വള്ളിക്കുന്ന്
മതിക്ക് നിരക്കാത്ത ചെയ്തികള്‍ മതത്തിന്റെ ഭാഗത്തുനിന്നുണ്ടാവുമ്പോള്‍ മാനവസമൂഹം ഭീകരതയുടെ കരിനിഴലില്‍ ജീവിക്കേണ്ടിവരുന്നു എന്ന് ചരിത്രം നമ്മെ ഓര്മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
എന്നാല്‍ ചരിത്രത്തില്‍ നിന്നും പാഠമുള്ക്കൊള്ളുന്ന പതിവ് ഹ്യസ്വ ദര്‍ശികളായ നമ്മുടെ നേതാക്കള്‍ക്കുണ്ടാവുകയില്ല, ഫലമോ നമ്മള്‍ വിഡ്ഡികളുടെ തലയില്‍ ചരിത്രം ആവര്ത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.
സമൂഹത്തിലെ തിന്മകള്‍ക്കുള്ള ഒരു അലോപ്പതി ചികിത്സയാണ് മതം എന്നു കരുതി നമുക്ക് സമാധാനിക്കാം. കാരണം ഒരു രോഗത്തിനുള്ള മരുന്ന് കുടിക്കുമ്പോഴാണല്ലോ പല രോഗങ്ങള്‍ ലഭ്യമാവുക. അതായത് ഉപകാരത്തേക്കാളേറെ മനുഷ്യവംശത്തിന് ഉപദ്രവം ചെയ്തതാണ് മതങ്ങളുടെ ചരിത്രം. സാമൂഹിക സുരക്ഷയ്ക്കായി പ്രവാചകര്‍ സവിവേകം എടുത്തുപയറ്റിയ വിശ്വാസത്തിന്റെ ആയുധം അവിവേകികളുടേയും കാലാനുസൃതമായി മാറാന്‍ പറ്റാത്ത വിവരദോഷികളുടേയും കൈകളിലെത്തുമ്പോള്‍ സമൂഹത്തിന്റെ പ്രയാണം പിന്നോട്ടേക്കായിരിക്കും.
കുരുടന്മാര്‍ ആനയെക്കണ്ടതിലും ഒന്നുകൂടി വൃത്തിയായി ഒരു ദര്‍ശനത്തെ നോക്കിക്കണ്ടവരുടെ നെടുനീളന്‍ പട്ടികയില് മുന്‍ നിരയില് തന്നെ സ്ഥാനം പിടിച്ചവരാണ് മദനിയും ധര്മ്മപത്നി സൂഫിയയും. മദനിയുടെ ഐ.എസ്.എസിലെ പൂര്‍വ്വാശ്രമ പ്രസംഗം എന്നും വിളിക്കപ്പെടാവുന്ന ആ അട്ടഹാസങ്ങളുടേയും ആ കരിമ്പൂച്ചകളുടെ കരവലയ കാര്യങ്ങളുടേയും സത്യസന്ധമായ വിവരമമാണ് ബഷീറിന്റേത്.
ആ അട്ടഹാസം ഒരു തവണ കേള്‍ക്കാനുള്ള പാപം ഈയുള്ളവനും ചെയ്തുപോയിട്ടുണ്ടാവണം. പ്രസംഗത്തിന്റെ ആകത്തുകയാവട്ടെ ബഷീര്‍ പറഞ്ഞതുപോലെ 'ഒരുതുള്ളി ചോരയ്ക്ക് പത്തുതുള്ളി ചോര' അതോ ഒരു കുടമോ - കൃത്യമായി ഓര്‍മ്മയില്ല..
മതനിരപേക്ഷതയുടെ കാവല്‍ മാലാഖമാര് അപ്പൊഴേ മദനിസായിബിനെ പൊക്കി സുരക്ഷിതമായി ജയിലിലടച്ചിരുന്നുവെങ്കില്‍ മദനിക്ക് കാലുമുണ്ടാവുമായിരുന്നു. ഭീകരതയുടെ ഇപ്പോഴത്തെ ഈ ഭീതിതമായ അവസ്ഥയുമുണ്ടാകുമായിരുന്നില്ല. A stitch in time saves nine എന്നാണ് അതായത് അടി സമയത്തുകിട്ടിയാല് പിന്നെ വെടിയുടെ ആവശ്യം വരുകയില്ല.
അടിച്ചമര്‍ത്തപ്പെട്ടവന്റെ നിശ്വാസവും ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവു നഷ്ടപ്പെട്ടവന്റെ ആത്മാവുമായ മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പാക്കിയതിന്റെ ശിക്ഷ മതവും രാഷ്ട്രീയവും കൂട്ടിക്കലര്ത്തി ഭീകരതയ്ക്ക് വിത്തുപാകുന്നവര്‍ക്ക് ലഭിക്കേണ്ടതാണ്. ചരിത്രം അവരെ കുറ്റക്കാരെന്നു വിധിക്കും. സമകാലികപ്രസക്തിയുള്ളതും നാടുനീളെ ചര്ച്ച ചെയ്യുന്നതുമായ ഒരു വിഷയത്തിലുള്ള ബഷീറിന്റെ ശ്രദ്ധേയമായ പോസ്റ്റ്.
ഋതുഭേദങ്ങള്‍
പ്രകൃതിയുടെ ജീവിതതാളം പിഴയ്ക്കുന്നതിന്റെ ഭീതിതമായ ചിത്രം വരച്ചുകാട്ടുന്ന മയൂരയുടെ വരികള്. പുല്‍കളും പുഴുക്കളും പുഴകളും കൂടിത്തന് കുടുംബക്കാര് എന്ന വിശ്വസ്നേഹ സങ്കല്പത്തില്‍ നിന്നും എല്ലാം നമുക്കുവേണ്ടി എന്ന ഇടുങ്ങിയ ചിന്തയുടെ കോട്ടകളിലേയ്ക്ക് നമ്മള് കുടിയേറുമ്പോള്‍ ലോകം ഒരു മരുഭൂമിയാവുന്ന നാളുകള്‍ അടുത്തുകൊണ്ടേയിരിക്കുന്നു. ലോകത്ത് രണ്ടുപേരെ മാത്രം ബാക്കിയാക്കാം, ആരെ വേണം എന്ന് സ്വപ്നത്തില്‍ പ്രത്യക്ഷനായ പടച്ചോന്റെ ചോദ്യത്തിന് ഞാനും എന്റെ തട്ടാനും എന്നുത്തരം പറഞ്ഞ 'ദീര്‍ഘദര്‍ശി' യെയാണ് ഓര്‍മ്മ വരുന്നത്.
പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം നമുക്ക് സുഭിക്ഷം കഴിയാന് മാത്രമുള്ളതാണ് എന്ന വീക്ഷണത്തിന് ശക്തിപ്രാപിക്കുമ്പോള്‍ പ്രകൃതിയുടെ ജീവിതതാളം അവതാളമാവുന്നു, കുളിര്‍മഴയുടെ ലാളനയും അരുണകിരണന്റെ തലോടലും പ്രതീക്ഷിച്ചു വീണുകിടക്കുന്ന വിത്തുകള്‍ സ്വാഭാവികമായും പ്രാര്ത്ഥിച്ചുപോയേക്കാം - തങ്ങളെയിനിയും ഭൂമിയില്‍ മുളച്ചുപൊന്തിക്കാന്‍ ഇടവരരുതേയെന്ന്. നല്ലചിന്തകളുടെ മുളപൊട്ടുന്നൂ മയൂരയുടെ വരികളില്‍.
റീ ബില്‍ഡ് മുല്ലപ്പെരിയാര്‍ ഡാം
നിര്‍മ്മിക്കുന്ന വേളയില് 50 വര്ഷത്തെ ആയുസ്സുമാത്രം പ്രഖ്യാപിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വയസ്സ് 100 കഴിഞ്ഞു. ഏതാണ്ട് ഇന്ത്യക്കാരന്റെ ആയുസ്സുപോലെ. ശരാശരി 67-68 ആണെങ്കിലും ചിലര്‍ 100-110 വരെയങ്ങുപോവും. അതിനപ്പുറം പോവാനുള്ള സാദ്ധ്യത കുറവാണ്. അങ്ങിനെയുള്ളവര്‍ പോവുമ്പോഴും വലിയ പ്രശ്നമൊന്നുമുണ്ടാവുകയുമില്ല.
മുല്ലപ്പെരിയാറാവട്ടെ പോവുമ്പോള് കൂടെക്കൊണ്ടുപോവുക മൂന്നു ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളെയുമായിരിക്കും.
ആളുകളുടെ ആയുസ്സുതന്നെ പലപ്പോഴും അരനൂറ്റാണ്ടു തികയാറില്ലെങ്കിലും ഒപ്പുവെയ്ക്കുന്ന കരാറിന് ചുരുങ്ങിയത് 999 കൊല്ലത്തെ കാലാവധികാണണം എന്നു നിര്ബന്ധമുള്ളതുപോലെയാണ് കരാറുകളെല്ലാം. തീന്ബിഗ പാട്ടക്കരാറൊക്കെ നോക്കുക. കരാറെഴുതാന്‍ നമ്മള് തിരഞ്ഞെടുത്തയക്കുന്നവന്റെ ഔദ്യോഗിക ആയുസ്സാവട്ടെ അഞ്ചുവര്ഷവും. വിശ്വസിച്ച് ഏറിയാല് അഞ്ചുകൊല്ലം മാത്രം ഭരണം ഏല്പിക്കാന്‍ പറ്റുന്നവന്‍ 999 കൊല്ലത്തേക്ക് കരാറൊപ്പിടാനുള്ള അധികാരം കിട്ടിയത് എവിടെനിന്നാണ്? അങ്ങിനെ ഒരു കരാര്‍ ഒപ്പിട്ടതുകൊണ്ട് അടുത്ത തലമുറയ്ക്ക് അത് മാനിക്കേണ്ടതുണ്ടോ? ആലോചിക്കേണ്ട വിഷയങ്ങളാണ്
കയ്യെത്തുന്നേടത്ത് തലയെത്താത്ത ഒരു വയോധികനായ മുഖ്യമന്ത്രിയുടെ വിശാലവീക്ഷണങ്ങള്‍ക്കൊന്നും സ്ഥാനമില്ലാത്ത, തനിക്കും തന്റെ മക്കള്‍ക്കും ചെറുമക്കള്ക്കുമപ്പുറമുള്ള ഒരു രാഷ്ട്രീയം വിഭാവനചെയ്യാനുള്ള ശേഷിയില്ലാത്ത ഇടുങ്ങിയ മനസ്സിന്റെ പ്രതിഫലനമാണ് മുല്ലപ്പെരിയാര്‍ നിലപാടുകള്. സദാജാഗരൂഗനായ, സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കുന്ന സംസ്ഥാനതാത്പര്യം മുന്‍ നിര്‍ത്തി നിലപാടുകളില്‍ ഉറച്ചുനില്ക്കുന്ന ഊര്ജ്വസ്വലനായ നമ്മുടെ മന്ത്രി ശ്രീ പ്രേമചന്ദ്രന്റെ വിഷയത്തിലെ ഇടപെടലുകള് ശ്രദ്ദേയമാണ്..
ദശലക്ഷക്കണക്കിന് മനുഷ്യജീവന്‍, വളര്ത്തുമൃഗങ്ങളും വന്യമൃഗങ്ങളും, മൂന്നുജില്ലകളിലെ കൃഷിയിടങ്ങl, മൊത്തത്തിലെടുത്താല്‍ ഒരു സംസ്കൃതി തന്നെ ജലസമാധിയടയാനുള്ള സാഹചര്യമാണ് തമിഴ്നാടിന്റെ മര്ക്കടമുഷ്ടികാരണം ഉളവാകാന്‍ പോവുന്നത്. അത്തരം ഒരു നിലപാടുമായി ഒരു സംസ്ഥാനം മുന്നോട്ടുപോവുമ്പോല്‍ വിഷയം ദേശീയപ്രാധാന്യം കൈവരിക്കുന്നു. സകലകോണുകളില്‍ നിന്നും പ്രതിഷേധത്തിന്റെ സ്വരമുയരേണ്ട സന്ദര്ഭത്തില്‍, സാമൂഹിക ഇടപെടലുകള്‍ അനിവാര്യവുമ്പോള്‍, ബൂലോഗത്തെ മുല്ലപ്പെരിയാര്‍ ഇടപെടലുകള്‍ തികച്ചും അവസരോചിതം. വിഷയത്തെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങളാണ് നിരക്ഷരന്റെയും പ്രിയയുടേയും മറ്റും ലേഖനങ്ങള്‍. ഏതോ അന്യഗ്രഹ ജീവികളുടെ സ്ഥാനമായിരുന്നു തുടക്കത്തില്‍ ബൂലോഗത്തിനെങ്കിലും തട്ടുകടകളില്‍ ബ്ലോഗുകള്‍ ചര്ച്ചാവിഷയമാവുന്ന കാലത്തേക്ക് നാം മുന്നേറുമ്പോള്‍, ഇത്തരം സാമൂഹിക ഇടപെടലുകള്‍ അനിവാര്യമാണ്. അഭിവാദ്യങ്ങള്‍
Subscribe to:
Post Comments (Atom)
2 comments:
സമൂഹത്തിലെ തിന്മകള്‍ക്കുള്ള ഒരു അലോപ്പതി ചികിത്സയാണ് മതം എന്നു കരുതി നമുക്ക് സമാധാനിക്കാം. കാരണം ഒരു രോഗത്തിനുള്ള മരുന്ന് കുടിക്കുമ്പോഴാണല്ലോ പല രോഗങ്ങള്‍ ലഭ്യമാവുക. അതായത് ഉപകാരത്തേക്കാളേറെ മനുഷ്യവംശത്തിന് ഉപദ്രവം ചെയ്തതാണ് മതങ്ങളുടെ ചരിത്രം.
::)
Post a Comment