്തോടെ പിന്നീട്‌ തൂലികയിലേക്ക്‌ അഥവാ കീബോര്‍ഡിലേക്ക്‌ ആവാഹിച്ചെടുക്കുക അത്ര എളുപ്പമുള്ള സംഗതിയല്ല.

എഴുത്തുകാരന്‍ തെളിച്ചിട്ട വഴികളിലൂടെ സഞ്ചരിക്കുവാനുള്ള മോഹം യാത്രാവിവരണം വായനക്കാരനില്‍ ജനിപ്പിക്കുന്നുവെങ്കില്‍ എഴുത്ത്‌ വിജയിച്ചു എന്നു കരുതാം. ചരിത്രവും കലയും കൈകോര്‍ക്കുന്ന ബേലൂരും ഹാളേബീഡുവും വായനക്കാരന്റെ യാത്രാമോഹങ്ങളില്‍ സ്ഥാനംപിടിക്കുമ്പോള്‍ നിരക്ഷരന്റെ വരികള്‍ ലക്ഷ്യം നേടുന്നു.

മാനസി

ജാലകത്തിലെ പെണ്‍കുട്ടി

'ജാലകത്തിലെ പെണ്‍കുട്ടി' എന്ന കഥയുമായി മാനസിയുടെ ബ്ലോഗ്‌. നഷ്ടപ്രണയത്തിന്റെ കാന്‍വാസില്‍ മാനസി ഒരു മൗനപ്രണയത്തിന്റെ ചിത്രം കോറിയിടുന്നു.

മരണം പോലെ മൂന്നക്ഷരം തന്നെയാണ്‌ പ്രണയത്തിനും. ഒന്നെപ്പോഴും മറ്റേത്‌ പലപ്പോഴും ദുരന്തപര്യവസായിയായി കലാശിക്കുകയും ചെയ്യുന്നു. ചെറിയ വാക്കുകളിലൂടെ വരികളിലൂടെ ചിലപ്പോള്‍ പൂര്‍ണവിരാമങ്ങളിലൂടെയും അര്‍ദ്ധവിരാമങ്ങളില്‍ കൂടിയും കഥാകാരി വായനക്കാരുമായി സംവദിക്കുന്നു.

എല്ലാ മരണവും ദു:ഖകരമാണ്‌ എന്നാല്‍ അതൊരു സുന്ദരിയുടേതാവുമ്പോള്‍ തീവ്രത കൂടുന്നു എന്നു പാടിയത്‌ എഡ്‌ഗര്‍ അലന്‍ പോ ആണെന്നു തോന്നുന്നു. മരണം തന്നെയാവണമെന്നില്ല, ദുരന്തമായാലും മതിയെന്നുതോന്നുന്നു.

മാനസി മുറിഞ്ഞുമുറിഞ്ഞുവീഴുന്ന വാക്കുകളില്‍ കോറിയിടുന്ന ജാലകത്തിലെ പെണ്‍കുട്ടിയുടെ സുന്ദരവാങ്‌മയചിത്രം അവസാനഭാഗത്തെ ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. അവന്‌ നഷ്ടപ്രണയത്തിന്റെ അക്കൗണ്ടില്‍ വരവുവെയ്‌ക്കുവാന്‍ ഒരു മൗനപ്രണയം കൂടി സമ്മാനിച്ചുകൊണ്ട്‌ അവളുടെ വീല്‍ചെയര്‍ കാറിലേക്ക്‌ ഉരുണ്ടുനീങ്ങുന്നു. അവന്റെ മങ്ങിയകാഴ്‌ചയില്‍ നിന്നും അകലങ്ങളിലേക്ക്‌ അവളെയും വഹിച്ചുകൊണ്ട്‌ കാറും.

കള്ളക്കഥകള്‍ - പ്രതീഷ്ദേവ്

പെണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍ സൗന്ദര്യം കൂടുമോ?

കൂടും എന്നുതന്നെയാണ്‌ ഈയുള്ളവനും തോന്നിയിട്ടുള്ളത്‌. നില്‌പിലും ഇരിപ്പിലും നടപ്പിലുമുള്ള ആ അമിതശ്രദ്ധയുടെ (പലപ്പോഴും) ഇരുമ്പുമറയില്‍ നിന്നും ശരീരത്തെ മോചിപ്പിക്കുമ്പോള്‍ മാത്രമാണല്ലോ ആര്‍ക്കും സുന്ദരമായി ഉറങ്ങാന്‍ കഴിയുക. മനോഹരമായ ഒരുറക്കം സുന്ദരമായ കാഴ്‌ചതന്നെയാണ്‌. ആ ചോദ്യത്തിനുത്തരം തേടേണ്ട ബാദ്ധ്യത വായനക്കാരില്‍ അവശേഷിപ്പിച്ചുകൊണ്ട്‌ പ്രതീഷ്‌ദേവ്‌ കഥ പറഞ്ഞുപോവുന്നു.

പരത്തിപ്പറയലാണ്‌ ഭംഗി എന്നാണ്‌ ബൂലോഗത്തെ ചിലരുടെയെങ്കിലും കാഴ്‌ചപ്പാട്‌ എന്നുതോന്നുന്നു പോസ്‌റ്റിനുവന്ന കമന്റുകള്‍ കാണുമ്പോള്‍. അങ്ങിനെ ചെയ്യാതിരുന്നതാണ്‌ ഈ പോസ്‌റ്റിനെ വ്യത്യസ്‌തമാക്കുന്നതും മനോഹരമാക്കുന്നതും എന്ന്‌ വിചാരമക്കാരന്റെ നിരീക്ഷണം.

ഒന്നുരണ്ട്‌ ദശാബ്ദങ്ങള്‍ മുന്നേയുള്ള കാമ്പസ്‌ ജീവിതത്തിന്റെ, കാമ്പസ്‌ പ്രണയങ്ങളുടെ, നഷ്ടവസന്തങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മ്മകളിലേക്കു തുറക്കുന്ന വാതായനങ്ങളാണ്‌ പ്രതീഷിന്റെ പോസ്‌റ്റ്‌.

പൊട്ടിയ പ്രണയങ്ങളുടെ വക്കുപൊട്ടിയ ഓര്‍മ്മകളുടെ പെരുമഴക്കാലമാണ്‌ പലര്‍ക്കും പിന്നീട്‌ യൗവ്വനകാലം. ആഘോഷിക്കപ്പെടുന്ന സഫലപ്രണയങ്ങള്‍ക്കിടയില്‍, വേട്ടയാടിക്കൊണ്ടിരിക്കുന്ന പ്രണയദുരന്തങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കാതെ പോവുന്ന മൗനപ്രണയത്തിന്റെ ചുമര്‍ചിത്രമാണ്‌ പ്രതീഷ്‌ ബൂലോഗചുമരില്‍ വരച്ചിട്ടിട്ടുള്ളത്‌. നല്ല വരികള്‍. തുടക്കത്തിലെ ഒഴുക്ക്‌ എവിടെയും തടസ്സപ്പെടാത്ത പദസങ്കലനങ്ങളുടെ പഥസഞ്ചലനം. തുടരുക, എഴുതുക നേരെചൊവ്വേ. അഭിവാദ്യങ്ങള്‍.

മുരളിക - മുരളീകൃഷ്ണ മാലോത്ത്

ദുര

തന്റെ ചെറിയ കവിതയിലൂടെ മുരളീകൃഷ്‌ണന്‍ 'ദുര' യുടെ ചിത്രീകരണം നടത്തുന്നു. ശക്തമായ വരികളിലൂടെ ഒരു നല്ല പ്രമേയം. തിരിച്ചുമാവാം, ശ്‌ക്തമായ പ്രമേയവും നല്ലവരികളും.
'അടര്‍ന്നുതൂങ്ങിയ മൂലക്കല്ലുകള്‍ക്കും
ദുരമൂത്തുമാന്തിയ അടിവേരുകള്‍ക്കും
പറയുവാനുള്ളത്‌ ബൂലോഗത്തില്‍ വായിക്കുക.

എം.കെ. ഹരികുമാര്‍ വേഡ്‌സ്‌

'ഞാന്‍ എന്താണെന്നു പറയുവാന്‍
എനിക്ക്‌ പാഠപുസ്‌തകമോ ഗുരുവോ ഇല്ല'

അല്‌പം തത്വശാസ്‌ത്രപരമായ പ്രമേയവുമായി എം.കെ. ഹരികുമാര്‍ ഒരുവന്റെ തന്നെ ഘടകങ്ങളെ അവനവന്‍ തന്നെ ഇഴപിരിക്കാനുള്ള ശ്രമം നടത്തുന്നു. ഒരു ആത്മവിശകലനം എന്നുപറയാം.

'സ്ഥിരമായിട്ടൊന്നുമില്ല എന്നതാണ്‌ ഞാന്‍ ഉണ്ട്‌ എന്ന യാഥാര്‍ത്ഥ്യത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത്‌' എന്ന പ്രാപഞ്ചിക സത്യത്തിലേയ്‌ക്കെത്തിനില്‌ക്കുന്നു കവി.

എന്റെ നാലുകെട്ട്‌ - ഇഞ്ചിപ്പെണ്ണ്

കാളകളുടെ രാഷ്ട്രീയം

'എന്തുനേരില്‍ കാണുന്നു നടക്കുന്നു എന്നല്ലല്ലോ പണ്ടുമുതലേയുള്ള പാര്‍ട്ടി നയങ്ങള്‍, നാളെയിലേയ്‌ക്കുള്ള ഭയപ്പെടുത്തലിലല്ലേ അവര്‍ ജീവിച്ചുപോവുന്നത്‌?' തന്റെ ചിന്തകളുടെ നാലുകെട്ടില്‍ നിന്നും ഇഞ്ചിപ്പെട്ട്‌ വര്‍ത്തമാനത്തിലേയ്‌ക്ക്‌ തോണിതുഴയുകയാണ്‌.

'മുരിക്കില്‍ നിന്നിവര്‍ ചക്ക പറിച്ചീടുമേ കാന്ത' എന്നു പണ്ടു സഞ്‌ജയന്‍ പാടിയതാണ്‌ വിപ്ലവകാരികളുടെ സമകാലികഅവസ്ഥ കാണുമ്പോള്‍ ഓര്‍മ്മയിലെത്തുന്നത്‌. കക്ഷത്തിലുള്ളത്‌ പോവരുത്‌, ഉത്തരത്തിലുള്ളത്‌ എടുക്കുകയും വേണം. തിരഞ്ഞടുപ്പിന്റെ 'ഉത്തര'ത്തില്‍ നിന്നും പിടിവിട്ടപ്പോഴാവട്ടെ മച്ചില്‍ നിന്നും വീണ പല്ലിയെപ്പോലെ ബോധം പോയിനില്‌ക്കുകയും ചെയ്യുന്നു.

ഇടതുപക്ഷാഘാതത്തിന്റെ ചിത്രം സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞുപോവുന്നു ഇഞ്ചിപ്പെണ്ണ്‌. കാളപ്പോരിന്റെ അലൂഷന്‍ മനോഹരമായിരിക്കുന്നു. കാള വീശുന്ന തുണിയുടെ ചുവപ്പുകണ്ടിട്ടാണ്‌ അക്രമാസക്തമാവുന്നതെന്ന തലകുത്തിനില്‌ക്കുന്ന സിദ്ധാന്തത്തെ കാലില്‍ നിര്‍ത്തുകയും ചെയ്യുന്നു ഇഞ്ചി. ഇവിടെ കാള പ്രകോപിതനാവുന്നത്‌ തുണിപൊക്കിക്കാണിക്കുന്നതുകൊണ്ടും അതിന്റെ നിറം പിടിക്കാതിരുന്നതുകാരണമാണെന്നതും തെറ്റ്‌. അങ്ങിനെയാണെങ്കില്‍ കാളയെ കൊമ്പില്‍ പിടിച്ച്‌ തിരിച്ചുനടത്താന്‍ ഒരു പച്ചക്കൊടികാട്ടിയാല്‍ മതിയാവുമല്ലോ.

വിപ്ലവകാരികള്‍ക്ക്‌ ജനാധിപത്യം ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു തെരുവുവേശ്യയും ഫാസിസം കെട്ടിയോളുമാണ്‌ എന്നത്‌ പണ്ടേ തെളിഞ്ഞ കാര്യമാണ്‌. അല്ലെങ്കില്‍ കണ്ണൂരുകളും നന്ദിഗ്രാമുകളും സംഭവിക്കുകയില്ലായിരുന്നല്ലോ.

ഇഞ്ചിയുടെ പോസ്‌റ്റിനു വന്ന കമന്റുകളാകട്ടെ ചിലത്‌ സഭ്യതയുടെ അതിരുവിടുന്നതാണെങ്കിലും മറ്റുചില അനോണികമന്റുകളാവട്ടെ മികച്ച സൃഷ്ടികളെന്നുതന്നെ വിലയിരുത്തപ്പെടേണ്ടതാണ്‌.

Sunday, May 3, 2009

ബൂലോഗവിചാരണ - 12


വിദേശബിരുദവും ബിരുദാനന്തരബിരുദവുമാവുമ്പോള്‍ വിവരം കൂടും എന്നൊരു ധാരണ സായിപ്പിനെകാണുമ്പോള്‍ കവാത്തുമറക്കുന്നവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികം. വേറൊരുഗുണം കൂടിയുണ്ട്‌. സര്‍വ്വകലാശാലയുടെ പേരില്‍ അവിടെ ഒരു ചാരായഷാപ്പുകൂടി ഇല്ലെങ്കിലും ആ വിവരം ഇവിടെ ആരറിയാന്‍? ഇപ്പോഴാകട്ടെ വിവരസാങ്കേതികവിദ്യകൊണ്ടുള്ള ഓരോരോ പ്രശനങ്ങളെന്നുവേണം കരുതാന്‍.

അമ്മാജിയ്‌ക്ക്‌ ക്ലെറിക്കല്‍ മിസ്‌റ്റേക്ക്‌ മോന്‍ജിയ്‌ക്ക്‌ ജനത്തിനു വിവരം വെച്ചമിസ്‌റ്റേയ്‌ക്ക്‌. 'വീരസുത'നാവട്ടേ കാര്യങ്ങള്‍ ഇത്രയങ്ങ്‌ കേറിപ്പിടിക്കും എന്നു കരുതിക്കാണുകയുമില്ല. സ്വന്തം ബിരുദം സ്വന്തം കമ്പനി എന്നാവുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകൊണ്ടൊരു ഉപദ്രവത്തിനു സാദ്ധ്യതയില്ലായിരുന്നുവെന്നത്‌ സത്യം. വേലിയില്‍ കിടന്ന സര്‍ട്ടിഫിക്കറ്റെടുത്ത്‌ വേണ്ടാത്തിടത്ത്‌ വച്ചതാണ്‌ ഇപ്പോള്‍ കുഴപ്പമായത്‌.

വിവരമുള്ളവന്‌ സര്‍ട്ടിഫിക്കറ്റ്‌ വേണമെന്നില്ല. സര്‍ട്ടിഫിക്കറ്റുള്ളവന്‌ വിവരവും. സഖാവ്‌ കാന്തലോട്ട്‌ കുഞ്ഞമ്പു കേരളത്തിന്റെ മന്ത്രിയായിരുന്നിട്ടുണ്ട്‌. മലയാളത്തില്‍ എഴുതാനും വായിക്കാനും മാത്രമറിയുന്ന സഖാവ്‌ കേരളം ഭരിച്ചതുകൊണ്ടു യാതൊരു ഉപദ്രവവും ഉണ്ടായതായി അറിവില്ല. എന്നാല്‍ അബദ്ധം പറ്റിയിട്ടില്ലെന്ന ഒരു നേട്ടവുമുണ്ട്‌. അംഗ്രേസിയിലെ ഫയലുകള്‍ മുഴുവനും ബന്ധപ്പെട്ട ഐഎഎസ്സുൂകാരന്‍ വിവര്‍ത്തനം ചെയ്‌ത്‌ വിവര്‍ത്തനം സത്യമാണെന്ന്‌ സാക്ഷ്യപ്പെടുത്തിയശേഷം മാത്രമായിരുന്നു സഖാവിന്റെ ഫയല്‍ പഠനവും തുടര്‍നടപടികളും.

എന്നാല്‍ മുറിയിംഗ്ലീഷ്‌ പഠിച്ചു. അതിന്റെ പത്തിരട്ടി വിവരമുണ്ടെന്ന നാട്യവുമായപ്പോള്‍ ഉണ്ടായ അപകടം ചില്ലറയായിരുന്നില്ല. കോളയെ പെരുമാട്ടിയില്‍ കുടിയിരുത്തിയതിന്റെ ചരിത്രം പരിശോധിച്ചാല്‍ അറിയുക ആ വിപ്ലവവിവരക്കേടിന്റെ വീരഗാഥകളാണ്‌. അതൊരു വശം. ഇനി ബസ്സിനുകല്ലെറിഞ്ഞവന്‌ എല്‍.എല്‍.ബിയും താളാത്മകമായി മുദ്രാവാക്യം വിളിച്ചവന്‌ ഡിഗ്രിയും പതിച്ചുനല്‌കിയ തനത്‌ കേരളീയ ശൈലിക്ക്‌ വലിയമാറ്റം വന്നുവോ? ദരിദ്രര്‍ക്കു അന്നദാനം പോലെ മാര്‍ക്കുദാനം ജീവിതവ്രതമാക്കി സര്‍വ്വകലാശാലകള്‍ കുപ്രസിദ്ധിയുടെ പടവുകള്‍ താണ്ടിക്കൊണ്ടിരിക്കുമ്പോള്‍ ആരാണ്‌ നമ്മുടെ നേതാക്കളുടെ സര്‍ട്ടിഫിക്കറ്റുകളെ വിശ്വസിക്കുക?


പി.എം മനോജിന്റേത്‌ നല്ലലേഖനം. ഇതിന്റെ തുടര്‍ച്ചയായി പരിശുദ്ധ രാഷ്ട്രീയ പിതാക്കള്‍ മണ്ടന്‍മാരായ പുത്രന്‍മാരെ അരക്കോടി ചിലവിട്ട്‌ ബിലാത്തിയില്‍ പഠിപ്പിച്ച്‌ മഹാന്‍മാരാക്കുന്നതിനെപ്പറ്റിയും എഴുതിയാല്‍ കര്‍മ്മം പൂര്‍ത്തിയായി എന്നുപറയാം.


ഏത്തമിടാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനെ നീക്കം ചെയ്യാന്‍ ഉത്തരവിടുന്നതിനും മുന്‍പ്‌ ആ ഏത്തമിട്ടവനെ മുക്കാലിയില്‍ കെട്ടിയടിക്കണമായിരുന്നുവെന്ന ഒരഭിപ്രായമാണ്‌ വിചാരണക്കാരനുള്ളത്‌. കാരണം, മണ്‍മറഞ്ഞ വ്യവസ്ഥിതിയെ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നവനെക്കാള്‍ കുറ്റക്കാരന്‍ അതിനു വിനീതവിധേയനാവാന്‍ തയ്യാറായി തലകുനിക്കുന്നവനാണ്‌.

സാമൂഹികതിന്മകള്‍ എക്കാലവും പുതിയകുപ്പിയിലെ പഴയ വീഞ്ഞുകളായി അവശേഷിക്കും. പഴയ ഫ്യൂഡല്‍ പ്രഭുക്കള്‍ പുത്തന്‍ വിപ്ലവകാരികളായും, പഴയ മതഭ്രാന്തന്‍മാര്‍ ഐടി സ്‌പെഷ്യലിസ്റ്റുകളായും അവതരിക്കുമ്പോള്‍ അതു തിരിച്ചറിയാനുള്ള വിവേകം നമ്മള്‍ സാധാരണക്കാര്‍ക്കുണ്ടാവണം. പുരകത്തുമ്പോള്‍ വാഴവെട്ടുന്ന പിണറായിയന്‍ പ്രഖ്യാപനം അസ്സലായി. ഏത്തമിടുവിച്ചവന്‍ മോഡിയുടെ നാട്ടില്‍നിന്നാണെന്നും ഏത്തമിട്ടവന്‍ ഇസ്ലാംമതക്കാരനാണെന്നുമുള്ള പരാമര്‍ശം ചീപ്പിന്റെ സൂപ്പര്‍ലെറ്റീവായ ചീപ്പെസ്റ്റെന്നേ പദം കൊണ്ടേ വിശേഷിപ്പിക്കാനാവൂ.

എന്നാല്‍ അയാളെ കരണക്കുറ്റിക്കടിക്കേണ്ടിയിരുന്നു എന്ന പ്രസ്‌താവനയെ വിചാരണക്കാരന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. പക്ഷേ മുന്‍പ്‌ ലാലുയാദവന്റെ മകള്‍ കേരളത്തില്‍ വച്ച്‌ ഒരു മാധ്യമപ്രവര്‍ത്തകനെ കരണക്കുറ്റിക്കടിച്ചപ്പോള്‍ അവളെ അയാള്‍ ചെരുപ്പൂരിയടിക്കേണ്ടിയിരുന്നു എന്നുപറയാനുള്ള ആര്‍ജവം അന്ന്‌ ഈ മഹാന്‍മാരില്‍ കണ്ടില്ല എന്നതും ശ്രദ്ധേയം. കമഴ്‌ന്നുവീണാല്‍ കിട്ടണം നാലുവോട്ട്‌ എന്നാവുമ്പോള്‍ നാഴികയ്‌ക്ക്‌ അഭിപ്രായം നാല്‌പതുവട്ടമാവും.


കുരുടന്‍ ആനയെക്കണ്ടതുപോലെയാണ്‌ സ്വാതന്ത്യത്തിന്റെ അര്‍ത്ഥം പലരും കണ്ടെത്തിയിട്ടുള്ളത്‌. നമുക്ക്‌ കാതിനിമ്പമുള്ളത്‌ കേള്‍ക്കുവാനും കണ്ണിനിമ്പമുള്ളത്‌ കാണുവാനും കൈകൊണ്ട്‌ പറ്റുന്നത്‌ ചെയ്യുവാനും മാത്രമുള്ളതാണ്‌ സ്വാതന്ത്ര്യം, അഥവാ ഒരു പാതിവെന്ത റൊട്ടിയാണ്‌ സ്വാതന്ത്ര്യം എന്ന വികലമായ കാഴ്‌ചപ്പാടാണ്‌ ഒരുകൂട്ടര്‍ക്കുള്ളത്‌.

നാമിഷ്ടപ്പെടുന്നതു കേള്‍ക്കാനെന്നപോലെ, നാമിഷ്ടപ്പെടുന്നത്‌ കാണാനെന്നപോലെ, നാമിഷ്ടപ്പെടുന്നത്‌ ചെയ്യാനെന്നപോലെതന്നെ നാമിഷ്ട്‌ടപ്പെടാത്തത്‌ കാണാനും കേള്‍ക്കാനും സഹിക്കാനും കൂടിയുള്ള പാരതന്ത്ര്യം കൂടിയാണ്‌ ജനാധിപത്യത്തിലെ സ്വാതന്ത്ര്യം. അല്ലാത്തിടത്താണ്‌ പാര്‍ട്ടി ഗ്രാമങ്ങളും, പരിവാര്‍ ഗ്രാമങ്ങളും സംഭവിക്കുക. മാറാടുകള്‍ മാറാനകളാവുക. സ്വാതന്ത്ര്യം എന്നത്‌ ഒരു വണ്‍വേ ട്രാഫിക്കല്ല. ആളുകളും ആശയങ്ങളും ആദര്‍ശങ്ങളും തലങ്ങും വിലങ്ങും യഥേഷ്ടം സഞ്ചരിക്കുന്ന ഒരു ഉത്സവപ്പറമ്പാണ്‌ സ്വാതന്ത്ര്യം.

ഇനി ബുദ്ധിജീവികള്‍ അഥവാ സ്‌റ്റുഡിയോകള്‍ കേന്ദ്രീകരിച്ച്‌ വിശേഷാവസരങ്ങളില്‍ ചര്‍ച്ചക്കാരായും ചാര്‍ച്ചക്കാരായും ഉപജീവനം കഴിക്കുന്ന വെള്ളാനകള്‍. ബുദ്ധിജീവികളെക്കൊണ്ടെന്ത്‌ പ്രയോജനം എന്ന ചോദ്യം പണ്ടേ ഉയര്‍ന്നിരുന്നെങ്കിലും ആര്‍ക്ക്‌ പ്രയോജനം എന്നതിനുത്തരം നമ്മള്‍ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്‌. ലക്ഷണമൊത്ത ബുദ്ധിജീവികളെക്കൊണ്ട്‌ സമൃദ്ധമാണ്‌ കേരളം. നാവിന്റെ നീളവും വാലിന്റെ നീളവും തമ്മില്‍ അന്തരമില്ലാത്ത ബുദ്ധിജീവികള്‍ക്കാണ്‌ മാര്‍ക്കറ്റ്‌. ഇന്നുപറഞ്ഞത്‌ നാളെപറയണമെന്നില്ല. അതു മറ്റന്നാളേക്ക്‌ ഓര്‍ക്കുകകൂടി ചെയ്യാതിരുന്നാല്‍ മാര്‍ക്കറ്റുകൂടും.

കമ്മ്യൂണിസ്‌റ്റുകാരന്‍ എന്നത്‌ പണ്ട്‌ സമൂഹം ഒരു വിപ്ലവകാരിക്ക്‌ പതിച്ചുകൊടുക്കുന്ന സര്‍ട്ടിഫിക്കറ്റായിരുന്നു. അതുപോലെ ബുദ്ധിജീവി എന്നതും. അതായത്‌ സമൂഹത്തിനുവേണ്ടി ചിന്തിക്കുന്നവനുള്ള സമൂഹത്തിന്റെ സാക്ഷ്യപത്രമായിരുന്നു ആ പദാവലികള്‍. ഇപ്പോള്‍ സെല്‍ഫ്‌ സ്റ്റൈല്‍ഡ്‌ കമാന്റര്‍ തസ്‌തികപോലെ സെല്‍ഫ്‌ സ്റ്റൈല്‍ഡ്‌ കമ്മ്യൂണിസ്റ്റുകളും ബുജികളും അരങ്ങുവാഴുമ്പോള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്‌റ്റുകളും തലപണയം വച്ച്‌ പുട്ടടിക്കാത്ത ബുദ്ധിയും ചിന്തയും തുല്യ അളവിലുള്ളവരും അരങ്ങുകാണാത്ത നടന്‍മാരായി ഒടുങ്ങുന്ന കാലത്ത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്‌ നളന്‍സ്‌ എടുത്തിട്ട വിഷയം.

അതോടൊപ്പം തന്നെ വംശനാശം നേരിടുന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ ഇപ്പോഴത്തെ ആവാസമേഖല കണ്ടെത്താനുള്ള ഒരു പഠനത്തിനും സ്‌കോപ്പുണ്ട്‌. ജനാധിപത്യം ചലനാത്മകമാകണമെങ്കില്‍ നിസ്വാര്‍ത്ഥരായ രാഷ്ട്രീയനേതൃത്വം വേണം, ആര്‍ജവമുള്ള ചിന്തകര്‍ വേണം, ഒപ്പം ജാഗരൂഗരായ മാധ്യമപ്രവര്‍ത്തകരും. സര്‍വ്വോപരി സര്‍വ്വര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യവും.


മരത്തലയന്റെ പോസ്‌റ്റ്‌ സമകാലിക രാഷ്ട്രീയാവസ്ഥയിലേക്കും രാഷ്ട്രീയ മൂല്യങ്ങളുടെ അഗാധതയിലേക്കുള്ള പതനത്തിലേയ്‌ക്കും വെളിച്ചം വീശുന്നു. ഒരുവന്റെ വീഴ്‌ച, അല്ലെങ്കില്‍ ദൗര്‍ബല്യം അതുമല്ലെങ്കില്‍ കൊള്ളരുതായ്‌മ മറ്റൊരു കൊള്ളരുതാത്തവന്റെ കരുത്തായിമാറുന്ന ഒരപൂര്‍വ്വ സാഹചര്യമാണ്‌ തിരഞ്ഞെടുപ്പ്‌. കാരണം ഇന്ത്യന്‍ ജനാധിപത്യം പൂര്‍ണമാവണമെങ്കില്‍ അര്‍ഹതപ്പെട്ടവര്‍ തിരഞ്ഞെടുക്കപ്പെടാനുള്ള അവസരം പോലെതന്നെ അനര്‍ഹര്‍ തിരഞ്ഞെടുക്കപ്പെടാതിരിക്കാനുള്ള ജനങ്ങളുടെ അവകാശവും കൂടി വിനിയോഗിക്കുപ്പെടേണ്ടതുണ്ട്‌.

അതായത്‌ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒരുവന്‍ കള്ളനാണെന്നും രണ്ടാമന്‍ കൊള്ളക്കാരനാണെന്നും മൂന്നാമന്‍ എണ്ണം പറഞ്ഞ പീഢകനാണെന്നും നാലാമന്‍ നാറിയാണെന്നും വന്നാല്‍ നാലെണ്ണത്തെയും തള്ളി വോട്ടുചെയ്യുവാനുള്ള അധികാരം ജനത്തിനുള്ളപ്പോഴേ ജനാധിപത്യം പൂര്‍ണമാവുകയുള്ളൂ. അല്ലാത്തപ്പോള്‍ കാതുകുത്തിയോന്‍ പോയാല്‍ കടുക്കനിട്ടോന്‍ വരുന്ന ഒരു ഏര്‍പ്പാട്‌ മാത്രമാണ്‌ സംഭവിക്കുക. നാവ്‌ നടുറോഡിലെ ഓട്ടോറിക്ഷപോലെ യഥേഷ്ടം ഇടത്തോട്ടും വലത്തോട്ടും വെട്ടിക്കാന്‍ കഴിയുന്ന ഏത്‌ പരിഷയെയും മത്സരിപ്പിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാവും. മായാവതിമാര്‍ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥികളുമാവും. അതിനപ്പുറവും സംഭവിക്കും.

കേരളത്തിലെ എണ്ണം പറഞ്ഞ പാര്‍ട്ടികളുടെ സമകാലികചിത്രം മരത്തലയന്‍ വരച്ചിടുന്നു തന്റെ രചനയിലൂടെ.



അനിതയുടെ അടുക്കള കഥപറയുമ്പോള്‍ വിചാരണക്കാരനെ നയിക്കുന്നത്‌ മറ്റുചില ചിന്തകളിലേയ്‌ക്കാണ്‌. ഈയുള്ളനവന്‌ ഒരിക്കലും മനസ്സിലാവാത്ത ഒരു കണക്കാണ്‌ 33 ശതമാനം വനിതാസംവരണം എന്നത്‌. ഇന്ത്യാമഹാരാജ്യത്തിലെ വനിതകളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ പകുതിയോ അതില്‍ കൂടുതലോ ആവുമ്പോള്‍, ന്യായമായും പെണ്ണുങ്ങള്‍ ആണുങ്ങളുടെ അഥവാ ആണുംപെണ്ണും കെട്ടവരുടെ കുത്തിനുപിടിച്ചു വാങ്ങേണ്ടത്‌ ചുരുങ്ങിയത്‌ 50 ശതമാനം സീറ്റാണ്‌.

അതുപോലെ വേറൊന്ന്‌ സ്‌ത്രീപുരുഷ സമത്വം എന്നൊരു ഭാഗത്തു മുറവിളി കൂട്ടുന്നവര്‍, ആണും പെണ്ണും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നു പറയുന്നവര്‍ (അങ്ങിനെയെങ്കില്‍ ബലാല്‍സംഗക്കുറ്റത്തിന്‌ ജയിലിലുള്ള ആണുങ്ങളെ നിരുപാധികം വിട്ടയക്കേണ്ടതാണ്‌, പരസ്‌പരം കാണുക തന്നെ ചെയ്യാത്തവര്‍ എങ്ങിനെ ബലാല്‍സംഗം നടത്തും?) , സ്‌ത്രീ ജന്മം പുണ്യജന്മവും ആണ്‍ജന്മം ആ അമൃതോടൊപ്പം വരുന്ന കാളകൂടവുമാണെന്നു കരുതിനടക്കുന്നവര്‍, പെണ്ണിന്റെ സ്ഥാനം ആണിന്റെ അടിയിലോ മുകളിലോ അതോ തറനിരപ്പില്‍ തുല്യഉയരത്തില്‍ വശങ്ങളിലോ എന്നു കണ്ടെത്താനുളള ഗവേഷണം നടത്തുന്നവര്‍ എല്ലാവരെക്കൊണ്ടും ബുലോകം നിറയുമ്പോള്‍ ഒരു സംശയം തോന്നുന്നു. സ്‌ത്രീ മനുഷ്യന്‍ തന്നെയല്ലേ എന്ന ന്യായമായ സംശയം.

മനുഷ്യന്‍ എത്ര മനോജ്ഞ പദം. അതില്‍ നിന്നും മാറി ആണിനെയും പെണ്ണിനെയും വേര്‍തിരിച്ചുകാണുന്നിടത്താണ്‌ വിവേചനത്തിന്റെ ആ മഹാറാലിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കപ്പെടുന്നത്‌. മനുഷ്യന്‍ ലൈഗീംകമായി ചിന്തിക്കുന്നതും ലൈഗികബന്ധം നടത്തുന്നതും ആകെയുള്ള 24 മണിക്കൂറില്‍ ചിലപ്പോള്‍ 10 മിനിറ്റുസമയമായിരിക്കും. അതിനപ്പുറം ലിംഗബോധം സാധാരണയാളുകള്‍ക്കുണ്ടാവാന്‍ സാദ്ധ്യതയില്ല. അവനെ അവനായും അവളെ അവളായും മൊത്തത്തില്‍ മനുഷ്യരായും കണ്ടാല്‍ തീരുന്ന പ്രശ്‌നത്തെ ലിംഗത്തില്‍ കെട്ടി മേയാന്‍വിടുമ്പോഴാണ്‌ ഇത്തരം അത്യാഹിതങ്ങള്‍ സംഭവിക്കുന്നത്‌. അടുക്കളയിലും അരങ്ങിലും ആണുംപെണ്ണും ഒരുപോലെ തിളങ്ങട്ടെ.

Wednesday, April 22, 2009

ബൂലോഗവിചാരണ - 11

അവനെഴുതിയ കളവ്‌

'പിന്നീടെന്നോ ഒരിക്കല്‍
ശരീരം അവളെ വേണമെന്ന്‌ സ്വകാര്യം പറഞ്ഞപ്പോള്‍
അവന്‍ അവളോട്‌ പ്രണയം പ്രഖ്യാപിച്ചു
ആ പ്രഖ്യാപനത്തില്‍ അപകടങ്ങള്‍ ഒളിച്ചിരിപ്പുണ്ടെന്നറിഞ്ഞിട്ടും
അവളാ പ്രഖ്യാപനത്തെ ഹൃദയത്തോട്‌ ചേര്‍ത്തുപിടിച്ചു'

അതു ശരിയാണെങ്കില്‍ പിന്നെന്തിന്‌ പശ്ചാത്തപിക്കണം, 'സമനിലതെറ്റി സ്വയം കുത്തിമുറിച്ച്‌ ചോരയൊലിപ്പിച്ചിരിക്കണം'? കാമത്തിനും പ്രണയത്തിനുമിടയിലെ അതിര്‍വരമ്പിലൂടെ നടന്നവള്‍ കാല്‍തെറ്റി വീണ്‌ നടുവുളുക്കുന്നതിന്റെ ചിത്രത്തില്‍ കവിഞ്ഞൊന്നും തരാനില്ലാതെ സിജി സുരേന്ദ്രന്റെ തോന്ന്യാക്ഷരങ്ങള്‍ മുടന്തിമുടന്തി കടന്നുപോവുന്നു എന്നുപറയാം.

"മറന്നുകളയുക, അവന്‍ കവര്‍ന്നെടുത്ത
ഹൃദയത്തെ അവന്‍ ഉപയോഗിച്ചുപേക്ഷിച്ച ദേഹത്തെ"

അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു എന്നു ചോദിക്കേണ്ടിവന്നതില്‍ സത്യമായും ഖേദമുണ്ട്‌. വരികളിലൂടെ സഞ്ചരിക്കുമ്പോള്‍ ആദ്യം പെണ്ണൊരു ചരക്കാണെന്നു പ്രഖ്യാപിക്കുകയും, പിന്നീട്‌ ആ പ്രഖ്യാപനത്തെ മറികടക്കാന്‍ അവന്റെ പ്രഖ്യാപനത്തോടുള്ള പ്രതിഷേധമായി മാത്രം അവള്‍ ആണ്‍ശരീരം ആവശ്യപ്പെട്ടൊരു പരസ്യം നല്‌കുകയും ചെയ്യുന്നു.

പരസ്യം വായിക്കുന്ന ശരീരം വില്‌ക്കാന്‍ തയ്യാറുള്ളയാള്‍ അവളെ ക്ഷണിക്കുകയല്ലല്ലോ ചെയ്യുക, അവള്‍ക്കപേക്ഷ വെള്ളക്കടലാസില്‍ എഴുതിയയക്കുകയല്ലേ ചെയ്യേണ്ടത്‌. ആദ്യം ഒരവസരത്തിനായി താഴ്‌മയായി അപേക്ഷിക്കുക. പിന്നെ അഭിമുഖത്തിനും പ്രവൃത്തിപരിചയപരീക്ഷയ്‌ക്കും തയ്യാറായി അവസരം കാത്തുകിടക്കുക. ഇതൊക്കെയല്ലേ അതിന്റയൊരു രീതി.

മൊത്തത്തില്‍ ഒന്നുകില്‍ സിജി എഴുതാന്‍ ഉദ്ദേശിച്ചത്‌ വേറെന്തോ, അല്ലെങ്കില്‍ വരികളിലേക്കാവാഹിക്കുമ്പോഴേയ്‌ക്കും ആത്മാവിന്റെ പിടിവിട്ടു എന്നു കരുതേണ്ടിയിരിക്കുന്നു.

ബഹുഭാര്യാത്വം: ഭാര്യമാര്‍ക്കു പറയാനുള്ളത്‌

ബഹുഭാര്യാത്വത്തെ അനുകൂലിച്ചുകൊണ്ടും അതു മതപരമായി കൊണ്ടുനടക്കേണ്ട പുരുഷന്റെ മൗലികാവകാശമോ അനുഷ്‌ഠാനകലയോ എന്തൊക്കെയോ ആണെന്നുമുള്ള കാരന്തൂര്‍ അബൂബക്കര്‍ മുസലിയാരുടെ പ്രബോധനം ഉണര്‍ത്തിവിട്ട ഓളങ്ങള്‍ ബൂലോകത്തിന്റെ തീരങ്ങളിലുണ്ടാക്കിയ ചലനം നിലയ്‌ക്കുന്നില്ല. അഞ്ചല്‍ക്കാരന്റെ പോസ്‌റ്റിന്‌ പറയാനുള്ളതും മറ്റൊന്നല്ല.

ഒന്നില്‍ കൂടുതല്‍ പെണ്ണുകെട്ടുവാന്‍ മുന്‍പ്‌ കെട്ടിയവരുടെ സമ്മതമുണ്ടെങ്കിലേ പാടുള്ളൂ അല്ലെങ്കില്‍ നാലാള്‍ക്ക്‌ കേള്‍ക്കാന്‍ കൊള്ളാവുന്ന വല്ല കാരണവും കണ്ടുപിടിച്ച്‌ ഹാജരാക്കണം എന്നാണ്‌.

മതം ബഹൂഭാര്യാത്വത്തെ എങ്ങിനെ കാണുന്നു എന്നതു മതത്തിന്റെ വിഷയം. ബൂലോകത്തെ വിഷയം ഭാര്യമാര്‍ ബഹുഭാര്യാത്വത്തെ എങ്ങിനെ കാണുന്നു എന്നതായത്‌ തികച്ചും സ്വാഗതാര്‍ഹം.

'പരസ്‌ത്രീ ഗമനം പതിവാക്കിയ ഭര്‍ത്താവിനും ഭാര്യ പതിവ്രതയായിരിക്കണം', ഭാര്യ നിലനില്‍ക്കവേ തന്നെ രണ്ടാം വിവാഹത്തിനും അതിനുശേഷം മൂന്നാം വിവാഹത്തിനും ഒക്കെ ഒരുമ്പെടുന്ന ഭര്‍ത്താക്കന്‍മാരുടെ വിചാരങ്ങളിലെവെടെയെങ്കിലും സാധുവായ ഒരു പെണ്‍കുട്ടിയ്‌ക്ക്‌ ജീവിതം കൊടുക്കണം എന്ന ചിന്ത ഉണ്ടാവുമോ എന്ന്‌ സംശയമാണ്‌' തുടങ്ങിയ ശക്തമായ നിരീക്ഷണങ്ങളുമായി ശ്രദ്ധേയമായ വിഷയം ബുലോഗത്ത്‌ ചര്‍ച്ചക്കായി തുറന്നുവിട്ടിരിക്കുകയാണ്‌ അഞ്ചല്‍.

ഒരു കാര്യം ഉറപ്പ്‌. മതവും മുതലാളിത്തവും മരുന്നിനുപോലും വ്യത്യസ്‌തമായി ചിന്തിക്കാത്തത്‌ സ്‌ത്രീവിഷയത്തിലാണ്‌. പെണ്ണ്‌ രണ്ടുകൂട്ടര്‍ക്കും ചരക്കാണ്‌. പുരുഷന്‍ ഉടമയും.

പ്രവാചകപരിവേഷമുള്ള ഒരുപാടുപേരും അവരുമുഴുവന്‍ നിരന്നിരുന്ന്‌ ഉപയോഗിച്ചാലും തീരാത്തത്ര പദാവലികളും ഭൂമിയില്‍ ഉള്ളപ്പോള്‍, സഹായത്തിന്‌ ഒരു നെന്‍മണിത്തൂക്കം തര്‍ക്കശാസ്‌്‌ത്രവും അകത്താക്കിയാല്‍ മയിലെണ്ണയില്‍ മുക്കിയ ഉണക്കീര്‍ക്കിലി വളയ്‌ക്കുന്നപോലെ സകലതിനെയും തനിക്കുവേണ്ടരീതിയില്‍ വളയ്‌ച്ചൊടിക്കാം. പ്രവാചകരെ ശിക്ഷിക്കാന്‍ ദൈവം കുറെ ശിഷ്യന്‍മാരെ അയച്ചുകൊടുക്കും എന്നാരോ പറഞ്ഞത്‌ അതുകൊണ്ടുതന്നെയായിരിക്കണം.

വാക്കുകള്‍ വാചകങ്ങളായി മരിക്കുകയല്ല വേണ്ടത്‌, അവ ജീവിതത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെടുകയാണ്‌. സത്യം സൂക്തമായി പറഞ്ഞാലും ആളുകള്‍ക്ക്‌ ദഹിക്കും. ഒരു വരിയെഴുതി അത്‌ വിശദീകരിക്കാന്‍ പിന്നെ നൂറുപേജ്‌ വേണമെങ്കില്‍ അതിന്നര്‍ത്ഥം ആദ്യമെഴുതിയ ഒരു വരി കളവാണെന്നാണ്‌.

എന്തുകൊണ്ട്‌ ബഹുഭാര്യാത്വത്തിന്റെ അപദാനങ്ങള്‍ വാഴ്‌ത്തുന്ന നാവുകളൊന്നും ബഹുഭര്‍തൃത്വത്തിന്റെ ഗുണഗണങ്ങളിലേക്ക്‌ നീളുന്നില്ല?

രണ്ടുമീറ്റര്‍ കാപ്പി

പണ്ടു മദിരാശിയിലെ ചായക്കടയിലിരിക്കുമ്പോ ടീ മാസ്‌റ്റര്‍ 'ബെന്റ്‌ രാജേന്ദ്ര' നോട്‌ തമാശയായി പറയുമായിരുന്നു, 'ബെന്റേ രണ്ടുമീറ്റര്‍ ചായ താടാ'. അതായത്‌ ബെന്റിന്റെ വലത്തേക്കയ്യിലെ പാട്ടയില്‍നിന്നും ഇടത്തേകയ്യിലെ ഗ്ലാസിലേക്ക്‌ ചായ സഞ്ചരിക്കുന്ന ദൂരം. ആണും പെണ്ണും തമ്മിലുള്ള അകലം വിനയ മീറ്റര്‍ കണക്കില്‍ അളയ്‌ക്കുകയാണ്‌ തന്റെ പോസ്‌റ്റിലൂടെ.

രസകരമായ നിരീക്ഷണം. രസകരമായതെല്ലാം സ്‌ത്യമാവണമെന്നില്ല. യാഥാര്‍ത്ഥ്യമാവണമെന്നുമില്ല.

വിനയയും അമ്മയും സംസാരിക്കുമ്പോഴാണ്‌ സംഭവം അരങ്ങേറുന്നത്‌, അതായത്‌ ദാസന്റെ കാപ്പിനിര്‍മ്മാണ സംരംഭം. മൂപ്പര്‍ മൂപ്പരുടെ അമ്മയ്‌ക്ക്‌ കാപ്പി ആറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്ലാസ്‌ കാപ്പി സ്വന്തം അമ്മയ്‌ക്ക്‌ കൊടുക്കുവാന്‍ വിനയ ആവശ്യപ്പെടുന്നു.
'ഇതാ ഉണ്ടാക്കീട്ടുണ്ട്‌ എടുത്തുകൊടുത്തൂടെ' എന്ന ദാസന്റെ പ്രതികരണം വിനയയെ പ്രകോപിപ്പിക്കുന്നു.
തുടര്‍ന്ന്‌ വായിക്കുമ്പോള്‍, 'എന്റെ അശ്രദ്ധ മന:പൂര്‍വ്വമാണെന്ന്‌ മനസ്സിലാക്കിയ ദാസേട്ടന്‍' എന്ന്‌ വിനയ പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാവുന്നു. ദാസന്റെ തെറ്റിദ്ധാരണയല്ല, വിനയ മന:പൂര്‍വ്വം ചെയ്‌തതാണ്‌.

സമത്വവാദി റഫറിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന വടംവലിയാണ്‌ ദാമ്പത്യം എന്നൊരഭിപ്രായം ഈയുള്ളവനില്ല.

വിശേഷിച്ച്‌ പണിയൊന്നുമില്ലാതെ കത്തിവെയ്‌ക്കുകയായിരുന്ന വിനയ ദാസന്‍ കാപ്പികൂട്ടുമ്പോള്‍ പോയെടുത്താലും, വിനയ ചായവെയ്‌ക്കുമ്പോള്‍ ദാസന്‍ വന്നെടുത്തു കുടിച്ചാലും, എഴുന്നേറ്റുവന്നെടുത്തുകുടിക്കാന്‍ കാലിന്ന്‌ സ്വാധീനമുള്ള അമ്മമാരാണെങ്കില്‍ വന്നെടുത്തുകുടിച്ചോളാന്‍ അലറിവിളിച്ചാലും, പറ്റാത്തവരാണെങ്കില്‍ കിടന്നിടത്ത്‌ കൊണ്ടുപോയി എഴുന്നേറ്റിരുത്തി കുടിപ്പിച്ചാലും സ്‌ത്രീപുരുഷ സമത്വത്തിന്റെ മൂര്‍ദ്ദാവില്‍ ഇടിത്തീ വീഴുമെങ്കില്‍, അത്‌ അതിന്റെ വിധിയായി കരുതി സമാധാനിക്കുന്നതായിരിക്കും നല്ലത്‌.

'ദാസേട്ടന്‍ എന്നെ കുറ്റപ്പെടുത്തി പരിഹസിച്ചെങ്കിലും എന്റെ തീരുമാനം അംഗീകരിച്ചതായി പിറ്റേന്ന്‌ രാവിലെ അമ്മ പാലും കൊണ്ടുവന്നപ്പോള്‍ അമ്മയ്‌ക്ക്‌ ദാസേട്ടന്‍ നിറഞ്ഞ ചിരിയോടെ കാപ്പികൊടുക്കുന്നതു കണ്ടപ്പോഴെനിക്കു മനസ്സിലായി.'

മികച്ച ഭാവാഭിനയത്തിനുള്ള ഭരത്‌ അവാര്‍ഡ്‌ സിനിമയ്‌ക്ക്‌ പുറത്തുകൊടുക്കുന്ന അന്ന്‌ ഒരെണ്ണം ദാസനുള്ളതായിരിക്കും എന്നുമാത്രം.

എന്റെ മരണം

ജീവിതം തന്നെ ഒരു കലയാണ്‌. അപ്പോള്‍ മരണം പരമമായ കലയും ആവണം. അതുകൊണ്ടാണല്ലോ ആളുകള്‍ വലിക്കുന്ന ശ്വാസത്തിന്റെ നിരക്കില്‍ കാശും കൊടുത്ത്‌ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്‌ പഠിക്കാന്‍ പോവുന്നത്‌. ജീവിതത്തിന്റെ പൂര്‍ണതയാണ്‌ മരണം. അതായത്‌ മംഗളം പാടിയവസാനിപ്പിക്കല്‍. അപ്പോള്‍ നമ്മള്‍ ഹൃദിസ്ഥമാക്കേണ്ടത്‌ ആര്‍ട്ട്‌ ഓഫ്‌ ഡെത്താണ്‌.

"ശാന്തയായ്‌ കിടക്കവേ വെറുതേ
ചിരിച്ചു - മരിച്ചത്‌ ഞാനെങ്കില്‍...."
നല്ലൊരു മരണചിത്രവുമായി തേജസ്വിനി ബൂലോഗത്ത്‌. ചന്ദനത്തിരികളാല്‍ അറിയിക്കാതെയും രാമായണപാരായണത്തിന്റെ ഇടര്‍ച്ചയില്ലാതെയും മരിക്കാം. അതാണ്‌ ഡയിങ്‌ ഇന്‍ ഹാര്‍ണസ്സ്‌ എന്ന സംഗതി.

മരണം ഒരു കലയാണെങ്കില്‍, ആ കലയില്‍ ഡോക്ടറേറ്റ്‌ എടുത്തു മരിച്ച വിജയന്‍മാഷുടെ മരണം പോലെ. ബുദ്ധിമുട്ടി വാക്കുകള്‍ മുഴുമിപ്പിച്ച്‌ മരണത്തിലേക്ക്‌ നടന്നുപോയ മാഷിന്റെ ഓണ്‍ലൈന്‍ ഡെത്ത്‌ പോലെ. നിര്‍ഭയത്വം.

മരണഭയമില്ലായ്‌മയാണ്‌ മനുഷ്യന്‌ ആവശ്യം. അപ്പോള്‍ മാത്രമേ മനുഷ്യന്‍ മൃഗങ്ങളുടെ നിലവാരത്തിലേക്കുയരുകയുള്ളൂ. മനുഷ്യനും മൃഗവും തമ്മിലുള്ള ഒരു വ്യത്യാസം മൃഗത്തിന്‌ മരണഭയമില്ലെന്നുള്ളതാണ്‌.

കൊല്ലം കൊല്ലം ണിം ണിം - 2

എന്നുമെന്നപോലെ, എഴുത്തിലെ ആത്മാര്‍ത്ഥത മുന്നില്‍നടകൊള്ളുന്നു, എടുക്കുമ്പോള്‍ ഒന്ന്‌, തൊടുക്കുമ്പോള്‍ നൂറ്‌, പതിക്കുമ്പോള്‍ പതിനായിരം എന്ന ശൈലി നിലനിര്‍ത്തിക്കൊണ്ടും, മുറിഞ്ഞുമുറിഞ്ഞു വീഴുന്ന ചെറുവാക്യങ്ങളെക്കൊണ്ടും വരികള്‍കൊണ്ടും ഒരു മാജിക്‌ മനു ബ്രിജ്‌്‌ വിഹാരത്തിലൂടെ അവതരിപ്പിക്കുന്നു. എഴുത്തിലെ മനൂവിയന്‍ ശൈലി എന്നു നാളെ കേട്ടേക്കാം.

ഹാസ്യത്തിന്റെ മര്‍മ്മമറിഞ്ഞ എഴുത്ത്‌, അശേഷം കൃത്രിമത്വം തോന്നാത്ത സ്വാഭാവിക ഹാസ്യം വാരിവിതറി ഒരു നെടുനീളന്‍ പോസ്‌റ്റ്‌ ചമയ്‌ക്കുക എളുപ്പമല്ല. എഴുതുന്നതിനെക്കുറിച്ച്‌ ഉത്തമബോദ്ധ്യം, എറ്റവും ചുരുങ്ങിയ വാക്കുകളില്‍ എഴുതുവാനുള്ള കഴിവ്‌, എല്ലാറ്റിനുമുപരിയായ അതിശക്തമായ നിരീക്ഷണപാടവവും നല്ല വായനയും ഉള്ളവര്‍ക്ക്‌ മാത്രം കൈവെക്കാവുന്ന മേഖലയാണ്‌ ഹാസ്യവും ആക്ഷേപഹാസ്യവുമെങ്കില്‍, അനായാസേന ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക്‌ തീകൊളുത്തിക്കൊണ്ട്‌ മനുവിന്റെ തൂലിക മുന്നേറുന്നു.

"ഡ്രൈവര്‍ ഫസ്റ്റ്‌ഗീയര്‍ ഇടുന്നതിനുമുന്‍പ്‌ തോന്ന്യാസി നിദ്രയുടെ സെക്കന്റ്‌ ഗിയര്‍ ഇട്ടു"
"വഴിയരികിലെ ബാറെന്നെഴുതിയ മഞ്ഞപ്പെട്ടി കണ്ടപ്പോള്‍ ജാതിസ്‌പിരിറ്റ്‌ മാറ്റിവെച്ച്‌ ഒറിജിനല്‍ സ്‌പിരിറ്റിലേയ്‌ക്ക്‌ കൊടിമാറ്റിപ്പിടിച്ചു പഹയന്‍മാര്‍"
കിട്ടിയ തഞ്ചത്തിന്‌ കൊട്ട്‌ പണിക്കര്‍ക്കും നടേശനും കൊടുക്കാന്‍ മറന്നില്ല.

"ഫോര്‍ എവരി ആക്ഷന്‍ ദെയര്‍ ഈസാന്‍ ഈക്വല്‍ ആന്റ്‌ ഇമ്മാതിരി റിയാക്ഷന്‍" ഒരു സാധാരണ വാചകത്തില്‍ അപ്രതീക്ഷിതമായ ഒരു വാക്കിലൂടെ വായനക്കാരനെ പൊട്ടിച്ചിരിപ്പിക്കുന്ന വി.കെ.എന്‍ ശൈലി.

"പണ്ട്‌ കംപ്യൂട്ടര്‍ പ്രോഗ്രാമറായി ഫ്രീ വിസയില്‍ ദുബായിക്ക്‌ പോയ ലക്കി ഫെലോ, പനയുടെ മുകളില്‍ പ്രോഗ്രാം ചെയ്യാന്‍ അള്ളിപ്പിടിച്ചുകയറിയപ്പോള്‍ മുകളില്‍ നിന്നിറങ്ങിവന്ന പഴയ ഹെഡ്‌മാസ്റ്ററെ കണ്ട്‌ അന്തം വിട്ടപോലെ".... സജ്ഞയന്റെ നിലവാരത്തിലേക്കുയരുന്ന നര്‍മ്മബോധത്തിന്റെ നിഴലാട്ടം.

എടുത്തുപറയാന്‍ എത്രയോ ഉണ്ട്‌. തല്‌ക്കാലം ഇത്രമാത്രം. മനൂ അഭിവാദ്യങ്ങള്‍.

ജനാധിപത്യത്തിലെ അദ്‌ഭുതപ്രവര്‍ത്തകര്‍

അശാന്തനായൊരു മാധ്യമപ്രവര്‍ത്തകന്റെ വ്യാകുലചിന്തകള്‍ വായിച്ചെടുക്കാന്‍ കഴിയുന്നു, പ്രദീപ്‌ കുമാറിന്റെ ശക്തമായ നിരീക്ഷണങ്ങളില്‍. അതേ, പ്രദീപ്‌ സ്ഥാപിക്കുന്നതുപോലെ ഇന്ത്യന്‍ ജനാധിപത്യത്തെ എപ്പോഴും നിയന്ത്രിക്കുന്നത്‌, ഇലക്ഷന്‍ നടത്തിപ്പിനുള്ള നിരീക്ഷകരെപ്പോലെ, മാറിനിന്ന്‌ കാര്യങ്ങല്‍ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷമാണ്‌. അവരുടെ എണ്ണം ഉയരേണ്ടത്‌ വളരെ അത്യാവശ്യമാണ്‌.

രാഷ്ട്രീയം ഉപജീവനവും കോടികള്‍ സമ്പാദിക്കുവാനുള്ള കുറുക്കുവഴിയുമായി കൊണ്ടുനടക്കുന്നവര്‍ ജനാധിപത്യത്തിന്റെ നാലുകെട്ടിനുള്ളിലേക്ക്‌ കടക്കാതിരിക്കാന്‍ അവശ്യം വേണ്ടത്‌ ഇങ്ങിനെയുള്ളവരുടെ എണ്ണം കൂടുകയാണ്‌. നമ്മുടെ ജനാധിപത്യത്തിന്റെ കാവല്‍മാലാഖമാര്‍ ആളുകള്‍ കരുതുന്നപോലെ രാഷ്ട്രീയക്കാരല്ല, പാര്‍ട്ടിയില്ലാത്ത ഈ യഥാര്‍ത്ഥ രാഷ്ട്രീയക്കാരാണ്‌. സമയോചിതം, സുചിന്തിതം, ആലോചനാമൃതം