Wednesday, April 22, 2009

ബൂലോഗവിചാരണ - 11

അവനെഴുതിയ കളവ്‌

'പിന്നീടെന്നോ ഒരിക്കല്‍
ശരീരം അവളെ വേണമെന്ന്‌ സ്വകാര്യം പറഞ്ഞപ്പോള്‍
അവന്‍ അവളോട്‌ പ്രണയം പ്രഖ്യാപിച്ചു
ആ പ്രഖ്യാപനത്തില്‍ അപകടങ്ങള്‍ ഒളിച്ചിരിപ്പുണ്ടെന്നറിഞ്ഞിട്ടും
അവളാ പ്രഖ്യാപനത്തെ ഹൃദയത്തോട്‌ ചേര്‍ത്തുപിടിച്ചു'

അതു ശരിയാണെങ്കില്‍ പിന്നെന്തിന്‌ പശ്ചാത്തപിക്കണം, 'സമനിലതെറ്റി സ്വയം കുത്തിമുറിച്ച്‌ ചോരയൊലിപ്പിച്ചിരിക്കണം'? കാമത്തിനും പ്രണയത്തിനുമിടയിലെ അതിര്‍വരമ്പിലൂടെ നടന്നവള്‍ കാല്‍തെറ്റി വീണ്‌ നടുവുളുക്കുന്നതിന്റെ ചിത്രത്തില്‍ കവിഞ്ഞൊന്നും തരാനില്ലാതെ സിജി സുരേന്ദ്രന്റെ തോന്ന്യാക്ഷരങ്ങള്‍ മുടന്തിമുടന്തി കടന്നുപോവുന്നു എന്നുപറയാം.

"മറന്നുകളയുക, അവന്‍ കവര്‍ന്നെടുത്ത
ഹൃദയത്തെ അവന്‍ ഉപയോഗിച്ചുപേക്ഷിച്ച ദേഹത്തെ"

അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു എന്നു ചോദിക്കേണ്ടിവന്നതില്‍ സത്യമായും ഖേദമുണ്ട്‌. വരികളിലൂടെ സഞ്ചരിക്കുമ്പോള്‍ ആദ്യം പെണ്ണൊരു ചരക്കാണെന്നു പ്രഖ്യാപിക്കുകയും, പിന്നീട്‌ ആ പ്രഖ്യാപനത്തെ മറികടക്കാന്‍ അവന്റെ പ്രഖ്യാപനത്തോടുള്ള പ്രതിഷേധമായി മാത്രം അവള്‍ ആണ്‍ശരീരം ആവശ്യപ്പെട്ടൊരു പരസ്യം നല്‌കുകയും ചെയ്യുന്നു.

പരസ്യം വായിക്കുന്ന ശരീരം വില്‌ക്കാന്‍ തയ്യാറുള്ളയാള്‍ അവളെ ക്ഷണിക്കുകയല്ലല്ലോ ചെയ്യുക, അവള്‍ക്കപേക്ഷ വെള്ളക്കടലാസില്‍ എഴുതിയയക്കുകയല്ലേ ചെയ്യേണ്ടത്‌. ആദ്യം ഒരവസരത്തിനായി താഴ്‌മയായി അപേക്ഷിക്കുക. പിന്നെ അഭിമുഖത്തിനും പ്രവൃത്തിപരിചയപരീക്ഷയ്‌ക്കും തയ്യാറായി അവസരം കാത്തുകിടക്കുക. ഇതൊക്കെയല്ലേ അതിന്റയൊരു രീതി.

മൊത്തത്തില്‍ ഒന്നുകില്‍ സിജി എഴുതാന്‍ ഉദ്ദേശിച്ചത്‌ വേറെന്തോ, അല്ലെങ്കില്‍ വരികളിലേക്കാവാഹിക്കുമ്പോഴേയ്‌ക്കും ആത്മാവിന്റെ പിടിവിട്ടു എന്നു കരുതേണ്ടിയിരിക്കുന്നു.

ബഹുഭാര്യാത്വം: ഭാര്യമാര്‍ക്കു പറയാനുള്ളത്‌

ബഹുഭാര്യാത്വത്തെ അനുകൂലിച്ചുകൊണ്ടും അതു മതപരമായി കൊണ്ടുനടക്കേണ്ട പുരുഷന്റെ മൗലികാവകാശമോ അനുഷ്‌ഠാനകലയോ എന്തൊക്കെയോ ആണെന്നുമുള്ള കാരന്തൂര്‍ അബൂബക്കര്‍ മുസലിയാരുടെ പ്രബോധനം ഉണര്‍ത്തിവിട്ട ഓളങ്ങള്‍ ബൂലോകത്തിന്റെ തീരങ്ങളിലുണ്ടാക്കിയ ചലനം നിലയ്‌ക്കുന്നില്ല. അഞ്ചല്‍ക്കാരന്റെ പോസ്‌റ്റിന്‌ പറയാനുള്ളതും മറ്റൊന്നല്ല.

ഒന്നില്‍ കൂടുതല്‍ പെണ്ണുകെട്ടുവാന്‍ മുന്‍പ്‌ കെട്ടിയവരുടെ സമ്മതമുണ്ടെങ്കിലേ പാടുള്ളൂ അല്ലെങ്കില്‍ നാലാള്‍ക്ക്‌ കേള്‍ക്കാന്‍ കൊള്ളാവുന്ന വല്ല കാരണവും കണ്ടുപിടിച്ച്‌ ഹാജരാക്കണം എന്നാണ്‌.

മതം ബഹൂഭാര്യാത്വത്തെ എങ്ങിനെ കാണുന്നു എന്നതു മതത്തിന്റെ വിഷയം. ബൂലോകത്തെ വിഷയം ഭാര്യമാര്‍ ബഹുഭാര്യാത്വത്തെ എങ്ങിനെ കാണുന്നു എന്നതായത്‌ തികച്ചും സ്വാഗതാര്‍ഹം.

'പരസ്‌ത്രീ ഗമനം പതിവാക്കിയ ഭര്‍ത്താവിനും ഭാര്യ പതിവ്രതയായിരിക്കണം', ഭാര്യ നിലനില്‍ക്കവേ തന്നെ രണ്ടാം വിവാഹത്തിനും അതിനുശേഷം മൂന്നാം വിവാഹത്തിനും ഒക്കെ ഒരുമ്പെടുന്ന ഭര്‍ത്താക്കന്‍മാരുടെ വിചാരങ്ങളിലെവെടെയെങ്കിലും സാധുവായ ഒരു പെണ്‍കുട്ടിയ്‌ക്ക്‌ ജീവിതം കൊടുക്കണം എന്ന ചിന്ത ഉണ്ടാവുമോ എന്ന്‌ സംശയമാണ്‌' തുടങ്ങിയ ശക്തമായ നിരീക്ഷണങ്ങളുമായി ശ്രദ്ധേയമായ വിഷയം ബുലോഗത്ത്‌ ചര്‍ച്ചക്കായി തുറന്നുവിട്ടിരിക്കുകയാണ്‌ അഞ്ചല്‍.

ഒരു കാര്യം ഉറപ്പ്‌. മതവും മുതലാളിത്തവും മരുന്നിനുപോലും വ്യത്യസ്‌തമായി ചിന്തിക്കാത്തത്‌ സ്‌ത്രീവിഷയത്തിലാണ്‌. പെണ്ണ്‌ രണ്ടുകൂട്ടര്‍ക്കും ചരക്കാണ്‌. പുരുഷന്‍ ഉടമയും.

പ്രവാചകപരിവേഷമുള്ള ഒരുപാടുപേരും അവരുമുഴുവന്‍ നിരന്നിരുന്ന്‌ ഉപയോഗിച്ചാലും തീരാത്തത്ര പദാവലികളും ഭൂമിയില്‍ ഉള്ളപ്പോള്‍, സഹായത്തിന്‌ ഒരു നെന്‍മണിത്തൂക്കം തര്‍ക്കശാസ്‌്‌ത്രവും അകത്താക്കിയാല്‍ മയിലെണ്ണയില്‍ മുക്കിയ ഉണക്കീര്‍ക്കിലി വളയ്‌ക്കുന്നപോലെ സകലതിനെയും തനിക്കുവേണ്ടരീതിയില്‍ വളയ്‌ച്ചൊടിക്കാം. പ്രവാചകരെ ശിക്ഷിക്കാന്‍ ദൈവം കുറെ ശിഷ്യന്‍മാരെ അയച്ചുകൊടുക്കും എന്നാരോ പറഞ്ഞത്‌ അതുകൊണ്ടുതന്നെയായിരിക്കണം.

വാക്കുകള്‍ വാചകങ്ങളായി മരിക്കുകയല്ല വേണ്ടത്‌, അവ ജീവിതത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെടുകയാണ്‌. സത്യം സൂക്തമായി പറഞ്ഞാലും ആളുകള്‍ക്ക്‌ ദഹിക്കും. ഒരു വരിയെഴുതി അത്‌ വിശദീകരിക്കാന്‍ പിന്നെ നൂറുപേജ്‌ വേണമെങ്കില്‍ അതിന്നര്‍ത്ഥം ആദ്യമെഴുതിയ ഒരു വരി കളവാണെന്നാണ്‌.

എന്തുകൊണ്ട്‌ ബഹുഭാര്യാത്വത്തിന്റെ അപദാനങ്ങള്‍ വാഴ്‌ത്തുന്ന നാവുകളൊന്നും ബഹുഭര്‍തൃത്വത്തിന്റെ ഗുണഗണങ്ങളിലേക്ക്‌ നീളുന്നില്ല?

രണ്ടുമീറ്റര്‍ കാപ്പി

പണ്ടു മദിരാശിയിലെ ചായക്കടയിലിരിക്കുമ്പോ ടീ മാസ്‌റ്റര്‍ 'ബെന്റ്‌ രാജേന്ദ്ര' നോട്‌ തമാശയായി പറയുമായിരുന്നു, 'ബെന്റേ രണ്ടുമീറ്റര്‍ ചായ താടാ'. അതായത്‌ ബെന്റിന്റെ വലത്തേക്കയ്യിലെ പാട്ടയില്‍നിന്നും ഇടത്തേകയ്യിലെ ഗ്ലാസിലേക്ക്‌ ചായ സഞ്ചരിക്കുന്ന ദൂരം. ആണും പെണ്ണും തമ്മിലുള്ള അകലം വിനയ മീറ്റര്‍ കണക്കില്‍ അളയ്‌ക്കുകയാണ്‌ തന്റെ പോസ്‌റ്റിലൂടെ.

രസകരമായ നിരീക്ഷണം. രസകരമായതെല്ലാം സ്‌ത്യമാവണമെന്നില്ല. യാഥാര്‍ത്ഥ്യമാവണമെന്നുമില്ല.

വിനയയും അമ്മയും സംസാരിക്കുമ്പോഴാണ്‌ സംഭവം അരങ്ങേറുന്നത്‌, അതായത്‌ ദാസന്റെ കാപ്പിനിര്‍മ്മാണ സംരംഭം. മൂപ്പര്‍ മൂപ്പരുടെ അമ്മയ്‌ക്ക്‌ കാപ്പി ആറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്ലാസ്‌ കാപ്പി സ്വന്തം അമ്മയ്‌ക്ക്‌ കൊടുക്കുവാന്‍ വിനയ ആവശ്യപ്പെടുന്നു.
'ഇതാ ഉണ്ടാക്കീട്ടുണ്ട്‌ എടുത്തുകൊടുത്തൂടെ' എന്ന ദാസന്റെ പ്രതികരണം വിനയയെ പ്രകോപിപ്പിക്കുന്നു.
തുടര്‍ന്ന്‌ വായിക്കുമ്പോള്‍, 'എന്റെ അശ്രദ്ധ മന:പൂര്‍വ്വമാണെന്ന്‌ മനസ്സിലാക്കിയ ദാസേട്ടന്‍' എന്ന്‌ വിനയ പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാവുന്നു. ദാസന്റെ തെറ്റിദ്ധാരണയല്ല, വിനയ മന:പൂര്‍വ്വം ചെയ്‌തതാണ്‌.

സമത്വവാദി റഫറിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന വടംവലിയാണ്‌ ദാമ്പത്യം എന്നൊരഭിപ്രായം ഈയുള്ളവനില്ല.

വിശേഷിച്ച്‌ പണിയൊന്നുമില്ലാതെ കത്തിവെയ്‌ക്കുകയായിരുന്ന വിനയ ദാസന്‍ കാപ്പികൂട്ടുമ്പോള്‍ പോയെടുത്താലും, വിനയ ചായവെയ്‌ക്കുമ്പോള്‍ ദാസന്‍ വന്നെടുത്തു കുടിച്ചാലും, എഴുന്നേറ്റുവന്നെടുത്തുകുടിക്കാന്‍ കാലിന്ന്‌ സ്വാധീനമുള്ള അമ്മമാരാണെങ്കില്‍ വന്നെടുത്തുകുടിച്ചോളാന്‍ അലറിവിളിച്ചാലും, പറ്റാത്തവരാണെങ്കില്‍ കിടന്നിടത്ത്‌ കൊണ്ടുപോയി എഴുന്നേറ്റിരുത്തി കുടിപ്പിച്ചാലും സ്‌ത്രീപുരുഷ സമത്വത്തിന്റെ മൂര്‍ദ്ദാവില്‍ ഇടിത്തീ വീഴുമെങ്കില്‍, അത്‌ അതിന്റെ വിധിയായി കരുതി സമാധാനിക്കുന്നതായിരിക്കും നല്ലത്‌.

'ദാസേട്ടന്‍ എന്നെ കുറ്റപ്പെടുത്തി പരിഹസിച്ചെങ്കിലും എന്റെ തീരുമാനം അംഗീകരിച്ചതായി പിറ്റേന്ന്‌ രാവിലെ അമ്മ പാലും കൊണ്ടുവന്നപ്പോള്‍ അമ്മയ്‌ക്ക്‌ ദാസേട്ടന്‍ നിറഞ്ഞ ചിരിയോടെ കാപ്പികൊടുക്കുന്നതു കണ്ടപ്പോഴെനിക്കു മനസ്സിലായി.'

മികച്ച ഭാവാഭിനയത്തിനുള്ള ഭരത്‌ അവാര്‍ഡ്‌ സിനിമയ്‌ക്ക്‌ പുറത്തുകൊടുക്കുന്ന അന്ന്‌ ഒരെണ്ണം ദാസനുള്ളതായിരിക്കും എന്നുമാത്രം.

എന്റെ മരണം

ജീവിതം തന്നെ ഒരു കലയാണ്‌. അപ്പോള്‍ മരണം പരമമായ കലയും ആവണം. അതുകൊണ്ടാണല്ലോ ആളുകള്‍ വലിക്കുന്ന ശ്വാസത്തിന്റെ നിരക്കില്‍ കാശും കൊടുത്ത്‌ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്‌ പഠിക്കാന്‍ പോവുന്നത്‌. ജീവിതത്തിന്റെ പൂര്‍ണതയാണ്‌ മരണം. അതായത്‌ മംഗളം പാടിയവസാനിപ്പിക്കല്‍. അപ്പോള്‍ നമ്മള്‍ ഹൃദിസ്ഥമാക്കേണ്ടത്‌ ആര്‍ട്ട്‌ ഓഫ്‌ ഡെത്താണ്‌.

"ശാന്തയായ്‌ കിടക്കവേ വെറുതേ
ചിരിച്ചു - മരിച്ചത്‌ ഞാനെങ്കില്‍...."
നല്ലൊരു മരണചിത്രവുമായി തേജസ്വിനി ബൂലോഗത്ത്‌. ചന്ദനത്തിരികളാല്‍ അറിയിക്കാതെയും രാമായണപാരായണത്തിന്റെ ഇടര്‍ച്ചയില്ലാതെയും മരിക്കാം. അതാണ്‌ ഡയിങ്‌ ഇന്‍ ഹാര്‍ണസ്സ്‌ എന്ന സംഗതി.

മരണം ഒരു കലയാണെങ്കില്‍, ആ കലയില്‍ ഡോക്ടറേറ്റ്‌ എടുത്തു മരിച്ച വിജയന്‍മാഷുടെ മരണം പോലെ. ബുദ്ധിമുട്ടി വാക്കുകള്‍ മുഴുമിപ്പിച്ച്‌ മരണത്തിലേക്ക്‌ നടന്നുപോയ മാഷിന്റെ ഓണ്‍ലൈന്‍ ഡെത്ത്‌ പോലെ. നിര്‍ഭയത്വം.

മരണഭയമില്ലായ്‌മയാണ്‌ മനുഷ്യന്‌ ആവശ്യം. അപ്പോള്‍ മാത്രമേ മനുഷ്യന്‍ മൃഗങ്ങളുടെ നിലവാരത്തിലേക്കുയരുകയുള്ളൂ. മനുഷ്യനും മൃഗവും തമ്മിലുള്ള ഒരു വ്യത്യാസം മൃഗത്തിന്‌ മരണഭയമില്ലെന്നുള്ളതാണ്‌.

കൊല്ലം കൊല്ലം ണിം ണിം - 2

എന്നുമെന്നപോലെ, എഴുത്തിലെ ആത്മാര്‍ത്ഥത മുന്നില്‍നടകൊള്ളുന്നു, എടുക്കുമ്പോള്‍ ഒന്ന്‌, തൊടുക്കുമ്പോള്‍ നൂറ്‌, പതിക്കുമ്പോള്‍ പതിനായിരം എന്ന ശൈലി നിലനിര്‍ത്തിക്കൊണ്ടും, മുറിഞ്ഞുമുറിഞ്ഞു വീഴുന്ന ചെറുവാക്യങ്ങളെക്കൊണ്ടും വരികള്‍കൊണ്ടും ഒരു മാജിക്‌ മനു ബ്രിജ്‌്‌ വിഹാരത്തിലൂടെ അവതരിപ്പിക്കുന്നു. എഴുത്തിലെ മനൂവിയന്‍ ശൈലി എന്നു നാളെ കേട്ടേക്കാം.

ഹാസ്യത്തിന്റെ മര്‍മ്മമറിഞ്ഞ എഴുത്ത്‌, അശേഷം കൃത്രിമത്വം തോന്നാത്ത സ്വാഭാവിക ഹാസ്യം വാരിവിതറി ഒരു നെടുനീളന്‍ പോസ്‌റ്റ്‌ ചമയ്‌ക്കുക എളുപ്പമല്ല. എഴുതുന്നതിനെക്കുറിച്ച്‌ ഉത്തമബോദ്ധ്യം, എറ്റവും ചുരുങ്ങിയ വാക്കുകളില്‍ എഴുതുവാനുള്ള കഴിവ്‌, എല്ലാറ്റിനുമുപരിയായ അതിശക്തമായ നിരീക്ഷണപാടവവും നല്ല വായനയും ഉള്ളവര്‍ക്ക്‌ മാത്രം കൈവെക്കാവുന്ന മേഖലയാണ്‌ ഹാസ്യവും ആക്ഷേപഹാസ്യവുമെങ്കില്‍, അനായാസേന ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക്‌ തീകൊളുത്തിക്കൊണ്ട്‌ മനുവിന്റെ തൂലിക മുന്നേറുന്നു.

"ഡ്രൈവര്‍ ഫസ്റ്റ്‌ഗീയര്‍ ഇടുന്നതിനുമുന്‍പ്‌ തോന്ന്യാസി നിദ്രയുടെ സെക്കന്റ്‌ ഗിയര്‍ ഇട്ടു"
"വഴിയരികിലെ ബാറെന്നെഴുതിയ മഞ്ഞപ്പെട്ടി കണ്ടപ്പോള്‍ ജാതിസ്‌പിരിറ്റ്‌ മാറ്റിവെച്ച്‌ ഒറിജിനല്‍ സ്‌പിരിറ്റിലേയ്‌ക്ക്‌ കൊടിമാറ്റിപ്പിടിച്ചു പഹയന്‍മാര്‍"
കിട്ടിയ തഞ്ചത്തിന്‌ കൊട്ട്‌ പണിക്കര്‍ക്കും നടേശനും കൊടുക്കാന്‍ മറന്നില്ല.

"ഫോര്‍ എവരി ആക്ഷന്‍ ദെയര്‍ ഈസാന്‍ ഈക്വല്‍ ആന്റ്‌ ഇമ്മാതിരി റിയാക്ഷന്‍" ഒരു സാധാരണ വാചകത്തില്‍ അപ്രതീക്ഷിതമായ ഒരു വാക്കിലൂടെ വായനക്കാരനെ പൊട്ടിച്ചിരിപ്പിക്കുന്ന വി.കെ.എന്‍ ശൈലി.

"പണ്ട്‌ കംപ്യൂട്ടര്‍ പ്രോഗ്രാമറായി ഫ്രീ വിസയില്‍ ദുബായിക്ക്‌ പോയ ലക്കി ഫെലോ, പനയുടെ മുകളില്‍ പ്രോഗ്രാം ചെയ്യാന്‍ അള്ളിപ്പിടിച്ചുകയറിയപ്പോള്‍ മുകളില്‍ നിന്നിറങ്ങിവന്ന പഴയ ഹെഡ്‌മാസ്റ്ററെ കണ്ട്‌ അന്തം വിട്ടപോലെ".... സജ്ഞയന്റെ നിലവാരത്തിലേക്കുയരുന്ന നര്‍മ്മബോധത്തിന്റെ നിഴലാട്ടം.

എടുത്തുപറയാന്‍ എത്രയോ ഉണ്ട്‌. തല്‌ക്കാലം ഇത്രമാത്രം. മനൂ അഭിവാദ്യങ്ങള്‍.

ജനാധിപത്യത്തിലെ അദ്‌ഭുതപ്രവര്‍ത്തകര്‍

അശാന്തനായൊരു മാധ്യമപ്രവര്‍ത്തകന്റെ വ്യാകുലചിന്തകള്‍ വായിച്ചെടുക്കാന്‍ കഴിയുന്നു, പ്രദീപ്‌ കുമാറിന്റെ ശക്തമായ നിരീക്ഷണങ്ങളില്‍. അതേ, പ്രദീപ്‌ സ്ഥാപിക്കുന്നതുപോലെ ഇന്ത്യന്‍ ജനാധിപത്യത്തെ എപ്പോഴും നിയന്ത്രിക്കുന്നത്‌, ഇലക്ഷന്‍ നടത്തിപ്പിനുള്ള നിരീക്ഷകരെപ്പോലെ, മാറിനിന്ന്‌ കാര്യങ്ങല്‍ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷമാണ്‌. അവരുടെ എണ്ണം ഉയരേണ്ടത്‌ വളരെ അത്യാവശ്യമാണ്‌.

രാഷ്ട്രീയം ഉപജീവനവും കോടികള്‍ സമ്പാദിക്കുവാനുള്ള കുറുക്കുവഴിയുമായി കൊണ്ടുനടക്കുന്നവര്‍ ജനാധിപത്യത്തിന്റെ നാലുകെട്ടിനുള്ളിലേക്ക്‌ കടക്കാതിരിക്കാന്‍ അവശ്യം വേണ്ടത്‌ ഇങ്ങിനെയുള്ളവരുടെ എണ്ണം കൂടുകയാണ്‌. നമ്മുടെ ജനാധിപത്യത്തിന്റെ കാവല്‍മാലാഖമാര്‍ ആളുകള്‍ കരുതുന്നപോലെ രാഷ്ട്രീയക്കാരല്ല, പാര്‍ട്ടിയില്ലാത്ത ഈ യഥാര്‍ത്ഥ രാഷ്ട്രീയക്കാരാണ്‌. സമയോചിതം, സുചിന്തിതം, ആലോചനാമൃതം

Monday, March 16, 2009

ബുലോഗവിചാരണ-10

സ്‌നേഹസംവാദം

മദ്രസാദ്ധ്യാപകര്‍ക്ക്‌ പെന്‍ഷന്‍ കൊടുക്കേണ്ടതാര്‌? എന്ന വലിയ ചോദ്യം നന്നേചെറിയ നമ്മുടെരാഷ്ട്രീയക്കാരോടും ഒരു മതേതരസമൂഹത്തോടും ചോദിക്കുകയാണ്‌ ..ജബ്ബാര്‍. ചിന്തയുടെ തെളിനീരുറവയുടെഅടിയിലുള്ള മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നിരീശ്വരചിന്തകളുടെയും മിനുസമാര്‍ന്ന ഉരുളന്‍കല്ലുകളുടെ പ്രതിഫലനമാവട്ടെ തെളിനീരുറവ ദാഹശമനി മാത്രമല്ല ആരോഗ്യദായിനി കൂടിയാണെന്ന്‌ബോദ്ധ്യപ്പെടുത്തുന്നു.


മതപഠനം അസ്‌തുവാക്കിയ ഒരു സമൂഹമാണ്‌ ഇസ്ലാം എന്ന അപ്രിയസത്യം വിളിച്ചുപറയാനുള്ള ഒരു നട്ടെല്ല്‌ജബ്ബാറിന്‌ ജമസിദ്ധമായി കിട്ടുകയോ അല്ലെങ്കില്‍ അദ്ദേഹം അതു വികസിപ്പിച്ചെടുക്കുകയോ ചെയ്‌തിട്ടുണ്ട്‌. നട്ടെല്ലുയര്‍ത്തി നെഞ്ചുവിരിച്ചുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ നാവിനെല്ലില്ലാത്തവരുംനട്ടെല്ലുകൊണ്ട്‌ വാരിയെല്ലിന്റെ പ്രയോജനം കൂടിയില്ലാത്തവരുമായ ഒരു കൂട്ടം നേതാക്കളോട്‌ ചോദിക്കേണ്ടിവന്നത്‌നാടിന്റെ ഗതികേടായി വേണം കാണാന്‍.


മാര്‍ക്‌സില്‍ നിന്നും മര്‍ക്കസിലേക്കുള്ള ദൂരം സമം ഇന്ത്യന്‍വിപ്ലവം എന്ന നിലയിലെത്തിച്ച ഒരു കൂട്ടംവിപ്ലവകാരികള്‍ തലപ്പത്തിരിക്കുമ്പോള്‍ ഇതിലപ്പുറം സംഭവിച്ചില്ലെങ്കിലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ. മദ്രസവിദ്യാഭ്യാസം എന്ന രണ്ടുമണിക്കൂര്‍ മതപഠനത്തിന്‌ പെന്‍ഷന്‍ 4000 മുസ്ലിയാര്‍ക്ക്‌ വേണമെങ്കില്‍ ഇസ്ലാം മതത്തിന്‌അതിനുള്ള ശേഷിയുണ്ടെങ്കില്‍ കൊടുത്തുകൊള്ളും. അത്‌ സര്‍ക്കാരിന്റെ ബാദ്ധ്യതയല്ല.


പടച്ചോനിലൊഴിച്ച്‌ ഏതു തെമ്മാടിയില്‍ പോലും ലേശം വിശ്വാസമുള്ള ബൂലോഗവിചാരണക്കാരനടക്കം ആളുകള്‍ഒടുക്കുന്ന നികുതിപ്പണം മദ്രസ്സയില്‍ രണ്ടുമണിക്കൂര്‍ വിഷം ചീറ്റുന്ന മുസ്ലിയാര്‍ക്കു കൊടുക്കുന്നതിനെ ഏറ്റവുംലളിതമായ വാക്കുകളില്‍ പറഞ്ഞാല്‍ ശുദ്ധതെമ്മാടിത്തം എന്നുവിശേഷിപ്പിക്കാം. പടച്ചോനെ നിലനിര്‍ത്തുന്നസകല പിശാശുകളെയും തീറ്റിപ്പോറ്റുന്ന കര്‍ഷകനാകട്ടെ വിപ്ലവസര്‍ക്കാരിന്റെ പെന്‍ഷന്‍ 200 രൂപയും. എവിടെയാണ്‌ നമുക്ക്‌ പിഴയ്‌ക്കുന്നത്‌?


തികച്ചും അനര്‍ഹമായ പ്രീണനത്തിന്റെ അപ്പക്കഷണം വേണ്ടെന്നുപറയുവാനുള്ള ധാര്‍മ്മികത മതത്തിന്റെവക്താക്കള്‍ ഇനിയും കാണിച്ചില്ലെന്നതാവട്ടേ എല്ലാം തന്നിലേക്കുമാത്രം ചിള്ളിയടുക്കുന്ന കോഴിയുടെ സ്വഭാവമാണ്‌വെളിവാക്കുന്നത്‌. ജനാധിപത്യത്തെയും മതേതരത്വത്തെയും ഉപയോഗിച്ച്‌ മതപ്രവര്‍ത്തനവും ഖജനാവ്‌കൊള്ളയടിക്കുകയും ചെയ്യുന്നത്‌ മതഭീകരതയല്ലാതെ മറ്റെന്താണ്‌? എന്തേ സാംസ്‌കാരിക സൃഗാലങ്ങള്‍ഓരിയിടാത്തത്‌? അവരുടെ പെരിയ വയര്‍ ചിന്നപെന്‍ഷന്‍ കൊണ്ടു നിറഞ്ഞുകാണണമെന്നില്ല.


മുസ്ലീം സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മുസ്ലിയാര്‍ക്ക്‌ നാലായിരം പെന്‍ഷന്‍ കൊടുത്താല്‍മതിയെന്നു കണ്ടെത്തിയ സ്ഥിതിക്ക്‌ നാളെതൊട്ട്‌ തലപിളര്‍ന്നതിന്‌ മരുന്ന്‌ കാലില്‍ വച്ചുകെട്ടിയാല്‍ മതിയെന്ന്‌ആരോഗ്യവകുപ്പ്‌ ഉത്തരവിറക്കിക്കൂടായ്‌കയുമില്ല. തുണിയുടെ എണ്ണം ലാഭം, നീളം മിച്ചം, തുടര്‍ചികിത്സആവശ്യമില്ലാതെ സുഖമരണം.


ഒരു നല്ല ചിന്ത ബൂലോഗരുമായി പങ്കുവച്ച ജബ്ബാറിന്‌ അഭിവാദ്യങ്ങള്‍. ബൂലോഗത്തിനുപുറത്തും കൂടി തീര്‍ച്ചയായും ചിന്തകളെത്തേണ്ടതുണ്ട്‌. എത്തുമെന്നും പ്രതീക്ഷിക്കുന്നു.

വക്രബുദ്ധി

'നായര്‍ മാടമ്പിക്ക്‌ കൊമ്പുമുളക്കുമ്പോള്‍' എന്ന ലേഖനത്തിലൂടെ വക്രബുദ്ധി ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെജഡത്തെ പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്നിന്റെ നായര്‍സമൂഹത്തിന്റെ രോഗാവസ്ഥയുടെ ബീജത്തെ ജഡത്തില്‍ കണ്ടെത്തുവാനുള്ള ഒരു ശ്രമം നടത്തുകയും ചെയ്യുന്നു. വക്രമെന്ന്‌ മൂപ്പരുതന്നെഅവകാശപ്പെടുന്നുണ്ടെങ്കിലും ബുദ്ധി നേര്‍രേഖയില്‍ സഞ്ചരിക്കുന്നുണ്ടെന്ന തോന്നലുമായി വായനമുന്നേറിഅവസാനഭാഗത്തെത്തുമ്പോഴാണ്‌ ബാലകൃഷ്‌ണപ്പിള്ളയുടെ അലമ്പ്‌ നാക്കിനെക്കവച്ചുവെക്കുന്നതാണ്‌ മൂപ്പരുടെനീരീക്ഷണം എന്നുമനസ്സിലാവുക.


അതായത്‌ പഴയ ശാപമാണ്‌ നായരുടെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ കാരണം. സാമൂഹിക മുന്നോക്കാവസ്ഥയിലുംസാമ്പത്തീക പിന്നോക്കാവസ്ഥയിലും ശാപത്തിന്റെ റോള്‍ കണ്ടുപിടിക്കണമെങ്കില്‍ ബുദ്ധി വക്രത്തില്‍ തന്നെസഞ്ചരിക്കണം. അപ്പോള്‍ ഉരുത്തിരിഞ്ഞ ചില്ലറ സംശയങ്ങള്‍.


രാഷ്‌ട്രീയമായും സാമ്പത്തീകമായും മുന്‍നിരയിലുള്ള ജാട്ടുകള്‍ രാജസ്ഥാനില്‍ .ബി.സി. യാണ്‌. കര്‍ണാടകത്തിലെ നായക്‌ എസ്‌.സി.ആണ്‌. നാല്‌മുക്കാലിന്‌ ഗതിയില്ലാത്ത കേരളത്തിലെ ന്യുനപക്ഷവുമായനായരെങ്ങനെ മുന്നാക്കക്കാരായി. സാമുഹികമായും നായര്‍ .ബി.സി.യെക്കാള്‍ മുന്നോക്കമല്ല. കള്ളുകുടിയുടെകാര്യത്തില്‍ പോലും നായരും ഈഴവനും ഒപ്പത്തിനൊപ്പമാണ്‌. സുരാപാനശേഷം രണ്ടുകൂട്ടരും ശക്തിപരീക്ഷിക്കുന്നചിരവയും അമ്മിക്കല്ലും വീഴുന്നതും കിണറ്റില്‍ തന്നെയാണ്‌്‌. രണ്ടുപേരും തല്ലുന്നതും കെട്ടിയോളെത്തന്നെയാണ്‌. അപ്പോഴെന്തുകൊണ്ട്‌ നായര്‍ .ബി.സിയെങ്കിലുമാവുന്നില്ല.


അത്യാവശ്യം കോടതിയില്‍ സാക്ഷിപറയല്‍ അല്ലെങ്കില്‍ ആരും കയറാത്ത എം.എസ്‌.പി പോലുള്ളതില്‍ ഒരുകോണ്‍ഷബ്‌ള്‍ ഉദ്യോഗം. ഇതില്‍പരം മെച്ചപ്പെട്ട ജോലിയൊന്നും നായന്‍മാര്‍ക്കുണ്ടായിരുന്നില്ല. രാമചന്ദ്രന്‍നായര്‍, ഗുപ്‌തന്‍നായര്‍, കൃഷ്‌ണന്‍നായര്‍, വാസുദേവന്‍നായര്‍ പിന്നെ റേഡിയോ നാടകങ്ങളിലെഅനവധി നായന്‍മാരുമായാല്‍ വേറെ ജോലിയുള്ളവര്‍ തീര്‍ന്നു.


സര്‍ക്കാര്‍ ഗുമസ്‌തപ്പണിയില്ലാത്തതുകൊണ്ടാണ്‌ നായര്‍സമുദായം അധ:പതിച്ചുപോയതെന്ന അഭിപ്രായവുംവിചാരണക്കാരനില്ല. സമുദായ പുരോഗതിക്ക്‌ മന്നത്തെയും ശ്രീനാരായണഗുരുവിനെയും പോലുള്ളഉല്‌പതിഷ്‌ണുക്കള്‍ വിഭാവന ചെയ്‌തത്‌ വ്യവസായപുരോഗതിയും കാര്‍ഷികസംസ്‌കാരവും തന്നെയാണ്‌.


മന്നം ഷുഗര്‍മില്ലും ചന്ദ്രികാസോപ്പും കാണുക. ആലുവാ അദൈ്വതാശ്രമത്തിലെ സൂക്തങ്ങളും കൂടി വായിക്കുക - വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക സംഘടനകൊണ്ട്‌ ശക്തരാവുക വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുക. വ്യവസായംകൊണ്ട്‌ അഭിവൃദ്ധിപ്പെടുക എന്നത്‌ മാത്രം നടേശര്‍ പുറത്ത്‌ പറയാറില്ല. സ്വകാര്യമാക്കി വച്ചിരിക്കുകയാണ്‌. മുപ്പര്‍അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഗുരു ഉദ്ദേശിച്ച വ്യവസായം എന്തായാലും ഈഴവനെയും നായരെയും നശിപ്പിച്ചലഹരിവ്യവസായമല്ലതാനും. ഒരു ഏറ്റുകത്തി എട്ടായി ഭാഗിച്ചതിന്റെ ഒരു കഷണം മതിയല്ലോ ക്ഷൗരം ചെയ്യാന്‍എന്നും അതാണ്‌ കള്ളുചെത്തുന്നതിലും അന്തസ്സ്‌ എന്നും ഗുരു പറഞ്ഞതായി വായിച്ചിട്ടുണ്ട്‌.


ചെത്താന്‍ തെങ്ങില്‍ വലിഞ്ഞുകയറുന്ന ഈഴവനും ചെലുത്താന്‍ പാട്ടയുമായി താഴെ കാവലിരിക്കുന്ന നായരുംതമ്മിലുള്ള ഉദാത്തമായഐക്യം തുടര്‍ന്നും കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്‌. മാത്രമല്ല കഴിവതും വേഗം ഒരുകരയോഗമോ കടല്‍യോഗമോ എന്തെങ്കിലും വിളിച്ചുചേര്‍ത്ത്‌ രണ്ടുകൂട്ടരും പണിക്കരേയും നടേശനെയും അവരുടെഅന്തരംഗങ്ങളില്‍ നിന്നും താമസംവിനാ കുടിയിറക്കിവെയ്‌ക്കുകയും വേണം.


സ്വന്തം തറവാട്ടിലെ 38000 രൂപ മാസവരുമാനമുള്ള ദരിദ്ര ഈഴവന്റെ കാര്യം നടേശഗുരു ശരിയാക്കട്ടെ. മറ്റുള്ളവരെക്കൊണ്ടുമാത്രം കൊട്ടിച്ചു ശീലമുള്ള വ്യത്യസ്‌തനാം പണിക്കര്‍ ഒന്നു സ്വയം കൊട്ടട്ടെ. മതേതരത്വത്തിന്റെമറവില്‍ രാജ്യത്ത്‌ നടക്കുന്ന മതാഭാസങ്ങള്‍ക്കുള്ള ജനാധിപത്യപരമായ മറുപടി ബാലറ്റിലൂടെ കൊടുക്കാനുള്ള ബുദ്ധികേരളത്തിലെ ഈഴവനും നായര്‍ക്കുമുണ്ടെന്നാണ്‌ തോന്നുന്നത്‌. അതില്ലാതാക്കി ഈഴവ-നായന്‍മാരുടെതലയെണ്ണി വിലപറയലാണ്‌ നടേശന്റെയും പണിക്കരുടെയും അവതാരോദ്ദേശ്യം.

ആത്മഗതങ്ങള്‍

സ്‌നേഹം പകര്‍ന്ന "പനിസ്‌പര്‍ശങ്ങള്‍" എന്ന ജ്വരസ്‌മരണകളുമായി ജ്വാല ബൂലോഗരുടെ ചിന്തകളെകുട്ടിക്കാലത്തേക്ക്‌ റീവൈന്‍ഡ്‌ ചെയ്യുന്നു. പലബ്ലോഗുകളും ശ്രദ്ധിച്ചാല്‍ കാണാം, പോസ്‌റ്റുകള്‍ മിക്കതും എഴുതാന്‍താമസിച്ചുപോയ ഡയറിക്കുറിപ്പുകളായിരിക്കും. അതെന്തിനു നാട്ടുകാരെക്കൊണ്ട്‌ മുഴുവന്‍ വായിപ്പിക്കണംഎന്നാലോചിച്ചുപോവും വായനക്കാര്‍. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ ഒരുബ്ലോഗകലമുള്ളതുകൊണ്ടുമാത്രമാണ്‌ ഒരുപാട്‌ എഴുത്തുകാര്‍ക്കു വായനക്കാരുടെ കൈയ്യൂക്ക്‌ മനസ്സിലാവാത്തത്‌.


നിരീക്ഷണത്തിന്‌ ഒരപവാദമായി ഈയൊരു പോസ്‌റ്റ്‌ തലയുയര്‍ത്തിനില്‌ക്കുന്നു. ഗതകാലസ്‌മരണകള്‍തന്നെയാണ്‌ വിഷയമെങ്കിലും അതിന്റെ അവതരണശൈലിയും രൂപഭംഗിയും ആരിലുമുണ്ടായേക്കാവുന്ന ജ്വരസ്‌മരണകളെ ബാല്യസ്‌മരണകളുടെ റീസൈക്കിള്‍ ബിന്നില്‍ നിന്നും പൊടിതട്ടിയെടുത്ത്‌ഡസ്‌കടോപ്പിലേക്കുയര്‍ത്തുന്നു.


അവസാന ഖണ്ഡികകള്‍ വഴിതെറ്റിപ്പോയെന്നും പറയേണ്ടിയിരിക്കുന്നു. "ആസ്വാദ്യമായ പനിയുടെകരസ്‌പര്‍ശത്തിനുു പകരം പ്രേതാഭിഷിതയായ സംഹാരരൂപിണിയായി പനി വേഷംപകര്‍ന്നു...ചിക്കുന്‍ഗുനിയ.... ഡെങ്കി.... എലിപ്പനി.... ജ്‌പ്പാന്‍ ജ്വരം.....

തികച്ചും തെറ്റായ അപഗ്രഥനം അല്ലെങ്കില്‍ എനിക്കുശേഷം പ്രളയം എന്ന കാഴ്‌ചപ്പാടിനെ സൂം ചെയ്‌തെടുത്താല്‍കാണാവുന്ന രോഗലക്ഷണം. പനിയുടെ തുടര്‍ച്ചയല്ല ചിക്കുന്‍ഗുനിയാദി ഭീകരജ്വരങ്ങള്‍.


ബാല്യ-കൗമാരങ്ങളിലെ സ്‌കൂള്‍-പ്രണയ പനിക്കാലം അപ്രത്യക്ഷമായിട്ടില്ല. കല്ലെറിയാന്‍ മാത്രം ഉന്നതങ്ങളില്‍വസിക്കുന്ന ശിഖരങ്ങളുമായി തലയെടുപ്പോടെ നില്‌ക്കുന്ന കടുക്കാച്ചി മാവും, കോഴിക്കോടുനിന്നും ഈമ്പിയാല്‍കാഞ്ഞങ്ങാട്ടെത്തിയാലും വായിലെ മധുരവും മണവും പോവാത്ത കടുക്കാച്ചിമാങ്ങയും എറിയാനറിയാവുന്നബാല്യവും കൗമാരവും എല്ലാം വംശനാശംനേരിടുന്നുവെന്നു പറഞ്ഞാല്‍ സമ്മതിക്കാം. പണ്ട്‌ഡിനോസറിനുപിന്നാലെയോടിയ നാടന്‍പട്ടി ഇന്ന്‌ ലോറിക്കുപിന്നാലെയോടുന്നത്‌ ഡിനോസറാണെന്നുകരുതിതന്നെയാണെന്നു ശാസ്‌ത്രം. അതുപോലെ, ജ്വാലയില്‍ നിന്നും ജ്വരസ്‌മരണകള്‍ സ്വാഭാവികമായും അടുത്തതലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നതാണ്‌. അല്ലെങ്കില്‍ പട്ടിക്കവിടെ വെണ്ണീറ്റിന്‍കൂടയില്‍ചുരുണ്ടുകൂടിയിരുന്നാല്‍ പോരേ.

ഇന്ദ്രപ്രസ്ഥം കവിതകള്‍

കല ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാവുമ്പോള്‍ അതിനു സംവിധായകനും തിരക്കഥാകൃത്തുംചിത്രസംയോജകനും എല്ലാം ആവശ്യമായിവരും. ഇന്നലെകളില്‍ സിനിമകളില്‍ മാത്രം ദൃശ്യമായിരുന്ന രംഗങ്ങള്‍ഇന്നിന്റെ ജീവിതം തന്നെയാവുമ്പോഴുള്ളതിന്റെ നേര്‍ക്കാഴ്‌ചയിലേക്ക്‌ ദിനേശന്‍ വരിക്കോളി തന്റെ ദൃശ്യം എന്നകവിതയിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്നു.


തെരുവുനിറയെ ചോരയൊഴുകുമ്പോള്‍ ചെമ്പരത്തിപ്പൂവിന്റെ ചുവപ്പിനെ പറ്റി പാടുന്ന കവിയെ ആരു കേള്‍ക്കും. അതുപോലെ ജീവിതത്തില്‍ നാം പ്രതീക്ഷിക്കാത്തത്‌ സിനിമകളില്‍ കാണുമ്പോഴും ദൃശ്യങ്ങള്‍ കാണികളെപിടിച്ചിരുത്തുന്നിടത്തുമാണ്‌ സംവിധായകവിജയം. ദൃശ്യങ്ങളുടെ നേര്‍ക്കാഴ്‌ചകള്‍ തെരുവുകളെതിയേറ്ററുകളാക്കുമ്പോള്‍ ആളുകള്‍ പിന്നെയെന്തിന്‌ ടിക്കറ്റെടുക്കണം.


അതേ കവി പറയുന്നതുപോലെ
ഒടുക്കം
ശ്‌മശാനത്തിലാവും അപ്പോള്‍
കുറെ ആളുകളൊക്കെ കാണും,
പിന്നെ പിരിയും.

ഒടുക്കമായത്‌ ആശ്വസം, തുടക്കം തന്നെ ശ്‌മശാനത്തിലാവാതിരിക്കാനുള്ള വഴികളാലോചിക്കാം നമുക്ക്‌. ഒരു നല്ലവായന കവിത പ്രദാനം ചെയ്യുന്നു. അഭിവാദ്യങ്ങള്‍.

കവിതയുടെ കലികാലം

'ഇടവേളകളില്‍ ഇപ്പഴും ഞങ്ങള്‍ ഇടയ്‌ക്കിടെ പ്രേമിക്കാറുണ്ട്‌...................സാര്‍' എന്ന നല്ല കവിതയിലൂടെ ഷെയ്‌ന്‍പ്രേമത്തിന്റെ നിരര്‍ത്ഥകതയെയും കാമത്തിന്റെ സ്ഥായീഭാവത്തേയും എടുത്തുകാട്ടുന്നു. അളന്നുമുറിച്ചവാക്കുകളിലൂടെ ദുര്‍മ്മേദസ്സില്ലാത്ത വരികളിലൂടെ കവി തരം കിട്ടിയാല്‍ സര്‍വ്വരും വാഴ്‌ത്തുന്ന പ്രണയത്തിനുമുകളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്‌ത്തുന്നു.


കോട്ടൂരച്ചന്റെ ളോഹയാണ്‌ പ്രണയം. അയഥാര്‍ത്ഥമാണത്‌. അതിനുള്ളിലുള്ളതാണ്‌ കാമമെന്ന സത്യം. കാമംബീരിയാണിയാണെങ്കില്‍ പ്രേമം സുലൈമാനിമാത്രമാണ്‌.

ഇനിയെങ്കിലും ക്ഷമിക്കുക....
നിന്റെ വിടര്‍ന്ന കണ്ണുകളിലൂടെയോ
പുരികക്കൊടിയുടെ വിശുദ്ധ
വളവുകളിലൂടെയോ അല്ല,

കയറ്റിവെട്ടിയ
ചൂരിദാര്‍ ടോപ്പിന്റെ വലിയ
കീറലുകള്‍ക്കിടയിലൂടെയാണ്‌
എന്നിലേക്ക്‌ നിന്റെ പാവനപ്രേമം
ആവാഹിക്കപ്പെടുന്നത്‌


പ്രണയം ഒരു ലഹരിയാണെന്നു പറയാറുണ്ട്‌. മദ്യത്തോടൊപ്പമാണ്‌ മദിരാക്ഷിയുടെ സ്ഥാനം. സ്ഥിതിചെയ്യുന്നകുപ്പിയുടെ കോലത്തിലായിരിക്കും മദ്യത്തിന്റെ രൂപം. ആണിന്റെയും പെണ്ണിന്റേയും പ്രണയവും തമ്മില്‍ കുപ്പിയുടെവ്യത്യാസമാണ്‌ കാണുക.


ലൈംഗീകബന്ധം ജൈവശാസ്‌ത്രപരമായ ഒരു പ്രവര്‍ത്തനംമാത്രമായി ഭൂമുഖത്തെ മറ്റു ജീവജാലങ്ങള്‍കാണുമ്പോള്‍, അതിന്നപ്പുറത്തുള്ള ഒരു സുഖമായി, ലഹരിയായി മനുഷ്യന്‍ കാണുന്നു. ശേഷം നാട്ടുപച്ചയില്‍വായിക്കുമല്ലോ

Monday, March 2, 2009

ബ്ലോഗ്‌‌ വിചാരണ - 9

കിഴക്കുനോക്കിയന്ത്രം

'അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു' അടുത്തകാലത്ത്‌ ബ്ലോഗുകളില്‍ വായിച്ച ലേഖനങ്ങളില്‍ ഏറ്റവും ശക്തവും കാര്യമാത്രപ്രസക്തവുമായ ഒന്ന്‌. ലോകത്തെവിടെയെങ്കിലും തലക്കെട്ടുകളുടെ ഒരു സൗന്ദര്യമത്സരം നടക്കുകയാണെങ്കില്‍ കിരീടം നേടുക ഈയൊരു തലക്കെട്ടാകും. ലേഖനത്തിന്റെ ഉള്ളടക്കത്തോട്‌ ഇതെഴുതുന്നയാള്‍ക്ക്‌ യോജിപ്പിന്റെ മേഖലകളേക്കാള്‍ കൂടുതല്‍ വിയോജിപ്പിന്റെ മേഖലകളാണെന്ന്‌ പറഞ്ഞുകൊണ്ടുതന്നെ ലേഖനത്തെ അഭിനന്ദിക്കുന്നു; പറയാനുള്ളത്‌്‌ വളച്ചുകെട്ടില്ലാതെ പറഞ്ഞതിന്‌. ലേഖനത്തിന്‌ ഏറ്റവും അനുയോജ്യമായതും ചിദ്ദോന്തീപവുമായ തലക്കെട്ടിന്‌, ഉപയോഗിച്ച വളച്ചുകെട്ടില്ലാത്ത ഭാഷയ്‌ക്ക്‌, നിരത്തിയ ഉദാഹരണങ്ങള്‍ക്ക്‌.

ഉത്തമവിശ്വാസത്തോടുകൂടി ടോട്ടോചാന്‍ വിഷയം അവതരിപ്പിക്കുന്നു. തന്റെ വിശ്വാസങ്ങള്‍ മതിയായ ഉദാഹരണസഹിതം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ലിംഗവിവേചനത്തിന്റെ ലാവ അനുസ്യൂതം പുറത്തേക്കുവമിപ്പിക്കുന്ന മരണമില്ലാത്ത അഗ്നിപര്‍വതങ്ങളാണ്‌ ഭാഷ എന്ന കാഴ്‌ചപ്പാടാണ്‌ എഴുത്തുകാരന്‌. പ്രത്യേകിച്ച്‌ നമ്മുടെ ഭാഷകള്‍ക്ക്‌. അംഗ്രേസിയ്‌ക്ക്‌ ഈ ദോഷം താരതമ്യേന കുറവാണെന്ന അഭിപ്രായവും ലേഖകനുണ്ട്‌. ഭാഷയില്‍ അനാവശ്യമായി സ്‌ത്രീലിംഗവും പുല്ലിംഗവും രൂപീകരിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ലക്ഷ്യം തന്നെ തരംകിട്ടുമ്പോള്‍ പെണ്ണിനെ പിന്നില്‍നിന്നും മുന്നില്‍നിന്നും കുത്താനാണ്‌ എന്നൊരഭിപ്രായവും ലേഖകനുണ്ടെന്നുതോന്നുന്നു.

"അദ്ധ്യാപിക എന്നും അദ്ധ്യാപകന്‍ എന്നും നാം പറയും. ആ സമൂഹത്തെക്കുറിച്ച്‌ പറയാന്‍ അദ്ധ്യാപകര്‍ എന്ന വാക്കും ഉപയോഗിക്കാം. പക്ഷേ അദ്ധ്യാപകര്‍ എന്ന വാക്ക്‌ പ്രതിനിധാനം ചെയ്യുന്നത്‌ ഒരു കൂട്ടം ആളുകളെയാണ്‌. ബഹുവചനമാണ്‌ എന്നര്‍ത്ഥം. ഈ വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ ഒരു ഏകവചനമില്ല എന്നതാണ്‌ പ്രശ്‌നം. എന്നാല്‍ ഒരു സമൂഹത്തെ മുഴുവന്‍ പ്രതിനിധീകരിക്കാന്‍ ഏകവചനം ഉപയോഗിക്കാന്‍ നാം വ്യാപൃതരുമാണ്‌".

സംഗതി പ്രത്യക്ഷത്തില്‍ നൂറുശതമാനം സത്യമാണ്‌ എന്നേ തോന്നൂ. എന്നാല്‍ ഒരു യാഥാര്‍ത്ഥ്യം എന്തിന്‌ നമ്മള്‍ മറച്ചുപിടിക്കണം? മനുഷ്യസമൂഹത്തിന്റെ വികാസഘട്ടങ്ങളില്‍ നടന്ന തികച്ചും യാദൃച്ഛികമായ കണ്ടുപിടുത്തമായിരിക്കണം തീയുടെ കണ്ടുപിടുത്തം. ബോധപൂര്‍വ്വമായുള്ള ഒരു പ്രത്യുത്‌പാദനം മനുഷ്യന്‍ നടത്താതിരുന്നതുപോലെ തന്നെ ബോധപൂര്‍വ്വമല്ലാതെയുള്ള മനുഷ്യന്റെ മറ്റൊരു നിര്‍മ്മിതിയായിരുന്നു ഭാഷയും. മാര്‍ക്‌സ്‌ ചിന്തിച്ചതുപോലെ ഭൗതീകപദാര്‍ത്ഥങ്ങളിന്‍മേലുള്ള മനുഷ്യമനസ്സിന്റെ പ്രതിഫലനമാണ്‌ ചിന്ത. അതു പ്രകടിപ്പിക്കാനുള്ള മാധ്യമമായായിരിക്കണം മനുഷ്യന്‍ ഭാഷ ഉപയോഗിച്ചത്‌. വിശേഷിച്ച്‌ വല്ലഗുണവും നമുക്ക്‌ കിട്ടുന്നുവെങ്കിലാണല്ലോ നമ്മള്‍ അയല്‍ക്കാരോട്‌ വിവേചനം കാണിക്കേണ്ടത്‌.

അവളില്ലായ്‌കിലോ മേടപോലും കാടാണ്‌ നിശ്ചയം എന്ന്‌ പറഞ്ഞത്‌ പെണ്ണിന്റെ മണോം കൊണോം അറിയാത്ത ഭീഷ്‌മാചാര്യരാണ്‌. ഇനി അതറിയാവുന്ന ആണ്‌, പെണ്ണിനോട്‌ ചരിത്രാതീതകാലം മുതലേ വിവേചനം കാട്ടാന്‍ പുറപ്പെട്ടു എന്നു പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസമായിരിക്കും. കാരണം കുടുംബം എന്ന വ്യവസ്ഥയില്‍ ആണിനുള്ളതിലും പ്രാധാന്യം പെണ്ണിനുണ്ടായിരിന്നതില്‍ നിന്നുമാണല്ലോ മാട്രിയാര്‍ക്കല്‍ സൊസൈറ്റി ഉണ്ടായത്‌.

പിന്നീടുള്ള വികാസ പരിണാമഘട്ടങ്ങളില്‍ സമൂഹത്തിന്റെ നിലനില്‌പിന്‌ ആവശ്യമായ വിധത്തില്‍ തൊഴില്‍ വിഭജനങ്ങള്‍ വന്നു. അപ്പോഴും പെണ്ണ്‌ കുടുംബകേന്ദ്രീകൃത വ്യവസ്ഥയുടെ അച്ചുതണ്ടായി നിലകൊണ്ടു. കാലം കുറേ മുന്നോട്ടുപോയപ്പോള്‍ നൂറുകണക്കിന്‌ ആണുങ്ങള്‍ അദ്ധ്യാപകരായപ്പോള്‍ ഡസന്‍കണക്കിന്‌ പെണ്ണുങ്ങളും അദ്ധ്യാപകരായി. സ്വാഭാവികമായും ഭൂരിപക്ഷത്തിന്റെ പേരില്‍ അറിയപ്പെട്ടു. നമ്മുടെ അംഗ്രേസിമീഡിയം സ്‌കൂളുകളില്‍ വനിതാ അദ്ധ്യാപകനെ (വിവേചനമില്ലാതെ) മിസ്‌ എന്ന്‌ സംബോധന സായിപ്പ്‌ എടുത്തത്‌ മനുസ്‌മൃതിയില്‍ മുങ്ങിത്തപ്പിയിട്ടാണോ? അങ്ങിനെ മൊത്തത്തിലെടുത്തുനോക്കിയാല്‍ അവന്‍ എന്ന്‌ ആണിനെ വിളിക്കുമ്പോള്‍ അവള്‍ എന്ന്‌ പെണ്ണിനെ വിളിക്കുന്നത്‌ വിവേചനമല്ലേ?

പ്രശ്‌നം നമ്മളുടെ നോട്ടത്തിന്റേതാണ്‌. ഈയുള്ളവന്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരു പ്രോഗ്രാമിനുള്ള ക്ഷണം ഈമെയിലായി അയച്ചു. ഇംഗ്ലീഷിലായുരുന്നു മെയില്‍ സംബോധന സര്‍ എന്നും. ഉടന്‍ വന്നൂ ഒരു പ്രതിഷേധം. വനിതകളെ അവഗണിച്ചു. ക്ഷണം അയച്ചയാള്‍ യാതൊരു വിവേചനവും കാണിക്കുന്നയാളെല്ലന്നത്‌ ഭുമി സൂര്യനെചുറ്റുന്നു എന്നതുപോലൊരു യാഥാര്‍ത്ഥ്യം. ഇവിടെ സത്യത്തില്‍ വിവേചനം ആരാണ്‌ കാട്ടിയത്‌. സര്‍ എന്ന വിളിയിലൂടെ തനിക്ക്‌ തുല്യനായി അയാള്‍ അവളെ കണ്ടു എന്നു പോസിറ്റീവായി കണ്ടില്ല. കൂടാതെ, താന്‍ പൊതിഞ്ഞുവച്ചതെന്തോ അതിനെപ്പറ്റി ഓരോ നിമിഷവും അവന്‍ ബോധവാനായിരുന്നില്ലെന്ന നെഗറ്റീവ്‌ വെളിപാടും കൂടിയല്ലേ ആ പ്രതിഷേധം ഒരര്‍ത്ഥത്തില്‍.

സകല കണ്ടുപിടുത്തങ്ങളുടെയും പിതാവ്‌ ആവശ്യമാണ്‌. ഭാഷയിലെ വാക്കുകളുടെയും. ഒരുകാലത്ത്‌ ചെയര്‍മാന്‍ എന്നപദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്‌ ഡിക്ഷ്‌ണറി തപ്പിയാല്‍ ചെയര്‍വുമണ്‍, ചെയര്‍പേഴ്‌സണ്‍ എന്നിങ്ങനെയുള്ള പദങ്ങളും കൂടിയുണ്ട്‌. ലോകത്തൊരു പെണ്ണും ഒരു സാധനത്തെയും ചെയറുചെയ്യാത്തപ്പോള്‍ സ്വാഭാവികമായും ചെയര്‍മാന്‍ എന്നത്‌ കുത്തകപദമായി വാണു. വിപണിയില്‍ മത്സരം വന്നു. പുതിയ പദം വന്നൂ.

ആദ്യം മാറേണ്ടത്‌ മഞ്ഞപ്പിത്തക്കാരന്റെ കണ്ണാണ്‌. ഒരു പത്രത്തിലും ആരും തന്നെ ബോധപൂര്‍വ്വം പെണ്ണിനെ താഴ്‌ത്തിക്കെട്ടണം എന്ന ഉദ്ദേശ്യത്തോടുകൂടിയല്ല വാക്കുകള്‍ പ്രയോഗിക്കുന്നത്‌. ഇന്നലെ ചെയ്‌തോരബദ്ധം മൂഡര്‍ക്ക്‌ ഇന്നിന്റെ യാചാരമാവുന്നതാണ്‌. അത്‌ ബോധപൂര്‍വ്വമല്ല.

ഇനി ഉര്‍വ്വശിയുടെ മുത്തച്ഛന്‍ മരിച്ചു എന്നു പത്രത്തില്‍ വന്നാല്‍ അതില്‍ ആരും ലിംഗവിവേചനം കാണാത്തതിന്റെ ഗുട്ടന്‍സാണ്‌ പിടികിട്ടാത്തത്‌. നേരത്തേ പറഞ്ഞ അതേ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വാക്കുകള്‍ക്കൊടുവില്‍ അദ്ദേഹത്തിന്റെ ചെറുമകളാണ്‌ ഉര്‍വ്വശി എന്നല്ലേ എഴുതേണ്ടത്‌. (ഇത്‌ വായിക്കുമ്പോള്‍ അവര്‍ പ്രശസ്‌തയായതുകൊണ്ടല്ലേ അങ്ങിനെ വന്നത്‌ എന്നൊരു കമന്റ്‌ കൂടെക്കിടന്ന കൂട്ടുകാരിയുടേതായി വന്നു. അതുതന്നെയാണ്‌ പ്രശ്‌നം എന്നുമറുപടിയും പറഞ്ഞു. വ്യക്തിത്വവികസനം നടന്നാല്‍ തീരുന്ന പ്രശ്‌നമാണ്‌ വിവേചനം)

വിവാഹം കഴിയുന്നതോടുകൂടി തന്റെ പേരിന്റെ കൂടെ ഭര്‍ത്താവിന്റേതുകൂട്ടിക്കെട്ടി തന്റെ വ്യക്തിത്വം സ്വയം കുഴിച്ചുമൂടുന്നതില്‍ ആണിന്‌ എന്തു പങ്കാണുള്ളത്‌? ഹിലാരി ക്ലിന്റണ്‍ എന്നും വിന്നി മണ്ടേല, ദി എസ്‌ട്രേഞ്ച്‌ഡ്‌ വൈഫ്‌ ഓഫ്‌ നെല്‍സണ്‍ മണ്ടേല എന്നും സായിപ്പിന്റെ പത്രങ്ങള്‍ എഴുതിവിടുന്നതും മനുസ്‌മൃതി കലക്കിക്കുടിച്ചിട്ടാണോ? രണ്ടുകാലിലും മന്തുള്ളവന്‍ ഒറ്റക്കാലിലുള്ളവനെ തമാശയാക്കലാണ്‌ സായിപ്പാണ്‌ ഭേദം എന്നുപറയുമ്പോള്‍ സംഭവിക്കുന്നത്‌.

അതുകൊണ്ട്‌ ഭാഷയിലെ ലിംഗവിവേചനം ബോധപൂര്‍വ്വമല്ല, പുഴയിലെ അടിത്തട്ടിലെ കല്ലുകള്‍ക്ക്‌ ശക്തമായ ഒഴുക്ക്‌ ഒരു രൂപം കൊടുക്കുന്നതുപോലെ. ബോധപൂര്‍വ്വമായി കല്ല്‌ ഒരു രൂപം കൈവരിക്കാന്‍ കുറെ ഒഴുക്കിനെ പ്രതിരോധിച്ചു നില്‌ക്കുകയും പിന്നെ ഒഴുക്കിനൊപ്പം ഉരുളുകയും ചെയ്യുകയല്ലല്ലോ ചെയ്യുന്നത്‌ അതുപോലെ.

മനുഷ്യന്‍ എന്ന ലൈംഗീക ജീവി - പപ്പൂസ്

ചിന്തിക്കുന്ന ജീവി എന്നുപറയുന്നുണ്ടെങ്കിലും അതെത്രത്തോളം ശരിയാണെന്ന്‌ അറിയില്ല. സാമൂഹികജീവി എന്നതും ഭാഗികമായി മാത്രം ശരിയാണ്‌. ആന കുറച്ചുകൂടി മെച്ചപ്പെട്ട സാമൂഹികജീവിയാണെന്നു തോന്നുന്നു. എന്നാലും ചിരിക്കുന്ന ജീവി, ചതിക്കുന്ന ജീവി എന്ന പ്രയോഗങ്ങളെല്ലാം മനുഷ്യനുമാത്രം അവകാശപ്പെട്ടതാണ്‌. പിന്നെയൊരു വ്യത്യാസം ലൈംഗീകതയിലാണ്‌. മറ്റുജീവികളില്‍ നിന്നും വ്യത്യസ്‌തമായി മനുഷ്യന്‍ ഒരു ലൈംഗീകജീവി കൂടിയാണ്‌. മറ്റു മൃഗങ്ങളില്‍ (ഹോമോസെക്‌സ്വാലിറ്റിയും സെയ്‌ഫ്‌ സെക്‌സും പ്രാക്ടീസുചെയ്യുന്ന കടല്‍കുതിരപോലുള്ള മനുഷ്യരെ മാറ്റിനിര്‍ത്താം) ലൈംഗീകത പ്രത്യുല്‌പാദനാര്‍ത്ഥം മാത്രമാണെങ്കില്‍ മനുഷ്യന്‌ അത്‌ അതിലുപരിയാണ്‌.

പ്രത്യുല്‌പാദനലക്ഷ്യത്തിലുമുപരിയായ മനുഷ്യന്റെ ലൈംഗീകത തന്നെയാണ്‌ മനുഷ്യനെ ഒരു സാമൂഹിക ജീവിയാക്കുന്നതും, സ്വയം നിര്‍മ്മിച്ച വിവാഹമെന്ന ഒരു മതിലിനുള്ളില്‍ വികാരത്തെ തളച്ചിടുവാന്‍ നിര്‍ബന്ധിക്കുന്നതും.

കൗമാരകാലത്തെ ലൈംഗീകതയെപ്പറ്റി ശ്രദ്ധേയമായ ഒരു രചനയാണ്‌ പപ്പൂസിന്റേത്‌. ''കൗമാരം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു പ്രായമാണ്‌. അച്ഛനമ്മമാരുടേയും ടീച്ചര്‍മാരുടേയും സമൂഹത്തിന്റേയും മുന്‍വിധികളുടെ നടുമുറ്റത്തല്ല കൗമാരരഥത്തിന്റെ പടയോട്ടം. എന്റെ വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തില്‍ ലൈംഗീകത മനുഷ്യജീവിതത്തില്‍ ഏറ്റവും ആനന്ദത്തോടെ അനുഭവിക്കുന്ന പ്രായം. അറിവില്ലാത്തിടത്താണല്ലോ ആനന്ദം!" ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍.

എന്നാല്‍ എല്ലാ വിശ്വാസങ്ങളും ശരിയും സത്യവുമായതുകൊണ്ടല്ല പലപ്പോഴും സമൂഹം അതിനെ അംഗീകരിക്കുന്നത്‌. പതിമൂന്നാംവയസ്സില്‍ പിതാവാകുക എന്നത്‌ ഒരു ആനക്കാര്യമൊന്നുമല്ല. ഒരു ആണും പെണ്ണും വിചാരിച്ചാല്‍ നടക്കുന്ന സാധാരണസംഗതി. അത്‌ എല്ലാവര്‍ക്കുമറിയാവുന്ന ഒരു സത്യം. ചെയ്യാന്‍ പാടില്ലാത്ത ഒരു തെറ്റല്ല പയ്യന്‍ ചെയ്‌തത്‌ എന്നും ഏവര്‍ക്കുമറിയാം.

എന്നാല്‍ അത്‌ സമൂഹജീവിയായ മനുഷ്യന്‍ സ്വയം അടിച്ചേല്‍പിച്ച ചില ബോധങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും എതിരാവുമ്പോഴാണല്ലോ നമ്മള്‍ ഒരു കാര്യത്തെ തെറ്റെന്നുവിളിക്കുക. ശരിയും തെററും പലപ്പോഴും ആപേക്ഷികങ്ങളാണ്‌. ഒരു പതിമൂന്നുകാരന്‍ പിതാവായത്‌ ഒരു അപവാദമായി എടുക്കുകയാണ്‌ വേണ്ടത്‌. അതിന്‌ ധീരതയ്‌ക്കുള്ള അവാര്‍ഡൊന്നും തല്‌ക്കാലം കൊടുക്കേണ്ട കാര്യമില്ല. ആ കുട്ടികളും അവരുടെ കുട്ടിയും ഇവിടെ വളരട്ടെ. അവര്‍ക്കുകൂടി ഒരിടം വിശാലമായ ഈ ഭൂമിയിലില്ലാതിരിക്കില്ലല്ലോ.

ഇറ്റ്‌സ്‌മൈബ്ലോഗ്‌സ്‌പെയ്‌സ്‌
മദ്രസ്സ അധ്യാപകര്‍ക്ക്‌ പെന്‍ഷന്‍....അതും പാവങ്ങളുടെ നികുതിപ്പണം കൊണ്ട്‌.

കാലികമായ വിഷയം ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചുപോവുന്നു ദുശ്ശാസനന്‍. പണ്ട്‌ സ്‌കൂളുകളില്‍ അറബിയും ഉറുദുവും ഉള്‍പ്പെടുത്തിയതോടെ വമ്പിച്ച സാമൂഹികവിപ്ലവമാണ്‌ നട (ശേഷം നാട്ടുപച്ച യില്‍ വായിക്കുമല്ലോ)

Monday, February 16, 2009

ബൂലോഗ വിചാരണ - 8

വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പൂര്‍ണമായും പ്രകടിപ്പിക്കാന്‍ കഴിയാത്ത ഒരു വികാരം. പ്രണയം അങ്ങിനെയാണ്‌. അതുകൊണ്ടുതന്നെ അതു പ്രകടിപ്പിക്കാന്‍ വാക്കുകളെക്കാളുപരി ബിംബങ്ങള്‍ തേടിപ്പോവേണ്ടിവരും ആളുകള്‍ക്ക്‌. ഭൂകമ്പത്തിന്റെ തീവ്രത അളക്കാന്‍ ശാസ്‌ത്രജ്ഞര്‍ റിക്ടര്‍ സ്‌കെയില്‍ കണ്ടെത്തിയപോലെ നമ്മുടെ ഇതിഹാസകാരന്‍മാരും കാളിദാസാദി കവികളും തീവ്രമായ പ്രണയത്തിന്റെ ആഴമളന്നത്‌ വിരഹമെന്ന കാലഭൈരവന്റെ മുഴക്കോലുകൊണ്ടാണെന്ന്‌ തോന്നാറുണ്ട്‌ പലപ്പോഴും. ആമുഖമായി ഇത്രമാത്രം പറഞ്ഞുകൊണ്ട്‌ പ്രണയം വിഷയമാക്കപ്പെട്ട ചില പോസ്‌റ്റുകളിലേക്ക്‌.

മെഴുകുതിരിവെട്ടത്തെ പ്രണയിച്ച മഴപാറ്റ

ചുറ്റുമുള്ള പ്രണയജീവിതത്തില്‍ നിന്നും ചിന്തിയെടുത്ത ഒരേട്‌ എന്ന്‌ തോന്നിക്കുന്നുവെങ്കില്‍ കൂടി പ്രശാന്ത്‌ ആര്‌ കൃഷ്‌ണയുടെ കഥയെന്ന്‌ പറയാനാണ്‌ ഇതെഴുതുന്നവനിഷ്ടം. 'ന്റെ കരളിലൊരു വേദന'യായിരുന്ന എഴുത്തിലെ സുല്‍ത്താന്റെ പ്രണയം ആധുനീകോത്തര കാലത്തില്‍ 'മറ്റൊരിടത്തുള്ള വേറെന്തെങ്കിലു'മാവുമ്പോള്‍ അത്‌ മാംസനിബന്ധമാവുന്നു. പ്രണയത്തിന്റേയും കാമത്തിന്റേയും അതിര്‍വരമ്പുകള്‍ അത്രകണ്ട്‌ നേര്‍ത്തതാവുമ്പോള്‍ പ്രണയകാലം പലപ്പോഴും ആ നൂല്‍പാലത്തിലൂടെയുള്ള ഒരഭ്യാസമാവുന്നു.

പ്രണയത്തിന്റെ വെട്ടത്തില്‍ നിന്നും പറന്നുയര്‍ന്ന്‌ കാമത്തിന്റെ തീനാളത്തിലേക്ക ക്രാഷ്‌ലാന്റിംഗ്‌ നടത്തുന്ന മഴപാറ്റകളായി പ്രണയിനികള്‍ പലപ്പോഴും ഒടുങ്ങുകയും ചെയ്യുന്നു. പ്രീമെറിറ്റല്‍ സെക്‌സ്‌ ഒരു തെറ്റാണോ എന്നാരെങ്കിലും ചോദിച്ചാല്‍ തെറ്റല്ലെന്നുതന്നെയാണ്‌ ഈയുള്ളവന്റെയും അഭിപ്രായം. ആത്മഹത്യയിലേക്ക്‌ നയിക്കുന്ന പിന്നീടുള്ള പശ്ചാത്താപമാണ്‌ ഭീകരമായ തെറ്റ്‌. ആണ്‌ കാമത്തിനുവേണ്ടി പ്രണയം വില്‌ക്കുമ്പോള്‍ പെണ്ണു പ്രണയത്തിനുവേണ്ടി കാമം വാങ്ങുന്നു. ഈ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ കൈവന്ന പ്രണയം പൊള്ളയാണെന്ന്‌ മനസ്സിലാവുമ്പോള്‍ യഥാര്‍ത്ഥ പ്രണയത്തിന്‌ പകരം വെയ്‌ക്കാന്‍ കരുതിവെച്ചതെന്തോ അത്‌ പോയി എന്ന നഷ്ടബോധത്തിനുമുന്നില്‍ പകച്ചുപോവുന്ന പാവങ്ങള്‍ പരിഹാരമായി ജീവിതമവസാനിപ്പിക്കുന്നു. എത്രയെത്ര പ്രിയമാര്‍ നമുക്കുചുറ്റും? അമ്പലപ്പുഴയിലെ മഴപാറ്റകളുടെ ചിതയിലെ പുകയൊടുങ്ങാന്‍ സമയമായെന്നു തോന്നുന്നില്ല. എവിടെയാണ്‌ നമുക്കു പിഴയ്‌ക്കുന്നത്‌? വെര്‍ജിന്‍ എന്ന പദത്തിന്‌ മാര്‍ക്കറ്റ്‌ വാല്യൂ ഉള്ളതുകൊണ്ടാണല്ലോ വെര്‍ജിന്‍ കോക്കനട്ട്‌ ഓയില്‍ ഉണ്ടായതും നന്നായി വിറ്റുപോവുന്നതും.

കന്യകാത്വം കരുതിവെയ്‌ക്കാനുള്ളതല്ല, ആസ്വദിക്കാനുള്ളതാണെന്ന കാഴ്‌ചപ്പാടിന്‌ തളിരിടുമ്പോഴും നമ്മുടെ വേരുകള്‍ തലമുറയായി പകര്‍ന്നുകിട്ടിയ ലൈംഗീകസദാചാര ബോധത്തില്‍ നിന്നും അടര്‍ത്തിമാറ്റാനാവാതെ നില്‍ക്കുന്നുവെന്നുവേണം കരുതാന്‍. മറ്റൊരു വികാരത്തിനുമില്ലാത്ത ഒരു പ്രത്യേകത ഇവിടെയുണ്ട്‌. വിചാരം വികാരത്തിനുമുന്നില്‍ സദാ അടിയറവുപറയുന്ന ഒരു ഗോദയാണ്‌ സെക്‌സ്‌. അല്ലാത്ത അവസരത്തിലാണ്‌ ആളുകള്‍ വിവേകാനന്ദന്‍മാരും നിവേദിതമാരും ഒക്കെയായി വാനോളം ഉയരുകയും കോട്ടൂരച്ചന്‍മാരും സോഫിമാരുമായി പാതാളത്തോളം താഴുകയും ചെയ്യുക. വികാരം മുയലിനേപ്പോലെ ചാടിച്ചാടിയും വിവേകം ആമയെപ്പോലെ ഇഴഞ്ഞുമാണ്‌ സഞ്ചരിക്കുക എന്നെഴുതിയത്‌ ഉറൂബാണെന്നാണ്‌ ഓര്‍മ്മ.

ഒരു ദുരന്തപര്യവസായിയായ വണ്‍വേ പ്രണയം വായനക്കാരെ പിടിച്ചുലയ്‌ക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നൂ പ്രശാന്ത്‌. എഴുത്തിന്റെ ശൈലി, പ്രണയത്തിന്റെ ഭാഷ എല്ലാംകൂടിച്ചേരുമ്പോള്‍ ദുരന്തത്തിന്റെ ആഴം കൂടിവരുന്നു. ആഘാതവും.

പ്രണയം പലതരം

സൂര്യഗായത്രിയുടെ പോസ്‌റ്റ്‌ പ്രണയത്തിന്റെ പ്രയാണത്തെക്കുറിച്ച്‌ വാചാലമാവുന്നു. രസകരമായ നിരീക്ഷണങ്ങളിലൂടെ പ്രണയത്തിന്റെ ഗതിവിഗതികളും രൂപഭേദങ്ങളും അനാവരണം ചെയ്യുന്നു.

"മഴയായ്‌ പ്രണയം പൊഴിഞ്ഞീടുകില്‍
ആ മഴയില്‍ നനയാന്‍ മടിക്കില്ല ഞാന്‍"

എന്ന കൗമാരപ്രണയ സങ്കല്‍പത്തില്‍ നിന്നും 'സൂ' സൂം ചെയ്‌തെടുത്ത ചിന്തകള്‍
'കാലനായ്‌ പ്രണയം വന്നീടുകില്‍
മരണത്തെ പുല്‍കാന്‍ മടിക്കില്ല ഞാന്‍'

എന്ന തീവ്രപ്രണയത്തിന്റെ തലത്തിലേക്കുയരുന്നു.

വരികള്‍ അവിടെ വിശ്രമിക്കാതെ പ്രണയത്തിന്റെ നിരര്‍ത്ഥകതയിലേക്ക്‌ വഴിമാറുന്നു.
'സൂവായ്‌ പ്രണയം പിറകെവന്നീടുകില്‍
ഓടിരക്ഷപ്പെടാന്‍ മടിക്കില്ല ഞാന്‍'

നിരര്‍ത്ഥകതയില്‍ നിന്നും പ്രണയം ഒരു തമാശയായി മാറുമ്പോള്‍ അവസാനവരിയിലെത്തി കവി വിശ്രമിക്കുന്നു.

അനിര്‍വചനീയമായ ആനന്ദം നിര്‍വ്വചനങ്ങള്‍ക്കുള്ളില്‍ ഒതുങ്ങില്ലല്ലോ. പ്രണയത്തിനും ഒരു നിര്‍വ്വചനമില്ലാത്തത്‌ അതുകൊണ്ടായിരിക്കണം. ഒരു സിഗരറ്റ്‌ വലിക്കുന്നതിന്റെ സുഖം കടലാസില്‍ പകര്‍ത്തി ലഭ്യമാക്കുക സാദ്ധ്യമല്ലാത്തതുപോലെ. എന്നാല്‍ അങ്ങിനെയൊരു സംഗതി ഉണ്ടുതാനും. അതുകൊണ്ടായിരിക്കണം കെമിസ്‌ട്രി ഓഫ്‌ ലവ്‌ എന്ന്‌ സായിപ്പ്‌ പ്രയോഗിച്ചത്‌. കെമിസ്‌ടിയില്‍ നിന്നും ജന്മം കൊണ്ട്‌ മിസ്‌ട്രിയാണ്‌ മാജിക്‌. പ്രണയം ചിലപ്പോഴെങ്കിലും മിസ്‌ട്രിയും മാജിക്കുമൊക്കയാവുന്നു. നമ്മള്‍ മാന്ത്രികരും. ഇല്ലാത്തത്‌ ഉള്ളതായും ഉള്ളത്‌ ഇല്ലാത്തതായും ആക്കുന്നു. ശൂന്യതയില്‍ നിന്നും പ്രണയം സൃഷ്ടിക്കുകയും, സൃഷ്ടിച്ചതിനെ മുതുകാട്‌ ആനയെയെന്നപോലെ അപ്രത്യക്ഷമാക്കുകയും ചെയ്യുന്നു.

പ്രണയം

അനില്‍ @ ബ്ലോഗ്‌ 'പ്രണയം' എന്ന തലക്കെട്ടില്‍ തന്നെ ചുറ്റുമുള്ള പ്രണയക്കാഴ്‌ചക്കുള്ളില്‍ നിന്നും തനിക്കുള്ളിലേക്കുതന്നെ എത്തി പരിണയം പ്രണയത്തെ വിഴുങ്ങി എന്നുരേഖപ്പെടുത്തുന്നു. പ്രണയം കുളിരും പരിണയം ഉഷ്‌ണവും ആവുന്നുവെന്ന നിരീക്ഷണത്തിനൊടുവില്‍ സര്‍വ്വം ശാന്തം എന്നും കുറിക്കുന്നു. ഒരു തലതിരിഞ്ഞ പ്രണയ സങ്കല്‍പമല്ലേ ഇത്‌ എന്നുതോന്നിപ്പോവുന്നു.

ഒന്നാമത്‌ പരിണയം പ്രണയത്തെ എങ്ങിനെയാണ്‌ വിഴുങ്ങുക? പ്രണയത്തിന്റെ അനന്തസാദ്ധ്യതകളിലേക്കുള്ള പ്രയാണമല്ലേ യഥാര്‍ത്ഥത്തില്‍ പരിണയം. പരിണയം പ്രണയത്തിന്റെ തുടര്‍ച്ചയാവുകയല്ലേ ചെയ്യുന്നത്‌. സ്‌പിരിച്ച്വല്‍ ആന്റ്‌ ഫിസിക്കല്‍ കമ്മ്യൂണിക്കേഷന്‍ കൂടുതല്‍ സ്വതന്ത്രമായും സൗകര്യപൂര്‍വമായും തുടരാന്‍ പറ്റിയ ഒരു സ്ഥാപനമല്ലേ വിവാഹം. അപ്പോള്‍ പരിണയം മൈനസ്‌ പ്രണയം സമം ഡിവോഴ്‌സ്‌ എന്നൊരു സൂത്രവാക്യമല്ലേ അനിലേ കിട്ടുന്നത്‌? ഇനി ആ ഡിവേഴ്‌സിനെയാണോ കുളിരില്‍ നിന്നും ഉഷ്‌ണത്തിലേക്കുള്ള പ്രയാണമായി കവി ബിംബവല്‌ക്കരിച്ചത്‌?

ഇനി അതല്ല ഒരു കീറ്റ്‌സിയന്‍ വ്യൂ ആയിരിക്കുമോ? ആന്‍ ഓഡ്‌ ഓണ്‍ എ ഗ്രീഷന്‍ ഏണ്‍ എന്ന വിഖ്യാതമായ കവിതയില്‍ കീറ്റ്‌സ്‌ ഒരു പ്രണയസങ്കല്‌പം അവതരിപ്പിക്കുന്നു. നിര്‍മലപ്രണയത്തിന്റെ അനശ്വരത കവി കാണുന്നത്‌ ആ പഴയ പാത്രത്തിലെ ഒരു പെയിന്റിംഗിലാണ്‌. ഒരു യുവാവും അയാളുടെ പ്രണയിനിയും. യൂവാവ്‌ പ്രണയിനിയെ ചുംബിക്കാനായുമ്പോഴേക്കും അവള്‍ സലജ്ജം മാറിക്കളയുന്ന നിമിഷങ്ങളുടേതായ ആ അസുലഭമൂഹൂര്‍ത്തം പകര്‍ത്തിയ സുന്ദരചിത്രം. അവരുടെ പ്രണയം അനശ്വരമാണെന്ന്‌ ആ ചിത്രം കവിയെക്കൊണ്ട്‌ പാടിക്കുന്നു. ഒരു ചുടുചൂംബനത്തിന്റെ വിദ്യുത്‌ പ്രവാഹം അനുഭവിക്കാനാവും മുന്നേ ചിത്രത്തിലേക്കാവാഹിക്കപ്പെട്ടതുകൊണ്ട്‌ കവിയുടെ കണ്ണില്‍ അത്‌ അണ്‍സാഷ്യേറ്റഡ്‌ ലവും ആ പ്രണയം ഇറ്റേര്‍ണലുമായി.

ഒരു പ്രണയകഥ

ദി മാന്‍ റ്റു വോക്‌ വിത്ത്‌ വകയായി ഒരു പ്രണയകഥ ബൂലോഗത്തെ പ്രണയാര്‍ദ്രമാക്കുന്നു. മരണത്തിന്‌ കാലന്‍കോഴിയുടെ കൂവല്‍പോലെയാണ്‌ പ്രണയത്തിന്‌ മഴയുടെ മര്‍മരം. പ്രണയിക്കുന്നവരുടെ മനസ്സില്‍ മോഹങ്ങളുടെ മഴവില്ലുമായെത്തുന്ന പുതുമഴയുടെ സൗന്ദര്യം, പരസ്‌പരം കൈമാറാനുള്ള സന്ദേശം ആ മര്‍മരം തന്നെയാവുമ്പോള്‍, പരസ്‌പരം ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ആ നടത്തം, ്‌മഴയുടെ മാസ്‌മരീകഭംഗി ആസ്വദിച്ചുകൊണ്ടുള്ള കുത്തിയിരിപ്പു സത്യഗ്രഹം..... ഈ പ്രണയകഥയില്‍ മഴയ്‌ക്ക്‌ ഒരു സഹനടന്റെ റോളുപോലുമില്ലെങ്കിലും വായിച്ചുതീര്‍ന്നപ്പോള്‍ ഓര്‍മ്മകളില്‍ എവിടെയോ ഒരു മഴ പെയ്‌തുതീര്‍ന്ന പ്രതീതി. പ്രണയത്തിന്റെ കുപ്പിവളക്കിലുക്കം ഒരിക്കലെങ്കിലും കേള്‍ക്കാത്തവരായി ആരെങ്കിലുമുണ്ടോ ആവോ?

എഴുത്തുകാരന്റെ വാക്കുകള്‍ ഓരോന്നും വാചകങ്ങളായി ആത്മഹത്യചെയ്യാതെ ഗതകാല പ്രണയസ്‌മരണകളിലേക്കുള്ള വാതായനങ്ങളായി വായനക്കാര്‍ക്കുമുന്നില്‍ തുറക്കപ്പെടുന്നു. ചൈനയിലെ പെണ്ണുങ്ങള്‍ക്ക്‌ മാത്രം അറിയാവുന്ന ഒരു ഭാഷയുള്ളതുപോലെ പ്രണയത്തിന്‌ അതിന്റേതായ ഒരു ഭാഷയുണ്ട്‌. ആ ഭാഷയിലെ മാന്ത്രികനാണ്‌ ദി മാന്‍ റ്റു വോക്‌്‌ വിത്ത്‌. മുറിഞ്ഞുമുറിഞ്ഞു വീഴുന്ന വാക്കുകള്‍കൊണ്ട്‌ ഒരു പ്രണയശില്‌പം തീര്‍ത്ത ആ കരവിരുത്‌ ശ്രദ്ധേയം.

'ഞാന്‍ ... അത്‌ എന്നേ തന്നുകഴിഞ്ഞു'
'ആ കണ്ണുകള്‍ക്ക്‌ നേരെ നടക്കുമ്പോള്‍ ... ഈ ലോകം നമ്മുടേത്‌ മാത്രമായി തോന്നി'
'വര്‍ണം വിതറിയ വസന്തദിനങ്ങളില്‍ നീ മനസ്സില്‍ ഒരു പൂക്കളമായി'

വിരസമായ ഗദ്യത്തിന്റെ ഭാഷ എവിടെയുമില്ലാതെ അടിമുടി ജീവന്‍ തുടിക്കുന്ന വാക്കുകളില്‍ അതിമനോഹരമായി കോറിയിട്ട പ്രണയത്തിന്റ ഒരു വാങ്‌മയചിത്രം. ഹൃദയമുള്ളവര്‍ക്കേ പ്രേമിക്കാന്‍ കഴിയൂ. പറഞ്ഞതില്‍ പാതിയും പതിരാവാതേ പോകുവാന്‍ വാക്കുകള്‍ ഹൃദയത്തില്‍ നിന്നും ഒഴുകിവരേണ്ടതുണ്ട്‌. നല്ല എഴുത്ത്‌. ഇപ്പോള്‍ കാതിലേക്ക്‌ ഒഴുകിയെത്തുന്ന ഉമ്പായിയുടെ ഗസലുപോലെ 'പ്രണയസാന്ദ്രമീ' പ്രണയകഥ. ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

Monday, February 2, 2009

ബുലോഗവിചാരണ - 7

തറവാടി (ഞാനും എന്റെ ചിന്തകളും)

മാധ്യമ വിശകലനമാണ്‌ തറവാടിയുടെ വിഷയം. വര്‍ത്തമാനലോകത്ത്‌ മാധ്യമങ്ങളുടെ പങ്കിനെ പറ്റി ഏറെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. 'മാധ്യമങ്ങളാണ്‌ രാജ്യം ഭരിക്കുന്നതെന്നാണ്‌ എന്റെ അഭിപ്രായം' എന്ന തറവാടിയുടെ വിലയിരുത്തലിലേക്ക്‌ ഒന്നു കടക്കാം. അങ്ങിനെ തന്നെ ആയിരിക്കണം എന്നുതന്നെയാണ്‌ ഈയുള്ളവന്റെ അഭിപ്രായം. വെറുതേയല്ല മാധ്യമങ്ങള്‍ ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌ എന്നറിയപ്പെടുന്നത്‌. അതായത്‌ ജനാധിപത്യസംവിധാനത്തില്‍ ലജിസ്ലേച്ചര്‍, എക്‌സിക്കുട്ടീവ്‌, ജുഡീഷ്യറി അതുകഴിഞ്ഞാല്‍ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലാമത്തെ തൂണാണ്‌ മാധ്യമങ്ങള്‍. ‌ആ സത്യം തറവാടി മറന്നെന്നു തോന്നുന്നു.

വാര്‍ത്തകളെ ചിലപ്പോള്‍ വളച്ചൊടിക്കുന്നു എന്ന വാദം മുഖവിലയ്‌ക്കെടുത്തുകൊണ്ടു തന്നെ പറയട്ടെ, ഇന്ത്യന്‍ ജനാധിപത്യം തിരഞ്ഞെടുക്കപ്പെട്ടവന്റെ ഏകാധിപത്യമാവാതെ ഒരു പരിധിവരെ കാത്തുരക്ഷിക്കുന്നത്‌ അതിശക്തമായ മാധ്യമ ഇടപെടലുകള്‍ തന്നെയാണ്‌. തിരഞ്ഞെടുത്തുപോയവന്‍ കൊള്ളരുതാത്തവനായി വന്നാല്‍ തിരിച്ചുവിളിക്കാനുള്ള സംവിധാനമില്ലാത്ത ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ കൂടി ജാഗ്രത പുലര്‍ത്തുന്നില്ലെങ്കിലുള്ള സ്ഥിതി എത്ര ഭീകരമായിരിക്കും? മാധ്യമങ്ങളുടെ ചിലപ്പോഴെങ്കിലുമുള്ള ഇരകളായി വരുന്നവര്‍ രാഷ്ട്രീയക്കാര്‍ മാത്രമൊന്നുമല്ല. കിളിരൂര്‍ പെണ്‍കുട്ടിയുടേയും സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടേയും ഈയടുത്തകാലത്തായി അഖിലേന്ത്യാ പ്രാധാന്യത്തോടെ സ്‌കൂള്‍ടീച്ചറുടെ പെണ്‍വാണിഭം എന്നുപറഞ്ഞ്‌ കോളിളക്കം സൃഷ്ടിച്ച മാധ്യമ റിപ്പോര്‍ട്ടിങ്ങിലൂടെ കയ്യേറ്റത്തിനുകൂടി വിധേയമായ ജാമ്യം കൂടി നിഷേധിച്ച്‌ ജയിലിലടയ്‌ക്കപ്പെട്ട ആ സാധുസ്‌ത്രീയുടെയും രാഷ്ടീയം എന്തായിരുന്നു.

മാധ്യമ റിപ്പോര്‍ട്ടിങ്ങിലൂടെ നൂറുശതമാനം നിരപരാധിയായ ഏത്‌ രാഷ്ട്രീയക്കാരന്റെ ജീവിതമാണ്‌ അതുപോലെ തകര്‍ന്നുപോയത്‌. അബ്ദുള്ളകുട്ടി പറഞ്ഞത്‌ അതേപടി റിപ്പോര്‍ട്ടുചെയ്യുകയല്ലാതെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി ഈയുള്ളവന്‌ തോന്നിയിട്ടില്ല. വികസനത്തെക്കാളും ലാഭം ന്യുനപക്ഷപ്രണയമാണെന്ന്‌ ആസ്ഥാനപണ്ഡിതന്‍മാര്‍ കണ്ടെത്തിയ സ്ഥിതിക്ക്‌ മൂപ്പരുടെ പാര്‍ട്ടി അതിനെ നന്നായി വളച്ചൊടിച്ചൂവെന്നതല്ലേ സത്യം.

പിന്നെ മാധ്യമങ്ങളെ ജനം അമിതമായി വിശ്വസിക്കുന്നുണ്ടെന്ന തെറ്റിദ്ധാരണ രാഷ്ട്രീയക്കാര്‍ തിരത്തേണ്ടതിന്റെ ആവശ്യകതയിലേക്കു കൂടി തറവാടി കടക്കുന്നു. അതൊരു ശരിയായ ധാരണയല്ലേ. അഭയാകേസും ലാവ്‌ലിനും എവിടെയെങ്കിലുമെത്തിയെങ്കില്‍ ജനം നന്ദിപറയേണ്ടത്‌ രാഷ്ട്രീയക്കാര്‍ക്കാണോ അതോ മാധ്യമങ്ങള്‍ക്കോ? കോടതികളെയും മറക്കുന്നില്ല. പഴയമാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും ഒരുപാട്‌ മാറി വര്‍ത്തമാനകാല മാധ്യമ പ്രവര്‍ത്തനം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്ക്‌ നന്ദി. ഒപ്പം മാധ്യമങ്ങള്‍ക്കിടയിലെ മത്സരത്തിനും.

തീര്‍ച്ചയായും ഭരണകൂട ഇടപെടലുകളല്ല വേണ്ടത്‌, കാലഘട്ടത്തിന്റെ ആവശ്യം മാധ്യമങ്ങള്‍ സ്വയം കല്‌പിക്കുന്ന സദാചാരത്തിന്റെ അതിര്‍വരമ്പുകളാണ്‌. തലയില്‍ ഹെല്‍മറ്റ്‌ ധരിച്ച്‌ ഏറ്റുമുട്ടലിന്‌ തയ്യാറായി പുറപ്പെടുന്ന കര്‍ക്കറെയെയും സഹപ്രവര്‍ത്തകരെയും മാധ്യമങ്ങള്‍ ഭീകരര്‍ക്ക്‌ ചൂണ്ടിക്കാട്ടിക്കൊടുത്തു എന്നു പറഞ്ഞാല്‍ പോലും അത്‌ അതിശയോക്തിയാവില്ല. അത്തരം റിപ്പോര്‍ട്ടിങ്ങുകളില്‍ ഒരു സ്വയം നിയന്ത്രണം. തല്‌ക്കാലം അത്രമാത്രം.

എം.കെ ഹരികുമാര്‍ (ഒരു വാക്കുപോലും)

ഒരാളുടെ മൗനം കാരണം പേജുകള്‍കണ്ട്‌ പത്രങ്ങള്‍ വാചാലമാവേണ്ടിവരുന്ന കാലത്തെ വിപരീതദിശയില്‍ കാണുന്നു കവി. പൊതുസമൂഹത്തിന്റെ കുറ്റകരമായ മൗനത്തില്‍ അഥവാ നിശ്ശബ്ദതയില്‍ ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍കൂടി മുങ്ങിമരിക്കുമ്പോള്‍, ഇന്നുകള്‍ നാളെകളുടെ ശവങ്ങളായി മാറുന്നു. നല്ലവരികള്‍ വായിക്കാനും വരികള്‍ക്കുള്ളില്‍ ചികയാന്‍ ഒത്തിരി അവശേഷിപ്പിക്കുകയും ചെയ്‌ത നല്ല കവിത. കിറുക്കുപിടിച്ച സൂര്യന്‍ മരക്കൊമ്പില്‍ നിന്നും കടലിലേക്ക്‌ എടുത്തുചാടിയതെന്തിന്‌? ഇവറ്റകള്‍ക്ക്‌ ചൂട്ടുപിടിക്കുന്നതിലും നല്ലത്‌ പോയി ചാവുന്നതാണെന്ന തോന്നലുകൊണ്ടായിരിക്കണം. വായനാസുഖം തന്ന വരികള്‍ക്ക്‌ നന്ദി.

കരീംമാഷ്‌ (തുഷാരത്തുള്ളികള്‍)


ഊഹം തെറ്റിയ പെണ്‍കുട്ടിയിലൂടെ കരീംമാഷ്‌ രസകരമായ കഥയുമായി വരുന്നു. മാഷ്‌ എഴുതിയത്‌ ഒരു കഥ. ആ കഥ വായിച്ച വായനക്കാരാവട്ടെ അത്‌ മാഷുടെ അനുഭവമാക്കി കമന്റാനും തുടങ്ങി. അനുഭവമാവാം ആവാതിരിക്കാം. ബൂലോഗത്തെ വായനയുടെ നിലവാരത്തകര്‍ച്ച ഒരു പരിധിവരെ വെളിവാക്കുന്നതായി തോന്നിയിട്ടുണ്ട്‌ പല പോസ്‌റ്റുകളിലെ പലേ കമന്റുകളും. ഈയുള്ളവനടക്കം ഭുരിപക്ഷത്തിനും ഭേദപ്പെട്ട തൃപ്‌തി നല്‌കുക ഒളിഞ്ഞുനോട്ടമാണ്‌.

ശൂന്യതയില്‍ നിന്നും ഒരു സൃഷ്ടി സാദ്ധ്യമല്ലെന്നത്‌ പ്രപഞ്ചസത്യം. ഭാവനയില്‍ നിന്നും സൃഷ്ടികള്‍ നെയ്‌തെടുക്കുന്ന എഴുത്തുകാരനെ സംബന്ധിച്ചിടത്തോളവൂം അത്‌ തികച്ചും ശരിയാണ്‌. എന്നാല്‍ എഴുതുന്നതെല്ലാം അവനവന്റെ അനുഭവമാണെന്നു വന്നാല്‍ സംഗതി ലേശം ബുദ്ധിമുട്ടാവും. കഥാപാത്രം ഒരു കൊലപാതകം നടത്തിയാല്‍ പിന്നെ എഴുത്തുകാരനെ തൂക്കിലിടാന്‍ വേറെ തെളിവുകളുടെ ആവശ്യം മജിസ്‌ട്രേട്ടിന്‌ ഉണ്ടാവുകയില്ലല്ലോ. പബ്ലിഷറുടെ മൊഴി അധികത്തെളിവായി കരുതുകയുമാവാം.

ഒരിക്കല്‍ ഒരു സിനിമാനടി ടിവി അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടു മൊഴിയുന്നതു കേട്ടു, "ശ്ശൊ, ഇറ്റ്‌ വാസ്‌ വെരി ഡിഫിക്കല്‍റ്റ്‌. രണ്ടു സ്‌കൂള്‍കുറ്റികളുടെ മദറായി അഭിനയിക്കാന്‍ എന്തൊരു പാടായിരുന്നു. അപ്പോ ഐ വാസ്‌ ഗ്രാജ്വേഷന്‌ പഠിക്കാരുന്നു." ചുരുക്കിപ്പറഞ്ഞാല്‍ അഭിനയത്തിന്റെ കഖഗഘ അറിയാത്ത ആ പിശാശിനെ അഭിനയിക്കാന്‍ ആനയിച്ച സംവിധായകനെ മുക്കാലിയില്‍ കെട്ടിയടിക്കണം എന്നാണ്‌ തോന്നിയത്‌. അമ്മയായി അഭിനയിക്കാന്‍ പെറണം എന്നേത്‌ നാട്യശാസ്‌ത്രത്തിലാണ്‌ പറഞ്ഞത്‌ എന്ന്‌ അഭിമുഖം നടത്തിയ മഹാനും ചോദിച്ചില്ല.

അതേ സിദ്ധാന്തം വച്ച്‌ ബലാല്‍സംഗം ചെയ്യപ്പെടുന്ന പെണ്ണായി അഭിനയിക്കണമെങ്കിലും ബലാല്‍സംഗം ചെയ്യുന്നതായി അഭിനയിക്കണമെങ്കിലും നടീനടന്‍മാര്‍ എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റുമായി ഹാജരാവേണ്ടതായിവരും. ലോകോത്തര ഹാസ്യം ലോകസമക്ഷം കാഴ്‌ചവച്ച ഭാവമായിരുന്നു രണ്ടുകൂട്ടര്‍ക്കും. പറഞ്ഞുവരുന്നത്‌ അനുഭവങ്ങളുടെ നേര്‍ക്കാഴ്‌ചകളാണ്‌ സാഹിത്യവും കലയും എന്ന മിഥ്യാബോധത്തെക്കുറിച്ചാണ്‌. അങ്ങിനെയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ സാഹിത്യഗ്രന്ഥം ജനറല്‍ മോട്ടോഴ്‌സിന്റെ ഡേ ബുക്കോ മറ്റോ ആയിപ്പോവും.

തീക്ഷ്‌ണമായ അനുഭവങ്ങളെ അതിശക്തമായ ഭാവനയുടെ ചിറകുകളേറ്റിവിടുമ്പോഴാണ്‌ ക്ലാസിക്കുകള്‍ പിറവിയെടുക്കുക. കാലം ചെല്ലുന്തോറും കാലികമാവുന്ന കുഞ്ചനെയും സഞ്‌ജയനെയും ബഷീറിനെയും എം.പി. നാരായണപിള്ളയെയും പോലുള്ള എഴുത്തുകാര്‍ ഉടലെടുക്കുന്നത്‌ അപ്പോഴാണ്‌. സ്വന്തം കഥ പറഞ്ഞശേഷം പിന്നെ കഥ പറയാനില്ലാത്തവര്‍ പരസ്‌പരം ആദരിച്ചും അവാര്‍ഡിച്ചും കാലം കഴിക്കേണ്ടിവരുന്നതും അതുകൊണ്ടുതന്നെയാണ്‌.
ശേഷം നാട്ടുപച്ചയില്‍ വായിക്കുമല്ലോ

Sunday, January 18, 2009

ബുലോഗവിചാരണ - 6

തൊന്തരവ്‌ / കൃഷ്‌ണതൃഷ്‌ണ കാലം ചെല്ലുമ്പോഴും കാലികമാവുന്ന ചില കൃതികള്‍പോലെ അഭയാകേസ്‌ വിചാരണ പല പുതിയ ചോദ്യങ്ങളും അവയ്‌ക്കുള്ള മറുപടികളുമായി കോടതിമുറികളിലും ദൃശ്യമാധ്യമങ്ങളിലും പത്രത്താളുകളിലും ബ്ലോഗുകളിലുമായി നിറഞ്ഞുനില്‌ക്കുന്നു.'നാണയത്തുട്ടിന്‍ കിലുക്കത്തിലേതൊരുവേണുസംഗീതവും ഗണ്യമല്ലേതുമേ'എന്ന്‌ ചങ്ങമ്പുഴ പാടിയത്‌ സഭയെക്കുറിച്ചല്ലെങ്കിലും ആ വരികള്‍ ഭാഗവതര്‍ക്ക്‌ ജൂബ പോലെ സഭയ്‌ക്ക്‌ അസ്സലായി ചേരുന്ന ഒരു നിലയിലേക്ക്‌ സംഗതികള്‍ എത്തിക്കുന്നതില്‍ അസൂയാവഹമായ വിജയമാണ്‌ അവര്‍ കൈവരിച്ചിരിക്കുന്നത്‌. മതത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ ബലാല്‍സംഗവും കൊലപാതകവുമെല്ലാം സ്വര്‍ഗകവാടത്തിങ്കലേയ്‌ക്കുള്ള ചുകപ്പുപരവതാനിയായിമാറുമെന്ന്‌ തെളിയിക്കേണ്ട ധാര്‍മ്മികബാദ്ധ്യതയാണ്‌ സഭയില്‍ അര്‍പ്പിതമായിരിക്കുന്നതെന്നാര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അക്കൂട്ടരുടെ തലയല്ല ബ്രെയിന്‍മാപ്പിങ്ങിന്‌ വിധേയമാക്കേണ്ടത്‌ സഭയുടെ കരളാണ്‌.മാധ്യമങ്ങള്‍ പരിധികളോടെയുള്ള സ്വാതന്ത്ര്യം അനുഭവിക്കുമ്പോള്‍ പരിധിയില്ലാത്ത സ്വാതന്ത്യത്തോടുകൂടി ബ്ലോഗുകള്‍ അഭയാക്കേസ്‌ വിചാരണനടത്തുന്നത്‌ തുടരുന്നു. ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍കൊണ്ട്‌ സമ്പന്നമായ പോസ്റ്റുകളാണ്‌ തെക്കേടന്റേതും കൃഷ്‌ണ-തൃഷ്‌ണയുടേതും. ജസ്റ്റിസ്‌ ഹേമയുടെ നിരീക്ഷണങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്‌മണരേഖകള്‍ തന്നെ മുതുകാട്‌ ആനയെ എന്നപോലെ അപ്രത്യക്ഷമാക്കിയോ എന്ന ചര്‍ച്ച ചൂടുപിടിക്കുകയാണ്‌. സിസ്റ്റര്‍ സെഫിയുടെ കന്യകാത്വപരിശോധന നടത്തിയവര്‍ പിതാക്കന്‍മാരുടെ ലൈഗീംകക്ഷമതയും പരിശോധിക്കുമോ എന്ന ചോദ്യം തെക്കേടന്റെ നിരീക്ഷണങ്ങള്‍ക്ക്‌ വിധേയമാവുന്നു. തെളിവുനശിപ്പിക്കാന്‍ സഭയും ഒരു സഭയിലുമിരുത്താന്‍ പറ്റാത്തവരും ഏതറ്റംവരെ പോകുമെന്നതിനുള്ള ഏറ്റവും നല്ലതെളിവായിരുന്നു സെഫിയുടെ കന്യകാത്വ പരിശോധന.കൃഷ്‌ണ-തൃഷ്‌ണയുടെ അരമനവേഴ്‌ചയുടെ ഒരു പഴയ കഥയാവട്ടേ ചരിത്രത്തിന്റെ സ്‌മൃതിപഥങ്ങളിലൂടെ വര്‍ത്തമാനത്തിന്റെ വ്യവഹാരങ്ങളിലേക്ക്‌ നടന്നുകയറുന്നു. തനിക്കിഷ്ടപ്പെട്ടവരുമായി ലൈംഗീകബന്ധം പുലര്‍ത്തിയ കുറ്റത്തിന്‌ ഫ്രഞ്ച്‌ കാത്തലിക്‌ പുരോഹിതനായിരുന്ന ഫാദര്‍ അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയറെ മര്‍ദ്ദിച്ച്‌ അവശനാക്കി, തുണ്ടം തുണ്ടമാക്കി അവശേഷിക്കുന്ന ജീവനോടെ തൊണ്ടയില്‍ ശൂലം കയറ്റി അഗ്നികുണ്‌ഠത്തിലേക്കിട്ട്‌ ജീവനോടെ ചുട്ടുകൊന്ന സംഭവം അരങ്ങേറിയത്‌ പതിനേഴാം നൂറ്റാണ്ടിലാണ്‌. ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്തവര്‍ വിഡ്ഡികളാണ്‌, അക്കൂട്ടരുടെ തലയില്‍ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും എന്നാരോ പറഞ്ഞിട്ടുണ്ട്‌. ഒരിക്കലും ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്ത കൂട്ടരാണ്‌ മതമേധാവികളും ഭീകരന്‍മാരും. വികാരത്തിന്റെ മഹാവിസ്‌ഫോടനം അച്ചടക്കത്തിന്റെ ളോഹച്ചട്ട ഭേദിച്ച്‌ പുറത്തുകടന്ന്‌ മാധ്യമങ്ങള്‍ക്ക്‌ വിരുന്നാവുന്ന വര്‍ത്തമാനത്തിലും 'സമയമായില്ലാപോലും/ എന്ന ഉപഗുപ്‌തവചനത്തില്‍ സഭ അടിയുറച്ചുനില്‍ക്കുമ്പോള്‍ ഭാവി കോട്ടൂരച്ചന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക അവലോകനം ചെയ്യുകയായിരിക്കും ചരിത്രം ചെയ്യുന്നുണ്ടാവുക. പ്രകാശ്‌ കാര്‍ട്ടൂണ്‍സ്‌ (അതിജീവനസാഹിത്യം) പോയവാരം മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ പുനത്തിലിന്റെ കുറിപ്പുകളാണെന്നുതോന്നുന്നു എം.എസ്‌.പ്രകാശിന്റെ വരികള്‍ക്കും വരകള്‍ക്കും വരികള്‍ക്കിടയിലും തെളിയുന്നത്‌. കറവവറ്റിയ മാടാവുമ്പോള്‍ അറവുശാലയിലേക്കുള്ള വഴിയാണ്‌ തെളിയുക. മനുഷ്യരില്‍ ആയൊരു പരീക്ഷണത്തിന്‌ ഇതുവരെ ആരും മുതിര്‍ന്നതായി അറിവില്ല. അതുകൊണ്ടുതന്നെ കറവവറ്റിയാല്‍ പരസ്‌പരം ആദരിച്ച്‌ കാലയാപനം കഴിക്കുകയാണ്‌ പതിവ്‌. അവാര്‍ഡുകളുടെ പെരുമഴക്കാലവും അപ്പോഴാണ്‌ ആരംഭിക്കുക. വിറയ്‌ക്കുന്ന കരങ്ങളിലെ തൂലികത്തുമ്പിലേക്ക്‌ ഭാവനയുടെ ചിറകേറി ഹൃദയത്തില്‍ നിന്നും വാക്കുകള്‍ കടലാസുകളിലേക്ക്‌ ഉതിര്‍ന്നുവീഴുന്നത്‌ പലേ ബ്ലോക്കുകളിലും ചെന്നുപെടുമ്പോള്‍ അനിവാര്യമായി വേണ്ട ബൈപാസുകളാണ്‌ ഇത്തരം കുറിപ്പുകള്‍. ഇന്റന്‍സീവ്‌ കെയര്‍യൂണിറ്റായി പേരുകേട്ട പത്രമുതലാളിമാരും വെന്റിലേറ്ററായി തങ്കപ്പെട്ട എഡിറ്റര്‍മാരുമുണ്ടാവുമ്പോള്‍ മരണഭയത്തിന്റെ ആവശ്യമില്ല. വാളുവച്ച നാളുകളുടെ വീരഗാഥകളും നായാട്ടിന്റെ സചിത്രവിവരണവും കൂടിയുണ്ടെങ്കില്‍ സംഗതി ഭേഷായി. ഒരു നല്ല കാര്‍ട്ടൂണ്‍ ബൂലോകത്തിന്‌ സമ്മാനിച്ച പ്രകാശിന്‌ അഭിവാദ്യങ്ങള്‍. ആ വരകളും വരികളും ബൂലോകവിചാരണയ്‌ക്ക്‌ പണ്ടും വിധേയമായിട്ടുള്ളത്‌ ഓര്‍മ്മയിലെത്തുന്നു. കുടുതല്‍ നാട്ടുപച്ചയില്‍

Thursday, January 1, 2009

ബുലോഗവിചാരണ - 5

നന്നാകുവാന്‍

'ണ്ടന്‍മാര്‍ കൂടുതലായി ശബരിമലയില്‍ എത്തുന്ന സമയത്തിനെയാണോ മണ്ഡലകാലമെന്നു പറയുന്നത്‌' എന്ന ചോദ്യത്തോടെ അവസാനിക്കുന്ന ഹേമന്ദിന്റെ 'ശബരിമലയില്‍ ഈ വര്‍ഷവും മകരജ്യോതി കത്തിക്കുമോ' എന്ന പോസ്‌റ്റ്‌ അതു കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടുതന്നെ ശ്രദ്ധേയം. ദൗര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ, കത്താന്‍തുടങ്ങിയ കാലം തൊട്ട്‌ ഇതിനെതിരേ വിമര്‍ശനശരങ്ങള്‍ പലവഴിയില്‍നിന്നായി വന്നിരുന്നെങ്കിലും അതെല്ലാം ശരംകുത്തിയിലൊടുങ്ങിയിരിക്കണം. മാറിമാറിവന്ന ബൂര്‍ഷ്വാകാങ്ക്രസ്‌ - വിപ്ലവമാര്‍ക്കീസ്റ്റ്‌ ഭരണകൂടങ്ങളുടെ ഒത്താശയോടെ അതൊരു ദൈവീകപരിപാടിയായി തുടര്‍ന്നുകൊണ്ടേയിരുന്നു. കളവുപറഞ്ഞും കള്ളുവിറ്റും ഖജനാവില്‍ നാലു മുക്കാലെത്തിക്കുന്നവര്‍ ചെയ്യാന്‍ ഇനി ബാക്കിയൊന്നേയുള്ളൂ. നല്ല പര്‍ണശാലകള്‍ നാലുകിലോമീറ്ററില്‍ ചുരുങ്ങിയത്‌ നാലെണ്ണമെന്നതോതില്‍ കെട്ടി ശകുന്തളമാരെ നിയമിച്ച്‌ ദുഷ്യന്തന്‍മാര്‍ക്ക്‌ വേട്ടയാടുവാന്‍ വിട്ടുകൊടുക്കുന്ന ആ ഏര്‍പ്പാട്‌. വിടുവായത്തരമല്ലാതെ സുധാകരമന്ത്രിയ്‌ക്കും ബേബിച്ചെഗുവേരമാര്‍ക്കുള്ള നട്ടെല്ലിന്റെ അഭാവം മാനത്തുതെളിയുന്നതാണ്‌ മകരജ്യോതി.

വികടശിരോമണി

എം.എന്‍.വിജയന്‍മാഷുമായി കുറേ വര്‍ത്തമാനങ്ങള്‍. കൂട്ടിലടയ്‌ക്കപ്പെട്ട സിംഹമാണ്‌ വിജയന്‍മാഷ്‌ എന്ന ലീലാവതി ടീച്ചറുടെ നിരീക്ഷണം എത്രകണ്ട്‌ ശരിയാണെന്ന്‌ ഓര്‍മ്മിപ്പിച്ചത്‌ മാഷുടെ അവസാനകാലത്തെ പ്രവര്‍ത്തനങ്ങളായിരുന്നു. ചിരിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും ശ്വസിക്കുന്നതിലും രാഷ്ട്രീയം കണ്ട ചിന്തകന്‍. രാമായണത്തേയും കലയേയും സംസ്‌കാരത്തേയും ഒക്കെപ്പറ്റിയുള്ള ആയകാലത്തെ മാഷുടെ നിരീക്ഷണങ്ങള്‍ ഒരു പകുതിയില്‍ മാഷുടെ ചിന്തയുടെ ആഴവും പരപ്പും വ്യക്തമാക്കുമ്പോള്‍ മാഷകപ്പെട്ട കൂടിന്റെ ചിത്രമാണ്‌ മറുപകുതിയില്‍ തെളിയുന്നത്‌. കണ്ണൂരിലെ പറശ്ശിനിക്കടവില്‍ പാമ്പുകളെ ചുട്ടുകൊന്നപ്പോഴും ക്ലാസ്‌റൂമില്‍ പിഞ്ചുകുട്ടികളുടെ കണ്‍മുന്നില്‍ അദ്ധ്യാപകന്‍ കൊല്ലപ്പെട്ടപ്പോഴും ചൈനയില്‍ ടാങ്കുകള്‍ വിദ്യാര്‍ത്ഥികളുടെ നെഞ്ചിലൂടെ ഉരുണ്ട്‌ ഭയങ്കര പ്രതിവിപ്ലവം തകര്‍ത്ത്‌ വിപ്ലവം വിജയിപ്പിച്ചപ്പോഴും അകപ്പെട്ട കൂട്ടിനുവേണ്ടി അതെല്ലാം ന്യായീകരിക്കാന്‍ കൊടുങ്ങല്ലൂരില്‍ ഈ മൗലീകചിന്തകളുടെ ആ നാവുതന്നെ ചലിക്കേണ്ടിവന്നു എന്നത്‌ വിരോധാഭാസം. താന്‍ അകപ്പെട്ട ഇരുമ്പുകൂട്‌ പൊളിച്ച്‌ വിജയന്‍മാഷുടെ സിംഹഗര്‍ജനം ജനം കേട്ടത്‌ അവസാനകാലത്ത്‌ മാത്രമാണ്‌.

`എന്തിനാ സംസ്‌കൃതത്തില്‍ നിന്ന്‌ നീചഭാഷയിലേക്ക്‌ തര്‍ജുമ ചെയ്യുന്നത്‌? അത്‌ പൊളിറ്റിക്കലാണ്‌. ജനകീയമാക്കണം. എന്തിനായി? ജനങ്ങളെ മതത്തില്‍ ചേര്‍ക്കണം. അല്ലെങ്കില്‍ സംസ്‌കൃതം തന്നെ മതി` എന്നു മാഷ്‌.
ഇങ്ങിനെ എത്രപേര്‍ ഹിന്ദുക്കളായിട്ടുണ്ട്‌ എന്നതിന്റെ സെന്‍സസ്‌ വിശ്വഹിന്ദുപരിഷത്തുകാര്‍ കൂടിഎടുത്തിട്ടുണ്ടോയെന്നറിയില്ല.
ജര്‍മ്മന്‍ ഭാഷയില്‍ നിന്നും ദാസ്‌ ക്യാപിറ്റല്‍ മലയാളത്തിലേയ്‌ക്ക്‌ തര്‍ജുമ ചെയതതും ഇതേ ആവശ്യത്തിനാണല്ലോ? മാര്‍ക്‌സിസത്തിലേക്ക്‌ ആളെക്കൂട്ടുവാന്‍ അതുപകരിച്ചതിന്റെ കണക്കെടുത്താല്‍ മതി. അതുവായിച്ചിട്ട്‌ എത്രപേര്‍ മാര്‍ക്‌സിസ്റ്റായി. ഒരക്ഷരം വായിക്കാതെ എത്രപേരായി?
തുഞ്ചന്റെ സമകാലീകനായ കുഞ്ചന്‍ സംസ്‌കൃതപണ്ഡിതനായിരുന്നിട്ടുകൂടി മലയാളത്തിലെഴുതിയതിന്റെ കാരണം പറഞ്ഞത്‌
'ഭടജനങ്ങളുടെ നടുവിലിന്നിഹ
പടയണിക്കിഹ ചേരുവാന്‍
ചാരുകേരളഭാഷ തന്നെ ചിതംവരൂ`
എന്നായിരുന്നു എന്നോര്‍ക്കുന്നതും നന്ന്‌.

ശേഷം നാട്ടുപച്ചയില്‍